Prabodhanm Weekly

Pages

Search

2019 ജൂലൈ 05

3108

1440 ദുല്‍ഖഅദ് 01

രാജ്യനന്മക്കു ഒരുമിച്ചു മുന്നേറുക

ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര ശൂറാ പ്രമേയങ്ങള്‍
(2019 ജൂണ്‍ 15-19 തീയതികളില്‍ ശാന്തപുരം അല്‍ജാമിഅയില്‍ ചേര്‍ന്ന ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര കൂടിയാലോചനാ സമിതി അംഗീകരിച്ച പ്രമേയങ്ങള്‍)

2019-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്

രാജ്യം തങ്ങളിലര്‍പ്പിച്ച വിശ്വാസം പൂര്‍ത്തീകരിക്കുംവിധം പുതിയ പാര്‍ലമെന്റ് അംഗങ്ങള്‍ ജനങ്ങള്‍ക്കു വേണ്ടി  പ്രവര്‍ത്തിക്കുമെന്ന് ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര കൂടിയാലോചനാ സമിതി പ്രത്യാശിക്കുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യപ്പെട്ട പല കാര്യങ്ങളും ആശങ്കാജനകമാണ്. എന്നാല്‍, രാജ്യം അഭിമുഖീകരിക്കുന്ന ഒട്ടേറെ സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടതുമില്ല. പല സ്ഥാനാര്‍ഥികളും പ്രസംഗങ്ങളിലും പ്രസ്താവനകളിലും രാജ്യത്തെ ധാര്‍മിക - ജനാധിപത്യ മൂല്യങ്ങള്‍ക്ക് പുല്ലുവില കല്‍പിച്ചുകൊണ്ട് തീവ്ര ദേശീയതയുടെ പേരില്‍ വികാരങ്ങള്‍ ആളിക്കത്തിക്കാനാണ് ശ്രമിച്ചത്. ഇത് സമൂഹത്തിന്റെ രാഷ്ട്രീയ ബോധം കെടുത്താനും വര്‍ഗീയ മനോഭാവം വളര്‍ത്താനുമാണ് ഉപകരിച്ചത്. ഇക്കാര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളും വേണ്ടത്ര അവധാനത പുലര്‍ത്തിയിരുന്നില്ലെന്നു മാത്രമല്ല അവര്‍ പ്രതിരോധ രാഷ്ട്രീയത്തിന്റെ ഇരകളായി മാറുകയായിരുന്നു.

ജനാധിപത്യത്തിന്റെ നാലാം തൂണെന്നറിയപ്പെടുന്ന മീഡിയയാകട്ടെ പൊതുസമൂഹത്തിന് ദിശാബോധം നല്‍കുന്നതിലും പക്ഷപാതരഹിതവും സത്യസന്ധവുമായി വാര്‍ത്തകളും വസ്തുതകളും ജനങ്ങളിലെത്തിക്കുന്നതിലും ശ്രദ്ധ പുലര്‍ത്തിയില്ല. പകരം മഞ്ഞപ്പത്ര പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്.
വോട്ടര്‍മാര്‍, സ്ഥാനാര്‍ഥികളുടെ വീക്ഷണങ്ങളും മുന്‍കാല ചെയ്തികളും സമര്‍പ്പിച്ച പരിപാടികളും പദ്ധതികളും വേണ്ടവണ്ണം പരിശോധിക്കുകയും വൈകാരിക മുദ്രാവാക്യങ്ങളില്‍ ഭ്രമിക്കാതിരിക്കുകയും വേണമായിരുന്നു. എങ്കില്‍ മാത്രമേ പൊതുസമൂഹത്തിന്റെ ക്ഷേമവും അഭിവൃദ്ധിയുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാനും സദ്ഭരണം കാഴ്ചവെക്കാനും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മനസ്സുണ്ടാവുകയുള്ളൂ.

തെരഞ്ഞെടുക്കപ്പെട്ട സഭാംഗങ്ങളോട് ന്യൂനപക്ഷങ്ങളുടെ വിശ്വാസമാര്‍ജിച്ച് പ്രവര്‍ത്തിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം സ്വാഗതാര്‍ഹമാണ്. എന്നാല്‍ പ്രസ്താവനയുടെ തൊട്ടുടനെ സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായ ചില നീക്കങ്ങള്‍ ഇതിന്റെ ആത്മാവിനോട് നീതിപുലര്‍ത്തുന്നതായില്ല. അടുത്ത സമ്മേളനത്തില്‍ തന്നെ മുത്ത്വലാഖ് ബില്‍ അവതരിപ്പിക്കാനുള്ള തീരുമാനമാണ് അവയില്‍ ഒന്നാമത്തേത്. ബില്‍ പാസ്സാക്കാനാവാതെ രണ്ട് തവണ പിന്‍വലിച്ചതും ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്ന ഉള്ളടക്കത്തോടു കൂടിയതുമാണ്. അതോടൊപ്പം നാഷ്‌നല്‍ റിക്കാര്‍ഡ് ഓഫ് സിറ്റിസണ്‍ (എന്‍.ആര്‍.സി) രാജ്യവ്യാപകമാക്കുമെന്ന ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയും ആശങ്കയുളവാക്കുന്നു. ഇത് രാജ്യത്ത് ഛിദ്രതയും അസ്വസ്ഥതയും പടര്‍ത്തും. പ്രത്യേകിച്ച് മുസ്‌ലിംകളുടെ പൗരത്വം നിഷേധിക്കാനുള്ള നീക്കമാണിത്. കേന്ദ്ര ഭരണകൂടം ഭരണഘടനാ ഉത്തരവാദിത്തങ്ങള്‍ ഓര്‍ക്കേണ്ടതുണ്ട്. അധികാരം നേടുമ്പോഴെങ്കിലും ബി.ജെ.പി അതിന്റെ സങ്കുചിത വീക്ഷണം മാറ്റിവെച്ചുകൊണ്ട് എല്ലാ വിഭാഗങ്ങള്‍ക്കും ക്ഷേമവും പുരോഗതിയും തുല്യനീതിയും അവസര സമത്വവും ലഭ്യമാക്കുമെന്ന് ഉറപ്പുവരുത്തേണ്ടത് ഭരണഘടനാപരമായ ബാധ്യതയായി മനസ്സിലാക്കണം.

വൈകാരിക മുദ്രാവാക്യങ്ങള്‍ വഴി സമൂഹത്തെ തുടര്‍ച്ചയായി വഞ്ചിക്കാനാവില്ലെന്നും കടമ നിര്‍വഹിക്കാത്ത ഭരണകൂടങ്ങള്‍ക്ക് ജനാധിപത്യത്തില്‍ തുടരാനാവില്ലെന്നും യോഗം ഓര്‍മിപ്പിക്കുന്നു. രാജ്യത്തിന്റെയും അതിലുള്‍ച്ചേര്‍ന്ന ന്യൂനപക്ഷങ്ങളുടെയും ഉന്നമനത്തിനായുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും ജമാഅത്തിന്റെ സഹകരണം വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ ഭരണകൂടത്തിന്റെ തെറ്റായ സമീപനങ്ങളെ വിമര്‍ശിക്കുന്നതിലും ചൂണ്ടിക്കാട്ടുന്നതിലും ജമാഅത്ത് ഒരിക്കലും പിന്നാക്കം പോവില്ല.

തെരഞ്ഞെടുക്കപ്പെട്ട പ്രതിപക്ഷ പാര്‍ട്ടികളും അംഗങ്ങളും ഉത്തരവാദപ്പെട്ട പ്രതിപക്ഷത്തിന്റെ റോള്‍ നിര്‍വഹിക്കുമെന്ന് ശൂറ പ്രത്യാശിക്കുന്നു. രാഷ്ട്രീയ നേതാക്കളുടെയും പാര്‍ട്ടികളുടെയും സ്വാര്‍ഥ താല്‍പര്യങ്ങളും താന്‍പോരിമയുമാണ് രാഷ്ട്രത്തിന് നഷ്ടം വരുത്തിവെച്ചത്. ഈ തെരഞ്ഞെടുപ്പില്‍നിന്ന് പാഠമുള്‍ക്കൊണ്ട് ശക്തമായ പ്രതിപക്ഷമായി വര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രക്ഷുബ്ധമായ അന്തരീക്ഷത്തിലും മുസ്‌ലിം സമുദായം അവധാനതയോടും ഉത്തരവാദിത്തബോധത്തോടും കൂടി പെരുമാറുകയും ആളിക്കത്താവുന്ന പല സന്ദര്‍ഭങ്ങളെയും സുമനസ്സോടെ നേരിടുകയും ചെയ്തത് അഭിനന്ദനാര്‍ഹമാണ്. അവര്‍ വോട്ടു വിനിയോഗിക്കുന്ന കാര്യത്തിലും ചിന്താശക്തി തെളിയിച്ചിരിക്കുന്നു.
തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍, പ്രത്യേകിച്ച് മുസ്‌ലിം മെമ്പര്‍മാര്‍ രാജ്യത്തിന്റെയും സമുദായത്തിന്റെയും ക്ഷേമത്തിനും നന്മക്കും വേണ്ടി പ്രവര്‍ത്തിക്കുമെന്നും ജമാഅത്തെ ഇസ്‌ലാമി പ്രതീക്ഷിക്കുന്നു. നിര്‍മാണാത്മക പ്രവര്‍ത്തനങ്ങളില്‍ എല്ലാവിധ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്യുന്നു.

അസമിലെ എന്‍.ആര്‍.സി പ്രശ്‌നം

അസമിലെ ലക്ഷക്കണക്കിന് പൗരന്മാരെ, വിശേഷിച്ച് മുസ്‌ലിംകളെ വിദേശികളായി മുദ്രകുത്തുന്നതും അവരുടെ ഭരണഘടനാപരവും നിയമപരവുമായ അവകാശങ്ങള്‍ നിഷേധിക്കുന്നതുമാണ് അസമിലെ പൗരത്വ രജിസ്‌ട്രേഷന്‍. ഇതേറെ ആശങ്കയുളവാക്കുന്നതാണ്. പൗരത്വരേഖയില്‍ ഉള്‍പ്പെടാത്തവരോട് ബന്ധപ്പെട്ട രേഖകളുമായി ട്രൈബ്യൂണലിനെ സമീപിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സമര്‍പ്പിക്കപ്പെട്ട രേഖകള്‍ സ്വീകരിക്കാത്ത നിലപാടണ് ട്രൈബ്യൂണലിന്റേത്. ചില്ലറ അക്ഷരത്തെറ്റുകള്‍ പോലും ചൂണ്ടിക്കാട്ടിയുള്ള നിരാസം ട്രൈബ്യൂണലിന്റെ ഉദ്ദേശ്യശുദ്ധി ഏറെ സംശയാസ്പദമാക്കിയിട്ടുണ്ട്. വീട്ടിലെ ഒരംഗത്തിന്റെ റെക്കോര്‍ഡ് നിരസിക്കപ്പെടുന്നതോടെ മൊത്തം കുടുംബത്തെത്തന്നെ ലിസ്റ്റില്‍നിന്നൊഴിവാക്കുന്നത് അനീതിയും അക്രമവുമാണ്. ട്രൈബ്യൂണല്‍ നിരസിക്കുന്നതോടെ മറ്റു വാതിലുകളും അടയുന്ന സ്ഥിതിയാണുള്ളത്.

സുപ്രീം കോടതിയുടെ എല്ലാ ഉറപ്പുകളും കാറ്റില്‍ പറത്തുംവിധം ഓഫീസര്‍മാരുടെയും ട്രൈബ്യൂണല്‍ അംഗങ്ങളുടെയും പക്ഷപാതപരമായ നിലപാടില്‍ ജമാഅത്തെ ഇസ്‌ലാമി കടുത്ത ആശങ്ക രേഖപ്പെടുത്തുന്നു. ജൂലൈ 31-ന്റെ ഡെഡ് ലൈന്‍ വരേക്കും കാര്യങ്ങള്‍ തീരുമാനമാകാതെ അവശേഷിക്കാന്‍ തന്നെയാണ് സാധ്യത.

സുപ്രീം കോടതി നിരന്തരം ആവശ്യപ്പെട്ടിട്ടും പുറത്തുള്ളവരെ സംബന്ധിച്ച സംസ്ഥാന ഭരണകൂടത്തിന്റെ നിലപാടെന്താണെന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല. അതേസമയം അസമില്‍ ആറ് തടവറ ക്യാമ്പുകളിലായി 900 'വിദേശി'കളെ യാതൊരു സൗകര്യങ്ങളും നല്‍കാതെ പാര്‍പ്പിച്ചിരിക്കുകയാണ്. പുറത്തുള്ള ഒരു ലക്ഷത്തിലേറെ പേരെ അനിശ്ചിതത്വത്തിലാക്കി മാറ്റിനിര്‍ത്തുകയും ചെയ്തിരിക്കുന്നു. ഇനിയുമിത് നാടാകെ വ്യാപിപ്പിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ബി.ജെ.പി സര്‍ക്കാര്‍ തങ്ങളുടെ സങ്കുചിത താല്‍പര്യങ്ങള്‍ക്കായി അശാന്തി പടര്‍ത്തുകയും ഇന്ത്യയുടെ അഖണ്ഡതയെ കൊഞ്ഞനം കുത്തുകയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ജനാധിപത്യവിരുദ്ധവും പക്ഷപാതപരവുമായ പൗരത്വ ബില്‍ പാര്‍ലമെന്റില്‍ വെക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അയല്‍ നാടുകളില്‍നിന്ന് കുടിയേറുന്നവരില്‍ മുസ്‌ലിംകളല്ലാത്തവര്‍ക്ക് പൗരത്വം നല്‍കുന്നതും തദ്ദേശീയരായ മുസ്‌ലിംകളെ പോലും വിദേശികളായി പുറത്താക്കുന്നതുമായ ഈ ബില്‍ വര്‍ഗീയ മനസ്സിന്റെ ഉല്‍പന്നമാണെന്ന് നാം മനസ്സിലാക്കുന്നു. രാജ്യത്തിന്റെ ബഹുസ്വരതക്കും ഭരണഘടന വിഭാവനം ചെയ്യുന്ന മൗലിക തത്ത്വങ്ങള്‍ക്കും നേരെയുള്ള കൈയേറ്റമാണിത്. ഇത് പിന്‍വലിക്കുകയും മതപരമായി ചേരിതിരിക്കുന്ന ഇത്തരം ബില്ലുകള്‍ പാസ്സാക്കാതിരിക്കുകയും ചെയ്യണമെന്ന് ജമാഅത്തെ ഇസ്‌ലാമി ആവശ്യപ്പെടുന്നു.

ആക്രമണോത്സുകതയുടെയും നിയമരാഹിത്യത്തിന്റെയും വളര്‍ച്ച
രാജ്യത്ത് വര്‍ധിച്ചുവരുന്ന ആക്രമണോത്സുകതയും നിയമലംഘനങ്ങളും വിധ്വംസക പ്രവര്‍ത്തനങ്ങളും ആശങ്കാജനകമാണ്. അതോടൊപ്പം ധാര്‍മികതയും സഹിഷ്ണുതയും സമൂഹത്തില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. സങ്കുചിതത്വം, പക്ഷപാതിത്വം, നീതിരാഹിത്യം തുടങ്ങിയവ സമൂഹഗാത്രത്തെ ബാധിച്ച മഹാമാരികളാണിന്ന്. ദുര്‍ബലര്‍ ആക്രമിക്കപ്പെടുന്നതോടൊപ്പം പെണ്‍കുട്ടികളോടുള്ള ലൈംഗികാതിക്രമങ്ങളും ബലാത്സംഗ കൊലപാതകങ്ങളും സാര്‍വത്രികമായി മാറിയിരിക്കുന്നു. ദലിതരും ന്യൂനപക്ഷ വിഭാഗങ്ങളും സവര്‍ണരുടെ അതിക്രമങ്ങള്‍ക്ക് ഇരയാവുകയും ആള്‍ക്കൂട്ട ആക്രമണങ്ങള്‍ പൂര്‍വോപരി വര്‍ധിക്കുകയും ചെയ്തിരിക്കുകയാണ്. ഭരണാനുകൂല പാര്‍ട്ടികള്‍ അതിന് രാഷ്ട്രീയമായും നിയമപരമായും സഹായകമായ രീതിയിലാണ് വര്‍ത്തിക്കുന്നത്. അത്തരം ആളുകളെ നിലക്ക് നിര്‍ത്തുന്നതിനു പകരം കയറൂരി വിട്ടിരിക്കുകയാണ്.
ഭരണകര്‍ത്താക്കളുടെയും ഉദ്യോഗസ്ഥരുടെയും ധാര്‍മിക നിലവാരം ഉണര്‍ത്താനും സങ്കുചിത വര്‍ഗീയ മനസ്സുകളെ ശുദ്ധീകരിക്കാനും സ്ത്രീകളോടും കുട്ടികളോടും മാന്യമായി പെരുമാറാനും അഴിമതിയും കൈക്കൂലിയും ഒഴിവാക്കാനും വേണ്ട ധാര്‍മിക ശിക്ഷണം നല്‍കണം.
സമൂഹത്തില്‍ മാനവികത ഉയര്‍ത്തിപ്പിടിക്കാന്‍ ഭരണകൂടത്തിനു പുറമെ മത-സാമൂഹിക നേതാക്കള്‍ക്ക് ബാധ്യതയുള്ള പോലെ മാധ്യമങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ട്. എന്നാല്‍ മത-സാമുദായിക നേതൃത്വം മൗനമവലംബിക്കുമ്പോള്‍ മാധ്യമങ്ങള്‍ എരിതീയില്‍ എണ്ണയൊഴിക്കുന്ന വിധം ഇല്ലാക്കഥകളുമായാണ് രംഗത്തുവരുന്നത്. അവര്‍ മര്‍ദിതരെ മര്‍ദകരും തിരിച്ചും ചിത്രീകരിക്കുന്നു. നിര്‍ലജ്ജതയും മൂല്യരാഹിത്യവും വ്യാപിക്കുന്നു. വര്‍ഗീയതയും വംശീയതയും വളര്‍ത്തുകയും ചെയ്യുന്നു. സാമൂഹിക, മത നേതൃത്വവും മീഡിയയും സ്വന്തം ഉത്തരവാദിത്തം നിറവേറ്റുകയും സമൂഹത്തില്‍ നിയമരാഹിത്യവും ധര്‍മച്യുതിയും വ്യാപിക്കുന്നത് തടയാന്‍ മുന്നോട്ടുവരണം.
തിന്മ വ്യാപിപ്പിക്കുന്ന ദുശ്ശക്തികളുടെ വലയില്‍ വീഴാതെ സാമൂഹിക ക്ഷേമത്തിനും നീതിക്കും സമാധാനത്തിനും വേണ്ടി ശബ്ദിക്കുകയും പുതിയ തലമുറയെ ധര്‍മബോധമുള്ളവരാക്കാന്‍ സ്വയം മാതൃകയാവണമെന്ന് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി ആവശ്യപ്പെടുന്നു.

മുസ്‌ലിം ലോകത്തിന്റെ വര്‍ത്തമാനം

മുസ്‌ലിം ലോകത്തിന്റെ ഇന്നത്തെ സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷത്തില്‍ ജമാഅത്തെ ഇസ്‌ലാമി അങ്ങേയറ്റം ആശങ്കയും ഖേദവും രേഖപ്പെടുത്തുന്നു. യമന്‍, സിറിയ, അഫ്ഗാനിസ്താന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങള്‍ക്കു പിന്നാലെ ഇപ്പോള്‍ ലോകശക്തികള്‍ സുഡാനെയാണ് നോട്ടമിട്ടിരിക്കുന്നത്. ബാഹ്യശക്തികള്‍ക്ക് ഇടപെടാന്‍ പാകത്തിന് അവിടെ ആഭ്യന്തര കലാപം മൂര്‍ഛിച്ചിരിക്കുകയാണ്. മറുവശത്ത് ചില രാഷ്ട്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം മേഖലയില്‍ ഒരു മഹാ യുദ്ധത്തിന്റെ തന്നെ കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നു. അമേരിക്കയും ഇസ്രയേലും സഖ്യ രാഷ്ട്രങ്ങളും രാജ്യങ്ങളെ യുദ്ധത്തിലേക്ക് തള്ളിക്കൊണ്ടിരിക്കുകയാണ്. വന്‍തോതിലുള്ള ആയുധ വിപണനമാണ് അവരുടെ ലക്ഷ്യം. ഒപ്പം മുസ്‌ലിം രാഷ്ട്രങ്ങള്‍ തമ്മിലടിച്ച് ദുര്‍ബലമാവുമല്ലോ എന്നതും. രാഷ്ട്ര നേതാക്കളോട് ഈ ചതി മനസ്സിലാക്കി സംഘര്‍ഷമൊഴിവാക്കി സമാധാനത്തിലേക്ക് തിരിച്ചുവരണം. പരസ്പര സംഭാഷണത്തിലൂടെ ഏതു പ്രശ്‌നത്തിനും പരിഹാരം കാണാവുന്നതേയുള്ളൂ.
മുസ്‌ലിം രാഷ്ട്രങ്ങളുടെ വേദിയായ ഒ.ഐ.സിയോ മറ്റേതെങ്കിലും സംയുക്ത വേദിയോ ഇടപെട്ടുകൊണ്ട് സുഡാനില്‍ സ്വന്തം പൗരന്മാരുടെ ഒരു താല്‍ക്കാലിക ഗവണ്‍മെന്റ് രൂപീകരിച്ച് സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പ് നടത്തി ഭരണകൂടം സ്ഥാപിക്കാന്‍ മുന്നോട്ടുവരണമെന്ന് മുസ്‌ലിം രാഷ്ട്ര നേതാക്കളോട് ജമാഅത്തെ ഇസ്‌ലാമി ആവശ്യപ്പെടുന്നു. അതുവഴി മാത്രമേ അവിടെ സമാധാനവും സുഭിക്ഷതയും തിരിച്ചുവരാന്‍ സാധ്യമാവൂ.
മര്‍ദിതരായ ഫലസ്ത്വീനു നേരെ ഏറെക്കാലമായി കിരാതവും ഏകപക്ഷീയവുമായ ആക്രമണം നടത്തിവരികയാണ് ജൂതരാഷ്ട്രം. അതിന്റെ ഇരകളാവുന്നത് നിരപരാധികളായ കുട്ടികളും സ്ത്രീകളുമാണ്. മുസ്‌ലിം രാഷ്ട്രങ്ങളും യു.എന്‍ പോലുള്ള അന്താരാഷ്ട്ര വേദികളും ഇസ്രയേലിനെ ഇത്തരം ചെയ്തികളില്‍നിന്ന് പിന്തിരിപ്പിക്കാനും യു.എന്‍ പ്രമേയങ്ങള്‍ അനുസരിക്കാനും പ്രേരിപ്പിക്കണമെന്ന് കേന്ദ്ര ശൂറ ആവശ്യപ്പെടുന്നു. ഫലസ്ത്വീന്‍ അധീനതയിലുള്ള പ്രദേശങ്ങളില്‍ സ്വതന്ത്രമായും നിര്‍ഭയമായും സഞ്ചരിക്കാനും നിത്യവൃത്തിക്കുള്ള തൊഴിലെടുക്കാനും അവശ്യ സാധനങ്ങള്‍ കൊണ്ടുവരാനും കഴിയുന്ന ഒരു സാഹചര്യമൊരുക്കാന്‍ ലോക രാഷ്ട്രങ്ങളുടെ ശ്രമവും സമ്മര്‍ദവും ഉണ്ടാവണമെന്നും ജമാഅത്തെ ഇസ്‌ലാമി ആവശ്യപ്പെടുന്നു. 

വിവ: അബ്ദുര്‍റഹ്മാന്‍  കൊടിയത്തൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (16-21)
ടി.കെ ഉബൈദ്‌