Prabodhanm Weekly

Pages

Search

2019 ജൂലൈ 05

3108

1440 ദുല്‍ഖഅദ് 01

എ.കെ പാര്‍ട്ടിയുടെ പരാജയം പറയുന്നത്

എസ്. സൈഫുദ്ദീന്‍ കുഞ്ഞ്

ഇസ്തംബൂള്‍ പുനര്‍ തെരഞ്ഞെടുപ്പില്‍ സി.എച്ച്.പിയുടെ നാഷന്‍സ് അലയന്‍സിന്റെ  വിജയം തുര്‍ക്കി രാഷ്ട്രീയ ചരിത്രത്തിലെ നിര്‍ണായക സംഭവമാണ്. മാര്‍ച്ച് 31-ലെ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് സംഭവിച്ചതിനാല്‍  ഇലക്ഷന്‍ വീണ്ടും നടത്തണമെന്ന് എ.കെ പാര്‍ട്ടി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ അന്ന് 13000 വോട്ടിന്റെ ലീഡ് ലഭിച്ച സി.എച്ച്.പിയുടെ നാഷന്‍സ് അലയന്‍സ് സ്ഥാനാര്‍ഥി എക്രാം ഇമാമോഗ്‌ലു 800000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പുനര്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയായിരുന്നു. പുനര്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള എ.കെ പാര്‍ട്ടിയുടെ ആവശ്യം സി.എച്ച്.പി അംഗീകരിക്കാത്തത് നീണ്ട ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ജൂണ്‍ 23-ലെ പുനര്‍ തെരഞ്ഞെടുപ്പില്‍ ബിനലി യില്‍ദിരിമിന് 220,000 വോട്ടുകളാണ് നഷ്ടപ്പെട്ടത്. 
തെരഞ്ഞെടുപ്പ് റദ്ദ് ചെയ്തതുമായി ബന്ധപ്പെട്ട കാരണങ്ങളില്‍ ഇസ്തംബൂള്‍ നിവാസികളുടെ ആശങ്കയാണ് ഫലത്തില്‍ പ്രതിഫലിക്കുന്നത്. മാര്‍ച്ച് 31-ല്‍ 83.88 ശതമാനമായിരുന്നു വോട്ടിംഗ് നില. ജൂണ്‍ 23-ല്‍ അത് 84.44 ശതമാനമായി, 200000 വോട്ടുകളുടെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. സആദത്ത് പാര്‍ട്ടി സ്ഥാനാര്‍ഥിയെ പിന്‍വലിച്ചില്ലെങ്കിലും പുനര്‍ തെരഞ്ഞെടുപ്പില്‍ 56000 സആദത്ത് പാര്‍ട്ടി അനുയായികള്‍ ഇമാമോഗ്‌ലുവിന് വോട്ടു ചെയ്യുകയോ  ബഹിഷ്‌കരിക്കുകയോ ചെയ്തതും നാഷന്‍സ് അലയന്‍സിന്റെ വിജയത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. സ്വതന്ത്രമായി മത്സരിക്കുന്നതിനു പകരം പൊതു ലക്ഷ്യത്തിനായി രാഷ്ട്രീയ സഖ്യം തുടങ്ങിയതാണ് ഈ വിജയത്തിന്റെ പ്രധാന കാരണമെന്ന്  രാഷ്ട്രീയ നിരൂപകന്‍ ഹസല്‍ ദുറാന്‍ അഭിപ്രായപ്പെടുന്നു. ആദ്യ തെരഞ്ഞെടുപ്പില്‍ 29 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുായിരുന്നുവെങ്കിലും പുനര്‍ തെരഞ്ഞെടുപ്പില്‍ അവരിലധികവും ഇമാമോഗ്‌ലുവിനെ പിന്തുണച്ച് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുകയായിരുന്നു. 
ഇസ്തംബൂള്‍ മേയര്‍ തെരഞ്ഞെടുപ്പിന് അന്താരാഷ്ട്ര പ്രാധാന്യം ലഭിച്ചിരുന്നു. പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ എതിരാളി എന്ന നിലയിലാണ് ദേശീയ മുന്നണി സ്ഥാനാര്‍ഥിക്ക് മീഡിയയുടെ കവറേജ് കിട്ടിയത്. എ.കെ.പി-എം.എച്ച്.പി സഖ്യമായ ജനകീയ മുന്നണി (പീപ്പ്ള്‍സ് അലയന്‍സ്) ബിനലി യില്‍ദിരിമിന്റെ രാഷ്ട്രീയ ചരിത്ര പശ്ചാത്തലം അവഗണിക്കുകയും ചെയ്തു. വിവിധ ഘട്ടങ്ങളിലായി (2002-2013, 2015-2016) തുര്‍ക്കിയുടെ വികസനത്തിനു ചുക്കാന്‍ പിടിച്ച ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മന്ത്രിയായും 2015-'18 കാലയളവിലെ പ്രധാനമന്ത്രിയായും സേവനമനുഷ്ഠിച്ചയാളാണ് യില്‍ദിരിം. ഇരുപതിലധികം വര്‍ഷമായി ഭരിക്കുന്ന എ.കെ.പിക്ക് ഇസ്തംബൂള്‍ ഇലക്ഷനെ ലഘുവായി കണ്ടതും വിലക്കയറ്റം, സാമ്പത്തിക പ്രതിസന്ധി, തൊഴില്‍രാഹിത്യം എന്നിവയും വിനയായി. കൂടാതെ കുര്‍ദുകളുടെ കൂടുതല്‍ വോട്ട്  സി.എച്ച്.പി മുന്നണിക്ക് ലഭിച്ചതും എ.കെ പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണമാണ്.  കുര്‍ദിഷ് വിമതരായ  പി.കെ.കെയുടെ നേതാവ് അബ്ദുല്ല ഒജലാന്‍ ഇസ്തംബൂള്‍ തെരഞ്ഞെടുപ്പില്‍ ആരോടും പക്ഷം ചേരരുതെന്നു പറഞ്ഞിരുന്നെങ്കിലും എച്ച്.ഡി.പി പ്രകടമായിതന്നെ സി.എച്ച്.പിക്കു പിന്തുണ നല്‍കിയത് പാര്‍ട്ടി അനുയായികള്‍ക്കിടയില്‍ വിള്ളല്‍ രൂപപ്പെടാന്‍ കാരണമായിട്ടുണ്ട്. ഇസ്തംബൂള്‍ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ ഇലക്ഷനു ശേഷമുള്ള ആദ്യ പാര്‍ട്ടി കോണ്‍ഗ്രസില്‍ പാര്‍ട്ടിയുടെ നയങ്ങളും രീതികളും പുനരാലോചനക്ക് വിധേയമാക്കുമെന്ന് ഉര്‍ദുഗാന്‍ പ്രസ്താവിച്ചിട്ടു്. ലോകത്ത് ഏറ്റവും  കൂടുതല്‍ അഭയാര്‍ഥികള്‍ വസിക്കുന്നത് (3.7 മില്യന്‍) തുര്‍ക്കിയിലാണ്. സി.എച്ച്.പിയുടെ കുടിയേറ്റ അഭയാര്‍ഥി വിരുദ്ധ നിലപാട് ഗൗരവതരമാണ്.  എക്രാം ഇമാമോഗ്‌ലുവിന്റെ വിജയത്തോടനുബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ സിറിയന്‍ അഭയാര്‍ഥി വിരുദ്ധ കാമ്പയിന്‍ ശക്തമായത് സംഘര്‍ഷഭരിതമായ രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കും. ഹെഡ് സ്‌കാര്‍ഫ് അടക്കം മുസ്‌ലിം ചിഹ്നങ്ങളോട് ചതുര്‍ഥിയുള്ള സി.എച്ച്.പി സാമൂഹിക-രാഷ്ട്രീയ തലങ്ങളില്‍ എ.കെ പാര്‍ട്ടി കൈവരിച്ച മുന്നേറ്റങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്നല്ലാതെ ജനക്ഷേമത്തിലൂന്നിയ രാഷ്ട്രീയ പ്രവര്‍ത്തനം പ്രതീക്ഷിക്കേണ്ടതില്ല. തുര്‍ക്കിയിലെ ജനാധിപത്യപ്രക്രിയ കൂടുതല്‍ ശക്തിയാര്‍ജിക്കുന്നതു തന്നെ ഉര്‍ദുഗാന്‍ ഏകാധിപതിയായി മാറുന്നു എന്ന വാദത്തെ നിരാകരിക്കുന്നു. എങ്കിലും എ.കെ പാര്‍ട്ടി നേരിടുന്ന അന്തഃസംഘര്‍ഷങ്ങളും ദേശീയതലത്തിലെ രാഷ്ട്രീയ പ്രതിസന്ധികളും ഇസ്തംബൂള്‍ തെരഞ്ഞെടുപ്പ് ഫലവും ഒരു പുനരാലോചന എ.കെ പാര്‍ട്ടിയോട് ആവശ്യപ്പെടുന്നുണ്ട്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (16-21)
ടി.കെ ഉബൈദ്‌