Prabodhanm Weekly

Pages

Search

2019 ജൂലൈ 05

3108

1440 ദുല്‍ഖഅദ് 01

കഅ്ബയെ ലക്ഷ്യം വെച്ച് മണല്‍പരപ്പുകള്‍ താണ്ടി

സൈനബ് കോബോള്‍ഡ്

ഇസ്‌ലാം സ്വീകരിച്ച സ്‌കോട്ടിഷ് വനിത ലേഡി എവ്‌ലിന്‍ മുര്‍റെ കോബോള്‍ഡ് അറിയപ്പെട്ടത് സൈനബ് കോബോള്‍ഡ് എന്നാണ്. ജനനം 1867-ല്‍ എഡിന്‍ബറോയില്‍. മരണം 1963-ല്‍. ആദ്യമായി ഹജ്ജ് നിര്‍വഹിച്ച ബ്രിട്ടീഷ് വനിതയാണിവര്‍. അള്‍ജിയേഴ്‌സിലും കെയ്‌റോയിലുമായിരുന്നു കുട്ടിക്കാലം. താനൊരു മുസ്‌ലിമാണെന്ന് ചെറുപ്രായത്തിലേ കൊബോള്‍ഡ് സ്വയം കരുതിയിരുന്നുവത്രെ. അന്നേ അറബി ഭാഷ പഠിച്ചു. ഉത്തരാഫ്രിക്കയില്‍ വെച്ചാണ് ഇസ്‌ലാമിനോടുള്ള ആകര്‍ഷണം വര്‍ധിച്ചത്. പക്ഷേ, ഔദ്യോഗികമായി ഇസ്‌ലാം സ്വീകരിക്കുന്നത് ഒരു സുഹൃത്തുമൊത്ത് ഇറ്റലി സന്ദര്‍ശിക്കവെ  പോപ്പിനെ കാണാന്‍ ചെന്നപ്പോഴാണ്. കത്തോലിക്കാ വിശ്വാസിയാണോ എന്നു പോപ്പ് ചോദിച്ചപ്പോള്‍ അല്ല, താനൊരു മുസ്‌ലിമാണെന്ന് അവര്‍ മറുപടി പറയുകയായിരുന്നു. അതില്‍പിന്നെയാണ് ഇസ്‌ലാമിനക്കുറിച്ച് കൂടുതല്‍ വായിക്കുന്നതും ഔപചാരികമായി പരിവര്‍ത്തനം ചെയ്യുന്നതും. സാമാന്യ ബോധത്തിന്റെ മതമാണ് ഇസ്‌ലാം എന്നാണ് ലേഡി എവ്‌ലിന്‍ കോബോള്‍ഡ് അഭിപ്രായപ്പെട്ടത്. 
1933-ല്‍ അറുപത്തി ആറാമത്തെ വയസ്സില്‍ തനിച്ചാണ് സൈനബ് കോബോള്‍ഡ് കെയ്‌റോയില്‍നിന്ന് ജിദ്ദവഴി ഹജ്ജിന് പോയത്. ജിദ്ദയില്‍ ഫില്‍ബി കുടുംബത്തിന്റെ അതിഥിയായിരുന്നു അവര്‍. യൂറോപ്യന്മാര്‍ മുമ്പ് മുസ്‌ലിംകളായി അഭിനയിച്ച് മക്കയിലും മദീനയിലും പോയി തീര്‍ഥാടനത്തില്‍ പങ്കെടുത്തതിനു ശേഷം തങ്ങള്‍ നടത്തിയ ധീരസാഹസിക യാത്രകളെക്കുറിച്ച് എഴുതിയിരുന്നതിനാല്‍ മക്കയില്‍ പ്രവേശിക്കാനുള്ള അനുവാദം കിട്ടാന്‍ കാത്തിരിക്കേണ്ടി വന്നതിനെക്കുറിച്ച് കോബോള്‍ഡ് ഈ വിവരണത്തില്‍ പറയുന്നുണ്ട്. കാറിലായിരുന്നു ജിദ്ദയില്‍നിന്ന് ആദ്യം മദീനയിലേക്കും പിന്നീട് അവിടെനിന്ന് മക്കയിലേക്കും തിരികെ ജിദ്ദയിലേക്കുമുള്ള യാത്ര. കാറില്‍ നടത്തിയ ഹജ്ജ് യാത്രയുടെ ആദ്യവിവരണം ഇതാണ്. 


ജിദ്ദ, ജനുവരി 26, 1933
ഗ്രീഷ്മകാല സമുദ്രത്തിലൂടെ നാലു ദിവസം യാത്രചെയ്ത് ഞങ്ങള്‍ ജിദ്ദയിലെത്തി. ഉള്‍ക്കടലില്‍നിന്നുള്ള കാഴ്ച വശ്യസുന്ദരമായിരുന്നു. വെളുപ്പ്, തവിട്ട് നിറങ്ങളിലുള്ള പട്ടണം ഒരു കോട്ടയെ ഓര്‍മിപ്പിച്ചു. മൂന്നു ഭാഗവും കെട്ടിയുയര്‍ത്തിയ ഉയരമേറിയ ഭിത്തികള്‍ക്കുള്ളിലാണ് നഗരം. ആകാശത്തേക്ക് തലയുയര്‍ത്തി നില്‍ക്കുന്ന മിനാരങ്ങള്‍. അസാധാരണ ഭംഗിയുള്ള, കൊത്തുപണികള്‍ ചെയ്ത, മര ജനവാതിലുകള്‍ ഇടുങ്ങിയ തെരുവുകളിലേക്ക് തള്ളിനില്‍ക്കുന്നു. സുവര്‍ണ വര്‍ണമണിഞ്ഞ മണലാരണ്യത്തിനപ്പുറം അറേബ്യന്‍ മലനിരകളുടെ താഴ്‌വാരങ്ങളിലെ ചെറിയ കുന്നുകള്‍ ആരംഭിക്കുന്നു. അങ്ങകലെ അവ എണ്ണായിരത്തിലധികം അടി ഉയരമുള്ള മഹാപര്‍വതങ്ങളുടെ ഭാഗമായിത്തീരൂന്നു. സമുദ്രത്തിനു ഇന്ദ്രനീല നിറം. ആഴം കുറഞ്ഞ പവിഴ ദ്വീപുകള്‍ക്കുള്ളില്‍ അതിന്റെ വര്‍ണം മരതകപ്പച്ചയാണ്. പാഴ്‌ച്ചെടികള്‍ കടലിനു മാന്തളിര്‍ നിറത്തിലുള്ള തൊങ്ങലുകള്‍ ചാര്‍ത്തുന്നു. 
അറേബ്യയിലെ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുമതി കിട്ടുമെന്ന പ്രതീക്ഷയില്‍ ഈ നാട്ടിലേക്ക് വന്ന പരദേശിയാണ് ഞാന്‍. ഫില്‍ബി കുടുംബം എന്നെ അവരുടെ വീട്ടില്‍ അതിഥിയായി സ്വീകരിക്കാമെന്ന് അളവറ്റ ദയാവായ്‌പോടെ വാഗ്ദാനം ചെയ്തിരുന്നു. മിസ്റ്റര്‍ ഫില്‍ബി മുസ്‌ലിം ആണെന്നതും ഇബ്‌നു സുഊദ് രാജാവിന്റെ അടുത്ത സുഹൃത്താണെന്നതും ഇവിടെ സൂചിപ്പിക്കുന്നത് അധികപ്പറ്റാവും. രണ്ടു പ്രാവശ്യം അറേബ്യ ഒരു കടല്‍ മുതല്‍ മറ്റേ കടല്‍ വരെയും പര്യവേക്ഷണം നടത്തിയതും ഒരു വര്‍ഷം മുമ്പ് അദ്ദേഹം റുബ്ഉല്‍ വാലി എന്ന മഹാ മരുഭൂമി താണ്ടിയതും പ്രസിദ്ധമാണല്ലോ.
അല്ലാഹുവല്ലാതെ ആരാധ്യനില്ല, മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാകുന്നു (ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്‍റസൂലുല്ലാഹ്) എന്ന് ആലേഖനം ചെയ്ത ഹരിത പതാക പാറിക്കളിക്കുന്ന ബോട്ടില്‍ എന്റെ ആതിഥേയ എന്നെ കൊണ്ടുപോയി. ഈ നാടിന്റെ പരമാധികാരി അബ്ദുല്‍ അസീസ് ഇബ്‌നു സുഊദിന്റെ പതാകയായിരുന്നു അത്. ഞാന്‍ അറേബ്യയില്‍ എത്തിയതായി എനിക്കു തീര്‍ച്ചവന്നു. 
ബോട്ടില്‍ ഏകദേശം ഒരു മൈല്‍ യാത്ര ചെയ്യാനുണ്ടായിരുന്നു. പവിഴപ്പുറ്റുകള്‍ നിറഞ്ഞ, ആഴമില്ലാത്ത കടല്‍ഭാഗത്തുകൂടെ വലിയ കപ്പലുകള്‍ തീരത്തടുക്കുന്നത് അപകടകരമാണ്. ഞങ്ങളുടെ സാരഥി പത്തുവയസ്സു മാത്രം പ്രായമുള്ള അറബിപ്പയ്യന്റെ കൈത്തഴക്കം എന്നെ അദ്ഭുതപ്പെടുത്തി. മുന്നോട്ടു നന്നായി കാണുന്നതിനുവേണ്ടി തന്റെ നഗ്നമായ കാല്‍ വിരലുകളില്‍ എഴുന്നേറ്റു നിന്നാണ് പവിഴപ്പുറ്റുകള്‍ക്കിടയിലൂടെ അവന്‍ വിദഗ്ധമായി ചക്രം തിരിച്ച് ബോട്ട് കൊണ്ടുപോകുന്നത്. അവന്‍ ഞങ്ങളെ സുരക്ഷിതമായി കസ്റ്റംസ് ഹൗസിന്റെ പടിക്കല്‍ എത്തിച്ചു. അധികം താമസിയാതെ ഞങ്ങള്‍ തുറമുഖത്തിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന ഫില്‍ബിയുടെ കൂറ്റന്‍ ശിലാഗൃഹത്തില്‍ എത്തിച്ചേര്‍ന്നു. 

ഫെബ്രുവരി 28
അങ്ങകലെ രിയാദിലാണ് രാജാവ്. അദ്ദേഹത്തിന്റെ ആസ്ഥാനമായ നജ്ദിലേക്ക് ഇവിടെനിന്ന് പതിനാറ് ദിവസം ഒട്ടകപ്പുറത്ത് സവാരി ചെയ്യണം. അതിനാല്‍ ലണ്ടനില്‍ വെച്ച് അദ്ദേഹത്തിന്റെ മന്ത്രി എഴുതിയ കത്ത് കുറച്ചു കഴിഞ്ഞാലല്ലാതെ അവിടെ എത്തുകയില്ല എന്നു ഞാന്‍ ഭയന്നു (ഇംഗ്ലണ്ടില്‍നിന്ന് പുറപ്പെടുന്നതിനു മുമ്പ് സുഊദി മന്ത്രി ശൈഖ് ഹാഫിസ് വഹ്ബയുമായി ഞാന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ആ സമയത്ത് വിശുദ്ധ നഗരങ്ങള്‍ സന്ദര്‍ശിക്കാനുള്ള എന്റെ ആഗ്രഹം ഞാന്‍ വെളിപ്പെടുത്തി. അദ്ദേഹം ദയാപൂര്‍വം തദ്‌സംബന്ധമായി രാജാവിനു കത്തെഴുതി. എന്റെ തീര്‍ഥാടനം പൂര്‍ത്തിയാക്കുന്നതില്‍ ഞാന്‍ വിജയിച്ചാല്‍ അതിന് ഞാന്‍ വലിയ തോതില്‍ അദ്ദേഹത്തിന്റെ സഹായത്തോട് കടപ്പെട്ടിരിക്കും). ആ കത്ത് രാജാവിനു കിട്ടുന്ന വരെ ഞാന്‍ ക്ഷമയോടെ കാത്തിരിക്കണം. പവിഴപ്പുറ്റുകള്‍ക്കിടയില്‍ സ്രാവുകളെ പേടിച്ച് ചൂടുള്ള കടല്‍ വെള്ളത്തിലെ കുളി ആസ്വദിച്ച് ആനന്ദകരമായി സമയം ചെലവഴിക്കാം. അല്ലെങ്കില്‍ മരുഭൂമിയില്‍ മോട്ടോര്‍ വാഹനമോടിച്ചു രസിക്കാം.
യശ്ശശരീരനായ ഹുസൈന്‍ രാജാവ് ഹിജാസ് ഭരിച്ചിരുന്ന കാലത്ത് ജിദ്ദയില്‍ കഷ്ടപ്പെട്ടു താമസിക്കുകയായിരുന്ന യൂറോപ്യന്മാര്‍ക്ക് നഗര ഭിത്തിക്കപ്പുറം പോകാന്‍ അനുവാദമുണ്ടായിരുന്നില്ല. ജീവിതം സാമാന്യം ദുസ്സഹമായിരുന്നു. ശുദ്ധവായുവിന്റെ ലഭ്യത വീടിന്റെ മേല്‍ക്കൂരയെ ആശ്രയിച്ചിരിക്കും. സര്‍വവ്യാപിയായ കൊതുകിന്റെയും അതിന്റെ മലേറിയാ വിഷം നിറഞ്ഞ കുത്തിന്റെയും കാരുണ്യത്തിലായിരിക്കും ആരും സദാ. ഇപ്പോഴെത്ത രാജാവ് പുറം യാത്രാ നിരോധം എടുത്തുകളഞ്ഞിട്ടുണ്ട്. എല്ലാ വൈകുന്നേരങ്ങളിലും വെയില്‍ താഴുമ്പോള്‍ ജിദ്ദ ഒന്നടങ്കം വ്യായാമത്തിനും ശുദ്ധവായുവിനും വേണ്ടി നഗരഭിത്തിക്കു പുറത്തേക്ക് ഒഴുകുന്നു. റോഡുകളില്ല. പക്ഷേ, എണ്ണമറ്റ ഫോര്‍ഡ് വണ്ടികള്‍ മണലിലൂടെ വഴിയുണ്ടാക്കുന്നു. ഇത് ഞങ്ങളെ ഉന്മേഷം കെടാതെ കാക്കുന്നു. വേട്ടയാടാന്‍ കുറച്ച് കാട്ടുകോഴികളും മുയലുകളുമുണ്ട്. കുളിക്കാന്‍ ഭംഗിയുറ്റ കടലരുവിയും.
പൗര്‍ണമി നാളുകളില്‍ വെള്ളിപോലെ തിളങ്ങുന്ന കടലില്‍ ഞങ്ങള്‍ നീന്തിത്തുടിച്ചു. ഉപ്പുള്ളതിനാല്‍ മുങ്ങാംകുഴിയിടുക പ്രയാസമായിരുന്നു. മണലാരണ്യത്തില്‍ പ്രഭ തൂകിയ മാന്ത്രിക ചന്ദ്രന്റെ താഴെ ഞങ്ങള്‍ ഉല്ലാസ യാത്ര ചെയ്തു. കൗതുകമുണര്‍ത്തുന്ന കക്കകള്‍ പെറുക്കിയും കരയിലേക്ക് തെറിച്ചുവീണ പവിഴപ്പുറ്റുകള്‍ ശേഖരിച്ചും ഞാന്‍ കടല്‍ക്കരയിലൂടെ അലഞ്ഞു.
മോട്ടോര്‍ വാഹനങ്ങളിലും ചാഞ്ചാടുന്ന ഒട്ടകങ്ങളുടെ പുറത്തും വളരെ പാവപ്പെട്ടവര്‍ നടന്നും വിശുദ്ധ നഗരങ്ങളിലേക്ക് തീര്‍ഥയാത്ര പോവുന്ന അനേകമാളുകളെ ഞങ്ങള്‍ കണ്ടു. പുരുഷന്മാര്‍ ഇഹ്‌റാം വസ്ത്രം ധരിച്ചവരും നഗ്നശിരസ്‌കരുമായിരുന്നു. മദീനയിലേക്ക് പോകുന്ന സ്ത്രീകള്‍ കറുത്ത വസ്ത്രവും മക്കയിലേക്ക് പോകുന്നവര്‍ വെളുത്ത വസ്ത്രവുമാണ് ധരിച്ചിരുന്നത്. ചില വിദൂര രാജ്യങ്ങളില്‍നിന്നുള്ള പാവപ്പെട്ട തീര്‍ഥാടകര്‍ യാത്ര പുറപ്പെട്ടിട്ട് വര്‍ഷങ്ങളായിരുന്നു. എന്റെ ആതിഥേയന്‍ ഒരുനാള്‍ മദീനാ റോഡില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്നു. ചുട്ടുപഴുത്ത മണലിലൂടെ ഒരു മനുഷ്യനും അയാളുടെ ഭാര്യയും ഒരാണ്‍കുട്ടിയും വേച്ചു നടന്നുപോകുന്നു. അവരുടെ സാമാനങ്ങളെല്ലാം ഭാണ്ഡത്തില്‍ കെട്ടി തലയിലും പുറത്തുമായി ചുമന്നിട്ടുണ്ട്. അവര്‍ പോകുന്ന വഴിയില്‍ കുറച്ചുദൂരം പോകേതുള്ളതിനാല്‍ എന്റെ ആതിഥേയന്‍ കാര്‍ നിര്‍ത്തി അവരെയും കയറ്റി. ആതിഥേയനെ അമ്പരപ്പിച്ച കാര്യം, അവര്‍ അവരുടെ കെട്ടുകള്‍ കാറില്‍ വെച്ചപ്പോള്‍ അതില്‍ മൂന്ന് കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നു എന്നതാണ്. ആ മനുഷ്യനും ഭാര്യയും തീര്‍ഥാടനാര്‍ഥം വീട്ടില്‍നിന്ന് പുറപ്പെട്ടതിനു ശേഷം ജനിച്ചവരായിരുന്നു ആ കുഞ്ഞുങ്ങള്‍!

മാര്‍ച്ച് 1
മുമ്പ് സന്ദര്‍ശിച്ച കിഴക്കന്‍ നഗരങ്ങളുടേതില്‍നിന്നെല്ലാം വ്യത്യസ്തമാണ് ജിദ്ദയിലെ ജീവിതം. അത് തീര്‍ത്തും അറബ് ജീവിതമാണ്. മദ്യപാന കേന്ദ്രങ്ങളില്ല. ബസാറുകളല്ലാതെ കടകളില്ല. അറബികള്‍ക്കാവശ്യമുള്ള സാധനങ്ങളേ ബസാറുകളില്‍ ഉള്ളൂ. നാഗരിക ജീവിതത്തിന്റെ സങ്കീര്‍ണതകള്‍ ആവശ്യപ്പെടുന്ന സിനിമാ ശാലകള്‍, ഗ്രാമഫോണുകള്‍ മുതലായവ അജ്ഞാതം. വീടുകളുടെ വാസ്തു അത്യധികം ആകര്‍ഷണീയമാണ്. സമീപത്തെ മരുഭൂമിയിലെ ക്വാറികളില്‍നിന്ന് കൊണ്ടുവന്ന കല്ലുകള്‍ കൊണ്ടാണ് അവ നിര്‍മിച്ചിരിക്കുന്നത്. ബാല്‍ക്കണികള്‍, വാതിലുകള്‍, ഷട്ടറുകള്‍ എന്നിവയുടെ നിര്‍മിതിയില്‍ മരം ധാരാളം ഉപയോഗിച്ചിട്ടുണ്ട്. അവയില്‍ അധികവും ജാവയില്‍നിന്ന് ഇറക്കുമതി ചെയ്ത തേക്ക് ആണ്. ഈ നാട്ടില്‍ മരങ്ങള്‍ ഇല്ല.
ഈ പട്ടണത്തിലെ ഏറ്റവും ഭംഗിയുള്ളതും വലിപ്പമുള്ളതുമായ വീടുകളില്‍ ഒന്നാണ് ഫില്‍ബിയുടേത്. ബൈത്തുല്‍ ബഗ്ദാദി എന്നാണതിന്റെ പേര്. മേല്‍ക്കൂരയില്‍ രണ്ടു വശങ്ങളിലേക്കും വൃത്തമായി വികസിക്കുന്ന പൂന്തോട്ടമുണ്ട്. അതിലെ പാത്രങ്ങളില്‍ പൂക്കള്‍ ശ്രദ്ധാപൂര്‍വം വളര്‍ത്തിയിരിക്കുന്നു. പിങ്ക് നിറത്തിലുള്ള വലിയ പൂക്കളാണ് അധികവും. വിത്തുകള്‍ വീണു മുളയ്ക്കുന്ന, എല്ലാ ഋതുക്കളിലും ഉണ്ടാവുന്ന പൂക്കളാണ് അവ.
ഒരു മൂലയില്‍ ഉയര്‍ന്ന ഒരു തറയുണ്ട്. എന്റെ ആതിഥേയന്‍ ജിദ്ദയില്‍ വരുമ്പോഴെല്ലാം കിടക്കുന്നത് അവിടെയാണ്. മക്കയിലും ഉണ്ട് അദ്ദഹത്തിന് ഒരു വീട്. ഇടവിട്ടുള്ള ആഴ്ചകളില്‍ അദ്ദേഹം അവിടെ താമസിക്കുന്നു. കുറേയധികം കുളിമുറികള്‍ ഉണ്ട്. വട്ടത്തിലുള്ള കല്‍താഴികക്കുടങ്ങളോടു കൂടിയവയാണ് അധികവും. തറ മാര്‍ബിള്‍. താഴികക്കുടത്തിന് ദ്വാരങ്ങളുണ്ട്. അറബെസ്‌ക് കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ഇത് എന്നെ ആകര്‍ഷിച്ചു. വെള്ളം വാര്‍ന്നുപോകുന്നതിനു വേണ്ടി തറയില്‍ ആഴത്തിലുള്ള തുളകളുണ്ട്. ഞങ്ങള്‍ക്ക് കുളിക്കാനുള്ള ടിന്നുകള്‍ നില്‍കിയിരുന്നു. കുളി കഴിഞ്ഞ് ഞങ്ങളവ കമഴ്ത്തിവെച്ചു.
മേല്‍ക്കൂരയിലെ തോട്ടത്തിന്റെ ഭാഗമായി ആര്‍ക്കേഡുകള്‍ നിര്‍മിച്ചിരുന്നു. വെയിലു കൊള്ളാതിരിക്കാന്‍ ഞങ്ങള്‍ അവയിലാണ് അഭയം പ്രാപിച്ചിരുന്നത്. അവിടെനിന്ന് പടിഞ്ഞാറോട്ട് നോക്കിയാല്‍ കാണുന്ന സമുദ്രദൃശ്യം കമനീയമായിരുന്നു. ജിദ്ദയില്‍ ഒരു തരത്തിലുമുള്ള സസ്യലതാദികള്‍ ഉണ്ടായിരുന്നില്ല. പക്ഷേ, കടലിന്റെ കണ്ണഞ്ചിപ്പിക്കുന്ന നീലിമ ആ ഭൂപ്രദേശത്തിന് വര്‍ണചാരുത സമ്മാനിച്ചു. സൂര്യാസ്തമയങ്ങള്‍ പലപ്പോഴും സൗന്ദര്യത്തിന്റെ സ്വപ്‌നാനുഭവമായി.

മാര്‍ച്ച് 2
ഇന്ന് ഞങ്ങള്‍ മക്കയിലേക്ക് ചൂണ്ടുന്ന വഴിയിലൂടെ വണ്ടി ഓടിച്ചു. ഈ ശൈത്യകാലത്ത് മഴ പെയ്തിരുന്നില്ല. പക്ഷേ, ഒട്ടകങ്ങള്‍ ഈ വരണ്ട ഭൂമിയില്‍ അവശേഷിച്ച, മുള്ളുകളുള്ള കുറ്റിച്ചെടികളില്‍ മേയാനുള്ള വക കണ്ടെത്തി. 
ജലസേചനംകൊണ്ട് ഈ ഭൂമിയെ ഫലഭൂയിഷ്ഠമാക്കാമെന്ന് ഒരു അമേരിക്കന്‍ എഞ്ചിനീയര്‍ തെളിയിച്ചിട്ടുണ്ട്. രണ്ടു വര്‍ഷം മുമ്പ് അദ്ദേഹം മലയടിവാരങ്ങള്‍ സംഗമിക്കുന്ന താഴ്‌വരയില്‍ ഒരു ചെറിയ പാതാളക്കിണര്‍ കുഴിച്ചിരുന്നു. ഇപ്പോഴവിടെ ചെടികള്‍ തഴച്ചുവളര്‍ന്ന് ഹരിതാഭമാണ്.
ഒരു ദശലക്ഷം ചതുരശ്ര മൈലില്‍ അധികം വിസ്തൃതിയുള്ള പ്രദേശമാണ് അറേബ്യ. അതിന്റെ കഷ്ടിച്ച് അഞ്ചിലൊന്ന് ഭാഗത്തേ കൃഷിയുള്ളൂ.  അതില്‍ ധാതുസമ്പത്ത് ധാരാളം ഉണ്ടാകാം. എന്നാല്‍, വിദേശികള്‍ ഇടപെടുന്നതിന് അവിടത്തെ ജനങ്ങള്‍ എതിരാണ്. സാധ്യതയുള്ള വിഭവങ്ങള്‍ സ്വയം കണ്ടെത്തുകയോ വികസിപ്പിക്കുകയോ ചെയ്യുന്നതിനുള്ള വൈദഗ്ധ്യമോ മൂലധനമോ ആ നാട്ടുകാര്‍ക്ക് ഇതുവരെ ഇല്ല.
കിണറിനടുത്തുകൂടെ കടന്നുപോയ ഉടന്‍ ഞങ്ങള്‍ ജിദ്ദയിലേക്ക് മടങ്ങി. കാരണം, ഞങ്ങള്‍ നിരോധിത മേഖലയുടെ അടുത്തെത്തിയിരുന്നു. ഉയരമുള്ള രണ്ട് കല്‍ത്തൂണുകള്‍ അവിടെ അതിരടയാളമായി സ്ഥാപിച്ചിട്ടുണ്ട്. യഥാര്‍ഥ സത്യവിശ്വാസികള്‍ക്കല്ലാതെ അവിടെനിന്നങ്ങോട്ട് പ്രവേശനമില്ല.
ജിദ്ദയിലേക്ക് മടങ്ങവെ വഴിയില്‍ കണ്ട, മക്കയിലേക്ക് പോകുന്ന തീര്‍ഥാടകരോട് ഞാന്‍ അസൂയപ്പെട്ടു. ഏതാനും മൈലുകള്‍ക്കകലെ, കുന്നുകള്‍ക്കപ്പുറം മറഞ്ഞു കിടക്കുകയാണ് ഇസ്‌ലാമിന്റെ പുണ്യനഗരങ്ങള്‍. ആ നിഗൂഢ നഗരങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെങ്കില്‍ ജിദ്ദയിലെ ഞങ്ങളുടെ ജീവിതം ആഹ്ലാദം തുളുമ്പുന്നതായേനെ. നമ്മള്‍ എന്തുകൊണ്ടാണ് എപ്പോഴും അപ്രാപ്യമായതിനെ കാമിക്കുന്നത്? തലക്കു മീതെ വട്ടംചുറ്റുന്ന നീലക്കിളി നമുക്ക് പിടിക്കാന്‍ കഴിയുന്നതിനും അപ്പുറമാണെന്നിരിക്കെ? ജിദ്ദയില്‍ മടങ്ങിയെത്തിയ ഞങ്ങള്‍ ന്യൂഹോട്ടലില്‍നിന്ന് അത്താഴം കഴിച്ചു. തീര്‍ഥാടകര്‍ക്കു വേണ്ടി ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് തുറന്ന ഹോട്ടലായിരുന്നു അത്. രാജാവില്‍നിന്ന് എണ്ണ ഇളവ് ലഭ്യമാക്കുന്നതിനുവേണ്ടി വന്ന അമേരിക്കന്‍ എഞ്ചിനീയര്‍മാര്‍ ഇവിടെയാണ് ഇപ്പോള്‍ താമസിക്കുന്നത്. അവരുടെ ഭാര്യമാരായ മിസ്സിസ് ഹാമില്‍ടണ്‍, മിസ്സിസ് ട്വിച്ചെല്‍ എന്നിവര്‍ ഞങ്ങളെ സ്വീകരിക്കുകയും ഞങ്ങള്‍ക്ക് ഗംഭീരമായ അത്താഴം നല്‍കുകയും ചെയ്തു. എണ്ണ ഇളവ് ലഭിക്കുന്നതിനുവേണ്ടി ഇവിടെ എത്തിയ ഇറാഖ് ഓയില്‍ കമ്പനിയുടെ ഇംഗ്ലീഷുകാരനായ പ്രതിനിധി മിസ്റ്റര്‍ ലോന്‍ഗ്രിഗും വിരുന്നില്‍ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. പരസ്പര മാത്സര്യം വിവിധ കക്ഷികള്‍ക്കിടയിലുള്ള സൗഹൃദത്തിന് കോട്ടം തട്ടിച്ചിരുന്നില്ല, മിസ്റ്റര്‍ ലോന്‍ഗ്രിഗ് തന്റെ കോഫി കപ്പില്‍നിന്ന് പൊട്ടിയ ഗ്ലാസ്സിന്റെ കഷ്ണങ്ങള്‍ കണ്ടുപിടിച്ചപ്പോള്‍ പോലും! ഡിന്നറിനു ശേഷം ഞങ്ങള്‍ ബ്രിഡ്ജ് കളിച്ചു. അര്‍ധരാത്രി വിരുന്ന് സമാപിച്ചപ്പോള്‍ ചന്ദ്രന്‍ വശ്യമോഹനമായി കാണപ്പെട്ടു. അതിനാല്‍ ഞങ്ങളില്‍ ചിലര്‍ കടലരുവിയില്‍ കുളിക്കുന്നതിനു വേണ്ടി വണ്ടിയെടുത്ത് യാത്രതിരിച്ചു.

മാര്‍ച്ച് 4
എന്റെ ആതിഥേയന്‍ ഇന്ന് രാവിലെ വെള്ളിയാഴ്ചത്തെ മധ്യാഹ്ന പ്രാര്‍ഥനയില്‍ പങ്കുകൊള്ളുന്നതിനായി മക്കയിലേക്ക് പുറപ്പെട്ടു. സാധാരണ അറബി വേഷമാണ് അദ്ദേഹം ധരിച്ചത്. വെളുത്ത മേലങ്കിക്കു മീതെ കൈയില്ലാത്ത പുറങ്കുപ്പായവും തലയില്‍ ഇഖാല്‍ കെട്ടിയ കഫിയ്യയും. ഏപ്രില്‍ നാലിനാണ് ഇക്കൊല്ലം തീര്‍ഥാടനത്തിന്റെ ഔപചാരികമായ തുടക്കം. ചാന്ദ്രമാസ കലണ്ടറാണ് അറബികള്‍ പിന്തുടരുന്നത്. സൗരവര്‍ഷ കലണ്ടറിനെ അപേക്ഷിച്ച് പതിനൊന്ന് ദിവസം മുന്നേയാണ് അതാരംഭിക്കുക. പത്തുവര്‍ഷം കൂടുമ്പോള്‍ മുസ്‌ലിംകള്‍ക്ക് റമദാന്‍ വ്രതവും ഹജ്ജും താരതമ്യേന സുഖമുള്ള കാലാവസ്ഥയില്‍ നിര്‍വഹിക്കാന്‍ സാധിക്കും.
ഹജ്ജ് നിര്‍വഹിക്കുന്നതിന് അനുവാദം നല്‍കണമെന്ന എന്റെ അപേക്ഷ അനുഭാവപൂര്‍വം പരിഗണിക്കണമെന്നഭ്യര്‍ഥിച്ച് ലണ്ടനിലുള്ള തന്റെ മന്ത്രി അയച്ച ശിപാര്‍ശക്കത്ത് രാജാവിന് ലഭിച്ചതായി വൈകുന്നേരം ഞാന്‍ കേട്ടു. എന്റെ കുടുംബ വിവരങ്ങള്‍ കാണിച്ച് ഹിജാസിലെ വൈസ്രോയിയും രാജാവിന്റെ മകനുമായ അമീര്‍ ഫൈസലിന് കത്തെഴുതാന്‍ എനിക്ക് ഉപദേശം ലഭിച്ചു. വിദേശകാര്യ അണ്ടര്‍ സെക്രട്ടറി ജിദ്ദയിലേക്ക് വരുന്നുണ്ടെന്നും എന്നെ കാണാന്‍ ആഗ്രഹിക്കുന്നു എന്നും ഞാന്‍ അറിഞ്ഞു. 

(തുടരും)

വിവ: എ.കെ അബ്ദുല്‍ മജീദ് (ഐ.പി.എച്ച് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തില്‍നിന്ന്)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (16-21)
ടി.കെ ഉബൈദ്‌