Prabodhanm Weekly

Pages

Search

2019 ജൂലൈ 05

3108

1440 ദുല്‍ഖഅദ് 01

സഞ്ജീവ് ഭട്ട് ജനാധിപത്യം വായടപ്പിക്കുമ്പോള്‍

എ. റശീദുദ്ദീന്‍

1990 ഒക്ടോബര്‍ 30-ന് ഗുജറാത്തിലെ ജാംനഗര്‍ പോലീസ് സ്റ്റേഷനില്‍ പിടിയിലായ നൂറിലേറെ കലാപകാരികളിലൊരാള്‍ വിട്ടയക്കപ്പെട്ടതിന്റെ പത്താം നാള്‍ വീട്ടില്‍ വെച്ച് മരണപ്പെടുന്നു. അന്ന് എല്‍.കെ അദ്വാനി രഥയാത്രക്കിടെ അറസ്റ്റ് ചെയ്യപ്പെട്ടതില്‍ പ്രതിഷേധിച്ച് ബി.ജെ.പി ആഹ്വാനം ചെയ്ത ബന്ദിനിടയില്‍ നഗരത്തില്‍ കൊള്ളയും കലാപവും നടത്താന്‍ രംഗത്തിറങ്ങിയ സംഘ് പരിവാര്‍ പ്രവര്‍ത്തകരായിരുന്നു അറസ്റ്റിലായവരെല്ലാം. എന്നാല്‍  മരണപ്പെട്ട പ്രഭുദാസ് വൈഷ്ണാനിയെയും സഹോദരന്‍ രമേഷ് ചന്ദ്രയെയും പോലീസ് അകാരണമായാണ് പിടികൂടിയതെന്നും കസ്റ്റഡി മര്‍ദനമാണ് മരണ കാരണമെന്നും ഇരുവരുടെയും മൂത്ത സഹോദരന്‍ പോലീസില്‍ പരാതി നല്‍കി. കര്‍ഷകനായ പ്രഭുദാസിന് അയോധ്യാ പ്രസ്ഥാനവുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്നാണ് അമൃത്ലാല്‍ അവകാശപ്പെട്ടത്. ജാംനഗറില്‍ അസിസ്റ്റന്റ് സൂപ്രണ്ടായി ചുമതലയേറ്റ യുവ പോലീസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെയും സ്റ്റേഷനിലെ ഹെഡ്കോണ്‍സ്റ്റബിള്‍ പ്രവീണ്‍സിംഗ് സാലയെയും മറ്റു ചില പോലീസുകാരെയും പ്രതിചേര്‍ത്താണ് പരാതി നല്‍കിയത്. കുടലിറക്കവും ഹൃദയാഘാതവുമാണ് പ്രഭുദാസിന്റെ മരണകാരണമായി ഡോക്ടര്‍മാര്‍ രേഖപ്പെടുത്തിയത്. അതേസമയം പോലീസ് റിമാന്റിലയച്ച പ്രഭുദാസിനെ നവംബര്‍ 8-ന് മോചിപ്പിച്ച് 10 ദിവസത്തിനു ശേഷമായിരുന്നു ഇദ്ദേഹത്തിന് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും. ചികിത്സക്കിടയില്‍ പോലീസ് മര്‍ദനത്തെ കുറിച്ച ഒരു പരാതിയും അമൃത്ലാല്‍ ഉന്നയിച്ചിരുന്നില്ല. എന്നാല്‍ സഹോദരന് ചികിത്സ നിഷേധിക്കപ്പെടുമോ എന്നു ഭയന്ന് താന്‍ ഇക്കാര്യം മിണ്ടാതിരുന്നതാണെന്ന അമൃത്ലാലിന്റെ വാദം കോടതി അംഗീകരിക്കുകയാണുണ്ടായത്. റിമാന്റിലായിരിക്കവെ, തുടര്‍ച്ചയായി ഇരിക്കാനും എഴുന്നേല്‍ക്കാനും സഞ്ജീവ് ഭട്ട് ശിക്ഷ വിധിച്ചതു മൂലം തങ്ങള്‍ തലകറങ്ങി വീണുവെന്ന് രമേഷ് ചന്ദ്ര കോടതിയില്‍ മൊഴി നല്‍കി. ഇങ്ങനെ ചെയ്യിച്ചാല്‍ വൃക്കകള്‍ തകരാറിലാവുമെന്ന് ജാംനഗറിലെ യൂറോളജി വിദഗ്ധനായ ഡോക്ടര്‍ സഞ്ജയ് പാണ്ട്യ കോടതിയിലെത്തി മൊഴി നല്‍കുകയും ചെയ്തു. സഞ്ജീവ് ഭട്ടിന് ജീവപര്യന്തം ശിക്ഷ വിധിക്കാന്‍ ഈ മൊഴികള്‍ ധാരാളമായിരുന്നു!  
കേസില്‍ വാദം നടക്കുമ്പോള്‍ സഞ്ജീവ് ഭട്ട് മറ്റൊരു കേസില്‍ കുടുങ്ങി ജയിലിലായിരുന്നു. അതു കൊണ്ടു തന്നെ കേസില്‍ പ്രതിഭാഗത്തിന് പറയാനുള്ളത് കോടതി വേണ്ടുംവണ്ണം കേട്ടിട്ടില്ലെന്ന് സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത പറയുന്നുണ്ട്. പ്രതിഭാഗത്തു നിന്നുള്ള സാക്ഷികളെ വിസ്തരിച്ചിട്ടില്ലെന്നും ഗുജറാത്ത് സര്‍ക്കാറിന്റെ രാഷ്ട്രീയ പകപോക്കലാണ് കേസിന്റെ കാരണമെന്നും അവര്‍ വാദിച്ചെങ്കിലും അംഗീകരിക്കപ്പെട്ടില്ല. ഈ കേസില്‍ നിര്‍ണായക പ്രാധാന്യമുള്ള 11 സാക്ഷികളെ വിസ്തരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സഞ്ജീവ് സുപ്രീംകോടതിയെ സമീപിച്ചിട്ടും ഫലമുണ്ടായില്ല. മുഴുവന്‍ ശക്തിയുമുപയോഗിച്ച് സര്‍ക്കാര്‍ എതിര്‍ക്കുകയാണ് ചെയ്തത്. സാഹചര്യത്തെളിവുകള്‍ സ്ഥാപിക്കപ്പെടാതെപോയ ഒരു ആരോപണത്തെ ശരിവെച്ചുകൊടുക്കുകയാണ് കോടതി തത്ത്വത്തില്‍ ചെയ്തത്.  1990-ലെ ഈ കസ്റ്റഡി മരണ കേസ് വിചാരണ ചെയ്യേണ്ടതില്ലെന്ന മുന്‍ തീരുമാനം 2011-ല്‍ നാനാവതി കമീഷനില്‍ സഞ്ജീവ് മൊഴി നല്‍കിയ അതേദിവസം വൈകുന്നേരമാണ് ഗുജറാത്ത് സര്‍ക്കാര്‍ മാറ്റിയതെന്ന് ചൂണ്ടിക്കാട്ടിയ ശ്വേത ഈ കേസ് തികച്ചും  രാഷ്ട്രീയപ്രേരിതമാണെന്നും വാദിക്കുന്നു. മൊഴി കൊടുക്കല്‍ സംഭവത്തിനു ശേഷം പിന്നീടിങ്ങോട്ട് പലതരം പകപോക്കല്‍ നടപടികള്‍ നടന്നുവെന്നും 23 വര്‍ഷം പഴക്കമുള്ള ഭട്ടിന്റെ വീടിന്റെ ഒരു ഭാഗം അധികൃതര്‍ ആളെ വിട്ട് പൊളിച്ചു കളയുക പോലും ചെയ്തെന്നും ശ്വേത കുറ്റപ്പെടുത്തുന്നു.
എന്താണ് യാഥാര്‍ഥ്യം? കസ്റ്റഡി മരണങ്ങളാണ് അടിസ്ഥാന വിഷയമെങ്കില്‍ നാഷ്‌നല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കു പ്രകാരം 2011 മുതല്‍ 2016 വരെ മാത്രം ഗുജറാത്തില്‍നിന്നും 180 കസ്റ്റഡി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ കണക്ക് മാറ്റിവെച്ചതിനു ശേഷമാണിത്. ഈ കസ്റ്റഡി മരണങ്ങളില്‍ ഒറ്റ കേസില്‍ പോലും നടപടിയെടുക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിരുന്നില്ല. എന്നല്ല ഗുജറാത്തിലെ ഏതാണ്ടെല്ലാ കസ്റ്റഡി മരണ കേസുകളിലും പോലീസുകാരെ സംരക്ഷിച്ച ചരിത്രമാണ് സംസ്ഥാന സര്‍ക്കാറിന്റേത്.
ഗുജറാത്തില്‍ 'നിയമവാഴ്ച ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ശിക്ഷിക്കപ്പെട്ട' എല്ലാ ഉദ്യോഗസ്ഥര്‍ക്കും ചില സമാനതകളുണ്ട്. എല്ലാവരും നരേന്ദ്ര മോദിയുമായും അമിത് ഷായുമായും ബന്ധപ്പെട്ട വിഷയങ്ങളില്‍ മുഖം നോക്കാതെ നിലപാടെടുത്തവരായിരുന്നു. സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിച്ച രജനീഷ് റായി എന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ അനുഭവം ഉദാഹരണം. ജി.ഡി വന്‍സാര, രാജ്കുമാര്‍ പാണ്ഡ്യന്‍ തുടങ്ങിയവരെ അറസ്റ്റ് ചെയ്തത് രജനീഷ് ആയിരുന്നു. കേസില്‍ പിന്നീട് അമിത് ഷായുടെ പങ്കും പുറത്തു വന്നു. 2014-ല്‍ അധികാരമേറ്റ നരേന്ദ്ര മോദി സര്‍ക്കാര്‍ രജനീഷിനെ ഝാര്‍ഖണ്ഡിലെ ജാദുഗോഡ യുറേനിയം പ്ലാന്റിന്റെ ചീഫ് വിജിലന്‍സ് ഓഫീസര്‍ ആയി സ്ഥലം മാറ്റി. പിന്നീടങ്ങോട്ട് പല കുറ്റങ്ങളുമാരോപിച്ച് പലതരത്തിലുള്ള നടപടികള്‍ക്ക്, അദ്ദേഹത്തെ വിധേയനാക്കി. അവസാനം വളന്ററി റിട്ടയര്‍മെന്റിന് അപേക്ഷിച്ച റായിയെ അനുമതി ലഭിക്കും മുമ്പെ ചുമതല കൈമാറിയ കുറ്റത്തിന് സസ്പെന്റ് ചെയ്തിരിക്കുകയാണിപ്പോള്‍.
രാഹുല്‍ ശര്‍മക്കെതിരെ നടത്തിയ നീക്കങ്ങള്‍ മറ്റൊരു ഉദാഹരണം. ഗുജറാത്ത് കലാപക്കേസിലെ നിര്‍ണായകമായ തെളിവുകളിലൊന്ന് നാനാവതി കമീഷനില്‍ ഹാജരാക്കിയ ഉദ്യോഗസ്ഥനായിരുന്നു രാഹുല്‍. വംശഹത്യ നടന്ന ദിവസങ്ങളില്‍ നിരവധി മുസ്ലിംകളെ രക്ഷിച്ച ചരിത്രവും സംഘ് പരിവാറിന്റെ കണ്ണിലെ കരടായി മാറിയ ഈ ഉദ്യോഗസ്ഥനുണ്ട്. എന്തായാലും മോദി സര്‍ക്കാറിലെ പ്രധാനികളുടെ ടെലിഫോണ്‍ രേഖകള്‍ വംശഹത്യാ കേസുകളുടെ ഭാഗമായി ഈ ഉദ്യോഗസ്ഥന്‍ ശേഖരിക്കുകയും അതിന്റെ ഒരു കോപ്പി സി.ഡിയായി സ്വന്തം കസ്റ്റഡിയില്‍ സൂക്ഷിക്കുകയും ചെയ്തിരുന്നു. ഇങ്ങനെയൊരു രേഖ ഉണ്ടായിരുന്നുവെങ്കിലും അത് കൈമോശം വന്നുവെന്നാണ് അക്കാലത്ത് ഗുജറാത്ത് ഭരിച്ച നരേന്ദ്ര മോദി സര്‍ക്കാര്‍ കോടതിയിലും അന്വേഷണ കമീഷനുകളിലും അവകാശപ്പെട്ടുകൊണ്ടിരുന്നത്. രാഹുല്‍ ശര്‍മ പക്ഷേ തന്റെ കൈവശമുള്ള സി.ഡി കമീഷനില്‍ ഹാജരാക്കി. തുടര്‍ന്നങ്ങോട്ട് രാഹുലിനെതിരെ പകപോക്കലിന്റെ നാളുകളായിരുന്നു. ശര്‍മയെ സര്‍വീസില്‍നിന്നും നീക്കാനുള്ള ഭാഗങ്ങളുടെ ഭാഗമായി 'അനുമതിയില്ലാതെ തെളിവുകള്‍ ശേഖരിച്ച് കമീഷനില്‍ സമര്‍പ്പിച്ച' കുറ്റത്തിന് മോദി സര്‍ക്കാര്‍ അച്ചടക്ക നടപടിയുമായി രംഗത്തെത്തി. ഈ കേസില്‍ വിധിപറയവെ ദേശീയ സിവില്‍ സര്‍വീസ് ട്രൈബ്യൂണല്‍ സര്‍ക്കാറിനോടു ചോദിച്ച ഒരു വാചകമുണ്ട്; 'സത്യമേവ ജയതേ' എന്ന ആപ്തവാക്യം ഇന്ത്യയില്‍ അവസാനിപ്പിച്ചോ? അല്ലെങ്കില്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കേണ്ട ചുമതലയുള്ള ഉദ്യോഗസ്ഥന്‍ തെളിവ് സമര്‍പ്പിക്കുക എന്നല്ലാതെ മറ്റെന്താണാവോ ചെയ്യേണ്ടത് എന്നായിരുന്നു അത്. നാണംകെട്ട മറ്റൊരു കേസും സ് കെട്ടിച്ചമക്കുകയാണ് ഗുജറാത്ത് സര്‍ക്കാര്‍ കെട്ടിച്ചമച്ചിരിക്കുന്നു.
മടിയില്‍ കനമില്ലെങ്കില്‍ എന്തിന് ഭട്ടിനെയും ശര്‍മയെയും ഖുറൈശിയെയുമൊക്കെ ഭയക്കണം? എതിര്‍ശബ്ദങ്ങളെ ഔദ്യോഗികമായി ഇല്ലാതാക്കുന്നത് അധികാരത്തിന്റെ മുഷ്‌കായിരിക്കാം. പക്ഷേ സഞ്ജീവ് ഭട്ട് പറഞ്ഞതുപോലെ അദ്ദേഹത്തിന്റെ സത്യത്തിനല്ലേ അതിനേക്കാള്‍ കനവും കരുത്തും?

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (16-21)
ടി.കെ ഉബൈദ്‌