Prabodhanm Weekly

Pages

Search

2019 ജൂണ്‍ 28

3107

1440 ശവ്വാല്‍ 24

പടച്ചവന്റെ ഹുബ്ബ്

നസ്‌റീന്‍ ഹംസ

'സവിശേഷമായ ഒരു പ്രകാശത്തോടാണ് എന്റെ സംത്രാസ വിമുക്തിക്ക് ഞാന്‍ കടപ്പെട്ടിരിക്കുന്നത്. വാദങ്ങളും തെളിവുകളുമല്ല; അല്ലാഹു എന്റെ ഹൃദയത്തില്‍ നിക്ഷേപിച്ച വെളിച്ചമായിരുന്നു അത്. ആ വെളിച്ചമാകുന്നു അധിക വിജ്ഞാനങ്ങളുടെയും താക്കോല്‍.' 
ഊഹങ്ങളെയും കളവുകളെയും സത്യത്തില്‍നിന്ന് അടര്‍ത്തിയെടുക്കുമ്പോള്‍ ഇമാം ഗസാലി പറഞ്ഞതാണിത്. ഏക സ്രോതസ്സില്‍നിന്നുണ്ടാകുന്ന വ്യത്യസ്ത അഭിപ്രായങ്ങളേക്കാളുപരി, ബിദ്അത്തുകള്‍ ഇസ്ലാമിക വൈജ്ഞാനിക രംഗത്ത് നൂണ്ടുകയറുന്ന കാലത്ത് സത്യത്തോടുള്ള ദാഹം അദ്ദേഹത്തിന്റെ കണ്ഠനാളിയെ വരിഞ്ഞുമുറുക്കുകയുണ്ടായി. അന്ന് സത്യത്തിനു വേണ്ടി കനല്‍പഥങ്ങള്‍ താണ്ടിയതിന്റെ നീക്കിയിരിപ്പുകളാണ് അല്‍ മുന്‍ഖിദു മിനള്ളലാല്‍ (വഴികേടില്‍നിന്ന് മോചനം) എന്ന ഗ്രന്ഥം.
ഏതൊക്കെ ശാഖകളിലാണ് ഹഖിന്റെ കുസുമം വിരിഞ്ഞുനില്‍ക്കുന്നതെന്നറിയാന്‍ ഗസാലി അറിവിന്റെ വേരു തേടിയലഞ്ഞു. മനുഷ്യനെ സംബന്ധിച്ച് പഞ്ചേന്ദ്രിയങ്ങളുടെ സ്ഥാനം മഹനീയമാണ്. അറിവിന്റെ ആദ്യപാഠങ്ങള്‍ നമ്മളിലേക്ക് എത്തുന്നത് സ്പര്‍ശനത്തിലൂടെയും കാഴ്ചയിലൂടെയും ഗന്ധത്തിലൂടെയുമെല്ലാമാണ്. പക്ഷേ, അങ്ങകലെയുള്ള നക്ഷത്രങ്ങള്‍ നാം കാണുന്ന പോലെയല്ല. ചിലത് നാം കേള്‍ക്കുന്ന പോലെയല്ല. പഞ്ചേന്ദ്രിയങ്ങള്‍ക്കപ്പുറമുള്ള യുക്തിയിലാണ് ഇതെല്ലാം സംഭവിക്കുന്നത്. തന്റെ മേലുണ്ടായിരുന്ന സന്ദേഹത്തിന്റെ മറ അല്ലാഹു നീക്കിയതിനു ശേഷം സൈദ്ധാന്തിക ദൈവശാസ്ത്രത്തിലെ 'ഇല്‍മുല്‍ കലാം' എന്ന സംജ്ഞ പഠനവിഷയമാക്കുകയും തന്റെ വൈജ്ഞാനിക പര്യടനം ആരംഭിക്കുകയും ചെയ്തു ഇമാം ഗസാലി.
ഭൂമി അനാദിയും അനന്തവുമാണെന്ന് വാദിക്കുന്നവരാണ് ഭൗതികവാദികള്‍. ജീവികളിലെ ജീവന്‍ നിലനില്‍ക്കുന്നതിനു കാരണം അവരുടെയുള്ളില്‍ രൂപീകരിക്കപ്പെട്ട സന്തുലിതാവസ്ഥയാണ്  എന്ന് വാദിക്കുന്നവര്‍ പ്രകൃതിവാദികളും. ആസ്തിക്യവാദികള്‍ പൊതുവെ സോക്രട്ടീസ്, പ്ലാറ്റോ, അരിസ്റ്റോട്ടില്‍ കൂട്ടുകെട്ടാണ്. തത്ത്വചിന്തയിലെ വിവിധ ദര്‍ശനങ്ങളെ ഇമാം ഗസാലി വിഭജിച്ചതാണിങ്ങനെ. പിന്നീട് തത്ത്വചിന്താ വിജ്ഞാനീയങ്ങളായ ഗണിതശാസ്ത്രം, തര്‍ക്കശാസ്ത്രം, ഭൗതികശാസ്ത്രം, അതിഭൗതികശാസ്ത്രം എന്നിവയില്‍ ദൈവനിഷേധം വളര്‍ന്ന വഴികള്‍ ഗസ്സാലി വരച്ചിടുകയും വ്യക്തമാക്കുകയും ചെയ്യുന്നു. പ്രഥമമായി രണ്ട് കാര്യങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നുണ്ടിവിടെ. പൊതുവെ വിജ്ഞരായ ആളുകള്‍ സ്വീകരിക്കുന്ന ദൈവനിഷേധവും മുസ്ലിംകള്‍ ഇസ്ലാമിനെ സംരക്ഷിക്കാന്‍ വേണ്ടി മറ്റു വിജ്ഞാനീയങ്ങളെ നിഷേധിക്കുന്ന പ്രവണതയും. ദൈവവിശ്വാസം എന്നത് യുക്തിയില്ലായ്മയാണെന്ന വാര്‍പ്പുമാതൃക സൃഷ്ടിക്കാന്‍ ഇത് രണ്ടും കാരണമായി. കൂടാതെ രാഷ്ട്രതന്ത്രത്തിന്റെയും ധര്‍മമീമാംസയുടെയും ആന്തരികാര്‍ഥത്തെ വ്യക്തമാക്കുക കൂടി ചെയ്യുന്നുണ്ടിവിടെ. 
ഇതിനകം തഅ്‌ലീമിയ്യ- ഗുരുപ്രോക്ത ചിന്താ പ്രസ്ഥാനം, വൈജ്ഞാനിക മേഖലയില്‍ മുഴുവന്‍ സ്വാധീനിച്ചിരുന്നു. സത്യത്തിനു വേണ്ടി നിലകൊള്ളുന്ന പാപസുരക്ഷിതനായ ഇമാമില്‍നിന്ന് കാര്യങ്ങളുടെ പൊരുള്‍ ഗ്രഹിക്കാം എന്നതാണ് തഅ്‌ലീമിയാ ചിന്താധാര. അതിനാല്‍ ഗുരുപ്രോക്ത ചിന്താ പ്രസ്ഥാനത്തെപ്പറ്റി പഠിക്കേണ്ടത് ഗസാലിക്കൊരു നിര്‍ബന്ധ ബാധ്യതയായി മാറി. ഇക്കൂട്ടര്‍ ഗുരുവിനെ വിജ്ഞാനത്തിന്റെ ഉറവിടമായി കാണുന്നു. കൂടാതെ, ഏതെങ്കിലും വിഷയത്തില്‍ അഭിപ്രായ വ്യത്യാസമോ സംശയമോ ഉണ്ടായാല്‍ തീര്‍പ്പിനായി അവര്‍ ഗുരുവിന്റെ അടുത്തെത്തുമെന്നാണ് പറയുന്നത്. ഇമാം ഗസാലി ഇക്കൂട്ടരെ വിമര്‍ശിച്ച് രചിച്ച പഠനത്തെ ഇസ്ലാമിക പണ്ഡിതന്മാര്‍ തന്നെ എതിര്‍ക്കുകയുണ്ടായി. ഗുരുപ്രോക്ത ചിന്താപ്രസ്ഥാനക്കാരുടെ ഗുരുവില്‍നിന്ന് അറിവ് പ്രതീക്ഷിച്ചുള്ള കാത്തിരിപ്പിനെ ഇമാം നിഷ്ഫലമാക്കുകയും അവരുടെ വാദങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്. (ഖുര്‍ആന്‍ 5:3)
അടയിരിക്കുന്ന കോഴിയുടെ പക്വമായ മൗനത്തെ (Incubation)  പറ്റി മിഖാഈല്‍ നഈമി തന്റെ മിര്‍ദാദിന്റെ പുസ്തകത്തില്‍ പറഞ്ഞതിന്റെ പൊരുള്‍, പ്രസ്തുത മൗനം ഏതൊരു അന്വേഷകന്റെയും പ്രയാണത്തിലെ ഒരു വഴിത്തിരിവ് ആയതിനാലാണ്. അത്തരത്തില്‍, ഇമാം ഗസാലിക്ക് തന്റെ സത്യാന്വേഷണത്തിനു ശേഷം സ്വീകരിച്ച നീണ്ട പത്തു വര്‍ഷത്തെ ഏകാന്തവാസത്തിനൊടുവില്‍ ഉള്ളില്‍ കൊളുത്തപ്പെട്ട സത്യത്തിന്റെ വെളിച്ചം കാണാനായി. അവസാനമായി, ഗസാലി എത്തുന്നത് വിശദീകരിക്കാന്‍ പറ്റാത്ത ആത്മീയാവസ്ഥയിലാണ്. സ്വൂഫിസത്തെ കുറിച്ച് പഠിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ അതിന്റെ ആത്യന്തികലക്ഷ്യം അധമവാസനകളില്‍നിന്നും ദുര്‍ഗുണങ്ങളില്‍നിന്നും മനസ്സിനെ ശുദ്ധീകരിക്കുക എന്നാണെന്ന് മനസ്സിലാക്കിയിരുന്നു. 
ഗസാലി മനസ്സിലാക്കിയ വിജ്ഞാനം പ്രകാശമാണ്. എന്നാല്‍ ഇന്ന് കെട്ടിപ്പടുത്തപ്പെട്ടിരിക്കുന്ന വിജ്ഞാന ദന്തഗോപുരങ്ങളില്‍ അധിനിവേശത്തിന്റെയും ഭൗതികതയുടെയും അലതല്ലല്‍ പ്രകടമാണ്. വിജ്ഞാനത്തിന്റെ ഒരു തലത്തില്‍നിന്ന് വിരമിക്കുന്നത് അടുത്തതിലേക്കുള്ള ടിക്കറ്റ് വാങ്ങിക്കാന്‍ വേണ്ടി മാത്രമായപ്പോള്‍ പടച്ചവന്റെ ഹുബ്ബറിയാത്ത 'പണ്ഡിതന്മാരു'ണ്ടായി. യഥാര്‍ഥ വിജ്ഞാനത്തിന്റെ ഉറവിടം നാഥനില്‍  നീയര്‍പ്പിക്കുന്ന പ്രണയം ആഴത്തില്‍ താഴുന്നിടത്താണെന്നറിയുക.

'അത്രയ്ക്കും താഴ്മയില്‍ നിന്നേ വരൂ

ഇത്രയ്ക്കഴകു പൂവീന്നും!'
(വീരാന്‍കുട്ടി)

Comments

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (12-15)
ടി.കെ ഉബൈദ്‌

ഹദീസ്‌

നന്ദിയുള്ള അടിമയാവുക
പി.വൈ സൈഫുദ്ദീന്‍