Prabodhanm Weekly

Pages

Search

2019 ജൂണ്‍ 28

3107

1440 ശവ്വാല്‍ 24

നന്മയും തിന്മയും ദൈവശാസ്ത്ര ചിന്താധാരകളുടെ ഏറ്റുമുട്ടല്‍

ഡോ. മുഹമ്മദ് അബ്ദുല്‍ഹഖ് അന്‍സാരി

[ഇമാം ഇബ്‌നുതൈമിയ്യ സമാനതകളില്ലാത്ത പരിഷ്‌കര്‍ത്താവ് - 12]

നന്മയും തിന്മയും യുക്തിയിലൂടെ തിരിച്ചറിയാനാവുമോ എന്ന വിഷയത്തില്‍ അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തില്‍1 വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഹനഫികളും വലിയൊരു വിഭാഗം മാലികികളും ശാഫിഈകളും ഹമ്പലികളും യുക്തിയില്‍ വിശ്വാസമര്‍പ്പിക്കുന്നവരാണ്. കര്‍റാമി2, മുഅ്തസില3, അതുപോലെ നിരവധി മുസ്‌ലിം-ജൂത-ക്രിസ്ത്യന്‍-സൊരാസ്ട്രിയന്‍ മത ഗ്രൂപ്പുകള്‍ ഇവര്‍ക്കെല്ലാം ഇതേ അഭിപ്രായമാണ്. എന്നാല്‍ മറ്റൊരു വിഭാഗം ശാഫിഈകളും മാലികികളും ഹമ്പലികളും ഈ അഭിപ്രായത്തെ എതിര്‍ക്കുന്നു. ഇക്കാര്യത്തില്‍ അശ്അരികളും4 അവരോടൊപ്പമുണ്ട്.
എന്നാല്‍ ഖദ്‌റിനെ5 സംബന്ധിച്ച് അഹ്‌ലുസ്സുന്ന എന്ന് പൊതുവില്‍ പറയപ്പെടുന്ന ഈ വിഭാഗങ്ങള്‍ക്കൊന്നും അഭിപ്രായവ്യത്യാസമില്ല. എല്ലാറ്റിനും മീതെ ദൈവത്തിന്റെ ശക്തിയുണ്ടെന്ന് അവര്‍ വിശ്വസിക്കുന്നു. ദൈവം തന്നെയാണ് മനുഷ്യപ്രവൃത്തികളുടെ സ്രഷ്ടാവും. അവന്‍ എന്ത് ഇഛിക്കുന്നുവോ അത് നടക്കുന്നു, എന്ത് ഇഛിക്കുന്നില്ലയോ അത് നടക്കുന്നില്ല. മനുഷ്യേഛക്ക് സ്വയംനിര്‍ണയാവകാശമുണ്ടെന്ന് വാദിക്കുന്ന (ഖദ്‌രിയ്യ വാദം)6 മുഅ്തസിലികളും മറ്റു ചിലരും നേര്‍ എതിര്‍പക്ഷത്താണ്. അവര്‍ ഖദ്‌റിനെ നിഷേധിക്കുന്നവരാണ്. അതിനാല്‍ ഒരിക്കലും ന്യായീകരിക്കാനാവാത്ത പുത്തന്‍ വാദങ്ങളില്‍ പെട്ടുപോയിരിക്കുന്നു. ചില ആളുകള്‍ കരുതുന്നത് നന്മതിന്മകളുടെ യുക്തിപരതയില്‍ വിശ്വസിച്ചാല്‍ തന്നെ അത് ഖദ്ര്‍നിഷേധത്തില്‍ എത്തും എന്നാണ്. ദൈവനീതി(തഅ്ദീല്‍ വത്തജ്‌വീര്‍)7യുടെ  കാര്യത്തില്‍ ഇത്തരക്കാരൊക്കെ മുഅ്തസിലികളുടെ കൂടെയാണെന്ന് മുദ്രകുത്തുകയും ചെയ്യും. ഇത് ശരിയല്ല. ഇക്കാര്യത്തില്‍ മുസ്‌ലിം ബഹുഭൂരിപക്ഷം മുഅ്തസിലികളുടെ പക്ഷത്തല്ല. അതേസമയം, ദൈവത്തിന്റെ പ്രവൃത്തികളില്‍ ലക്ഷ്യമോ ഉദ്ദേശ്യമോ ഇല്ലെന്നും പ്രകൃതിയില്‍ ഒന്നിനും ഒരു കാരണവുമില്ലെന്നും വാദിക്കുന്ന അശ്അരികളുടെ കൂടെയുമല്ല മുസ്‌ലിം ബഹുഭൂരിപക്ഷം. മറിച്ച്, ഈ വിഭാഗങ്ങളൊക്കെ ഖദ്‌റില്‍ ദൃഢവിശ്വാസമുള്ളവര്‍ തന്നെയാണ്. മനുഷ്യപ്രവൃത്തികള്‍ ഉള്‍പ്പെടെ എല്ലാറ്റിന്റെയും സ്രഷ്ടാവ് അല്ലാഹുവാണെന്നും അവന്‍ ഇഛിക്കുന്നത് നടക്കുകയും ഇഛിക്കാത്തത് നടക്കാതിരിക്കുകയും ചെയ്യുന്നു എന്നും അവര്‍ വിശ്വസിക്കുന്നു.
മുഅ്തസിലികളിലെ തീവ്രവാദികള്‍ മാത്രമാണ് ദൈവത്തിന് കാര്യങ്ങള്‍ മുന്‍കൂട്ടി അറിയാമെന്നും മനുഷ്യകര്‍മങ്ങള്‍ നേരത്തേ രൂപകല്‍പന ചെയ്യപ്പെട്ടിരിക്കുന്നുവെന്നുമുള്ള കാര്യം നിഷേധിക്കുന്നത്. മറ്റുള്ളവരെല്ലാം വിശ്വസിക്കുന്നത് മനുഷ്യന്‍ ഭാവിയില്‍ എന്ത് ചെയ്യുമെന്ന് ദൈവത്തിന് അറിയാം എന്നു തന്നെയാണ്. സൃഷ്ടിപ്പിന് മുമ്പേ കാര്യങ്ങളെല്ലാം പൂര്‍വനിശ്ചിതമാണെന്ന പ്രവാചക വചനത്തെയും അവര്‍ അംഗീകരിക്കുന്നു. മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്ത ആ പ്രവാചകവചനം ഇങ്ങനെയാണ്: ''അല്ലാഹു ആകാശഭൂമികളെ സൃഷ്ടിക്കുന്നതിന് അമ്പതിനായിരം വര്‍ഷം മുമ്പ്- അപ്പോള്‍ അവന്റെ സിംഹാസനം വെള്ളത്തിനു മീതെയായിരുന്നു- അവന്‍ കാര്യങ്ങള്‍ ഏതുവിധമാവണമെന്ന് നിശ്ചയിച്ചിട്ടുണ്ട്.''8
ഇബ്‌നു മസ്ഊദില്‍നിന്ന് ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഒരു ഹദീസുണ്ട്. പ്രവാചകന്‍ പറയുന്നു (സത്യം മാത്രമാണല്ലോ അവിടുന്ന് പറയുന്നത്): ''നിങ്ങളുടെ മാതാക്കളുടെ ഗര്‍ഭപാത്രത്തില്‍ വെച്ച് നിങ്ങള്‍ രൂപമെടുക്കുന്നത് ഘട്ടങ്ങളിലൂടെയാണ്. ബീജസങ്കലനം കഴിഞ്ഞുള്ള നാല്‍പതു ദിവസമാണ് ആദ്യ ഘട്ടം. രക്തപിണ്ഡം എന്ന രണ്ടാം ഘട്ടവും അത്രതന്നെ സമയമെടുക്കും. പിന്നെ ഒരു മാലാഖയോട് വരാന്‍ പറയും. നാല് ആജ്ഞകളാണ് മാലാഖക്ക് നല്‍കുക. ഈ മനുഷ്യന്റെ ജീവിത വിഭവമെത്ര, എത്ര കാലം ജീവിക്കും, അവന്റെ പ്രവൃത്തികള്‍ എന്തായിരിക്കും, അവന്‍ സന്തോഷവാനായിരിക്കുമോ ദുഃഖിതനായിരിക്കുമോ- ഈ നാല് കാര്യങ്ങള്‍ എഴുതിവെക്കാന്‍ മാലാഖയോട് പറയും. പിന്നെയാണ് അവനിലേക്ക്/ അവളിലേക്ക് ആത്മാവിനെ ഊതുന്നത്. എല്ലാം അടക്കിവാഴുന്ന ദൈവമാണ സത്യം, നിങ്ങള്‍ നന്മകള്‍ ചെയ്തുകൊണ്ടേയിരിക്കും-സ്വര്‍ഗത്തിന്റെ ആളുകള്‍ ചെയ്യുന്നതുപോലെത്തന്നെ. അങ്ങനെ സ്വര്‍ഗം നിങ്ങളുടെ കൈയെത്തും അകലത്തെത്തുന്നു. അപ്പോഴതാ ദൈവത്തിന്റെ നിശ്ചയം നിങ്ങളെ മറികടക്കുന്നു; നിങ്ങള്‍ നരകത്തിന്റെ ആളുകളുടെ പ്രവൃത്തികള്‍ ചെയ്യാന്‍ തുടങ്ങുന്നു. ഒടുവില്‍ നരകത്തിലെത്തുകയും ചെയ്യുന്നു. മറുവശത്ത്, നിങ്ങള്‍ നരകത്തിന്റെ ആളുകളുടെ പ്രവൃത്തികള്‍ ചെയ്തുകൊണ്ടേയിരിക്കുന്നു. അങ്ങനെ നരകം നിങ്ങളുടെ കൈയെത്തും ദൂരത്തെത്തുന്നു. അപ്പോഴതാ ദൈവത്തിന്റെ നിശ്ചയം നിങ്ങളെ മറികടക്കുന്നു. അങ്ങനെ നിങ്ങള്‍ സ്വര്‍ഗത്തിന്റെ ആളുകളുടെ പ്രവൃത്തികള്‍ ചെയ്യാന്‍ തുടങ്ങുന്നു. ഒടുവില്‍ സ്വര്‍ഗത്തിലെത്തുകയും ചെയ്യുന്നു.''9 ഈ വിഷയത്തില്‍ വേറെയും ഹദീസുകളുണ്ട്. ഖദ്‌രിയ്യ വിഭാഗത്തിലെ അധികപേരും അവയിലെ ആശയങ്ങള്‍ അംഗീകരിക്കുന്നു; തീവ്രവാദികള്‍ മാത്രമാണ് തള്ളിപ്പറയുന്നത്.
ദൈവം നിശ്ചയിച്ച കാരണങ്ങളെല്ലാം തന്നെ കാരണങ്ങളായി നിലനില്‍ക്കുമെന്നും ഭൂരിഭാഗമാളുകളും വിശ്വസിക്കുന്നു. സൃഷ്ടികര്‍മത്തില്‍ അല്ലാഹു കാരണങ്ങളെ എങ്ങനെയാണോ ക്രമപ്പെടുത്തിയത് ആ നിലയില്‍. ദൈവാജ്ഞ പ്രകാരം, കാരണത്തോടെയും അല്ലാതെയുമൊക്കെ കാര്യങ്ങള്‍ സംഭവിക്കാം. സൃഷ്ടികര്‍മത്തില്‍ ദൈവത്തിന് സമുന്നത ലക്ഷ്യങ്ങളുണ്ടെന്നും അവര്‍ അംഗീകരിക്കും. അതിന് തെളിവായി അവര്‍ ഖുര്‍ആനിക സൂക്തങ്ങള്‍ ചൂണ്ടിക്കാട്ടുകയും ചെയ്യും. ''ആകാശത്തുനിന്ന് ദൈവമിറക്കുന്ന മഴയില്‍ ദൃഷ്ടാന്തങ്ങളുണ്ട്; അതുവഴി അവന്‍ മൃതാവസ്ഥയില്‍നിന്ന് ഭൂമിക്ക് പുതുജീവന്‍ നല്‍കുന്നതിലും'' (2:164). ''മൃതഭൂമിയില്‍ മഴയിറക്കി അവന്‍ എല്ലാതരം പഴങ്ങളും ഉല്‍പാദിപ്പിക്കുന്നു'' (7:57). ഇത്തരം പരാമര്‍ശങ്ങള്‍ ഖുര്‍ആനിലും ഹദീസുകളിലും ധാരാളമാണ്.
ഞാന്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന കാര്യം ഇതാണ്: നന്മതിന്മകളെക്കുറിച്ച അറിവ് ഖദ്‌റുമായി ബന്ധിതമല്ല. നന്മതിന്മകളെക്കുറിച്ച അറിവുമായി ബന്ധപ്പെട്ട് മൂന്ന് വ്യത്യസ്ത വീക്ഷണങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. രണ്ടെണ്ണം തീവ്രമാണ്; ഒന്ന് മധ്യേയുള്ളതും. ഒന്നാമത്തെ വീക്ഷണം: യുക്തിപരമായി ചിന്തിച്ചാല്‍ തന്നെ നന്മ ഏതെന്നും തിന്മ ഏതെന്നും പിടികിട്ടും. ഇതാണ് പ്രവൃത്തികളെ നിര്‍ണയിക്കുക. യുക്തികൊണ്ട് പിടികിട്ടുന്നത് നമുക്ക് പറഞ്ഞുതരിക മാത്രമാണ് ശരീഅത്ത്. അല്ലാതെ ശരീഅത്ത് സ്വന്തമായൊന്നും നമ്മോട് പറയുന്നില്ല. ഇതാണ് മുഅ്തസിലികളുടെ വാദം. ഇതൊരിക്കലും ഭദ്രമല്ല. ഈ നൈതിക തത്ത്വചിന്ത നാം ദൈവശാസ്ത്രത്തിലേക്ക് വികസിപ്പിച്ചാല്‍, മനുഷ്യന് ശരിയായി തോന്നുന്നതെന്തോ അത് ദൈവത്തിനും ശരിയാണ്, മനുഷ്യന് തിന്മയായി തോന്നുന്നത് ദൈവത്തിനും തിന്മയാണ് എന്ന് വന്നുകൂടും. ഒടുവില്‍ എത്തിച്ചേരുന്നത് വഴിപിഴച്ച ഖദ്‌രിയ്യ വാദത്തിലും. ദൈവത്തെ മനുഷ്യവത്കരിക്കുക(അിവേൃീുീാലൃുവശാെ)യാണ് യഥാര്‍ഥത്തില്‍ ഇക്കൂട്ടര്‍ ചെയ്യുന്നത്. അവര്‍ ദിവ്യപ്രവൃത്തികളെ മനുഷ്യപ്രവൃത്തികളുമായും മനുഷ്യപ്രവൃത്തികളെ ദിവ്യപ്രവൃത്തികളുമായും തുലനം ചെയ്യുന്നു. ഇത് ദൈവഗുണങ്ങള്‍ മനുഷ്യനിലേക്കും മനുഷ്യഗുണങ്ങള്‍ ദൈവത്തിലേക്കും ചേര്‍ത്തുപറയുന്നതു പോലെയാണ്.
മനുഷ്യപ്രവൃത്തികളുടെ മാതൃകയില്‍ ദൈവത്തിന്റെ പ്രവൃത്തികളെ അളക്കാനേ പാടില്ല. കാരണം മനുഷ്യര്‍ അടിമകള്‍/ ദാസന്മാര്‍ ആണ്; ദൈവം യജമാനനും. മനുഷ്യര്‍ തമ്മില്‍ അപരാധങ്ങള്‍ പ്രവര്‍ത്തിക്കുന്നു, അത്യന്തം വൃത്തികെട്ട പ്രവൃത്തികളിലേര്‍പ്പെടുന്നു. ഇവരെ തടുക്കാനുള്ള എല്ലാ ശക്തിയും ദൈവത്തിനുണ്ട്. പക്ഷേ അവന്‍ ഇടപെടുന്നില്ല. ഇടപെടാതിരിക്കുന്നതിന്റെ പിന്നില്‍ സമുന്നത ലക്ഷ്യങ്ങളുണ്ട്; അല്ലെങ്കില്‍ തന്റെ ആളുകള്‍ക്ക് ദൈവം അക്രമികളുടെ ദൃഷ്പ്രവൃത്തികള്‍ കൊണ്ട് എന്തെങ്കിലും നന്മ ഉദ്ദേശിച്ചിട്ടുണ്ടാവാം. ഇതാണ് സലഫുകളും ഫുഖഹാഉം പൊതുവില്‍ മുസ്‌ലിം ജനസാമാന്യവും വിശ്വസിക്കുന്നത്. സൃഷ്ടികര്‍മവും ദൈവത്തിന്റെ പ്രവൃത്തികളും സോദ്ദേശ്യപരമാണെന്നും അവര്‍ വിശ്വസിക്കുന്നു.
ദൈവിക പ്രവൃത്തികള്‍ക്ക് ലക്ഷ്യമില്ലെന്നോ അല്ലെങ്കില്‍ അവന്റെ ആജ്ഞകള്‍ ഒരു ആവശ്യത്തില്‍നിന്ന് ഉണ്ടാവുന്നതല്ലെന്നോ പറയുന്നവര്‍, ദൈവം ഒരു പ്രവൃത്തി ഉദ്ദേശിക്കുന്നതും മറ്റൊന്ന് ഉദ്ദേശിക്കാതിരിക്കുന്നതും ഒരു കാരണവും കൂടാതെയാണെന്നും പറയുന്നു. ഇബ്‌നു കുല്ലാബിനും10 അനുയായികള്‍ക്കും ഈ അഭിപ്രായമാണുള്ളത്. ഈ വീക്ഷണം ആദ്യമായി മുന്നോട്ടുവെച്ചത് ഖദ്‌രിയ്യ, ജഹ്മിയ്യ11 വിഭാഗങ്ങളാണ്.
രണ്ടാമത്തെ വീക്ഷണം, ദൈവത്തിന്റെ പ്രവൃത്തികള്‍ക്ക് യാതൊരു കാരണവശാലും നന്മയെന്നോ തിന്മയെന്നോ ഉള്ള ഗുണവിശേഷങ്ങളൊന്നും തന്നെ ചേരുകയില്ല എന്നതാണ്. ദൈവം ഒരു പ്രവൃത്തി വേണമെന്നു വെക്കുന്നു, മറ്റൊന്ന് വേണ്ടെന്നു വെക്കുന്നു. അത്രയേയുള്ളൂ. അതിനു പിന്നില്‍ നന്മ, തിന്മ പരിഗണനകളൊന്നുമില്ല. പ്രത്യേകിച്ചൊരു കാരണമോ ലക്ഷ്യമോ ഇല്ല. വേണമെങ്കില്‍ ദൈവത്തിന് തനിക്കൊപ്പം വേറെ പങ്കാളികളെ ചേര്‍ത്തോളൂ എന്നു പറയാം, തനിക്കു മാത്രമല്ല മറ്റു പലര്‍ക്കും വിധേയപ്പെട്ടാലും പ്രശ്‌നമില്ല എന്നു പറയാം, ഒട്ടും നീതീകരിക്കാനാവാത്ത അധമ പ്രവൃത്തികള്‍ വരെ ദൈവത്തിന് ചെയ്യാം, സദ്പ്രവൃത്തികളൊന്നും ചെയ്തുപോകരുത് എന്നു കല്‍പിക്കാം.... ഇത്തരക്കാര്‍ പോയിപ്പോയി ഇത്തരം തരംതാണ വാദങ്ങള്‍ വരെ ഉയര്‍ത്തിക്കൊണ്ടുവരും. അവരെ സംബന്ധിച്ചേടത്തോളം എല്ലാ നൈതിക നിശ്ചയങ്ങളും ആപേക്ഷികമാണ്. നന്മ എന്നത് സ്വയമേവ നന്മയല്ല, തിന്മ സ്വയമേവ തിന്മയുമല്ല. 'പ്രവാചകന്‍ അവരോട് നന്മ (മഅ്‌റൂഫ്) കല്‍പിക്കുന്നു, തിന്മ (മുന്‍കര്‍) വിരോധിക്കുന്നു, നല്ലത് അനുവദിക്കുന്നു, മ്ലേഛമായവ തടയുന്നു' എന്ന ഖുര്‍ആനിക സൂക്തത്തിന്റെ (7:157) ആശയം ഇവരുടെ വീക്ഷണത്തില്‍ ഇങ്ങനെയായിരിക്കും: ദൈവം കല്‍പിച്ചതെന്തോ അത് കല്‍പിക്കുന്നു, വിരോധിച്ചതെന്തോ അത് വിരോധിക്കുന്നു, അനുവദിച്ചത് അനുവദിക്കുകയും തടഞ്ഞത് തടയുകയും ചെയ്യുന്നു. അതായത് ചെയ്യണമെന്നോ ചെയ്യരുതെന്നോ പറഞ്ഞ, ഹലാലെന്നോ ഹറാമെന്നോ പറഞ്ഞ കാര്യങ്ങളൊന്നും തന്നെ അവയുടെ സത്തയില്‍ നന്മയോ തിന്മയോ അല്ല. ദൈവം നന്മയെ സ്‌നേഹിക്കുകയോ തിന്മയെ വെറുക്കുകയോ ചെയ്യുന്നില്ലെന്ന വാദം ഇതിന് അനുബന്ധമായി വരും.
ഒട്ടുംതന്നെ സ്വീകാര്യമല്ല ഈ വാദങ്ങള്‍. കാരണമവ ഖുര്‍ആനിനും സുന്നത്തിനും കടകവിരുദ്ധമാണ്. സദ്‌വൃത്തരായ മുന്‍ഗാമികളുടെ(സലഫ്)യും മറ്റു പണ്ഡിതന്മാരുടെയും ഏകോപിച്ച അഭിപ്രായങ്ങളെ നിരാകരിക്കുന്നതാണ്. ''ഇല്ല, അല്ലാഹു മ്ലേഛകര്‍മങ്ങള്‍ നിങ്ങളോട് കല്‍പി
ക്കുന്നില്ല'' (7:28). നന്മതിന്മകളെ ഒരേ തലത്തിലല്ലല്ലോ ഖുര്‍ആന്‍ നോക്കിക്കാണുന്നത്. ''ചീത്ത വൃത്തികള്‍ ചെയ്തുകൂട്ടിയവര്‍ കരുതുന്നോ, അവരെ 
നാം സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെപ്പോലെ ആക്കുമെന്ന്. അഥവാ, അവരുടെ ജീവിതവും മരണവും ഒരേപോലെയാകുമെന്ന്. അവരുടെ വിധിതീര്‍പ്പ് വളരെ ചീത്ത തന്നെ'' (45:21). ''അപ്പോള്‍ മുസ്ലിംകളോടു നാം കുറ്റവാളികളെപ്പോലെയാണോ പെരുമാറുക?'' (68:35). ''അല്ല, സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ 
നാം ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരെപ്പോലെയാക്കുമോ? അതല്ല; ഭക്തന്മാരെ നാം തെമ്മാടികളെപ്പോലെയാക്കുമോ?'' (38:28). പക്ഷേ, ഇത്തരക്കാരുടെ വീക്ഷണത്തില്‍ നന്മക്ക് തിന്മയേക്കാള്‍ ഒരു മികവും സ്ഥാനവുമില്ല! ഇതൊന്നും പ്രമാണങ്ങള്‍ക്ക് മാത്രമല്ല, യുക്തിക്കും നിരക്കുന്നതല്ല.
'ഈ ദൗത്യം ആരെ ഏല്‍പിക്കണമെന്ന് ദൈവത്തിനാണ് നന്നായി അറിയുക' എന്ന് ഖുര്‍ആന്‍ (6:124) പറയുന്നു. പ്രവാചകത്വമെന്ന ദൗത്യത്തെക്കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്. എന്നാല്‍ ഈ വാദക്കാര്‍ പറയുക, ഇങ്ങനെ പ്രവാചകത്വത്തിന് തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് യാതൊരു ഗുണവിശേഷങ്ങളും ആവശ്യമില്ലെന്നാണ്. ഒക്കെ മേല്‍ വാദത്തില്‍നിന്ന് വരുന്നതാണ്. പക്ഷേ മുസ്‌ലിം പണ്ഡിതന്മാരും  ജനസാമാന്യവും വിശ്വസിക്കുന്നത്, ഒരു പ്രവൃത്തി ചെയ്യണമെന്ന് ആജ്ഞാപിക്കുന്നത് അത് നന്മയായതുകൊണ്ടും ചെയ്യരുതെന്ന് വിലക്കുന്നത് അത് തിന്മയായതുകൊണ്ടും തന്നെയാണ്. നന്മയേത്, തിന്മയേത് എന്ന് ദൈവത്തിനാണല്ലോ നന്നായി അറിയുക. അവന്റെ ആജ്ഞാനിരോധങ്ങളൊക്കെ വരുന്നത് ഈ അടിസ്ഥാനത്തില്‍ തന്നെയാണ്.
ശരീഅത്തില്‍ മൂന്നു തരം പ്രവൃത്തികളെക്കുറിച്ച് പറയുന്നത് കാണാന്‍ സാധിക്കും. ഒന്നാമേെത്തയിനം പ്രവൃത്തികള്‍, ശരീഅത്തുമായി പ്രവാചകന്മാര്‍ വരുന്നതിനു മുമ്പുതന്നെ ജനം അവയെ നന്മയെന്നോ തിന്മയെന്നോ മനസ്സിലാക്കിയിട്ടുണ്ടാവും. ഉദാഹരണത്തിന്, നീതി ജനങ്ങളുടെ ക്ഷേമത്തിലേക്കും അനീതി അവരുടെ ദുരന്തത്തിലേക്കും നയിക്കും എന്നത് സര്‍വാംഗീകൃതമായ കാര്യമാണ്. അതിനാല്‍ ആദ്യത്തേത് നന്മയും രണ്ടാമത്തേത് തിന്മയുമാണ്. യുക്തിയും അതിനെ ശരിവെക്കുന്നു, പ്രമാണവും അതിനെ ശരിവെക്കുന്നു. അതേസമയം ശരീഅത്ത് ഈ വിധിവിലക്കുകള്‍ക്ക് മുമ്പില്ലാത്ത അര്‍ഥതലങ്ങള്‍ നല്‍കിയിട്ടുമുണ്ടാവും. ഏതൊരു നന്മയും ഏതൊരു തിന്മയും തിരിച്ചറിയാന്‍ യുക്തി മാത്രം മതി എന്ന വാദക്കാര്‍ക്ക് ഇവിടെ വലിയൊരു വീഴ്ച പറ്റുന്നുണ്ട്. എല്ലാറ്റിനും യുക്തി മാത്രം മതിയായതുകൊണ്ട് ദൈവം പ്രവാചകന്മാരെ അയച്ചില്ലെങ്കില്‍ ജനം അവരുടെ പ്രവൃത്തികളുടെ പേരില്‍ ശിക്ഷിക്കപ്പെടും എന്നാണ് ഈ വാദക്കാര്‍ പറയുക. ഇത് ഖുര്‍ആനിക പരാമര്‍ശങ്ങള്‍ക്ക് എതിരാണ്. ''ആര്‍ നേര്‍വഴി സ്വീകരിക്കുന്നുവോ, അതിന്റെ ഗുണം അവനുതന്നെയാണ്. ആര്‍ വഴികേടിലാകുന്നുവോ അതിന്റെ ദോഷവും അവനുതന്നെ. ആരും മറ്റൊരുത്തന്റെ ഭാരം ചുമക്കുകയില്ല. ദൂതനെ നിയോഗിക്കും വരെ നാമാരെയും ശിക്ഷിക്കുകയുമില്ല'' (17:15). ''നിന്റെ നാഥന്‍ ഒരു നാടിനെയും നശിപ്പിക്കുകയില്ല. ജനങ്ങള്‍ക്ക് നമ്മുടെ വചനങ്ങള്‍ വായിച്ചുകേള്‍പ്പിക്കുന്ന ദൂതനെ നാടിന്റെ കേന്ദ്രത്തിലേക്ക് നിയോഗിച്ചിട്ടല്ലാതെ. നാട്ടുകാര്‍ അക്രമികളായിരിക്കെയല്ലാതെ ഒരു നാടിനെയും നാം നശിപ്പിച്ചിട്ടില്ല'' (28:59). ''അതിനാല്‍ നീ സത്യനിഷേധികളെ അനുസരിക്കരുത്. നീ അല്‍പം അനുനയം കാണിച്ചെങ്കില്‍ തങ്ങള്‍ക്കും അനുനയം ആകാമായിരുന്നുവെന്ന് അവരാഗ്രഹിക്കുന്നു. അടിക്കടി ആണയിട്ടുകൊണ്ടിരിക്കുന്ന അതിനീചനെ നീ അനുസരിക്കരുത്'' (68:8-10). പ്രവാചകന്മാരെ അയച്ച് മുന്നറിയിപ്പ് നല്‍കിയിട്ടില്ലാതെ ഒരു സമൂഹത്തെയും അല്ലാഹു ശിക്ഷിക്കുകയില്ലെന്ന് തറപ്പിച്ചു പറയുന്ന ഇതുപോലുള്ള നിരവധി പരാമര്‍ശങ്ങള്‍ ഖുര്‍ആനിലും ഹദീസിലും കാണാം.
രണ്ടാമത്തെയിനം പ്രവൃത്തികള്‍, ശരീഅത്ത് ചെയ്യണമെന്ന് പറഞ്ഞതുകൊണ്ട് നാം നന്മയെന്നും, ചെയ്യരുതെന്ന് പറഞ്ഞതുകൊണ്ട് തിന്മയെന്നും മനസ്സിലാക്കിയ കാര്യങ്ങളാണ്. ആ പ്രവൃത്തി നന്മയെന്നോ തിന്മയെന്നോ നാം തിരിച്ചറിയുന്നത് ശരീഅത്ത് അത് ആജ്ഞാപിക്കുകയോ വിലക്കുകയോ ചെയ്തതുകൊണ്ടാണ്. മൂന്നാമത്തെയിനം പ്രവൃത്തികള്‍, മനുഷ്യന്‍ തന്റെ ആജ്ഞകള്‍ അനുസരിക്കുമോ എന്ന് പരീക്ഷിക്കാന്‍ വേണ്ടി ദൈവം നല്‍കുന്ന ആജ്ഞകളാണ്. ആ പ്രവൃത്തി മനുഷ്യന്‍ ചെയ്യണമെന്ന് ദൈവം ഉദ്ദേശിച്ചിട്ടുണ്ടാവില്ല. ഉദാഹരണത്തിന്, പ്രവാചകന്‍ അബ്രഹാമിനോട് ദൈവം പറഞ്ഞത്, 'നീ നിന്റെ മകനെ ബലിയറുക്കൂ' എന്നാണ്. പിതാവും പുത്രനും ഈ ദൈവാജ്ഞ നടപ്പിലാക്കാന്‍ സര്‍വാത്മനാ തയാറാവുന്നതോടെ ആ ആജ്ഞയുടെ ലക്ഷ്യം പൂര്‍ത്തീകരിക്കപ്പെട്ടു. ആ പ്രവൃത്തി പിന്നെ ചെയ്യേണ്ടതില്ല. മകന് പകരം ഒരു ആടിനെ ബലിയറുക്കാനായി നല്‍കുകയാണ് അവിടെ ചെയ്യുന്നത്.
മുഅ്തസിലികള്‍ക്ക് ഈ അവസാനം പറഞ്ഞ ഇനമോ രണ്ടാമത് പറഞ്ഞ ഇനമോ മനസ്സിലാവുകയില്ല. നന്മതിന്മകള്‍ തിരിച്ചറിയാന്‍ യുക്തി മാത്രം മതി എന്ന വാദക്കാരാണ് അവര്‍. അശ്അരികളാവട്ടെ, എല്ലാ പ്രവൃത്തികളും മൂന്നാം ഇനത്തിലാണ് ഉള്‍പ്പെടുത്തുക. അതായത് എല്ലാം പരീക്ഷണാര്‍ഥം ദൈവം നല്‍കുന്ന വിധിവിലക്കുകളാണ്. നന്മതിന്മകളൊന്നുമല്ല അവിടെ വിഷയം. ആജ്ഞാനിരോധങ്ങള്‍ ശിരസ്സാവഹിക്കാന്‍ നാം തയാറുണ്ടോ എന്ന് മാത്രമാണ്. മുസ്‌ലിം പണ്ഡിതലോകവും ജനസാമാന്യവും പൊതുവെ ഈ മൂന്ന് തരം പ്രവൃത്തികളെയും അംഗീകരിക്കുന്നവരാണ്. ഇതാണ് മിതത്വവും സന്തുലിതത്വവുമുള്ള ശരിയായ നിലപാട് (ഫതാവാ 8:428-436).


കുറിപ്പുകള്‍
1. സാധാരണ ഗതിയില്‍ അഹ്‌ലുസ്സുന്ന വല്‍ ജമാഅ എന്ന് പറയാറുള്ളത് ശീഈ, ഖവാരിജ് വിഭാഗങ്ങള്‍ ഒഴികെയുള്ള മുസ്‌ലിം ഭൂരിപക്ഷത്തെക്കുറിച്ചാണ്. പിന്നീട് തീവ്ര നിലപാടുകള്‍ പുലര്‍ത്തിയ ജഹ്മിയ്യ പോലുള്ള വിഭാഗങ്ങളും അതില്‍നിന്ന് പുറത്താക്കപ്പെട്ടു. പല ചിന്താധാരകളെയും ഉള്‍ക്കൊള്ളുന്ന ഒരു പൊതു നാമം തന്നെയാണ് ഇപ്പോഴും അഹ്‌ലുസ്സുന്ന.
2. അബൂ അബ്ദില്ല മുഹമ്മദുബ്‌നു കര്‍റാം (മ. 255/868) എന്നയാളുടെ അനുയായികളാണ് കര്‍റാമിയ്യ എന്ന് അറിയപ്പെട്ടിരുന്നത്. അവരെ സംബന്ധിച്ചേടത്തോളം ദൈവം എന്നത് ഒരു സത്ത് (ജൗഹര്‍) ആണ്; അല്ലെങ്കില്‍ ഒരു ശരീരം (ജിസ്മ്). പക്ഷേ മനുഷ്യന്റെ ശരീരാവയവങ്ങളൊന്നുമുണ്ടായിരിക്കില്ല. ഒരു സ്ഥലപരിധിയില്‍ നിലകൊള്ളുന്ന സിംഹാസനത്തിലാണ് അവന്‍ ഉപവിഷ്ടനായിരിക്കുന്നത്. അവര്‍ക്ക് വിശ്വാസം എന്നു പറഞ്ഞാല്‍ രണ്ട് സത്യസാക്ഷ്യ വാക്യങ്ങള്‍ (ശഹാദകള്‍) ഉച്ചരിക്കല്‍ മാത്രമാണ്. അത് ബോധ്യമാവുകയോ അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയോ വേണ്ടതില്ല. ഇബ്‌നുതൈമിയ്യ തന്റെ കിതാബുല്‍ ഈമാന്‍ എന്ന കൃതിയില്‍ ഈ വാദങ്ങളെ ചോദ്യം ചെയ്യുന്നു. ഖുറാസാന്‍ മേഖലയിലാണ് ഈ വാദങ്ങള്‍ ശക്തിപ്പെട്ടതെങ്കിലും, ചെങ്കിസ് ഖാന്റെ പടയോട്ടത്തില്‍ ഇവര്‍ നാമാവശേഷമാവുകയായിരുന്നു.
3. വാസ്വിലുബ്‌നു അത്വാഇനും അദ്ദേഹത്തിന്റെ അനുയായികള്‍ക്കും പറയുന്ന പേരാണ് മുഅ്തസില. തന്റെ ഗുരു ഹസന്‍ ബസ്വരിയുമായി തര്‍ക്കിച്ച് അദ്ദേഹവുമായി വിട്ടുനിന്നതിനാല്‍ (ഇഅ്തസല  അന്‍) ആണ് ഈ പേര്. വന്‍ പാപങ്ങള്‍ (കബാഇറ) ചെയ്തവന്റെ സ്ഥാനമെന്ത് എന്നതിനെച്ചൊല്ലിയായിരുന്നു പ്രധാന തര്‍ക്കം. വാസ്വില്‍ (മ. 131/748) പറഞ്ഞത്, അത്തരമൊരു വ്യക്തി മുസ്‌ലിമോ കാഫിറോ അല്ലെന്നാണ്. വിശ്വാസത്തിനും വിശ്വാസരാഹിത്യത്തിനുമിടക്കുള്ള ഒരു സ്ഥാനമാണ് അയാള്‍ക്കുണ്ടാവുക. നന്മതിന്മകളെക്കുറിച്ച അറിവ് യുക്തിചിന്തയിലൂടെ നേടിയെടുക്കാമെന്ന ആശയവും മുഅ്തസില മുന്നോട്ടുവെച്ചു. മനുഷ്യപ്രവൃത്തികള്‍ ദൈവം സൃഷ്ടിച്ചതല്ല, കാര്യങ്ങളൊന്നും പൂര്‍വനിശ്ചിതമല്ല, നീതി പ്രവര്‍ത്തിക്കലും നല്ലവന് പ്രതിഫലം കൊടുക്കലും പാപിയെ ശിക്ഷിക്കലും ദൈവത്തിന്റെ ബാധ്യതയാണ്, ഖുര്‍ആന്‍ സൃഷ്ടിയാണ് തുടങ്ങിയവയാണ് മറ്റു വാദങ്ങള്‍.
4. അബുല്‍ ഹസന്‍ അല്‍ അശ്അരി (മ. 260/873)യുടെ അനുയായികളാണ് അശ്അരികള്‍. പ്രമുഖ മുഅ്തസിലി ദൈവശാസ്ത്രകാരനായ ജുബ്ബാഇയുടെ ശിഷ്യനായിരുന്ന അശ്അരിക്ക് തന്റെ നാല്‍പതാം വയസ്സില്‍ മുഅ്തസില ചിന്ത ഇസ്‌ലാമിക പ്രമാണങ്ങളുമായി ഏറ്റുമുട്ടുന്നു എന്ന തോന്നലുണ്ടായി. ഉടന്‍ തന്നെ അദ്ദേഹം മുഅ്തസില ഗ്രൂപ്പ് വിടുകയും പുതിയൊരു ദൈവശാസ്ത്ര തത്ത്വചിന്ത രൂപവത്കരിക്കുകയും ചെയ്തു. അതാണ് അശ്അരിയ്യ. ഈ ചിന്താധാരയില്‍ പിന്നീട് ധാരാളം പ്രമുഖര്‍ അണിനിരന്നതുകൊണ്ട് ഇസ്‌ലാമിക ലോകത്ത് ഇതിന് വന്‍ പ്രചാരവും മേല്‍ക്കൈയും ലഭിച്ചു. നന്മയും തിന്മയും വെളിപാടിലൂടെ മാത്രമേ തിരിച്ചറിയാനാകൂ എന്നതാണ് അശ്അരികളുടെ ഒരു പ്രധാന വാദം. ഒന്നിനും ബാധ്യസ്ഥനല്ല ദൈവം. എല്ലാ കാര്യങ്ങളും പൂര്‍വനിശ്ചിതങ്ങളാണ്. ദൈവമാണ് മനുഷ്യകര്‍മങ്ങള്‍ നിശ്ചയിക്കുന്നത്. മനുഷ്യന്‍ കര്‍മങ്ങള്‍ ചെയ്യുകയല്ല, അവ നേടിയെടുക്കുകയാണ് ചെയ്യുന്നത്. ഖുര്‍ആന്‍ ദൈവിക വചനമാണ്, അത് സൃഷ്ടിക്കപ്പെട്ടതല്ല. ഇതൊക്കെയാണ് അശ്അരീ ആശയങ്ങള്‍.
5. ഈ വിഷയത്തിന് രണ്ട് ഭാഗങ്ങളുണ്ട്: ഒന്ന്, ദൈവത്തിന്റെ ശക്തിവിശേഷം. മനുഷ്യന്റെ ഭാഗധേയം ദൈവം മുന്‍കൂട്ടി നിശ്ചയിച്ചതാണോ, മനുഷ്യകര്‍മങ്ങള്‍ ദൈവത്തിന്റെ സൃഷ്ടിയാണോ എന്നീ ചോദ്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ടു വരുന്നു. രണ്ട്, മനുഷ്യന് സ്വതന്ത്രവും പൂര്‍ണവുമായ ഇഛാശക്തിയുണ്ടോ, തന്റെ കര്‍മങ്ങളുടെ സ്രഷ്ടാവ് അവന്‍ തന്നെയാണോ പോലുള്ള ചോദ്യങ്ങള്‍.
6. മുഅ്തസിലികള്‍ക്ക് മുമ്പുള്ള ഒരു വിഭാഗത്തെ കുറിക്കുന്ന വാക്കാണ് ഖദ്‌രിയ്യ. കാര്യങ്ങള്‍ ദൈവത്താല്‍ പൂര്‍വനിശ്ചിതമല്ലെന്നും മനുഷ്യകര്‍മങ്ങള്‍ ദൈവമല്ല സൃഷ്ടിക്കുന്നതെന്നും വാദിക്കുന്നു. മനുഷ്യന്‍ തന്റെ ഇഛയിലും തെരഞ്ഞെടുപ്പിലും പൂര്‍ണ സ്വതന്ത്രനാണെന്നും അവന്റെ കര്‍മങ്ങളുടെ സ്രഷ്ടാവ് അവന്‍ തന്നെയാണെന്നും വ്യക്തമാക്കുന്നു.
7. തഅ്ദീല്‍ എന്നാല്‍ ഒരാളുടെ പ്രവൃത്തിയെ നീതീകരിക്കുക എന്ന് വാക്കര്‍ഥം. ഇതിന്റെ വിപരീതാര്‍ഥമാണ് തജ്‌വീര്‍ എന്നതിന്. അപ്പോള്‍ തഅ്ദീല്‍, തജ്‌വീര്‍ എന്നാല്‍ ദൈവനീതിയുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ്. ഇതില്‍ നിരവധി വിഷയങ്ങള്‍ ചര്‍ച്ചക്ക് വരും. പൂര്‍വനിശ്ചിതമാണോ പ്രവൃത്തികള്‍, പ്രതിഫലവും ശിക്ഷയും, ദൈവേഛ ഏതെങ്കിലും തരത്തിലുള്ള നൈതിക വിധിതീര്‍പ്പിന് വിധേയമാണോ പോലുള്ള കാര്യങ്ങള്‍.
8. മുസ്‌ലിം, സ്വഹീഹ്, ഖദ്ര്‍ 16; തിര്‍മിദി, സുനന്‍, ഖദ്ര്‍ 18, അഹ്മദ്, മുസ്‌നദ്, 11:169.
9. ബുഖാരി, സ്വഹീഹ്, അമ്പിയാഅ് 1, ബദ്ഉല്‍ ഖല്‍ഖ് 6, ഖദ്ര്‍ 1, തൗഹീദ്: 28. മുസ്‌ലിം, സ്വഹീഹ്, ഖദ്ര്‍ 1, അബൂദാവൂദ്, സുനന്‍ 16, തിര്‍മിദി, സുനന്‍, ഖദ്ര്‍ 4, ഇബ്‌നുമാജ, സുനന്‍, മുഖദ്ദിമ 16.
10. അബൂമുഹമ്മദ് അബ്ദുല്ലാഹിബ്‌നു സഈദുബ്‌നു കുല്ലാബ് അല്‍ ഖത്ത്വാന്‍ (മ. 240/845). തന്റെ കാലത്തെ അഹ്‌ലുസ്സുന്നയുടെ നേതാവ്. ഇദ്ദേഹത്തിന്റെ അനുയായികള്‍ പിന്നീട് അശ്അരി ചിന്താധാരയില്‍ ലയിക്കുകയാണുണ്ടായത്.
11. ജഹ്മുബ്‌നു സ്വഫ്‌വാന്റെ അനുയായികളാണ് ജഹ്മിയ്യ. 123/746-ല്‍ അജ്‌വാനുല്‍ മുസനി ഇദ്ദേഹത്തെ വധിച്ചുകളയുകയാണുണ്ടായത്. മനുഷ്യന് സ്വാതന്ത്ര്യമില്ലെന്ന് അവര്‍ വാദിച്ചു. എല്ലാം പൂര്‍വനിശ്ചിതമാണ്. അറിയുന്നവന്‍, ജീവിക്കുന്നവന്‍, കേള്‍ക്കുന്നവന്‍, സംസാരിക്കുന്നവന്‍ തുടങ്ങിയ വിശേഷണങ്ങളൊന്നും ദൈവത്തിന് ചേരില്ല. കാരണം ആ ഗുണങ്ങളൊക്കെ മനുഷ്യനും ഉണ്ടല്ലോ. അതേസമയം സ്രഷ്ടാവ്, സര്‍വശക്തന്‍ എന്നൊക്കെ വിശേഷിപ്പിക്കുകയും ചെയ്യാം.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (12-15)
ടി.കെ ഉബൈദ്‌

ഹദീസ്‌

നന്ദിയുള്ള അടിമയാവുക
പി.വൈ സൈഫുദ്ദീന്‍