Prabodhanm Weekly

Pages

Search

2019 ജൂണ്‍ 28

3107

1440 ശവ്വാല്‍ 24

അമേരിക്കയിലെ ഇസ്‌ലാം അനുഭവങ്ങള്‍

അബ്ദുല്ല മന്‍ഹാം

സഊദി അറേബ്യയിലെ പ്രവാസ ജീവിതത്തിനിടയില്‍ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് ഭൂഖണ്ഡങ്ങളിലെ ഒട്ടേറെ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അമേരിക്കന്‍ ഐക്യനാടുകളിലേക്കുള്ള യാത്രക്ക് പക്ഷേ അന്ന് അവസരമുണ്ടായില്ല. എങ്ങനെയെങ്കിലും അമേരിക്ക സന്ദര്‍ശിക്കണമെന്ന മോഹവും അക്കാലത്ത് ഇല്ലായിരുന്നു. പ്രവാസം അവസാനിപ്പിച്ച് ശാന്തപുരം അല്‍ജാമിഅയിലെ ഫാക്കല്‍റ്റി ഓഫ് ലാംഗ്വേജസ് ആന്റ് ട്രാന്‍സ്‌ലേഷനില്‍ അധ്യാപകനായപ്പോഴാണ് അങ്ങനെയൊരു യാത്രക്ക് ആഗ്രഹമുദിച്ചത്. 2019 ഏപ്രില്‍ 19-21 തീയതികളില്‍ വാഷിംഗ്ടണില്‍ നടന്ന ഇക്‌ന (Islamic Circle of North America-ICNA) യുടെ 44-ാം വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കാന്‍ ക്ഷണം ലഭിച്ചതോടെയാണ് ആ മോഹം സഫലമായത്. ക്ഷണക്കത്ത് ലഭിച്ച ശേഷവും യാത്രയെക്കുറിച്ച ആശങ്ക ബാക്കിയായിരുന്നു. അമേരിക്കന്‍ വിസ ലഭിക്കാനുള്ള കടമ്പയായിരുന്നു മുഖ്യം. ചെന്നൈയിലെ യു.എസ് കോണ്‍സുലേറ്റില്‍ രണ്ട് ദിവസമെടുത്ത ഇന്റര്‍വ്യൂവിനും അനുബന്ധ നടപടികള്‍ക്കും ശേഷമാണ് വിസ ലഭിച്ചത്.

അമേരിക്കയിലേക്ക്
ഭൂവിസ്തൃതിയില്‍ ലോകരാജ്യങ്ങളില്‍ നാലാം സ്ഥാനത്തുള്ള അമേരിക്കന്‍ ഐക്യനാടുകള്‍ക്ക് (യു.എസ്.എ) ഇന്ത്യയുടെ മൂന്നിരട്ടി വലിപ്പമു്. എന്നാല്‍ ജനസംഖ്യ ഇന്ത്യയേക്കാള്‍ വളരെ കുറവാണ്. 26 ദിവസമാണ് എനിക്ക് അമേരിക്കയില്‍ തങ്ങാനുള്ള അനുമതി ഉണ്ടായിരുന്നത്. സമയം കൃത്യമായി ഷെഡ്യൂള്‍ ചെയ്ത് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനൊപ്പം പരമാവധി സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും യാത്രക്ക് മുമ്പേ പദ്ധതികളൊരുക്കി. സാന്‍ഫ്രാന്‍സിസ്‌കോ, വാഷിംഗ്ടണ്‍, ന്യൂജഴ്‌സി, ഡാളസ്, ന്യൂയോര്‍ക്ക്, ചിക്കാഗോ തുടങ്ങിയ പ്രമുഖ നഗരങ്ങളില്‍ താമസിച്ച് വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുംവിധമാണ് യാത്ര ഷെഡ്യൂള്‍ ചെയ്തത്. ഓരോ നഗരത്തിലും ജോലി ചെയ്യുന്ന മലയാളി ഇസ്‌ലാമിക പ്രവര്‍ത്തകരെ ബന്ധപ്പെട്ട് അവരുടെ സാന്നിധ്യവും മാര്‍ഗനിര്‍ദേശവും ഉറപ്പുവരുത്തി. അമേരിക്കന്‍ ഐക്യനാടുകളില്‍ മിക്കയിടത്തും ജോലിയാവശ്യാര്‍ഥം കുടുംബസമേതം താമസിക്കുന്ന ഇസ്‌ലാമിക പ്രവര്‍ത്തകരുള്ളതിനാല്‍ ആശങ്കകളില്ലാതെയായിരുന്നു യാത്ര.
കൊച്ചിയില്‍നിന്ന് എമിറൈറ്റ്‌സ് വിമാനം വഴി ദുബൈയിലെത്തി. അവിടെ നിന്നാണ് സാന്‍ഫ്രാന്‍സിസ്‌കോയിലേക്കുള്ള യാത്ര. പതിനാറര മണിക്കൂര്‍ നീണ്ട ആകാശയാത്രക്കൊടുവില്‍ അമേരിക്കയുടെ മണ്ണിലേക്ക് വിമാനം താഴ്ന്നിറങ്ങി. എമിഗ്രേഷന്‍ നടപടികളെല്ലാം കമ്പ്യൂട്ടറൈസ്ഡ് ആയതിനാല്‍ വളരെ വേഗത്തില്‍ പൂര്‍ത്തിയായി. ഐ.ടി കമ്പനിയായ യാഹുവില്‍ ജോലി ചെയ്യുന്ന ആലുവ സ്വദേശി നാസിദ് സിദ്ദീഖും കൊച്ചുമകനും കാറുമായി വിമാനത്താവളത്തില്‍ എത്തിയിരുന്നു. സാന്റ് ക്ലാര നഗരത്തിലാണ് നാസിദ് സിദ്ദീഖും കുടുംബവും താമസിക്കുന്നത്. നാസിദിന്റെ ഭാര്യയും അവിടെ ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്നു. ഉച്ചസമയത്താണ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്.
ബാഹ്യമോടികളില്ലാത്തതും തീര്‍ത്തും ആഡംബര രഹിതവുമാണ് അമേരിക്കയിലെ മിക്ക വീടുകളും. മരത്തിലാണവ പണിതിരിക്കുന്നത്. ഇരുനില വില്ലയുടെ താഴെ നിലയിലായിരുന്നു നാസിദും കുടുംബവും താമസിച്ചിരുന്നത്. മുകള്‍നിലയില്‍ മറ്റൊരു കുടുംബം താമസിക്കുന്നു. അമേരിക്കയിലെ മിക്ക ഇരുനില വീടുകൡലും രണ്ടു കുടുംബങ്ങളാണ് താമസിക്കുന്നത്. സാന്റ് ക്ലാരയിലെ MCA (Muslim Community Association)  നടത്തുന്ന ഇസ്‌ലാമിക് സെന്റര്‍ നാസിദിന്റെ വീടിനടുത്തായിരുന്നു. അവിടെയായിരുന്നു ആദ്യ സന്ദര്‍ശനം. മസ്ജിദ്, മദ്‌റസ, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയാണ് സെന്ററില്‍ പ്രവര്‍ത്തിക്കുന്നത്. തദ്ദേശീയരായ അമേരിക്കന്‍ മുസ്‌ലിംകളാണ് നടത്തിപ്പുകാര്‍. ഇംഗ്ലണ്ടില്‍ ജനിച്ച് അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്ത ഇമാം ത്വാഹിര്‍ അന്‍വറാണ് ഇപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അദ്ദേഹത്തോട് ദീര്‍ഘമായി സംസാരിച്ചു. കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവര്‍ക്കും ഇസ്‌ലാമിക സംസ്‌കാരവും പാഠങ്ങളും പകര്‍ന്നുനല്‍കാന്‍ സെന്റര്‍ നടത്തുന്ന ശ്രമങ്ങള്‍ അദ്ദേഹം പങ്കുവെച്ചു. തന്റെ വംശവേരുകള്‍ ഇന്ത്യയിലാണെന്ന് അഭിമാനപൂര്‍വം അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ എന്റെ ആദ്യ ജുമുഅയും ഈ പള്ളിയിലായിരുന്നു. ഇംഗ്ലീഷ് ഭാഷയിലായിരുന്നു ഖുത്വ്ബ. എഴുന്നൂറോളം പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള പള്ളി നിറഞ്ഞുകവിഞ്ഞിരുന്നു. പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളും ധാരാളം.  അതിശൈത്യവും കഠിനചൂടും മാറിമാറി വരുന്ന കാലാവസ്ഥ നിലനില്‍ക്കുന്നതിനാലാവണം പള്ളിയില്‍ എ.സിയും ഹീറ്ററും സജ്ജീകരിച്ചിട്ടുണ്ട്. അമേരിക്കയിലെ എല്ലാ പള്ളികളിലും ഈ സംവിധാനമുണ്ട്.

ഐ.ടി കമ്പനികളും കലാലയങ്ങളും
ടെക് മെക്കയായ സിലിക്കണ്‍ വാലി അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലാണ്. ലോകത്തെ പ്രമുഖ ഐ.ടി കമ്പനികളുടെ ആസ്ഥാനം. ഗൂഗ്ള്‍, യാഹൂ, ആമസോണ്‍ എന്നിവയുടെയെല്ലാം ഹെഡ് ഓഫീസുകള്‍ സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. അവ സന്ദര്‍ശിക്കുകയായിരുന്നു അടുത്ത ലക്ഷ്യം. നാസിദ് ഇതിനാവശ്യമായ അനുവാദമെല്ലാം നേരത്തേ സംഘടിപ്പിച്ചിരുന്നു. അദ്ദേഹത്തോടൊപ്പം ലോകപ്രശസ്തമായ ഈ ഐ.ടി കേന്ദ്രങ്ങളെല്ലാം സന്ദര്‍ശിച്ചു. ഓരോ കമ്പനിയിലും സന്ദര്‍ശകരെ പരിഗണിക്കുന്നതിനും ആവശ്യമായ വിശദീകരണങ്ങള്‍ നല്‍കുന്നതിനും പ്രത്യേകം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. വളരെ ഉപചാരപൂര്‍വം അവര്‍ ഞങ്ങള്‍ക്ക് പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തുകയും ബന്ധപ്പെട്ട സംവിധാനങ്ങളും ഓഫീസുകളും കാണിച്ചുതരികയും ചെയ്തു. ഐ.ടി മേഖലയോടൊപ്പം അവിടത്തെ ഓഫീസ് ജീവിതവും അടുത്തറിയാന്‍ ഈ സന്ദര്‍ശനം വഴി സാധിച്ചു.
അമേരിക്കയിലെ പ്രശസ്തവും പഴക്കമേറിയതുമായ സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയായിരുന്നു മൂന്നാം ദിവസം സന്ദര്‍ശിച്ചത്. 8000-ത്തിലേറെ ഏക്കറില്‍ വിശാലമായി കിടക്കുന്ന യൂനിവേഴ്‌സിറ്റി 1891 -ലാണ് സ്ഥാപിച്ചത്. മെഡിക്കല്‍-എഞ്ചിനീയറിംഗ് കോളേജുകളടക്കം ഒട്ടേറെ ഫാക്കല്‍റ്റികള്‍ യൂനിവേഴ്‌സിറ്റിയിലുണ്ട്. മെഡിക്കല്‍ കോളേജിലെ സൈക്യാട്രിസ്റ്റായ ഡോ. റാനിയ അവ്വാദുമായി ഞങ്ങള്‍ കൂടിക്കാഴ്ച നടത്തി. അറബ് വേരുകളുള്ള ഡോ. റാനിയ അമേരിക്കയിലെ ഇസ്‌ലാമിക കലാലയമായ സൈത്തൂന കോളേജില്‍ അറബിക്-ഇസ്‌ലാമിക് വിഷയങ്ങള്‍ പഠിപ്പിക്കുന്ന പാര്‍ട്ട്‌ടൈം അധ്യാപിക കൂടിയാണ്. മുസ്‌ലിം വനിതകളുടെ വിദ്യാഭ്യാസ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്ന റഹ്മ ഫൗണ്ടേഷന്‍ ഡയറക്ടറുമാണവര്‍.
അമേരിക്കയിലെ പ്രഥമ ഇസ്‌ലാമിക കലാലയമായ സൈത്തൂന കോളേജിലേക്കായിരുന്നു അടുത്ത യാത്ര. കാലിഫോര്‍ണിയയിലെ ബെര്‍ക്‌ലി നഗരത്തിനടുത്ത ഹോളി ഹില്‍ എന്നു പേരുള്ള മനോഹരമായ ഒരു കുന്നിന്‍പുറത്ത് സൈത്തൂന സ്ഥിതിചെയ്യുന്നു. 1996-ല്‍ സൈത്തൂന ഇന്‍സ്റ്റിറ്റിയൂട്ട് എന്ന പേരിലായിരുന്നു കോളേജിന്റെ തുടക്കം. 2009-ല്‍ അമേരിക്കയിലെ ഔദ്യോഗിക അംഗീകാരമുള്ള ആദ്യത്തെ ഇസ്‌ലാമിക കലാലയമായി സൈത്തൂന മാറി. പ്രശസ്ത പണ്ഡിതരായ ഹംസ യൂസുഫ്, സൈദ് ശാകിര്‍, ഹാത്വിം ബാസിയാന്‍ എന്നിവരാണ് കോളേജിന്റെ ശില്‍പികള്‍. പരമ്പരാഗത ഇസ്‌ലാമിക വിജ്ഞാനങ്ങളും പാശ്ചാത്യശാസ്ത്രത്തിന്റെ അടിസ്ഥാനങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ള പാഠ്യപദ്ധതിയാണ് സൈത്തൂന നടപ്പിലാക്കുന്നത്. അമേരിക്കന്‍ ഐക്യനാടുകളുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ ഇവിടെ പഠിതാക്കളായുണ്ട്. സൈത്തൂനയിലെ അധ്യാപകനും ജനസ്വാധീനമുള്ള പ്രഭാഷകനും ഖത്വീബുമായ ഇമാം ത്വാഹിര്‍ അന്‍വറാണ് കോളേജിന്റെ ചരിത്രവും കോഴ്‌സിന്റെ പ്രത്യേകതകളുമെല്ലാം വിവരിച്ചുതന്നത്.
സാന്‍ഫ്രാന്‍സിസ്‌കോയിലെത്തുന്ന വിനോദസഞ്ചാരികള്‍ നിര്‍ബന്ധമായും കാണുന്ന ഗോള്‍ഡന്‍ ഗേറ്റ് ബ്രിഡ്ജടക്കമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് പിന്നീടുള്ള ദിവസങ്ങളില്‍ സന്ദര്‍ശിച്ചത്. ആറ് ദിവസത്തെ സാന്‍ഫ്രാന്‍സിസ്‌കോ ജീവിതത്തിനിടയില്‍ അമേരിക്കന്‍ ജീവിതവും സംസ്‌കാരവും അവിടത്തെ മുസ്‌ലിംകളുടെ വര്‍ത്തമാനവും അടുത്തറിയാന്‍ സാധിച്ചു. ദിവസവും പല തവണ റസ്റ്റോറന്റുകളിലും മസ്ജിദുകളിലും കയറിയിറങ്ങാന്‍ അവസരമുായി. ഇവ രണ്ടും പല വിഭാഗമാളുകള്‍ ഒരുമിച്ചു ചേരുന്ന ഇടങ്ങളാണല്ലോ. എല്ലാ റസ്റ്റോറന്റുകളിലും മുസ്‌ലിംകളെ പ്രത്യേകം പരിഗണിക്കുന്ന വിപുലമായ ഹലാല്‍ ഫുഡ് ശൃംഖല പ്രവര്‍ത്തിക്കുന്നുണ്ട്. അതൊരു മാര്‍ക്കറ്റിംഗ് സാധ്യത കൂടിയായതിനാല്‍ എല്ലായിടത്തും ഹലാല്‍ ഭക്ഷണം ലഭ്യമാണ്.

പള്ളികളുടെ പ്രത്യേതകള്‍
അമേരിക്കന്‍ മസ്ജിദുകള്‍ വിസ്മയിപ്പിക്കുന്ന ഇസ്‌ലാമിക കേന്ദ്രങ്ങളാണ്. കേവലം പ്രാര്‍ഥനാലയങ്ങളായല്ല; സമ്പൂര്‍ണ സാംസ്‌കാരിക കേന്ദ്രങ്ങളായാണ് അവ പ്രവര്‍ത്തിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സൗകര്യമുള്ള വിശാലമായ നമസ്‌കാര ഹാള്‍, ഓഡിറ്റോറിയം, മീറ്റിംഗ് റൂമുകള്‍, വൃത്തിയും വിശാലതയുമുള്ള ശുചിമുറികള്‍, കുട്ടികള്‍ക്ക് കളിക്കാന്‍ പാര്‍ക്ക്, വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യം, വ്യായാമത്തിനും കളികള്‍ക്കുമുള്ള കോര്‍ട്ടുകള്‍, സ്റ്റോര്‍, ബുക് സ്റ്റാള്‍, കഫ്റ്റീരിയ തുടങ്ങി ഒട്ടേറെ സൗകര്യങ്ങള്‍. യുവതലമുറയെ സവിശേഷമായി മസ്ജിദുകളോട് ചേര്‍ത്തു നിര്‍ത്താന്‍ വേണ്ട ഭൗതിക സൗകര്യങ്ങള്‍. പിന്നെ ആകര്‍ഷകവും ശ്രോതാക്കളെ ബോറടിപ്പിക്കാത്തതും മിതവുമായ വൈവിധ്യമാര്‍ന്ന പഠന ക്ലാസുകള്‍, ഉദ്‌ബോധനങ്ങള്‍, കലാ-കായിക മത്സരങ്ങള്‍... മിക്ക മസ്ജിദുകളിലും രണ്ടു നേരം (സ്വുബ്ഹിനും മഗ്‌രിബിനും ശേഷം) ഹ്രസ്വമായ ഉദ്‌ബോധന ക്ലാസുകള്‍. രണ്ടിടങ്ങളില്‍ അതിനും അവസരം ലഭിച്ചത് ഭാഗ്യമായിരുന്നു. ഇമാമുമാരും ഖത്വീബുമാരും ജനസ്വാധീനമുള്ള പണ്ഡിതരാണ്. അവരില്‍ അറബികളും അമേരിക്കക്കാരുമുണ്ട്, വെളുത്തവരും കറുത്തവരുമുണ്ട്. ഇമാമുമാര്‍ക്ക് പ്രത്യേക ഓഫീസുകളും, റഫറന്‍സ് ഗ്രന്ഥങ്ങളടങ്ങിയ ലൈബ്രറിയും... അങ്ങനെ നമ്മുടെ നാട്ടിലെ മസ്ജിദുകള്‍ അനുകരിക്കേ പലതും. ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളില്‍, സാമൂഹിക സേവന വേദികളില്‍ സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ അനേകം പേര്‍ വളന്റിയര്‍ സേവനം ചെയ്യുന്നത് എല്ലായിടത്തും കാണാമായിരുന്നു. മസ്ജിദ് നിര്‍മാണത്തിനും അതിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍ലോഭം പണം ചെലവിടാന്‍ വിശ്വാസികള്‍ വലിയ ആവേശം കാണിക്കുന്നതാണ് എവിടെയും അനുഭവപ്പെട്ടത്.
തദ്ദേശവാസികളായ പണ്ഡിതരില്‍ പലരും ദക്ഷിണാഫ്രിക്കയിലെ കോളേജുകളിലാണ് പഠനം നടത്തിയത്. അറബ് നാടുകളിലെ കലാലയങ്ങളില്‍ പഠിച്ച അറബികളല്ലാത്തവര്‍ വളരെ ചുരുക്കം. എങ്കിലും അറബി ഗ്രന്ഥങ്ങളിലുള്ള അവരുടെ അറിവ് അമ്പരപ്പിക്കുന്നതാണ്. ഹനഫീ മദ്ഹബിലെ ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ക്കൊപ്പം തഫ്‌സീറും ഹദീസും അഖീദയുമൊക്കെയാണ് മുഖ്യ വിഷയങ്ങള്‍. തജ്‌വീദ് നിയമങ്ങള്‍ പാലിച്ചുകൊണ്ടുള്ള ശ്രവണസുന്ദരമായ ഖുര്‍ആന്‍ പാരായണമാണ് മസ്ജിദുകളില്‍. ഫജ്ര്‍ നമസ്‌കാരത്തിനും ജുമുഅക്കും വലിയ ആള്‍ക്കൂട്ടങ്ങള്‍ പങ്കെടുക്കുന്നു. വെള്ളിയാഴ്ചകളില്‍ പലയിടങ്ങളിലും രണ്ട് ജുമുഅയും ഖുത്വ്ബയും നടക്കുന്നു. ജോലിക്കാര്‍ക്ക് പങ്കെടുക്കാനുള്ള സൗകര്യം, സ്ഥലപരിമിതി എന്നിവ കണക്കിലെടുത്താണ് ഈ സംവിധാനം. ചില ഖത്വീബുമാര്‍ രണ്ട് സ്ഥലത്തും പ്രസംഗിക്കുന്നുണ്ട് എന്നറിയാന്‍ കഴിഞ്ഞു. മിക്കയിടങ്ങളിലും ഖുത്വ്ബകള്‍ ഇംഗ്ലീഷില്‍. ജുമുഅയില്‍ വനിതകളുടെ വര്‍ധിച്ച പങ്കാളിത്തം.
അനേകം ഇസ്‌ലാമികമൂല്യങ്ങള്‍ അമേരിക്കന്‍ സമൂഹത്തിലുണ്ട്. കണിശമായ നിയമപാലനം, കൃത്യനിഷ്ഠ, അച്ചടക്കം, വിനയം, അഭിപ്രായസ്വാതന്ത്ര്യം, മതപ്രചാരണ സ്വാതന്ത്ര്യം, വായനാശീലം എന്നിവ പ്രത്യേകം പ്രസ്താവ്യമാണ്.

വാഷിംഗ്ടണിലേക്ക്
2019 ഏപ്രില്‍ 19-നാണ് വാഷിംഗ്ടണില്‍ ഇക്‌നാ കണ്‍വെന്‍ഷന്‍ ആരംഭിച്ചത്. രണ്ടു ദിവസം മുമ്പേ സാന്‍ഫ്രാന്‍സിസ്‌കോയില്‍നിന്ന് വിമാനമാര്‍ഗം വാഷിംഗ്ടണിലെത്തി. എറണാകുളം സ്വദേശി നിറാര്‍ ബഷീര്‍ ആണ് വിമാനത്താവളത്തില്‍നിന്ന് എനിക്ക് താമസ സൗകര്യമൊരുക്കിയ ഹയാത്ത് ഹോട്ടലില്‍ എത്തിച്ചത്. നിറാര്‍ അമേരിക്കന്‍ പൗരനാണ്. ഇന്ത്യയിലെയും കേരളത്തിലെയും സാമൂഹിക സംഘടനകളുമായി അടുത്ത ബന്ധമുള്ള വ്യക്തി. ഭാര്യയും ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്നു. മൂന്ന് മക്കളടങ്ങിയ കുടുംബം വാഷിംഗ്ടണിലെ വെര്‍ജീനിയ സംസ്ഥാനത്തെ സ്റ്റെര്‍ലിംഗിലാണ് താമസിക്കുന്നത്. അദ്ദേഹത്തിന്റെ വീട്ടില്‍നിന്ന് കാപ്പി കുടിച്ച ശേഷമാണ്  ഹോട്ടലിലേക്ക് യാത്ര തിരിച്ചത്. ശേഷം യു.എസ്.എയിലെ ഏറ്റവും വലിയ ഇസ്‌ലാമിക് സെന്ററായ ADAMS (All Dulles Area Muslim Society) സന്ദര്‍ശിക്കാന്‍ നിറാറിന്റെ കാറില്‍ പുറപ്പെട്ടു. 1983-ല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ ഇസ്‌ലാമിക് സെന്റര്‍ ഇപ്പോള്‍ അയ്യായിരം അമേരിക്കന്‍ മുസ്‌ലിം കുടുംബങ്ങള്‍ക്കാവശ്യമായ സേവനങ്ങള്‍ നല്‍കിവരുന്നു. 700 പേര്‍ക്ക് നമസ്‌കരിക്കാന്‍ സൗകര്യമുള്ള മസ്ജിദ്, അറബിക്-ഇസ്‌ലാമിക വിഷയങ്ങള്‍ പഠിപ്പിക്കുന്ന പാഠശാല, സാമൂഹിക സേവനകേന്ദ്രം, ലൈബ്രറി, മീറ്റിംഗ് റൂമുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഈ ഇസ്‌ലാമിക് സെന്റര്‍. വാഷിംഗ്ടണില്‍നിന്ന് 25 മൈല്‍ അകലെയുള്ള സ്റ്റെര്‍ലിംഗ് പട്ടണത്തിലാണ് ആഡംസ് സെന്റര്‍ സ്ഥിതി ചെയ്യുന്നത്. സെന്ററിലെത്തിയ ഞങ്ങള്‍ അതിന്റെ പ്രവര്‍ത്തനങ്ങളെല്ലാം നേരില്‍ കണ്ട ശേഷം ലോകപ്രശസ്ത ഇസ്‌ലാമിക ഗവേഷണ-ഗ്രന്ഥരചനാ കേന്ദ്രമായ ട്രിപ്പിള്‍ ഐ.ടി (International Institute of Islamic Thought - IIIT)  കാണാന്‍ പുറപ്പെട്ടു. ട്രിപ്പിള്‍ ഐ.ടിയുടെ പ്രസിഡന്റ് ഡോ. ഹിശാമുത്ത്വാലിബാണ്. ഇറാഖില്‍ ജനിച്ച അദ്ദേഹം ഇലക്ട്രിക് എഞ്ചിനീയറിംഗില്‍ അമേരിക്കയില്‍നിന്ന് ഡോക്ടറേറ്റ് നേടിയ വ്യക്തിയാണ്. പെരുമാറ്റത്തിലും സംസാരത്തിലും അദ്ദേഹം പ്രകടിപ്പിച്ച സാഹോദര്യത്തിന്റെ ഊഷ്മളത വിവരണാതീതമായിരുന്നു. വിദ്യാര്‍ഥി ജീവിതകാലത്തു തന്നെ ഇസ്‌ലാമിക പ്രബോധന രംഗത്ത് സജീവമായ അദ്ദേഹം ഒട്ടേറെ പുസ്തകങ്ങളും ഈയാവശ്യാര്‍ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്കുള്ള ട്രെയ്‌നിംഗ് ഗൈഡ്, മുസ്‌ലിം മാതാപിതാക്കള്‍ക്കുള്ള പാരന്റിംഗ് മാര്‍ഗരേഖ എന്നിവ അതില്‍ പ്രധാനപ്പെട്ടതാണ്. സെന്ററിന്റെ പ്രവര്‍ത്തനരീതികളെല്ലാം അദ്ദേഹം വിശദമായി വിവരിച്ചു തന്നു. ഇന്ത്യന്‍ മുസ്‌ലിംകളുടെ വിശേഷങ്ങളും വര്‍ത്തമാനങ്ങളും അന്വേഷിച്ചറിഞ്ഞ ശേഷമാണ് അദ്ദേഹം ഞങ്ങളെ യാത്രയയച്ചത്.
ഇക്‌നാ കണ്‍വെന്‍ഷന്‍ നടക്കുന്ന നഗരിയിലേക്കായിരുന്നു പിന്നീട് എനിക്ക് എത്തേണ്ടിയിരുന്നത്. എന്നെ ഹോട്ടലില്‍ എത്തിച്ചശേഷം നിറാര്‍ ബഷീര്‍ മടങ്ങിയിരുന്നു. സമ്മേളന ദിവസങ്ങളില്‍ താമസിക്കാന്‍ കോണ്‍ഫറന്‍സ് നഗരിക്ക് അടുത്തുള്ള മാരിയോട്ട് ഹോട്ടലിലായിരുന്നു സൗകര്യം. സ്റ്റര്‍ലിംഗിലെ ഹോട്ടലില്‍ പ്രാതല്‍ കഴിക്കുന്ന സന്ദര്‍ഭത്തിലാണ് യാദൃഛികമായി മലയാളിയായ ജംഷീദിനെ കണ്ടുമുട്ടുന്നത്. ഫ്‌ളോറിഡയില്‍ ഐ.ടി എഞ്ചിനീയറായ ജംഷീദ് കുടുംബസമേതം കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു. അദ്ദേഹത്തിന്റെ കാറില്‍ കുടുംബത്തോടൊപ്പമാണ് സമ്മേളന നഗരിയിലേക്ക് തിരിച്ചത്. ഹോട്ടലില്‍നിന്ന് ഒരു മണിക്കൂര്‍ യാത്രയുണ്ടായിരുന്നു കണ്‍വെന്‍ഷന്‍ ഹാളിലേക്ക്. ഏപ്രില്‍ 19 വെള്ളിയാഴ്ച ജുമുഅയോടു കൂടിയായിരുന്നു കണ്‍വെന്‍ഷന്റെ തുടക്കം. ഇന്‍ഡോര്‍ പരിപാടിയാണെങ്കിലും ഇരുപതിനായിരത്തിലധികം പേരെ ഉള്‍ക്കൊള്ളുന്ന ഹാളിലായിരുന്നു കണ്‍വെന്‍ഷന്‍. മെയിന്‍ ഹാളിന് പുറമെ അത്രയും പേര്‍ക്ക് നമസ്‌കരിക്കാനുള്ള സൗകര്യം വേറെയുമുണ്ടായിരുന്നു. ബുക് സ്റ്റാളുകള്‍, ഇസ്‌ലാമിക വസ്ത്രങ്ങളുടെ സ്റ്റാള്‍, വിവിധ സംഘടനകളെ പരിചയപ്പെടുത്തുന്ന സ്റ്റാളുകള്‍, കലാരൂപങ്ങള്‍, ചില്‍ഡ്രന്‍സ് ഏരിയ തുടങ്ങി വൈവിധ്യമാര്‍ന്ന 620 സ്റ്റാളുകളും റസ്റ്റോറന്റുകളും അവിടെ സജ്ജീകരിച്ചിരുന്നു. സമാന്തര സെഷനുകളെല്ലാം വ്യത്യസ്ത ഹാളുകളിലായിരുന്നു.

ഇക്‌നയുടെ സമ്മേളന അജണ്ട
ഇക്‌ന (ICNA) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന അമേരിക്കന്‍ മുസ്‌ലിംകളുടെ പ്രമുഖ സംഘടന രാജ്യത്തിനകത്തും പുറത്തും ഏറെ പ്രശസ്തമാണ്. വിദേശ രാജ്യങ്ങളില്‍നിന്ന് കുടിയേറ്റക്കാരായി എത്തിച്ചേര്‍ന്ന വിശ്വാസികള്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കും ജനസേവനത്തിനുമായി കെട്ടിപ്പടുത്ത സുസംഘടിത കൂട്ടായ്മയാണ് ഇക്‌ന. 1968-ലായിരുന്നു ആരംഭം. ഇന്നത് അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും പ്രമുഖ നഗരങ്ങളിലും ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ട് പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു.
വര്‍ണ-വര്‍ഗ-ഭാഷാ വൈവിധ്യങ്ങളുടെ സമ്മോഹന സമ്മേളനമാണ് ഇക്‌നാ കണ്‍വെന്‍ഷനുകള്‍. രാജ്യത്തിന്റെ വിദൂര കേന്ദ്രങ്ങളില്‍നിന്നു പോലും ആബാലവൃദ്ധം ജനങ്ങള്‍ 44-ാം ഇക്‌ന-മാസ് (ICNA-MAS) വാര്‍ഷിക സമ്മേളനത്തിനായി ഈസ്റ്റര്‍ ഒഴിവില്‍ വാഷിംഗ്ടണില്‍ ഒഴുകിയെത്തി. ഈ വര്‍ഷത്തെ സമ്മേളനത്തില്‍ അഭൂതപൂര്‍വമായ ജനസഞ്ചയമായിരുന്നു. ഏപ്രില്‍ 19,20,21 ദിവസങ്ങളിലായിരുന്നു പരിപാടികള്‍.
യുവാക്കളും മുതിര്‍ന്നവരും സ്ത്രീകളും പുരുഷന്മാരും കുട്ടികളും, കൈക്കുഞ്ഞുങ്ങള്‍ വരെ സമ്മേളനത്തിനെത്തിയ വന്‍ ജനക്കൂട്ടം വലിയ ആഹ്ലാദത്തിലായിരുന്നു. അമേരിക്കയിലെ മുസ്‌ലിം ജനസാമാന്യത്തിന്റെ പ്രൗഢമായ ഈ വാര്‍ഷിക ഒത്തുചേരലില്‍ പങ്കെടുക്കുന്നവരുടെ ആവേശവും ആഹ്ലാദവും ഏറെ പ്രകടമായിരുന്നു. 'ഇതൊരു മിനി ഹജ്ജാണ്' എന്നായിരുന്നു ചിലരുടെ പ്രതികരണം. ശരിയാണ്, അറഫയിലെത്തുന്ന തീര്‍ഥാടകരെ അനുസ്മരിപ്പിക്കുന്ന വൈവിധ്യങ്ങളുടെ മഴവില്‍ ലോകം!
വൈജ്ഞാനിക ചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍, ഹൃദയസ്പര്‍ശിയായ ഉദ്‌ബോധനങ്ങള്‍, യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുള്ള പ്രത്യേക സെഷനുകള്‍, ക്വിസ് പ്രോഗ്രാമുകള്‍, പ്രഗത്ഭ പണ്ഡിതന്മാരുടെ ആവേശോജ്ജ്വലമായ പ്രസംഗങ്ങള്‍, വനിതാ പ്രസംഗകരുടെ കരുത്തുറ്റ വാഗ്‌ധോരണികള്‍ തുടങ്ങി സമ്മേളനത്തെ ധന്യമാക്കിയ ഘടകങ്ങള്‍ ഏറെയായിരുന്നു. കോളേജ് അഡ്മിഷന്‍, ഹോം സ്‌കൂളിംഗ്, ഇസ്‌ലാമോഫോബിയ-ന്യൂനപക്ഷ പീഡന വിഷയങ്ങളിലെ സെമിനാറുകള്‍ എന്നിവയും കണ്‍വെന്‍ഷനില്‍ ഉള്‍പ്പെട്ടിരുന്നു. നിലവിലെ ഗൗരവതരമായ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുമ്പോഴും ഭാവിയിലേക്ക് പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന വാക്കുകളും വിശകലനങ്ങളും ശ്രോതാക്കള്‍ക്ക് ശുഭാപ്തി നല്‍കുന്നതായിരുന്നു.
ഡോ. യാസിര്‍ ഖാദി, ശൈഖ് ഉമര്‍ സുലൈമാന്‍, ലിന്‍ഡാ സര്‍സോര്‍ (Linda Sarsour), നിഹാദ് അവദ്, ജാവീദ് സിദ്ദീഖി,
 ഡോ. അയ്മന്‍ ഹമ്മൂസ്, ശൈഖ് യൂസുഫ് ഇസ്‌ലാഹി, ഇമാം ശബീര്‍ അലി, ഇമാം ജോണ്‍ സ്റ്റാര്‍ലിംഗ്, ഡോ. ദാലിയ ഫഹ്മി, ശൈഖ് മുഹമ്മദ് അശ്ശിനാവി, ശൈഖ് വലീദ് ബദ്‌യൂനി, അബ്ദുര്‍റഹ്മാന്‍ മര്‍ഫി തുടങ്ങിയവരും വിവിധ മേഖലകളില്‍ പ്രശസ്തരായ മറ്റു പ്രഭാഷകരും ആവേശമേകി.
125 സെഷനുകളിലായി 150 പ്രഭാഷകരുണ്ടായിരുന്നു. ഏതാണ്ട് 25,000 പ്രതിനിധികള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. 400 വളന്റിയര്‍മാരും അത്രതന്നെ വിവിധ സംഘടനാ-പോഷക ഘടകങ്ങളുടെ ഭാരവാഹികളും സമ്മേളനം സുഗമമായി നടക്കുന്നതിന് കഠിനാധ്വാനം ചെയ്യുന്നുണ്ടായിരുന്നു. 40 ഭാഷകള്‍ സംസാരിക്കുന്നവര്‍ ശ്രോതാക്കളായി സദസ്സിലുണ്ടായിരുന്നു. അറബി, ബംഗാളി, ഇന്തോനേഷ്യന്‍, സ്പാനിഷ്, ടര്‍ക്കിഷ്, സോമാലി, ഉര്‍ദു, മലയാളം എന്നീ ഭാഷകളിലുള്ള പാരലല്‍ സെഷനുകള്‍ ഇത്തവണത്തെ പ്രത്യേകതയായിരുന്നു. സമ്മേളന നഗരിയിലെ ബസാറിലെ വിവിധ സ്റ്റാളുകളില്‍ വലിയ തിരക്കനുഭവപ്പെട്ടു. 'മുസ്‌ലിം മാര്‍ക്കറ്റില്‍' ലഭിക്കുന്ന എല്ലാവിധ വസ്തുക്കളും; ഭക്ഷണം, വസ്ത്രം, ഗ്രന്ഥങ്ങള്‍, കളിപ്പാട്ടങ്ങള്‍, കലാരൂപങ്ങള്‍, കാലിഗ്രഫി, ഹിജാബ്, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, മരുന്നുകള്‍ തുടങ്ങിയവയും വിവിധ രാജ്യക്കാരുടെ തനത് ഉല്‍പന്നങ്ങളുമടങ്ങുന്ന സ്റ്റാളുകള്‍ ഉല്‍പന്ന സമൃദ്ധവും വൈവിധ്യപൂര്‍ണവും ഒന്നിനൊന്ന് മികച്ചതുമായിരുന്നു. അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന Non-Profit സംഘടനകളുടെ ബൂത്തുകളും ശ്രദ്ധയാകര്‍ഷിച്ചു.
തര്‍ബിയത്ത്, വൈജ്ഞാനിക വളര്‍ച്ച, ആധ്യാത്മിക-ഫിഖ്ഹ് സെഷനുകള്‍, വിശുദ്ധ ഖുര്‍ആനിലെ അല്‍ഹുജുറാത്ത് അധ്യായം അവലംബിച്ചു വിവിധ ശീര്‍ഷകങ്ങളിലുള്ള പ്രഗത്ഭരുടെ വിഷയാവതരണങ്ങള്‍, ഇമാം നവവിയുടെ 40 ഹദീസുകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടവ കേന്ദ്രീകരിച്ച ക്ലാസുകള്‍, വിദ്യാര്‍ഥികളും യുവാക്കളും നേരിടുന്ന വിഷയങ്ങളെക്കുറിച്ച ചര്‍ച്ചകള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, കുടുംബ ജീവിതം, വൈവാഹിക പ്രശ്‌നങ്ങള്‍, സംരംഭകത്വം, കോളേജ്, യൂനിവേഴ്‌സിറ്റി പ്രവേശനം, തുടര്‍ വിദ്യാഭ്യാസ കൗണ്‍സലിംഗ് തുടങ്ങി ഒട്ടേറെ പ്രസക്തമായ ടൈറ്റിലുകള്‍ വിവിധ സെഷനുകളില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.
സമ്മേളനത്തിന്റെ അവസാന ദിവസം സാമൂഹിക നീതിക്കു വേണ്ടി നിലകൊള്ളുന്ന ഇക്‌നയുടെ സമിതി (ICNA Council for Social Justice) ഒരു കൂറ്റന്‍ റാലി സംഘടിപ്പിച്ചു. വര്‍ധിച്ചുവരുന്ന വിദ്വേഷ പ്രചാരണത്തിനും ഇസ്‌ലാമോഫോബിയക്കും എതിരെ അധികൃതരുടെ ശ്രദ്ധക്ഷണിക്കാന്‍ വേണ്ടിയായിരുന്നു റാലി. സമ്മേളന നഗരിയില്‍നിന്ന് തുടങ്ങി വൈറ്റ് ഹൗസിനു മുമ്പില്‍ സമാപിച്ച റാലിയെ അഭിമുഖീകരിച്ച് വിവിധ ദേശീയ നേതാക്കള്‍ സംസാരിച്ചു. ഇതര സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച റാലി വാഷിംഗ്ടണില്‍ ഒരു പുതിയ അനുഭവമായി.
സമ്മേളനത്തിന്റെ മുഖ്യ സെഷനുകള്‍ തത്സമയം ഓണ്‍ലൈനില്‍ പ്രക്ഷേപണം ചെയ്തിരുന്നു. നഗരിയില്‍ എത്താന്‍ കഴിയാതിരുന്ന ആയിരങ്ങള്‍ക്ക് പരിപാടികള്‍ വീക്ഷിക്കാന്‍ ഇത് സൗകര്യമൊരുക്കി.
കഴിഞ്ഞു അഞ്ചു പതിറ്റാണ്ടായി അമേരിക്കന്‍ മുസ്‌ലിംകളുടെ വാര്‍ഷിക കലണ്ടറില്‍ പ്രത്യേകം അടയാളപ്പെടുത്തുന്ന മഹാസംഭവമായി മാറിയിരിക്കുകയാണ് ഇക്‌നാ കണ്‍വെന്‍ഷനുകള്‍. 

(തുടരും)
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (12-15)
ടി.കെ ഉബൈദ്‌

ഹദീസ്‌

നന്ദിയുള്ള അടിമയാവുക
പി.വൈ സൈഫുദ്ദീന്‍