Prabodhanm Weekly

Pages

Search

2019 ജൂണ്‍ 28

3107

1440 ശവ്വാല്‍ 24

'മേവാത്തിന്റെ മുന്നേറ്റം ഞങ്ങള്‍ സ്വപ്നം കാണുന്നുണ്ട്'

 മുഹമ്മദ് ഖാസിം/കെ.പി തശ്‌രീഫ് 

ഇന്ത്യാ ഗവണ്‍മെന്റിന്റെ നീതി ആയോഗ് കണക്കുകള്‍ പ്രകാരം രാജ്യത്തെ  ഏറ്റവും പിന്നാക്കം നില്‍ക്കുന്ന 101 ജില്ലകളുടെ പട്ടികയില്‍ ഒന്നാമതാണ് ഹരിയാനയിലെ മേവാത്ത് മേഖലയിലെ നൂഹ് ജില്ല. രാജ്യ തലസ്ഥാനത്തുനിന്ന് നൂറു കിലോമീറ്റര്‍ ദൂരം മാത്രമുള്ള നൂഹിന്റെയും അതുള്‍ക്കൊള്ളുന്ന വിശാലമായ മേവാത്ത് പ്രദേശത്തിന്റെയും ജീവിതാവസ്ഥകള്‍ വിവരിക്കുക പ്രയാസം. ഗോരക്ഷയുടെ പേരില്‍ സംഘ്പരിവാര്‍ നടത്തിയ ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ നിരവധി രക്തസാക്ഷികളെ നല്‍കേിവന്ന പ്രദേശം കൂടിയാണ് മേവാത്ത്. വിദ്യാഭ്യാസപരമായും സാമൂഹികമായും വലിയ പിന്നാക്കാവസ്ഥയിലാണ് ഇവിടത്തുകാര്‍. മേവാത്തിന്റെ പ്രാദേശിക വികസനം ലക്ഷ്യംവെച്ചും സംഘ് പരിവാര്‍ ഭീകരരാല്‍ കൊലചെയ്യപ്പെട്ട കുടുംബങ്ങള്‍ക്ക് നിയമ-സാമ്പത്തിക സഹായങ്ങള്‍ എത്തിച്ച് ആത്മവിശ്വാസം പകര്‍ന്നും മുന്നിലു് ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ മുഹമ്മദ് ഖാസിം. മേവാത്ത് കേന്ദ്രീകരിച്ചുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തയായതാണ്. ഇന്ത്യന്‍ എക്‌സ്പ്രസ്സ് ദിനപത്രം അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിനൊടുവില്‍ ആ പത്രപ്രവര്‍ത്തകന്‍ പറഞ്ഞത് 'മേവാത്ത് ഇനിയും ഒരുപാട് ഖാസിമുമാരെ തേടുന്നു' എന്നാണ്. 
മുഹമ്മദ് ഖാസിമുമായി ജാമിഅ മില്ലിയ ഇസ്‌ലാമിയ എം.എ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ വിദ്യാര്‍ഥി കെ.പി തശ്രീഫ് മമ്പാട് നടത്തിയ അഭിമുഖം.


താങ്കളുടെ കുടുംബം, പ്രവര്‍ത്തനങ്ങള്‍?

ഹരിയാനയിലെ മേവാത്ത് മേഖലയിലെ ഷിക്രാവ ഗ്രാമത്തിലാണ് ഞാന്‍ താമസിക്കുന്നത്. മൂന്ന് മക്കളും അഞ്ചു സഹോദരന്മാരും മൂന്ന് സഹോദരിമാരും ഉമ്മയും ഉപ്പയും അടങ്ങുന്ന വലിയ കുടുംബം. മൂന്ന് സഹോദരങ്ങളുടെ വിവാഹം കഴിഞ്ഞു.
ഗ്രാമത്തില്‍ തന്നെയുള്ള ബസ് സ്റ്റാന്റിനടുത്ത് 12 വര്‍ഷമായി ചിക്കന്‍സ്റ്റാള്‍ നടത്തിയാണ് ഉപജീവനം കെത്തുന്നത്. നാട്ടുകാര്‍ക്ക് ഞാന്‍ 'മുര്‍ഗീവാല ഖാസിം ഭായ്' ആണ്.
ഡല്‍ഹി-ഹരിയാന ജമാഅത്ത് ഘടകത്തിന്റെ ഭാഗമായാണ് ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍. 25 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടെ പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ജമാഅത്തിന് ഇവിടെ ചെറിയൊരു ഓഫീസുണ്ട്. എല്ലാ ആഴ്ചകളിലും അവിടെ പരിപാടികള്‍ നടക്കുന്നു. 
2000-ലാണ് ഞാന്‍ ജമാഅത്തുമായി ബന്ധപ്പെട്ടു. 2005 വരെ ജമാഅത്തില്‍ പ്രവര്‍ത്തിച്ചു. 2006-ല്‍ എസ്.ഐ.ഒ മെമ്പറായി. ഹരിയാനയില്‍ 12 വര്‍ഷം എസ്.ഐ.ഒ പ്രസിഡന്റായിരുന്നു. ഇപ്പോള്‍  30 മെമ്പര്‍മാരുണ്ട്. സ്വന്തമായി ഓഫിസ് സംവിധാനം ഇതുവരെ ഇല്ലായിരുന്നു. കഴിഞ്ഞവര്‍ഷം മുതല്‍ അതുമുണ്ടായി, അല്‍ഹംദുലില്ലാഹ്. പള്ളികളും സ്‌കൂളുകളും കേന്ദ്രീകരിച്ച് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മേവാത്ത് കണ്‍വീനര്‍, അമാന്‍ കമ്മിറ്റി- സമാദ് സുദാര്‍ കമ്മിറ്റി മെമ്പര്‍ തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ വഹിക്കുന്നു.

രാജ്യത്തിന്റെ പൊതുചരിത്രത്തിലും മുസ്ലിം ഇന്ത്യയുടെ ചരിത്രത്തിലും ഏറെ പ്രധാനപ്പെട്ട ഇടപെടലുകള്‍ നടന്ന മേവാത്ത് മേഖല ഇന്ന് പൂര്‍ണമായും അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

നൂറുകണക്കിന് കിലോമീറ്ററുകള്‍ വ്യാപിച്ചു കിടക്കുന്ന മേവാത്ത് മേഖല പ്രധാനമായും ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ്. യു.പിയിലെ മഥുര ജില്ലയുടെ ചില ഭാഗങ്ങളും മധ്യപ്രദേശിന്റെ കുറച്ചു ഭാഗവും ഇതിലുള്‍പെടും. സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച മിയോ മുസ്ലിംകള്‍ ഭൂരിപക്ഷമുള്ള ഈ മേഖലയെ സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും  നിരന്തരം അവഗണിക്കുകയായിരുന്നു അധികാരികള്‍. ഈ മേഖലക്ക് ഒരേ സ്വഭാവമായിരുന്നിട്ടും അതിലെ ജനവിഭാഗങ്ങള്‍ക്ക് ഒരേ ഭാഷയും സംസ്‌കാരവുമായിരുന്നിട്ടും സംസ്ഥാന വിഭജനം നടന്നപ്പോള്‍ അതിനെ നാല് സംസ്ഥാനങ്ങളിലായി വിഭജിച്ചത് ഒരു സംസ്ഥാനത്തും മേവാത്ത് മുസ്ലിംകള്‍ നിര്‍ണായക ശക്തിയാകരുതെന്ന ആലോചനയുടെ ഫലമായിരുന്നു. അടുത്തകാലത്ത് വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട ഗുാ ആക്രമണങ്ങളിലും ഗോരക്ഷക് അക്രമങ്ങളിലും ഏറ്റവും കൂടുതല്‍ ഇരയാക്കപ്പെട്ട മേഖലയാണ് മേവാത്ത്. ഹരിയാന നൂഹ് ജില്ലയുടെ 57 കി.മീ മാത്രം ദൂരത്ത് സ്ഥിതിചെയ്യുന്ന ജില്ലയാണ് ഗുരുഗ്രാം. ഇന്ത്യയുടെ സാമ്പത്തിക-വ്യാവസായിക ഹബ്ബായി അറിയപ്പെടുന്ന രാജ്യ തലസ്ഥാനത്തിന്റെ തൊട്ടടുത്ത പ്രദേശം. ആളോഹരി വരുമാനത്തില്‍ രാജ്യത്തു തന്നെ മൂന്നാം സ്ഥാനത്ത് വരും ഈ ജില്ല. ഒരേ ലോക്‌സഭാ മണ്ഡലത്തില്‍ വരുന്ന ഗുരുഗ്രാമും മേവാത്തും തമ്മിലെ വികസനത്തിലെ അന്തരം പരിശോധിച്ചാല്‍ മതി, വര്‍ഷങ്ങളായി ഞങ്ങളോടു തുടരുന്ന വിവേചനത്തിന്റെ കഥ മനസ്സിലാക്കാന്‍.

കന്നുകാലി വില്‍പ്പന മേവാത്ത് മുസ്ലിംകളുടെ പ്രധാന ജീവനോപാധിയാണ്. സംഘ് പരിവാര്‍ ആക്രമണങ്ങള്‍ മേവാത്തില്‍ ഭീതി പരത്തുക മാത്രമല്ല, സാമ്പത്തിക സ്രോതസ്സുകള്‍ നശിപ്പിക്കുക കൂടി ചെയ്യുന്നുല്ലോ?

മേവാത്തിലെ സമാധാനപരമായ ജീവിതം സംഘ്പരിവാറിനെ നിരന്തരം അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരിക്കുന്നു. സംഘ്പദ്ധതികളുടെ പരീക്ഷണഭൂമിയാണ് മേവാത്ത്. കാര്‍ഷിക ഉല്‍പന്നങ്ങള്‍ വില്‍ക്കാനും കാലികളെ വാങ്ങാനും മറ്റുമായി മേവാത്തിന് പുറത്തെത്തുമ്പോള്‍ അവരെ അക്രമിച്ച് കൊലപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന സംഘ്പരിവാര്‍ അജണ്ട ഒരു ജനതയുടെ ഉപജീവനത്തെയും പുരോഗതിയെയും ഇല്ലാതാക്കിക്കൊണ്ടേയിരിക്കുന്നു. മാത്രമല്ല നിയമപരമായ യാതൊരു പരിരക്ഷയും ലഭിക്കാതെ ഇരകളാക്കപ്പെട്ട നിരവധി പേരു് ഇവിടെ. ഹാഫിള് ജുനൈദ്, പഹ്ലു ഖാന്‍, രക്ബര്‍ ഖാന്‍, അസീം, ഹാശിം, മുന്‍ഫൈദ് തുടങ്ങി ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കിരയായവര്‍ മേവാത്തുകാരാണ്. ഭൂരിഭാഗവും കര്‍ഷകരായ ആളുകള്‍ പശുവളര്‍ത്തലും പാലുല്‍പാദനവും ഒക്കെയായി ജീവിക്കുന്നു. ഗോരക്ഷയുടെ പേരിലുള്ള സംഘ്പരിവാറിന്റെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഞങ്ങളുടെ  ഉപജീവനമാര്‍ഗം അടച്ചുകളഞ്ഞു എന്നു തന്നെ പറയാം.

ഈയടുത്ത് കാരവന്‍ മാഗസിന്‍ നടത്തിയ ദീര്‍ഘമായ പഠനങ്ങള്‍ വ്യക്തമാക്കുന്നത് മേവാത്ത് മേഖലയിലെ മുസ്ലിംകള്‍ അനുഭവിക്കുന്നത് ഭീകരമായ വിവേചനങ്ങളാണെന്നാണ്. 

സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് രക്തസാക്ഷ്യം വരിച്ച നിരവധി പേരുടെ ഓര്‍മകള്‍ ഉറങ്ങുന്ന മണ്ണാണ് മേവാത്തിന്റേത്. എന്നാല്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ പറഞ്ഞു പറ്റിച്ചുവെന്നല്ലാതെ മേവാത്തില്‍ കാര്യമായ പുരോഗതിയൊന്നുമുായില്ല.
വിദ്യാഭ്യാസ സൗകര്യങ്ങളുടെ അഭാവമാണ് അതിലൊന്ന്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യങ്ങള്‍ തീരെ ഇല്ലെന്നു തന്നെ പറയാം. ഒരു കോളേജോ തുടര്‍ന്ന് പഠിക്കാന്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളോ ഇവിടെയില്ല. നൂറു കിലോമീറ്റര്‍ യാത്രചെയ്ത് പഠിക്കേണ്ട അവസ്ഥയിലാണ് മേവാത്തിലെ കുട്ടികള്‍. 2014-ല്‍ മോദിയും തുടര്‍ന്ന് ഹരിയാനയില്‍ മനോഹര്‍ ഖട്ടര്‍ സര്‍ക്കാരും അധികാരത്തിലെത്തിയത്തിനു ശേഷമാണ് വലിയ കഷ്ടതകളും ക്രൂരതകളും അനുഭവിക്കേണ്ടിവന്നത്. സര്‍ക്കാരിന്റെ കണക്കുകളില്‍ തന്നെ ഏറ്റവും പിന്നിലാണ് ഞങ്ങളുടെ ജീവിതം. മുസ്ലിം ഭൂരിപക്ഷമായതുകൊണ്ടുതന്നെയാണ് ഈ വിവേചനമെന്നത് വ്യക്തം. മേവാത്തില്‍ 95 ശതമാനം മുസ്‌ലിംകളാണ്. ഹിന്ദു സഹോദരങ്ങളുമായി നല്ല സൗഹൃദത്തിലാണ് ഞങ്ങള്‍ ജീവിക്കുന്നത്. എന്നാല്‍ പുറത്തുനിന്ന് വരുന്ന ആര്‍.എസ്.എസ്, ബജരംഗ്ദള്‍ പ്രവര്‍ത്തകര്‍ നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും വര്‍ഗീയകലാപങ്ങള്‍ക്ക്  ശ്രമിക്കുകയും ചെയ്ത് സമാധാനാന്തരീക്ഷം തകര്‍ക്കുന്നു.

സംഘ് പരിവാര്‍ ആള്‍ക്കൂട്ട കൊലകളുടെ ഇരകളില്‍ മിയോ മുസ്ലിംകളുടെ (മേവാത്തി മുസ്ലിംകളുടെ) എണ്ണം ഏറെ കൂടുതലാണ്. ജീവന് സുരക്ഷ ഇല്ലാത്ത ഇടമായി മാറുകയാണോ മേവാത്ത്?

പെഹലു ഖാനെ  അറിയില്ലേ നിങ്ങള്‍ക്ക്? ആല്‍വാര്‍  ജില്ലയിലാണ് അദ്ദേഹം താമസിച്ചിരുന്നത്. കന്നുകാലികളെ വാങ്ങി വരുന്ന വഴി രാജസ്ഥാന്‍ അതിര്‍ത്തിയില്‍ വെച്ച് ക്രൂരമായി കൊലചെയ്യപ്പെട്ടു അദ്ദേഹം. കൂടെയുണ്ടായിരുന്ന രണ്ടു മക്കള്‍ക്കും മര്‍ദനമേറ്റു. മാസങ്ങള്‍ കഴിഞ്ഞ് അവരുടെ വീടുകള്‍ ഞാന്‍ സന്ദര്‍ശിക്കുമ്പോഴും അബ്ബയെ ഓര്‍ത്തും ആ ഭീകരദിനമോര്‍ത്തും നെടുവീര്‍പ്പിടുന്ന കുട്ടികളെ എങ്ങനെ ആശ്വസിപ്പിക്കാനാണ്.. അതേ ജില്ലയില്‍ തന്നെ ഇതുപോലെ കൊല്ലപ്പെടുകയായിരുന്നു രക്ബര്‍ ഖാന്‍. വലിയ ബുദ്ധിമുട്ടാണ് വീട്ടില്‍. കുടുംബത്തിലെ ഏക ആശ്രയമായിരുന്നു അദ്ദേഹം. വിധവയായ ഭാര്യക്ക്  ഒരിക്കല്‍ ആക്‌സിഡന്റും  സംഭവിച്ചു. പെരുന്നാള്‍ ദിനം സന്തോഷത്തോടെ ദല്‍ഹിയില്‍നിന്നും മടങ്ങിയ ഹാഫിള് ജുനൈദിനെ നമ്മളാരും മറന്നുകാണില്ല. ബലാബഗഡിലെ ആ തേങ്ങല്‍ മേവാത്തിന്റെ നീറ്റലായി ഇന്നുമുണ്ട്. ഇങ്ങനെ നിരവധി ശഹീദുകളുടെ മണ്ണാണിത്.

ആക്രമിക്കപ്പെടുന്ന കുടുംബങ്ങള്‍ക്ക് എത്രത്തോളം സഹായങ്ങള്‍ നല്‍കാന്‍ കഴിയുന്നു്? അവരുടെ നീതിക്കായുള്ള പോരാട്ടങ്ങള്‍ എവിടെയെത്തി?

ഗോരക്ഷാ ആക്രമണങ്ങളില്‍ ഇരയാക്കപ്പെട്ട  എല്ലാവരുടെയും വീടുകള്‍ സന്ദര്‍ശിച്ച് എസ്.ഐ.ഒവിന്റെയും ജമാഅത്തിന്റെയുമെല്ലാം പിന്തുണയോടെ കുടുംബങ്ങള്‍ക്ക് നിയമപരമായും സാമ്പത്തികമായും സഹായങ്ങള്‍ ലഭ്യമാക്കുന്നു്. ഉപജീവനം വഴിമുട്ടിയ പെഹ്‌ലു ഖാന്റെ കുടുംബത്തിന് പശുക്കളെ നല്‍കിയും ജുനൈദിന്റെ ഓര്‍മക്കായി പെണ്‍കുട്ടികള്‍ക്ക് വേി ഉമ്മ ആരംഭിച്ച പഠന കേന്ദ്രം 'മക്തബിയ ജുനൈദിയ'ക്ക് അടിസ്ഥാന സൗകര്യമൊരുക്കിയും നാം കൂടെയുണ്ട്.
പ്രാദേശിക അധികാരികളെ ചെന്നുകാണുകയും സഹായം ആവശ്യപ്പെടുകയും ചെയ്തിരുന്നെങ്കിലും ആരും ഇതുവരെ അവരുടെ വീടുകളിലേക്ക് എത്തിനോക്കിയിട്ടുപോലുമില്ല.

വിഷന്‍ 2026-നു കിഴില്‍ മേവാത്തില്‍ ആരംഭിച്ച ശാന്തപുരം അല്‍ ജാമിഅഃ അല്‍ ഇസ്ലാമിയയുടെ ഓഫ് കാമ്പസിനെക്കുറിച്ച്?

രണ്ടു വര്‍ഷം മുമ്പാണ് അല്‍ജാമിഅഃ ഇവിടെ കാമ്പസ് തുറന്നത്. ഇപ്പോള്‍ 78 ഓളം കുട്ടികള്‍ താമസിച്ചു പഠിക്കുന്നു. വരും വര്‍ഷങ്ങളില്‍ പ്രൈമറി ക്ലാസുകള്‍ കൂടി തുറക്കാനാകും എന്നാണ് പ്രതീക്ഷ. മേവാത്ത് വിദ്യാഭ്യാസ ചരിത്രത്തിലെ  മികച്ച ഒരു മുന്നേറ്റമായി അല്‍ ജാമിഅ കാമ്പസ് ഉയര്‍ന്നുവരുമെന്ന് ചുരുങ്ങിയ കാലത്തെ അനുഭവങ്ങളില്‍നിന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്.

മേവാത്തിന്റെ മുന്നേറ്റത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കു മുമ്പിലെ വെല്ലുവിളികളും തടസ്സങ്ങളും എന്താണ്?

സാമ്പത്തിക-മനുഷ്യ വിഭവങ്ങളും അടിസ്ഥാന സൗകര്യങ്ങളുമൊക്കെ കുറവാണ് ഞങ്ങള്‍ക്ക്. വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നാക്കമായ ജനതക്ക് പുതിയ കാര്യങ്ങള്‍ പ്രായോഗികമാക്കാന്‍ കുറച്ചധികം സമയമെടുക്കും. മാറിമാറി വരുന്ന ഭരണകൂടങ്ങളില്‍ ഒരുപാട് പ്രതീക്ഷ വെച്ചതാണ് ഞങ്ങള്‍, പക്ഷേ, ഒന്നും സംഭവിക്കാത്ത അഞ്ചുവര്‍ഷംകൂടിയാണ് കടന്നു പോകുന്നത്. കഷ്ടപ്പെട്ട് പഠിച്ച നിരവധിയാളുകള്‍ക്ക് നല്ല തൊഴില്‍ അവസരങ്ങള്‍ നല്‍കാന്‍ ഭരണകൂടത്തിനായിട്ടില്ല.
കേരളത്തിലുള്ളത് വലിയ സ്‌നേഹമുള്ള ജനതയാണ്. കേരളത്തില്‍നിന്നുള്ള നിരവധി നേതാക്കള്‍ മേവാത്ത് സന്ദര്‍ശിച്ചപ്പോള്‍ അവരുടെ കൂടെ യാത്ര ചെയ്തിട്ടുണ്ട് ഞാന്‍. സാമ്പത്തികവും അല്ലാത്തതുമായ നിരവധി സഹായങ്ങള്‍ നല്‍കി എപ്പോഴും കൂടെനില്‍ക്കുന്ന സഹോദരങ്ങളെ നന്ദിയോടെ ഓര്‍ക്കുന്നു. രണ്ടു പ്രാവശ്യം കേരളം സന്ദര്‍ശിക്കാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്.

മേവാത്തിന്റെ പുരോഗതിക്കായി എന്തൊക്കെ നിര്‍ദേശങ്ങളാണ് താങ്കള്‍ മുന്നോട്ടുവെക്കുന്നത്?

എസ്.ഐ.ഒവിന്റെ നേതൃത്വത്തില്‍ നോര്‍ത്ത് ഇന്ത്യ എജുക്കേഷന്‍ മൂവ്‌മെന്റ് ദല്‍ഹിയിലെ ഹരിയാന ഭവനു മുന്നില്‍, യൂനിവേഴ്‌സിറ്റിയും കോളേജുകളും അനുവദിക്കുക എന്ന ആവശ്യമുന്നയിച്ച് മാര്‍ച്ച് നടത്തിയിരുന്നു. മേവാത്തിലെ അല്‍ജാമിഅ കാമ്പസ് ഇപ്പോള്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. വിഷന്‍ 2026-ന്റെ ആഭിമുഖ്യത്തില്‍ ഇഖ്റഅ് ട്യൂഷന്‍ സെന്ററുകളും തുറന്നിട്ടു്. ഇനി പെണ്‍കുട്ടികള്‍ക്കായി സ്‌പെഷ്യല്‍ കോളേജുകള്‍ തുടങ്ങണം.  വിഷന്‍ 2026-ന്റെ മോഡല്‍ വില്ലേജ് പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. കുടിവെള്ള പദ്ധതികള്‍ക്ക് സഹായം ലഭ്യമാക്കിയും  പ്രൈവറ്റ് സ്‌കൂളുകള്‍ക്ക്  പിന്തുണ നല്‍കിയും അനാഥ കുട്ടികള്‍ക്കും പത്തും പന്ത്രണ്ടും ക്ലാസുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്കും  സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കിയും വിദ്യാഭ്യാസ രംഗത്ത് നാം കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്.
2019-ല്‍  അധികാരത്തിലെത്തിയാല്‍ മേവാത്തില്‍ പുതിയ കോളേജുകള്‍ തുടങ്ങുമെന്ന് പാര്‍ട്ടികള്‍ പറഞ്ഞിട്ടുണ്ട്. അത് നടപ്പിലായാല്‍ ഞങ്ങളുടെ മുന്നേറ്റങ്ങളുടെ  വലിയ വിജയമായിരിക്കും.
വര്‍ഷങ്ങളായി ജന്തര്‍മന്തറിലും ഹരിയാന ഭവനു മുമ്പിലും ദല്‍ഹിയിലെ വിവിധ തെരുവുകളിലും മേവാത്തിന്റെ   വിദ്യാഭ്യാസ മുന്നേറ്റത്തിനായി ഞങ്ങളുയര്‍ത്തിയ ശബ്ദം  പാഴാവില്ല എന്നുറപ്പുണ്ട്.
ഗോരക്ഷയുടെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ അവസാനിച്ചേ പറ്റൂ. അതിനായി നിയമം കൊണ്ടുവരണം. മാത്രമല്ല ഗോരക്ഷയുടെ പേരില്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടവര്‍ സൈ്വരവിഹാരം നടത്തുകയാണ്. ഇരയാക്കപ്പെട്ടവര്‍ക്ക് സംരക്ഷണവും നീതിയും ലഭ്യമാക്കണം.
അല്ലാഹുവിനോട് ഞങ്ങളെല്ലാം പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഞങ്ങളുടെ പരിശ്രമങ്ങള്‍ അവന്‍ വിജയിപ്പിക്കുന്നുണ്ട്.
പുതിയ മാറ്റവും മേവാത്തിന്റെ മുന്നേറ്റവും നിരന്തരം ഞങ്ങള്‍ സ്വപ്‌നം കണ്ടുകൊണ്ടേയിരിക്കുന്നു. ഈ വലിയ ജനതയുടെ മുന്നോട്ടുപോക്കിന് പ്രാര്‍ഥനയും പിന്തുണയുമായി  ഇനിയും പ്രിയ സഹോദരങ്ങള്‍ ഞങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നു തന്നെയാണ് പ്രതീക്ഷ. 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (12-15)
ടി.കെ ഉബൈദ്‌

ഹദീസ്‌

നന്ദിയുള്ള അടിമയാവുക
പി.വൈ സൈഫുദ്ദീന്‍