Prabodhanm Weekly

Pages

Search

2019 ജൂണ്‍ 28

3107

1440 ശവ്വാല്‍ 24

പ്രതീക്ഷയുടെ ചക്രവാളങ്ങള്‍

പി.കെ ജമാല്‍

'ഇസ്‌ലാമോഫോബിയ'യുടെ വ്യാപനവും ഫാഷിസ്റ്റുകളുടെ അധികാര വാഴ്ചയും മുസ്‌ലിംകളില്‍ ചിലരെ നിരാശയിലേക്ക് തള്ളിവിട്ടേക്കാം. ഭാവിയെക്കുറിച്ച ഭയാശങ്കകള്‍ മോഹഭംഗത്തിനു കാരണമാകുമ്പോള്‍ ചരിത്രത്തില്‍ നിന്ന് പാഠമുള്‍ക്കൊ് മുന്നോട്ടുപോവുകയാണ് വേണ്ടത്. സമൂഹങ്ങളുടെ ഉത്ഥാന-പതനങ്ങളെ സംബന്ധിച്ച് പഠിക്കുന്നവര്‍ക്ക് തിരിച്ചടികള്‍ വലിയ പ്രശ്‌നമായി തോന്നണമെന്നില്ല. ഇസ്‌ലാമിന്റെ അന്തിമ വിജയത്തെക്കുറിച്ച അല്ലാഹുവിന്റെ വാഗ്ദാനങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്നവര്‍ നിറഞ്ഞ പ്രതീക്ഷകളോടെയാണ് ഭാവിയെ കാണുന്നത്. പ്രതികൂല സാഹചര്യങ്ങളിലും പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രവാചകന്‍ സന്തോഷവാര്‍ത്ത അറിയിക്കുന്നു: 'കടുത്ത പരീക്ഷണങ്ങളില്‍ സഹനവും ക്ഷമയും അവലംബിക്കേണ്ട നാളുകള്‍ പിറകെ വരാനിരിക്കുന്നു. ആ കാലത്ത് സഹനം അവലംബിക്കുകയെന്നാല്‍ കൈവെള്ളയില്‍ കനല്‍ പിടിക്കുന്നതു പോലെ സാഹസമായിരിക്കും. ചുറ്റും കാണുന്ന കാര്യങ്ങളോര്‍ത്ത് സത്യവിശ്വാസിയുടെ ഹൃദയം ഉരുകും. ഈ അവസ്ഥക്ക് ഒരു മാറ്റം വരുത്താന്‍ തനിക്ക് കഴിയുന്നില്ലല്ലോ എന്നു കണ്ട് അവന്റെ മനസ്സ് നീറിക്കൊണ്ടിരിക്കും. സഹികെട്ട് അവന്‍ വല്ലതും മിണ്ടിയാല്‍ അവര്‍ അവനെ കൊല്ലും. ഇനി മൗനം പാലിച്ചാല്‍ രക്തം ചിന്തപ്പെടേണ്ടവനാണ് അവനെന്ന് അവര്‍ വിധിയെഴുതും. ആ കാലഘട്ടത്തിലും പ്രതിബദ്ധതയോടെ നിലകൊള്ളുന്നവര്‍ക്ക് അമ്പതു പേര്‍ക്കുള്ള പ്രതിഫലം അല്ലാഹു രേഖപ്പെടുത്തും, അപ്പോള്‍ ഉമര്‍ (റ) ചോദിച്ചു: 'റസൂലേ, അവരിലുള്ള അമ്പതു പേര്‍ക്കുള്ളതോ ഞങ്ങളിലുള്ള അമ്പതു പേര്‍ക്കുള്ളതോ?' റസൂല്‍: 'നിങ്ങളിലുള്ള അമ്പതു പേര്‍ക്കുള്ളത്. കാരണം നിങ്ങള്‍ക്കിപ്പോള്‍ അനുകൂല സാഹചര്യമാണുള്ളത്. സത്യത്തിന്റെ പാതയില്‍ നിലകൊള്ളുന്നതിന് നിങ്ങളെ സഹായിക്കാന്‍ ആളുകളുണ്ട്' (ത്വബറാനി, സില്‍സിലത്തുസ്സ്വഹീഹ, ശൈഖ് നാസിറുദ്ദീന്‍ അല്‍ബാനി, തിര്‍മിദി). അബൂഹുറയ്‌റ റിപ്പോര്‍ട്ട് ചെയ്യുന്ന മറ്റൊരു ഹദീസ്: ''നബി (സ) പറഞ്ഞു: കരാളമായ കാളരാത്രിയുടെ കഷ്ണങ്ങള്‍ പോലെയുള്ള പരീക്ഷണങ്ങള്‍ വന്നെത്തുന്നതിനു മുമ്പേ കര്‍മങ്ങളുമായി മത്സരപൂര്‍വം മുന്നേറുക. അന്ന് വിശ്വാസിയായി പ്രഭാതത്തെ എതിരേല്‍ക്കുന്ന വ്യക്തി വൈകുന്നേരമാകുമ്പോള്‍ അവിശ്വാസിയായിത്തീരും. വൈകീട്ട് വിശ്വാസിയാകുന്ന വ്യക്തി അവിശ്വാസിയായിട്ടാവും പ്രഭാതത്തെ അഭിമുഖീകരിക്കുക. ഐഹിക താല്‍പര്യങ്ങള്‍ക്കു വേണ്ടി അയാള്‍ തന്റെ ദീനിനെ വില്‍ക്കും'' (മുസ്‌ലിം).

കഠിന പരീക്ഷണങ്ങളും പീഡനങ്ങളും വിശ്വാസത്തിന്റെ പാതയില്‍ വഴിമുടക്കാനുണ്ടാവും. ഇഹലോകത്ത് പ്രയാസമന്യേ ജീവിക്കണമെങ്കില്‍ മതപരിത്യാഗിയാവുകയേ നിര്‍വാഹമുള്ളൂ എന്ന അവസ്ഥയുണ്ടാകും. ആ പ്രതികൂലാവസ്ഥകളിലും ദൈവിക സഹായം സംബന്ധിച്ച പ്രതീക്ഷകളാണ് വിശ്വാസിയെ മുന്നോട്ടു നയിക്കുക. അല്ലാഹു ചോദിക്കുന്നു: ''അല്ല, നിങ്ങള്‍ സ്വര്‍ഗത്തിലങ്ങ് പ്രവേശിച്ചുകളയാമെന്ന് വിചാരിക്കുകയാണോ? നിങ്ങളുടെ മുന്‍ഗാമികളായ സത്യസഹചാരികളെ ബാധിച്ചതൊന്നും നിങ്ങളെ ബാധിച്ചു കഴിഞ്ഞിട്ടില്ലെന്നിരിക്കെ. പീഡകളും വിപത്തുകളും അവരെ ബാധിച്ചു. അതതു കാലത്തെ ദൈവദൂതനും കൂടെയുള്ള വിശ്വാസികളും 'ദൈവസഹായം എപ്പോഴാണ് വന്നെത്തുക?' എന്ന് വിലപിക്കുവോളം അവര്‍ വിറപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അറിയുക, അല്ലാഹുവിന്റെ സഹായം ആസന്നമായിരിക്കുന്നു'' (അല്‍ബഖറ 214). ഇതിന്റെ വ്യാഖ്യാനത്തില്‍ സയ്യിദ് ഖുത്വ്ബ് എഴുതുന്നു: ''ഈ ഉത്തരവാദിത്തം കൈയേറ്റ പൂര്‍വികരുടെ കല്ലും മുള്ളും നിറഞ്ഞ പാതകള്‍ ചൂണ്ടിക്കാട്ടി, ദുഷ്‌കരമായ പാതകള്‍ താണ്ടിക്കടന്നേ ഈ 'അമാനത്ത്' നിറവേറ്റാന്‍ കഴിയുകയുള്ളൂവെന്ന് മുസ്‌ലിം സമൂഹത്തെ സംബോധന ചെയ്ത് വ്യക്തമാക്കുന്നു. ഒളിച്ചോടാനോ ഒഴിവാക്കാനോ കഴിയാത്ത ദൈവികമായ അമാനത്തിന്റെ ബാധ്യതകള്‍ കൈയേല്‍ക്കാന്‍ മുസ്‌ലിം സമൂഹം സജ്ജമാകണം. അന്തരീക്ഷം കാര്‍മേഘാവൃതമാകുമ്പോള്‍ ദൈവിക സഹായം ലഭിക്കുമെന്ന പ്രതീക്ഷയുടെ നിറവില്‍ ധീരരും ദൃഢചിത്തരും സംപ്രീതമാനസരുമായി അവര്‍ രംഗത്ത് നിലയുറപ്പിക്കണം. മുസ്‌ലിം സമൂഹത്തിന് ശിക്ഷണം നല്‍കി സജ്ജമാക്കുന്ന ദൈവിക രീതിയാണിത്. മനുഷ്യ ജീവിതത്തെ ആമൂലാഗ്രം മാറ്റിപ്പണിയുന്ന ദൈവികാദര്‍ശത്തിന്റെ മഹിമയും പ്രസക്തിയും ബോധ്യപ്പെടുത്തുന്ന അധ്യാപനങ്ങളിലൂടെയും ദിശാനിര്‍ണയത്തിലൂടെയും നിയമനിര്‍മാണത്തിലൂടെയും കൈപിടിച്ച് കൊണ്ടുപോയി 'പ്രഭാതം അകലെയല്ല' എന്ന സത്യം തെര്യപ്പെടുത്തുകയാണ് ഈ സൂക്തം'' (ഫീ ളിലാലില്‍ ഖുര്‍ആന്‍).

ദൈവിക വാഗ്ദാനം

ഇസ്‌ലാമിന്റെ വിജയം സംബന്ധിച്ച അല്ലാഹുവിന്റെ പ്രഖ്യാപനം കാണുക: ''ഈ ജനം അല്ലാഹുവിന്റെ പ്രകാശത്തെ തങ്ങളുടെ വായ കൊണ്ട് ഊതിക്കെടുത്താന്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ അല്ലാഹു അവന്റെ പ്രകാശം പൂര്‍ത്തീകരിക്കാതെ സമ്മതിക്കില്ല. സത്യനിഷേധികള്‍ക്ക് അതെത്ര അരോചകമായിരുന്നാലും ശരി. അവനാണ് തന്റെ ദൂതനെ സന്മാര്‍ഗവും സത്യദീനുമായി നിയോഗിച്ചിട്ടുള്ളത്. ആ ദീനിനെ മറ്റെല്ലാ ദീനുകളേക്കാള്‍ വിജയിപ്പിക്കാന്‍. ബഹുദൈവ വിശ്വാസികള്‍ക്ക് അത് എത്ര തന്നെ അരോചകമായിരുന്നാലും ശരി'' (അത്തൗബ 32,33). ഇതേ ആശയം പാഠഭേദങ്ങളോടെ വന്ന സൂറഃഅസ്സ്വഫ്ഫ് 8, സൂറഃ അല്‍ഫത്ഹ് 28 സൂക്തങ്ങള്‍ സൂചിപ്പിക്കുന്നത് ഇസ്‌ലാമിന്റെ അന്തിമ വിജയം അല്ലാഹു ഉത്തരവാദിത്തമായി ഏറ്റെടുത്തിരിക്കുന്നു എന്നാണ്. 

ആത്മവിശ്വാസം നഷ്ടപ്പെട്ട സമൂഹത്തിന് വിജയം വിധിച്ചിട്ടില്ല. അതുകൊാണ് ഖന്ദഖ് യുദ്ധവേളയില്‍ കിടങ്ങു കുഴിക്കുന്ന അനുചരന്മാര്‍ക്കൊപ്പം നിന്ന നബി (സ) അവരുടെ ആത്മവീര്യം വര്‍ധിപ്പിക്കാന്‍ പ്രചോദനമേകിക്കൊണ്ടിരുന്നത്. അനുചരന്മാര്‍ക്ക് വഴങ്ങാതിരുന്ന പാറക്കല്ലില്‍ പിക്കാസ് വെച്ച റസൂല്‍ (സ) ആദ്യത്തെ ആഞ്ഞുവെട്ടല്‍ 'ബിസ്മില്ലാഹ്' പറഞ്ഞാരംഭിച്ചു. പാറക്കല്ല് മണലായി മാറി. വീണ്ടും ആഞ്ഞുവെട്ടി. മൂന്നിലൊരു ഭാഗം പിളര്‍ന്നുവന്നു. 'അല്ലാഹു അക്ബര്‍' - നബി (സ) ഉറക്കെ പറഞ്ഞു. പാറക്കല്ല് പൊട്ടുന്നെന്ന് കണ്ടപ്പോള്‍ 'അല്ലാഹു അക്ബര്‍! ശാമിന്റെ ഖജനാവുകളുടെ താക്കോലുകള്‍ എനിക്ക് നല്‍കപ്പെട്ടിരിക്കുന്നു. ഇതാ ഞാനിപ്പോള്‍ അവിടത്തെ ചുവന്ന കൊട്ടാരങ്ങള്‍ കാണുന്നുണ്ട്.' വീണ്ടും പിക്കാസ് കൊണ്ട് നബി (സ) പാറക്കല്ല് ആഞ്ഞു വെട്ടി. അത് പൊട്ടിപ്പിളര്‍ന്നപ്പോള്‍ 'അല്ലാഹു അക്ബര്‍! പേര്‍ഷ്യന്‍ ഖജനാവുകളുടെ താക്കോല്‍കൂട്ടം എനിക്ക് നല്‍കപ്പെട്ടിരിക്കുന്നു. അവിടെയുള്ള വെള്ളക്കൊട്ടാരങ്ങള്‍ ഞാനിപ്പോള്‍ ഇവിടെയിരുന്ന് കാണുന്നു. കിസ്‌റ ചക്രവര്‍ത്തിയുടെ രാജധാനിയും സിംഹാസനവും ഞാന്‍ കാണുന്നു.' അവസാനത്തെ വെട്ടില്‍ പാറ പൂര്‍ണമായും പൊട്ടിപ്പിളര്‍ന്നു. 'അല്ലാഹു അക്ബര്‍! യമന്‍ രാജ്യത്തിന്റെ താക്കോല്‍കൂട്ടങ്ങള്‍ എനിക്ക് നല്‍കപ്പെട്ടിരിക്കുന്നു. സ്വന്‍ആ പട്ടണത്തിന്റെ പ്രവേശന കവാടങ്ങള്‍ ഇതാ, ഇവിടെയിരുന്ന് ഈ സമയത്ത് ഞാന്‍ കാണുന്നു' (അഹ്മദ്, ബൈഹഖി, നസാഈ). നബിയുടെ ഈ വാക്കുകള്‍ കേട്ടത്തോടെ അനുചരന്മാര്‍ പുളകിത ചിത്തരായി. അവര്‍ സന്തോഷഭരിതരായി. ആ സന്തോഷം തക്ബീര്‍ധ്വനികളായി, മന്ത്രമായി മുഴങ്ങി.

മുസ്‌ലിം സമുദായത്തിന്റെ അന്തഃരംഗങ്ങളില്‍ ആത്മീയവും മാനസികവുമായ ഒരു കരുത്ത് കുടികൊള്ളുന്നു്. വിപത്തുകളും പരീക്ഷണങ്ങളും മേല്‍ക്കുമേല്‍ ഒന്നായി വരുമ്പോഴാണ് മുസ്‌ലിം സമൂഹം അത് പുറത്തെടുക്കുക. സമുദായഹൃദയത്തില്‍ ചാരം മൂടിക്കിടന്ന കനലുകള്‍ കത്തിജ്ജ്വലിച്ചതും വിജയത്തിന്റെ വിളംബരം ലോകത്തെ അതിശയിപ്പിച്ചതും ചരിത്രത്തില്‍ നാം കണ്ടതാണ്.

കാരണം, ഖുര്‍ആന്‍ നല്‍കുന്ന ശുഭസൂചനകളും സന്തോഷ വാര്‍ത്തകളും അക്ഷരാര്‍ഥത്തില്‍ സത്യമായി പുലരാനുള്ളതാണെന്ന് വിശ്വസിക്കുന്നവര്‍ക്ക് ഭാവിയെക്കുറിച്ച് ഭയാശങ്കകള്‍ വേണ്ടതില്ല. ''ഈ (ഖുര്‍ആന്‍) സത്യമാണെന്ന് അവര്‍ക്ക് ബോധ്യമാകത്തക്കവണ്ണം ചക്രവാളങ്ങളിലും അവരില്‍തന്നെയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ പിന്നീട് നാം അവര്‍ക്ക് കാണിച്ചുകൊടുക്കുന്നതാണ്. നിന്റെ രക്ഷിതാവ് ഏതു കാര്യത്തിനും സാക്ഷിയാണ് എന്നതുതന്നെ മതിയായതല്ലേ?'' (ഫുസ്സ്വിലത്ത് 53).

നബി (സ) ഇസ്‌ലാമിന്റെ വികാസത്തെയും വ്യാപനത്തെയും സൂചിപ്പിച്ചു പറഞ്ഞു: ''അല്ലാഹു ഭൂമി എനിക്ക് കൈവെള്ളയില്‍ ചുരുട്ടിത്തന്നു. ഭൂമിയുടെ കിഴക്കും പടിഞ്ഞാറും ഒരുപോലെ എനിക്ക് കാണാന്‍ കഴിഞ്ഞു. അപ്പോള്‍ ഞാന്‍ കണ്ട രാജ്യങ്ങളിലെല്ലാം ഇസ്‌ലാമിന് ആധിപത്യം ഉണ്ടാവും'' (മുസ്‌ലിം).
നബി(സ)യുടെ പ്രവചനങ്ങളില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിച്ച അനുചരന്മാര്‍ക്ക് തങ്ങള്‍ക്കുണ്ടാവുന്ന അന്തിമ വിജയത്തെക്കുറിച്ച് നിറഞ്ഞ പ്രതീക്ഷകളായിരുന്നു. ഒന്നുകില്‍ തങ്ങളുടെ ജീവിതകാലത്ത്, അല്ലെങ്കില്‍ തങ്ങളുടെ കാലശേഷം അത് സംഭവിക്കുമെന്ന് അവര്‍ക്ക് ബോധ്യമുണ്ടായിരുന്നു. അബ്ദുല്ലാഹിബ്‌നു അംറിബിനില്‍ ആസ്വ് റിപ്പോര്‍ട്ട് ചെയ്യുന്നു: റസൂലിനോട് അനുചരന്മാര്‍: 'റസൂലേ, ഏതു രാജ്യമാണ് ആദ്യം ജയിച്ചടക്കപ്പെടുക? കോണ്‍സ്റ്റാന്റിനോപ്പിളോ റോമോ?' നബി (സ): 'ഹിര്‍ഖലിന്റെ പട്ടണം, അതേ, കോണ്‍സ്റ്റാന്റിനോപ്പിള്‍ ആണ് ഒന്നാമതായി ഇസ്‌ലാമിന്റെ അധീനതയില്‍ വരിക.' അത് സംഭവിച്ചു.
മറ്റൊരിക്കല്‍ നബി (സ): 'നിങ്ങള്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ ജയിച്ചടക്കുക തന്നെ ചെയ്യും. ആ സൈന്യത്തെ നയിക്കുന്ന അമീര്‍ എത്ര ധന്യന്‍! ആ സൈന്യം എത്ര അനുഗൃഹീതം!' (അഹ്മദ്).

വിവിധ കാലഘട്ടങ്ങളില്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ ജയിച്ചടക്കാന്‍ നിരവധി ശ്രമങ്ങളുണ്ടായെങ്കിലും ഈ നബിവചനത്താല്‍ ഉത്തേജിതനായ മുഹമ്മദുല്‍ ഫാത്തിഹ് എന്ന പേരില്‍ വിശ്രുതനായ മുഹമ്മദുബ്‌നു മുറാദ് രാമനാണ് ആ ഭാഗ്യം ലഭിച്ചത്.

ക്രി. 1453 മെയ് 29 (ഹിജ്‌റ 857)-ന് മുഹമ്മദുല്‍ ഫാത്തിഹ് കോണ്‍സ്റ്റാന്റിനോപ്പിള്‍ ജയിച്ചടക്കി. ഈ പ്രഥമ വിജയത്തിനു ശേഷം തുര്‍ക്കിയില്‍ മാറിവന്ന ഭരണകൂടങ്ങള്‍ ഇസ്‌ലാമില്‍നിന്ന് ബഹുദൂരം അകന്നു. അന്ത്യനാളിന്റെ അടയാളമെന്നോണം തുര്‍ക്കിയില്‍ ഒരു സമ്പൂര്‍ണ ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിതമാകുമെന്നാണ് ആധുനിക കാലത്തെ പണ്ഡിത പ്രതിഭയായ മുഹമ്മദ് ശാകിറിനെ പോലെയുള്ള മഹാരഥന്മാര്‍ ദീര്‍ഘദര്‍ശനം ചെയ്തത്.

ഹുദൈഫ (റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസ് വ്യത്യസ്ത ചരിത്ര ഘട്ടങ്ങളെ വിശകലനം ചെയ്ത് ഇസ്‌ലാമിന്റെ അന്തിമ വിജയം പ്രവചിക്കുന്നു: ചരിത്രത്തിന്റെ വിവിധ ദശകളില്‍ കടന്നുപോയ സ്വേഛാധിപതികളുടെ ഭരണം സൈനിക സര്‍വാധിപത്യം എല്ലാം ഈ പട്ടികയില്‍ ഉള്ളടങ്ങിയിട്ടു്. നബി (സ) പറഞ്ഞു: പ്രവാചകത്വം നിങ്ങളില്‍ അല്ലാഹു ഉദ്ദേശിക്കുന്ന കാലമത്രയും നിലനില്‍ക്കും. പിന്നെ അല്ലാഹു അതിനൊരു വിരാമമിടും. പിന്നീട് പ്രവാചക സരണിയില്‍ ചരിക്കുന്ന ഖിലാഫത്തിന്റെ കാലമാണ്. അല്ലാഹു ഉദ്ദേശിക്കുന്ന കാലമത്രയും അത് നില്‍ക്കും. പിന്നീട് അത് മാറ്റേ ഘട്ടമാവുമ്പോള്‍ അവന്‍ മാറ്റും. പിന്നീട് സര്‍വാധിപത്യത്തിന്റെ ഘട്ടമാണ്. അത് അല്ലാഹു ഉദ്ദേശിക്കുന്ന കാലം നിലനില്‍ക്കും. പിന്നെ അല്ലാഹു താനുദ്ദേശിക്കുന്ന സന്ദര്‍ഭത്തില്‍ അത് അവസാനിപ്പിക്കും. പിന്നീട് പ്രവാചകത്വ സരണിയില്‍ സഞ്ചരിക്കുന്ന ഖിലാഫത്തിന്റെ ഘട്ടമാണ്. പിന്നെ നബി (സ) മൗനം പാലിച്ചു'' (ബൈഹഖി, തബ്‌രി, നാസ്വിറുദ്ദീന്‍ അല്‍ബാനിയുടെ സില്‍സിലത്തുസ്സ്വഹിഹയില്‍ ഇത് സ്വഹീഹാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

തിക്താനുഭവങ്ങളും വിജയനാളുകളും

മാരക പ്രഹരങ്ങളെ അതിജീവിച്ചുകൊാണ് ചരിത്രത്തില്‍ മുസ്‌ലിം സമൂഹം കടന്നുവന്നത്. വിജയത്തിന്റെയും പരാജയത്തിന്റെയും സന്ദര്‍ഭങ്ങള്‍ ചരിത്രത്തിലുായിട്ടു്. ''ജയപരാജയങ്ങളുടെ ദിനങ്ങള്‍ നാം ജനങ്ങള്‍ക്കിടയില്‍ ആന്ദോളനം ചെയ്യിച്ചുകൊണ്ടിരിക്കും. നിങ്ങളില്‍ യഥാര്‍ഥത്തില്‍ വിശ്വസിച്ചവര്‍ ആരെന്ന് അല്ലാഹു കാണേണ്ടതിനും യഥാര്‍ഥ സത്യസാക്ഷികളെ തെരഞ്ഞെടുക്കുന്നതിനും ആകുന്നു അത്'' (ആലുഇംറാന്‍: 140).

മുസ്‌ലിം സമുദായത്തിന് കയ്പുറ്റ നിരവധി അനുഭവങ്ങള്‍ ഓര്‍ത്തെടുക്കാനുണ്ട്. നബി(സ)യുടെ വിയോഗത്തിന്റെ തൊട്ടടുത്ത നാളുകളില്‍ നേരിട്ട തിക്താനുഭവങ്ങളുടെ കാഠിന്യം മനസ്സിലാക്കാന്‍ ഉര്‍വത്തുബ്‌നു സുബൈറി(റ)ന്റെ ഒരൊറ്റ വിവരണം മതി: ''പെരുമഴക്കാലത്തെ കഠിന ശൈത്യമുള്ള രാവില്‍ ഇടയന്‍ നഷ്ടപ്പെട്ട ആട്ടിന്‍പറ്റങ്ങളെ പോലെ ആയിര്‍ത്തീര്‍ന്നു മുസ്‌ലിം സമൂഹം. പ്രവാചകനോ പോയി. മുസ്‌ലിം സമൂഹം ന്യൂനപക്ഷമായി. ശത്രുക്കള്‍ പെരുകി, ജനങ്ങള്‍ മതപരിത്യാഗികളായി- ഇങ്ങനെ അനാഥത്വത്തിന്റെ ഇരുണ്ട ദിനരാത്രങ്ങള്‍! പുത്തന്‍ പ്രവാചകത്വവാദികള്‍, സകാത്ത്‌നിഷേധികള്‍, ബൈത്തുല്‍ മാലിലേക്ക് സകാത്ത് ഒടുക്കാന്‍ വിസമ്മതിച്ചവര്‍ രംഗത്തു വന്നു, ജുമുഅ-ജമാഅത്തുകള്‍ മക്കയിലും മദീനയിലും പരിമിതമായി. മസ്ജിദുന്നബവിയില്‍ പോലും ജമാഅത്ത് ഒന്നോ രണ്ടോ സ്വഫുകളില്‍ ഒതുങ്ങി. സ്ഥിതിഗതികളുടെ ഗൗരവം മനസ്സിലാക്കിയ ഖലീഫ അബൂബക്ര്‍ സിദ്ദീഖ് ചരിത്രം എന്നും ഓര്‍ത്തുവെക്കുന്ന ചോദ്യവുമായി രംഗത്തിറങ്ങി. 'ഞാന്‍ ജീവിച്ചിരിക്കെ ദീനിന് ക്ഷതമേല്‍ക്കുകയോ?' അദ്ദേഹം ഉമറിനെ സമീപിച്ചു. ഉമറിന്റെ പ്രതികരണം അബൂബക്ര്‍ സിദ്ദീഖിനെ നടുക്കി. 'റസൂലിന്റെ ഉന്നതാധികാരിയായ അബൂബക്ര്‍! വാതില്‍ ഭദ്രമായി അടച്ചുപൂട്ടി വീട്ടില്‍ കഴിഞ്ഞുകൊള്‍ക. മരണം വന്നെത്തും വരെ ഇബാദത്തില്‍ മുഴുകുക'' അബൂബക്ര്‍: അല്ല, ഉമര്‍! ജാഹിലിയ്യാ കാലത്ത് ധീരനും വീരനും ശൂരനുമായ അങ്ങ് ഇസ്‌ലാമിന് ഒരാവശ്യം വന്നപ്പോള്‍ ഭീരുവായി പിന്മാറുകയോ?''

അബൂബക്ര്‍ ഉറച്ച കാല്‍വെപ്പുകളോടെ മുന്നോട്ടുനീങ്ങി. മക്കയും മദീനയും ത്വാഇഫും ഒഴികെ എല്ലാ ഭാഗങ്ങൡലും മുര്‍തദ്ദുകള്‍ പ്രത്യക്ഷപ്പെട്ട സന്ദര്‍ഭം. മുര്‍തദ്ദുകളുടെ സൈന്യം മദീനയെ വലയം ചെയ്തു. ചില സ്വഹാബിമാര്‍ പോലും നിരാശമുറ്റിയ സ്വരത്തില്‍ അബൂബക്‌റിനോട് സംസാരിച്ചു: 'ഖലീഫ! അറബികളോട് ഒന്നടങ്കം പടവെട്ടാന്‍ അങ്ങയ്ക്കാവില്ല. വീട്ടില്‍ അടങ്ങിയൊതുങ്ങി കഴിയുകയാണ് നല്ലത്.' പക്ഷേ അബൂബക്ര്‍ മുന്നോട്ടു പോയി. അബ്ദുല്ലാഹിബ്‌നു മസ്ഊദ് ഓര്‍ത്തെടുക്കുന്നു: 'അബൂബക്ര്‍(റ) മുഖേന അല്ലാഹു ഞങ്ങളെ അനുഗ്രഹിച്ചിട്ടില്ലായിരുന്നെങ്കില്‍ നബി(സ)യുടെ വഫാത്തോടെ ഞങ്ങളൊക്കെ നശിച്ച് ഒടുങ്ങിയേനെ!'

ഉസാമതുബ്‌നു സൈദിന്റെ നേതൃത്വത്തില്‍ നബി(സ) ഒരുക്കിനിര്‍ത്തിയ സൈന്യത്തെ വിന്യസിച്ചയക്കുന്ന ഉത്തരവാദിത്തമാണ് അബൂബക്ര്‍ (റ) ആദ്യം നിറവേറ്റിയത്. പിന്നെ, സകാത്ത്‌നിഷേധികളെ നേരിട്ടു. ''അല്ലാഹുവാണ് സത്യം, നബി(സ)യുടെ കാലത്ത് അവര്‍ നല്‍കിയത് ഒട്ടകത്തിന്റെ കയറായിരുന്നാലും ഇന്ന് അത് തടയുന്നവരോട് ഞാന്‍ യുദ്ധം ചെയ്യും. നമസ്‌കാരത്തിനും സകാത്തിനുമിടയില്‍ വ്യത്യാസം കല്‍പിച്ചവരോട് ദാക്ഷിണ്യമില്ല.'' അബൂബക്‌റിന്റെ ധീരമായ നിലപാടിനോട് മുതിര്‍ന്ന സ്വഹാബിമാരെല്ലാം യോജിച്ചു. ഈ സംഭവം അനുസ്മരിച്ച് ഒരിക്കല്‍ ഉമര്‍(റ): ''ഞങ്ങള്‍ പറഞ്ഞത് അബൂബക്ര്‍ എങ്ങാനും കേട്ടിരുന്നെങ്കില്‍ ഞങ്ങളൊക്കെ ഇപ്പോള്‍ അവിശ്വാസികളായിത്തീരുമായിരുന്നു.''

ചരിത്രകാരന്മാര്‍ ഒരു കാര്യം അടിവരയിട്ടു രേഖപ്പെടുത്തിയിട്ടുണ്ട്; ഈ ദീനിന്റെ പ്രതാപം അല്ലാഹു നിലനിര്‍ത്തിയത് രണ്ടു വ്യക്തികളിലൂടെയാണ്. മൂന്നാമതൊരാളെ ചൂണ്ടിക്കാട്ടാനില്ല. മതപരിത്യാഗത്തിന്റെ നാളുകളില്‍ അബൂബക്ര്‍. കഠിന പീഡനപര്‍വത്തില്‍ ഇമാം അഹ്മദുബ്‌നു ഹമ്പല്‍. പരീക്ഷണങ്ങളെയും പ്രതിസന്ധികളെയും അനുഗ്രഹമാക്കി മാറ്റുന്ന ചിലരെ അല്ലാഹു തെരഞ്ഞെടുക്കും. അബൂബക്ര്‍ ആ ഗണത്തില്‍പെടുന്നു. രണ്ടു വര്‍ഷത്തില്‍ കുറഞ്ഞ കാലയളവിനുള്ളില്‍ മദീനയെ വലയം ചെയ്ത മുര്‍തദ്ദുകളുടെ സേനയെ തുരത്തിയോടിക്കാന്‍ അബൂബക്‌റിന് സാധിച്ചത് മഹാത്ഭുതം തന്നെയായിരുന്നു.

തന്റെ സഹായം അല്ലാഹു വാഗ്ദാനം ചെയ്തത് സത്യമായി പുലര്‍ന്നതിന് എത്രയെത്ര ദൃഷ്ടാന്തങ്ങള്‍! ഇബ്‌നു കസീര്‍ എഴുതുന്നു: ''ഈ സമുദായത്തെ ഭൂമിയുടെ അധികാരികളും ജനനേതാക്കളും ഭരണകര്‍ത്താക്കളുമാക്കുമെന്നത് അല്ലാഹുവിന്റെ വാഗ്ദാനമാണ്. രാജ്യത്തിന്റെ നന്മയും ക്ഷേമവും അവര്‍ മുഖേനയാവും. ഭയപ്പാടിന്റെ ഘട്ടം അവസാനിച്ച് സുരക്ഷിതത്വത്തിന്റെയും നിര്‍ഭയത്വത്തിന്റെയും നല്ല നാളുകള്‍ വരും. നബി(സ)യുടെ ജീവിതകാലത്തു തന്നെ അല്ലാഹു ഈ വാഗ്ദാനം നിറവേറ്റിക്കാണിച്ചുവല്ലോ. നബി(സ)യുടെ കാലത്ത് മക്കയും ഖൈബറും ബഹ്‌റൈനും അറബ് ഭൂഖണ്ഡത്തിന്റെ വലിയൊരു ഭാഗവും യമന്‍ പൂര്‍ണമായും ഇസ്‌ലാമിന്റെ അധീനതയില്‍ വന്നു. ബഹ്‌റൈനിലെ അഗ്നിയാരാധകര്‍ ജിസ്‌യ നല്‍കാന്‍ നിര്‍ബന്ധിതരായി. ശാമി(സിറിയ)ന്റെ പല ഭാഗങ്ങളും ജയിച്ചടക്കി. ഹിര്‍ഖലും ഈജിപ്തിന്റെ ഭരണാധികാരിയായ മുഖൗഖിസും ഉമാന്‍ രാജാക്കന്മാരും എത്യോപ്യന്‍ ചക്രവര്‍ത്തി നജ്ജാശിയും ഇസ്‌ലാമിക രാഷ്ട്രവുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടു. നബി(സ)യുടെ വിയോഗത്തെ തുടര്‍ന്ന് അധികാരമേറ്റെടുത്ത അബൂബക്‌റിന്റെ കാലത്ത് വിജയ പരമ്പരകളായിരുന്നു. പേര്‍ഷ്യയിലേക്കും ശാമിലേക്കും ഈജിപ്തിലേക്കും സൈന്യത്തെ അയച്ചു തുടങ്ങിയ അബൂബക്‌റിന്റെ വിയോഗാനന്തരം ഉമര്‍ (റ) ആ ദൗത്യം പൂര്‍ത്തീകരിച്ചു. ശാമും ഈജിപ്തും മുഴുവനായും പേര്‍ഷ്യയുടെ പല ഭാഗങ്ങളും ഇസ്‌ലാമിന്റെ കീഴിലായി. കിസ്‌റയെയും കൈസറിനെയും തുരത്തിയോടിച്ചു. കോണ്‍സ്റ്റാന്റിനോപ്പിള്‍ ലക്ഷ്യമാക്കി നീങ്ങി. ഉസ്മാന്റെ കാലഘട്ടമായതോടെ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ അതിരുകള്‍ വികസിച്ചു. മൊറോക്കോ മുതല്‍ ചൈനവരെ ജൈത്രയാത്ര തുടര്‍ന്നു. ഇറാഖും അഹ്‌വാസും ഖുറാസാനും ഇസ്‌ലാമിന്റെ അധികാരത്തിലായി. ഈ രാജ്യങ്ങളില്‍നിന്നെല്ലാം നികുതിപ്പണം (ഖറാജ്) വന്നുകൊണ്ടിരുന്നു.

കുരിശുയുദ്ധത്തിന്റെ ചോരപ്പാടുകള്‍

മധ്യപൗരസ്ത്യ രാജ്യങ്ങളിലേക്ക് കടന്നുകയറിയ കുരിശു യോദ്ധാക്കള്‍ ശാമിലെ മിക്ക പട്ടണങ്ങളും അധീനപ്പെടുത്തി. പാശ്ചാത്യ രാജ്യങ്ങളിലെ രാജാക്കന്മാരും പുരോഹിതന്മാരും കുരിശും ത്രിയേകത്വവുമായി മുസ്‌ലിം രാജ്യങ്ങളില്‍ തേര്‍വാഴ്ച നടത്തി. കുട്ടികളെയും സ്ത്രീകളെയും കൊന്നുതള്ളി രക്തദാഹം തീര്‍ത്ത കുരിശു യോദ്ധാക്കളുടെ കൈകളില്‍ അമര്‍ന്നു ഖുദ്‌സ്. സര്‍വസൈന്യാധിപനായ റിമോണ്ടിന്റെ കാല്‍മുട്ടുവരെ മുസ്‌ലിം രക്തം പുഴയായൊഴുകി. ഖുബ്ബത്തുസ്സഖ്‌റയില്‍ കുരിശു നാട്ടി. മസ്ജിദുല്‍ അഖ്‌സ്വായുടെ മിഹ്‌റാബില്‍ കുതിരകളെയും പന്നികളെയും കെട്ടിയിട്ടു. മസ്ജിദുല്‍ അഖ്‌സ്വായുടെയും ഖുദ്‌സ് നഗരത്തിന്റെയും അങ്കണങ്ങളും തെരുവുകളും മുസ്‌ലിംകളുടെ മൃതശരീരങ്ങളാല്‍ നിറഞ്ഞു. ചൂടാറാത്ത മൃതശരീരങ്ങളില്‍നിന്ന് മാംസം മുറിച്ചെടുത്ത് ചുട്ടുതിന്ന അനുഭവം പോലുമുണ്ടായി. 90000 പേരെയാണ് അന്ന് കൊന്നുതള്ളിയത്. കുരിശു യോദ്ധാക്കള്‍ 200 വര്‍ഷം ശാമിനെയും പുണ്യപ്രദേശങ്ങളെയും അടക്കി ഭരിച്ചു. കുരിശിന്റെ കൂരിരുട്ട് മുസ്‌ലിം രാജ്യങ്ങളില്‍നിന്ന് ഇനി നീങ്ങിപ്പോകില്ലെന്നു വരെ ജനങ്ങള്‍ ധരിച്ചുവശായി. ഇനിയങ്ങോട്ട് നിന്ദ്യത പേറാനില്ലെന്ന അവസ്ഥയോളം മുസ്‌ലിംകള്‍ പതിതരും അപമാനിതരുമായിത്തീര്‍ന്നു.

പ്രതീക്ഷകള്‍ അസ്തമിച്ച ഈ കൂരിരുള്‍ ഭേദിച്ച് മുസ്‌ലിം സമൂഹത്തിന് ഒരു രക്ഷകനെ കിട്ടി - ഇമാമുദ്ദീന്‍ സന്‍കി. അലപ്പോവിനും അന്‍താഖിയക്കുമിടയിലുള്ള അസാരിബ് കോട്ട ഫ്രഞ്ചുകാരില്‍നിന്ന് പിടിച്ചെടുത്ത ഇമാദുദ്ദീന്റെ പടയോട്ടം മുസ് ലിം സമൂഹത്തില്‍ ആത്മവിശ്വാസം വളര്‍ത്തി. ഹി. 539-ല്‍ കുരിശു യോദ്ധാക്കളില്‍നിന്ന് മിക്ക പട്ടണങ്ങളും മോചിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. നൂറുദ്ദീന്‍ സന്‍കി പലതവണ ഫ്രഞ്ച് സൈന്യത്തെ തുരത്തി. കുര്‍ദ് വംശജനായ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ രംഗപ്രവേശത്തോടെ ബൈത്തുല്‍ മുഖദ്ദസിന്റെയും മസ്ജിദുല്‍ അഖ്‌സ്വയുടെയും മോചനത്തിന് വേഗം കൂടി. കുരിശു യോദ്ധാക്കളുടെ തോല്‍വിയില്‍ കലാശിച്ച യുദ്ധങ്ങള്‍ നയിച്ച സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി മുസ്‌ലിം സമൂഹത്തിന് വിനഷ്ടമായ പ്രതാപം വീണ്ടെടുത്തു. സ്വലാഹുദ്ദീന്‍ അയ്യൂബി അഖ്‌സ്വായുടെ മോചനം സാധിക്കുകയും പുണ്യഗേഹങ്ങള്‍ തിരിച്ചുപിടിക്കുകയും ചെയ്തു. മുസ്‌ലിം സമൂഹം രണ്ടു നൂറ്റാണ്ടു നീണ്ട അടിമത്തത്തില്‍നിന്ന് മോചിതരായി.

താര്‍ത്താരികളുടെ ആക്രമണം

ബ്രിട്ടീഷ് ഓറിയന്റലിസ്റ്റ് എഡ്വേര്‍ഡ് ഗ്രാന്റ് വില്ലെ  A Literary History of Persia  എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു: ''ലോകത്ത് ഇന്നേവരെ ഒരു ജനതയും അനുഭവിക്കാത്ത പീഡനങ്ങളാണ് മംഗോളിയക്കാരുടെ അധിനിവേശകാലത്ത് ഇസ്‌ലാമും മുസ്‌ലിംകളും അനുഭവിച്ചത്.'' ചെങ്കിസ് ഖാന്റെ പടയാളികള്‍ മുസ്‌ലിം നാടുകളിലെത്തുന്നത് 1218-ഓടെയാണ്. മംഗോളിയക്കാര്‍ മുസ്‌ലിംകളോട് കാണിച്ച ക്രൂരതക്ക് ചരിത്രത്തില്‍ സമാനതയില്ല. നിഷാപൂരില്‍ 17,47,000 പേരെയും ബഗ്ദാദിലും ഹീറയിലും പതിനാറ് ലക്ഷം പേരെ വീതവും സമര്‍ഖന്ദില്‍ ഒമ്പതര ലക്ഷം പേരെയും മെര്‍വില്‍ ഏഴു ലക്ഷം പേരെയും അലപ്പോയില്‍ അമ്പതിനായിരം പേരെയും കൊന്നൊടുക്കിയാണ് മംഗോളിയര്‍ തങ്ങളുടെ സാമ്രാജ്യം വികസിപ്പിച്ചതെന്ന് സയ്യിദ് അമീര്‍ അലി 'സാരസന്മാരുടെ ലഘുചരിത്രം' എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. ലോകത്തിന്റെ രത്‌നമായ ബഗ്ദാദ് തകര്‍ന്നു തരിപ്പണമായി. യൂഫ്രട്ടീസിലും ടൈഗ്രീസിലും ഒഴുകിയത് മനുഷ്യരക്തമാണ്. അഞ്ചു നൂറ്റാണ്ടു കാലത്തെ വൈജ്ഞാനിക മുന്നേറ്റത്തിന്റെ രേഖകള്‍ സൂക്ഷിച്ച ലോകപ്രശസ്ത ഗ്രന്ഥാലയങ്ങള്‍ ചുട്ടുചാമ്പലാക്കി. സ്ത്രീകള്‍ കൂട്ടമായി ബലാത്സംഗം ചെയ്യപ്പെട്ടു. മൃഗങ്ങളെ ഇസ്‌ലാമിക രീതിയില്‍ അറുക്കുന്നത് നിരോധിച്ചു. മംഗോളിയന്‍ രീതിയില്‍ അറുത്ത മാംസം കഴിക്കാന്‍ മുസ്‌ലിംകള്‍ നിര്‍ബന്ധിക്കപ്പെട്ടു. ചേലാകര്‍മം നിരോധിച്ചു. ചെങ്കിസ് ഖാന്‍ മുസ്‌ലിംകളെ വിളിച്ചത് അടിമകള്‍ എന്നാണ്.

പീഡനത്തിന്റെ പാരമ്യത്തില്‍നിന്ന് തങ്ങളെ രക്ഷിക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയല്ലാതെ മറ്റൊരു വഴിയും മുസ്‌ലിംകള്‍ക്കു മുന്നില്‍ ഉണ്ടായിരുന്നില്ല. മംഗോളിയക്കാര്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും ആരും ധൈര്യപ്പെട്ടില്ല. അല്ലാഹുവിന്റെ തീരുമാനം പക്ഷേ മറ്റൊന്നായിരുന്നു. പീഡകരായ താര്‍ത്താരികളെ മുസ്‌ലിംകളുടെ രക്ഷകരും ഇസ്‌ലാമിന്റെ അനുയായികളുമായി മാറ്റാനായിരുന്നു പദ്ധതി. ചെങ്കിസ് ഖാന്റെ ചെറുമകന്‍ ബര്‍ഖെ ഖാന്‍ തന്റെ പടയോട്ടകാലത്ത് ഇസ്‌ലാം സ്വീകരിക്കുന്നതോടെയാണ് മംഗോളിയന്‍ അധിനിവേശത്തിന്റെ ചരിത്രം മാറുന്നത്. തന്റെ 32-ാം വയസ്സില്‍ ബുഖാറയില്‍നിന്ന് വന്ന ഒരു സാധാരണ കച്ചവടസംഘത്തില്‍നിന്ന് ഇസ്‌ലാമിനെക്കുറിച്ച് കേള്‍ക്കാനിട വന്ന ബര്‍ഖെ ഖാന്‍ ഇസ്‌ലാം സ്വീകരിക്കുകയായിരുന്നു. തിമൂറിനോടൊപ്പം ബര്‍ഖെ ഖാന്‍ ഇസ്‌ലാമിന്റെ പ്രബോധകനും പ്രചാരകനുമായി മാറിയ മഹാത്ഭുതമാണ് പിന്നെ സംഭവിച്ചത്.നിരാശയുടെയും മോഹഭംഗത്തിന്റെയും ആത്മഹത്യാപരമായ നിലപാടില്‍നിന്ന് മാറി കര്‍മാവേശത്തോടെ ക്രിയാത്മക പ്രവര്‍ത്തനങ്ങളില്‍ നിരതരാവുകയും ഇസ്‌ലാമിന്റെ യാഥാര്‍ഥ്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്ന പ്രബോധന പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയുമാണ് മുസ്‌ലിംകള്‍ വേണ്ടത്. താര്‍ത്താരികളുടെ മനസ്സ് മാറ്റാന്‍ കച്ചവടസംഘത്തിലെ സാധാരണക്കാര്‍ക്ക് സാധിച്ചുവെങ്കില്‍ ഭരണത്തിന്റെ ഉന്നതങ്ങളില്‍ വിരാജിക്കുന്നവരില്‍ ഇസ്‌ലാമിന്റെ സന്ദേശമെത്തിക്കുകയെന്നത് കഴിവും ശേഷിയുമുള്ള സമൂഹത്തിന് സാധിക്കാവുന്നതേയുള്ളൂ.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (12-15)
ടി.കെ ഉബൈദ്‌

ഹദീസ്‌

നന്ദിയുള്ള അടിമയാവുക
പി.വൈ സൈഫുദ്ദീന്‍