Prabodhanm Weekly

Pages

Search

2019 ജൂണ്‍ 21

3106

1440 ശവ്വാല്‍ 17

'ബദ്‌ലിസ്ഥാന്‍'; പേരിന്റെ പേരിലൊരു പോര് 

ആദില നാസര്‍

ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് പലപ്പോഴും നമ്മള്‍ ചോദിക്കാറുണ്ട്. എന്നാല്‍ ചരിത്രത്തിലേക്കും സംസ്‌കാരത്തിലേക്കും വരുമ്പോള്‍ ഒരു പേര് പലതുമാണ്. ഏതൊരു ജനതയുടെ അഭിമാനത്തിന്റെയും ശക്തിയുടെയും ഓര്‍മയുടെ പ്രഭവകേന്ദ്രമാവും ചരിത്രത്തില്‍ പേര്. ഇന്ത്യയിലെ മുസ്‌ലിം പൈതൃകം സ്ഫുരിക്കുന്ന ചരിത്ര സ്ഥലങ്ങളുടെയും നിര്‍മിതികളുടെയും പേര് മാറ്റുന്ന സംഘ്പരിവാര്‍ അജണ്ടയുടെ ഉള്‍ക്കള്ളികള്‍ തുറന്നുകാട്ടുകയാണ് 'ബദ്‌ലിസ്ഥാന്‍' എന്ന റാപ് മ്യൂസിക് വീഡിയോ.
പേരുമാറ്റത്തിലൂടെ ചരിത്രത്തെ വളച്ചൊടിച്ച് നുണപ്രചാരണങ്ങളും തെറ്റിദ്ധാരണകളും ഉല്‍പാദിപ്പിച്ചുകൊണ്ട് സാംസ്‌കാരികമായ വംശീയ ഉന്മൂലനം സാധ്യമാക്കലാണ് സംഘ്പരിവാറിന്റെ ലക്ഷ്യമെന്ന് ഇതിനോടകം ഫേസ്ബുക്കിലും യൂട്യൂബിലും വൈറലായിക്കൊണ്ടിരിക്കുന്ന റാപ് വീഡിയോ പറഞ്ഞു വെക്കുന്നു. ഒരു ഇന്ത്യന്‍ യാത്രയെക്കുറിച്ച് ആലോചിക്കുമ്പോള്‍തന്നെ താജ്മഹല്‍, ഖുത്വ്ബ് മിനാര്‍, ലാല്‍ഖില, ഫത്തേപ്പൂര്‍ സിക്രി തുടങ്ങിയ ഐതിഹാസികമായ മുസ്‌ലിം ഭരണത്തിന്റെ അവശേഷിപ്പുകളായിരിക്കും ആദ്യം മനസ്സിലേക്ക് ഓടിയെത്തുക എന്ന് പറഞ്ഞുകൊണ്ടാണ് 'ബദ്‌ലിസ്ഥാനി'ലെ വരികള്‍ ആരംഭിക്കുന്നത്. ലോകാടിസ്ഥാനത്തില്‍തന്നെ ഇന്ത്യക്ക് അഭിമാനകരമായ ഒട്ടേറെ സംഭാവനകള്‍ നല്‍കാന്‍ പന്ത്രണ്ടാം നൂറ്റാണ്ട് മുതല്‍ ആരംഭിച്ച മുസ്‌ലിം ഭരണങ്ങള്‍ക്കായിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര സ്മാരകങ്ങളും മറ്റു കേന്ദ്രങ്ങളുമെല്ലാം തന്നെ മുസ്‌ലിം പൈതൃകമുള്‍ക്കൊള്ളുന്നവയാണ്. എന്നാല്‍ ഈ മഹത്തായ ചരിത്രയാഥാര്‍ഥ്യങ്ങളെ വികലമാക്കാനും അതുവഴി മുസ്‌ലിം വിഭാഗത്തിന്റെ സാംസ്‌കാരികവും രാഷ്ട്രീയപരവും ചരിത്രപരവുമായുള്ള സംഭാവനകളെ തെറ്റിദ്ധരിപ്പിക്കാനുമാണ് ചരിത്രപ്രസിദ്ധമായ പ്രദേശങ്ങളുടെയും സ്മാരകങ്ങളുടെയുമെല്ലാം പേരുമാറ്റലിലൂടെ സംഘ്പരിവാര്‍ ലക്ഷ്യമിടുന്നത്. 
സാംസ്‌കാരികമായ വംശീയ ഉന്മൂലനം (Cultural Genocide)  സാധ്യമാക്കുന്നതിന്റെ ആദ്യ പടിയായി വേണം പേരുമാറ്റലിനെ മനസ്സിലാക്കാന്‍. അലഹബാദിനെ പ്രയാഗ് രാജാക്കിയും ഫൈസാബാദിനെ അയോധ്യയാക്കിയും മുഗള്‍ ശറായ് ജംഗ്ഷനെ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ നഗര്‍ ആക്കിയുമെല്ലാം രാജ്യത്തെ മുസ്‌ലിം പൈതൃകത്തിന്റെ വേരറുത്തുമാറ്റിക്കൊണ്ടിരിക്കുകയാണ് ഹിന്ദുത്വ രാഷ്ട്രീയം. ഇതുകൂടാതെ ആഗ്രയെ അഗര്‍വാള്‍ ആക്കണമെന്നും മുസഫര്‍നഗറിനെ ലക്ഷ്മി നഗര്‍ ആക്കിമാറ്റണമെന്നുമെല്ലാമുള്ള ആവശ്യങ്ങള്‍ ബി.ജെ.പി വക്താക്കള്‍ക്കിടയില്‍ ശക്തമാണ്. ഇന്ത്യയുടെ അഭിമാനമായ താജ്മഹല്‍ പോലും ഇതില്‍നിന്ന് മുക്തമല്ല. ഇത്തരത്തില്‍ ചരിത്രത്തെ വളച്ചൊടിച്ച് മുസ്‌ലിംകളുടെ ചരിത്രപരവും സാംസ്‌കാരികവുമായ നേട്ടങ്ങളെ ഇല്ലാതാക്കുന്ന ഹിന്ദുത്വ അജണ്ടകളെ രാം പുനിയാനിയുടെ 'കമ്യൂണല്‍ പൊളിറ്റിക്‌സ്' അടക്കമുള്ള പുസ്തകങ്ങള്‍ തുറന്നുകാട്ടുന്നുണ്ട്. 
വിദ്വേഷവും വെറുപ്പും പ്രചരിപ്പിച്ചതിന്റെ മാത്രം പാരമ്പര്യമുള്ളവരുടെ ഇത്തരത്തിലുള്ള വോട്ടുബാങ്ക് രാഷ്ട്രീയത്തെ ബദ്‌ലിസ്ഥന്‍ കണക്കിന് വിമര്‍ശിക്കുന്നുണ്ട്. ചരിത്രത്തെ കൊന്നുകൊണ്ടിരിക്കുന്ന, ഓര്‍മകളെ കാവിവല്‍ക്കരിക്കുന്ന വിദ്വേഷത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും വക്താക്കളോട് നിങ്ങളെത്രയൊക്കെ ശ്രമിച്ചാലും പൈതൃകത്തെ അത്രയെളുപ്പമൊന്നും മായ്ച്ചുകളയാന്‍ കഴിയില്ല എന്ന മഹാകവി അല്ലാമാ ഇഖ്ബാലിന്റെ 'ആസാന്‍ നഹി മിട്ടാന നാം ഓര്‍ നിശാന്‍ ഹമാര' എന്ന പ്രശസ്ത വരികളോടെയാണ് വീഡിയോ അവസാനിക്കുന്നത്.
വേറെ എന്ത് പേരിട്ടു വിളിച്ചാലും റോസാപ്പൂവിന്റെ ഗന്ധം അതേ പടിയുണ്ടാവും എന്ന ഷെക്‌സ്പിയര്‍ നാടകത്തിലെ പ്രസിദ്ധ ഡയലോഗ് ഉദ്ധരിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ബദ്‌ലിസ്ഥാന്‍ എന്ന പേരില്‍ പോലും സ്ഥലപ്പേരുമാറ്റത്തിന്റെ രാഷ്ട്രീയത്തെ പരിഹസിക്കുന്നു്. ദല്‍ഹിയിലെയും യു.പിയിലെയും ചരിത്ര സ്മാരകങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നത് വീഡിയോയുടെ മാറ്റു കൂട്ടുന്നു. ചടുലമായ ഹിപ് ഹോപ് ശൈലിയിലുള്ള റാപ്പില്‍ ഇംഗ്ലീഷും ഉര്‍ദുവുമാണ് ഉപയോഗിച്ചിരിക്കുന്നത്. 
  വീഡിയോ ഈ യൂട്യൂബ് ലിങ്കില്‍ കാണാവുന്നതാണ്: https://youtu.be/VTHTiyb95vQ 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (7-11)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഭൗതിക ജീവിതത്തോടുള്ള വിശ്വാസിയുടെ നിലപാട്
കെ.സി ജലീല്‍ പുളിക്കല്‍