Prabodhanm Weekly

Pages

Search

2012 ഫെബ്രുവരി 18

കൊച്ചിയില്‍ ഭീകരാക്രമണം?

ഇഹ്‌സാന്‍

മുംെബെ സ്‌ഫോടനകാലത്ത് നഗരത്തിലുണ്ടായിരുന്ന ഒരു 'ജൂതപുരോഹിതനെ'യും ഭാര്യയെയും കേരളത്തില്‍ പോയവാരം അറസ്റ്റു ചെയ്തിരുന്നല്ലോ. ഷെനോര്‍ സല്‍മാനും ഭാര്യ യോഫ ഷെനോയിയും കൊച്ചിയിലെ മട്ടാഞ്ചേരിയില്‍ നിയമം ലംഘിച്ച് താമസിക്കുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്. ഇസ്രയേലിലെ അഭിനവ യജമാനന്മാരോടുള്ള അനുരാഗം മൂലമാണോ എന്തോ പിടിയിലകപ്പെട്ടവരുടെ കുറ്റം കേവലം വിസാ ചട്ടങ്ങളുടെ ലംഘനം മാത്രമായി ഗൗരവം കുറച്ചു കാട്ടാനുള്ള തിടുക്കത്തിലാണ് കേരളത്തിലെ പോലീസ്. സംസ്ഥാന പോലീസ് പറയുന്നതു കേട്ടാല്‍ തോന്നുക രണ്ട് സാധാരണ ജൂതന്മാര്‍ ടൂറിസ്റ്റ് വിസയിലെത്തി കാലാവധി തീര്‍ന്നിട്ടും നഗരത്തില്‍ തങ്ങുകയും എന്നാല്‍ സമര്‍ഥമായി ഇടപെട്ട പോലീസ് അവരെ വലയിലാക്കുകയും ചെയ്തുവെന്നാണ്. എന്നാല്‍ പുരോഹിത വേഷത്തിലെത്തി ചാര പ്രവര്‍ത്തനം നടത്തിയതാണ് ഇവര്‍ പിടിയിലകപ്പെടാനുള്ള കാരണമെന്നാണ് ലഭ്യമായ സാഹചര്യ തെളിവുകള്‍ നല്‍കുന്ന സൂചന. അതുതന്നെയും പോലീസിനെക്കാളേറെ നാട്ടുകാരുടെ ഇടപെടലായിരുന്നു ഇവരെ കുടുക്കിയത്. മുംെബെ ആക്രമണകാലത്ത് അജ്മല്‍ അമീര്‍ കസബിനെ മാസങ്ങള്‍ മുമ്പേ നഗരത്തില്‍ കണ്ടതായി ചില ദൃക്‌സാക്ഷികള്‍ അവകാശപ്പെട്ട അതേ ചബാഡ് ലുബാവിക് സെന്ററിന്റെ കൊച്ചിയിലെ ഓഫീസിലാണ് പിടയിലായ റബ്ബിയും ഭാര്യയും താമസിച്ചു വന്നത്. പൂനെയിലെ ജര്‍മന്‍ ബേക്കറി സ്‌ഫോടനകാലത്തും ഇതേ ചബാഡ് സെന്ററിന്റെ പേര് അസുഖകരമായ സാഹചര്യത്തില്‍ ഉയര്‍ന്നു കേട്ടിരുന്നു. നേര്‍ക്കുനേരെ പറഞ്ഞാല്‍ രണ്ട് ഇസ്രയേലി ചാരന്മാരെ ഗതികേടു കൊണ്ട് കേരള പോലീസിന് പിടിക്കേണ്ടി വന്നു എന്നതായിരുന്നു ഇതിലെ യഥാര്‍ഥ വാര്‍ത്ത.
കേരളം ഇസ്രയേലി ചാരന്മാരുടെ പറുദീസയാണെന്നും സംസ്ഥാന പോലീസിലെ പല ഉന്നതന്മാരുമായും മൊസാദിന് അസാധാരണമായ ബന്ധങ്ങളുണ്ടെന്നുമൊക്കെ സംശയിക്കാന്‍ ഇടനല്‍കുന്നതാണ് ഈ സംഭവം. കുമളിയില്‍ പരവതാനി കച്ചവടം നടത്താനെത്തിയ കശ്മീരിയെയും ഒമാനില്‍ നിന്ന് ചികിത്സാവശ്യാര്‍ഥം തിരുവനന്തപുരത്തെത്തിയ അറബ് കുടുംബത്തെയും വേട്ടയാടാന്‍ പോലീസ് കാണിച്ച തിടുക്കം ജൂത പുരോഹിതന്റെ കാര്യത്തില്‍ അവര്‍ക്കുണ്ടായിരുന്നില്ല. ഇയാള്‍ പലതവണ നിയമം ലംഘിച്ച് ഇന്ത്യയില്‍ വന്നു പോയിട്ടുണ്ടെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. അയാള്‍ വരികയും പോവുകയും ചെയ്യുന്നതിരിക്കട്ടെ. അത് വിദേശകാര്യ വകുപ്പുമായി ബന്ധപ്പെട്ട കാര്യമാണ്. പക്ഷേ എവിടെയാണ് ഇങ്ങോര്‍ കേരളത്തില്‍ സന്ദര്‍ശിക്കുന്നത്? ചബാഡ് ലുബാവിക് കേന്ദ്രത്തിന് കൊച്ചിയിലും ഓഫീസുണ്ടെന്നും ആ കെട്ടിടമാണ് പ്രതിമാസം 50,000 രൂപ വാടകക്ക് പ്രവര്‍ത്തിക്കുന്നതെന്നുമാണ് നമ്മുടെ രഹസ്യ പോലീസുകാര്‍ മാധ്യമങ്ങളോടു മൂടിവെച്ച വിവരം. പിടിയിലായ ജൂത പുരോഹിതന്‍ ഇസ്രയേലിലെ വൈനെറ്റ് എന്ന വെബ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ പക്ഷേ കാര്യം 'ക്ലീനാ'യി പറയുന്നുണ്ട്. ചബാഡ് ലുബാവികിനെ നാം ഭയപ്പെടുക തന്നെ വേണം. സാഹചര്യ തെളിവുകള്‍ വിരല്‍ ചൂണ്ടുന്നത് അട്ടിമറി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനായി മൊസാദ് ലോകത്തുടനീളം പ്രവര്‍ത്തിക്കുന്ന വ്യാജ മേല്‍വിലാസമാണ് അതെന്നാണ്. മുംബൈ ആക്രമണത്തിന്റെ തനിയാവര്‍ത്തനം സമീപഭാവിയില്‍ കൊച്ചിയില്‍ ഉണ്ടാവുമെന്ന് ഇക്കണക്കിന് പോയാല്‍ സംശയിക്കേണ്ടി വരും. മുംബൈ ആക്രമണത്തിന്റെ ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും മുമ്പേ ചബാഡ് ലുബാവിക് കേന്ദ്രത്തില്‍ അജ്മല്‍ അമീര്‍ കസബ് താമസിക്കാനായി എത്തിയിരുന്നുവെന്നും ആ കേന്ദ്രത്തിലേക്ക് സംഭവത്തിന്റെ രണ്ടു ദിവസം മുമ്പെ ഇയാള്‍ 50 കിലോ ഇറച്ചിയും രണ്ട് കേയ്‌സ് മദ്യകുപ്പികളും വാങ്ങി കൊണ്ടുപോയിരുന്നുവെന്നും അക്കാലത്ത് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ മറക്കാതിരിക്കുക.
മതപുരോഹിതന്മാരുടെ വേഷം കെട്ടിയവര്‍ തന്നെയാണ് മുംബൈ നരിമാന്‍ ഹൗസിലെ ചബാഡ് ലുബാവികിലും താമസക്കാരായി ഉണ്ടായിരുന്നത്. സംഭവത്തില്‍ കൊല്ലപ്പെട്ട റബ്ബി ഗവ്‌റിയേലും ഭാര്യ റിവ്ക ഹോള്‍സ്‌ബെര്‍ഗും കൊച്ചിയില്‍ ഇപ്പോള്‍ പിടിയിലായ സല്‍മാന്റെയും യോഫയുടെയും പ്രതിരൂപങ്ങളായിരുന്നു. മട്ടാഞ്ചേരിയിലെ ഈ ലുബാവിക് കേന്ദ്രത്തില്‍ അര്‍ധരാത്രി അപരിചിതരായ പലരും വന്നു പോകാറുണ്ടെന്നാണ് സമീപവാസികള്‍ ആരോപിക്കുന്നത്. കേവലം ഒമ്പത് ജൂതന്മാര്‍ മാത്രമുള്ള മട്ടാഞ്ചേരിയില്‍ ആരായിരുന്നു സല്‍മാന്റെയും ഷെനോയിയുടെയും സന്ദര്‍ശകര്‍? പത്തുപേര്‍ ഒത്തുകൂടിയാലല്ലാതെ മതാചാരപ്രകാരമുള്ള പ്രാര്‍ഥന പോലും സാധ്യമല്ലാത്ത ജൂതന്മാര്‍ക്ക് മട്ടാഞ്ചേരിയില്‍ ഇത്രയുമധികം പാതിരാ സന്ദര്‍ശകര്‍ വരാനുണ്ടായ കാരണം? ഇമെയില്‍ വിവാദത്തില്‍ നിന്ന് മുഖം രക്ഷിക്കാനാണെങ്കിലും ജൂതചാരന്മാരെ പിടികൂടാന്‍ തയാറായ കേരള പോലീസിനെ സമ്മതിക്കണം. തീക്കൊള്ളി കൊണ്ടാണ് അവര്‍ തല ചൊറിയാന്‍ തയാറായത്. ഇസ്രയേലിന്റെ അതിഗൂഢമായ താല്‍പര്യം എന്തായിരുന്നുവെന്ന് ഭരണകൂടം അറിയാത്തതു കൊണ്ടാവില്ല സംസ്ഥാന സര്‍ക്കാര്‍ ഈ ചബാഡ് ലുബാവികിന് പ്രവര്‍ത്തന അനുമതി നല്‍കിയത്. ചബാഡുകാര്‍ എന്തോ വലിയ സാഹസത്തിനുള്ള ഒരുക്കത്തിലായിരുന്നുവെന്ന് സംശയിക്കണം. ഇമെയില്‍ വിവാദം പുറത്തു വന്നിട്ടില്ലായിരുന്നു എന്ന് സങ്കല്‍പ്പിക്കുക. കേരളത്തില്‍ ഇവര്‍ വല്ലതും 'ഒപ്പിച്ചാല്‍' പ്രതികളെ ഉണ്ടാക്കിയെടുക്കല്‍ എളുപ്പമാകുമായിരുന്നില്ലേ?
കെന്നത്ത് ഹേവുഡ് എന്ന അമേരിക്കന്‍ പാതിരി പോട്ടേഴ്‌സ് ചര്‍ച്ച് എന്ന വ്യാജവിലാസത്തില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുകയും പിന്നീട് ഇതേ പാതിരിയുടെ ലാപ്‌ടോപ്പില്‍ നിന്ന് അഹ്മദാബാദ്-ദല്‍ഹി സ്‌ഫോടനങ്ങളുടെ സന്ദേശം പുറപ്പെട്ടുപോവുകയും ചെയ്തത് ഓര്‍ക്കുക. ഹേമന്ത് കര്‍ക്കരെ ആയിരുന്നു അത് കണ്ടെത്തിയ ഉദ്യോഗസ്ഥന്‍. ഈ പാതിരിയെ രായ്ക്കുരാമാനം അമേരിക്കയിലേക്ക് കയറ്റിവിട്ടാണ് നാം 'ശിക്ഷ''നടപ്പാക്കിയത്. ഇസ്രയേലികളുടെ കാര്യത്തിലും അതുതന്നെയാണ് സംഭവിക്കുന്നതെങ്കില്‍, വരാനിരിക്കുന്ന വന്‍ ദുരന്തത്തെ തടുക്കാനോ അതിന്റെ പിന്നില്‍ രഹസ്യയോഗം കൂടിയവരെ കണ്ടെത്താനോ കേരളത്തിന് കഴിഞ്ഞെന്നു വരില്ല. എന്നല്ല ഇമെയില്‍ വിവാദത്തിന്റെ ലക്ഷ്യം ഹേമചന്ദ്രന്മാര്‍ അപ്പോള്‍ വെളിപ്പെടുത്തുകയും ചെയ്യുമായിരിക്കും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം