Prabodhanm Weekly

Pages

Search

2019 ജൂണ്‍ 14

3105

1440 ശവ്വാല്‍ 10

മോദിയുടെ തുടര്‍ഭരണം ഇന്ത്യയെ കാത്തിരിക്കുന്നത്

എ. റശീദുദ്ദീന്‍

മതേതരത്വം എന്ന വാക്കിന് ഇത്രയും കാലം ബി.ജെ.പി നല്‍കിക്കൊണ്ടിരുന്ന വിശദീകരണം മുസ്‌ലീം പ്രീണനം എന്നാണ്. 'സബ് കാ സാഥ്, സബ് കാ വികാസ്' എന്ന മുദ്രാവാക്യത്തിന് 'എല്ലാവരോടുമൊപ്പം, ആരോടും പ്രീണനമില്ലാതെ' എന്നാണ് പാര്‍ട്ടിയുടെ നേതാക്കള്‍ കല്‍പ്പിച്ചിരുന്ന അര്‍ഥം. പ്രതിപക്ഷത്തെ മുസ്ലിംകളുമായും മുസ്ലിംകളെ പാകിസ്താനുമായും ചേര്‍ത്തുകെട്ടിയ തികച്ചും പ്രതിലോമകരമായ പ്രചാരണത്തിലൂടെ തെരഞ്ഞെടുപ്പ് ജയിച്ചതിനു ശേഷം പ്രധാനമന്ത്രി സെക്യുലരിസത്തിന് പുതിയൊരു വ്യാഖ്യാനവുമായി രംഗത്തെത്തിയിരിക്കുന്നു. ഈ വാക്ക് യഥാര്‍ഥത്തില്‍ മുസ്‌ലീംകളെ വഞ്ചിക്കാനായാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിച്ചിരുന്നതെന്നും ഈ യാഥാര്‍ഥ്യമാണ് താന്‍ ഒറ്റക്കു പോരാടി തെളിയിച്ചതെന്നുമാണ് അദ്ദേഹം പറഞ്ഞത്. പൊതുസമൂഹത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തില്‍ മതേതരത്വം എന്ന ഭരണഘടനാ തത്ത്വത്തെ പുനര്‍നിര്‍വചിക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നതില്‍ തെറ്റും ശരിയുമുണ്ട്. രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളും ഏതോ പ്രകാരത്തില്‍ മതേതര വിശ്വാസികളാണെന്നാണല്ലോ സങ്കല്‍പ്പം. മോദി അധികാരത്തില്‍ വന്നതിനു ശേഷം തത്ത്വത്തിലും പ്രയോഗത്തിലും മതേതരത്വത്തെ മുസ്ലിം അനുകൂല നിലപാടുകളുടെ പര്യായമാക്കി മാറ്റിയെടുക്കാനാണ് ബി.ജെ.പി ശ്രമിച്ചത്. പുറമെ മതേതര വിശ്വാസികളായി നിലകൊള്ളുമ്പോഴും രാജ്യത്തുടനീളം ന്യൂനപക്ഷങ്ങള്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങളില്‍ മനസ്സുകൊണ്ട് വേട്ടക്കാരോടൊപ്പം നില്‍ക്കുന്ന പൊതുബോധം സൃഷ്ടിച്ചെടുത്തത് ബി.ജെ.പി തന്നെയാണ്. ഒരു മെഴുകുതിരി പ്രകടനം പോലും മുസ്ലിം പ്രീണനമായി മാറിക്കഴിഞ്ഞിരുന്നു. ബി.ജെ.പിയുടെ അടിസ്ഥാന രാഷ്ട്രീയത്തിലടങ്ങിയ ഈ അപകടം നരേന്ദ്ര മോദി തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു എന്നാണ് പ്രഥമദൃഷ്ട്യാ മോദിയുടെ പ്രസംഗത്തിന്റെ കാതല്‍. നന്നെ ചുരുങ്ങിയത് മൂന്നാം ലോകത്തെ ഏറ്റവും കരുത്തനായ നേതാവ് എന്ന നിലയില്‍ തന്റെ പ്രതിഛായയെ അത് തകര്‍ക്കുന്നുണ്ട് എന്നെങ്കിലും മോദി തിരിച്ചറിയുന്നുണ്ട്.
പ്രചണ്ഡമായ ഒരു വര്‍ഗീയ പ്രചാരണമാണ് മോദിയെ വിജയത്തിലേക്കു നയിച്ചതെന്നതില്‍ ഒരു തര്‍ക്കവുമില്ല. ഇ.വി.എം യന്ത്രങ്ങളെയും മറ്റും കുറ്റം പറയുന്നതില്‍ ഭാഗികമായ ശരികളേയുള്ളൂ. ഭൂരിപക്ഷ സമുദായത്തിലെ മതേതര വിശ്വാസികളായി നിലകൊണ്ട ജാതി സംഘടനകളിലേക്കു പോലും മുസ്ലിംവിരോധം വളരെ ഫലപ്രദമായി കുത്തിവെച്ച ഒരു കാമ്പയിനാണ് മോദി നയിച്ചത്. നേര്‍ക്കുനേരെയോ മനശ്ശാസ്ത്രപരമായോ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കു നേരെ ബഹുമുഖ ആക്രമണങ്ങളടങ്ങിയതായിരുന്നു ഈ പ്രചാരണം. പുല്‍വാമ-ബാലാക്കോട്ട് സംഭവങ്ങള്‍ക്കു ശേഷം മോദിയുടെ കാമ്പയിന്‍ തീവ്ര ദേശീയതയിലേക്ക് കടന്നതോടെ ലോക്സഭാ തെരഞ്ഞെടുപ്പ് ഇന്ത്യാ-പാക് തര്‍ക്കമായും ക്രമേണ ഹിന്ദു-മുസ്ലിം ധ്രുവീകരണമായും മാറുന്നുണ്ടായിരുന്നു. ഇന്ത്യാ-പാക് തര്‍ക്കം ഹിന്ദു-മുസ്ലിം തര്‍ക്കമല്ലെന്ന് തിരുത്തിപ്പറയാനുള്ള ശേഷി പ്രതിപക്ഷത്തെ ഒരു സംഘടനക്കുമുണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പില്‍ വോട്ടു പിടിക്കാനായി അന്തരീക്ഷം ചൂടുപിടിപ്പിക്കുക സാധാരണമാണെന്ന് പ്രധാനമന്ത്രി ഈ നീക്കങ്ങളെ ഗൗരവം കുറച്ചു കാണുമ്പോള്‍ ബാഹ്യമായി മാത്രമേ ആശ്വാസത്തിന് വകുപ്പുള്ളൂ. ഇനിയുമൊരു തെരഞ്ഞെടുപ്പില്‍ നിര്‍ത്തിയേടത്തു നിന്ന് അയത്നലളിതമായി മോദിക്ക് വീണ്ടും തുടങ്ങാവുന്ന പ്രചാരണമാണിത്. ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്ന കാലം തൊട്ട് ഈ അയക്കലിന്റെയും മുറുക്കലിന്റെയും രാഷ്ട്രീയം ഇന്ത്യ കാണുന്നുണ്ട്. രണ്ട് തെരഞ്ഞെടുപ്പുകള്‍ക്കിടയിലുള്ള കാലത്ത് ഈ വൈരത്തെ സജീവമാക്കി നിര്‍ത്തുന്ന സ്വന്തം അനുയായികളോടുള്ള മോദിയുടെ നിലപാടില്‍ കൂടി മാറ്റമുണ്ടാവുമ്പോഴാണല്ലോ ഇതൊരു പ്രതീക്ഷാനിര്‍ഭരമായ ചുവടുവെപ്പാകുന്നത്. താന്‍ സൃഷ്ടിച്ചുവെന്ന് മോദി അവകാശപ്പെടുന്ന 'പുതിയ ഇന്ത്യ'യിലെ പൗരന്മാര്‍ക്കോ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രസ്ഥാനത്തിനോ ഒരു മാറ്റവും ഈ പ്രസ്താവനയിലൂടെ ഉണ്ടായിട്ടില്ല എന്ന് അടിവരയിടുന്ന ഉദാഹരണങ്ങളാണ് മോദിയുടെ വിഖ്യാതമായ പ്രസംഗത്തിനു ശേഷമുള്ള ദിവസങ്ങളിലും തുടര്‍ച്ചയായി വന്നുകൊണ്ടിരുന്നത്. തീവ്ര ദേശീയതയുടെ വിഴുപ്പലപ്പിക്കുന്നതിന്റെ ഭാഗമായി ദല്‍ഹിയുടെ അയല്‍പ്രദേശമായ ഗുരുഗ്രാമില്‍ പള്ളിയില്‍നിന്നും മടങ്ങുകയായിരുന്ന ഒരു യുവാവിനെ ജനക്കൂട്ടം തൊപ്പിയഴിപ്പിച്ച് ജയ്ശ്രീറാം വിളിപ്പിച്ചതും മര്‍ദിച്ചതും പോയവാരം വാര്‍ത്തയില്‍ വന്നു. ഈ സംഭവത്തെ അപലപിച്ച ബി.ജെ.പിയുടെ പുതിയ എം.പിയും ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിനെ പാര്‍ട്ടി തള്ളിപ്പറഞ്ഞതോടെ പൊതുജനത്തിന്റെ ആശയക്കുഴപ്പം തീര്‍ന്നുകിട്ടി. മോദി കുടം തുറന്നുവിട്ട ഭൂതം ഇന്ത്യന്‍ സമൂഹത്തില്‍ കൂടുതല്‍ കരുത്തോടെ അലയുകയാണെന്നതിന് ബിഹാറിലെ ബേഗുസരായിയില്‍നിന്നും മധ്യപ്രദേശിലെ സിയൂനിയില്‍നിന്നുമൊക്കെ തുടരെ തുടരെ ആള്‍ക്കൂട്ട മര്‍ദനത്തിന്റെ പുതിയ റിപ്പോര്‍ട്ടുകള്‍ വന്നു.
'സബ് കാ സാഥ് സബ് കാ വികാസ്' എന്ന മുദ്രാവാക്യത്തിലേക്ക് 'സബ് കാ വിശ്വാസ്' എന്നു കൂട്ടിച്ചേര്‍ത്ത് മുസ്ലിംകളെ കൂടി ഒപ്പം നിര്‍ത്തണമെന്ന് മോദി അണികളോട് ആവശ്യപ്പെട്ടത് സദുദ്ദേശ്യത്തോടെയാണെന്ന് വാദത്തിന് സമ്മതിക്കുക. എങ്കില്‍ മുസ്ലിം സമൂഹത്തില്‍ വേരുകളുള്ള എത്ര വ്യക്തികളെ, സംഘടനകളെ അദ്ദേഹം സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചുവെന്ന ചോദ്യമുയരുന്നുണ്ട്. കോണ്‍ഗ്രസ് നിര്‍മിച്ചെടുത്ത ഭയത്തിന്റെ പുകമറക്കകത്താണ് മുസ്ലിംകള്‍ ജീവിക്കുന്നതെന്നും അവരുടെ കൂടി വിശ്വാസം ആര്‍ജിക്കണമെന്നുമാണ് ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടത്. പക്ഷേ ഇങ്ങനെയൊരു ഭയം കോണ്‍ഗ്രസ് ഉണ്ടാക്കുന്നതിനേക്കാളേറെ മോദിയുടെ സ്വന്തം അനുയായികള്‍ സൃഷ്ടിക്കുന്നുണ്ടായിരുന്നല്ലോ. അവരെ എല്ലാ കുറ്റകൃത്യങ്ങളിലും സംരക്ഷിച്ച പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം. മുസ്ലിംകളെ ലക്ഷ്യമിട്ട് രാജ്യത്തു നടന്ന ഏറ്റവും കിരാതമായ ഭീകരാക്രമണ കേസുകളില്‍ പിടിയിലായ പ്രഗ്യാ സിംഗിനെ ജയിലില്‍നിന്നിറക്കാനും കേസുകളെ അട്ടിമറിക്കാനും ഏറ്റവുമൊടുവില്‍ പാര്‍ലമെന്റ് സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാനും അവര്‍ക്കു വേണ്ടി പ്രചാരണം നടത്താനും മോദി തയാറായി. അപ്പോള്‍ അവിശ്വാസത്തിന്റെ പ്രശ്നം മോദിയില്‍നിന്നു തന്നെയാണല്ലോ തുടങ്ങുന്നത്. 'സബ് കാ വികാസ്' മുസ്ലിംകള്‍ക്കു വേണ്ടി മാത്രമുള്ള സവിശേഷമായ പരാമര്‍ശമായിരുന്നുവെന്ന തിരിച്ചറിവ് കൂടി ഈ തിരുത്തിലൂടെ പുറത്തുവരുന്നുണ്ട്. ഈ 'എല്ലാവരും' എന്നത് യഥാര്‍ഥത്തില്‍ തന്നെ എല്ലാവരുമായിരുന്നെങ്കില്‍ ഇത്രയും കനത്ത ഭൂരിപക്ഷത്തോടെ ജയിച്ചതിനു ശേഷവും വിശ്വാസം തിരിച്ചുപിടിക്കേണ്ടുന്നതിന്റെ പ്രശ്നം ഉദിക്കുമായിരുന്നില്ല. വികസനം കടലാസിലൊതുങ്ങിയത് മുസ്ലിംകളുടെ കാര്യത്തില്‍ എടുത്തു പറയാനാവുമെങ്കിലും എല്ലാ ഇന്ത്യക്കാരുടെയും സാമ്പത്തിക, കാര്‍ഷിക, തൊഴില്‍ സാഹചര്യങ്ങള്‍ മോദിയുടെ കാലത്ത് പതിറ്റാണ്ടുകളാണ് പുറകിലേക്കു പോയത്. തെരഞ്ഞെടുപ്പ് വിജയം നരേന്ദ്ര മോദിയുടെ വികസന അജണ്ടകള്‍ക്കുള്ള അംഗീകാരമൊന്നുമല്ലെന്ന് വ്യക്തം. മാത്രമല്ല, ധ്രുവീകരണ നായകന്‍ എന്ന മോശപ്പെട്ട പ്രതിഛായയാണ് ഈ തെരഞ്ഞെടുപ്പ് കാലത്ത് മോദിയെ കുറിച്ച് ഇന്ത്യക്കകത്തും പുറത്തും ശക്തിപ്പെട്ടതും. സ്വന്തം ഇമേജ് പുനഃസൃഷ്ടിക്കാനുള്ള അഭ്യാസമല്ലെങ്കില്‍ വാക്കുകള്‍ മാത്രമല്ല അതിനെ സാധൂകരിക്കുന്ന പ്രവൃത്തികളും കൂടിയാണ് മോദിയില്‍നിന്നും രാജ്യം പ്രതീക്ഷിക്കുന്നത്. അത്തരം പ്രവൃത്തികള്‍ ഉണ്ടാവുമെങ്കില്‍ മുസ്ലിംകള്‍ മാത്രമായി മോദിയില്‍ എന്തിന് അവിശ്വാസം രേഖപ്പെടുത്തണം?
മോദിയെ മുസ്ലിം സമൂഹം അവിശ്വസിക്കുന്നുണ്ടെങ്കില്‍ അതിന്റെ കാരണങ്ങളെ കുറിച്ച് മോദി തന്നെയാണ് ആത്മപരിശോധന നടത്തേണ്ടത്. രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അംഗീകരിക്കാതിരിക്കേണ്ട കാര്യമൊന്നും ഈ നാട്ടിന്റെ ഉപ്പും വെണ്ണയുമായി ജീവിക്കുന്ന മുസ്ലിംകള്‍ക്ക് ഉള്ളതായി അറിവില്ല. മോദിക്ക് മുമ്പും എത്രയോ പ്രധാനമന്ത്രിമാര്‍ ഭരിച്ച രാജ്യമാണല്ലോ ഇത്. ഭൂരിപക്ഷ സമുദായത്തെ നേര്‍ക്കു നേരെ അഭിസംബോധന ചെയ്യുന്ന, അവരെ വൈകാരികമായും രാഷ്ട്രീയമായും സ്വാധീനിക്കുന്ന നിലപാടുകള്‍ നിരന്തരം സ്വീകരിക്കാറുള്ള പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നും രാജ്യത്തെ 14 ശതമാനത്തോളം വരുന്ന ജനവിഭാഗത്തിന്റെ വിശ്വാസം ആര്‍ജിക്കുന്ന ഒരു പ്രസ്താവന പോലും ഇന്നേവരെ ഉണ്ടായിട്ടില്ല എന്നതല്ലേ വസ്തുത? കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം ഇന്ത്യയില്‍ മുസ്ലിംകളെ ജനാധിപത്യ പ്രക്രിയയില്‍നിന്ന് കാതങ്ങള്‍ അകറ്റിനിര്‍ത്തിയ കാലഘട്ടം കൂടിയായിരുന്നു. ഇത്തവണ ബംഗാളിലെ ബിഷ്ണുപ്പൂരില്‍ സൗമിത്രാ ഖാന്‍ എന്നൊരു സ്ഥാനാര്‍ഥിയെ ബി.ജെ.പി ജയിപ്പിച്ചെടുത്തിട്ടുണ്ടാവാം. പക്ഷേ ഹിന്ദി ഹൃദയഭൂമിയിലെ സീറ്റുകളില്‍ ഒരാളെ പോലും പാര്‍ട്ടി മത്സരരംഗത്തിറക്കിയിരുന്നില്ല. മറുഭാഗത്ത് കോണ്‍ഗ്രസിനെ എടുക്കുക. പഞ്ചാബിലെ ഫരീദ്കോട്ടില്‍ പാര്‍ട്ടി സീറ്റ് നല്‍കിയത് മുഹമ്മദ് സാദിഖിനാണ്. മുസ്ലിംകള്‍ നാമമാത്രമായ ഈ മണ്ഡലത്തില്‍ അദ്ദേഹത്തെ ജയിപ്പിച്ചെടുക്കാനും കോണ്‍ഗ്രസിനായി. മുസ്ലിംകളെ വിശ്വാസത്തില്‍ എടുക്കുന്നതു പോയിട്ട് തന്റെ ഭരണകാലഘട്ടത്തിനിടെ മുസ്ലിം സമൂഹത്തില്‍ വേരുകളുള്ള ഏതെങ്കിലും നേതാക്കളുമായോ സംഘടനകളുമായോ ആശയവിനിമയം നടത്താന്‍ പോലും മോദി മുന്‍കൈയെടുത്തതായി അറിവില്ല. ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ 'സബ് കാ സാഥ്' പോലുള്ള വരണ്ട പൊതു തത്ത്വങ്ങള്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹത്തിന്റെ രീതി. കോണ്‍ഗ്രസോ മുലായമോ മായാവതിയോ ലാലുവോ ഒക്കെ മുസ്ലിംകളെ വഞ്ചിച്ചിട്ടുണ്ടാവാം. ഒരുതരം ജനാധിപത്യപരമായ വഞ്ചനയായിരുന്നില്ലേ അത്? മതേതര സംഘടനകളുടെ ആ രാഷ്ട്രീയ കാപട്യം മുസ്ലിംകളുടെ നിത്യജീവിതത്തെ മോദി കാലഘട്ടത്തിലേതു പോലെ ദുരിതപൂര്‍ണമാക്കിയിരുന്നില്ല. പരസ്യമായി തല്ലിക്കൊല്ലുന്നതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് കോടിക്കണക്കിന് ലൈക്കുകള്‍ സമ്പാദിക്കുന്ന ദുരവസ്ഥ സൃഷ്ടിക്കപ്പെട്ടിരുന്നില്ല. വന്‍ നഗരങ്ങളിലേക്ക് മക്കളെ പഠിക്കാനയക്കുന്ന മാതാപിതാക്കള്‍ വെന്തുരുകുന്ന നെഞ്ചുമായി വീട്ടില്‍ കഴിയേണ്ടിവന്നിട്ടില്ല. ചെറുകിട വ്യവസായങ്ങളുമായി തട്ടിയും മുട്ടിയും ജീവിച്ചവര്‍ കൂട്ടത്തോടെ പട്ടിണിപ്പാവങ്ങളായി മാറിയിട്ടില്ല. സത്യമല്ലേ ഇതൊക്കെ?
മുസ്ലിം രാഷ്ട്രീയത്തിന് പാര്‍ലമെന്റില്‍ മതിയായ ഇടം നല്‍കാന്‍ തയാറില്ലാത്തിടത്തോളം രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ സമൂഹത്തിന് പറയാനുള്ളത് ജനാധിപത്യപരമായി എങ്ങനെയാണ് മോദി ഉള്‍ക്കൊള്ളാന്‍ പോകുന്നത്? 20-ല്‍ കുറഞ്ഞ ശതമാനം വോട്ടുകളുള്ള ജാതി സമുദായങ്ങളെ പോലും കൃത്യമായ സോഷ്യല്‍ എഞ്ചിനീയറിംഗ് പദ്ധതികളിലൂടെ ജയിപ്പിച്ചെടുക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. അതേസമയം രാജ്യത്തെ 82 മണ്ഡലങ്ങളില്‍ 20-ല്‍ അധികം ശതമാനം വോട്ടുള്ള മുസ്ലിംകള്‍ക്ക് വെറും ആറ് സീറ്റ് മാത്രമാണ് മത്സരിക്കാന്‍ വിട്ടുനല്‍കിയത്. അതില്‍തന്നെ മൂന്നെണ്ണം ജമ്മു കശ്മീരിലും ഒന്ന് ലക്ഷദ്വീപിലുമായിരുന്നു. ബംഗാളില്‍ നല്‍കിയ രണ്ടെണ്ണത്തില്‍നിന്നാണ് സൗമിത്ര ഖാന്‍ ജയിച്ചത്. എന്തുകൊണ്ട് യു.പിയിലും ബിഹാറിലുമൊക്കെ മോദിക്ക് സ്വന്തം ജനസമ്മിതിയുടെ പിന്‍ബലത്തില്‍ ഹിന്ദുഭൂരിപക്ഷ സീറ്റുകളില്‍നിന്നെങ്കിലും ഒരു മുസ്ലിം എം.പിയെ ജയിപ്പിക്കാനാവുന്നില്ല? ഈ ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതമാണ്. ബംഗാളില്‍ മുസ്ലിംകള്‍ പൗരത്വബില്ലിനെ പേടിച്ച് കൂട്ടത്തോടെ തൃണമൂല്‍ കോണ്‍ഗ്രസിന് കുത്താതിരിക്കാനാണ് രണ്ടു പേരെ അവിടെ സ്ഥാനാര്‍ഥികളാക്കിയത്. ഹിന്ദി ഹൃദയഭൂമിയിലാകട്ടെ മുസ്ലിംകളെ കുറിച്ച അപവാദ പ്രചാരണവും അപരവല്‍ക്കരണവുമാണ് ബി.ജെ.പിക്ക് വോട്ടു നേടിത്തരുന്നത്. പ്രഗ്യാ സിംഗിന്റെ സ്ഥാനാര്‍ഥിത്വം മധ്യപ്രദേശ് തെരഞ്ഞെടുപ്പിലുണ്ടാക്കിയ മാറ്റം പരിശോധിക്കുമ്പോഴറിയാം ബി.ജെ.പി സമൂഹത്തില്‍ സൃഷ്ടിച്ചുകൊണ്ടിരുന്ന മുസ്ലിംവിരുദ്ധതയുടെ ആഴം. രാജ്യസഭയിലെ ഭൂരിപക്ഷം ഒന്നര വര്‍ഷത്തിനകം സാധ്യമാണെന്നിരിക്കെ, ഭരണഘടന റദ്ദ് ചെയ്യുന്നതടക്കം ആര്‍.എസ്.എസിന്റെ അജണ്ട ഒരു ഭാഗത്ത്, അയോധ്യയിലെ ക്ഷേത്ര നിര്‍മാണം മറുഭാഗത്ത്. ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ എങ്ങുമെത്താന്‍ സാധ്യതയില്ലെന്നിരിക്കെ ഹിന്ദുത്വവല്‍ക്കരിക്കപ്പെട്ടുകഴിഞ്ഞ ആള്‍ക്കൂട്ടത്തിന്റെ ആവശ്യങ്ങളെ മോദിക്ക് കണ്ടില്ലെന്ന് നടിക്കാനാവുമോ?
മോദിക്ക് തിരിച്ചുപിടിക്കേണ്ട വിശ്വാസം മുസ്ലിംകളുടേതു മാത്രമൊന്നുമല്ല. സാമ്പത്തിക മേഖല പിടിച്ചുനിര്‍ത്തുന്നതിലും ഭീകരാക്രമണങ്ങള്‍ ചെറുക്കുന്നതിലും തൊഴില്‍ നല്‍കുന്നതിലും സാമുദായിക സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കുന്നതിലും ശരാശരിയിലും താഴെയായിരുന്നു മോദി സര്‍ക്കാറിന്റെ കണക്കുകള്‍. ഈ തെറ്റുകള്‍ എങ്ങനെ തിരുത്താനാവും എന്ന ചോദ്യത്തിനാണ് മോദി സര്‍ക്കാര്‍ ഏറ്റവുമാദ്യം ഉത്തരം കണ്ടെത്തേണ്ടത്. ശേഷിച്ച മറ്റെല്ലാം അതിനു ശേഷമേ വരുന്നുള്ളൂ. ഭരണഘടനയെ തൊട്ടു തലയില്‍ വെച്ചാണ് ഇത്തവണ മോദി പാര്‍ലമെന്റിലേക്ക് കയറിയത്. കഴിഞ്ഞ തവണ പാര്‍ലമെന്റിനെ നെറ്റിതൊട്ട് നമസ്‌കരിച്ചാണ് പ്രധാനമന്ത്രി അകത്ത് കയറിയത്. എന്നിട്ടും പാര്‍ലമെന്റില്‍ ഏറ്റവും കുറച്ചു സമയം ചര്‍ച്ചകളില്‍ പങ്കെടുത്ത, പാര്‍ലമെന്റിനെ എല്ലാ അര്‍ഥത്തിലും മറികടക്കുകയും അവഹേളിക്കുകയും ചെയ്ത പ്രധാനമന്ത്രിയായി അദ്ദേഹം മാറി. നോട്ടു നിരോധനം പോലെയുള്ള പ്രധാനപ്പെട്ട തീരുമാനങ്ങള്‍ ഒറ്റക്ക് എടുത്തതിനു ശേഷവും അതെ കുറിച്ചുയര്‍ന്ന ചോദ്യങ്ങള്‍ക്ക് സഭക്കകത്ത് ഒരു മറുപടിയും അദ്ദേഹം നല്‍കിയില്ല. ഭരണഘടനാ സ്ഥാപനങ്ങളെ കുറിച്ചുമുണ്ട് ആശങ്കകള്‍. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്ത് ഭരണഘടനാ സ്ഥാപനങ്ങളില്‍ മിക്കവയും ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന് കീഴ്പ്പെട്ടുകഴിഞ്ഞിരുന്നല്ലോ. രാഷ്ട്രീയ നിയമനങ്ങളിലൂടെ മോദി സര്‍ക്കാര്‍ കീഴ്പ്പെടുത്താന്‍ നോക്കിയെങ്കിലും സുപ്രീംകോടതി മാത്രമാണ് ഒരല്‍പ്പമെങ്കിലും ചെറുത്തു നിന്നത്. പക്ഷേ കേസുകള്‍ തീര്‍പ്പ് കല്‍പ്പിച്ച രീതികളില്‍ രാഷ്ട്രീയ മേലാളന്മാരുടെ ഇടപെടലുകള്‍ പലപ്പോഴും മണക്കുന്നുണ്ടായിരുന്നു. സുപ്രീംകോടതിയിലെ ജഡ്ജിമാര്‍ തന്നെ പരസ്യമായി വാര്‍ത്താ സമ്മേളനം നടത്തി ചീഫ് ജസ്റ്റിസിനെ വിമര്‍ശിച്ചിരുന്നു. മോദി സര്‍ക്കാറിന്റെ രണ്ടാമൂഴത്തില്‍ ഇതിലൊക്കെ എന്തു മാറ്റം കൊണ്ടുവരാനാവുമെന്നതാണ് എല്ലാ രാജ്യവാസികളെയും പോലെ മുസ്ലിംകളും ഉറ്റുനോക്കുന്നത്.

 

വിജയം സമ്മാനിച്ചത് യന്ത്രങ്ങളും വര്‍ഗീയതയും?

ഈ തെരഞ്ഞെടുപ്പ് നല്‍കുന്ന ഏറ്റവും വലിയ പാഠം ജയിക്കുകയാണ് പ്രധാനമെന്നും അതിലപ്പുറം ധാര്‍മികതയുടെ പ്രശ്നങ്ങള്‍ അതിലടങ്ങിയിട്ടില്ലെന്നുമാണ്. പുറത്തു വരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്ന അതിഭയാനകമായ തെരഞ്ഞെടുപ്പു കൃത്രിമങ്ങളെ കുറിച്ച വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ നിലപാടുകള്‍ക്കൊന്നും രാജ്യത്ത് വലിയ പ്രസക്തിയില്ലാത്ത ഒരു സാഹചര്യം രൂപപ്പെടുന്നുണ്ട്. 2014-ല്‍ നേടിയ വോട്ടിനേക്കാള്‍ ഏഴുകോടിയോളമാണ് കോണ്‍ഗ്രസ് ഇത്തവണ അധികം നേടിയത്. പക്ഷേ 52 സീറ്റുകളേ പാര്‍ട്ടിക്ക് ലഭിച്ചുള്ളൂ. കോണ്‍ഗ്രസ് സീറ്റുകള്‍ ജയിച്ചടക്കിയത് കൂടുതലും ഹിന്ദി സംസാര ഭാഷയല്ലാത്ത കേരളം, തമിഴ്നാട്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍നിന്നായിരുന്നു. യു.പി, ബിഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍ മുതലായ സംസ്ഥാനങ്ങളില്‍ ഹിന്ദു വോട്ടര്‍മാര്‍ കോണ്‍ഗ്രസിനെ കൈവിട്ടുവെന്നും, അതല്ല ദേശീയ ചാനലുകളിലൂടെ ബി.ജെ.പിയും പ്രധാനമന്ത്രിയും നടത്തിയ വര്‍ഗീയ പ്രചാരണം അന്യഭാഷാ സംസ്ഥാനങ്ങളില്‍ ഏശിയില്ലെന്നും ഇതിനെ വിലയിരുത്താവുന്നതാണ്. രണ്ടാമത്തെ സാഹചര്യമാണ് യാഥാര്‍ഥ്യങ്ങളോട് കൂടുതല്‍ ചേര്‍ന്നു നില്‍ക്കുന്നത്. എന്നാല്‍ ബി.ജെ.പിയുടേതിനേക്കാള്‍ സംശുദ്ധവും വസ്തുതാപരവുമായ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രചാരണം ഹിന്ദി ഹൃദയഭൂമിയിലെ വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞുവെന്ന് ദേശീയ മാധ്യമങ്ങള്‍ കൂട്ടത്തോടെ വിധിയെഴുതിക്കഴിഞ്ഞു. വോട്ടിംഗ് യന്ത്രങ്ങളില്‍ തിരിമറി നടത്തിയും ജുഗുപ്സാവഹമായ വര്‍ഗീയ പ്രചാരണം നടത്തിയും നരേന്ദ്ര മോദി നേടിയ വിജയത്തെയാണ് തികച്ചും സ്വാഭാവികമായ ഒന്നായി വിലയിരുത്തുന്നത്. ഈ സിദ്ധാന്തം അംഗീകരിക്കപ്പെട്ടു കഴിഞ്ഞാല്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് രാജ്യത്തുണ്ടാവാന്‍ പോകുന്നത്.
വോട്ടിംഗ് യന്ത്രങ്ങളുടെ ഉപയോഗം അവസാനിപ്പിക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും അതൊരു ബഹുജന പ്രക്ഷോഭമായി ഇന്ത്യയില്‍ ഇനിയും രൂപം കൊണ്ടിട്ടില്ല. ബി.ജെ.പി ഒഴികെയുള്ള പ്രധാന രാഷ്ട്രീയ കക്ഷികള്‍ പേപ്പര്‍ ബാലറ്റ് സമ്പ്രദായം തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പിനു മുമ്പുള്ള ദിവസങ്ങളില്‍ കര്‍ശനമായ നിലപാട് സ്വീകരിച്ചിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് കമീഷനും സുപ്രീംകോടതിയും ഈ ആവശ്യം തള്ളിയതിനു ശേഷം അവര്‍ നിശ്ശബ്ദരാവുന്നതാണ് രാജ്യം കണ്ടത്. മോദിയുടെ രണ്ടാം വിജയത്തിലും യന്ത്രങ്ങള്‍ ദുരുപയോഗം ചെയ്തതിന്റെ നിരവധി ഉദാഹരണങ്ങള്‍ പുറത്തുവരുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ആരും കോടതിയെ സമീപിച്ചിട്ടില്ല. രാജ്യത്ത് ഇപ്പോഴുണ്ടായത് ഹിന്ദുത്വ തരംഗമാണെന്ന കോര്‍പറേറ്റ് മാധ്യമ വിലയിരുത്തലുകളെ പ്രതിപക്ഷ കക്ഷികള്‍ ഇതുവരെ പരസ്യമായി ചോദ്യം ചെയ്തിട്ടില്ല. അന്തിമമായി ഇന്ത്യയില്‍ ജയിക്കുന്നത് വര്‍ഗീയതയും വോട്ടിംഗ് യന്ത്രങ്ങളുമാണെന്ന് അറിഞ്ഞിട്ടും അതംഗീകരിക്കേണ്ടി വരുന്നതോടെ മറ്റുള്ള സംഘടനകളും ബി.ജെ.പിയുടെ വഴി തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരാവുമെന്നല്ലാതെ ഈ തെറ്റുകള്‍ അന്തിമമായി തിരുത്തപ്പെടുന്ന സാഹചര്യം മോദി കാലത്തെ ഇന്ത്യയില്‍ ഉണ്ടാവാന്‍ പോകുന്നില്ല.
ഒന്നോ രണ്ടോ വര്‍ഷത്തിനകം ഭരണഘടന തിരുത്തിയെഴുതാനാവശ്യമായ ഭൂരിപക്ഷമാണ് മോദിയും അമിത് ഷായും ഉറപ്പുവരുത്തിയതെന്ന് ശ്രദ്ധിക്കുക. അങ്ങനെയൊരു സാഹചര്യം രാജ്യത്തുണ്ടായാല്‍ ഏറ്റവുമാദ്യം അപ്രത്യക്ഷമാകാന്‍ പോകുന്ന വാക്കുകളിലൊന്നാണ് മതേതരത്വം. മതേതര രാഷ്ട്രീയമെന്നത് മുസ്ലിംകളെ സംരക്ഷിക്കാനുള്ള ഒരു തരം ഏര്‍പ്പാടാണെന്ന ബി.ജെ.പിയുടെ പ്രചാരണം വരും നാളുകളില്‍ കൂടുതല്‍ ശക്തിപ്പെടുകയും ചെയ്യും. ജാതി രാഷ്ട്രീയത്തിന്റെ ലേബലില്‍ നിലനില്‍ക്കുന്ന, എന്നാല്‍ മതേതര സംഘടനകളെന്ന് സ്വയം വിശേഷിപ്പിക്കുന്ന സമാജ്വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി, രാഷ്ട്രീയ ജനതാദള്‍, തൃണമൂല്‍ കോണ്‍്രഗസ് മുതലായവയൊക്കെ ഇനിയുള്ള അഞ്ചു വര്‍ഷത്തിനിടയില്‍ കൂടുതല്‍ ദുര്‍ബലമാവാനാണ് സാധ്യത. ഈ സംഘടനകള്‍ മുന്നോട്ടു വെക്കുന്ന 'മതേതര രാഷ്ട്രീയം' എന്ന ജാതി രാഷ്ട്രീയം വലിയൊരളവില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന് കീഴ്പ്പെടും. സമാജ്വാദിയും ആര്‍.ജെ.ഡിയുമാണ് കനത്ത തിരിച്ചടി നേരിടാനൊരുങ്ങുന്നത്. ബി.എസ്.പിയിലും സമാനമായ പ്രതിസന്ധി രൂപപ്പെട്ടേക്കും. ദലിതരോടൊപ്പം ബ്രാഹ്മണരെയും സവര്‍ണജാതിക്കാരെയുമൊക്കെ ഏച്ചുകെട്ടി സംഘടനയെ വലുതാക്കാന്‍ നോക്കിയ മായാവതിക്ക് അടിസ്ഥാനങ്ങളിലേക്ക് തിരിച്ചുനടക്കുക ഒട്ടും എളുപ്പമായിരിക്കില്ല. ഈ കൂട്ടുകെട്ടുകളിലെല്ലാം ഒരു അടിസ്ഥാന ചേരുവ പോലെ മുസ്ലിംകള്‍ ഉണ്ടായിരുന്നല്ലോ. അവര്‍ക്ക് കൂട്ടുകെട്ടുകള്‍ക്കകത്തും പുറത്തും നിലനില്‍പ്പ് സാധ്യമല്ലാത്ത അവസ്ഥയാണ് ഉണ്ടാകാന്‍ പോകുന്നത്.
എന്‍.ഡി.എയുടെ രണ്ടാം വിജയം സമ്മാനിച്ചത് യന്ത്രങ്ങളായാലും വര്‍ഗീയത ആയാലും രാജ്യത്തിന്റെ ഭാവിയില്‍ അതിന് നിര്‍ണായക പ്രധാന്യമാണ് ഇപ്പോഴുള്ളത്. മതേതര സഖ്യങ്ങളോ സംശുദ്ധമായ രാഷ്ട്രീയമോ ഒന്നും വരും നാളുകളില്‍ ചര്‍ച്ചയാവണമെന്നില്ല. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണത്തോടെ കോണ്‍ഗ്രസിനകത്ത് സ്വാധീനം നഷ്ടപ്പെട്ടു തുടങ്ങിയ തലമൂത്ത നേതാക്കള്‍ ഹിന്ദുത്വത്തിന്റെ വഴിയിലേക്ക് പാര്‍ട്ടിയെ വീണ്ടും തിരികെ നടത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുന്നതും കാണേണ്ടി വന്നേക്കാം. ഹിന്ദുത്വം ഒരു ആശയമാണെന്നും അതിന്റെ മറുപക്ഷത്ത് പലതരം ആശയങ്ങളില്ലെന്നും ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികള്‍ തിരിച്ചറിയുന്നില്ലെങ്കില്‍ ഇത് അവരുടെ അവസാനത്തെ തെരഞ്ഞെടുപ്പാണ്. ന്യൂനപക്ഷങ്ങളുടേത് മാ്രതമല്ല എല്ലാവരുടെയും അന്ത്യം കുറിച്ച തെരഞ്ഞെടുപ്പ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (4-6)
ടി.കെ ഉബൈദ്‌

ഹദീസ്‌

ആര് ഭക്ഷിച്ചാലും കര്‍ഷകന് ഗുണമുണ്ട്
സാലിം അബ്ദുല്‍ മജീദ്‌