Prabodhanm Weekly

Pages

Search

2019 ജൂണ്‍ 14

3105

1440 ശവ്വാല്‍ 10

കുടുംബബന്ധങ്ങള്‍ ശിഥിലീകരിക്കപ്പെടുന്നുവോ?

റഹ്മാന്‍ മധുരക്കുഴി

സാക്ഷര പ്രബുദ്ധ കേരളം, സാംസ്‌കാരിക പാരമ്പര്യത്തില്‍ രാജ്യാന്തര സമൂഹത്തിന് മാതൃകയാണെന്ന മലയാളിയുടെ ഊറ്റം കൊള്ളല്‍ മിഥ്യയാണെന്ന യാഥാര്‍ഥ്യമാണ് സമീപകാലത്ത് നടന്ന ചില ഞെട്ടിക്കുന്ന സംഭവങ്ങള്‍ വിളിച്ചുപറയുന്നത്. ദൈനംദിനമെന്നോണം നമുക്ക് ചുറ്റും നടമാടിക്കൊണ്ടിരിക്കുന്ന ക്രൂരമായ കൂട്ടക്കൊലകളും ആത്മഹത്യകളും കേരളീയ കുടുംബങ്ങളുടെ ശൈഥില്യത്തിന്റെ അപായ സൂചനയാണ്.
ശിഥിലമായ കുടുംബബന്ധങ്ങളാണ് കുട്ടികളോടുള്ള ക്രൂരതകളിലേക്ക് നയിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു. വിദ്യാസമ്പന്നരുടെയും സാമ്പത്തികമായി ഉയര്‍ന്നു നില്‍ക്കുന്നവരുടെയും കുടുംബങ്ങളിലും ഇതാവര്‍ത്തിക്കപ്പെടുകയാണ്. മാതാവും പിതാവും രണ്ടിടങ്ങളിലായി കഴിഞ്ഞുകൂടുന്ന സാഹചര്യത്തില്‍ അവരുടെ സ്‌നേഹം ആവശ്യത്തിന് ലഭിക്കാതെ ബന്ധുവീടുകളില്‍ പതിമൂന്നാം വയസ്സ് വരെ ജീവിച്ച പെണ്‍കുട്ടിയാണത്രെ തൊടുപുഴയില്‍ ക്രൂരമര്‍ദനത്തിനിരയായി മരണപ്പെട്ട കുട്ടിയുടെ അമ്മ. തങ്ങള്‍ക്ക് ലഭിക്കാത്ത സ്‌നേഹം കുട്ടികള്‍ക്ക് എന്തിന് എന്ന് ചിന്തിക്കുന്ന ഇത്തരക്കാരാണ് കുട്ടികളെ മുറിവേല്‍പിക്കുന്നതില്‍ മുന്‍പന്തിയില്‍.
കാമുകിയുമായുള്ള സുഖ ജീവിതത്തിന്റെ തടസ്സം നീക്കാനായിരുന്നു ഏഴു വയസ്സുകാരനെ തൊടുപുഴയില്‍ അരുണ്‍ ആനന്ദ് എന്ന അമ്മയുടെ കാമുകന്‍ മര്‍ദിച്ചവശനാക്കിയത്. കാമുകനുമായുള്ള ബന്ധം സുഗമമാക്കാന്‍ സ്വന്തം മകന്റെ ജീവന്‍ പൊലിയുന്നത് നിസ്സംഗയായി നോക്കിനിന്ന പെറ്റമ്മയെയാണ് നാം നെഞ്ചിടിപ്പോടെ കണ്ടത്.
പിതാവ് അയാളുടെ ബീജത്തില്‍ പിറന്ന മകളെ മൃഗസമാനമായ രീതിയില്‍ ലൈംഗികമായി പീഡിപ്പിക്കുകയും പീഡിപ്പിക്കപ്പെട്ട മകളെയും സ്വബീജത്തില്‍തന്നെ പിറന്ന മറ്റു മക്കളെയും, മക്കള്‍ക്ക് ജന്മം നല്‍കിയ ഭാര്യയെയും കാമുകിയുമായുള്ള സുഖജീവിതത്തിന് തടസ്സം നീക്കാന്‍ യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ കൊല ചെയ്ത സംഭ്രമജനകമായ ആമയൂര്‍ കൂട്ടക്കൊല നടന്നത് ഏതാനും വര്‍ഷം മുമ്പായിരുന്നുവല്ലോ.
കാമുകനെ തേടി വീട് വിട്ടിറങ്ങിയ ഭാര്യയുടെ ചെയ്തിയില്‍ മനം നൊന്ത് തൂങ്ങി മരിച്ച ഒരു ഭര്‍ത്താവിന്റെ കദനകഥ മാസങ്ങള്‍ക്ക് മുമ്പ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഭര്‍ത്താവ് തൂങ്ങിമരിച്ചതിന് പിന്നാലെ, കാമുകനോടൊപ്പം രണ്ടാം വിവാഹത്തിന് ക്ഷേത്രത്തിലെത്തിയ ഭാര്യ കാഞ്ഞിരപ്പള്ളി സ്വദേശിനി തന്‍സിയയെയാണ് പത്രങ്ങള്‍ നമുക്ക് പരിചയപ്പെടുത്തിത്തന്നത്.
ടെക്‌നോപാര്‍ക്ക് ജീവനക്കാരിയായിരുന്ന നിനോ മാത്യുവിനെയും അനുശാന്തിയെയും ജോലി സ്ഥലത്തെ അടുപ്പമാണ് വഴിവിട്ട ജീവിതത്തിലേക്കെത്തിച്ചത്. അനുശാന്തിയുടെ ഭര്‍ത്താവ് ലിജേഷ് പലതവണ വിലക്കിയിട്ടും അവള്‍ പിന്തിരിഞ്ഞില്ല. ഭര്‍ത്താവിനെയും കൊച്ചു മകളെയും വകവരുത്തി കാമുകനോടൊപ്പം സുഖജീവിതം നയിക്കാന്‍, കാമുകന്‍ നിനോ മാത്യുവിനെ തന്നെയാണ് അവള്‍ ഏര്‍പ്പാടാക്കിയത്. അനുശാന്തിയുടെ കേസില്‍ ശിക്ഷ വിധിച്ചുകൊണ്ട് കോടതി പറഞ്ഞത്, 'ഇവര്‍ മാതൃത്വത്തിന് അപമാനം' എന്നായിരുന്നു.
അഞ്ജലിയും പ്രദീപ് കുമാറും നവ ദമ്പതിമാര്‍. സ്‌നേഹം പങ്കിട്ട് ഏറെ നാള്‍ ജീവിതം മുന്നോട്ടു നീങ്ങി. ഒരുനാള്‍ അത് സംഭവിച്ചു. ബൈക്ക് അപകടത്തില്‍ പ്രിയതമ ശരീരം തളര്‍ന്ന് കിടപ്പിലായി. അതോടെ പ്രദീപ് കുമാര്‍ ഭാര്യയില്‍നിന്ന് അകലാന്‍ തുടങ്ങി. പ്രദീപ് പുതിയ പ്രണയബന്ധം തുടങ്ങിവെക്കുകയായിരുന്നു. ശരീരം തളര്‍ന്ന് കിടപ്പിലായ ഭാര്യ തനിക്ക് ഭാരമാണെന്ന് കരുതിയ അയാള്‍ അവളെ വകവരുത്താന്‍ തീരുമാനിച്ചു. നമുക്ക് വാഗമണ്ണിലേക്ക് ടൂര്‍ പോകാമെന്ന് പറഞ്ഞപ്പോള്‍ അഞ്ജലിക്ക് ആഹ്ലാദം അടക്കാന്‍ കഴിഞ്ഞില്ല. തന്നെ കൊണ്ടുപോകുന്നത് മരണവക്ത്രത്തിലേക്കാണെന്ന് പാവം അഞ്ജലിക്കറിയില്ലായിരുന്നു. യാത്രക്കിടയില്‍ പ്രദീപ് ജ്യൂസില്‍ ഉറക്ക ഗുളിക കലര്‍ത്തി കൊടുത്ത്, അഞ്ജലിയെ കാഞ്ഞിക്കോട് ടോപ്പില്‍നിന്ന് 600 അടി താഴ്ചയുള്ള കൊക്കയിലേക്ക് വലിച്ചെറിയുകയാണ് ചെയ്തത്.
മക്കളും ഭര്‍ത്താവുമുള്ള ഒരു സ്ത്രീ, കാമുകനുമായി ബന്ധം തുടരുകയും ആ ബന്ധം സുഗമമായി മുന്നോട്ടുകൊണ്ടുപോകാന്‍ വേണ്ടി ഭര്‍ത്താവിന്റെ കഴുത്തറുക്കുകയും ചെയ്ത സംഭവം മാസങ്ങള്‍ക്ക് മുമ്പാണ് മലപ്പുറം ജില്ലയിലൊരിടത്ത് നടന്നത്. അമ്മ മക്കളെ പുഴയിലെറിഞ്ഞ് കൊന്ന് ആത്മഹത്യ ചെയ്യുന്നതും കുഞ്ഞിനെ എടുത്ത് തീവണ്ടിക്ക് മുന്നില്‍ ചാടി മരിക്കുന്നതുമായ സംഭവങ്ങള്‍ പതിവ് വാര്‍ത്തകളാണ്. ദമ്പതികള്‍ക്കിടയിലെ പരസ്പര സംശയവും അവിശ്വാസവും മൂലം ഭാര്യയെ കൊല ചെയ്ത് ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളും പെരുകി വരികയാണ്. കൂട്ട ആത്മഹത്യ എന്ന് മാധ്യമങ്ങള്‍ വിധി എഴുതുന്ന പല സംഭവങ്ങളും 'കുടുംബ കൊലപാതക ആത്മഹത്യ'കളാണെന്ന് പ്രമുഖ ക്രിമിനലോളജിസ്റ്റായ ഡോ. ജയിംസ് വടക്കാഞ്ചേരി പറയുന്നു. രണ്ടായിരാമാണ്ടിന് ശേഷം ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണത്രെ. ഈ 'കുടുംബ കൊലപാതക ആത്മഹത്യകള്‍'ക്ക് സാമ്പത്തികമെന്നതിനേക്കാള്‍ കുടുംബ ഛിദ്രതയാണ് കാരണമാകുന്നത്.
കുടുംബം ഒരു കൂട്ടായ്മയാണ്. നമ്മള്‍ ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന കുടുംബം എന്ന സ്ഥാപനം അരക്ഷിതത്വത്തിന്റെയും അവിശ്വാസത്തിന്റെയും കേന്ദ്രമായി മാറുകയാണോ? ആശ്രയവും അവലംബവുമായി നാം കരുതിപ്പോരുന്ന കുടുംബം ലൈംഗിക പീഡനങ്ങളുടെയും കുടുംബ കലഹങ്ങളുടെയും കൊലപാതകങ്ങളുടെയും ഭീകര കേന്ദ്രങ്ങളായി മാറുന്നുവെങ്കില്‍ കുടുംബം എന്ന സ്‌നേഹമസൃണ മഹിത സങ്കല്‍പത്തിനെന്തര്‍ഥമാണുള്ളത്? ബാലികമാര്‍ ഏറ്റവും കൂടുതല്‍ ലൈംഗിക പീഡനങ്ങള്‍ക്കിരയാവുന്നത് ഗൃഹാന്തരീക്ഷത്തില്‍ വെച്ച് ഏറ്റവും അടുത്ത ബന്ധുക്കളില്‍നിന്ന് തന്നെയാണെന്ന് വരുമ്പോള്‍, നാം പാവനമായി കാത്തുസൂക്ഷിച്ചുപോരുന്ന മൂല്യങ്ങളുടെയും സദാചാര സങ്കല്‍പങ്ങളുടെയും ഞെട്ടിക്കുന്ന തകര്‍ച്ചയെയാണ് അത് പ്രതിഫലിപ്പിക്കുന്നത്.
വിഷാദ രോഗികളായ അമ്മമാരാണ് മക്കളെ കൊല ചെയ്ത് തീവണ്ടിക്ക് മുന്നിലും പാഞ്ഞൊഴുകുന്ന പുഴയിലും ചാടി ആത്മഹത്യ ചെയ്യുന്നത്. ഭര്‍ത്താവിന്റെ മദ്യപാനം പോലുള്ള കാരണങ്ങളാണ് പലരെയും വിഷാദ രോഗികളാക്കുന്നത്. കുഞ്ഞുങ്ങളെ കൊല ചെയ്ത് സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട് ജയിലില്‍ കഴിയുന്ന അമ്മമാര്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്, മക്കളെ കൊന്നില്ലെങ്കില്‍ തങ്ങള്‍ മരിച്ചുകഴിഞ്ഞാല്‍ കുട്ടികള്‍ കഷ്ടപ്പെടുമെന്ന ഭയത്താലാണ് തങ്ങള്‍ അവരെ കൊല ചെയ്തത് എന്നാണ്. തങ്ങള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ആഹാരം നല്‍കുന്നതും സംരക്ഷണത്തിന്റെ അവലംബമായി വര്‍ത്തിക്കുന്നതും കുട്ടികളുടെ ഭൂതവും ഭാവിയും തീരുമാനിക്കുന്നതുമെല്ലാം ഒരു മഹാ ശക്തിയാണെന്ന യാഥാര്‍ഥ്യം ഈ അമ്മമാരുടെ കലുഷിത മനസ്സുകളിലേക്ക് കടന്നുചെന്നില്ല.
തകരുന്ന കുടുംബങ്ങളെ ശൈഥില്യത്തില്‍നിന്ന് കരകയറ്റാന്‍ കുറുക്കുവഴിയേതുമില്ല. ബന്ധങ്ങള്‍ സുദൃഢമാക്കാന്‍ മൂല്യങ്ങളിലധിഷ്ഠിതമായ ജീവിത ശൈലി സ്വായത്തമാക്കുക മാത്രമേ രക്ഷാമാര്‍ഗമുള്ളൂ. അമേരിക്ക പോലുള്ള ചില രാഷ്ട്രങ്ങളില്‍ 'ഫാമിലി തെറാപ്പി നെറ്റ്‌വര്‍ക്ക്' പ്രവര്‍ത്തിക്കുന്നുണ്ടത്രെ. ഉറ്റ ബന്ധുക്കളില്‍നിന്നും മറ്റും നേരിടേണ്ടിവരുന്ന ലൈംഗിക പീഡനങ്ങളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കാനുള്ള പോംവഴികള്‍ വിശദീകരിക്കുന്ന കൈപ്പുസ്തകവുമായി അമേരിക്കയിലെ പ്രോസിക്യൂട്ടറായ ജില്‍സ്റ്റാറിഷ് വിസ്‌കി രംഗത്ത് വരികയുണ്ടായി. ആറ് വയസ്സ് മുതല്‍ വളര്‍ത്തഛനില്‍നിന്ന് പീഡനത്തിനിരയായ ബാലികയുടെ കേസില്‍നിന്നാണ് പുസ്തക രചനക്ക് പ്രേരണ ലഭിച്ചതെന്ന് അവര്‍ പറയുന്നു. ഗൃഹാന്തരീക്ഷത്തിലെ കൈയേറ്റം, കുടുംബശൈഥില്യത്തിന് വഴിവെക്കുന്ന മറ്റു പ്രശ്‌നങ്ങള്‍ എന്നിവയില്‍ മാര്‍ഗദര്‍ശനം നല്‍കാന്‍ ഉപയുക്തമായ കൗണ്‍സലിംഗ്-ഫാമിലി തെറാപ്പി സെന്ററുകള്‍ നമ്മുടെ നാട്ടിലും പ്രാവര്‍ത്തികമാക്കാവുന്നതാണ്.
ആശ്വാസദായകവും സന്തുഷ്ടവുമായ ദാമ്പത്യജീവിതത്തിന് അനിവാര്യമായ സദാചാര-ധാര്‍മിക മൂല്യങ്ങളുടെ സ്വാധീനം സുദൃഢമാക്കാനുള്ള കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ ഓരോ കുടുംബത്തിലും ഗൃഹനാഥനും ഗൃഹനാഥയും മുന്‍കൈയെടുത്ത് പ്രാവര്‍ത്തികമാക്കണം. പരസ്പര വിശ്വാസത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും ഗൃഹപാഠങ്ങള്‍ സന്തതികള്‍ക്ക് മാതൃകയാകും വിധം ദമ്പതികള്‍ സ്വയം കാഴ്ചവെക്കണം. ജീവിത വിശുദ്ധിയുടെയും വിട്ടുവീഴ്ചാ മനോഭാവത്തിന്റെയും സ്‌നേഹമസൃണമായ പെരുമാറ്റത്തിന്റെയും സുദൃഢ പാശത്താല്‍ കുടുംബാംഗങ്ങള്‍ ബന്ധിതരാവണം.

 

 

കൊളത്തൂര്‍ മുഹമ്മദ് മൗലവിയെ ഓര്‍ക്കുമ്പോള്‍

പി.എം.എ അബ്ദുല്‍ ഖാദര്‍ തിരൂര്‍ക്കാട് കൊളത്തൂര്‍ മൗലവിയെക്കുറിച്ച് എഴുതിയ അനുസ്മരണക്കുറിപ്പ് (ഏപ്രില്‍ 19) വായിച്ചു. 1963-'64 കാലഘട്ടത്തില്‍ അറബി അധ്യാപകര്‍ വിദ്യാഭ്യാസ വകുപ്പിലെ മേലുദ്യോഗസ്ഥരില്‍നിന്ന് നേരിട്ട അനുഭവങ്ങള്‍ അസഹനീയമായിരുന്നു. സ്‌കൂളുകളില്‍ അറബിക് തസ്തിക അനുവദിക്കണമെങ്കില്‍ നൂറ് മുസ്‌ലിം കുട്ടികള്‍ വേണമായിരുന്നു. പിന്നീട് സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസമന്ത്രിയായി വന്നപ്പോള്‍ ഇരുപത്തഞ്ച് കുട്ടികള്‍ ഉണ്ടായാല്‍ അറബി പോസ്റ്റ് അനുവദിക്കാന്‍ ഉത്തരവുണ്ടായി. അറബി അധ്യാപക സംഘടനകള്‍ നിരന്തരം പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് ഇന്ന് എല്ലാ വിദ്യാലയങ്ങളിലും അറബിക് പഠനം തുടര്‍ന്നുവരുന്നത്. അതിന്റെയൊക്കെ നേതൃസ്ഥാനത്ത് നിന്നത് കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവിയും കരുവള്ളി മുഹമ്മദ് മൗലവിയും ആയിരുന്നു. കടത്തൂര്‍ അറബിക്കോളേജിന്റെ നേതൃത്വത്തില്‍ എന്‍.കെ അഹ്മദ് മൗലവിയുടെ അറബി കവിതാ സമാഹാരം ദീവാന്‍ എന്‍.കെ അഹ്മദ് മൗലവി എന്ന പേരില്‍ ഒരു പുസ്തകമായി പുറത്തിറങ്ങിയിട്ടുണ്ട്. അതില്‍ കൊളത്തൂര്‍ മുഹമ്മദ് മൗലവിയെയും കേരളത്തിലെ ഒട്ടുമുക്കാല്‍ സ്ഥാപനങ്ങളെയും എന്‍.കെ അഹ്മദ് മൗലവി എടുത്തുപറയുന്നു്. അറബി അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വളരെ ഉപകാരപ്രദമാണ്. പരേതനായ കെ. മൊയ്തു മൗലവിയുടെ അറബി കവിതകളും ഗ്രന്ഥരൂപത്തില്‍ വന്നിട്ടുണ്ട്.

പി.പി മുഹമ്മദ് വാരം, കണ്ണൂര്‍

 

 


സകാത്തിനെ പുരസ്‌കരിച്ചുള്ള ചര്‍ച്ച പൂര്‍ണമാകണമെങ്കില്‍

2019 മേയ് 17-ന്റെ പ്രബോധനം വാരികയുടെ മുഖവാക്കും ഒ.കെ ഫാരിസും യാസര്‍ ഖുത്വ്ബും എഴുതിയ ലേഖനങ്ങളും പഠനാര്‍ഹമാണ്. 2011-ലെ സെന്‍സസ് പ്രകാരം ഇന്ത്യയിലെ നാലിലൊന്ന് യാചകരും മുസ്‌ലിംകളാണെന്നത് നമുക്ക് ഏറെ വേദനയും ലജ്ജയുമുണ്ടാക്കേണ്ടുന്ന വസ്തുതയാണ്.
സംഭരണത്തിന്റെയും വിതരണത്തിന്റെയും പ്രസക്തി മനസ്സിലാക്കാന്‍ ഉപകരിക്കുന്നതാണ് ലേഖനങ്ങളെങ്കിലും സകാത്ത് വഴി ലഭിക്കുന്നവര്‍ക്ക് കിട്ടുന്ന നേട്ടം പോലെ തന്നെ നല്‍കുന്നവര്‍ക്കുള്ള ഇഹ-പര വിജയം സ്പഷ്ടമാക്കിയിരുന്നുവെങ്കില്‍ നന്നായിരുന്നു.
സകാത്ത് ചര്‍ച്ച മതപ്രഭാഷകരിലധികവും കൈയൊഴിച്ചിരിക്കുകയാണ്. സകാത്ത് കൊടുക്കണമെന്ന് ഒറ്റവാക്കില്‍ ഇത് ചുരുക്കുന്നതായാണ് കുവരുന്നത്. സകാത്ത് ചര്‍ച്ച സജീവമാക്കുന്ന ചില സംഘടനകള്‍ അത് പ്രയോഗവത്കരിക്കുന്നതില്‍ പിറകോട്ടടിക്കുന്ന കാഴ്ച സങ്കടകരമാണ്. അണിയുന്ന ആഭരണങ്ങളുടെ സകാത്തുമായി ബന്ധപ്പെട്ട് ലേഖനങ്ങളില്‍ പരാമര്‍ശിച്ചുകണ്ടില്ല. ഈ സകാത്ത് നല്‍കാതിരിക്കുമ്പോള്‍ അര്‍ഹരായവര്‍ക്ക് കോടിക്കണക്കിന് രൂപയുടെ സകാത്താണ് നഷ്ടമായിത്തീരുന്നത്. കേരളത്തിലെ ഭൂരിപക്ഷം മുസ്‌ലിംകള്‍ക്കും ഈ സകാത്തിന്റെ കാര്യത്തില്‍ ഒരു പിടിപാടുമില്ല. ബോധവത്കരിക്കേണ്ടവര്‍ മൗനികളായി കഴിയുന്നതാണ് പ്രധാന കാരണം.
ചില പണ്ഡിതന്മാര്‍ ആഭരണങ്ങള്‍ എത്ര ഉണ്ടായാലും സകാത്തില്ലെന്ന് പറയും. എന്നാല്‍ ചിലര്‍ സാധാരണയില്‍ കവിഞ്ഞതിന് സകാത്ത് നല്‍കണമെന്ന് പറയും. 'സാധാരണ' എത്രത്തോളം വരാമെന്ന് മനഃപൂര്‍വം വെളിപ്പെടുത്തുകയില്ല. ഇതിന് ശാഫിഈ മദ്ഹബും മാലികീ മദ്ഹബിലെ മുവത്വയും തെളിവാക്കി പറയും. ഇമാം അബൂ ഹനീഫയുടെ ഖബ്ര്‍ സിയാറത്തിന് ശാഫിഈ ഇമാം പോയപ്പോള്‍ അന്നത്തെ സ്വുബ്ഹിന് ഖുനൂത്ത് ഓതിയിരുന്നില്ല എന്നാണ് ചരിത്രം. ശാഫിഈ ഇമാം ഇത്രയും ആദരിച്ച ഹനഫീ ഇമാമിന്റെ ഫിഖ്ഹില്‍ അണിയുന്ന ആഭരണങ്ങള്‍ക്ക് സകാത്ത് നല്‍കണമെന്ന് പറയുന്നത് നിസ്സാരമായി കാണുന്നു.

എം.എ അഹ്മദ് തൃക്കരിപ്പൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (4-6)
ടി.കെ ഉബൈദ്‌

ഹദീസ്‌

ആര് ഭക്ഷിച്ചാലും കര്‍ഷകന് ഗുണമുണ്ട്
സാലിം അബ്ദുല്‍ മജീദ്‌