Prabodhanm Weekly

Pages

Search

2019 മെയ് 31

3104

1440 റമദാന്‍ 26

ഫാറൂഖ് കോളേജിലെ ഇസ്‌ലാമിക യൗവനം

പ്രഫ. എം. മൊയ്തീന്‍ കുട്ടി/ബഷീര്‍ തൃപ്പനച്ചി

1961 മുതല്‍ 1985 വരെ ഫാറൂഖ് കോളേജ് അധ്യാപകനായിരുന്നു പ്രഫ. എം. മൊയ്തീന്‍ കുട്ടി. അറുപതുകള്‍ മുതല്‍ എണ്‍പതുകള്‍ വരെ കോഴിക്കോട് കേന്ദ്രീകരിച്ച് നടന്നിരുന്ന ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ അദ്ദേഹമുണ്ടായിരുന്നു. ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളേജ്, സുല്ലമുസ്സലാം അറബിക് കോളേജ് അരീക്കോട്, മലപ്പുറം ഫലാഹിയ്യ അറബിക് കോളേജ് എന്നിവിടങ്ങളിലും അദ്ദേഹം അധ്യാപകനായിരുന്നു. 1985 മുതല്‍ 1998 വരെ ജിദ്ദയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന അറബ് ന്യൂസില്‍ പരിഭാഷകനായി. കോഴിക്കോട് യൂത്ത് സെന്റര്‍ ചെയര്‍മാന്‍, മോങ്ങം അന്‍വാറുല്‍ ഇസ്‌ലാം വനിതാ അറബിക് കോളേജ് സ്ഥാപക അസോസിയേഷന്‍ പ്രസിഡന്റ്, കെ.ഐ.ജി സുഊദി അറേബ്യ സ്ഥാപകാംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. അദ്ദേഹം പ്രബോധനത്തോട് ജീവിതം പങ്കുവെക്കുന്നു.
*******************************************************

1937-ല്‍ മലപ്പുറം ജില്ലയിലെ പൂക്കോട്ടൂര്‍ പഞ്ചായത്തിലെ വള്ളവമ്പ്രത്താണ് എന്റെ ജനനം. പിതാവ് മുസ്‌ലിയാരകത്ത് അഹമ്മദ് മുസ്‌ലിയാര്‍. മാതാവ് തഴെപ്പറമ്പന്‍ ആയിശ ഹജ്ജുമ്മ. ഞങ്ങള്‍ പത്ത് മക്കളായിരുന്നു. ഞാനും എന്റെ ഇളയ രണ്ട് സഹോദരിമാരുമാണ് ഇപ്പോള്‍ ജീവിച്ചിരിപ്പുള്ളത്. ഞങ്ങളുടെ കുടുംബവേര് പൊന്നാനിയിലാണ്. മഖ്ദൂം കുടുംബത്തിലെ മുസ്‌ലിയാരകത്ത് താവഴിയാണ് ഞങ്ങളുടേത്. പഴയകാലത്ത് കൊണ്ടോട്ടിയിലും പരിസര പ്രദേശങ്ങളിലും കൊണ്ടോട്ടിക്കൈ, പൊന്നാനിക്കൈ എന്നിങ്ങനെ മുസ്‌ലിംകള്‍ രണ്ടായി തിരിഞ്ഞ് വലിയ തര്‍ക്കമുണ്ടായിരുന്നു. ബോംബെയില്‍നിന്നു വന്ന ശീഈ ധാരയിലുള്ള മുഹമ്മദ് ശാഹ് കൊണ്ടോട്ടിയില്‍ സ്ഥിരതാമസമാക്കി (കൊണ്ടോട്ടി തങ്ങന്മാര്‍ എന്നാണ് അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ അറിയപ്പെട്ടിരുന്നത്. അവര്‍ ബ്രിട്ടീഷ് അനുകൂലികളായിരുന്നു.) ശീഈ ആചാരങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചതാണ് തര്‍ക്കത്തിന് പ്രധാന കാരണം. ഇവിടെയുണ്ടായിരുന്ന പൊന്നാനി മഖ്ദൂമുമാരുടെ ശിഷ്യന്മാര്‍ അതിനെ ശക്തമായി എതിര്‍ത്തു. അങ്ങനെ മുസ്‌ലിംകള്‍ രണ്ട് ചേരിയായി പക്ഷം തിരിഞ്ഞു.
അപൂര്‍വം പള്ളികളേ ഇവിടങ്ങളില്‍ അന്നുണ്ടായിരുന്നുള്ളൂ. അവിടെയും ചിലയിടങ്ങളില്‍ തര്‍ക്കങ്ങളുണ്ടായി. അതോടെ ഈ പ്രദേശങ്ങളിലെ പള്ളികളിലേക്ക് ഇമാമും ഖാദിയുമായി സേവനം ചെയ്യാന്‍ പൊന്നാനി മഖ്ദൂം കുടുംബത്തിലെ പണ്ഡിതന്മാരെ അയച്ചു തരാന്‍ ഇന്നാട്ടുകാര്‍ ആവശ്യപ്പെട്ടു. മഖ്ദൂം കുടുംബത്തിലെ നാല് താവഴിയിലുള്ള പണ്ഡിതന്മാര്‍ കൊണ്ടോട്ടിയിലെയും പരിസരപ്രദേശങ്ങളിലെയും മസ്ജിദുകളില്‍ ഖാദി-ഖത്വീബ് സ്ഥാനം ഏറ്റെടുക്കാനെത്തി. മുസ്‌ലിയാരകത്ത്, നാലകത്ത്, ഒറ്റകത്ത്, പുതിയാകം എന്നിവയായിരുന്നു ആ നാല് കുടുംബങ്ങള്‍. അങ്ങനെയാണ് പൊന്നാനിയിലെ മുസ്‌ലിയാരകത്ത് കുടുംബാംഗമായ എന്റെ വല്യുപ്പമാര്‍ വള്ളുവമ്പ്രത്ത് താമസമാക്കുന്നത്. എന്റെ ഉപ്പയുടെ പിതാവ് ലവക്കുട്ടി മുസ്‌ലിയാര്‍ മുതലുള്ള ചരിത്രമേ എനിക്കറിയൂ. അദ്ദേഹം പണ്ഡിതനും സാത്വികനുമായിരുന്നു. പരിസര പ്രദേശങ്ങളായ മോങ്ങം, കുഴിമണ്ണ, ചെറുപുത്തൂര്‍, തൃപ്പനച്ചി-പാലക്കാട് മഹല്ല് മസ്ജിദുകളിലെല്ലാം വല്യുപ്പയുടെ സന്തതികളായിരുന്നു ദീര്‍ഘകാലം ഖാദിമാരും ഖത്വീബുമാരും ആയിരുന്നത്. ഈ മഹല്ലുകളുടെ മൊത്തം മേല്‍ഖാദിയായിരുന്നു വല്യുപ്പയായ ലവക്കുട്ടി മുസ്‌ലിയാര്‍. പിന്നീട് കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഈ മഹല്ലുകളില്‍ ഞങ്ങളുടെ കുടുംബത്തിന് പുറത്തുള്ളവരെ ഖാദി-ഖത്വീബ് സ്ഥാനം ഏല്‍പ്പിക്കാന്‍ തുടങ്ങിയത്. കൊണ്ടോട്ടിയിലെ ശിഈ തങ്ങന്മാര്‍ ബ്രിട്ടീഷുകാരുടെ പിന്തുണയോടെ പ്രവര്‍ത്തിച്ചിട്ടും ഇവിടെ ശീഇസം പ്രചരിക്കാതെ പോയത് മഖ്ദൂം കുടുംബത്തിലെ പണ്ഡിതന്മാരുടെ സാന്നിധ്യം ഉള്ളതിനാലായിരുന്നു.
എന്റെ പിതാവ് അഹമ്മദ് മുസ്‌ലിയാര്‍ ഫറാഇദില്‍ (അനന്തരാവകാശ നിയമം) വിദഗ്ധനായിരുന്നു. ഉപ്പ ഖാദി-ഖത്വീബ് സ്ഥാനം ഏറ്റെടുത്തിരുന്നില്ല. കൃഷിയിലായിരുന്നു ശ്രദ്ധ. എന്റെ ജ്യേഷ്ഠന്‍ മുഹമ്മദ് മുസ്‌ലിയാര്‍ വാഴക്കാട് ദാറുല്‍ ഉലൂമില്‍ പഠനം പൂര്‍ത്തിയാക്കിയ പണ്ഡിതനായിരുന്നു. കെ.സി അബ്ദുല്ല മൗലവി അദ്ദേഹത്തെ അവിടെ പഠിപ്പിച്ചിട്ടുണ്ട്. 1947 മുതല്‍ 1967 വരെ മോങ്ങം മഹല്ല് ജുമാ മസ്ജിദില്‍ ഖാദിയും ഖത്വീബും മുദര്‍രിസുമായിരുന്നു അദ്ദേഹം. ഖുത്വ്ബ മലയാളത്തില്‍ പരിഭാഷപ്പെടുത്തിയിരുന്നു അദ്ദേഹം. പിന്നീട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഖുത്വ്ബ മലയാള പരിഭാഷ വിലക്കി. പ്രാദേശികമായി അത് പ്രശ്‌നമായപ്പോള്‍ ജ്യേഷ്ഠന്‍ മോങ്ങം മഹല്ല് ജുമാമസ്ജിദില്‍നിന്ന് രാജിവെച്ചു. ആ വര്‍ഷം 1967-ല്‍ ആരംഭിച്ച മോങ്ങം അന്‍വാറുല്‍ ഇസ്‌ലാം വനിതാ അറബിക് കോളേജില്‍ അദ്ദേഹം അധ്യാപകനായി. മരണം വരെ അധ്യാപന ജീവിതം തുടര്‍ന്നു. വള്ളുവമ്പ്രം-അത്താണിക്കല്‍ പാലിയേറ്റീവ് കാരുണ്യ കേന്ദ്രത്തിന്റെ ചെയര്‍മാനായ മുഹമ്മദലി മാസ്റ്റര്‍ ഈ ജ്യേഷ്ഠന്റെ മകനാണ്.

പഠനം
എന്റെ മുതിര്‍ന്ന സഹോദരിമാര്‍ക്ക് ഉപ്പ വീട്ടില്‍വെച്ച് ഓത്ത് പഠിപ്പിച്ചിരുന്നു. മൂന്നാം വയസ്സില്‍ തന്നെ ഞാനിത് കേട്ടിരിക്കുമായിരുന്നു. പലതും അവര്‍ക്കൊപ്പം മനഃപാഠമാക്കുകയും ചെയ്തു. നാലാം വയസ്സില്‍ വള്ളുവമ്പ്രത്ത് ഉള്ളാട്ട് മൊയ്തീന്‍കുട്ടി മൊല്ലാക്ക നടത്തിയിരുന്ന ഓത്തുപള്ളിക്കൂടത്തില്‍ എന്നെ ചേര്‍ത്തു. അവിടെ ആണ്‍കുട്ടികള്‍ക്കൊപ്പം പെണ്‍കുട്ടികളുമുണ്ടായിരുന്നു. മൊല്ലാക്കയുടെ ഭാര്യ ചെറിയൊരു ഓത്തുപള്ളി വേറെയും നടത്തിയിരുന്നു. ഞാനവിടെ മൂന്ന് മാസമാണ് പഠിച്ചത്. നേരത്തേ വീട്ടില്‍നിന്ന് പഠിച്ചിരുന്നതിനാല്‍ ഒന്നോ രണ്ടോ വര്‍ഷം കൊണ്ട് ഒത്തുപള്ളിക്കൂടത്തില്‍ പഠിക്കുന്നത് മൂന്ന് മാസം കൊണ്ട് ഞാന്‍ പൂര്‍ത്തിയാക്കി. അഞ്ച് വയസ്സായപ്പോള്‍ എന്നെ വള്ളുവമ്പ്രം അത്താണിക്കല്‍ എ.എം.എല്‍.പി സ്‌കൂളില്‍ ചേര്‍ത്തു. എയ്ഡഡ് മാപ്പിള ലോവര്‍ പ്രൈമറി സ്‌കൂളായിരുന്നു അത്. മൂന്ന് തലങ്ങളിലായി പതിനൊന്ന് വര്‍ഷമായിരുന്നു അന്ന് സ്‌കൂള്‍ വിദ്യാഭ്യാസം. ഒന്ന് മുതല്‍ അഞ്ചുവരെ ലോവര്‍ എലമെന്ററി സ്‌കൂള്‍. 6,7,8 ഹയര്‍ എലമെന്ററി സ്‌കൂള്‍. പിന്നീട് മൂന്ന് വര്‍ഷം ഹൈസ്‌കൂള്‍. നന്നായി പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആദ്യ ക്ലാസുകളില്‍ ഡബിള്‍ പ്രമോഷന്‍ ഉണ്ടായിരുന്നു. ഇങ്ങനെ ഡബിള്‍ പ്രമോഷനോടെ മൂന്ന് വര്‍ഷം കൊണ്ട് ഞാന്‍ അഞ്ചാം ക്ലാസ് പാസ്സായി. 6,7,8 ക്ലാസുകളിലെ പഠനം പൂക്കോട്ടൂര്‍ അറവങ്കര ഹയര്‍ എലമെന്ററി സ്‌കൂളിലായിരുന്നു. അവിടെ ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത്. ഒരൊറ്റ മുസ്‌ലിം അധ്യാപകനും അന്ന് അറവങ്കര സ്‌കൂളില്‍ ഉണ്ടായിരുന്നില്ല. മുസ്‌ലിം വിദ്യാര്‍ഥികളും കുറവായിരുന്നു. പൂക്കോട്ടൂരിലെ പിലാക്കല്‍ മമ്മദ് ഹാജിയും അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ കുഞ്ഞാലന്‍ ഹാജിയും ഞാനും വിരലിലെണ്ണാവുന്നവരുമായിരുന്നു അന്ന് മുസ്‌ലിം കുട്ടികള്‍. ഒരൊറ്റ മുസ്‌ലിം പെണ്‍കുട്ടിയും ഉണ്ടായിരുന്നില്ല. എട്ടാം ക്ലാസില്‍ അക്കാലത്ത് ഇ.എസ്.എല്‍.സി(ESLC) എന്ന പൊതുപരീക്ഷ ഉണ്ടായിരുന്നു. അത് പാസ്സായാല്‍ ടീച്ചര്‍ ട്രെയ്‌നിംഗിന് ചേര്‍ന്ന് അന്ന് അധ്യാപരാകാമായിരുന്നു. ഇംഗ്ലീഷ് പേപ്പര്‍ ഇല്ലാതെയും ഈ പൊതുപരീക്ഷ എഴുതാമായിരുന്നു. ഇംഗ്ലീഷോടുകൂടി പാസ്സായാല്‍ ഹൈസ്‌കൂളില്‍ ഒരുവര്‍ഷം ഇളവ് ലഭിക്കും. ആ വര്‍ഷം അറവങ്കര സ്‌കൂളില്‍നിന്ന് ഇംഗ്ലീഷോട് കൂടി ഇ.എസ്.എല്‍.സി പാസ്സായ വിദ്യാര്‍ഥി ഞാന്‍ മാത്രമായിരുന്നു.
മൊറയൂര്‍ ഹൈസ്‌കൂളിലായിരുന്നു തുടര്‍പഠനം. സിക്‌സ്ത് ഫോറം എന്നാണ് അന്ന് ഹൈസ്‌കൂള്‍ ഫൈനല്‍ ഇയറിന് പറഞ്ഞിരുന്നത്. 1953-ലാണ് ഞാന്‍ എസ്.എസ്.എല്‍.സി പാസാകുന്നത്. എന്റെ ഒരുവര്‍ഷം ജൂനിയറായിരുന്ന മോങ്ങത്തെ പ്രഫ. കെ. മുഹമ്മദ് 1954-ല്‍ അവിടെനിന്ന് എസ്.എസ്.എല്‍.സി പാസായി. അന്ന് മുസ്‌ലിം സമുദായത്തില്‍ എസ്.എസ്.എല്‍.സി പാസായവര്‍ അപൂര്‍വമായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് മുസ്‌ലിം സമുദായത്തിലെ ഒരു വിഭാഗം എതിരായിരുന്നു. ആര്യനെഴുത്ത് എന്ന് പറഞ്ഞ് മലയാള ഭാഷാപഠനത്തെയും അവര്‍ വിലക്കി. വാഴക്കാട് ദാറുല്‍ ഉലൂമില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയ ജ്യേഷ്ഠന്‍ മുഹമ്മദ് മുസ്‌ലിയാരായിരുന്നു എന്നെ മൊറയൂര്‍ ഹൈസ്‌കൂളില്‍ ചേര്‍ക്കാന്‍ മുന്‍കൈയെടുത്തത്. ഉപ്പയുടെ ആഗ്രഹം ഞാന്‍ മതപഠനത്തിന് പോകണമെന്നായിരുന്നു. എസ്.എസ്.എല്‍.സി പാസായപ്പോള്‍ ടീച്ചര്‍ ട്രെയ്‌നിംഗ് കോഴ്‌സ് പഠിച്ച് പിന്നീട് മതപഠനം നടത്തട്ടെ എന്നാണ് ജ്യേഷ്ഠന്‍ അഭിപ്രായപ്പെട്ടത്. മുസ്‌ലിയാരകത്ത് കുടുംബം ദീനീപാരമ്പര്യം നിലനിര്‍ത്തട്ടെ എന്ന ആഗ്രഹമായിരുന്നു അതിനു പിന്നില്‍.
ഇംഗ്ലീഷൊക്കെ പഠിച്ചപ്പോള്‍ എനിക്ക് കോളേജില്‍ പഠിക്കണമെന്നായി. ജ്യേഷ്ഠന്റെ ഉല്‍പ്പതിഷ്ണുക്കളായ കൂട്ടുകാരുടെ ഉപദേശഫലമായി അദ്ദേഹം എന്റെ ആഗ്രഹത്തിന് എതിരുനിന്നില്ല. എന്നാല്‍ കോളേജില്‍ ചേര്‍ക്കാന്‍ മുന്‍കൈയെടുത്തതുമില്ല. 1954-ല്‍ ഉപ്പയും ഉമ്മയും ജ്യേഷ്ഠനും ഹജ്ജിന് പോയി. അങ്ങനെ ചെറിയ ജ്യേഷ്ഠനായ ലവക്കുട്ടി ഹാജിയുടെ അനുമതിയോടെ ആ വര്‍ഷം ഞാന്‍ ഫറോക്ക് റൗദത്തുല്‍ ഉലൂമില്‍ ചേര്‍ന്നു. എസ്.എസ്.എല്‍.സി പാസായ ഒരു വിദ്യാര്‍ഥി ആദ്യമായിട്ടായിരുന്നു റൗദത്തില്‍ പഠിക്കാന്‍ ചേരുന്നത്. പ്രിന്‍സിപ്പലായ അബുസ്സ്വബാഹ് മൗലവി അതിന്റെ പേരില്‍ എന്നെ പ്രത്യേകം അഭിനന്ദിച്ചു. അഫ്ദലുല്‍ ഉലമയുടെ എന്‍ട്രന്‍സ് കോഴ്‌സിനാണ് ഞാന്‍ ചേര്‍ന്നത്. എങ്ങനെയെങ്കിലും ഫാറൂഖ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ പഠിക്കണമെന്നായിരുന്നു അപ്പോഴും എന്റെയാഗ്രഹം. വീട്ടില്‍നിന്ന് അതിന് സമ്മതം ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാലാണ് റൗദത്തില്‍ വിദ്യാര്‍ഥിയായത്. അഫ്ദലുല്‍ ഉലമ പ്രിലിമിനറിക്ക് പഠിക്കുമ്പോള്‍ റൗദത്തില്‍ വിദ്യാര്‍ഥിയായി കൊണ്ടുതന്നെ ഫാറൂഖ് കോളേജിലെ റഗുലര്‍ സ്റ്റുഡന്റായി പഠിക്കാനും അവസരം ലഭിച്ചു. ഇന്നത്തെ പ്ലസ്ടുവിന് തുല്യമായ ഇന്റര്‍മീഡിയറ്റ് കോഴ്‌സില്‍ അന്ന് ഫാറൂഖ് കോളേജില്‍ ഗ്രൂപ്പ് ഡി അറബിക് ഉണ്ടായിരുന്നു. അഫ്ദലുല്‍ ഉലമയുടെ പ്രിലിമിനറി സിലബസും ഇന്റര്‍മീഡിയറ്റ് കോഴ്‌സുകള്‍ക്കുള്ള ഫസ്റ്റ് പാര്‍ട്ട് ഇംഗ്ലീഷും അഡീഷണലായി ഇംഗ്ലീഷ്-അറബിക് ട്രാന്‍സ്‌ലേഷന്‍ പേപ്പറുമായിരുന്നു ഗ്രൂപ്പ് ഡിയിലെ പാഠ്യവിഷയം.
ഫാറൂഖ് കോളേജിനോട് ചേര്‍ന്നുതന്നെ റൗദത്തുല്‍ ഉലൂം അറബിക് കോളേജുള്ളതിനാല്‍ പ്രിലിമിനറി സിലബസ് ഇവിടെനിന്ന് പഠിക്കാനും ഇംഗ്ലീഷ് ഫാറൂഖ് കോളേജിലെ റഗുലര്‍ ക്ലാസില്‍ പങ്കെടുക്കാനുമുള്ള പ്രത്യേക പെര്‍മിഷന്‍ മദ്രാസ് യൂനിവേഴ്‌സിറ്റി നല്‍കിയിരുന്നു. ഫാറൂഖ് കോളേജിന്റെ പ്രഥമ പ്രിന്‍സിപ്പലായിരുന്ന പ്രഫ. സയ്യിദ് മുഹ്‌യിദ്ദീന്‍ ഷായുടെ മകന്‍ മുഹമ്മദ് ഷാ ആയിരുന്നു ഗ്രൂപ്പ് ഡി അറബിക് ആദ്യം പാസ്സായ വിദ്യാര്‍ഥി. രണ്ടാമത്തെയാള്‍ ഞാനും. അബുസ്സ്വബാഹ് മൗലവി, മുജാഹിദ് നേതാവായിരുന്ന സി.പി അബൂബക്കര്‍ മൗലവി, മുഹമ്മദ് അബുസ്സ്വലാഹ് മൗലവി, ബാപ്പു മൗലവി, അബ്ദുല്‍ കരീം തങ്ങള്‍ എന്നിവരായിരുന്നു റൗദത്തുല്‍ ഉലൂമിലെ എന്റെ പ്രധാന അധ്യാപകര്‍.
മദ്രാസ് യൂനിവേഴ്‌സിറ്റിയുടെ സിലബസാണ് അന്ന് ഫാറൂഖ് കോളേജിലടക്കം മലബാറിലെ മുഴുവന്‍ കലാലയങ്ങളിലുമുണ്ടായിരുന്നത്. ഗ്രൂപ്പ് ഡി അറബിക് പാസായവര്‍ക്ക് ബാച്ച്‌ലര്‍ ഓഫ് ഓറിയന്റല്‍ ലാംഗ്വേജസ് (BOL) എന്ന ഡിഗ്രി കോഴ്‌സ് മദ്രാസ് യൂനിവേഴ്‌സിറ്റിക്ക് കീഴിലുണ്ടായിരുന്നു. ബി.ഒ.എല്‍ പാസായാല്‍ എം.എ അറബിക് ഇല്ലാതെ കോളേജ് ലക്ചറര്‍ ആവാമായിരുന്നു. ഈ കോഴ്‌സ് ലക്ഷ്യം വെച്ചാണ് ഞാന്‍ ഗ്രൂപ്പ് ഡി പഠിച്ചത്. നിര്‍ഭാഗ്യവശാല്‍ ഞാന്‍ ഇന്റര്‍മീഡിയറ്റ് പാസായ വര്‍ഷം മദ്രാസ് യൂനിവേഴ്‌സിറ്റി ബി.ഒ.എല്‍ കോഴ്‌സ് പിന്‍വലിച്ചു. അതോടെ ഇനി എന്ത് ചെയ്യണമെന്ന് ആലോചിച്ചു. ബി.എ അറബിക് എന്ന കോഴ്‌സ് അന്ന് കേരളത്തില്‍ ഒരു കോളേജിലും ഇല്ലായിരുന്നു. മദ്രാസിലെ മുഹമ്മദന്‍ കോളേജില്‍ മാത്രമാണ് ബി.എ അറബിക് ഉണ്ടായിരുന്നത്. അവിടെ പോയി പഠിക്കാന്‍ പറ്റിയ സാഹചര്യമായിരുന്നില്ല. അതിനാല്‍ ഒടുവില്‍ ബി.എ എകണോമിക്‌സിന് ഫാറൂഖ് കോളേജില്‍ ചേര്‍ന്നു. രണ്ട് വര്‍ഷം ഇന്റര്‍മീഡിയറ്റ്, ശേഷം രണ്ടുവര്‍ഷം ഡിഗ്രി ഇങ്ങനെയായിരുന്നു അന്ന് കോളേജ് വിദ്യാഭ്യാസം. 1958-ല്‍ ഫാറൂഖ് കോളേജില്‍നിന്ന് ഞാന്‍ എകണോമിക്‌സ് ബിരുദം പാസ്സായി. എം.എ അറബിക് കോഴ്‌സും അന്ന് കേരളത്തില്‍ ഇല്ലായിരുന്നു. അതിനാല്‍ റഗുലര്‍ പഠനം ബിരുദത്തോടെ അവസാനിച്ചു. പിന്നീട് 1964-ല്‍ ഫാറൂഖ് കോളേജ് അധ്യാപകനായിരിക്കെ അലീഗഢ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് പ്രൈവറ്റായാണ് ഞാന്‍ എം.എ അറബിക് എഴുതിയെടുത്തത്. ആ വര്‍ഷം റഗുലര്‍ വിദ്യാര്‍ഥികളെ പിന്തള്ളി എം.എ അറബിക്കില്‍ ഫസ്റ്റ് റാങ്ക് ഗോള്‍ഡ് മെഡലോടെ എനിക്ക് ലഭിച്ചു. പ്രൈവറ്റ് വിദ്യാര്‍ഥിയായി പരീക്ഷയെഴുതിയ ഒരാള്‍ക്ക് എം.എ അറബിക്കില്‍ ഫസ്റ്റ് റാങ്ക് കിട്ടുന്നത് ആദ്യമായിട്ടായിരുന്നു. അതിന്റെ വാര്‍ത്തയൊക്കെ അന്ന് ചന്ദ്രിക പത്രത്തില്‍ വന്നിരുന്നു. പ്രഫ. എം.എ ശുക്കൂര്‍, മൈസൂര്‍ക്കാരനായിരുന്ന എച്ച്.എം.എ ശുക്കൂര്‍, ചന്ദ്രികയുടെ പ്രഥമ എഡിറ്ററായിരുന്ന പ്രഫ. കെ.വി അബ്ദുര്‍റഹ്മാന്‍ പൊന്നാനി, ചരിത്രകാരന്‍ എ.പി ഇബ്‌റാഹീം കുഞ്ഞു സാഹിബ് എന്നിവരായിരുന്നു ഫാറൂഖ് കോളേജിലെ എന്റെ പ്രധാന അധ്യാപകര്‍.

അധ്യാപനകാലം
1958-ല്‍ ഡിഗ്രി കഴിഞ്ഞുനില്‍ക്കുമ്പോഴാണ് മുജാഹിദ് നേതാവായ അരീക്കോട്ടെ എന്‍.വി ഇബ്‌റാഹീം സാഹിബ് എന്നെ സുല്ലമുസ്സലാം അറബിക് കോളേജിലേക്ക് അധ്യാപകനായി ക്ഷണിക്കുന്നത്. ഇംഗ്ലീഷ് പഠിപ്പിക്കലായിരുന്നു എന്റെ ദൗത്യം. ദാരിദ്ര്യത്തിന്റെ കാലമാണ്. അധ്യാപകര്‍ക്കൊന്നും കൃത്യമായ ശമ്പളമുണ്ടായിരുന്നില്ല. റമദാനിലെ പിരിവ് മാത്രമായിരുന്നു ഏക വരുമാനമാര്‍ഗം. റമദാനില്‍ അധ്യാപകര്‍ക്ക് റസീപ്റ്റ് നല്‍കി പിരിഞ്ഞു കിട്ടുന്ന കാശില്‍നിന്ന് ശമ്പള കുടിശ്ശിക എടുക്കാന്‍ പറയും ചിലപ്പോള്‍. ശൈഖ് മുഹമ്മദ് മൗലവിയാണ് അന്ന് സുല്ലമുസ്സലാമിന്റെ പ്രിന്‍സിപ്പല്‍. കെ.പി മുഹമ്മദ് മൗലവി സീനിയര്‍ അധ്യാപകനായിരുന്നു. പി.പി മമ്മദ് മൗലവി, മോയിന്‍കുട്ടി മൗലവി എന്നീ പണ്ഡിതന്മാരും അവിടെ അധ്യാപകരായിരുന്നു. ഇവരുമായുള്ള സഹവാസവും ചര്‍ച്ചകളുമൊക്കെയാണ് സുല്ലമിലെ അധ്യാപന കാലത്തെ മുഖ്യനേട്ടം. മറ്റ് അധ്യാപകരെപോലെ സ്ഥാപനത്തിന്റെ സാമ്പത്തിക പ്രതിസന്ധി എന്നെയും ബാധിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ അബുസ്സ്വബാഹ് മൗലവി എന്നോട് പറഞ്ഞു: 'എന്നാല്‍ നീ റൗദത്തിലേക്ക് പോരൂ'. 1959-ല്‍ ഞാന്‍ ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളേജില്‍ അധ്യാപകനായി. എട്ട് മാസമായിരുന്നു സുല്ലമുസ്സലാമിലെ എന്റെ അധ്യാപന കാലം. 1960-ല്‍ ദല്‍ഹി ഓള്‍ ഇന്ത്യാ റേഡിയോയില്‍ ജോലി ലഭിച്ചാണ് ഞാന്‍ റൗദത്തുല്‍ ഉലൂം വിടുന്നത്. ഒന്നര വര്‍ഷത്തിന് ശേഷം 1961 ആഗസ്റ്റില്‍ ഓള്‍ ഇന്ത്യാ റേഡിയോവിലെ ആ ജോലി രാജിവെച്ച് ഞാന്‍ ഫാറൂഖ് കോളേജ് അധ്യാപകനായി അധ്യാപന രംഗത്തേക്ക് തിരിച്ചുവന്നു. ബി.എ എകണോമിക്‌സായിരുന്നു എന്റെ ബിരുദം. അറബിക് അധ്യാപകനാവാന്‍ ബി.എ അറബിക് വേണമായിരുന്നു. എന്റെ ഗ്രൂപ്പ് ഡി അറബിക് ഇന്റര്‍മീഡിയറ്റും ഓള്‍ ഇന്ത്യാ റേഡിയോവിലെ അറബിക്-ഇംഗ്ലീഷ് ട്രാന്‍സ്‌ലേറ്റര്‍ എക്‌സ്പീരിയന്‍സും വെച്ച് മദ്രാസ് യൂനിവേഴ്‌സിറ്റി എനിക്ക് ഇളവ് നല്‍കി. വൈകാതെ അലീഗഢ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് എം.എ അറബിക് ഞാന്‍ പാസ്സാവുകയും ചെയ്തു.
ഫാറൂഖ് കോളേജിലെ അധ്യാപനം ആദ്യകാലത്ത് വളരെ ആവേശകരമായിരുന്നു. കോളേജ് സമയത്തെ അധ്യാപനത്തിനപ്പുറം, വിദ്യാര്‍ഥി ആക്ടിവിസങ്ങളിലും അവരുടെ ധാര്‍മിക വളര്‍ച്ചയിലുമൊക്കെ പങ്കു കൊള്ളാനും അവസരം ലഭിച്ചിരുന്നു. അതിനാല്‍ തന്നെ അക്കാലത്ത് ഗവണ്‍മെന്റ് കോളേജ് ലക്ചറര്‍ ആയി എനിക്ക് പി.എസ്.സി നിയമനം ലഭിച്ചുവെങ്കിലും വേണ്ടെന്ന് വെച്ചു. പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞ് 1971-ലാണ് സര്‍ക്കാര്‍ അധ്യാപകരുടെ ശമ്പള വേതന വ്യവസ്ഥകള്‍ എയ്ഡഡ് കോളേജുകളിലും നടപ്പിലാകുന്നത്. ദീര്‍ഘമായ 24 വര്‍ഷം ഫാറൂഖ് കോളേജില്‍ അധ്യാപനജീവിതം തുടര്‍ന്നു. ഇതിനിടയില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അക്കാദമിക് കൗണ്‍സില്‍ അംഗം, കേരള യൂനിവേഴ്‌സിറ്റി എക്‌സാം ബോര്‍ഡംഗം, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി എക്‌സാം ബോര്‍ഡംഗം, അറബിക് കോളേജുകളെക്കുറിച്ച് പഠിക്കാന്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി രൂപീകരിച്ച കമീഷന്‍ അംഗം എന്നീ ഔദ്യോഗിക ചുമതലകളും വഹിച്ചു.
1985 നവംബറിലാണ് ഞാന്‍ വളന്ററി റിട്ടയര്‍മെന്റ് വാങ്ങി ഫാറൂഖ് കോളേജ് വിടുന്നത്. അന്നെനിക്ക് 48 വയസ്സായിരുന്നു. ഏഴ് വര്‍ഷംകൂടി സര്‍വീസ് ബാക്കിയുണ്ടായിരുന്നു. ഫാറൂഖ് കോളേജിലെ ധാര്‍മികാന്തരീക്ഷത്തിന് വന്ന മാറ്റവും ചില വിദ്യാര്‍ഥി സമര കോലാഹലങ്ങള്‍ക്ക് സാക്ഷിയായതും മനസ്സില്‍ ഒരുതരം മടുപ്പുണ്ടാക്കി. അങ്ങനെയാണ് അറബ് ന്യൂസിലേക്ക് പോകുന്നത്. 1975-ല്‍ ഹജ്ജിന് പോയ അവസരത്തിലും അറബ് ന്യൂസില്‍ അവസരം ലഭിച്ചിരുന്നതാണ്. അന്ന് പക്ഷേ, ഫാറൂഖ് കോളേജ് വിട്ടുപോകാന്‍ മനസ്സ് അനുവദിച്ചില്ല.

ഓള്‍ ഇന്ത്യാ റേഡിയോ കാലം
1960-ല്‍ റൗദത്തില്‍ അധ്യാപകനായിരിക്കെയാണ് പ്രിന്‍സിപ്പലായ അബുസ്സ്വബാഹ് മൗലവിക്ക് ഓള്‍ ഇന്ത്യാ റേഡിയോ ദല്‍ഹി ഓഫീസില്‍നിന്ന് ഒരു ലെറ്റര്‍ ലഭിക്കുന്നത്. അറബിയും ഇംഗ്ലീഷും അറിയുന്നവര്‍ താങ്കളുടെ അറിവിലുണ്ടെങ്കില്‍ അറിയിക്കണമെന്നായിരുന്നു ആ കത്തിലെ ഉള്ളടക്കം. എന്റെ പേരും വിലാസവും ഉടനെ മൗലവി അവര്‍ക്കയച്ചുകൊടുത്തു. ഇത്തരം അവസരങ്ങള്‍ അപൂര്‍വമായേ ലഭിക്കൂവെന്നും, അത് നമ്മള്‍ ഉപയോഗപ്പെടുത്തണമെന്നുമാണ് മൗലവി എന്നോട് പറഞ്ഞത്. സെലക്ഷന്‍ ലഭിച്ചാല്‍ ഒരു വര്‍ഷത്തിന് ശേഷം ഈജിപ്തിലയച്ച് ട്രെയ്‌നിംഗ് നല്‍കുമെന്നും കത്തിലുണ്ടായിരുന്നു. കോഴിക്കോട് ഓള്‍ ഇന്ത്യാ റേഡിയോ സ്റ്റേഷനില്‍ വെച്ചായിരുന്നു പ്രഥമ ടെസ്റ്റ്. സമുദായസ്‌നേഹിയും അബുസ്സ്വബാഹ് മൗലവിയുടെ ഇഷ്ടക്കാരനുമായിരുന്ന ചാലിയം സ്വദേശി കെ.എം.കെ കുട്ടി സാഹിബെന്ന ഓള്‍ ഇന്ത്യാ റേഡിയോവിലെ പ്രോഗ്രാം ഓഫീസറായിരുന്നു ടെസ്റ്റ് നടത്തിയത്. ശേഷം ന്യൂദല്‍ഹി ഓള്‍ ഇന്ത്യാ റേഡിയോ ഓഫീസില്‍ വെച്ച് ഇന്റര്‍വ്യൂ നടന്നു. ദാറുല്‍ ഉലൂം ദയൂബന്ദ്, ലഖ്‌നൗ നദ്‌വത്തുല്‍ ഉലമാ എന്നിവിടങ്ങളില്‍നിന്നും പലരും ഇന്റര്‍വ്യൂവിനുണ്ടായിരുന്നു. എനിക്കാണ് അന്ന് സെലക്ഷന്‍ ലഭിച്ചത്. മുഹ്‌യുദ്ദീന്‍ ആലുവായി, ഈയിടെ അന്തരിച്ച പ്രമുഖ പണ്ഡിതന്‍ ശൈഖ് വാദിഹ് നദ്‌വി, ഹൈദരാബാദ് ഇഫ്‌ളുവിലെ അറബിക് ഡിപാര്‍ട്ട്‌മെന്റ് തലവനായിരുന്ന ഡോ. അബ്ദുല്‍ ഹലീം നദ്‌വി മുതലായവര്‍ ന്യൂദല്‍ഹി ഓള്‍ ഇന്ത്യാ റേഡിയോവില്‍ എന്റെ സഹപ്രവര്‍ത്തകരായിരുന്നു. ഡോ. ലോക്കണ്ട്‌വാലയായിരുന്നു ഞങ്ങള്‍ ജോലി ചെയ്തിരുന്ന ഓള്‍ ഇന്ത്യാ റേഡിയോ അറബിക് യൂനിറ്റിന്റെ തലവന്‍. ഈ ഭാഷാ വിദഗ്ധരും പണ്ഡിതന്മാരുമായുള്ള സഹവാസം എന്റെ വൈജ്ഞാനിക വളര്‍ച്ചക്ക് വലിയ മുതല്‍ക്കൂട്ടായി. ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്പേ ഓള്‍ ഇന്ത്യാ റേഡിയോവിലെ ജോലി മടുത്തു. അധ്യാപനത്തോടുള്ള താല്‍പര്യമായിരുന്നു മടുപ്പിനു കാരണം. എന്റെ താല്‍പ്പര്യമില്ലായ്മ മനസ്സിലാക്കിയ മേലധികാരികള്‍ അറബിക്-ഇംഗ്ലീഷ് ട്രാന്‍സ്‌ലേഷന് അല്‍പ്പം കൂടി സാധ്യതയുള്ള ഓള്‍ ഇന്ത്യ റേഡിയോ ഷിംലയിലെ മോണിറ്റര്‍ അറബിക്കായി എനിക്ക് ട്രാന്‍സ്ഫര്‍ അനുവദിച്ചു. ഗള്‍ഫ് രാഷ്ട്രങ്ങളിലെ വാര്‍ത്തകള്‍ ശ്രദ്ധിച്ച് ഇന്ത്യന്‍ ഫോറിന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് വേണ്ട വിവരങ്ങള്‍ വിവര്‍ത്തനം ചെയ്തു നല്‍കലായിരുന്നു അവിടെ മുഖ്യജോലി. രണ്ട് ഭാഷകളിലും പ്രാവീണ്യം നേടാന്‍ അത് പ്രയോജനപ്പെട്ടു. പിന്നെയാണ് ഫാറൂഖ് കോളേജില്‍ ഒഴിവു വന്നപ്പോള്‍ ഓള്‍ ഇന്ത്യാ റേഡിയോവിലെ ജോലി രാജിവെച്ച് തിരിച്ച് വരുന്നത്.
അബുല്‍ഹസന്‍ അലി നദ്‌വിയെ പരിചയപ്പെട്ടതും 1961-ല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഒരഖിലേന്ത്യാ സമ്മേളനത്തില്‍ പങ്കെടുത്തതും ഈ ഓള്‍ ഇന്ത്യാ റേഡിയോ കാലത്താണ്. അറബിയിലായിരുന്നു അലിമിയാനുമായി സംസാരിച്ചത്. മലയാളികള്‍ ഉര്‍ദു ഭാഷകൂടി പഠിച്ച് അതിലെ വൈജ്ഞാനിക സമ്പത്ത് ആര്‍ജിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്ത് അഖിലേന്ത്യാ കോണ്‍ഫറന്‍സിന് വന്ന കെ.സി അബ്ദുല്ല മൗലവി, ടി. മുഹമ്മദ് സാഹിബ്, ടി.കെ അബ്ദുല്ല സാഹിബ്, എം.പി.കെ മുഹമ്മദ് സാഹിബ് എന്നിവരെല്ലാം അന്ന് ന്യൂദല്‍ഹിയിലെ ഓള്‍ ഇന്ത്യാ റേഡിയോ ഓഫീസില്‍ വന്നിരുന്നു. മുഹ്‌യിദ്ദീന്‍ ആലുവായിയെ അന്ന് ഞാന്‍ കെ.സിക്കും നേതാക്കള്‍ക്കും പരിചയപ്പെടുത്തി. പിന്നീട് ആ ബന്ധം ജമാഅത്തിന് വളരെയേറെ ഉപകാരപ്പെട്ടു.
മുഹമ്മദ് ഖുത്വ്ബിന്റെ 'ശുബ്ഹാത്തുന്‍ ഹൗലല്‍ ഇസ്‌ലാം' എന്ന പുസ്തകം, വെള്ളിമാടുകുന്നില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഇംഗ്ലീഷ് മാസികയായ മെസ്സേജിനായി ഖണ്ഡശ്ശയായി പരിഭാഷ നിര്‍വഹിച്ചത് ഷിംലയില്‍ ഉള്ള കാലത്താണ്. എം.എം.കെ ഫാറൂഖി എന്ന പേരിലായിരുന്നു തര്‍ജമ പ്രസിദ്ധീകരിച്ചിരുന്നത്. പുസ്തകത്തിന്റെ തര്‍ജമ മുഴുവന്‍ മെസ്സേജില്‍ വന്നശേഷം അത് പുസ്തകമാക്കണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ, പരമ്പര പൂര്‍ത്തിയാകുന്നതിന് മുമ്പ് Islam: the Misunderstood Religion എന്ന പേരില്‍ മറ്റാരോ ആ പുസ്തകം ഇംഗ്ലീഷില്‍ പുറത്തിറക്കി.

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (1-3)
ടി.കെ ഉബൈദ്‌

ഹദീസ്‌

സകാത്തുല്‍ ഫിത്വ്‌റിന്റെ പൊരുള്‍
സ്വലാഹ് നജീബ്‌