Prabodhanm Weekly

Pages

Search

2019 മെയ് 31

3104

1440 റമദാന്‍ 26

കാനഡയിലെ പെരുന്നാള്‍ ആഘോഷങ്ങള്‍

വി.പി അഹ്മദ് കുട്ടി, ടൊറണ്ടോ

പെരുന്നാള്‍ ആഘോഷങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനു മുമ്പ് നോമ്പിനെക്കുറിച്ച് റൂമി എഴുതിയ കവിതയിലെ ചില വരികള്‍ ഓര്‍ക്കുന്നത് നന്നാകുമെന്ന് തോന്നുന്നു:

എന്റെ ചന്ദ്രവദനയായ പ്രിയങ്കരീ,
റമദാന്‍ നാളുകള്‍ ആഗതമായി
തീന്മേശമേല്‍ വിരിപ്പു വലിച്ചിടൂ,
സ്തുതിഗീതങ്ങളുടെ പാത തുറന്നിടൂ.
ചഞ്ചലഹൃദയിയായ കുസൃതിക്കാരാ,
നീ പുതിയ വഴികള്‍ തേടാന്‍ സമയമായി
മധുരം വില്‍ക്കുന്നവനെ നീ കാണുന്നില്ലേ,
ആ മധുരം നീ എത്ര നാള്‍ അഭിലഷിക്കും?
വളരെ ആവേശത്തോടെയും ഉത്സാഹത്തോടെയും റമദാനെ വരവേല്‍ക്കാന്‍ തയാറായി നില്‍ക്കുന്ന റൂമിയെയാണ് ഈ വരികളില്‍ കാണുന്നത്.
റമദാനെയും പെരുന്നാളിനെയും ഇസ്‌ലാമികമായ വിഷയങ്ങളെയും സംബന്ധിച്ചുള്ള റൂമിയുടെ എല്ലാ കവിതകളും സ്‌നേഹത്തിന്റെ ആഘോഷങ്ങളാണ്. ഇസ്‌ലാം വിരോധികള്‍ ഇസ്‌ലാമിന്റെ പ്രതിഛായ മലിനപ്പെടുത്താന്‍ ശ്രമിക്കുമ്പോഴും റൂമിയുടെ വരികള്‍ ഇന്നും ഇസ്‌ലാമിന്റെ മുഴുവന്‍ സൗന്ദര്യവും പുറത്തുകൊണ്ടുവരുന്നു. അദ്ദേഹിന്റെ കവിതകളില്‍ ആകൃഷ്ടരായി ഇസ്‌ലാമിനെ ആലിംഗനം ചെയ്യുന്നവരുടെയും ശത്രുക്കളില്‍നിന്ന് സുഹൃത്തുക്കളായി മാറുന്നവരുടെയും എണ്ണത്തില്‍ ഒരു കുറവുമില്ല.
പ്രാര്‍ഥനകളോടും ഉപവാസത്തോടുമുള്ള റൂമിയുടെ പ്രണയം ഒരു രഹസ്യമല്ല. റമദാനെ എല്ലാ അര്‍ഥത്തിലുമുള്ള ഒരു ആത്മീയ ആഘോഷമാക്കുന്ന അദ്ദേഹത്തിന്റെ വരികള്‍ ഇസ്‌ലാമിക പാരമ്പര്യത്തിന്റെ കാതലായ ഭാഗമാണ്. ഷാ വലിയ്യുല്ല റമദാനെക്കുറിച്ച് സംസാരിക്കുന്നതും ഇതേ ആത്മനിര്‍വൃതിയോടെയാണ്. റമദാന്‍ നിങ്ങളെ പൂര്‍ണമാക്കുകയും നിങ്ങളുടെ ഹൃദയങ്ങളെയും ഭാവനകളെയും ആത്മാവിനെയും കാഴ്ചയെയും കേള്‍വിയെയും സ്പര്‍ശനങ്ങളെയും രുചികളെയും നിറക്കുകയും ചെയ്യുന്നു. ഒരു ഗാഢമായ ആത്മീയ അനുഭവത്തിലേക്കാണ് റമദാന്‍ വിശ്വാസികളെ നയിക്കുന്നത്. ആഘോഷങ്ങളുടെ യഥാര്‍ഥ ഉദ്ദേശ്യവും ഇതു തന്നെയാണ് എന്ന് ആധുനിക മനഃശാസ്ത്രജ്ഞര്‍ പറയുന്നുണ്ട്. ഈ ആത്മീയ വികാരങ്ങളെ മനോഹരമായ വാക്കുകളില്‍ അവതരിപ്പിക്കുകയാണ് യഥാര്‍ഥത്തില്‍ റൂമി ചെയ്തത്.
റമദാന്‍ ഒരു ആത്മീയ ആഘോഷമാണെങ്കില്‍ പെരുന്നാള്‍ അതിന്റെ സമ്മാനദാന ചടങ്ങാണ്. റമദാനെ പോലെ ആറ് ഇന്ദ്രിയങ്ങളെയും സ്പര്‍ശിക്കുന്ന രീതിയില്‍ തന്നെ പെരുന്നാളും ആഘോഷിക്കേണ്ടതുണ്ട്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഇത്തരം ആഘോഷങ്ങള്‍ അസ്തിത്വവും ആത്മബന്ധങ്ങളും വിശ്വാസങ്ങളും മനുഷ്യസ്‌നേഹവും കൂടെയുള്ളതിന്റെ സംതൃപ്തി നമ്മില്‍ ഉണര്‍ത്തുകയാണ് ചെയ്യുന്നത്.
സ്വന്തം വ്യക്തിത്വത്തെയും കരുത്തുകളെയും തിരിച്ചറിയാനും നമ്മുടെ എല്ലാ പോരായ്മകള്‍ക്കുമപ്പുറം നമ്മുടെ അന്തസ്സത്തയില്‍നിന്ന് ശക്തി നേടാനും സാധിക്കുമ്പോഴാണ് നമ്മുടെ തനതായ അസ്തിത്വം നിലനിര്‍ത്താനാവുക.
ഏതെങ്കിലുമൊരു സമൂഹത്തിന്റെ കാതലായ ഭാഗമാണ് താനെന്ന് തിരിച്ചറിയുകയും അവിടെ മറ്റുള്ളവരാല്‍ ബഹുമാനിക്കപ്പെടുകയും അഭിനന്ദിക്കപ്പെടുകയും ചിലപ്പോള്‍ സ്‌നേഹിക്കപ്പെടുകയും ചെയ്യുമ്പോഴാണ് ആത്മബന്ധങ്ങള്‍ സംതൃപ്തി നല്‍കുന്നത്.
മതപരമോ അല്ലാത്തതോ ആയ, നമ്മുടെ ജീവിതത്തെ മുന്നോട്ടു നയിക്കുന്ന, അലൗകികമായ ആദര്‍ശങ്ങളും മൂല്യങ്ങളുമാണ് 'വിശ്വാസ'ത്തെ ദീപ്തമാക്കുന്നത്.
കുടുംബാംഗങ്ങളും സുഹൃത്തുക്കളും അപരിചിതരുമടക്കം നമുക്കിടയിലുള്ളവരുടെ ജീവിതത്തില്‍ നമ്മള്‍ ബാക്കിയാക്കുന്ന നല്ല അടയാളങ്ങളാണ് മനുഷ്യസ്‌നേഹം.
റൂമിയെയും വലിയ്യുല്ലായെയും പോലെയുള്ള മഹാന്മാര്‍ ആഘോഷിച്ച ഇസ്‌ലാമിക പാരമ്പര്യങ്ങള്‍ ഈ നാല് മൂല്യങ്ങളെയും സാക്ഷാത്കരിക്കുന്നുണ്ട്.
ആഘോഷങ്ങളോടുള്ള ഈ വിശാലമായ കാഴ്ചപ്പാട് ഇന്നത്തെ മുസ്‌ലിംകള്‍ തിരിച്ചുകൊണ്ടുവരേണ്ടതുണ്ട്. നിഷ്ഠാഭ്രാന്തന്മാരുടെ ഇടപെടല്‍ ഇസ്‌ലാമിന്റെ സൗന്ദര്യത്തെയും സ്‌നേഹത്തെയും വെട്ടിമാറ്റുകയും അതിനെ വെറും വരണ്ട അനുഷ്ഠാനങ്ങള്‍ മാത്രമായി ചുരുക്കിക്കളയുകയും ചെയ്തിട്ടുണ്ട്.
മുസ്‌ലിംകള്‍ക്കിടയിലെ ആഘോഷങ്ങളും ശവസംസ്‌കാരചടങ്ങുകളും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ജൂതമതത്തില്‍നിന്ന് ഇസ്‌ലാമിലേക്ക് മതം മാറിയ ഒരു സുഹൃത്ത് എന്നോട് ചോദിച്ചത് ഓര്‍മ വരുന്നു. എഴുപതുകളിലായിരുന്നു അത്. അന്ന് കാനഡയിലേക്കുള്ള മുസ്‌ലിം കുടിയേറ്റക്കാരിലധികവും നിഷ്ഠയിലധിഷ്ഠിതമായ ഇസ്‌ലാം മാത്രം പിന്തുടരാന്‍ ആഗ്രഹിച്ച മുസ്‌ലിംകളായിരുന്നു. അവരെ സംബന്ധിച്ചേടത്തോളം പ്രഭാത പ്രാര്‍ഥന പൂര്‍ത്തിയാക്കി വീട്ടിലേക്ക് തിരിച്ചുപോവുക എന്നതു മാത്രമായിരുന്നു പെരുന്നാള്‍. ചരിത്രത്തിലുടനീളം മനുഷ്യജീവിതത്തിന്റെ ഭാഗമായിരുന്ന ആഘോഷങ്ങള്‍ക്കും സംഗീതത്തിനും അവരുടെ ജീവിതത്തില്‍ സ്ഥാനമുണ്ടായിരുന്നില്ല. അവയെയൊക്കെ 'പുത്തന്‍ കണ്ടുപിടിത്തങ്ങളായി' അവര്‍ തള്ളിക്കളഞ്ഞു!
അമേരിക്കയുടെ ഉത്തര-പടിഞ്ഞാറന്‍ മേഖലകളില്‍ ജീവിക്കുന്ന മുസ്‌ലിംകള്‍ തങ്ങളുടെ മക്കള്‍ ക്രിസ്മസിന്റെ കാറ്റും മണവും ആസ്വദിക്കുന്നതായി കണ്ടു. മാളുകളിലും തെരുവുകളിലും കടകളിലും മാത്രമല്ല, ജിഞ്ചര്‍ ബ്രഡിന്റെയും പൈന്‍ മരങ്ങളുടെയും കറുവാപ്പട്ടയുടെയും സുഗന്ധത്തില്‍ പോലും അവര്‍ ക്രിസ്തുമസ് ആഘോഷിക്കപ്പെട്ടു കണ്ടു.
തങ്ങളുടെ കുട്ടികളെ പെരുന്നാളിനെക്കുറിച്ചും ഇത്രയും ഉത്സാഹഭരിതരാക്കാന്‍ എങ്ങനെ സാധിക്കുമെന്ന് അവര്‍ ചിന്തിച്ചുതുടങ്ങി. കുട്ടികളുടെ മനം കവരുന്ന ഒരു അന്തരീക്ഷം പെരുന്നാളിന് സൃഷ്ടിക്കാന്‍ നമുക്ക് എങ്ങനെ സാധിക്കും?
ഒരു അനുഭവത്തില്‍ പൂര്‍ണമായും അലിഞ്ഞു ചേരാന്‍ കഴിയുംവിധം എല്ലാ ഇന്ദ്രിയങ്ങളെയും ഉത്തേജിപ്പിക്കുക മാത്രമായിരുന്നു ഇതിന് വഴി എന്ന് ഒരിക്കല്‍കൂടി പറയട്ടെ.
നോര്‍ത്ത് അമേരിക്കയിലെ മുസ്‌ലിംകള്‍ ഇത് സാധിച്ചെടുക്കാനുള്ള പ്രയത്‌നങ്ങള്‍ കുറേ കാലങ്ങളായി നടത്തിവരുന്നുണ്ട്. ഇതിന്റെ ആദ്യപടിയായി പള്ളികളുടെ ഇടുങ്ങിയ ചുവരുകളില്‍നിന്ന് മാറ്റി പ്രഭാത നമസ്‌കാരം വലിയ മൈതാനങ്ങളിലോ (കനേഡിയന്‍ എക്‌സിബിഷന്‍ പ്ലേസോ, ടൊറാേയിലെ മെട്രോ കണ്‍വെന്‍ഷന്‍ സെന്ററോ പോലെയുള്ള) വലിയ ഹാളുകളിലോ അവര്‍ സംഘടിപ്പിച്ചു തുടങ്ങി. എല്ലാ നിറങ്ങളോടും രുചികളോടും സുഗന്ധങ്ങളോടും കൂടിയാണ് ഇവിടങ്ങളില്‍ പെരുന്നാള്‍ ആഘോഷിക്കപ്പെട്ടത്.
മുഹമ്മദ് നബി(സ) പെരുന്നാള്‍ ആഘോഷിക്കപ്പെടണമെന്ന് ആഗ്രഹിച്ചതും ഈ വിധത്തിലാണ്. ഉമ്മു അത്വിയ്യ പറയുന്നു: അബ്‌സീനിയക്കാരെ പള്ളിയില്‍ വെച്ച് അവരുടെ പരമ്പരാഗത നൃത്തം ചെയ്യാന്‍ അദ്ദേഹം അനുവദിച്ചു. അദ്ദേഹം തന്റെ ഭാര്യയായ ആഇശയോടൊപ്പം അതിന് കാണിയാവുകയും ചെയ്തു. പെണ്‍കുട്ടികള്‍ പെരുന്നാളിന്റെ അന്ന് പാടുന്നത് തടയാന്‍ ആഗ്രഹിച്ച അബൂബക്‌റിനെ തടഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു: 'അവര്‍ പാടട്ടെ. നമ്മുടെ മതത്തില്‍ ആഘോഷങ്ങള്‍ക്കും സ്ഥാനമുണ്ടെന്ന് ജനങ്ങള്‍ അറിയട്ടെ.'
അങ്ങനെ കൂട്ടുകുടാനും സാമൂഹിക സമ്പര്‍ക്കങ്ങള്‍ വര്‍ധിപ്പിക്കാനും പെരുന്നാള്‍ സാഹചര്യമുണ്ടാക്കണം. അത് എല്ലാവരെയും കൂടെക്കൂട്ടാന്‍ സാധിക്കുന്ന ഒരു ആഘോഷമാകണം. ശാരീരികമോ മാനസികമോ ആയ വൈകല്യങ്ങളോ യാത്രാ സംബന്ധമായ മുടക്കങ്ങളോ കാരണം ആരും ഒഴിച്ചു നിര്‍ത്തപ്പെട്ടുപോകരുത്. ഇങ്ങനെ നിറപ്പകിട്ടു കൊണ്ടും നാനാത്വം കൊണ്ടും, എല്ലാ വിധത്തിലുള്ള ആളുകള്‍ക്കും പരിഗണന നല്‍കുക വഴി സഹാനുഭൂതി കൊണ്ടും ഏറെ ശ്രദ്ധേയമായ പെരുന്നാള്‍ ആഘോഷങ്ങളാണ് ടൊറാേയില്‍ നടന്നു വരുന്നത്.
കാനഡയിലെ മുസ്‌ലിംകള്‍ ഇസ്‌ലാമിന്റെ ഒരു ഐക്യരാഷ്ട്ര സഭ പോലെയാണ്. എല്ലാ രാജ്യങ്ങളില്‍നിന്നുമുള്ള ആളുകള്‍ അതിന്റെ ഭാഗമാണ്. പാരമ്പര്യ വസ്ത്രങ്ങള്‍ അണിഞ്ഞുകൊണ്ടാണ് അവര്‍ നമസ്‌കരിക്കാനും ആഘോഷങ്ങളില്‍ പങ്കെടുക്കാനും പെരുന്നാള്‍ മൈതാനത്ത് എത്തുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സംസ്‌കാര വൈവിധ്യമുള്ള നഗരങ്ങളിലൊന്നാണ് 27 കോടിയോളം ജനങ്ങള്‍ താമസിക്കുന്ന ടൊറാേ.
നമസ്‌കാരത്തിനു ശേഷം ഇസ്‌ലാമിന്റെ സാര്‍വലൗകിക സന്ദേശം നല്‍കുന്ന ചുരുങ്ങിയ പ്രസംഗങ്ങള്‍ ഉണ്ടാകും. ആശംസകളേകാന്‍ വരുന്ന ഉദ്യോഗസ്ഥരും പ്രമുഖന്മാരും ഈ കൂടിച്ചേരലുകളുടെ ഭാഗമാണ്. ടൊറാേയിലെ മുസ്‌ലിം വിഭാഗങ്ങളിലെ വൈവിധ്യം 2003 മുതല്‍ 2010 വരെ അവിടത്തെ മേയറായിരുന്ന ഡേവിഡ് മില്ലറില്‍ ഏറെ മതിപ്പുളവാക്കിയിരുന്നു. മുസ്‌ലിം സ്വാധീനത്തിലുണ്ടായിരുന്ന സ്‌പെയിന്‍ പോലെ പല മതക്കാര്‍ സമാധാനത്തോടെ ജീവിക്കുകയും സാമൂഹിക ജീവിതം സമ്പുഷ്ടമാക്കുകയും ചെയ്ത ഒരു സമുദായമാണ് ടൊറാേയിലും നിര്‍മിക്കപ്പെടേണ്ടതെന്ന് അദ്ദേഹം ഒരിക്കല്‍ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.
പ്രാര്‍ഥനകള്‍ക്ക് ശേഷം രസകരമായ റൈഡുകളും കളിപ്പാട്ടങ്ങളും വീഡിയോ ഗെയിമുകളും കായികമത്സരങ്ങളും ടൂര്‍ണമെന്റുകളുമായി ഒരു ഉത്സവം തന്നെ ആരംഭിക്കുകയായി. ഭക്ഷണവും മറ്റും വില്‍ക്കുന്ന ഗ്രേറ്റര്‍ ടൊറാേ മേഖലയിലെ കച്ചവടസ്ഥാപനങ്ങളെ പ്രതിനിധാനം ചെയ്തുകൊണ്ടുള്ള സ്റ്റാളുകളുടെ ഒരു ചന്തയും ഉാവും.
അനുഷ്ഠാനങ്ങളില്‍ മാത്രം ഒതുങ്ങിപ്പോകുന്ന നോമ്പും പെരുന്നാളുമല്ല ഉത്തര അമേരിക്കയിലേത്; ഇവ ഇസ്‌ലാമിനെക്കുറിച്ചും മുസ്‌ലിംകളെക്കുറിച്ചുമുള്ള തെറ്റിദ്ധാരണകള്‍ അകറ്റാനും മറ്റു വിഭാഗങ്ങളോട് കൂടുതല്‍ ആഴത്തിലുള്ള ബന്ധങ്ങള്‍ സ്ഥാപിക്കാനും കൂടിയുള്ള ദിനങ്ങളാണ്.

അബ്രഹാമിക മതങ്ങള്‍ പങ്കുവെക്കുന്ന മൂല്യങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കാനും ലോകത്തുടനീളമുള്ള കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി പണം സ്വരൂപിക്കാനും വേണ്ടി അമേരിക്കയിലെ മുസ്‌ലിം സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഓഫ് യു.എസ്.എ എന്ന സംഘടന ഫാസ്റ്റ്-എ-തോന്‍ (Fast-a-Thon)എന്ന ഒരു കാമ്പയിനിനു തുടക്കം കുറിച്ചിരുന്നു. നോമ്പിനെക്കുറിച്ച് കൂടുതല്‍ ആളുകള്‍ മനസ്സിലാക്കാനും കൂടിയായിരുന്നു ഈ നീക്കം. ഇതില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടുകൊണ്ട് പല രാജ്യങ്ങളിലെയും മുസ്‌ലിമേതര വിഭാഗങ്ങളില്‍പെട്ടവര്‍ മുസ്‌ലിംകളുമായി ഐക്യദാര്‍ഢ്യം കാണിക്കാന്‍ വേണ്ടി ഫാസ്റ്റ്-എ-തോനില്‍ പങ്കെടുക്കാറുണ്ട്. മുസ്‌ലിംകളോട് ഐക്യദാര്‍ഢ്യപ്പെടാന്‍ വേണ്ടി താന്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി നോമ്പ് നോല്‍ക്കാറുണ്ടെന്നും അതു വഴി 'ഴശ്‌ല30.ീൃഴ' എന്ന സംഘടനക്കു വേണ്ടി പണം സ്വരൂപിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും കാനഡയിലെ ലിബറല്‍ പാര്‍ട്ടിയിലെ ഒരു അംഗം പ്രഖ്യാപിച്ചത് കഴിഞ്ഞ വര്‍ഷമാണ്. ടൊറാേയിലെ ഒരു മുസ്‌ലിം അഭിഭാഷകനാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. നോമ്പെടുക്കുമ്പോള്‍ ഒഴിവാക്കുന്ന ഓരോ നേരത്തെയും ഭക്ഷണത്തിന്റെ പണം മത-വര്‍ഗമന്യേയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി നീക്കിവെക്കുന്നതാണ് ഇതിലെ രീതി. കോടിക്കണക്കിന് ഡോളറുകള്‍ ഇതു വഴി സ്വരൂപിക്കാന്‍ സാധിച്ചിട്ടുണ്ട്. ഗിവ്30 മാത്രമല്ല, ടൊറാേയില്‍ മുസ്‌ലിംകള്‍ക്കു കീഴില്‍ നിരവധി ജീവകാരുണ്യ സംഘടനകളുണ്ട്. മനുഷ്യരെ സേവിക്കുന്നതിലൂടെ ദൈവത്തെ സേവിക്കുക എന്ന ആദര്‍ശത്തില്‍ വിശ്വസിച്ചുകൊണ്ടാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.
കനേഡിയന്‍ പ്രധാനമന്ത്രിയായ ജസ്റ്റിന്‍ ട്രൂഡോ ഈയടുത്ത് സ്‌കാര്‍ബറോയിലെ മുസ്‌ലിം വെല്‍ഫെയര്‍ സെന്റര്‍ സന്ദര്‍ശിക്കുകയും ആവശ്യക്കാര്‍ക്ക് ഭക്ഷണം നിറച്ച ബാസ്‌ക്കറ്റുകള്‍ വിതരണം ചെയ്യുന്ന 'പ്രൊജക്റ്റ് റമദാന്റെ' ഭാഗമാവുകയും ചെയ്തിരുന്നു.

കൂടി നിന്നവര്‍ക്ക് ഈദാശംസകള്‍ അറിയിച്ച അദ്ദേഹം അയല്‍വാസികളെയും തങ്ങളേക്കാള്‍ ഭാഗ്യം കുറഞ്ഞവരെയും സഹായിക്കാന്‍ വേണ്ടി ഒത്തുചേര്‍ന്ന സമുദായം സന്തോഷകരമായ ഒരു കാഴ്ചയാണെന്ന് അഭിപ്രായപ്പെട്ടു.
''അയല്‍വാസികളുടെ സഹായത്തിനെത്തുക എന്നത് കനേഡിയന്‍ മൂല്യങ്ങളുടെ ഭാഗമാണ്. എന്നാല്‍ ഉദാരമായി നല്‍കുക, സമുദായത്തില്‍ പങ്കുചേരുക, പിന്തുണ നല്‍കുക- ഇതൊക്കെ മുസ്‌ലിം അനുഭവങ്ങളുടെയും കാതലായ ഒരു ഭാഗമാണ്-'' അദ്ദേഹം പറഞ്ഞു.

ഇത്തരം സംരംഭങ്ങളുടെ ഫലമായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും മുസ്‌ലിം പാരമ്പര്യങ്ങളെ ആദരിച്ചുകൊണ്ടുള്ള നീക്കങ്ങളുണ്ടായിട്ടുണ്ട്. ചെറിയ പെരുന്നാളിനെയും വലിയ പെരുന്നാളിനെയും ആദരിക്കുന്ന സ്റ്റാമ്പുകള്‍ കാനഡ പോസ്റ്റ് പുറത്തിറക്കിയതാണ് ഒരു ഉദാഹരണം.

ഉത്തര അമേരിക്കയില്‍ ജീവിച്ച് ഇന്ത്യയിലേക്ക് തിരിച്ചുപോകുന്ന ഓരോ സന്ദര്‍ശകനും ഏറെ സങ്കടത്തോടെ വിടപറയുന്ന ഒരു പാരമ്പര്യമാണ് അവിടെയുള്ള പെരുന്നാളുകള്‍. 2006-ലെ ഇരുപത്തി ആറാമത്തെ നോമ്പിന് എന്റെ പ്രിയപ്പെട്ട പിതാവ് മരണമടഞ്ഞതു മൂലം റമദാനിന്റെ അവസാന പത്തു ദിനങ്ങളും പെരുന്നാളും ഞങ്ങള്‍ക്ക് നാട്ടിലായിരുന്നു. ദശാബ്ദങ്ങള്‍ക്കു മുമ്പ് ഇന്ത്യയില്‍നിന്ന് കുടിയേറിയ എനിക്കും എന്റെ കുടുംബത്തിനും തറാവീഹിന്റെയും ഖിയാമിന്റെയും പെരുന്നാളിന്റെയും നല്ല നാളുകള്‍ നഷ്ടപ്പെട്ട ദുഃഖമുണ്ടായിരുന്നു മനസ്സില്‍. കാനഡയിലെ റമദാന്‍ നാളുകള്‍ എല്ലാ തരത്തിലും ആത്മീയമായ ഒരു അനുഭവമാണ്. രാത്രി പ്രാര്‍ഥനകളില്‍ നിറഞ്ഞൊഴുകുന്ന പള്ളികള്‍; അതിമനോഹരമായി ഖുര്‍ആന്‍ പാരായണം ചെയ്യുന്ന ഹാഫിളുകള്‍ നയിക്കുന്ന നമസ്‌കാരങ്ങള്‍; വലിയ ജനക്കൂട്ടങ്ങള്‍; പല സമുദായങ്ങളിലും പെട്ട മുസ്‌ലിംകള്‍ ഒത്തുചേരുന്ന പതിവു നോമ്പുതുറകള്‍- ഇതൊക്കെയാണ് കാനഡയിലെ നോമ്പനുഭവങ്ങള്‍.
പെരുന്നാളാകട്ടെ, നാനാത്വത്തില്‍ ഏകത്വം കാണുന്ന ആയിരക്കണക്കിന് ആളുകളുടെ ഒരു നിറപ്പകിട്ടാര്‍ന്ന ആഘോഷം തന്നെയാണ്. ഹൃദയത്തെയും ഭാവനയെയും ആത്മാവിനെയും കാഴ്ചയെയും കേള്‍വിയെയും രുചികളെയും ഗന്ധങ്ങളെയും സ്പര്‍ശനത്തെയും ഉത്തേജിപ്പിക്കുന്ന മഹാ ആഘോഷം.

വിവ: സയാന്‍ ആസിഫ്

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (1-3)
ടി.കെ ഉബൈദ്‌

ഹദീസ്‌

സകാത്തുല്‍ ഫിത്വ്‌റിന്റെ പൊരുള്‍
സ്വലാഹ് നജീബ്‌