Prabodhanm Weekly

Pages

Search

2019 മെയ് 24

3103

1440 റമദാന്‍ 19

വിശുദ്ധ ഖുര്‍ആനിന്റെ ജീവിത ഭാഷ്യം

ഡോ. യൂസുഫുല്‍ ഖറദാവി

വിശുദ്ധ ഖുര്‍ആനിന്റെ വാഹകരും പരിരക്ഷകരും പാലിക്കേണ്ട മര്യാദകളും നിറവേറ്റേണ്ട കടമകളുമുണ്ട്. 'ഖുര്‍ആനിന്റെ ആളുകള്‍' ആവാന്‍ അതാവശ്യമാണ്. അവരെക്കുറിച്ചാണ് നബി(സ) പറഞ്ഞത്: 'ജനങ്ങളില്‍ അല്ലാഹുവിന് ചില കുടുംബക്കാരുണ്ട്.'
സ്വഹാബിമാര്‍: 'അവര്‍ ആരാണ് തിരൂദൂതരേ?'
നബി(സ): 'അഹ്‌ലുല്‍ ഖുര്‍ആന്‍. അവരാണ് അല്ലാഹുവിന്റെ കുടുംബവും പ്രത്യേകക്കാരും' (അഹ്മദ്, നസാഈ, ഇബ്‌നുമാജ).
ഖുര്‍ആനോട് പുലര്‍ത്തേണ്ട മര്യാദകളില്‍ ഒന്ന് ദൈവിക ഗ്രന്ഥവുമായുള്ള നിരന്തര ബന്ധമാണ്. ഖുര്‍ആന്‍ ഓര്‍മയില്‍നിന്ന് മാഞ്ഞുപോകരുത്. മനഃപാഠമാക്കിയത് പതിവായി ഓതിക്കൊണ്ടിരിക്കണം. മുസ്വ്ഹഫില്‍ നോക്കി ഓതാം, ഇഷ്ടപ്പെട്ട ഖാരിഇന്റെ പാരായണം ശ്രദ്ധാപൂര്‍വം ശ്രവിച്ചുകൊണ്ടാവാം. പ്രമുഖ ഖാരിഉകളുടെ പാരായണങ്ങള്‍ പ്രക്ഷേപണം ചെയ്യുന്ന റേഡിയോകള്‍ ധാരാളമുണ്ടല്ലോ ഇപ്പോള്‍. ഖുര്‍ആന്‍ പാരായണവും തജ്‌വീദും തഫ്‌സീറുമൊക്കെ പ്രക്ഷേപണം ചെയ്യുന്ന റേഡിയോ നിലയങ്ങള്‍ മുസ്‌ലിം രാജ്യങ്ങളില്‍ എമ്പാടുമുണ്ട്.
അബ്ദുല്ലാഹിബ്‌നു ഉമര്‍ (റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസ്: നബി(സ) പറഞ്ഞു: 'ഖുര്‍ആനിന്റെ തോഴന്റെ ഉപമ കെട്ടിയിട്ട ഒട്ടകത്തിന്റെ ഉടമയുടേതാണ്. കരുതലോടെ നോക്കിക്കൊണ്ടിരുന്നാല്‍ ഒട്ടകത്തെ തന്റെ അധീനതയില്‍ പിടിച്ചുനിര്‍ത്താന്‍ അയാള്‍ക്ക് സാധിക്കും. അഴിച്ചുവിട്ടാല്‍ ഒട്ടകം അതിന്റെ പാട്ടിനു പോകും' (ബുഖാരി, മുസ്‌ലിം).
മുസ്‌ലിം ഉദ്ധരിച്ച മറ്റൊരു ഹദീസ്: 'ഖുര്‍ആന്റെ തോഴന്‍ രാപ്പകല്‍ഭേദമില്ലാതെ പാരായണം ചെയ്തു കൊണ്ടിരുന്നാല്‍ ഓര്‍മയില്‍ തങ്ങിനില്‍ക്കും. പാരായണത്തില്‍ വീഴ്ചവരുത്തിയാല്‍ മറന്നുപോകും.'
അബ്ദുല്ലാഹിബ്‌നു മസ്ഊദ് റിപ്പോര്‍ട്ട് ചെയ്യുന്ന മറ്റൊരു നബിവചനം: 'ഇന്നയിന്ന സൂക്തങ്ങള്‍ ഞാന്‍ മറന്നുപോയി എന്ന് പറയുന്നത് ചീത്ത വര്‍ത്തമാനമാണ്. ശിക്ഷാ നടപടിയെന്നോണം അല്ലാഹു മറപ്പിച്ചതാണത്. കയറുപൊട്ടിച്ച് കടന്നുകളയുന്ന ഒട്ടകത്തെ പോലെ ആളുകളുടെ ഹൃദയത്തില്‍നിന്ന് കുടിയിറങ്ങിപ്പോകും അത്. അതിനാല്‍ നിങ്ങള്‍ ഖുര്‍ആന്‍ എപ്പോഴും ഓര്‍ത്തുകൊണ്ടിരിക്കണം' (ബുഖാരി, മുസ്‌ലിം).
ഏകാന്തതയിലെ കൂട്ടുകാരന്‍ ഖുര്‍ആന്‍ ആവണം. തനിച്ചാകുമ്പോഴുള്ള ചങ്ങാതി മുസ്വ്ഹഫ് ആവണം. എന്നാല്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഓര്‍മയില്‍നിന്ന് മാഞ്ഞുപോകില്ല.
ഖുര്‍ആനിന്റെ വാഹകരുടെ രണ്ടാമത്തെ കടമ ഖുര്‍ആനിന്റെ സ്വഭാവം സ്വാംശീകരിക്കുകയാണ്. സ്വഭാവ രൂപവല്‍ക്കരണം ഖുര്‍ആന്‍ സംസ്‌കൃതിയുടെ അടിസ്ഥാനത്തിലാവണം എന്നു സാരം. നബി(സ)യുടെ സ്വഭാവത്തെ സംബന്ധിച്ച പത്‌നി ആഇശ(റ)യുടെ വിശദീകരണം എത്ര വാചാലമാണ്; 'നബി(സ)യുടെ സ്വഭാവം ഖുര്‍ആന്‍ ആയിരുന്നു' (മുസ്‌ലിം).
ഇസ്‌ലാമികാദര്‍ശത്തിന്റെയും മൂല്യങ്ങളുടെയും സംസ്‌കാരത്തിന്റെയും ദര്‍പ്പണമാവണം വിശ്വാസിയുടെ ജീവിതം. ഖുര്‍ആന്‍ സൂക്തങ്ങളുടെ ആവിഷ്‌കാരമാവണം ആ ജീവിതം. പാരായണം ചെയ്യുന്ന സൂക്തങ്ങളുടെ ശാപത്തിന് ഇരയാവരുത് വിശ്വാസി.
അബ്ദുല്ലാഹിബ്‌നു അംറി(റ)ല്‍നിന്ന്. നബി(സ) പറഞ്ഞു: 'ഖുര്‍ആന്‍ പാരായണം ചെയ്യുന്ന വ്യക്തി പ്രവാചകത്വത്തിന്റെ ശ്രേണിയാണ് കയറുന്നത്. വഹ്‌യ് ലഭിക്കുന്നില്ലെന്നു മാത്രം. ഖുര്‍ആന്റെ വാഹകന്‍ വികാരജീവിയാവരുത്. അവിവേകികളോട് അവിവേകം കാട്ടരുത്. തന്റെയുള്ളില്‍ ദൈവിക വചനങ്ങളുണ്ടെന്ന് അയാള്‍ ഓര്‍ക്കണം' (ഹാകിം).
പ്രസിദ്ധ ആബിദും പരിവ്രാജകനുമായ ഫുളൈലുബ്‌നു ഇയാദ്: 'ഖുര്‍ആനിന്റെ വാഹകന്‍ ഇസ്‌ലാമിന്റെ പതാകവാഹകനാണ്. ഖുര്‍ആനെ ഓര്‍ത്തും ആദരിച്ചും അയാള്‍ ചില ശീലങ്ങള്‍ വളര്‍ത്തണം. വ്യര്‍ഥ വേലകളില്‍ മുഴുകുന്നവരോടൊപ്പം മുഴുകാനോ വിസ്മൃതിയില്‍ കഴിയുന്നവരോടൊപ്പം കഴിയാനോ വിനോദങ്ങളില്‍ അഭിരമിക്കുന്നവരോടൊപ്പം കൂടി സമയംകളയാനോ അയാള്‍ മുതിരരുത്. തന്റെ ആവശ്യങ്ങളുമായി ഖുര്‍ആനിന്റെ വാഹകന്‍ മറ്റുള്ളവരെ തേടിച്ചെല്ലരുത്. ഭരണാധികാരികളുടെ വാതിലുകള്‍ കയറിയിറങ്ങരുത്. ജനങ്ങള്‍ അയാളെ അന്വേഷിച്ചു ചെല്ലുകയാണ് വേണ്ടത്.'
പൂര്‍വിക പണ്ഡിതരിലൊരാള്‍: 'ഒരാള്‍ ഖുര്‍ആനിലെ ഒരധ്യായം ഓതിത്തുടങ്ങും. അയാള്‍ അതില്‍നിന്ന് വിരമിക്കുവോളം മലക്കുകള്‍ അയാള്‍ക്കു വണ്ടി പ്രാര്‍ഥിച്ചുകൊണ്ടിരിക്കും. വേറൊരാള്‍ ഖുര്‍ആനിലെ ഒരധ്യായം ഓതിത്തുടങ്ങും. അയാള്‍ വിരമിക്കുന്നതു വരെ മലക്കുകള്‍ അയാളെ ശപിച്ചുകൊണ്ടിരിക്കും. എന്താണ് കാരണം? അതിലെ ഹലാലുകള്‍ ഹലാല്‍ ആക്കുകയും ഹറാമുകള്‍ ഹറാമാക്കുകയും ചെയ്താല്‍ മലക്കുകള്‍ അയാളെ ആശീര്‍വദിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യും. മറിച്ചായാല്‍ മലക്കുകള്‍ അയാളെ ശപിക്കും.'
അനസുബ്‌നു മാലിക്(റ): 'എത്രയെത്ര ഖുര്‍ആന്‍ വാഹകരുണ്ട്! ഖുര്‍ആന്‍ അവരെ ശപിച്ചുകൊണ്ടിരിക്കുന്നു. യുദ്ധവേളകളില്‍ സന്ദേശവാഹകര്‍ വിളിച്ചുപറയും: സൂറത്തുല്‍ ബഖറയുടെ തോഴരേ, ആഭിചാരക്കാരെല്ലാം തോറ്റോടിയിരിക്കുന്നു.' യമാമ യുദ്ധത്തില്‍ ഇത് പലതവണ കേട്ടു.
സാലിം മൗലാ അബൂഹുദൈഫയോട് യമാമയുദ്ധവേളയില്‍ മുഹാജിറുകള്‍ (അദ്ദേഹമായിരുന്നു പതാകവാഹകനായി മുന്നില്‍ നിന്ന് സൈന്യത്തെ നയിച്ചത്): 'താങ്കളെ സൈന്യം മുന്നില്‍ നിന്ന് ആക്രമിച്ചാലോ? ഞങ്ങള്‍ നടക്കാം മുന്നില്‍.' സാലിം: 'ഖുര്‍ആന്‍ വാഹകനായ ഞാന്‍ പിറകില്‍ നടന്നാല്‍ എത്ര മോശം!'
കള്ളപ്രവാചകത്വവാദിയായ മുസൈലിമത്തുല്‍ കദ്ദാബുമായി നടന്ന യമാമ യുദ്ധവേളയില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ എഴുനൂറോളം സ്വഹാബിമാര്‍ വധിക്കപ്പെട്ടു. ഇനിയും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കരുതെന്ന തീരുമാനപ്രകാരമാണ് ഖുര്‍ആന്‍ സൂക്തങ്ങള്‍ സമാഹരിക്കാനും ക്രോഡീകരിക്കാനും തീവ്രശ്രമങ്ങള്‍ നടന്നത്. കേവല മനഃപാഠമായിരുന്നില്ല അവരുടെ രീതി. ഖുര്‍ആനിന്റെ അര്‍ഥവും ആശയവും ഉള്‍ക്കൊണ്ട് ജീവിതാവിഷ്‌കാരത്തിലൂടെ ആ സമൂഹം ദൈവികഗ്രന്ഥത്തെ പരിരക്ഷിച്ചു.
ഖുര്‍ആനിലെ പത്ത് സൂക്തങ്ങള്‍ക്ക് ജീവിത ഭാഷ്യം നല്‍കിയാണ് അടുത്ത പത്ത് സൂക്തങ്ങള്‍ തങ്ങള്‍ പഠിച്ചുപോന്നതെന്ന് സ്വഹാബിമാര്‍ പറയുമായിരുന്നു. ഇമാം മാലികിന്റെ മുവത്വയില്‍ പറയുന്നു: സൂറത്തുല്‍ ബഖറ പഠിക്കാന്‍ അബ്ദുല്ലാഹിബ്‌നു ഉമര്‍ എട്ടു വര്‍ഷമെടുത്തു. അബ്ദുല്ലാഹിബ്‌നു മസ്ഊദ്: 'ഖുര്‍ആന്‍ മനഃപാഠമാക്കുന്നത് ഞങ്ങള്‍ക്ക് പ്രയാസകരമാണ്; ഖുര്‍ആന്‍ അനുസരിച്ച് ജീവിക്കുന്നത് എളുപ്പവും. പക്ഷേ, ഞങ്ങള്‍ക്ക് ശേഷമുള്ളവര്‍ നേരെമറിച്ചാണ്. മനഃപാഠം അവര്‍ക്ക് എളുപ്പമാണ്. ഖുര്‍ആന്‍ അനുസരിച്ചുള്ള കര്‍മം പ്രയാസകരവും.'
അബ്ദുല്ലാഹിബ്‌നു ഉമറും മുആദുബ്‌നു ജബലും ഇതേ അഭിപ്രായം പ്രകടിപ്പിച്ചവരാണ്. ഖുര്‍ത്വുബി തന്റെ തഫ്‌സീറിന്റെ മുഖവുരയില്‍ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.
ഖുര്‍ആന്‍ വാഹകന് വേണ്ട മറ്റൊരു ഗുണം ഇഖ്‌ലാസ്വ് അഥവാ ആത്മാര്‍ഥതയാണ്. പ്രകടനവാഞ്ഛയോ കാമനകളോ പാടില്ല. അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും മാത്രമാവണം ഖുര്‍ആന്‍ പഠനത്തിന്റെ ലക്ഷ്യം. ഇമാം ഖുര്‍ത്വുബി തന്റെ തഫ്‌സീറിന്റെ ആമുഖത്തില്‍ ഈ വശം വിശദീകരിച്ച് ഒരു അധ്യായം തന്നെ രചിച്ചിട്ടുണ്ട്.
അബൂഹുറയ്‌റ റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസ് ഈ സത്യത്തിന് അടിവരയിടുന്നു. നബി(സ) പറഞ്ഞു: 'ഖിയാമത്ത് നാളില്‍ അല്ലാഹു വിചാരണ ചെയ്യുന്നവരില്‍ ഒരാള്‍. അയാള്‍ വിജ്ഞാനമാര്‍ജിച്ചു. മറ്റുള്ളവരെ പഠിപ്പിച്ചു. ഖുര്‍ആന്‍ പാരായണം ചെയ്തു. അയാളെ ഹാജരാക്കി അനുഗ്രഹങ്ങളെല്ലാം അനുസ്മരിപ്പിച്ചു. അയാള്‍ അതെല്ലാം സമ്മതിച്ചു. അയാളോട് അല്ലാഹു; 'നീ അറിവ്, വിജ്ഞാനം, ഖുര്‍ആന്‍ എന്നിവ കൊണ്ടെല്ലാം എന്തു ചെയ്തു?'
അയാള്‍: 'ഞാന്‍ അറിവ് നേടി, മറ്റുള്ളവരെ പഠിപ്പിച്ചു. നിനക്കു വേണ്ടി ഖുര്‍ആനും പഠിച്ചു. പാരായണം ചെയ്തു.'
അല്ലാഹു: 'കളവാണ് നീ പറഞ്ഞത്. നീ വിജ്ഞാനം ആര്‍ജിച്ചത് ജനങ്ങള്‍ നിന്നെ പണ്ഡിതനെന്ന് വിളിക്കാനാണ്. ഖുര്‍ആന്‍ പാരായണം ചെയ്തത് നീ ഒരു ഖാരിഅ് ആണെന്ന് ആളുകള്‍ പറയാനാണ്. അങ്ങനെ ജനങ്ങള്‍ നിന്നെ വാഴ്ത്തിപ്പറയുകയും ചെയ്തു.' അയാളെ മുഖത്തോടെ പിടിച്ചുവലിച്ച് നരകത്തിലെറിയാന്‍ അല്ലാഹു കല്‍പ്പിക്കും' (മുസ്‌ലിം).
'ഐഹിക താല്‍പര്യത്തിനു വേണ്ടി അറിവ് നേടിയവര്‍ക്ക് സ്വര്‍ഗത്തിന്റെ സുഗന്ധം അനുഭവിക്കാന്‍ യോഗമുണ്ടാവില്ല' (തിര്‍മിദി).
ഖുര്‍ആന്‍ വാഹകര്‍ ഖുര്‍ആനിനോട് ആത്മാര്‍ഥത നിറഞ്ഞ സമീപനം കൈക്കൊള്ളണമെന്ന് നിര്‍ദേശിക്കുന്ന നിരവധി നബിവചനങ്ങളും പണ്ഡിതവാക്യങ്ങളും ഉദ്ധരിക്കാനുണ്ട്.

വിവ: പി.കെ ജമാല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍- (34)
ടി.കെ ഉബൈദ്‌