Prabodhanm Weekly

Pages

Search

2019 മെയ് 17

3102

1440 റമദാന്‍ 12

മതം നോക്കി മതഭീകരത നിശ്ചയിക്കുമ്പോള്‍

വി.വി ശരീഫ്, സിംഗപ്പൂര്‍

ശ്രീലങ്കയില്‍ ഈയിടെ നടന്ന ഭീകരാക്രമണം ആരെയും ആഴത്തില്‍ വേദനിപ്പിക്കുന്നതും ഏതൊരു സമാധാനസ്‌നേഹിയെയും വല്ലാതെ ആകുലപ്പെടുത്തുന്നതുമാണ്. ഐ.എസ് എന്ന ഭീകര സംഘം ഈ നീചവൃത്തിയുടെ ഉത്തരവാദിത്തമേറ്റെടുത്തതായും തീവ്രാദികളായ ചിലരെ അറസ്റ്റ്‌ചെയ്തതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുസ്‌ലിം നാമധാരികളായ ഒരു ഗ്രൂപ്പ് ആണ് ഇതിനു പിന്നില്‍ എന്ന വാര്‍ത്ത വന്നതോടെ പതിവുപോലെ ലോകമാധ്യമങ്ങള്‍ വീണ്ടും ഭീകരാക്രമണങ്ങളെ എത്രത്തോളം ഇസ്‌ലാമുമായി ബന്ധിപ്പിക്കാന്‍ കഴിയും എന്ന ഗവേഷണത്തിലാണ്.

ന്യൂസിലാന്റില്‍ മുസ്‌ലിം പള്ളിയില്‍ നടന്ന ഭീകരാക്രമണത്തില്‍ അവിടത്തെ പ്രധാനമന്ത്രിയും നാട്ടുകാരും മുസ്‌ലിംകളെ ചേര്‍ത്തുപിടിച്ച വാര്‍ത്ത ഇസ്‌ലാമികലോകത്ത് വലിയ ആശ്വാസം നല്‍കിയിരുന്നു. ഭീകരതയെ ചെറുത്തുതോല്‍പിക്കാന്‍ ദൃഢവിശ്വാസത്തോടെ ഒരുമിച്ചുനീങ്ങാന്‍ അത് വലിയ പ്രചോദനവുമായി. ഇങ്ങനെ ചേര്‍ത്തു പിടിച്ചതും, ഭീകരതക്കെതിരെ കൂട്ടായി നീങ്ങുന്നതുമായ വാര്‍ത്തകളും വിശകലനങ്ങളുമാണ് മുസ്‌ലിം ലോകത്തെ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത്. അവര്‍ വെള്ള വംശീയതയെ പര്‍വതീകരിക്കുകയോ മുസ്‌ലിം മനസ്സുകളില്‍ 'പാശ്ചാത്യഫോബിയ' സൃഷ്ടിക്കുകയോ ഒന്നും ചെയ്തിരുന്നില്ല.
പാശ്ചാത്യ മാധ്യമങ്ങള്‍ ഇപ്പോഴും ഇസ്‌ലാമോഫോബിയ നിറഞ്ഞ മനസ്സുമായാണ് ഭീകരാക്രമണം റിപ്പോര്‍ട്ട്‌ചെയ്യുന്നതും വിശകലനം ചെയ്യുന്നതും എന്ന് ഒരിക്കല്‍ കൂടി ശ്രീലങ്കയില്‍ നടന്ന ദാരുണസംഭവം നമുക്ക് കാണിച്ചുതരുന്നു. ഭീകരാക്രമണത്തെപ്പോലെത്തന്നെ അപലപിക്കേണ്ടതാണ് വെറുപ്പ് നിര്‍മിക്കുന്ന ഈ സമീപനവും. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ന്യൂസിലാന്റ് സംഭവത്തില്‍ മുസ്‌ലിം മാധ്യമലോകം എടുത്ത നിലപാടുകള്‍ വളരെ പക്വതയോടെയുള്ളതായിരുന്നു എന്ന് കാണാം.

പാശ്ചാത്യ മാധ്യമങ്ങള്‍ മുസ്‌ലിം വിരുദ്ധമായതും വസ്തുതകള്‍ക്ക് നിരക്കാത്തതുമായ ഈ സമീപനം സ്വീകരിക്കുന്നതിന് ഒരു അടിസ്ഥാനവുമില്ലെന്ന് ചരിത്രം പരിശോധിച്ചാല്‍ അറിയാം. ലോകത്തു നടന്ന പല ഭീകരാക്രമണങ്ങളിലും വിഘടിത മതകാഴ്ചപ്പാടുകള്‍ ഭീകരര്‍ തങ്ങളുടെ ദുഷ്‌ചെയ്തിക്ക് ന്യായമായി അവതരിപ്പിച്ചപ്പോഴൊന്നും മാധ്യമങ്ങള്‍ അതു കാര്യമാക്കാതെ ഭീകരരെ ഭീകരര്‍ ആയി മാത്രമായി കാണുകയായിരുന്നു. എന്നാല്‍ മുസ്‌ലിം നാമധാരികളായ തീവ്രവാദികള്‍ തങ്ങളുടെ നീചവൃത്തിക്ക് ഇസ്‌ലാമിന്റെ വിശുദ്ധഗ്രന്ഥമോ മറ്റോ പരാമര്‍ശിക്കുമ്പോള്‍ പരിശുദ്ധ ഗ്രന്ഥത്തെയും അത് പിന്തുടരുന്ന വിശ്വാസികളെ മൊത്തമായും പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ വെമ്പല്‍കൊള്ളുന്നത് തികഞ്ഞ അസംബന്ധം തന്നെ.
ക്രിസ്ത്യന്‍, ജൂത, ബുദ്ധ മതദര്‍ശനങ്ങളെ തങ്ങളുടെ ഭീകര പ്രവര്‍ത്തനത്തിന് പിന്‍ബലമായി കണ്ട ഒരുപാട് ഉദാഹരണങ്ങള്‍ നമുക്ക് എടുത്തുദ്ധരിക്കാനാവും.

ഓം ഷിന്റിക്യോ ജപ്പാനില്‍ ഭീകരത വിതച്ചത് 1995-ലാണ്, നിരവധി പേരുടെ മരണത്തിനു ഇടയാക്കിയ ട്രെയ്ന്‍ സ്റ്റേഷനില്‍ നടത്തിയ ഗ്യാസ് ആക്രമണത്തിന് നേതൃത്വം കൊടുത്ത ഈ കള്‍ട്ടിന്റെ നേതാവ് ഓം അഷാറയുള്‍പ്പെടെ ഏഴു പേരെ നീണ്ട വിചാരണക്കുശേഷം കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആണ് തൂക്കിക്കൊന്നത്. 1980-കളില്‍ ഹിന്ദു-ബുദ്ധ വിശ്വാസം മിശ്രിതപ്പെടുത്തി ഉണ്ടാക്കിയ ഈ കള്‍ട്ട് കുറഞ്ഞ വര്‍ഷങ്ങള്‍കൊണ്ടുതന്നെ ജപ്പാനില്‍ സ്വീകാര്യത നേടി ഒരു മതഗ്രൂപ്പ് എന്ന നിലക്കു തന്നെ സര്‍ക്കാരില്‍നിന്നും അംഗീകാരം വാങ്ങി പ്രവര്‍ത്തനം വിപുലപ്പെടുത്തി ജപ്പാനിലും ലോകത്തിന്റെ പല ഭാഗങ്ങളിലും പതിനായിരക്കണക്കിന് അനുയായികളെ ആകര്‍ഷിച്ചു. ജപ്പാനിലും മറ്റും പ്രശസ്തമായ സര്‍വകലാശാലകളില്‍പോലും ഈ ഭീകരന്‍ മതപ്രഭാഷണങ്ങള്‍ നടത്തിയിരുന്നു. അയാളുടെ അനുയായികളില്‍ നല്ലൊരു ശതമാനം ഉന്നത വിദ്യാഭ്യാസം നേടിയവരായിരുന്നു. തുടക്കത്തില്‍ അവരുടെ വിശ്വാസം, ഹിന്ദു -ബുദ്ധമത തത്ത്വങ്ങള്‍ മിശ്രിതപ്പെടുത്തിയായിരുന്നെങ്കിലും, പിന്നീട് താന്‍ യേശുവിന്റെ അവതാരമാണെന്ന് ഓം അഷാറ പ്രഖ്യാപിച്ചു. മാത്രമല്ല ലോകാവസാനം അടുത്തെന്നും തന്റെ അനുയായികള്‍ മാത്രമേ ലോകാവസാനത്തെ കെടുതികള്‍ അതിജീവിക്കുകയുള്ളു എന്നും അനുയായികളെ വിശ്വസിപ്പിച്ചു. തുടര്‍ന്നങ്ങോട്ട് ഈ കള്‍ട്ട് ജപ്പാനില്‍ പല ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും തുടങ്ങി.

എതിരാളികളെ കൊലപ്പെടുത്തുന്നതും തട്ടിക്കൊണ്ടുപോകുന്നതും പതിവാക്കി. വലിയ സമ്പാദ്യമുള്ള ആള്‍ദൈവമായിരുന്നു ഇയാള്‍. തന്റെ നീണ്ട മുടിയില്‍നിന്ന് ഓരോന്നെടുത്തു വലിയ കാശിനു ഭക്തര്‍ക്ക് നല്‍കലും, തന്റെ കാല്‍കഴുകിയ വെള്ളം വില്‍ക്കലും മാത്രമല്ല, തന്റെ രക്തംപോലും അനുയായികളെക്കൊണ്ട് കുടിപ്പിച്ചു ഈ ഭീകരന്‍. തൂക്കിലേറ്റിയിട്ടും ഇപ്പോഴും ഈ ഭീകരന് അനുയായികള്‍ ജപ്പാനില്‍ ഉണ്ടെന്നു ഈ അടുത്തായി പത്രറിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു .

ആഫ്രിക്കയിലെ ഭീകരതയുമായി ബന്ധപ്പെടുത്തി പാശ്ചാത്യമാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന രണ്ടു ഭീകര സംഘങ്ങളാണ് ബോക്കോ ഹറാമും (നൈജീരിയ) അല്‍ശബാബും (സോമാലിയ). ബോക്കോ ഹറാം 1000 വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോയത് വലിയ വാര്‍ത്തയായതാണ്. എന്നാല്‍ ഉഗാണ്ടയിലും സമീപ രാജ്യങ്ങളിലുമായി 66000 കുട്ടികളെ തട്ടിക്കൊണ്ടുപോയി ബാലപട്ടാളമാക്കിയും, ലൈംഗിക അടിമകളുമാക്കിയ ജോസഫ് കോനി എന്ന ഭീകരന്റെ നേതൃത്വത്തില്‍ ഉള്ള ലോര്‍ഡ്‌സ് റസിസ്റ്റന്റ് ആര്‍മി(ഘഞഅ)യെക്കുറിച്ച് എത്ര പേര്‍ കേട്ടിട്ടുണ്ട്? ഇരുപതു ലക്ഷത്തോളം ആളുകളെ അഭയാര്‍ഥികളാക്കിയ, ലക്ഷങ്ങളെ കൊന്നൊടുക്കിയ ഈ ഭീകര സംഘത്തിന്റെ ലക്ഷ്യം എന്തെന്നോ? ബൈബിളിലെ പത്തു കല്‍പനകള്‍ അടിസ്ഥാനപ്പെടുത്തി ഉഗാണ്ടയില്‍ ഒരു ഭരണം സ്ഥാപിക്കുക. നേതാവ് ജോസഫ് കോനി പറയുന്നതാകട്ടെ, താന്‍ ദൈവത്തിന്റെ സ്വന്തം വക്താവാണെന്നും ദൈവം തന്നോട് സംഭാഷണം നടത്താറുണ്ടെന്നും മറ്റും. 1987 മുതല്‍ 2005 വരെ ഭീകരതാണ്ഡവം നടത്തിയ ഈ കൊടുംഭീകരന്‍ ഇപ്പോള്‍ വിചാരണ നേരിടുകയാണ്. പക്ഷേ ഇദ്ദേഹത്തിന്റെ കൃത്യങ്ങളൊന്നും പാശ്ചാത്യ മാധ്യമങ്ങളില്‍ വര്‍ത്തയാകാറില്ല.
ഇന്നും നടുക്കത്തോടെ അമേരിക്കക്കാര്‍ ഓര്‍ക്കുന്ന അമേരിക്കയിലെ പ്രമാദമായ കൂട്ടക്കൊല നടത്തി ഭീകരത സൃഷ്ടിച്ച റെവറന്റ് ജിം ജോണ്‍സ് ഒന്നാന്തരം പാതിരി ആയിരുന്നു. ക്രിസ്തീയവിശ്വാസം പ്രബോധനം ചെയ്തിരുന്ന ഇയാള്‍ പതുക്കെ ഒരു കള്‍ട്ട് ഉണ്ടാക്കിയെടുത്തു ധാരാളം വിശ്വാസികളെ തന്നിലേക്കാകര്‍ഷിച്ചു. ബാല്യകാലം ഒരു പെന്തക്കോസ്ത് ചര്‍ച്ചില്‍ അനാഥനായി വളര്‍ന്ന ജോണ്‍സ് അവിടത്തെ ആരാധനാരീതികളും പ്രഭാഷണശൈലിയും സ്വായത്തമാക്കിയിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷമാണ് പാതിരിയായി തന്റെ സ്വന്തം മേല്‍നോട്ടത്തില്‍ പീപ്പ്ള്‍സ് ടെംപിള്‍എന്ന പേരില്‍ ചര്‍ച്ച് തുടങ്ങിയത്. ഗയാനയിലേക്ക് അനുയായികളെയും കൊണ്ട് പോകുന്നതിനുമുമ്പ് ഈ കള്‍ട്ടിന്റെ ചര്‍ച്ച് ലോസ് ആഞ്ചലസ് നഗരത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. അയ്യായിരത്തിലധികം ആളുകള്‍ ഇദ്ദേഹത്തിന്റെ മതപ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ ഉണ്ടാകാറുണ്ടത്രെ. വടക്കേ അമേരിക്കയില്‍നിന്നും മാറി തെക്കേ അമേരിക്കയിലെ ഗയാനയില്‍ ആശ്രമം സ്ഥാപിച്ചു തന്റെ പ്രവര്‍ത്തനം തുടര്‍ന്നു. ലോകം അവസാനിക്കാന്‍ പോവുകയാണെന്നും തന്നിലൂടെ മാത്രമേ ബൈബിളില്‍ പറഞ്ഞ മോക്ഷം ലഭിക്കുകയുള്ളു എന്നും ഇയാള്‍ അനുയായികളെ വിശ്വസിപ്പിച്ചു. ഇയാളുടെ പ്രവര്‍ത്തനത്തില്‍ സംശയം തോന്നിയ അമേരിക്കന്‍ സര്‍ക്കാര്‍ ഒരു കോണ്‍ഗ്രസ് അംഗത്തിന്റെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന ഒരു സംഘത്തെ കാര്യങ്ങള്‍ പഠിക്കാന്‍ അയച്ചു. ഈ സംഘം ആശ്രമത്തില്‍ എത്തിയപ്പോള്‍ തന്നെ ജിം ജോണ്‍സന്‍ അവരെ വധിക്കുകയാണ് ചെയ്തത്. തുടര്‍ന്ന് 900 വരുന്ന അനുയായികളെ വെടിവെച്ചും വിഷം നല്‍കിയും കൂട്ടക്കൊല നടത്തി. അവരുടെ കൂടെ ഈ പാതിരിയും മരണമടഞ്ഞു. മരിച്ചവരില്‍ മുന്നൂറോളം പേര്‍ കുട്ടികളായിരുന്നു.

ആര്‍മി ഓഫ് ഗോഡ് ആണ് 1990-കളില്‍ അമേരിക്കയില്‍ സജീവമായിരുന്ന മറ്റൊരു തീവ്രവാദ പ്രസ്ഥാനം. തികഞ്ഞ ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ പ്രസ്ഥാനം താരതമ്യേന സമാധാനപരമെന്ന് തോന്നുന്ന നിലപാടുകള്‍ ഗര്‍ഭഛിദ്രത്തിനെതിരെ സ്വീകരിച്ചിരുന്നു. പിന്നീടാണ് തീവ്രവാദത്തിലേക്ക് നീങ്ങിയത്. ക്ലിനിക്കുകള്‍ ആക്രമിക്കുക, ബോംബ് സ്‌ഫോടനങ്ങള്‍ നടത്തുക, തപാല്‍വഴി ആന്ത്രാക്‌സ് പൊടി വിതറിയ കത്തുകളും പാക്കറ്റുകളും അയക്കുക, ഇങ്ങനെ ആളുകളില്‍ ബയോളജിക്കല്‍ ആക്രമണത്തെക്കുറിച്ച് ഭീതി പടര്‍ത്തുക എന്നിവയായിരുന്നു ഈ ഗ്രൂപ്പിന്റെ തീവ്രവാദ 'സംഭാവനകള്‍.' ചില ഗ്രൂപ്പ് മെമ്പര്‍മാര്‍ കൊലക്കുറ്റത്തിന് വധശിക്ഷക്ക് വിധേയമായിട്ടുണ്ട്. മറക്കുള്ളില്‍ പോയ ഈ സംഘം ട്രംപിന്റെ വരവോടെ വീണ്ടും സജീവമായി വരികയാണ്.
2011-ല്‍ നോര്‍വെയിലെ ഓസ്ലോവില്‍ 77 പേരെവെടിവെച്ചു കൊന്ന ബ്രെവിക് എന്ന വലതുപക്ഷ തീവ്രവാദി തന്റെ അക്രമങ്ങള്‍ക്കു ന്യായീകരണം കണ്ടെത്തിയത് ബൈബിളില്‍നിന്നുള്ള വചനങ്ങള്‍ ഉദ്ധരിച്ചായിരുന്നു. ആ സമയത്ത് ബ്രെവിക് ഓണ്‍ലൈന്‍ വഴി പുറത്തുവിട്ട 1500 പേജുകള്‍ വരുന്ന മാനിഫെസ്റ്റോയില്‍ തന്റെ നിലപാടുകള്‍ക്ക് ന്യായീകരണമായി ധാരാളമായി ബൈബിള്‍ വചനങ്ങള്‍ഉദ്ധരിക്കുന്നുണ്ട്.

ഭീകരത എവിടന്നു തുടങ്ങി എന്ന് പരിശോധിച്ചാല്‍ ജൂതചരിത്രത്തില്‍ അത് ചെന്നെത്തും. കാലിഫോര്‍ണിയ യൂനിവേഴ്‌സിറ്റി പ്രഫസറും പൊളിറ്റിക്കല്‍ സയന്‍സ് വിദഗ്ധനും ഭീകരവാദ പഠനങ്ങളുടെ പിതാവുമായി അറിയപ്പെടുന്ന ഡേവിഡ് സി റിപ്പോര്‍ട്ട് പറയുന്നത്, യേശു ക്രിസ്തുവിന്റെ ജനനകാലഘട്ടത്തില്‍ ജറുസലം പ്രദേശത്ത് ജൂതന്മാര്‍ രൂപംകൊടുത്ത 'സികാരി' എന്ന തീവ്രവാദസംഘമാണ് ആള്‍ക്കൂട്ടത്തില്‍ വെച്ച് തങ്ങളുടെ എതിരാളികളെ വധിക്കുക എന്ന രീതി ആവിഷ്‌കരിച്ചത് എന്നാണ്. തങ്ങളുടെ മേലുള്ള റോമക്കാരുടെ ഭരണത്തെ പിന്തുണക്കുന്ന ജൂതപണ്ഡിതന്മാരെപോലും ഇവര്‍ വകവരുത്തിയത്രെ. ഇവരുടെ രീതികളിലൊന്ന് ആള്‍ക്കൂട്ടത്തില്‍ പോയി തങ്ങള്‍ ലക്ഷ്യം വെക്കുന്ന ആളുകളെ വകവരുത്തി ഘാതകന്‍ ആള്‍ക്കൂട്ടത്തിന്റെ ഭാഗമായി മാറുക എന്നതാണ്. തങ്ങള്‍ ചെയ്ത കൃത്യം മറ്റുള്ളവരില്‍ സമര്‍ഥമായി കെട്ടിവെക്കുകയും ചെയ്യും. ഇപ്പോഴും ഇതേ പേരില്‍ ഭീകരഗ്രൂപ്പ് ഇസ്രയേലില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. അവരുടെ ലക്ഷ്യമാകട്ടെ ഫലസ്ത്വീനികളെ പൂര്‍ണമായും ഇസ്രയേലില്‍നിന്ന് ഇല്ലാതാക്കുക എന്നതും.
ചുരുക്കത്തില്‍, മതഗ്രന്ഥങ്ങള്‍ ദുര്‍വ്യാഖ്യാനിച്ച് മറ്റുള്ളവര്‍ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്തിയ, യഥാര്‍ഥ മതപ്രമാണങ്ങളില്‍നിന്ന് വ്യതിചലിച്ച ഇത്തരം ജൂത, ക്രൈസ്തവ, ബുദ്ധ തീവ്രവാദ ഗ്രൂപ്പുകളെ ധാരാളമായി ചരിത്രത്തില്‍ കാണാന്‍ കഴിയും. ഇത് ഒരു മുസ്‌ലിം പ്രതിഭാസമായി ചിത്രീകരിക്കാന്‍ നോക്കുന്നത് ചരിത്രത്തോടും സമകാലിക യാഥാര്‍ഥ്യങ്ങളോടും ചെയ്യുന്ന അനീതിയാണ്.

യൂനിവേഴ്‌സിറ്റി ഓഫ് വെസ്റ്റേണ്‍ ആസ്‌ത്രേലിയ പ്രഫസറും മീഡിയാ വിദഗ്ധനുമായ ഡോ. മിഖായേല്‍ ജെറ്റെര്‍ എഴുതുന്നു: ''ചരിത്രത്തിലും ഈ കാലഘട്ടത്തിലും ഒരു ഇസ്‌ലാമിക ഗ്രൂപ്പില്‍നിന്നും ഉണ്ടായതും ഉണ്ടായേക്കാവുന്നതുമായ ഭീകരാക്രമണം മറ്റു ഗ്രൂപ്പുകളില്‍നിന്നും ഉണ്ടായതും ഉണ്ടായേക്കാവുന്നതുമായി താരതമ്യം ചെയ്താല്‍ നന്നേ ചെറുതാണ്.''

കണക്കുകളും ഈ വസ്തുത ശരിവെക്കുന്നു.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍- (31-33)
ടി.കെ ഉബൈദ്‌

ഹദീസ്‌

വയറിന്റെ നോമ്പുകാരായാല്‍ പോരാ
ഡോ. ഇബ്‌റാഹീം അല്‍ വദ്ആന്‍