Prabodhanm Weekly

Pages

Search

2019 മെയ് 17

3102

1440 റമദാന്‍ 12

സകാത്ത് സംരംഭങ്ങള്‍ ഇന്ത്യയില്‍

യാസര്‍ ഖുത്വ്ബ്

ജനസംഖ്യയും സമ്പത്തും വെച്ച് നോക്കുമ്പോള്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ ഇപ്പോഴും സകാത്ത് / ഇസ്‌ലാമിക സാമ്പത്തിക സംരംഭങ്ങളുടെ കാര്യത്തില്‍ ശൈശവ ദശയില്‍ തന്നെയാണ്. എന്നിരുന്നാലും ഈ അടുത്ത കാലത്ത് ഈ വിഷയത്തില്‍ ശുഭസൂചകമായ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ഇന്ത്യയിലെ സകാത്ത് വിഹിതത്തില്‍ 80 ശതമാനവും ദീനീ മദാരിസുകള്‍ക്കാണ് ചെലവഴിക്കുന്നത് എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത് ഓഡിറ്റിംഗിനു വിധേയമോ വ്യവസ്ഥാപിതമോ അല്ലാത്തതിനാല്‍, ചെലവഴിക്കപ്പെടുന്ന സമ്പത്തിനനുസരിച്ച ഗുണനിലവാരം ഈ ദീനീമദാരിസുകള്‍ക്ക് ഉണ്ടാകുന്നുമില്ല.
ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും സാന്നിധ്യമുള്ള ജമാഅത്തെ ഇസ്‌ലാമി, സകാത്ത് വിഹിതം സംഭരിക്കാനും സകാത്തിന്റെ അവകാശികള്‍ക്ക് വേണ്ടി അവ ഉപയോഗപ്പെടുത്താനും ചില സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചില സംസ്ഥാനങ്ങളില്‍ സകാത്ത് വിനിയോഗങ്ങള്‍ക്ക് മാത്രമായി പ്രത്യേക സെല്ലുകളും ഉണ്ട്. കേരളം, മഹാരാഷ്ട്ര, യു.പി തുടങ്ങിയവ ഉദാഹരണങ്ങള്‍.
ഇന്ത്യയിലെ എല്ലാ മുസ്‌ലിം എന്‍.ജി.ഒകളുടെയും ഒരു പ്രധാന ധനാഗമന മാര്‍ഗം സകാത്ത് തന്നെയാണ്. പുതുതായി രൂപം കൊണ്ട പല എന്‍.ജി.ഒകളും സമുദായത്തിനും പൊതുസമൂഹത്തിനും അനുഗുണമായ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഇവര്‍ക്ക് ദേശീയവും അന്തര്‍ദേശീയവുമായ പൊതു എന്‍.ജി.ഒ.കളുമായും ബന്ധങ്ങളും അഫിലിയേഷനും ഉള്ളതിനാല്‍ സമൂഹത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുന്നു.
തമിഴ്‌നാട്ടില്‍ മഹല്ല് അടിസ്ഥാനത്തില്‍ ആയിരത്തോളം സകാത്ത് സംരംഭങ്ങളുണ്ട്. ഗ്രാമപ്രദേശങ്ങളിലെ ദാരിദ്ര്യനിര്‍മാര്‍ജനം, തൊഴില്‍ എന്നീ മേഖലകളിലാണ് ഇവ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മുസ്ലിം സാന്നിധ്യമുള്ള മെട്രോ നഗരം എന്ന നിലക്ക് ഹൈദരാബാദില്‍ ഒന്നിലധികം സകാത്ത് സംരംഭങ്ങള്‍ നിലവിലുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് ഹൈദരാബാദ് സകാത്ത് ട്രസ്റ്റ് കമ്മിറ്റി (Hyderabad Zakat and Charitable Trust -HZCT). ഗിയാസുദ്ദീന്‍ ബാബു ഖാന്‍ ചെയര്‍മാനായ HZCT, കഴിഞ്ഞ 25 വര്‍ഷങ്ങളിലായി 107 കോടി രൂപയുടെ സേവനങ്ങള്‍ വ്യത്യസ്ത സ്‌കീമുകളിലായി 10,84,180 ഗുണഭോക്താക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. HZCT-യുടെ നിശ്ചിത മേഖലകളില്‍ മാത്രം കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്ന സഹോദര എന്‍.ജി.ഒ ആണ് ഫീഡ് (FEED). സകാത്ത് വിഹിതം സംഘടിത സേവനപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഹൈദരാബാദിലെ മറ്റൊരു സംഘടനയാണ് സഫ ബൈത്തുല്‍ മാല്‍.
ബാംഗ്ലൂര്‍ ആസ്ഥാനമായ ഹിറ വെല്‍ഫെയര്‍ അസോസിയേഷന്‍ മലയാളികളുടെ നേതൃത്വത്തില്‍ രൂപം കൊണ്ട സംരംഭമാണ്. വിദ്യാഭ്യാസം, തൊഴില്‍, പെന്‍ഷന്‍, ചികിത്സാ സഹായം, ചേരികളുടെ പുനരുദ്ധാരണം എന്നീ മേഖലകളിലാണ് മുഖ്യ പ്രവര്‍ത്തനം. വെരിഫിക്കേഷന്‍, ഡിസ്ട്രിബ്യൂഷന്‍ തുടങ്ങിയവക്ക് വ്യത്യസ്ത ഡിപ്പാര്‍ട്ട്‌മെന്റുകളും വിപുലമായ വിതരണ ശൃംഖലകളും ഉണ്ട്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇ.ആര്‍.ടി ടീമും സജ്ജമാണ്.
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സകാത്ത് കമ്മിറ്റിയാണ് ദല്‍ഹിയിലെ സകാത്ത് ഫൗണ്ടേഷന്‍ (Zakat Foundation of India - ZFI). ഡോക്ടര്‍ സയ്യിദ് സഫര്‍ മഹ്മൂദ് ആണ് ഫൗണ്ടേഷന്റെ പ്രസിഡന്റ്. മുസ്‌ലിംകള്‍ക്കും മൈനോരിറ്റി വിദ്യാര്‍ഥികള്‍ക്കും വേണ്ടി സിവില്‍ സര്‍വീസില്‍ പ്രത്യേക കോച്ചിംഗ് നല്‍കുന്നു എന്നതാണ് ZFI-യുടെ സവിശേഷത. ഇവര്‍ വഴി ധാരാളം പേര്‍ക്ക് ഐ.എ.എസ് അഡ്മിഷനും ലഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിനും സാമൂഹിക ശാക്തീകരണത്തിനും പ്രത്യേകം ഊന്നല്‍ നല്‍കുന്ന ഫൗണ്ടേഷന് വ്യത്യസ്തമായ പരിപാടികളും ഫെലോഷിപ്പുകളുമുണ്ട്. ഹജ്ജ് ഫണ്ട്, ഇഖ്ബാല്‍ അക്കാദമി എന്നിവ ഇവരുടെ വ്യത്യസ്ത സംരംഭങ്ങളാണ്. യു.എസ്, കാനഡ, യു.കെ എന്നിവിടങ്ങളില്‍ ഫൗണ്ടേഷനു പാര്‍ട്ട്ണര്‍ഷിപ്പ് എന്‍.ജി.ഒകളും ഉണ്ട്.
ദല്‍ഹി ആസ്ഥാനമായ മറ്റൊരു സംഘമാണ് സകാത്ത് ഇന്ത്യ ഇനീഷ്യേറ്റീവ് (Zakat India Initiative). സകാത്ത് ഇനത്തില്‍ ലഭിക്കുന്ന മുഴുവന്‍ പണവും ഗുണഭോക്താക്കളില്‍ എത്തിക്കുന്നു എന്നതാണ് ഈ സംഘടനയുടെ സവിശേഷതയായി ബന്ധപ്പെട്ടവര്‍ പറയുന്നത്. സയ്ഫുര്‍റഹ്മാനാണ് സകാത്ത് ഇന്ത്യയുടെ മുഖ്യ അധ്യക്ഷ പദവിയായ കമ്യൂണിറ്റി എന്‍ഗേജ്‌മെന്റ് ഓഫീസര്‍ (CEO).
ഇന്ത്യയിലെ മൈക്രോ ഫിനാന്‍സ് സൊസൈറ്റിയാണ് സഹുലത്ത്. Interest Free Micro Financing Institute(IFMFI) കളുടെ രൂപീകരണം, ശാക്തീകരണം തുടങ്ങിയവക്കു ആവശ്യമായ കര്‍മ പദ്ധതികളാണ് സഹുലത്തിന്റേത്. സഹകരണ സംഘങ്ങളിലൂടെ പലിശരഹിത സമ്പാദ്യവും വായ്പയും ലഭ്യമാക്കാന്‍ സഹായിക്കുന്നു. രാജ്യത്തെ ഒന്‍പതു സംസ്ഥാനങ്ങളില്‍ അഫിലിയേറ്റ് ചെയ്യപ്പെട്ട സൊസൈറ്റിക്ക് 56 ബ്രാഞ്ചുകളിലായി 90,565 അംഗങ്ങളുണ്ട്. 2018-ലെ സഹുലത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 799.4 ദശലക്ഷം രൂപയുടെ ഡെപ്പോസിറ്റുള്ള സംഘത്തിന്റെ ബ്രാഞ്ചുകളിലൂടെ 26,147 ആളുകള്‍ക്ക് ലോണുകള്‍ നല്‍കിയിട്ടുണ്ട്. കെ.എ സിദ്ദീഖ് ഹസന്‍ തുടക്കം കുറിച്ച സ്ഥാപനത്തിന്റെ നിലവിലെ പ്രസിഡന്റ് ടി. ആരിഫലിയാണ്.
ഇന്ത്യയില്‍ ഇസ്‌ലാമിക് ഇക്കണോമിക്‌സ്, പലിശരഹിത സാമ്പത്തിക വ്യവസ്ഥ തുടങ്ങിയ വിഷയങ്ങളില്‍ പഠനങ്ങള്‍ നടത്തുന്ന സ്ഥാപനമാണ് Indian Centre for Islamic Finance (ICIF). ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുകയും സംരംഭകര്‍ക്ക് മാര്‍ഗദര്‍ശനവും പരിശീലനവും നല്‍കുകയും ചെയ്യുന്നു. ഈ രംഗത്ത് അവബോധം സൃഷ്ടിക്കുക എന്നതാണ് സ്ഥാപനത്തിന്റെ പ്രഥമ ലക്ഷ്യം. വിഷയസംബന്ധമായ നാലായിരത്തോളം ആര്‍ട്ടിക്ക്‌ളുകളും പേപ്പറുകളും അടങ്ങുന്ന വലിയ ഒരു റിസോഴ്‌സ് തന്നെ ഇവരുടെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ലഭ്യമാണ്. ഡോക്ടര്‍ നജാത്തുല്ല സിദ്ദീഖി മുഖ്യരക്ഷാധികാരിയായ icif-ന്റെ ജനറല്‍ സെക്രട്ടറി എച്ച്. അബ്ദുര്‍റഖീബാണ്.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍- (31-33)
ടി.കെ ഉബൈദ്‌

ഹദീസ്‌

വയറിന്റെ നോമ്പുകാരായാല്‍ പോരാ
ഡോ. ഇബ്‌റാഹീം അല്‍ വദ്ആന്‍