Prabodhanm Weekly

Pages

Search

2019 മെയ് 10

3101

1440 റമദാന്‍ 04

ജീവിതം ഖുര്‍ആനുമായി ലിങ്ക് ചെയ്യുക

സുബൈര്‍ കുന്ദമംഗലം

വായന മരിക്കുമ്പോഴും ആബാലവൃദ്ധം വാട്ട്‌സാപ്പിലേക്കും ഫേസ്ബുക്കിലേക്കും മുഖം തിരിക്കുമ്പോഴും വായനയുടെ വസന്തം തീര്‍ക്കുന്നു ഖുര്‍ആന്‍. മനുഷ്യനാണ് ഖുര്‍ആന്റെ കേന്ദ്രപ്രമേയം എന്നതാണ് അതിന്റെ അടിസ്ഥാന കാരണങ്ങളില്‍ ഒന്ന്. സ്രഷ്ടാവ് നേരിട്ട് മനുഷ്യരുമായി സംവദിക്കുന്ന വേദവചനങ്ങളുടെ സമാഹാരമാണ് ഖുര്‍ആന്‍. അല്ലാഹു ആരുടെയും പക്ഷം ചേര്‍ന്നല്ല സംസാരിക്കുന്നത്. മനുഷ്യനിര്‍മിത പ്രസ്ഥാനങ്ങളെപ്പോലെ ഉള്ളവന്‍/ഇല്ലാത്തവന്‍, മുതലാളി/തൊഴിലാളി, പണ്ഡിതന്‍/പാമരന്‍ തുടങ്ങിയ വിഭജനങ്ങളൊന്നും ഖുര്‍ആനിനില്ല. എല്ലാവരും ദൈവത്തിന്റെ സൃഷ്ടികള്‍.

മനുഷ്യജീവിതവുമായി ബന്ധപ്പെട്ട സകല വിഷയങ്ങളും ഖുര്‍ആന്‍ കൈകാര്യം ചെയ്യുന്നുണ്ട്. ശാസ്ത്രവും സാഹിത്യവും ചരിത്രവും തത്ത്വശാസ്ത്രവും എന്നു വേണ്ട ഒന്നും കൈകാര്യം ചെയ്യാതെ ഖുര്‍ആന്‍ ഉപേക്ഷ വരുത്തിയിട്ടില്ല. എന്നാല്‍ നടേ പറഞ്ഞ വൈജ്ഞാനിക മേഖലകള്‍ വിശദീകരിക്കാനായി അവതരിപ്പിക്കപ്പെട്ട ഗ്രന്ഥവുമല്ല ഖുര്‍ആന്‍.

മാനവ വിമോചനത്തിനു് വേണ്ടി അന്ത്യപ്രവാചകനിലൂടെ അവതീര്‍ണമായ അവസാന ഗ്രന്ഥമാണ് ഖുര്‍ആന്‍. അത് ജനകോടികള്‍ക്ക് ആശ്വാസത്തിന്റെ തെളിനീരു നല്‍കി. ''ഭൂമിയില്‍ അടിച്ചമര്‍ത്തപ്പെട്ടവരോട് ഔദാര്യം കാണിക്കാനും അവരെ നായകരും അനന്തരാവകാശികളുമാക്കാനാണ് നാം ഉദ്ദേശിക്കുന്നത്'' (അല്‍ ഖസ്വസ്വ്: 5).

പീഡിതരും അധഃസ്ഥിതരുമായ അടിസ്ഥാന വര്‍ഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപ്പിടിച്ചുയര്‍ത്തിയ ഗ്രന്ഥമാണ് ഖുര്‍ആന്‍. ''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ക്കെന്തുകൊണ്ട് യുദ്ധം ചെയ്തുകൂടാ? 'ഞങ്ങളുടെ രക്ഷിതാവേ, അക്രമികളായ ആളുകള്‍ അധിവസിക്കുന്ന ഈ നാട്ടില്‍നിന്ന് ഞങ്ങളെ നീ മോചിപ്പിക്കുകയും, നിന്റെ വകയായി ഒരു രക്ഷാധികാരിയെയും ഒരു സഹായിയെയും ഞങ്ങള്‍ക്ക് നീ നിശ്ചയിച്ചു തരികയും ചെയ്യേണമേ' എന്ന് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്ന മര്‍ദിച്ചൊതുക്കപ്പെട്ട പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി'' (അന്നിസാഅ് 75).

വേദനയുടെയും കഷ്ടപ്പാടിന്റെയും നിത്യദുരിതത്തിന്റെയും നിലയില്ലാ കയത്തില്‍ മുങ്ങിത്താഴുന്നവര്‍ക്ക് ഖുര്‍ആന്‍ ആശ്വാസത്തിന്റെ തെളിനീരായി.

സ്ത്രീകള്‍ക്ക് ജനിക്കാനോ ജീവിക്കാനോ അവകാശമില്ലാത്ത കാലത്താണ് ഖുര്‍ആനിന്റെ അവതരണം ആരംഭിച്ചത്. പെണ്ണിന് ആത്മാവുണ്ടോ എന്ന് പോലും സംശയിച്ച കാലം. അവള്‍ പുരുഷന്റെ അടിമയും പെറ്റുകൂട്ടുന്ന യന്ത്രവുമായിരുന്ന തമോയുഗം. ''അവന്ന് സന്തോഷവാര്‍ത്ത നല്‍കപ്പെട്ട ആ കാര്യത്തിലുള്ള അപമാന ഭാരത്താല്‍ ആളുകളില്‍നിന്നവന്‍ ഒളിച്ചുകളയുന്നു. അപമാനത്തോടെ അതിനെ വെച്ചുകൊണ്ടിരിക്കണമോ, അതല്ല അതിനെ മണ്ണില്‍ കുഴിച്ചുമൂടണമോ? ശ്രദ്ധിക്കുക, അവന്‍ എടുക്കുന്ന തീരുമാനം എത്ര മോശം!'' (അന്നഹ്ല്‍ 59).

ഇസ്‌ലാം സ്ത്രീയെ അംഗീകരിക്കുകയും അവളുടെ അഭിപ്രായം കേള്‍ക്കുകയും ചെയ്തു. അവള്‍ക്ക് സ്വത്തവകാശം നല്‍കി. സ്ത്രീകളെ ദ്രോഹിക്കുന്നവന്‍ നീചനാണെന്നും അവരോട് നല്ല നിലയില്‍ വര്‍ത്തിക്കുന്നവന്‍ ആദരണീയനാണെന്നും പ്രഖ്യാപിച്ചു.

സാമൂഹിക സുരക്ഷ നഷ്ടപ്പെട്ട രാജ്യങ്ങളില്‍ സ്ത്രീസുരക്ഷ വലിയ തലവേദനയാണ്. നിരന്തരമായ ഉദ്‌ബോധനങ്ങളിലൂടെയും കര്‍ക്കശമായ നിയമങ്ങളിലൂടെയും കടുത്ത ശിക്ഷാവിധികളുടെ പ്രഖ്യാപനം വഴിയും സ്ത്രീസുരക്ഷയുടെ ആണിക്കല്ലുകള്‍ സ്ഥാപിക്കുകയാണ് ഇസ്‌ലാം. ധാര്‍മികതയില്‍ ഊന്നിനില്‍ക്കുന്ന കുടുംബ-സാമൂഹിക പശ്ചാത്തലം സൃഷ്ടിക്കുക വഴി തിന്മയുടെ നാമ്പുകള്‍ പിഴുതെടുക്കുകയാണ് ഖുര്‍ആന്‍. മോഷണം, കൊലപാതകം പോലുള്ള സാമൂഹിക തിന്മകള്‍ക്ക് കടുത്ത ശിക്ഷ പ്രഖ്യാപിക്കുക വഴി ശാന്തിയും സമാധാനവും സൈ്വര്യജീവിതവും ഉറപ്പു വരുത്തുകയാണ് ഖുര്‍ആന്‍. ഇസ്‌ലാം മുന്നോട്ടുവെച്ച ശിക്ഷാ സമ്പ്രദായം നടപ്പില്‍ വരുത്തുകയാണ് സമാധാന ജീവിതത്തിന് പോംവഴിയെന്ന് ലോകം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു.

ജനജീവിതത്തെ വരിഞ്ഞുമുറുക്കുന്ന പലിശക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ഗ്രന്ഥമാണ് ഖുര്‍ആന്‍. ധൂര്‍ത്തും ദുര്‍വ്യയവും ആര്‍ത്തിയും പൊങ്ങച്ചവും ആഡംബരവും സാമൂഹിക തിന്മകളുടെ ഗണത്തില്‍ എണ്ണുകയാണ് ഖുര്‍ആന്‍. സാമ്പത്തിക അച്ചടക്കം പാലിക്കാത്തവന് ഈ വേദത്തിന്റെ അനുയായിയാവാന്‍ സാധ്യമല്ല.

ഖുര്‍ആന്റെ സാഹിത്യ മാസ്മരികതയിലും ആശയ സൗകുമാര്യതയിലും വീണുപോയവര്‍ നിരവധിയാണ്. പ്രവാചക കാലത്തെ സാഹിത്യ സാമ്രാട്ടായിരുന്ന വലീദുബ്‌നു മുഗീറ, ഖാറ ഗോത്രത്തലവന്‍ ഇബ്‌നു ദുഗ്‌ന, നീതിയുടെ പര്യായമായ ഉമറുബ്‌നുല്‍ ഖത്ത്വാബ്, എത്യോപ്യന്‍ ചക്രവര്‍ത്തി നേഗസ്, തുഫൈലുബ്‌നു അംറുദ്ദൗസി അങ്ങനെ എത്രയോ പേര്‍. വിശുദ്ധ വചനങ്ങള്‍ക്ക് സദൃശമായവ രൂപകല്‍പ്പന നടത്താന്‍ സാധിക്കുന്ന സാഹിത്യകാരന്മാരോ തത്ത്വജ്ഞാനികളോ ഉണ്ടെങ്കില്‍ ഒറ്റക്കോ കൂട്ടായോ അത് ചെയ്യട്ടേയെന്ന വെല്ലുവിളി ഇന്നും നിലനില്‍ക്കുന്നു. ഖുര്‍ആനിന്റെ വശ്യസൗന്ദര്യം ജനലക്ഷങ്ങളെ ആകര്‍ഷിച്ചുവരുന്ന വാര്‍ത്തകള്‍ പാശ്ചാത്യ, പൗരസ്ത്യ നാടുകളില്‍നിന്ന് നിരന്തരം വന്നുകൊണ്ടിരിക്കുന്നു. ലോക വ്യാപാര സമുച്ചയം തകര്‍ക്കപ്പെട്ട ശേഷം ഇസ്‌ലാമിനെക്കുറിച്ചുള്ള മുതലാളിത്ത-സയണിസ്റ്റ് കുപ്രചാരണങ്ങള്‍ വെളുക്കാന്‍ തേച്ചത് പാണ്ടായ പോലെയായി. 'തീവ്രവാദി'കളുടെ 'ഭീകര ഗ്രന്ഥം' കൈകളില്‍നിന്ന് കൈകളിലേക്കും നാവുകളില്‍നിന്ന് നാവുകളിലേക്കും ചേക്കേറിക്കൊണ്ടിരിക്കുന്നു.

പാരായണത്തിനും പഠനത്തിനും ഗവേഷണത്തിനും അര്‍ഹമായ പരിഗണന നല്‍കിയ ഖുര്‍ആന്‍ ജനകോടികള്‍ക്ക് ആശ്വാസത്തിന്റെയും സമാധാനത്തിന്റെയും വിളക്കുമാടം കൂടിയാണ്. മുസ്‌ലിംകള്‍ക്ക് ഖുര്‍ആന്‍ പാരായണം പുണ്യകരവും പ്രതിഫലാര്‍ഹവുമത്രെ. പ്രവാചകന്‍ അരുളിയതായി ഉസ്മാനുബ്‌നു അഫ്ഫാന്‍ നിവേദനം ചെയ്യുന്നു: ''ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ് നിങ്ങളില്‍ ഉത്തമര്‍'' (ബുഖാരി).

ഖുര്‍ആന്‍ പാരായണം പ്രോത്സാഹിപ്പിച്ചുകൊണ്ട് നബി(സ) പറഞ്ഞു: ''നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുക. കാരണം അത് അന്ത്യനാളില്‍ പാരായണക്കാര്‍ക്ക് ശിപാര്‍ശകനായി വരും'' (മുസ്‌ലിം).

പഠന-പാരായണങ്ങള്‍ക്ക് ഇത്രയധികം പ്രാധാന്യവും പ്രചോദനവും നല്‍കിയ വേദഗ്രന്ഥം വേറെയില്ല. വായന എന്നര്‍ഥം വരുന്ന ഖുര്‍ആന്‍ ലോകത്ത് ഏറ്റവുമധികം പാരായണം ചെയ്യപ്പെടുന്നതില്‍ അത്ഭുതമില്ല. മനുഷ്യജീവിതവുമായി ഒട്ടിനില്‍ക്കുന്ന ഈ വിശുദ്ധഗ്രന്ഥം കേവല പാരായണത്തിനുള്ളതല്ല. ഹൃദയങ്ങളുമായി ബന്ധിപ്പിക്കാനും ജീവിതത്തില്‍ പകര്‍ത്താനും കര്‍മപഥത്തില്‍ കൊണ്ടുവരാനുള്ളതുമാണ്. അതിനാല്‍ ഖുര്‍ആനെ ജീവിതവുമായി ലിങ്ക് ചെയ്യുക. അങ്ങനെ ഖുര്‍ആന്‍ തന്നെ ജീവിതമായി മാറ്റുക. ചലിക്കുന്ന ഖുര്‍ആന്‍ പതിപ്പുകളായി ഓരോരുത്തരും രൂപാന്തരപ്പെടട്ടെ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (27-29)
എ.വൈ.ആര്‍

ഹദീസ്‌

പ്രാര്‍ഥന: വിശ്വാസിയുടെ അടയാളം, ആത്മാവിന്റെ പോഷണം
കെ.വി ഹിബ ഹമീദ് അല്‍ജാമിഅഃ ശാന്തപുരം