Prabodhanm Weekly

Pages

Search

2019 മെയ് 10

3101

1440 റമദാന്‍ 04

അത്താഴ വിളംബരം

അഹ്മദ് ബഹ്ജത്ത്

അത്താഴത്തിന്റെ സമയം വിളംബരം ചെയ്യുന്ന പീരങ്കിവെടി മുഴങ്ങാന്‍ ഇനി രണ്ടു മണിക്കൂറേ ബാക്കിയുള്ളൂ.

ഘടികാരത്തിന്റെ അലാറം അര്‍ധ രാത്രിയായത് വിളംബരം ചെയ്തതോടെ വീട്ടുകാരി പൊടുന്നനെ പിടഞ്ഞെണീറ്റു. ഹാളിലെ വിളക്കുകള്‍ കണ്ണുചിമ്മിയപ്പോള്‍ അടുക്കള വിളക്കുകള്‍ തെളിഞ്ഞു. ഗ്യാസ് അടുപ്പിന്റെ നാല് കണ്ണുകളും എരിഞ്ഞുകത്താന്‍ തുടങ്ങി... പാത്രങ്ങളുടെ കടകട ശബ്ദം... അധികം താമസിയാതെ അത്താഴം റെഡിയാകും.. വീടു മുഴുവന്‍ ഉണര്‍ന്നു കഴിഞ്ഞു... എല്ലാവരും ആഹാരത്തിനുള്ള ഒരുക്കത്തിലാണ്...

'റമദാന്‍ കരീം.'

ഉറക്കറയില്‍നിന്ന് അടുക്കളയിലേക്ക് പോകുംവഴി ധര്‍മഭാരം റമദാന്‍ ആശംസിച്ചു.  അവളുടെ ആ പോക്കില്‍ മുറിക്കകത്തെ വായുതരംഗങ്ങള്‍ ഇളകിയുലഞ്ഞു. ഇരിപ്പിടത്തില്‍നിന്ന് ഞാന്‍ തെന്നിവീഴാന്‍പോയി. അല്ലാഹുവിന് സ്തുതി. ഭാഗ്യത്തിന് കിളിവാതിലുകള്‍ തുറന്നിട്ടിരുന്നു. റമദാന്‍ മാസമെന്നാല്‍ സമൃദ്ധമായ ആഹാര വിഭവങ്ങളും കണക്കില്ലാത്ത മധുരപലഹാരങ്ങളുമാണെന്നാണ് അവളുടെ വിചാരം.

റമദാനില്‍ എനിക്ക് ജീവിതത്തിന് ഒരു അടുക്കും ചിട്ടയുമൊക്കെ ഉണ്ടാക്കേണ്ടതുണ്ട്. എല്ലാ ദിവസവും ചെയ്തുകൂട്ടുന്ന മഹാ പാപങ്ങള്‍ ആവിയായിപ്പോകാനുള്ള സുവര്‍ണാവസരമാണ് ഈ മനോഹരമായ മാസത്തില്‍ ലഭ്യമാകാന്‍ പോകുന്നത്.

''നബിയാണ, ഈ ചോറ് എന്തായാലും നിങ്ങള്‍ കഴിക്കണം. ഞാന്‍ നബിയുടെ പേരില്‍ സത്യം ചെയ്തുകഴിഞ്ഞു.''

ദൈവദൂതരേ, അങ്ങേക്ക് അല്ലാഹുവിന്റെ രക്ഷയും അനുഗ്രഹവുമുണ്ടാകട്ടെ. ഞാന്‍ ഉള്ളാലേ പറഞ്ഞു. മസാലകള്‍ കൂട്ടിക്കലര്‍ത്തിയ ചോറിലേക്ക് ഞാന്‍ കൈനീട്ടി. ഉടനെ വന്നു വീട്ടുകാരിയുടെ മറ്റൊരപേക്ഷ. വിശിഷ്ടമായൊരിനം മാംസം കഴിക്കാനുള്ള അപേക്ഷയാണ്. തീര്‍ന്നില്ല. ഇനി ഈ കോഴിക്കഷ്ണവും രുചിക്കണം. ഇനി കുനാഫയുടെ തളികയിലേക്കും വേണം കുനിയാന്‍. ഈ ഓരോ തവണയും സംസാരത്തില്‍ തിരുദൂതരുടെ പേരിലുള്ള സത്യം ചെയ്യല്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. അപ്പോള്‍ ഒരു ചാഞ്ചല്യവുമില്ലാതെ എന്റെ കൈ പാത്രത്തിലേക്ക് നീളും. വയറ് നിറച്ചുകൊണ്ടിരിക്കെ ഞാന്‍ ഓര്‍ക്കും. തിരുദൂതരുടെ പത്‌നി എങ്ങനെയാണ് മാസങ്ങളോളം അടുപ്പില്‍ തീപൂട്ടാതെ ജീവിച്ചിരുന്നതെന്ന്. നബി എണ്ണയില്‍ മുക്കി തിന്നുന്ന ആ ഉണക്ക റൊട്ടി. സൃഷ്ടികളില്‍ ദൈവത്തിന് ഏറ്റവും പ്രിയങ്കരനും ആദരണീയനുമായ പ്രവാചകന്‍ പുണ്യമാക്കപ്പെട്ട ഈ വിശപ്പ് എങ്ങനെ അനുഭവിച്ചറിഞ്ഞെന്നും അങ്ങനെ പ്രപഞ്ചത്തിന്റെ ഹൃദയത്തിലേക്ക് നേരിട്ട് പ്രവേശിച്ച് എങ്ങനെ സഹജീവികളുടെ വേദനകള്‍ ഏറ്റുവാങ്ങി അലിവുള്ളവനായി മാറിയതെന്നും ഞാന്‍ ആലോചിച്ചുപോയി.

വലിയ പരിക്കൊന്നുമില്ലാതെ അത്താഴം കഴിഞ്ഞു. പൂര്‍ണമായും തകര്‍ന്നാണ് അത്താഴത്തിനു ശേഷം ഞാന്‍ എന്റെ ഇരിപ്പിടത്തിലേക്ക് മടങ്ങി എത്തിയത്. അത്താഴം കഴിഞ്ഞതോടെ എന്റെ ഉള്ളിലെ അനുരാഗം അപ്പാടെ ശൂന്യമായ പോലെ തോന്നി. ആ വികാരോഷ്മളത കെട്ടടങ്ങിക്കഴിഞ്ഞിരുന്നു. ആമാശയത്തിലെ കനത്ത ഭാരമല്ലാതെ മറ്റൊന്നും അവശേഷിച്ചിരുന്നില്ല.

ഞാന്‍ എന്നോടുതന്നെ ചോദിച്ചു: ആഹാരത്തിനിരുന്നാല്‍ അത് അവസാനത്തെ തീറ്റയാണെന്നോണം എന്തുകൊണ്ടാണ് നീ ഇങ്ങനെ വാരിവലിച്ചു വെട്ടുന്നത്? ഈജിപ്ഷ്യന്‍ ജീവിതത്തിലെ ആദ്യകാല നൂറ്റാണ്ടുകളിലെ വിശപ്പാണോ അത്? നാം കൈനീട്ടും മുമ്പേ നമ്മുടെ ഭക്ഷണത്തളികയില്‍ കൈയിട്ടു വാരുന്ന ഭരണാധികാരികളുടെ ദ്രോഹഫലമായി നമുക്കൊരു ശീലമായിപ്പോയതാണോ അത്? ലോകരാഷ്ട്രങ്ങളുടെ കൂട്ടത്തില്‍ മഹത്തായൊരു രാജ്യമാണ് ഈജിപ്ത്. ഫലഭൂയിഷ്ടമായ രാജ്യം. ഉദാരഹസ്ത. ഒരു പ്രയാസവുമില്ലാതെ കൊടുക്കും എന്നതാണ് ഈ നാടിന്റെ ഒന്നാമത്തെ ദുരന്തം. നാടന്‍ ചൊല്ലില്‍ പറയും പോലെ അതിന്റെ സമ്പാദ്യമൊക്കെ അന്യരാണ് കൊണ്ടുപോവാറുള്ളത്. അപ്പോള്‍ എന്തുകൊണ്ടാണ് ഭക്ഷണത്തിന് മുന്നിലിരുന്നാല്‍ അവസാനത്തെ തീറ്റ പോലെ നാം തിന്നുകൂട്ടുന്നത്?

ബാല്‍ക്കണി എന്ന് നമ്മള്‍ പറയുന്ന ആ ഇടുങ്ങിയ ഇടത്തില്‍ ഞാന്‍ ചെന്നു. ആകാശത്തേക്ക് തലയുയര്‍ത്തി നോക്കി. നക്ഷത്രങ്ങളും മേഘങ്ങളുമല്ലാതെ ഒന്നും അവിടെ കണ്ടില്ല. 

പ്രപഞ്ചത്തിന്റെ വിദൂരതയില്‍ നക്ഷത്രങ്ങള്‍ തിളങ്ങുന്നു. നവംബറിലെ തണുത്ത കാറ്റില്‍ നിഗൂഢമായ മുന്നറിയിപ്പ് പോലെ നീങ്ങുന്ന ഒരു പറ്റം മേഘങ്ങള്‍. തണുപ്പ് അനുഭവപ്പെട്ടപ്പോള്‍ ഞാന്‍ ബാല്‍ക്കണിയില്‍നിന്ന് മടങ്ങി.

ഉറങ്ങും മുമ്പ് അല്‍പം വായിച്ചു. പിന്നെ ഉറക്കം എന്നെ കീഴ്‌പ്പെടുത്തി. വെള്ളം കുടിക്കാതെയാണ് ഞാന്‍ ഉറങ്ങിയത്. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (27-29)
എ.വൈ.ആര്‍

ഹദീസ്‌

പ്രാര്‍ഥന: വിശ്വാസിയുടെ അടയാളം, ആത്മാവിന്റെ പോഷണം
കെ.വി ഹിബ ഹമീദ് അല്‍ജാമിഅഃ ശാന്തപുരം