Prabodhanm Weekly

Pages

Search

2019 മെയ് 10

3101

1440 റമദാന്‍ 04

ദൈവിക ഗുണങ്ങളെ എങ്ങനെ മനസ്സിലാക്കണം?

ഡോ. മുഹമ്മദ് അബ്ദുല്‍ഹഖ് അന്‍സാരി

ഇമാം ഇബ്‌നുതൈമിയ്യ സമാനതകളില്ലാത്ത പരിഷ്‌കര്‍ത്താവ് - 7

പദാര്‍ഥവും രൂപവും ചേര്‍ന്നതാണ് ഓരോ പിണ്ഡവും. ഏതൊന്നിന്റെയും സത്ത ഇത് രണ്ടുമായിരിക്കും. ഇതാണ് തത്ത്വചിന്തകര്‍ സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത്. ഒരു വസ്തുവിന്റെയും രൂപം മാറ്റാന്‍ കഴിയില്ലെന്നും അവര്‍ വിശ്വസിച്ചു. ഉദാഹരണത്തിന് തീ. കത്തിക്കുക എന്നതാണ് അതിന്റെ ധര്‍മം. കത്തിക്കാതിരിക്കുക എന്ന അവസ്ഥ ഉണ്ടാകില്ല. വെള്ളം തണുപ്പിക്കുന്നതാണ്. തണുപ്പിക്കാതിരിക്കുക എന്ന അവസ്ഥ ഒരിക്കലും ഉണ്ടാകില്ല. കാര്യകാരണങ്ങള്‍ തമ്മില്‍ അനിവാര്യമായ ഒരു ബന്ധം നിലനില്‍ക്കുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ അത്ഭുത/ അമാനുഷ വൃത്തികളെ അവര്‍ നിഷേധിക്കും. പ്രത്യക്ഷത്തില്‍ അങ്ങനെ തോന്നുകയാണ് എന്നേ അവര്‍ പറയൂ. ഈ കാര്യകാരണ സിദ്ധാന്തത്തെ ഇമാം ഗസാലി തന്റെ തഹാഫുതില്‍ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. ഏതൊരു വസ്തുവിനും നിശ്ചിത രൂപവും പ്രകൃതവും മാത്രമേയുള്ളൂ, ഒന്നു മറ്റൊന്നിന് കാരണമാകുന്നു തുടങ്ങിയ വാദങ്ങളെ അദ്ദേഹം തള്ളിക്കളയുന്നു. എല്ലാറ്റിനും ദൈവേഛ നേരിട്ട് കാരണമാവുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. കാരണം എന്ന് ആളുകള്‍ പേരിട്ടു വിളിക്കുന്നത് ഒരു അവസ്ഥയെ മാത്രമാണ്. യഥാര്‍ഥത്തില്‍ ഒരേയൊരു കാരണമേയുള്ളൂ, അത് ദൈവേഛയാണ്.

ഈ രണ്ടു വാദങ്ങളെയും തള്ളിക്കളയുകയാണ് ഇബ്‌നുതൈമിയ്യ- അതായത്, വസ്തുക്കള്‍ക്ക് മാറ്റാനാവാത്ത രൂപമാണ് ഉള്ളതെന്ന തത്ത്വജ്ഞാനികളുടെ വാദത്തെയും, ഒരു വസ്തുവിന് നിയതമായ രൂപമോ പ്രകൃതമോ ഇല്ലെന്നും ഒന്നും മറ്റൊന്നിന് കാരണമാകില്ലെന്നുമുള്ള ഗസാലി-അശ്അരീ വാദത്തെയും. ഓരോ വസ്തുവിനും രൂപമുണ്ടെന്നും സംഭവങ്ങള്‍ ഉണ്ടാകുന്നത് കാര്യകാരണസഹിതമാണെന്നും ഇബ്‌നുതൈമിയ്യ സമര്‍ഥിക്കുന്നു. ഒന്നിന്റെയും രൂപം ഒരു കാരണവശാലും മാറ്റാനാകില്ല എന്ന വാദത്തെ ഖണ്ഡിക്കുകയും ചെയ്യുന്നു. അത്ഭുത വൃത്തികള്‍ (Miracles) ക്ക് ഇടം നല്‍കുകയാണ് ഇതിലൂടെ.

ദൈവേഛ എന്നൊന്ന് ഇല്ലെന്നും ദൈവത്തിന് ഓരോരോ കാര്യത്തെക്കുറിച്ച് അറിവില്ലെന്നും വാദിച്ച തത്ത്വജ്ഞാനികള്‍, ദൈവത്തിന് സംസാരം എന്ന ഗുണമില്ലെന്നും പറഞ്ഞിട്ടുണ്ട്. സംസാരം എന്ന ഗുണമുള്ളത് കര്‍മോത്സുക ധിഷണ (Active Intellect) ക്കാണ് എന്നും അവര്‍ പറയും. ജിബ്‌രീല്‍ എന്ന മലക്കിനെയാണ് അവര്‍ ആക്ടീവ് ഇന്റലക്ട് എന്ന് വിളിക്കുന്നത്. ജിബ്‌രീലുമായുള്ള പ്രവാചകന്റെ അനുഭവങ്ങളൊന്നും ബാഹ്യതലത്തിലുള്ള അനുഭവങ്ങളല്ലെന്നും അവര്‍ വാദിക്കും. അതായത്, പ്രവാചകന്മാര്‍ വാക്കുകള്‍ കേള്‍ക്കുന്നതും രൂപങ്ങള്‍ കാണുന്നതും അവര്‍ക്കുള്ളില്‍ വെച്ചു തന്നെയാണ്, പുറത്തു വെച്ചല്ല. ഇബ്‌നുതൈമിയ്യ ഈ വാദങ്ങളെ നിരൂപണം ചെയ്ത് പറയുന്നത്, ഇതൊക്കെയും ഖുര്‍ആനിലെയും സുന്നത്തിലെയും പ്രമാണപാഠങ്ങള്‍ക്ക് നേര്‍വിരുദ്ധമാണ് എന്നാണ്. മുഅ്തസിലികള്‍ ആകെക്കൂടി ദൈവത്തിന് അനുവദിച്ചു നല്‍കുന്നത് മൂന്ന് ഗുണവിശേഷങ്ങള്‍ (ജീവന്‍, അറിവ്, ശക്തി) മാത്രമാണ്. യഥാര്‍ഥ ഗുണങ്ങളായിട്ട് ഇവ മൂന്നുമേയുള്ളൂ. ബാക്കിയുള്ളതൊക്കെ അവസ്ഥകളോ നിഷേധാത്മക ഗുണങ്ങളോ ഒക്കെയാണ്. അതിനാല്‍ സംസാരം എന്ന ഗുണം ദൈവിക സത്തയില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ടെന്ന് അവര്‍ക്ക് പറയാനാകില്ല. അവര്‍ വ്യാഖ്യാനിക്കുക ഇങ്ങനെയാണ്: ദൈവം സംസാരിക്കുന്നു എന്ന് പറയുമ്പോള്‍ ഉദ്ദേശിക്കുന്നത്, ദൈവം താനല്ലാത്ത മറ്റൊന്നില്‍ സംസാരം സൃഷ്ടിക്കുന്നു എന്നാണ്.

അശ്അരികള്‍ സംസാരമെന്നത് ദൈവത്തിന്റെ യഥാര്‍ഥവും അനിവാര്യവുമായ ദൈവിക ഗുണമായിതന്നെ എണ്ണുന്നു. പക്ഷേ ദൈവത്തിന്റെ അറിവ്, ഇഛ, ശക്തി എന്നിവയെക്കുറിച്ച് പറഞ്ഞതു പോലെ തന്നെ, സംസാരത്തെക്കുറിച്ചും അവര്‍ പറയും. അതായത് ദൈവം സംസാരിക്കുക തന്റെ അനാദ്യന്ത (Eternal) സംസാരം കൊണ്ടായിരിക്കും. ഒരിനം (Class) എന്ന നിലക്ക് സംസാരം ആദ്യന്തമില്ലാത്തതാണെങ്കിലും ഓരോ സംസാരവും ഒറ്റക്കൊറ്റക്കെടുത്താല്‍ പിന്നീട് വന്നുചേര്‍ന്നതാണെന്നുമുള്ള വേര്‍തിരിവ് അശ്അരികള്‍ക്കില്ലാത്തതിനാല്‍, അവര്‍ പറയുക അനാദ്യന്തമായ ഒറ്റ സംസാരമേ ദൈവത്തില്‍നിന്ന് ഉണ്ടായിട്ടുള്ളൂ എന്നാണ്. കല്‍പനയായാലും വിലക്കായാലും കേവല പ്രസ്താവനയായാലും ദൈവത്തിന്റേത് ശാശ്വതികത്വമുള്ള ഒരൊറ്റ സംസാരമാണ്. ആ സംസാരം ഹീബ്രുവിലാകുമ്പോള്‍ അതിന് തോറ എന്നും സിറിയക്കിലാക്കുമ്പോള്‍ സുവിശേഷം എന്നും അറബിയിലാകുമ്പോള്‍ ഖുര്‍ആന്‍ എന്നും പറയുന്നു. ഇത്തരം വിചിത്ര വാദങ്ങളെ ന്യായീകരിക്കാന്‍, ദൈവ സംസാരം എന്നത് 'മാനസിക സംസാരം' ആയി മനസ്സിലാക്കണമെന്ന് അവര്‍ പറയും. ആ സംസാരത്തിന് വാക്കുകളോ ശബ്ദങ്ങളോ ഉണ്ടാകില്ല, ആശയവും അര്‍ഥവും മാത്രമേ ഉണ്ടാകൂ.

ഈ വാദഗതിയെ നിശിത വിമര്‍ശനത്തിനു വിധേയമാക്കുന്നു ഇബ്‌നുതൈമിയ്യ. അദ്ദേഹം മുന്നോട്ടുവെക്കുന്നത് സദ്‌വൃത്തരായ മുന്‍ഗാമികളുടെ തന്നെ അഭിപ്രായമാണ്. അതായത് ദൈവസംസാരം എന്നത് അനാദ്യന്ത(Eternal) മാണ്; എന്നാല്‍ പിന്നീട് വന്നുചേരുന്നതും (Contingent) അതിലുണ്ട്. സംസാരം അനാദിയാണ് എന്നു പറയുന്നത് അതൊരു ഇനം (Class) ആയി മനസ്സിലാക്കുമ്പോഴാണ്. അനാദിയില്‍തന്നെ ദൈവം സംസാരിക്കുന്നുണ്ട്; താന്‍ സംസാരിക്കാന്‍ ഉദ്ദേശിക്കുമ്പോഴൊക്കെ. പക്ഷേ ഒറ്റയൊറ്റ സംസാരങ്ങളെടുത്താല്‍ അനാദിയല്ലാത്തവയും ഉണ്ടാവും. അതേസമയം ആ സംസാരങ്ങളെ 'സൃഷ്ടിക്കപ്പെട്ടത്' (മഖ്‌ലൂഖ്) എന്നു വിളിക്കാനും പറ്റില്ല. കാരണം ഈ സംസാരം സംസാരിക്കുന്നവനുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ആ ബന്ധം ദൈവം സൃഷ്ടിച്ച സൂര്യന്‍, ചന്ദ്രന്‍, സിംഹം, മനുഷ്യന്‍ പോലുള്ളവയുമായി ദൈവത്തിനുള്ള ബന്ധം പോലെയൊന്നല്ല. സംസാരം എന്നത് ദൈവത്തില്‍ തന്നെ നിലനില്‍ക്കുന്ന ഒന്നാണ്. സൂര്യനും ചന്ദ്രനും സിംഹവും മനുഷ്യനുമൊക്കെ ദൈവാസ്തിത്വത്തിനു പുറത്താണല്ലോ നിലകൊള്ളുന്നത്. ഖുര്‍ആന്‍ അനാദി(ഖദീം)യല്ല, എന്നാല്‍ സൃഷ്ടിക്കപ്പെട്ടതുമല്ല എന്ന പ്രസ്താവം, ദൈവത്തിന് തന്റെ സംസാരവുമായുള്ള പ്രത്യേക ബന്ധത്തെയാണ് അടയാളപ്പെടുത്തുന്നത്.

ഖുര്‍ആന്‍ അക്ഷരാര്‍ഥത്തില്‍ ദൈവവചനമാണ്. അതിന്റെ അര്‍ഥങ്ങളും വാക്കുകളും ദൈവത്തില്‍നിന്നുള്ളതാണ്. ഈ രണ്ടു നിലകളിലും അതിന്റെ സത്ത സൃഷ്ടിക്കപ്പെട്ടതല്ല; എന്നാല്‍ അത് അനാദിയുമല്ല. ആ അര്‍ഥങ്ങളും വാക്കുകളും ജിബ്‌രീല്‍ അതേപടി സ്വീകരിച്ച് പ്രവാചകന് കൈമാറുകയാണുണ്ടായത്. അതില്‍ എന്തെങ്കിലും കൂട്ടുകയോ കുറക്കുകയോ ചെയ്തിട്ടില്ല. അത്തരമൊരു മാറ്റവും വരുത്താതെ തന്നെയാണ് പ്രവാചകന്‍ അത് ജനങ്ങള്‍ക്ക് എത്തിച്ചിട്ടുള്ളതും. അതിനാല്‍ നമ്മുടെ കൈയിലുള്ള ഖുര്‍ആന്‍, ദൈവം ജിബ്‌രീലിനോട് സംസാരിച്ച അതേ സംസാരമാണ്. അബൂബക്ര്‍ (റ), ഉസ്മാന്‍ (റ) തുടങ്ങിയ ഖലീഫമാരുടെ കാലത്ത് മുസ്വ്ഹഫുകളില്‍ എഴുതപ്പെട്ടതും അതേ വചനമാണ്. നാം കേള്‍ക്കുകയും പാരായണം നടത്തുകയും  ചെയ്യുന്നത് അതേ ദിവ്യവചനങ്ങള്‍ തന്നെ. ഈ നിലകളിലെല്ലാം ഖുര്‍ആന്‍ സൃഷ്ടിയല്ലാത്ത ദൈവവചനമാണ്. പക്ഷേ ആ വചനം എഴുതിവെക്കുന്ന മഷി, കടലാസ്, എഴുതുക എന്ന പ്രക്രിയ എല്ലാം മനുഷ്യനില്‍നിന്നുള്ളതാകയാല്‍ അവയൊക്കെയും സൃഷ്ടിക്കപ്പെട്ടതുമാണ്. ഖുര്‍ആന്‍ പാരായണം ചെയ്യപ്പെടുന്ന ശബ്ദം, പാരായണം എന്ന പ്രക്രിയ ഇതൊക്കെയും മനുഷ്യശബ്ദമാകയാല്‍ സൃഷ്ടിക്കപ്പെട്ടതു തന്നെ.

ദൈവത്തിന്റെ ഗുണവിശേഷങ്ങളെക്കുറിച്ച ഇബ്‌നുതൈമിയ്യയുടെ നിലപാട് വളരെ വ്യക്തമാണ്. അല്ലാഹുവും പ്രവാചകനും കൃത്യമായി പറഞ്ഞ എന്തൊക്കെ ഗുണവിശേഷങ്ങളുണ്ടോ അവയൊക്കെയും അംഗീകരിക്കണം. അല്ലാഹുവും പ്രവാചകനും തള്ളിക്കളഞ്ഞ ഗുണവിശേഷങ്ങള്‍ നിരാകരിക്കുകയും വേണം. ഇനി ഊന്നിപ്പറയുകയോ നിരാകരിക്കുകയോ ചെയ്യാത്ത ഗുണവിശേഷങ്ങളുമുണ്ടാവും. അതേക്കുറിച്ച് നന്നായി പഠിച്ച ശേഷം അവ ഖുര്‍ആനും സുന്നത്തുമായി ഒത്തുവരുന്നതാണെങ്കില്‍ സ്വീകരിക്കാം, അല്ലാത്തവ തള്ളണം. ദൈവത്തിന്റെ നാമങ്ങളെക്കുറിച്ചാണെങ്കില്‍, ഖുര്‍ആനിലും സുന്നത്തിലും പരാമര്‍ശിക്കപ്പെട്ടവ മാത്രമേ സ്വീകരിക്കേണ്ടതുള്ളൂ. ഇനി പുതുതായി നിര്‍ദേശിക്കപ്പെടുന്ന പേരിന് ആശയപരമായി തകരാറൊന്നുമില്ലെങ്കിലും അത് സ്വീകരിക്കരുത്.

ദൈവത്തിന്റെ ഗുണവിശേഷങ്ങളെയും അവന്റെ സൃഷ്ടികളുടെ ഗുണവിശേഷങ്ങളെയും ഒരു കാരണവശാലും താരതമ്യപ്പെടുത്തരുത് എന്നതാണ് ഇബ്‌നുതൈമിയ്യ ഊന്നിപ്പറഞ്ഞ മറ്റൊരു കാര്യം. സ്രഷ്ടാവിന്റെയും സൃഷ്ടികളുടെയും ഗുണവിശേഷങ്ങള്‍ തമ്മില്‍ താരതമ്യം തീര്‍ത്തും അസാധ്യമാണ്. അന്യാദൃശമാണ് ദൈവിക ഗുണങ്ങള്‍. ദൈവിക സത്തയിലോ ഗുണവിശേഷങ്ങളിലോ സൃഷ്ടികള്‍ക്ക് യാതൊരുവിധ പങ്കാളിത്തവുമില്ല. പേരില്‍ മാത്രമാണ് സാദൃശ്യമുള്ളത്. മറ്റൊരു കാര്യം അദ്ദേഹം ഊന്നിപ്പറഞ്ഞത്, ദൈവനാമങ്ങളെയും ഗുണവിശേഷങ്ങളെയും അവയുടെ ബാഹ്യാര്‍ഥ(ളാഹിര്‍)ത്തില്‍ എടുക്കണമെന്നാണ്. സാധാരണ എന്താണോ അതുകൊണ്ട് ഉദ്ദേശിക്കുന്നത് ആ അര്‍ഥത്തില്‍ തന്നെ മുഖവിലയ്ക്കു എടുക്കണം. അവയെ ആലങ്കാരിക പ്രയോഗമായി കണ്ട് വ്യാഖ്യാനിക്കാന്‍ നില്‍ക്കരുത്. അതിന്റെ അര്‍ഥം ഖുര്‍ആനില്‍ ആലങ്കാരിക പ്രയോഗങ്ങളൊന്നുമില്ല എന്നുമല്ല. ഖുര്‍ആനില്‍ ആലങ്കാരിക പ്രയോഗങ്ങളു്. ആലങ്കാരികമാണ്, വാക്കര്‍ഥമല്ല ഉദ്ദേശിച്ചത് എന്നതിന്റെ സൂചനകളും ഭാഷകന്‍ നല്‍കിയിട്ടുണ്ടാവും.

ദൈവത്തിന് അസ്സ്വിഫാതുല്‍ ഖബരിയ്യ എന്ന് വിളിക്കപ്പെടുന്ന ഗുണവിശേഷങ്ങളുണ്ട്. ഇറങ്ങല്‍ (നൂസൂല്‍), മുഖം (വജ്ഹ്), കണ്ണ് (ഐന്‍), കൈ (യദ്), കണങ്കാല്‍ (സാഖ്), കോപം (ഗളബ്), സ്‌നേഹം (ഹുബ്ബ്), സംതൃപ്തി (രിളാ), പുഞ്ചിരി (ളഹ്ക്) പോലുള്ളവ. ഇതൊക്കെയും ദിവ്യവെളിപാടിലൂടെ അറിയിക്കപ്പെട്ടവയാണ്. എങ്ങനെയാണോ ഈ വാക്കുകള്‍ ഭാഷയില്‍ മനസ്സിലാക്കപ്പെടുന്നത് അങ്ങനെ തന്നെ അവ മനസ്സിലാക്കുകയാണ് വേണ്ടത്. അല്‍ അലി, അല്‍ അലാ (ഏറ്റവുമുയര്‍ന്ന) എന്നൊക്കെ പ്രയോഗിക്കുമ്പോഴും ആകാശത്തിനു മുകളില്‍ (ഫൗഖ) ആണെന്ന് പറയുമ്പോഴും ഈ ഉലുവ്വും ഫൗഖിയ്യത്തും (സമുന്നതത്വവും മുകളിലാവലും) അതിന്റെ പ്രത്യക്ഷാര്‍ഥത്തില്‍ (ളാഹിര്‍) എടുക്കുകയാണ് വേണ്ടത്.  പക്ഷേ, അത് എങ്ങനെയായിരിക്കും (കൈഫിയ്യത്ത്) എന്നത് മനുഷ്യബുദ്ധിക്കോ ഭാവനക്കോ ഉള്‍ക്കൊള്ളാന്‍ കഴിയില്ല. ദൈവം അത്യുന്നതനായിരിക്കുക, മുകളിലായിരിക്കുക എന്നതൊക്കെ നമ്മുടെ അറിവുകള്‍ക്കപ്പുറമാണെങ്കിലും, നമുക്കറിയാവുന്ന വിധം തന്നെയാണ് അത്തരം പ്രയോഗങ്ങളെ സ്വീകരിക്കേണ്ടത്. മറ്റു ദൈവിക ഗുണങ്ങളെ സംബന്ധിച്ചും ഇതേ നിലപാടായിരിക്കണം. എന്നാല്‍ അല്ലാഹു വിശ്വാസികള്‍ക്കൊപ്പമാണ് (മഇയ്യത്ത്) എന്ന ഗുണത്തെ ഇബ്‌നുതൈമിയ്യ അക്ഷരാര്‍ഥത്തില്‍ അല്ല എടുക്കുന്നത്. 'അല്ലാഹു കൂടെയുണ്ട്' എന്നു പറഞ്ഞാല്‍ അതിന്റെ അര്‍ഥം അവന്‍ അറിയുന്നു, നിരീക്ഷിക്കുന്നു, സഹായിക്കുന്നു എന്നൊക്കെയാണെന്ന് അദ്ദേഹം പറയുന്നുണ്ട്. അല്ലാഹുവിന്റെ ഗുണങ്ങളെ അക്ഷരാര്‍ഥത്തില്‍ എടുക്കണമെന്ന അദ്ദേഹത്തിന്റെ തന്നെ തിയറിക്ക് എതിരാണല്ലോ ഇത് എന്ന് തോന്നിയേക്കാം. ആലങ്കാരികാര്‍ഥത്തില്‍ എടുക്കാന്‍ പാകത്തില്‍ തന്നെ ഭാഷകന്‍ സൂചന നല്‍കിയിട്ടുണ്ടെങ്കില്‍ അങ്ങനെയുമാവാം എന്ന് അദ്ദേഹം തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ടല്ലോ. ഇത്തരം വ്യാഖ്യാനങ്ങള്‍ ആദ്യം പറഞ്ഞ പൊതുതത്ത്വത്തിന് വിരുദ്ധമാവുന്നില്ല എന്നര്‍ഥം.

സ്വിഫാത്ത് ഖബ്‌രിയ്യയെക്കുറിച്ചും മറ്റു ദൈവിക ഗുണവിശേഷങ്ങളെക്കുറിച്ചുമുള്ള ഇബ്‌നുതൈമിയ്യയുടെ നിലപാട് അദ്ദേഹത്തിന്റെ ദൈവശാസ്ത്ര ചിന്തയുടെ ഒരു പ്രധാന ഭാഗമാണ്. നിരവധി കൃതികളില്‍ അദ്ദേഹം തന്റെ വാദമുഖങ്ങള്‍ സ്ഥാപിക്കുന്നുണ്ട്. രണ്ടു തവണ അദ്ദേഹം ജയിലിലടക്കപ്പെട്ടത് ഇതിന്റെ പേരിലാണെന്നും ഓര്‍ക്കുക. ഇതാണ് സലഫിന്റെ നിലപാടെന്നും താനത് കണ്ടെടുക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം എഴുതുന്നുണ്ട്. മുന്‍കാലക്കാരെ സമൃദ്ധമായി ഉദ്ധരിച്ചുകൊണ്ടാണ് ഈ നിലപാട് അദ്ദേഹം സ്ഥാപിച്ചെടുക്കുന്നത്. ദൈവികഗുണങ്ങള്‍ കേവലം രൂപകങ്ങളോ ആലങ്കാരിക പ്രയോഗങ്ങളോ ആണെന്ന് തങ്ങള്‍ വാദിക്കാനുള്ള കാരണങ്ങള്‍ തത്ത്വജ്ഞാനികളും ദൈവശാസ്ത്രജ്ഞരും നിരത്തുന്നുണ്ട്. അങ്ങനെ വന്നാല്‍ ദൈവത്തിന് ഒരു ശരീരം സങ്കല്‍പിക്കേണ്ടിവരുമെന്നും അത് ദൈവത്തെ മനുഷ്യവത്കരിക്കലാവുമെന്നുമാണ് അവരുടെ പ്രധാന വാദം. ഈ വാദത്തെ വിസ്തരിച്ച് പരിശോധിച്ച് തള്ളിക്കളയുന്നുണ്ട് ഇബ്‌നുതൈമിയ്യ.

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (27-29)
എ.വൈ.ആര്‍

ഹദീസ്‌

പ്രാര്‍ഥന: വിശ്വാസിയുടെ അടയാളം, ആത്മാവിന്റെ പോഷണം
കെ.വി ഹിബ ഹമീദ് അല്‍ജാമിഅഃ ശാന്തപുരം