Prabodhanm Weekly

Pages

Search

2019 മെയ് 10

3101

1440 റമദാന്‍ 04

ഖുര്‍ആന്‍ വ്യാഖ്യാനങ്ങളുടെ വൈവിധ്യത

നൗഷാദ് ചേനപ്പാടി

വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായിട്ട് പതിനാല് നൂറ്റാണ്ടുകള്‍ കഴിഞ്ഞു. ഈ നീണ്ട ശതകങ്ങള്‍ക്കിടയില്‍ അതിന്റെ വ്യാഖ്യാനങ്ങളും വിശദീകരണങ്ങളുമായി ആയിരക്കണക്കിന് ഗ്രന്ഥങ്ങള്‍ വിരചിതമായിട്ടുണ്ട്. ഇപ്പോഴും വിരചിതമായിക്കൊണ്ടിരിക്കുന്നു. ഇനിയും അത് തുടരുകയും ചെയ്യും. കാരണം, ഖുര്‍ആന്റെ ആശയ നീരുറവ അക്ഷയവും അനര്‍ഗളവുമാണ്, അതിന്റെ ആശയങ്ങളും അധ്യാപനങ്ങളും അനശ്വരങ്ങളും സാര്‍വകാലികങ്ങളുമാണ്, അതിന്റെ വിജ്ഞാനങ്ങള്‍ നിത്യനൂതനങ്ങളാണ്. മനുഷ്യ സമുദായത്തിന്റെ ഏത് ഘട്ടത്തിലെ വളര്‍ച്ചയെയും ബുദ്ധി വികാസത്തെയും  ഉള്‍ക്കൊള്ളാന്‍ മാത്രം വിപുലമാണ് ഖുര്‍ആനിന്റെ ആശയ ചക്രവാളം. ഖുര്‍ആനിലെ പ്രതിപാദ്യങ്ങളുടെ അര്‍ഥവ്യാപ്തിയും സുഗ്രാഹ്യതയും കാലം ചെല്ലുംതോറും, മനുഷ്യ വിജ്ഞാനം പുരോഗമിക്കുംതോറും കൂടുതല്‍ കൂടുതല്‍ തെളിഞ്ഞുവരികയാണു ചെയ്യുക.

ഖുര്‍ആന്റെ ആശയ ചക്രവാളത്തിന്റെ വിസ്തൃതി ഏതെങ്കിലും ഒരു വ്യാഖ്യാതാവിന്റെയോ ഏതാനും വ്യാഖ്യാതാക്കളുടെയോ ചിന്തകളില്‍ ഒതുങ്ങിനില്‍ക്കുന്നില്ല; അവര്‍ എത്രതന്നെ പ്രഗത്ഭരും അഗാധ ചിന്തകരും പണ്ഡിത പ്രതിഭകളുമായിരുന്നാലും. പിന്നീട് വരുന്ന വ്യാഖ്യാതാക്കള്‍ക്ക് ഈ പൂര്‍വഗാമികളുടെ ചിന്തകള്‍ ഉപയോഗപ്പെടുത്തി ഖുര്‍ആനില്‍നിന്ന് കൂടുതല്‍ തത്ത്വങ്ങളും വിജ്ഞാനങ്ങളും ഗ്രഹിച്ചെടുക്കാനാവും. ഒരിക്കലും നിലച്ചുപോകാത്ത അക്ഷയ ഖനിയാണ് ഖുര്‍ആനിക വിജ്ഞാന സാഗരം. ഖുര്‍ആന്റെ ഈ സവിശേഷതയാണ് വ്യാഖ്യാനഗ്രന്ഥങ്ങളുടെ ആധിക്യത്തിന് ഒരു കാരണം. ആയതിനാല്‍ പാണ്ഡിത്യവും ചിന്താശക്തിയുംകൊണ്ട് അനുഗൃഹീതരായവര്‍ ഖുര്‍ആന്‍ വ്യാഖ്യാനിക്കാന്‍ മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നുവെങ്കില്‍, അത് ഖുര്‍ആന്റെ അമാനുഷികതയുടെയും അനശ്വരതയുടെയും ഉത്തമദൃഷ്ടാന്തം മാത്രമാണ്.

ഹിജ്‌റ ഒന്നാം നൂറ്റാണ്ട് മുതല്‍ പതിനഞ്ചാം നൂറ്റാണ്ടിന്റെ ഏതാണ്ട് പകുതിവരെ അറബി ഭാഷയില്‍ മാത്രം വിരചിതമായിട്ടുള്ള പ്രധാനപ്പെട്ട തഫ്‌സീറുകളുടെ നീണ്ട ഒരു പട്ടിക (ഇതില്‍ ശീഈ തഫ്‌സീറുകളും പെടും) ജിദ്ദയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന 'മജല്ലത്തു മഅ്ഹദില്‍ ഇമാം ശാത്വിബിയ്യി ലിദ്ദിറാസാത്തില്‍ ഖുര്‍ആനിയ്യ' എന്ന ഖുര്‍ആന്‍ പഠനമാസികയുടെ പതിനൊന്നാം ലക്കത്തില്‍ കൊടുത്തിട്ടുണ്ട്. ഹി. 1400 മുതല്‍ ഹി. 1432 വരെ മാത്രം 138 തഫ്‌സീറുകളാണ് അറബിയില്‍ പുറത്തിറങ്ങിയിട്ടുള്ളത്. പേര്‍ഷ്യന്‍, തുര്‍ക്കി, ഉര്‍ദു തുടങ്ങിയ മറ്റനേകം ലോക/പ്രാദേശിക ഭാഷകളില്‍ ഇറങ്ങിയ നിരവധി തഫ്‌സീറുകള്‍ വേറെയും. ഇത്രമാത്രം വ്യാഖ്യാന ഗ്രന്ഥങ്ങള്‍ വിരചിതമായിട്ടുള്ള മറ്റൊരു ഗ്രന്ഥവും ഭൂലോകത്തുണ്ടാവില്ല.

ഖുര്‍ആന്‍ വ്യാഖ്യാനത്തിന് തഫ്‌സീര്‍ എന്നും തഅ്‌വീല്‍ എന്നുമാണ് അറബിയില്‍ പറയുക. 'തഫ്‌സീറുല്‍ കലാം' എന്നാല്‍ ആ വചനത്തിന്റെ താല്‍പര്യത്തെ, അര്‍ഥത്തെ ക്ലിപ്തപ്പെടുത്തി വിശദീകരിക്കുക എന്നര്‍ഥം. അതിനെ മൂടി നില്‍ക്കുന്ന അവ്യക്തതയെ നീക്കുകയും ചെയ്യുന്നു. 'തഅ്‌വീല്‍' എന്നാല്‍ ഒരു വാക്കിന്റെ ശരിയായ ആശയം ഗ്രഹിക്കുന്നതിന് അതിന്റെ മൂലപദത്തിലേക്ക് തിരിച്ചു

പോവുക എന്നും അര്‍ഥമു്. 'തഫ്‌സീര്‍' എന്നാല്‍ ഖുര്‍ആനിലെ പദത്തിന്റെയും ആയത്തിന്റെയും ബാഹ്യമായ അര്‍ഥം എന്നും 'തഅ്‌വീല്‍' എന്നാല്‍ അവയുടെ ആന്തരികമായ അര്‍ഥം എന്നും വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു.

തഫ്‌സീറും തഅ്‌വീലും തമ്മിലുള്ള എട്ട് വ്യത്യാസങ്ങള്‍ അറിയുന്നതിന് നോക്കുക (തഅ്‌രീഫുദ്ദാരിസീന്‍ ബിമനാഹിജില്‍ മുഫസ്സിരീന്‍: ഡോ. സ്വലാഹ് ഖാലിദി). ഖുര്‍ആന്‍ വ്യാഖ്യാനത്തിന്റെ ഒന്നാം ഘട്ടം തഫ്‌സീറും രണ്ടാംഘട്ടം തഅ്‌വീലുമാണെന്നും ഡോ. സ്വലാഹ് ഖാലിദി സമര്‍ഥിക്കുന്നു.

രും തമ്മിലെ വ്യത്യാസം ഒരു ഉദാഹരണത്തിലൂടെ അദ്ദേഹം വിശദീകരിക്കുന്നു. ഒരിക്കല്‍ ഉമര്‍(റ) ബദ്‌റില്‍ പങ്കെടുത്ത തലമുതിര്‍ന്ന സ്വഹാബിമാരെയും അന്ന് വളരെ ചെറുപ്പമായിരുന്ന, എന്നാല്‍ ഖുര്‍ആനില്‍ അവഗാഹമുണ്ടായിരുന്ന ഇബ്‌നു അബ്ബാസി(റ)നെയും തന്റെ സഭയിലേക്ക് ക്ഷണിച്ചു. അവരിലെ മുതിര്‍ന്നവരോട് ഉമര്‍ ചോദിച്ചു. സൂറഃ അന്നസ്വ്‌റിനെപ്പറ്റി നിങ്ങളെന്തു പറയുന്നു? ചിലര്‍ പറഞ്ഞു: 'അല്ലാഹുവിന്റെ സഹായമെത്തുകയും നാം വിജയം വരിക്കുകയും ചെയ്താല്‍ അല്ലാഹുവിനെ സ്തുതിക്കണമെന്നും അവനോട് പാപമോചനമര്‍ഥിക്കണമെന്നും നമ്മോട് ആജ്ഞാപിക്കുകയാണ്.' മറ്റു ചിലര്‍ പറഞ്ഞു: 'നഗരങ്ങളും കോട്ടകളും ജയിച്ചടക്കുക എന്നതാണതിന്റെ താല്‍പര്യം.' ചിലര്‍ മിണ്ടാതിരുന്നു. അനന്തരം ഉമര്‍(റ) ചോദിച്ചു: 'ഇബ്‌നു അബ്ബാസ്, താങ്കളും ഇതുതന്നെയാണോ പറയുന്നത്?' ഇബ്‌നു അബ്ബാസ് പറഞ്ഞു: 'അല്ല. റസൂല്‍(സ) തിരുമേനിയുടെ ആയുസ്സിന്റെ അവധി എത്തിയിരിക്കുന്നു എന്നാണതിന്റെ താല്‍പര്യം. നബി(സ)യെ അറിയിക്കുകയാണ്: അല്ലാഹുവിന്റെ സഹായമെത്തുകയും വിജയ സൗഭാഗ്യമുണ്ടാവുകയും ചെയ്താല്‍ അത് താങ്കളുടെ ആയുഷ്‌കാലം പൂര്‍ത്തിയായതിന്റെ ലക്ഷണമാകുന്നു. അതിനുശേഷം താങ്കള്‍ അല്ലാഹുവിനെ സ്തുതിച്ചും അവനോട് പാപമോചനമര്‍ഥിച്ചും കഴിഞ്ഞുകൂടണം.' അപ്പോള്‍ ഉമര്‍(റ) പറഞ്ഞു: 'താങ്കള്‍ പറഞ്ഞതുതന്നെയാണ് എനിക്കും അറിയാവുന്നത്.' ഈ സംഭവത്തില്‍ തലമുതിര്‍ന്ന സ്വഹാബിമാര്‍ പറഞ്ഞ വ്യാഖ്യാനം ഇബ്‌നു അബ്ബാസി(റ)നും അറിയാമായിരുന്നു. അത് തഫ്‌സീറാണ്. തഅ്‌വീല്‍ എന്നത് ഇബ്‌നു അബ്ബാസ്(റ) വിശദീകരിച്ചതാണ്. സ്വഹാബത്തിന്റെ കാലം മുതല്‍ ഇന്നോളം ഈ രണ്ടു രീതിയിലുള്ള പണ്ഡിതന്മാരെയും വ്യാഖ്യാനങ്ങളെയും നമുക്കു കാണം. രു രീതികളും ഖുര്‍ആനെ മനസ്സിലാക്കിയെടുക്കാനുള്ള മനുഷ്യയത്‌നമാണ്.

തഫ്‌സീറുകളെ അവയുടെ സവിശേഷതയും പ്രതിപാദ്യത്തിന്റെ ഊന്നലും പരിഗണിച്ച് പണ്ഡിതന്മാര്‍ ഏഴു ഇനങ്ങളായി തിരിച്ചിരിക്കുന്നു:

1. നിവേദനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവ. 2. ഇസ്‌റാഈലീ കഥകള്‍ക്കു പ്രാധാന്യം നല്‍കി എഴുതപ്പെട്ടവ. 3. ബൗദ്ധികമായ തത്ത്വശാസ്ത്ര ചര്‍ച്ചകള്‍ക്ക് പ്രാമുഖ്യം നല്‍കി രചിക്കപ്പെട്ടവ. 4. കര്‍മശാസ്ത്രവശത്തിനു മുന്‍ഗണന നല്‍കി എഴുതപ്പെട്ടവ. 5. അറബിഭാഷയുമായും അതിന്റെ വ്യാകരണ ശാസ്ത്രവുമായും ബന്ധപ്പെട്ട വശങ്ങള്‍ക്ക് ഊന്നല്‍ നല്‍കി എഴുതപ്പെട്ടവ. 6. ഖുര്‍ആനിലെ ശാസ്ത്ര വിജ്ഞാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി രചിക്കപ്പെട്ടവ. 7. പ്രബോധനപരവും പ്രാസ്ഥാനികവുമായ ലക്ഷ്യങ്ങള്‍ മുമ്പില്‍വെച്ച് എഴുതപ്പെട്ടവ.

ഇവ ഓരോന്നിനെയും സംക്ഷിപ്തമായി പരിചയപ്പെടാം.

 

നിവേദനപ്രധാനമായ വ്യാഖ്യാനങ്ങള്‍

നബി(സ) ഖുര്‍ആന്‍ സൂക്തങ്ങളുടെ വിശദീകരണമായി പറഞ്ഞ ഹദീസുകളെ ആധാരമാക്കിയുള്ള വ്യാഖ്യാനങ്ങളാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ഖുര്‍ആന്റെ അവതരണ പശ്ചാത്തലവും മറ്റും നേരിട്ടറിഞ്ഞവരെന്ന നിലക്ക് സ്വഹാബികളും അവരുടെ തൊട്ടു പിന്മുറക്കാരായ താബിഉകളും ഖുര്‍ആനു നല്‍കിയ വിശദീകരണങ്ങളും ഇതില്‍പെടുന്നു. ഈ ഇനം വ്യാഖ്യാനങ്ങള്‍ക്കാണ് 'തഫ്‌സീര്‍ ബിര്‍ രിവായ' എന്നോ 'തഫ്‌സീര്‍ ബില്‍ മഅ്‌സൂര്‍' എന്നോ പറയുക. അഥവാ നിവേദനപ്രധാനമായ തഫ്‌സീറുകള്‍. ഇത്തരം തഫ്‌സീറുകളില്‍ വ്യാഖ്യാതാക്കള്‍ ആയത്തുകള്‍ക്ക് സ്വന്തമായ വിശദീകരണം നല്‍കുന്നതിനു പകരം നബി(സ), സ്വഹാബികള്‍, താബിഉകള്‍ എന്നിവരില്‍നിന്ന് നിവേദന രൂപത്തില്‍ ലഭിച്ച വിശദീകരണങ്ങള്‍ ക്രോഡീകരിക്കുകയാണു ചെയ്യുക. വ്യാഖ്യാതാവിന്റെ വിശദീകരണങ്ങളും അതിലുണ്ടാകും. ഈ ഇനം വ്യാഖ്യാനഗ്രന്ഥങ്ങളാണ് തഫ്‌സീറുകളെന്ന പേരില്‍ ആദ്യമായി രചിക്കപ്പെട്ടത്. ഇവയില്‍ സ്വഹീഹായ റിപ്പോര്‍ട്ടുകള്‍ മാത്രമേയുള്ളൂവെന്ന് കരുതരുത്. പ്രബലമായതിനോടൊപ്പം ദുര്‍ബലമായ ഹദീസുകളും ഈ തഫ്‌സീറുകളില്‍ ധാരാളമായി കാണാം.

നിവേദനപ്രധാനമായ തഫ്‌സീറുകളില്‍ ഏറെ പ്രസിദ്ധവും, തഫ്‌സീറുകളില്‍ തന്നെ ആദ്യത്തേതും സമ്പൂര്‍ണവുമായത് ഇമാം ഇബ്‌നു ജരീര്‍ ത്വബരി(റ)യുടെ 'ജാമിഉല്‍ ബയാന്‍ അന്‍ തഅ്‌വീലി ആയില്‍ ഖുര്‍ആന്‍' എന്ന തഫ്‌സീറാണ്. ഭാഷാപരമായ ചര്‍ച്ചകള്‍ കൊും തനിക്കു മുമ്പുള്ള ഖുര്‍ആന്‍ പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ കൊണ്ടും സമ്പന്നമാണ് ഈ തഫ്‌സീര്‍. ഇതില്‍ ധാരാളം ദുര്‍ബലമായ ഹദീസുകളും ഇസ്‌റാഈലി കഥകളും ഇടംപിടിച്ചിട്ടുണ്ട്. ഈജിപ്തിലെ മത്ബഅത്തുല്‍ മയ്മനിയ്യ: ആണ് ഇത് ആദ്യമായി പ്രസിദ്ധീകരിച്ചത്. പിന്നെ ബൂലാഖിലെ മത്ബഅത്തുല്‍ അമീരിയ്യഃയും. ഹദീസ് പണ്ഡിതന്മാരായിരുന്ന അഹ്മദ് ശാകിറും മഹ്മൂദ് ശാകിറും സംശോധന നടത്തിയ ഒരു പതിപ്പ് ഈജിപ്തിലെ ദാറുല്‍ മആരിഫ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സൂറ ഇബ്‌റാഹീം 27-ാം ആയത്ത്‌വരെ മാത്രമേ ഇവര്‍ക്ക് സംശോധന നടത്താന്‍ സാധിച്ചുള്ളൂ. ഖുര്‍ആന്‍ പണ്ഡിതനായ ഡോ. സ്വലാഹ് അബ്ദുല്‍ ഫത്താഹ് ഖാലിദി ഏഴു വാല്യത്തില്‍ ഇതിന്റെ ഒരു സംഗൃഹീത പതിപ്പ് തയാറാക്കിയിട്ടുണ്ട്, 'തഫ്‌സീര്‍ ത്വബരി: തഖ്‌രീബ് വ തശ്ദീബ്' എന്ന പേരില്‍. പഠിതാക്കള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചിരിക്കുന്നത് ദാറുല്‍ ഖലം. ഈ തഫ്‌സീറിലെ എല്ലാ ഹദീസുകളെയും നിരൂപണം ചെയ്ത്, സ്വഹീഹും ളഈഫുമായി വേര്‍തിരിച്ച ഒരു സമ്പൂര്‍ണ പതിപ്പ് ഹദീസ് പണ്ഡിതനായ മന്‍സൂര്‍ അബ്ദുല്‍ ഹമീദും തയാറാക്കിയിട്ടുണ്ട്. പ്രസാധനം കയ്‌റോയിലെ ദാറുല്‍ ഹദീസ്.

തഫ്‌സീര്‍ ത്വബരിക്കു ശേഷം രിവായത്തീ പ്രധാനമായ തഫ്‌സീറുകളില്‍ മുസ്‌ലിം ലോകത്ത് ഏറെ പ്രസിദ്ധിയും പ്രചാരവും നേടിയത് ഇമാം ഇബ്‌നു കസീറി(റ)ന്റെ തഫ്‌സീറാണ്. അദ്ദേഹത്തിന്റെ വ്യാഖ്യാനങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും പണ്ഡിതലോകം ഏറെ ആധികാരികത കല്‍പിക്കുന്നു. അറിയപ്പെട്ട ഹദീസ് പണ്ഡിതനും ചരിത്രകാരനുമാണ് അദ്ദേഹം. ആധികാരിക ഇസ്‌ലാമിക ചരിത്ര ഗ്രന്ഥമായ 'ബിദായ: വന്നിഹായ'യുടെ കര്‍ത്താവ് കൂടിയാണദ്ദേഹം. ഈ തഫ്‌സീറിലും കടന്നുകൂടിയിട്ടുണ്ട് ദുര്‍ബലമായ ഹദീസുകള്‍. ഇതിലെ ഹദീസുകള്‍ നിരൂപണം ചെയ്തുകൊണ്ട് ജുബൈലിലെ ദാറുസ്സിദ്ദീഖ് പ്രസിദ്ധീകരിച്ച പതിപ്പ് നോക്കുക. ഒരു ലക്ഷത്തി ഇരുപത്തി നാലായിരം പ്രവാചകന്മാര്‍ ഈ ലോകത്തു വന്നിട്ടുണ്ട് എന്ന ഹദീസിനെ  എല്ലാ പ്രമുഖ ഹദീസ് പണ്ഡിതന്മാരും ദുര്‍ബലമെന്നാണ് വിലയിരുത്തിയിട്ടുള്ളത്. 

നാലു വാല്യത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ തഫ്‌സീറിന് നിരവധി സംഗൃഹീത പതിപ്പുകളുണ്ട്. അതില്‍ മുഹമ്മദലി സ്വാബൂനിയുടെ മൂന്നു വാല്യത്തിലുള്ള 'മുഖ്തസ്വിറു തഫ്‌സീര്‍ ഇബ്‌നു കസീര്‍', നാലു വാല്യത്തിലുള്ള ശൈഖ് മുഹമ്മദ് നസീബ് രിഫാഇയുടെ 'തയ്‌സീറു അലിയ്യില്‍ ഖദീര്‍ ലി ഇഖ്തിസ്വീരി തഫ്‌സീരി ഇബ്‌നി കസീര്‍' എന്നീ സംഗ്രഹങ്ങളാണ് ഏറെ മികച്ചത്. ഹദീസുകളുടെ ദീര്‍ഘ പരമ്പര ഒഴിവാക്കുക, ദുര്‍ബല ഹദീസുകളെയും ഇസ്‌റാഈലീ കഥകളെയും വിട്ടുകളയുക എന്നീ കാര്യങ്ങളാണ് സംഗ്രഹിക്കുക എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഇസ്‌റാഈലീകഥകളെ നന്നായി നിരൂപണം ചെയ്യുന്നു എന്നത് ഈ തഫ്‌സീറിന്റെ പ്രത്യേകതയാണ്. ഇന്നോളം പുറത്തിറങ്ങിയിട്ടുള്ള ഈ തഫ്‌സീറിന്റെ ഏറ്റവും നല്ല സംഗൃഹീത പതിപ്പ് ഡോ. സ്വലാഹ് ഖാലിദിയുടെ 'തഫ്‌സീര്‍ ഇബ്‌നു കസീര്‍: തഹ്ദീബ് വ തര്‍ത്തീബ്' എന്ന ആറു വാല്യത്തിലുള്ള കൃതിയാണ്. അമ്മാനിലെ ദാറുല്‍ ഫാറൂഖാണ് പ്രസാധകര്‍. ഈ വിഷയത്തിലെ പ്രചാരം നേടിയ കൃതിയാണ് ഇമാം സുയൂത്വിയുടെ 'അദ്ദുറുല്‍ മന്‍സൂര്‍ ഫിത്തഫ്‌സീരി ബില്‍ മഅ്‌സൂര്‍.'

 

ഭാഷാ വിജ്ഞാന പ്രധാനമായവ

അറബി സാഹിത്യം വളരെയേറെ വികാസം നേടിയ ഘട്ടത്തിലാണ് വിശുദ്ധ ഖുര്‍ആന്‍ അവതരിക്കുന്നത്. അറബി സാഹിത്യ സാമ്രാട്ടുകളെ ഖുര്‍ആന്‍ വെല്ലുവിളിച്ചു. പക്ഷേ, ആ വെല്ലുവിളി ഏറ്റെടുക്കാന്‍ ഒരു സാഹിത്യനിപുണനും മുന്നോട്ടു വന്നില്ല. ഇത് ഖുര്‍ആന്റെ ഭാഷാപരമായ അമാനുഷികതയുടെ തെളിവായിരുന്നു. ഖുര്‍ആന്റെ അമാനുഷികത കൂടുതലും പ്രതിഫലിച്ചുനില്‍ക്കുന്നത് അതിന്റെ സാഹിത്യപരമായ സവിശേഷതയിലാണല്ലോ. അതിനാല്‍ ഈ സവിശേഷത തെളിച്ചുകാട്ടുന്ന പ്രത്യേകം വ്യാഖ്യാനങ്ങളെഴുതാന്‍ പണ്ഡിതന്മാര്‍ മുമ്പോട്ടു വന്നു. ഇങ്ങനെ ഖുര്‍ആന്റെ വ്യാകരണവശവും സാഹിത്യാലങ്കാര വശങ്ങളും കേന്ദ്രമാക്കി എഴുതപ്പെട്ട വ്യാഖ്യാനങ്ങളാണ് ഈ ഇനത്തില്‍പെടുക.

ഇത്തരം തഫ്‌സീറുകളില്‍ പ്രഥമസ്ഥാനമലങ്കരിക്കുന്നു ഇമാം സമഖ്ശരി(ഹി: 467-538)യുടെ 'കശ്ശാഫ്.' വിശ്വാസപരമായി ഇദ്ദേഹം മുഅ്തസിലി വിഭാഗക്കാരനായിരുന്നു. ഈ കൃതി രണ്ടു വാല്യത്തിലും നാലു വാല്യത്തിലും ലഭ്യമാണ്. ഇതിലെ മുഅ്തസിലി ചിന്തയെ നിരൂപണം ചെയ്യുന്ന അല്ലാമ ഇബ്‌നുല്‍ മുനയ്യറുല്‍ ഇസ്‌കന്ദരിയുടെ 'അല്‍ ഇന്‍തിസ്വാഫ്' എന്ന കൃതിയും ഹദീസുകളെ നിരൂപണം ചെയ്തുകൊണ്ടുള്ള ഇമാം ഇബ്‌നു ഹജറുല്‍ അസ്ഖലാനിയുടെ 'അല്‍കാഫിശ്ശാഫി' എന്ന കൃതിയും ഈ തഫ്‌സീറിന്റെ അടിക്കുറിപ്പായി കൊടുത്തിട്ടുണ്ട്. സൂറ നഹ്‌ലിലെ 125-ാം സൂക്തത്തിലെ 'ബില്‍ ഹിക്മത്തി' എന്ന പദത്തിന് നാം സാധാരണ പറഞ്ഞുവരാറുള്ള 'യുക്തി' എന്ന അര്‍ഥമല്ല കൊടുത്തിട്ടുള്ളത്; 'ശരിയും പരിപക്വവുമായ സംസാരം' എന്നാണ്. ആ സംസാരം സംശയത്തെ ദൂരീകരിച്ച് സത്യത്തെ വെളിപ്പെടുത്തുന്നതാവണം. അതുപോലെ സൂറ അഅ്‌റാഫിലെ 40-ാം വചനത്തിലെ 'ഹത്താ യലിജല്‍ ജമലു ഫീ സമ്മില്‍ ഖിയാത്ത്' എന്നതിന് ഒട്ടകം സൂചിക്കുഴയിലൂടെ എന്ന അര്‍ഥമല്ല അദ്ദേഹം കൊടുക്കുന്നത്. സൂചിക്കുഴയിലൂടെ ഒട്ടകം എന്ന ഉദാഹരണം ഇവിടെ അനുയോജ്യമല്ലെന്നും കട്ടിയുള്ള കയര്‍ ആണ് അനുയോജ്യമെന്നും ഇബ്‌നു അബ്ബാസി(റ)നെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം സമര്‍ഥിക്കുന്നുണ്ട്. ഇങ്ങനെ ഭാഷാപരമായി ഒരുപാട് പ്രയോഗങ്ങള്‍ ഈ തഫ്‌സീറിലുണ്ട്. ഭാഷാപ്രധാനമായി എഴുതപ്പെട്ട തഫ്‌സീറാണ് ഇമാം അബൂഹയ്യാന്റെ (ഹി. 654-745) 'അല്‍ ബഹ്‌റുല്‍ മുഹീത്വ്' എന്ന പത്ത് വാല്യത്തിലുള്ള തഫ്‌സീറും ഇമാം സമീനുല്‍ ഹലബിയുടെ 'അദ്ദുര്‍റുല്‍ മസ്വൂന്‍ ഫീ ഉലൂമി കിതാബില്‍ മക്‌നൂന്‍' എന്ന പതിനൊന്ന് വാല്യത്തിലുള്ള തഫ്‌സീറും. പ്രസാധനം ദാറുല്‍ ഖലം.

ഖുര്‍ആനെ പൂര്‍ണമായി 'ഇഅ്‌റാബ്' (വ്യാകരിച്ച്) ചെയ്ത് ഒമ്പത് വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച കൃതിയാണ് മുഹ്‌യിദ്ദീന്‍ ദര്‍വീശിന്റെ 'ഇഅ്‌റാബുല്‍ ഖുര്‍ആന്‍.' പ്രസിദ്ധീകരണം ദാറു ഇബ്‌നു കസീര്‍, ലബനാന്‍. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (27-29)
എ.വൈ.ആര്‍

ഹദീസ്‌

പ്രാര്‍ഥന: വിശ്വാസിയുടെ അടയാളം, ആത്മാവിന്റെ പോഷണം
കെ.വി ഹിബ ഹമീദ് അല്‍ജാമിഅഃ ശാന്തപുരം