Prabodhanm Weekly

Pages

Search

2019 മെയ് 10

3101

1440 റമദാന്‍ 04

മൂര്‍ച്ചയറ്റ മോദി പ്രചാരണവും മുനയൊടിഞ്ഞ മഹാസഖ്യങ്ങളും

എ. റശീദുദ്ദീന്‍

2019 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഏറ്റവും ഗര്‍ഹണീയമായ ചിത്രങ്ങളിലൊന്നായിരുന്നു ഭോപാല്‍ മണ്ഡലത്തില്‍ ബി.ജെ.പി രംഗത്തിറക്കിയ പ്രഗ്യാസിംഗ് താക്കൂറിന്റെ സ്ഥാനാര്‍ഥിത്വം. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മുഴുവന്‍ അന്തസ്സും അന്താരാഷ്ട്രസമൂഹത്തിനു മുമ്പാകെ കളഞ്ഞുകുളിച്ചെന്നു ചിലര്‍ക്കൊക്കെ തോന്നുമെങ്കിലും ബി.ജെ.പി നടത്തിയ ഈ ചൂതാട്ടമാണ് മോദിയുടെ 'വികസന' മുഖത്തേക്കാളേറെ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് നേട്ടമുണ്ടാക്കാന്‍ പോകുന്നത്. മാനസികമായി അത്രയേറെ അധഃപതിച്ച ഒരു ജനതക്ക് പ്രഗ്യ നല്‍കുന്നതിനേക്കാളും ദുഷിപ്പും അവരേക്കാളും മികച്ച സ്ഥാനാര്‍ഥിയെയും എവിടന്നു കിട്ടാന്‍? ഗോഡ്സെയെ തൂക്കിലേറ്റിയതും അങ്ങോര്‍ക്ക് മക്കളില്ലാതെ പോയതുമായിരുന്നു ഒരുപക്ഷേ ഹിന്ദുത്വ രാഷ്ട്രീയം പുതിയ കാലത്ത് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്ന് തോന്നും സമീപകാലത്ത് ബി.ജെ.പി വ്യക്തികളെ തെരഞ്ഞെടുക്കുന്ന രീതി വിലയിരുത്തുമ്പോള്‍. മോദി, ഷാ, യോഗി പരമ്പരയില്‍ പ്രത്യേകിച്ച് അസാധാരണത്വമൊന്നും തോന്നേണ്ടതില്ലാത്ത ഒരു സ്ഥാനാര്‍ഥിത്വമാണ് പ്രഗ്യയുടേത്. രക്തമുറയുന്ന ഒരു മഷിക്കൂട്ട് ഇന്ത്യന്‍ ജനാധിപത്യ ബോധത്തിന്റെ ഞരമ്പുകളിലേക്ക് കുത്തിവെക്കാന്‍ കഴിയുന്നതോടൊപ്പം നിലവിലുള്ള പാര്‍ലമെന്ററി സമ്പ്രദായങ്ങളോടുള്ള പുഛവും അറപ്പും പ്രകടിപ്പിക്കാനുള്ള ഒന്നാന്തരം ഉപായമായും ഇതിനെയവര്‍ മാറ്റിയെടുക്കുന്നുണ്ട്. പ്രഗ്യയെ നിരന്തരമായി പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന ചാനലുകള്‍, അവരെ ന്യായീകരിച്ച് സായൂജ്യമടയുന്ന ശിവ്രാജ് സിംഗ് ചൗഹാനും പരികര്‍മികളും, പ്രഗ്യ നടത്തിയ ഗോമൂത്ര ചികിത്സയെ കുറിച്ച് ഉപന്യാസങ്ങള്‍ രചിക്കുന്ന സോഷ്യല്‍ മീഡിയ, രണ്ട് ആര്‍.എസ്.എസുകാര്‍ ഇതിനകം ശിക്ഷിക്കപ്പെട്ടതിനു ശേഷവും അഭിനവ് ഭാരത് നടത്തിയ ഭീകരാക്രമണങ്ങളില്‍ കുറ്റത്തെ കുറിച്ച് പറയാതെ കുറ്റവാളിയുടെ മതത്തെ കുറിച്ച് പറയുന്ന പ്രധാനമന്ത്രി, മൗനത്തിന്റെ കരിമ്പടം പുതച്ച് ദേശസ്നേഹത്തിനും ഭീകരതക്കുമിടയില്‍ തപ്പിത്തടയുന്ന കോണ്‍ഗ്രസ്, പുളിച്ചുതികട്ടുന്ന വര്‍ഗീയതയുടെ കീടാണുക്കള്‍ ഓരോ ബി.ജെ.പി നേതാവിന്റെയും ഉഛ്വാസവായുവിലൂടെ ഒഴുകിപ്പടര്‍ന്നിട്ടും അറിഞ്ഞിട്ടും അറിയാത്ത പോലെ മാപ്പുസാക്ഷിയാവുന്ന തെരഞ്ഞെടുപ്പ് കമീഷന്‍... ഇവരെല്ലാം ചേര്‍ന്ന് വന്ധ്യംകരണം നടത്തിക്കൊണ്ടിരിക്കുന്ന ഒരു തെരഞ്ഞെടുപ്പാണ് കഴിഞ്ഞു പോകുന്നത്. അതിന്റെ അന്ത്യത്തില്‍ ആരു ജയിക്കുന്നു എന്നത് അപ്രസക്തമാവുന്ന തരത്തില്‍.

പരിഷ്‌കൃത സമൂഹത്തിന് അല്‍പ്പം പോലും ഉള്‍ക്കൊള്ളാനാവാത്ത കുറേ പാഴ്ജന്മങ്ങള്‍ എല്ലാ പാര്‍ട്ടികളിലൂടെയും രാഷ്ട്രീയത്തില്‍ നുഴഞ്ഞുകയറുന്നുണ്ട്. പക്ഷേ നേതാക്കളായി പോലും ഇത്തരക്കാരെ നിരന്തരമായി അടിച്ചേല്‍പ്പിച്ച് ജനാധിപത്യ പ്രക്രിയയെ തന്നെ പരിഹസിക്കുകയാണ് കുറേക്കാലമായി ബി.ജെ.പി ചെയ്തുകൊണ്ടിരിക്കുന്നത്. ഒരു വാജ്പേയി ഒഴികെ പാര്‍ട്ടി രംഗത്തിറക്കിയ ഭരണാധികാരികളില്‍ മഹാഭൂരിപക്ഷവും കളങ്കിതരും കുറ്റവാളികളുമായിരുന്നു. ബാബരി മസ്ജിദ് പൊളിക്കാന്‍ രഥമുരുട്ടി ആളെക്കൂട്ടിയ, രാജ്യത്തുടനീളം വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിച്ച, അധികാരമുപയോഗിച്ച് മുസ്ലിം യുവാക്കളെ വേട്ടയാടിയ എല്‍.കെ അദ്വാനി എന്ന നേതാവിനെ ആയിരുന്നല്ലോ 2009-ല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആയി ബി.ജെ.പി മുന്നോട്ടുവെച്ചത്. അതുവരെയും ബി.ജെ.പിയുടെ രാഷ്ട്രീയത്തില്‍ അദ്വാനി അനിഷേധ്യനായിരുന്നു, വാജ്പേയിയെ പോലും സമ്മര്‍ദത്തിലാഴ്ത്തി ഉപപ്രധാനമന്ത്രി സ്ഥാനം നേടിയെടുക്കാന്‍ മാത്രം അദ്ദേഹത്തിന് കരുത്തുമുണ്ടായിരുന്നു. എന്നാല്‍ ഇതേ അദ്വാനിക്ക് പ്രതിഛായാ പ്രശ്നമുണ്ടായിരുന്നുവെന്നാണ് ഇന്ന് ആര്‍.എസ്.എസിനകത്തെ ഒരു വിഭാഗം വിലയിരുത്തുന്നത്. ഇന്ന് അദ്വാനിയെ അമിത് ഷാ സ്റ്റേജിന്റെ പിന്‍നിരയിലേക്ക് തള്ളിപ്പറഞ്ഞയക്കുമ്പോള്‍ പത്തു വര്‍ഷത്തിനിടയില്‍ സൃഷ്ടിക്കപ്പെട്ട പ്രതിഛായാ മാറ്റമാണ് ബി.ജെ.പിക്കകത്തും അവരുടെ ഹിന്ദുത്വ വോട്ടുബാങ്കിനകത്തും അതൊരു തര്‍ക്കത്തിന് വഴിയൊരുക്കാതിരിക്കുന്നത്. മറുഭാഗത്ത് 2002-ലെ വംശീയ കൂട്ടക്കൊലക്കു ശേഷം ഇതേ പ്രതിഛായാ പ്രശ്നം നേരിട്ട നേതാവായിരുന്നു നരേന്ദ്രമോദി. നാവിന്റെ ഉപയോഗം അതിനേക്കാളേറെ സമൂഹത്തില്‍ അസഹ്യമായ ദുഷിപ്പ് സൃഷ്ടിച്ചുകൊണ്ടിരുന്ന നേതാവായിരുന്നു ആദിത്യനാഥ്. അദ്ദേഹത്തെ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി ആര്‍.എസ്.എസിന്റെ അനുഗ്രഹാശിസ്സുകളോടെ നിയോഗിച്ചയച്ചു. കുത്തക മുതലാളിമാര്‍ മാധ്യമങ്ങളെ വിലക്കെടുത്തുകൊടുത്തതാണ് ബി.ജെ.പിയെ തെരഞ്ഞെടുപ്പുകളില്‍ വിജയിപ്പിച്ചുകൊണ്ടിരുന്ന നിര്‍ണായക ഘടകം. ഏറ്റുമുട്ടല്‍ കൊലപാതക കേസില്‍ കുറേക്കാലം ജയിലില്‍ കഴിഞ്ഞ അമിത് ഷാ 'ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടി'യുടെ അധ്യക്ഷനായി മാറിയത് മാധ്യമങ്ങളുടെ ഒത്താശയോടെയല്ലെങ്കില്‍ പിന്നെങ്ങനെയാണ്? എങ്ങനെ നോക്കുമ്പോഴും സംഘ്പരിവാറിനകത്തെ പ്രതിഛായാ സിദ്ധാന്തം എന്താണ് എന്നതിന് കൃത്യമായ ഒരുത്തരം കണ്ടുപിടിക്കുക എളുപ്പമായിരുന്നില്ല. മുസ്ലിംകളെ ഏറ്റവും മോശപ്പെട്ട രീതിയില്‍ വെറുക്കാന്‍ പ്രേരിപ്പിക്കുന്നത് ഓരോ കാലഘട്ടത്തിലും ആരാണോ അവരെയാണ് ഹിന്ദുത്വ രാഷ്ട്രീയവും മീഡിയയും പ്രതീകവല്‍ക്കരിച്ചുകൊണ്ടിരിക്കുന്നത്.

ഈ വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ ഏറ്റവുമൊടുവിലത്തെ മുഖം മാത്രമായിരുന്നു പ്രഗ്യാ സിംഗ് താക്കൂര്‍. ഒരു നോക്കുകുത്തിയെ കല്ലെറിഞ്ഞ് അരിശം തീര്‍ക്കുന്നു എന്നതിലപ്പൂറം പ്രഗ്യ സമൂഹത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉന്മാദത്തെ ഒരു പ്രകാരത്തിലും ഇന്ത്യയിലെ മതേതര സമൂഹം ചെറുക്കുന്നുണ്ടായിരുന്നില്ല. പ്രഗ്യയെ കല്ലെറിയേണ്ടവരല്ല അത് ചെയ്യുന്നത് എന്നതു തന്നെയാണ് അതിന്റെ കാരണം. ഹിന്ദുമതത്തിന്റെ പേരിലാണ് പ്രഗ്യാ സിംഗ് ആഘോഷിക്കപ്പെടുന്നത് എന്നിരിക്കെ മുസ്ലിംകള്‍ അവരെ വിമര്‍ശിക്കുന്നു എന്നത് ഈ കുറ്റവാളിയുടെ യോഗ്യതയായാണ് മാറിക്കൊണ്ടിരുന്നത്. മറുഭാഗത്ത് ഒരു ഹിന്ദുവിന് ഭീകരവാദിയാവാന്‍ കഴിയില്ലെന്നും പ്രഗ്യ കുറ്റക്കാരിയല്ലെന്നും ഒരു പ്രധാനമന്ത്രി തന്നെ വിളിച്ചുപറയുന്നുണ്ടായിരുന്നു. പ്രധാനമന്ത്രി എന്നതിനെ ഒരു ഭാഗത്ത് പവിത്രമായ പദവിയായി ചിത്രീകരിക്കുകയും എന്നാല്‍ അതിന്റെ ഗരിമയെ ചവിട്ടിയരക്കുംവിധം സ്ഥാനത്തിരിക്കുന്ന വ്യക്തി വര്‍ഗീയമായ അജണ്ടകളെ ഏറ്റുപിടിക്കുകയുമാണ് സംഭവിച്ചത്. അത് നിയന്ത്രിക്കാന്‍ ചുമതലപ്പെട്ട ഭരണഘടനാ സ്ഥാപനങ്ങളിലിരിക്കുന്നവരെയും ദൗര്‍ഭാഗ്യവശാല്‍ അതേ പ്രത്യയശാസ്ത്രപരമായ ചരട് വലിച്ചു മുറുക്കുന്നുണ്ടെന്നേ തോന്നുമായിരുന്നുള്ളൂ. മുസ്ലിംകള്‍ക്ക് ഇന്ത്യയില്‍ 'അര്‍ഹിക്കുന്ന'തെന്താണോ അതാണ് മോദിയും അമിത് ഷായും യോഗിയും പ്രഗ്യയുമൊക്കെ നല്‍കുന്നതിരിക്കെ ബി.ജെ.പി തന്നെയാണ് വിജയിക്കേണ്ടതെന്ന അവബോധം ഉത്തരേന്ത്യയിലുടനീളം പടര്‍ന്നു. സനാതന ഹിന്ദു ധര്‍മത്തിന്റെ പ്രതീകമാണ് താനെന്ന് സ്വയം കരുതുന്ന മറ്റൊരു ഹിന്ദുവാണ് പ്രഗ്യാ സിംഗിനെതിരെ ഭോപാലില്‍ മത്സരിക്കുന്ന കോണ്‍ഗ്രസിന്റെ ദിഗ്വിജയ് സിംഗ് എന്നിരിക്കെ ജയിക്കുന്ന ഹിന്ദു മതത്തിനും തോല്‍ക്കുന്ന ഹിന്ദുമതത്തിനുമിടയില്‍ വോട്ടര്‍മാര്‍ മനസ്സിലാക്കുന്ന ആ വേര്‍തിരിവ് മുസ്ലിം വിരുദ്ധത മാത്രമായിരുന്നു. യഥാര്‍ഥ ഹിന്ദുമതം എന്ന ഒന്ന് ഉണ്ടെങ്കില്‍ ഭോപാലില്‍ പൂര്‍ണമായും അത് നിശ്ശബ്ദമാണ്. പ്രഗ്യക്ക് വേണ്ടി വോട്ടു ചെയ്യുന്നവര്‍ക്ക് ആവശ്യമായ മതപരവും രാഷ്ട്രീയവുമായ എല്ലാവിധ ന്യായങ്ങളും ബി.ജെ.പി ഉറപ്പുവരുത്തിയതു കൊണ്ടു കൂടിയായിരുന്നു ഇത്.

 

2019-ലെ തെരഞ്ഞെടുപ്പില്‍ സംഭവിക്കുന്നത്

പൊതുതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി യഥാര്‍ഥത്തില്‍ എന്താണ് വോട്ടര്‍മാരോടു പറഞ്ഞുകൊണ്ടിരുന്നത് എന്നതിന് ഏകീകൃതമായ ഒരു ഉത്തരം കണ്ടെത്തുക എളുപ്പമല്ല. പ്രധാനമന്ത്രിയുടെ ഒരു മണിക്കൂര്‍ പ്രസംഗത്തില്‍ വളരെ കുറച്ചു സമയം മാത്രമാണ് അദ്ദേഹം വോട്ടര്‍മാരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്. സ്റ്റാര്‍ട്ടപ്പ്, സ്റ്റാന്‍ഡപ്പ്, വികാസ്, ഉജ്ജ്വല്‍, സ്വഛ് ഭാരത്, സമ്മാന്‍ തുടങ്ങി നൂറുകൂട്ടം പദ്ധതികള്‍ക്കിടയില്‍ നാലോ അഞ്ചോ മിനിറ്റ് സമയം അദ്ദേഹം വളരെ കൃത്യമായി തന്റെ വര്‍ഗീയ അജണ്ടകള്‍ ഒളിച്ചു കടത്തുന്നുണ്ട്. ഗുജറാത്തിലെ അസംബ്ലി തെരഞ്ഞെടുപ്പുകള്‍ മുതല്‍ ഈ ശൈലിയുടെ എണ്ണമറ്റ ഉദാഹരണങ്ങള്‍ കാണാനാവും. ഹം പാഞ്ച് ഹമാരെ പച്ചീസ്, മിയാന്‍ മുശര്‍ഫ്, രണ്ടു രൂപ നാണയത്തുട്ടിലെ ഇറ്റാലിയന്‍ കുരിശ് തുടങ്ങിയവ ലജ്ജാകരമായ ചില സാമ്പിളുകള്‍ മാത്രം. വികസനത്തിന്റെ പട്ടില്‍ പൊതിഞ്ഞ പട്ടേലും ദലിതരും ചതഞ്ഞരയുന്ന പട്ടികളും പാകിസ്താനുമൊക്കെയായിരുന്നു അദ്ദേഹത്തിന്റെ ബ്രാന്റ് മൂല്യം നിശ്ചയിച്ച യഥാര്‍ഥ വിഷയങ്ങള്‍. ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ നരേന്ദ്ര മോദി കള്ളവെടി വെച്ചു കൊണ്ടിരുന്നത് പശുഹത്യ, രാമക്ഷേത്രം, ഗംഗാനദി ശുചീകരണം, ഈദിലെയും ദീപാവലിയുടെയും വൈദ്യുതി കണക്ഷന്‍, ശ്മശാനത്തിനും ഖബ്ര്‍സ്ഥാനും ഭൂമി കൊടുക്കല്‍, ലൗ ജിഹാദ് മുതലായ വിഷയങ്ങളിലായിരുന്നു. ബിഹാര്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ നിധീഷ് കുമാറിന്റെ ഡി.എന്‍.എ, സംവരണം, മുഹമ്മദ് അഖ്ലാഖ്, മുഹമ്മദലി ജിന്ന ഇവയായിരുന്നു മോദി ചര്‍ച്ചക്കു വെച്ചത്. ഇത്തവണയാകട്ടെ തെരഞ്ഞെടുപ്പ് തുടങ്ങിയതു മുതല്‍ വികസനം എന്ന വാക്ക് ഒരിക്കല്‍ പോലും മോദി ചര്‍ച്ചയാക്കിയതായി കാണാനാവില്ല. ബുള്ളറ്റ് ട്രെയിന്‍, കള്ളപ്പണം, രണ്ട് കോടി തൊഴില്‍, വിലക്കയറ്റം മുതലയാവയൊക്കെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു പ്രകടനപത്രികയില്‍നിന്നേ അപ്രത്യക്ഷമായിരിക്കുന്നു. പാകിസ്താനും പുല്‍വാമയും ബാലാകോട്ടും അണുബോംബും ആയിരുന്നു ആദ്യത്തെ ദിവസങ്ങളിലെങ്കില്‍ ക്രമേണ ഹിന്ദു ഭീകരതയും മുസ്ലിം ഭീകരതയുമൊക്കെ പ്രസംഗങ്ങളില്‍ ഇടംപിടിക്കാന്‍ തുടങ്ങി. ഇടക്കെപ്പോഴോ ബി.ജെ.പി നേതാക്കള്‍ രാഹുല്‍ ഗാന്ധിയുടെ ഗോത്രം ഏതെന്ന ചോദ്യമുയര്‍ത്തി. ഏറ്റവുമൊടുവിലാണ് ഭീകരാക്രമണ കേസില്‍ വിചാരണ നേരിടുന്ന പ്രഗ്യാ സിംഗിനു വേണ്ടി മോദി പരസ്യമായി വക്കാലത്തെടുത്തത്. മോദി നടത്തുന്ന ഈ പ്രതിലോമകരമായ പ്രചാരണത്തെ തുറന്നുകാട്ടാനുള്ള ധൈര്യം ഒറ്റ ദേശീയ ചാനലിനു പോലും ഉണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പു കമീഷനാകട്ടെ പരിഹാസ്യമാംവിധം പക്ഷപാതപരമായിരുന്നു.

മറുഭാഗത്ത് കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ അടിസ്ഥാനപരമായ ചില മാറ്റങ്ങള്‍ ഇത്തവണ കാണാനുണ്ടായിരുന്നു. സ്വന്തം സര്‍ക്കാറുകളുടെ ഇത്രയും കാലത്തെ ദുര്‍നയങ്ങളുടെ തിരുത്തല്‍ രേഖ കൂടിയായിരുന്നു അത്. മൃദുഹിന്ദുത്വ അജണ്ടകളെ അവര്‍ പൂര്‍ണമായും ഒഴിച്ചുനിര്‍ത്തിയിരുന്നു. സമഗ്രമായ നിലപാടാണ് രാഹുല്‍ ഗാന്ധിയുടെ റാലികളിലും ഉടനീളം ആവര്‍ത്തിക്കപ്പെട്ടത്. ആര്‍.എസ്.എസ് നിയന്ത്രിത മാധ്യമങ്ങള്‍ ബോധപൂര്‍വം വളര്‍ത്തിയെടുത്ത അഴിമതിവിരുദ്ധനും രാജ്യസംരക്ഷകനുമായ പ്രധാനമന്ത്രിയുടെ പര്‍വതസമാനമായ 'ഹിന്ദു വിരാട് പുരുഷന്‍' എന്ന പ്രതിഛായയുടെ നേര്‍ക്ക് അദ്ദേഹം വെറും കള്ളനും നുണയനുമാണെന്ന വസ്തുതാപരമായ ആരോപണം നിരന്തരമായി രാഹുല്‍ ആവര്‍ത്തിച്ചു. റാഫേല്‍ വിഷയത്തില്‍ താനുമായി ചര്‍ച്ചക്കു തയാറില്ലാത്ത വെറും ഭീരുവാണ് മോദിയെന്നും പൊതുഖജനാവില്‍നിന്നും അടിച്ചുമാറ്റിയ തുകയാണ് അദ്ദേഹം അംബാനിയുടെ പോക്കറ്റില്‍ ഇട്ടുകൊടുത്തതെന്നും ഓരോ റാലിയിലും വാര്‍ത്താ സമ്മേളനങ്ങളിലും ആവര്‍ത്തിച്ചു. 'ചൗക്കീദാര്‍ ചോര്‍ ഹൈ' എന്ന മുദ്രാവാക്യം ചെല്ലുന്നിടത്തൊക്കെ ജനങ്ങളെക്കൊണ്ട് ഏറ്റുവിളിപ്പിക്കുകയും അതിന്റെ കാരണങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. മോദിക്കെതിരെ ഒരക്ഷരം എഴുതാന്‍ ധൈര്യമില്ലാത്ത ദേശീയ മാധ്യമങ്ങളുടെ വിശ്വാസ്യതയെ തുടര്‍ച്ചയായി രാഹുല്‍ ചോദ്യം ചെയ്തതും ഒരു ആസൂത്രിത നീക്കത്തിന്റെ ഭാഗമായിരുന്നു. അതുകൊണ്ടു തന്നെ രാഹുല്‍ നിശ്ചയിച്ചുകൊണ്ടിരുന്ന അജണ്ടയെ പ്രതിരോധിക്കുകയാണ് ബി.ജെ.പിക്ക് ചെയ്യേണ്ടിവന്നത്. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടങ്ങളില്‍ രാഹുലിന്റെ പ്രചാരണം വഴി ബി.ജെ.പിക്ക് നല്ല അടി കിട്ടുകയുണ്ടായി. രാഹുലിന്റെ മുദ്രാവാക്യത്തിനെതിരെ ബി.ജെ.പി ചൗക്കീദാര്‍ കാമ്പയിനുമായി രംഗത്തെത്തി. ഈ നീക്കം ഫലിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ കോടതിയില്‍ കേസുമായിട്ടെത്തി. പലതവണ പ്രചാരണ മുദ്രാവാക്യങ്ങള്‍ മാറ്റി. ഒന്നും ഏശുന്നില്ലെന്ന് ബോധ്യപ്പെട്ട ഘട്ടത്തിലാണ് മുസ്ലിം വിരുദ്ധതയുടെ ഏറ്റവും വൃത്തികെട്ട പ്രതിരൂപമായ പ്രഗ്യയെ മുന്നില്‍ നിര്‍ത്തി ബി.ജെ.പി ശിഖണ്ഡിയുദ്ധം ആരംഭിച്ചത്. ഈ യുദ്ധം മാത്രമാണ് ഒടുവില്‍ മധ്യപ്രദേശിലും രാജസ്ഥാനിലും ബി.ജെ.പിക്ക് നേരിയ തോതില്‍ നേട്ടമുണ്ടാക്കിക്കൊണ്ടിരുന്നതും.

ദേശീയതയുടെ മൂടുപടമണിഞ്ഞ വര്‍ഗീയത മാത്രമായിരുന്നു ബി.ജെ.പിയുടെ പ്രചാരണ തന്തു. നരേന്ദ്ര മോദി എന്ന വ്യാജ വിഗ്രഹത്തെ കാറ്റടിച്ചു വീര്‍പ്പിക്കുന്ന ഒരുതരം 'പെയ്ഡ് വാര്‍ത്തകള്‍' തുടര്‍ച്ചയായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. എഴുതിക്കൊടുത്തതു പോലെയുള്ള ചോദ്യങ്ങള്‍ താരമൂല്യമുള്ള വാര്‍ത്താ ലേഖകരെ കൊണ്ട് ഉന്നയിപ്പിച്ച് നടത്തിയ ഈ അഭിമുഖങ്ങള്‍ക്ക് വേണ്ടത്ര വിശ്വാസ്യത ലഭിക്കുന്നില്ലെന്ന തോന്നലില്‍നിന്നും സിനിമാ താരങ്ങളെ രംഗത്തിറക്കിയുള്ള മുഖസ്തുതി അഭിമുഖങ്ങളിലേക്ക് ബി.ജെ.പിയുടെ മാധ്യമ വിഭാഗം ക്രമേണ നീങ്ങി.  മോദിക്ക് എന്താണിഷ്ടം? മോദി മാങ്ങ തിന്നുന്നതെങ്ങനെ? ഇപ്പോള്‍ ചായ സ്വയം ഉണ്ടാക്കി കുടിക്കാറുണ്ടോ? കുര്‍ത്തകള്‍ സ്വയം ഇസ്തിരിയിടുമോ? മറ്റും മറ്റുമുള്ള അസംബന്ധജടിലമായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളായിരുന്നു പുതിയ അഭിമുഖത്തില്‍. റാഫേല്‍ ഇടപാട്, കള്ളപ്പണം, നോട്ടു നിരോധനം, തൊഴില്‍ നഷ്ടം, പുല്‍വാമയിലെ വീഴ്ചകള്‍ മുതലായ അനിഷ്ടകരമായ ചോദ്യങ്ങളുന്നയിച്ച് പ്രജാപതിയുടെ തിരുവുള്ളക്കേട് സമ്പാദിക്കാതിരിക്കാന്‍ തലസ്ഥാന നഗരിയിലെ ഓരോ ടെലിവിഷന്‍ അവതാരകനും ഒന്നിനൊന്ന് മത്സരിച്ചു. ഈ അഭിമുഖങ്ങളോരോന്നും സ്‌ക്രീനുകളില്‍ കയറുന്നതിനിടയിലും തന്റെ യഥാര്‍ഥ വില്‍പ്പനമൂല്യത്തില്‍ ഒരു ഇടിവും വരാതിരിക്കുംവിധം വര്‍ഗീയ പരാമര്‍ശങ്ങളുടെ തുണ്ടുകള്‍ റാലികകളില്‍ ഇടക്കിടെ കൃത്യമായി ഇട്ടുകൊടുക്കാന്‍ മോദി മറക്കുന്നുണ്ടായിരുന്നില്ല.

 

മതേതര രാഷ്ട്രീയത്തിന് സംഭവിച്ചത്

നിരാശാജനകമായിരുന്നു മൊത്തത്തിലുള്ള അവരുടെ നിലപാട്. ബി.ജെ.പി കരുത്താര്‍ജിച്ച 2014 നു ശേഷമുള്ള കാലത്താണ് ഉത്തരേന്ത്യയിലെ പ്രാദേശിക പാര്‍ട്ടികള്‍ നിലനില്‍പ്പിനു വേണ്ടി പരക്കം പായാന്‍ തുടങ്ങിയത്. അതിന്റെ സ്വാഭാവികമായ തുടര്‍ച്ചയെന്നോണം യോജിച്ചു നില്‍ക്കാനുള്ള സന്നദ്ധതയും അവരിലുണ്ടാകുന്നുണ്ട്. 2014-ലെ തെരഞ്ഞെടുപ്പില്‍ പോലും താന്‍പോരിമയായിരുന്നു അവരുടെ അടിസ്ഥാനം. എന്നാല്‍ ബി.ജെ.പി വിരുദ്ധപക്ഷത്തെ പ്രമുഖരില്‍ കോണ്‍ഗ്രസിനടക്കം കൃത്യമായ ഒരു അജണ്ടയോ നിലപാടോ സഖ്യരൂപീകരണ വിഷയത്തില്‍ കാണാനാവില്ല. ഉത്തര്‍പ്രദേശില്‍ മായാവതിയും അഖിലേഷ് യാദവും അജിത് സിംഗും ചേര്‍ന്ന് രൂപീകരിച്ച മഹാസഖ്യവും ബിഹാറില്‍ കോണ്‍ഗ്രസും ആര്‍.ജെ.ഡിയും പ്രാദേശിക പാര്‍ട്ടികളും ചേര്‍ന്നുണ്ടാക്കിയ മുന്നണിയുമാണ് ഇക്കൂട്ടത്തില്‍ പ്രധാനപ്പെട്ടവ. രൂപീകരണ കാലം മുതല്‍ക്കിങ്ങോട്ട് ഒരിക്കല്‍ പോലും മുസ്ലിംവിരുദ്ധ നിലപാട് സ്വീകരിച്ചിട്ടില്ലാത്ത പാര്‍ട്ടിയാണ് ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ലോക്ദള്‍ എന്ന ആര്‍.ജെ.ഡി. എന്നാല്‍ ലാലു പ്രസാദ് യാദവ് ജയിലിലായ കാലത്ത് ആര്‍.ജെ.ഡിയുടെ യാദവ വോട്ടുബാങ്കില്‍ ഇളക്കമുണ്ടാവുന്നുവെന്നും അത് ജാതി രാഷ്ട്രീയത്തില്‍നിന്നും ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് മിക്കയിടത്തും കൂറു മാറുന്നുണ്ടെന്നുമാണ് ആരോപണമുയരുന്നത്. പ്രത്യക്ഷത്തില്‍ മുസ്ലിം അനുകൂല സംഘടനയെന്ന് തോന്നിക്കുമ്പോഴും സംശയാസ്പദമായിരുന്ന നിലപാടുകള്‍ മൂലം പലപ്പോഴും പഴികേട്ട സംഘടനയാണ് അഖിലേഷ് യാദവിന്റെയും പിതാവ് മുലായം സിംഗ് യാദവിന്റെയും സമാജ്വാദി പാര്‍ട്ടി. മുസഫര്‍ നഗര്‍ കലാപമായിരുന്നു അതിന്റെ മികച്ച ഉദാഹരണം. കോണ്‍ഗ്രസിന്റെ വോട്ടുബാങ്കില്‍ ബാബരി മസ്ജിദ് തകര്‍ച്ച സൃഷ്ടിച്ച വിള്ളലുകളെ ഉപയോഗപ്പെടുത്തി യു.പിയിലും ബിഹാറിലും സ്വന്തം സാമ്രാജ്യങ്ങള്‍ വളര്‍ത്തിയെടുത്ത ഈ പാര്‍ട്ടികളുടെ നിലപാടുകളെ വര്‍ഗീയമെന്ന് വിലയിരുത്താനാവുമായിരുന്നില്ല. എന്നാല്‍ തീര്‍ത്തും മതേതരവുമായിരുന്നില്ല.

ബി.ജെ.പിക്കെതിരെ അവര്‍ ഇപ്പോള്‍ പറഞ്ഞു കൊണ്ടിരിക്കുന്ന ന്യായങ്ങള്‍ മാത്രമായിരുന്നില്ല ഈ മഹാസഖ്യങ്ങളുടെ അടിസ്ഥാന ഹേതു. ഉദാഹരണത്തിന് ബിഹാറിലെ ബേഗുസരായി മണ്ഡലം. കഴിഞ്ഞ എത്രയോ മാസങ്ങളായി ഈ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെയും, മനസ്സിലാക്കാന്‍ കഴിഞ്ഞേടത്തോളം ആര്‍.ജെ.ഡിയുടെയും അനുഗ്രഹാശിസ്സുകളോടെ കനയ്യ കുമാര്‍ എന്ന ജെ.എന്‍.യുവിന്റെ മുന്‍ യൂനിയന്‍ ചെയര്‍മാനു വേണ്ടി ഇടതു സംഘടനകള്‍ പ്രചാരണം നടത്തുന്നുണ്ടായിരുന്നു. കനയ്യക്ക് തങ്ങളുടെ പാര്‍ട്ടിയുടെ പിന്തുണ തുടക്കത്തില്‍ ഉണ്ടായിരുന്നുവെന്ന കാര്യം ആര്‍.ജെ.ഡിയുടെ മുന്‍ കാബിനറ്റ് മന്ത്രിമാരിലൊരാളാണ് ഈ ലേഖകനുമായി സംസാരിക്കവെ പങ്കുവെച്ചത്. അവസാന നിമിഷം ആര്‍.ജെ.ഡി കാലുവാരിയതോടെ മണ്ഡലത്തില്‍ ത്രികോണ മത്സരം രൂപപ്പെടുകയും മഹാസഖ്യത്തിന്റെ അടിസ്ഥാന ആശയം ഏതൊന്നിനെയാണോ എതിരിടുന്നത് അതിന്റെ ഏറ്റവും വൃത്തികെട്ട പ്രതിരൂപമായ ബി.ജെ.പി നേതാവ് ഗിരിരാജ് സിംഗിനനുകൂലമായ സാഹചര്യം ബേഗുസരായിയില്‍ രൂപപ്പെടുത്തുകയുമാണ് ചെയ്തത്. ആര്‍.ജെ.ഡി മത്സരരംഗത്തിറക്കിയ ഡോ. തന്‍വീര്‍ ഹസനെ അദ്ദേഹത്തിന്റെ നാടുകൂടിയായ തൊട്ടടുത്ത മുംഗേര്‍ മണ്ഡലത്തില്‍ ആര്‍.ജെ.ഡിക്ക് മത്സരിപ്പിക്കാമായിരുന്നു. കനയ്യയുമായി അങ്ങനെയൊരു വിട്ടുവീഴ്ചയുടെ ആവശ്യമില്ലെന്ന നിലപാടിലായിരുന്നു മഹാസഖ്യം.

നാലോ അഞ്ചോ സീറ്റുകളില്‍ വിജയപരാജയങ്ങള്‍ നിശ്ചയിക്കാനാവുന്ന ജനപിന്തുണ ബിഹാറില്‍ ഇടതുപക്ഷത്തിന് ഉണ്ടായിരുന്നിട്ടും ഒരേയൊരു സീറ്റിന്റെ കാര്യത്തിലാണ് അവര്‍ സഖ്യത്തിന് പുറത്തായത്. എന്നിട്ടും വിചിത്രമായ ഒരു നാടകമായിരുന്നു ബിഹാറില്‍ അരങ്ങേറിയത്. സി.പി.ഐക്ക് ഒരു സീറ്റ് വിട്ടുനല്‍കാനാവില്ലെന്നു പറഞ്ഞ അതേ ആര്‍.ജെ..ഡി തന്നെ സ്വന്തം ക്വാട്ടയില്‍നിന്നും അതിതീവ്ര ഇടതു സംഘമായ സി.പി.ഐ(എം.എല്‍)-ന് ആരയിലെ സീറ്റ് മത്സരിക്കാനായി വിട്ടുനല്‍കി. ഇടതിനെതിരെയല്ല ആര്‍.ജെ.ഡിയെന്ന് ഒറ്റനോട്ടത്തില്‍ തോന്നും. പക്ഷേ ബിഹാറില്‍ 'മാലെ' എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സി.പി.ഐ.എം.എല്ലിന് പാടലീപുത്രയില്‍ 80,000-ല്‍പരം വോട്ടുകളുണ്ടായിരുന്നു. എന്‍.ഡി.എ സ്ഥാനാര്‍ഥി രാം കൃപാല്‍ യാദവിനെതിരെ (ലാലുവിന്റെ അളിയന്‍ കൂടിയാണ് കക്ഷി) മത്സരിക്കുന്ന ലാലുവിന്റെ മകളും തേജസ്വിയുടെ സഹോദരിയുമായ മിസാ ഭാരതിക്ക് അനുകൂലമായി ഈ വോട്ടുകളുടെ കച്ചവടം ഉറപ്പിക്കുന്നതിനാണ് മാലെയെ സഖ്യത്തിലെടുത്തത്. കനയ്യകുമാറിനേക്കാളും കരുത്തനായിരുന്ന, മാലെയുടെ ബിഹാറിലെ എക്കാലത്തെയും നേതാവായിരുന്ന, മറ്റൊരു ജെ.എന്‍.യു മുന്‍ ചെയര്‍മാന്‍ ചന്ദ്രു എന്ന ചന്ദ്ര ശേഖര്‍ പ്രസാദിനെ കൊന്ന കേസില്‍ ആര്‍.ജെ.ഡിയുടെ മുന്‍ എം.പി മുഹമ്മദ് ശിഹാബുദ്ദീന്‍ ഇപ്പോഴും ജയിലിലാണെന്നോര്‍ക്കുക. സിവാനില്‍ മഹാസഖ്യം നിര്‍ത്തിയ ശിഹാബുദ്ദീന്റെ ഭാര്യ ഹീനാ സാഹബിനെതിരെ മാലെ നിര്‍ത്തിയ സ്ഥാനാര്‍ഥി മത്സരരംഗത്ത് തുടരുമ്പോഴും പാടലീപുത്രയിലെ കച്ചവടം നടക്കുമെന്ന പ്രതീക്ഷയിലായിരുന്നു മഹാസഖ്യവും ആര്‍.ജെ.ഡിയും.

മഹാസഖ്യത്തിലെ പ്രതിസന്ധികളില്‍ പലതും ലാലു ഉണ്ടായിരുന്നെങ്കില്‍ പറഞ്ഞൊതുക്കാനും വിട്ടുവീഴ്ചകള്‍ ചെയ്യിക്കാനും കഴിയുമായിരുന്നു. അരരിയ മണ്ഡലം ഉദാഹരണം. നേതാക്കള്‍ക്കിടയിലും തേജസ്വിക്ക് പരിഹരിക്കാനാവാത്ത വന്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തു. മധേപുര, ദര്‍ഭംഗ, മധുബനി മുതലായവ ഉദാഹരണം. രണ്ടു പതിറ്റാണ്ടിനു ശേഷം ലാലുവിനൊപ്പം ചേര്‍ന്ന ശരദ്യാദവിന് തന്റെ സിറ്റിംഗ് സീറ്റായ മധേപുര സീറ്റ് വിട്ടുകൊടുക്കാന്‍ പപ്പു യാദവ് തയാറായെങ്കിലും പപ്പുവിന് പകരം ഒരു സീറ്റ് കണ്ടെത്താന്‍ മഹാസഖ്യത്തിനായില്ല. ഒടുവില്‍ പപ്പു സ്വതന്ത്രനായി മധേപുരയില്‍ പത്രിക നല്‍കി. ഇതോടെ ശരദ് യാദവ് മധേപുരയില്‍ ഏതാണ്ട് തോല്‍വി ഉറപ്പിച്ച സാഹചര്യമാണ് രൂപം കൊണ്ടത്. പപ്പു പിന്‍വാങ്ങാത്തതുകൊണ്ട് സുപൗളില്‍ കഴിഞ്ഞ തവണ ജയിച്ച അദ്ദേഹത്തിന്റെ ഭാര്യയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ രഞ്ജിത രഞ്ജനെതിരെ തിരിഞ്ഞുകുത്താന്‍ ഒരുങ്ങുകയാണ് യാദവന്‍മാര്‍. വര്‍ഷങ്ങളായി മണ്ഡലത്തില്‍നിന്നും മത്സരിച്ചു ജയിച്ച ആര്‍.ജെ.ഡിയുടെ മുന്‍ കേന്ദ്ര മന്ത്രി അശ്റഫ് അലി ഫാത്വിമിക്ക് ഇത്തവണ സീറ്റ് നിഷേധിച്ചതുകൊണ്ട് രണ്ട് മണ്ഡലങ്ങളിലാണ് മഹാസഖ്യം പരാജയം ചോദിച്ചു വാങ്ങുന്നത്. ദര്‍ഭംഗയിലും മധുബനിയിലും കടുത്ത വിമത നീക്കങ്ങളിലാണ് ഫാത്വിമി. തെരഞ്ഞെടുപ്പിനു ശേഷം ഫാത്വിമി ജെ.ഡി.യുവില്‍ ചേരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതുവരെ ഒരു പാര്‍ലമെന്റംഗത്തെ പോലും ജയിപ്പിച്ചിട്ടില്ലാത്ത വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിക്ക് മൂന്ന് സീറ്റുകള്‍ നല്‍കുന്നതിന്റെ ഭാഗമായി വിട്ടു നല്‍കിയ മണ്ഡലമായിരുന്നു മധുബനി. ഈ സീറ്റില്‍ കണ്ണുവെച്ച ശക്കീല്‍ അഹ്മദ് എന്ന കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും നിലവില്‍ വിമതനായി മധുബനിയില്‍ മത്സരരംഗത്തുണ്ട്. തേജസ്വി യാദവ് എന്ന യുവനേതാവിന് പറഞ്ഞൊതുക്കാനാവാതെ പോയ ഇത്തരം പ്രശ്നങ്ങള്‍ ചുരുങ്ങിയത് പത്തു സീറ്റിലെങ്കിലും മഹാസഖ്യത്തെ തോല്‍പ്പിക്കുകയാണ് ബിഹാറില്‍.

യു.പിയില്‍ കോണ്‍ഗ്രസിനെ ഒപ്പം നിര്‍ത്തിയിരുന്നുവെങ്കില്‍ ഏറിയാല്‍ 15 സീറ്റുകളായിരുന്നു മഹാസഖ്യം വിട്ടുനല്‍കേണ്ടിവരുമായിരുന്നത്. പക്ഷേ നിലവില്‍ എത്ര തന്നെ സീറ്റുകളില്‍ തോറ്റാലും കോണ്‍ഗ്രസ്സിനെ സഖ്യത്തിലെടുത്താല്‍ സംസ്ഥാനത്ത് അവര്‍ വീണ്ടും പടര്‍ന്നു പന്തലിക്കുമെന്ന ഭയമായിരുന്നു അഖിലേഷിനും മായാവതിക്കും. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും ഝാര്‍ഖണ്ടിലും ബിഹാറിലുമൊക്കെ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തി മതേതര വോട്ടുകളെ മായാവതി പതിവു പോലെ പിളര്‍ത്തുന്നുണ്ടായിരുന്നു. ബംഗാളില്‍ ജയിക്കാമായിരുന്ന നാലോ അഞ്ചോ സീറ്റുകളില്‍ കോണ്‍ഗ്രസും സി.പി.എമ്മും ഞഞ്ഞാപിഞ്ഞാ ന്യായങ്ങളെ ചൊല്ലി തമ്മിലടിച്ചു ചാകുന്നുണ്ടായിരുന്നു. ബി.ജെ.പിയോ ഭരണഘടനയോ ഒന്നുമായിരുന്നില്ല മഹാസഖ്യങ്ങളുടെ അടിത്തറയെന്നര്‍ഥം. ഒരു കൃത്യതയുമില്ലാതെ ജാതി സമവാക്യങ്ങളും അവനവന്റെ പാര്‍ട്ടി താല്‍പര്യങ്ങളും മാത്രം നോക്കിയാണ് ഈ മതേതര സംഘടനകള്‍ എല്ലായിടത്തും പോരാട്ടത്തിനിറങ്ങിയത്. അതുകൊണ്ടുതന്നെയാണ് അവര്‍ ഒന്നിച്ചെതിര്‍ത്തിരുന്നുവെങ്കില്‍ ഇത്തവണ ലോക്സഭയില്‍ രണ്ടു ഡസനിലപ്പുറം കടക്കാന്‍ ഇടയില്ലായിരുന്ന മോദിയും കൂട്ടരും ഇന്ത്യയിലുടനീളം പോരാട്ടത്തില്‍ മടങ്ങിയെത്തുന്നതും. മോദിയും കൂട്ടരുമുണ്ടാക്കുന്ന 'നോണ്‍ ഇഷ്യൂ'കള്‍ക്കു മുമ്പില്‍ മഹാസഖ്യങ്ങള്‍ വിയര്‍ക്കുന്നതും മറ്റൊന്നും കൊണ്ടല്ല. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (27-29)
എ.വൈ.ആര്‍

ഹദീസ്‌

പ്രാര്‍ഥന: വിശ്വാസിയുടെ അടയാളം, ആത്മാവിന്റെ പോഷണം
കെ.വി ഹിബ ഹമീദ് അല്‍ജാമിഅഃ ശാന്തപുരം