Prabodhanm Weekly

Pages

Search

2019 മെയ് 10

3101

1440 റമദാന്‍ 04

അന്യാദൃശമായ സമത്വഭാവന

ആര്‍. ദിലീപ്, ശ്രീവിഹാര്‍, മുതുകുളം

പ്രബോധനത്തില്‍ ടി. മുഹമ്മദ് വേളം എഴുതിയ 'ഇസ്‌ലാം നവോത്ഥാന ശക്തിയാവുന്നത്' എന്ന ലേഖനം (2019 ഏപ്രില്‍ 5) ഉയര്‍ന്ന നിലവാരം പുലര്‍ത്തി. സവര്‍ണ മനഃസ്ഥിതിക്കാരുടെ പല ഒത്തുകളികളും ലേഖനം പുറത്തുകൊണ്ടുവരുന്നുണ്ട്. വൈക്കം സത്യാഗ്രഹ സമയത്ത് ഗാന്ധിജി ഉണന്‍തുരുത്തി മലയിലെ നമ്പൂതിരിയോട് ചോദിക്കുന്നല്ലോ, പാമ്പും പട്ടിയും സഞ്ചരിക്കുന്ന വഴിയിലൂടെ ഈഴവര്‍, ദലിതര്‍ തുടങ്ങിയ അവര്‍ണ ഹിന്ദുക്കള്‍ സഞ്ചരിച്ചാല്‍ എന്താണ് കുഴപ്പം എന്ന്. അപ്പോള്‍ നമ്പൂതിരി നല്‍കിയ മറുപടി നമ്മെ ഞെട്ടിക്കും; പാമ്പും പട്ടിയും ദൈവത്തിന്റെ സൃഷ്ടികള്‍ ആണ്. ഈഴവര്‍ മുതലായ അവര്‍ണ ഹിന്ദുക്കള്‍ ദൈവത്തിന്റെ സൃഷ്ടികള്‍ അല്ല! ഇവിടത്തെ പാമ്പിനും പട്ടിക്കും പൂച്ചക്കുമുള്ള സ്വാതന്ത്ര്യം പോലും ഈഴവര്‍ക്കോ പട്ടിക ജാതികള്‍ക്കോ ഇല്ലെന്നര്‍ഥം. അപ്പോള്‍ അവര്‍ക്ക് മതം മാറുകയേ (ക്രിസ്തു മതത്തിലേക്കോ ഇസ്‌ലാം മതത്തിലേക്കോ) രക്ഷയുള്ളൂ. ഇസ്‌ലാം മതത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകള്‍ സമഭാവനയും ഏകദൈവ വിശ്വാസവുമാണ്. ഏറ്റവും ഉയര്‍ന്ന ജാതിക്കാരനായാലും ഏറ്റവും താഴ്ന്ന ജാതിക്കാരനായാലും ദലിതനായാലും മുസ്‌ലിമായി കഴിഞ്ഞാല്‍ സ്ഥാനം ഒരുപോലെ. എന്നാല്‍ ക്രിസ്തു മതത്തിലേക്ക് മതം മാറിയവര്‍ക്ക് ആ തുല്യസ്ഥാനം ലഭിച്ചില്ല.  ദൈവത്തിന്റെ മുന്നില്‍ എല്ലാവരും ഒരുപോലെയാണ്, അവര്‍ തമ്മില്‍ വ്യത്യാസം ഇല്ല എന്ന ഉയര്‍ന്ന കാഴ്ചപ്പാട് സമര്‍പ്പിക്കാനായത് ഇസ്‌ലാം എന്ന ആദര്‍ശത്തിനാണ്. ഇസ്‌ലാമിന്റെ ഈ സന്ദേശം മലയാളികളിലേക്കെത്തിക്കുന്നതില്‍ പ്രബോധനം നിര്‍വഹിക്കുന്ന പങ്ക് നിസ്തുലമാണ്. മുസ്‌ലിംകളല്ലാത്ത ഇതര വിഭാഗങ്ങളില്‍നിന്ന് കൂടുതല്‍ പേര്‍ പ്രബോധനം വായനക്കാരായി മാറേണ്ടതുണ്ട്.

 

 

പണ്ഡിത സമൂഹം പുറംതിരിഞ്ഞു നില്‍ക്കരുത്

ഇസ്‌ലാമിലെ സ്വത്തവകാശത്തെക്കുറിച്ച് വിശദ പരിശോധന നടത്തി ഖണ്ഡിതമായ വിധിവിലക്കുകള്‍ നിര്‍ദേശിക്കാന്‍ മതപണ്ഡിതര്‍ക്ക് ബാധ്യതയുണ്ട്. അത് യാഥാവിധി നിര്‍വഹിക്കാന്‍ അവര്‍ മടിച്ചുനില്‍ക്കുന്നതായാണ് അനുഭവപ്പെടുന്നത്.

സംശയനിവൃത്തിക്കായി സമീപിച്ചാല്‍ 'അത്.. കിതാബ് നോക്കണം, നോക്കട്ടെ' എന്നാണ് പണ്ഡിതരെന്ന് കരുതപ്പെടുന്നവരില്‍ പലരുടെയും പ്രതികരണം. ആധികാരിക ഗ്രന്ഥങ്ങള്‍ പരിശോധിക്കാതെ മറുപടി നല്‍കാനാവില്ലെന്ന് ചുരുക്കം. എന്നാല്‍ പരിശോധിച്ചുറപ്പിച്ചുള്ള മറുപടി ഉടനെയൊന്നും കിട്ടുന്നുമില്ല.

മതവിഷയങ്ങളിലെ മറ്റെല്ലാ കാര്യങ്ങളെക്കുറിച്ചും ഘോരഘോരം പ്രസംഗിക്കുകയും പ്രൗഢ ലേഖനങ്ങളെഴുതുകയും ചെയ്യുന്ന പണ്ഡിത സമൂഹം സ്വത്തവകാശങ്ങളെക്കുറിച്ച് മാത്രം മൗനമവലംബിക്കുകയോ നിസ്സംഗത പുലര്‍ത്തുകയോ ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ല. വിവാഹം ചെയ്തയച്ച മകള്‍ക്ക് ഇനി അവകാശമോ? അവളെ കെട്ടിച്ചപ്പോള്‍ ഉള്ളതും അതിലധികവും കൊടുത്തു. ഇനിയൊന്നുമില്ല. ഇനിയുള്ളത് മകനാണ്. അവനല്ലേ കുടുംബം നോക്കുന്നത്? പലേടത്തും പണ്ടുമുതല്‍ക്കേ കേള്‍ക്കുന്ന ഇത്തരം 'ന്യായീകരണങ്ങള്‍'ക്ക് ഇപ്പോഴും കുറവില്ല.

ആണ്‍മക്കളില്ല എന്നത് ശരി. ഉള്ളത് പെണ്‍മക്കളാണ്. ഞങ്ങളുടെ സ്വത്ത് അവര്‍ മൂന്നു പേര്‍ക്കുമായി വീതിച്ചുനല്‍കുന്നതല്ലേ ശരി? അല്ലാതെ, എനിക്ക് ആണ്‍മക്കളില്ലാത്തതിന്റെ പേരില്‍ എന്റെ സഹോദരന്മാര്‍ക്ക് എന്റെ സ്വത്ത് വിഹിതം നല്‍കണമോ? ഈ സംശയം അധികകാലം വെച്ചുനീട്ടാതെ ഉള്ളതു മുഴുവന്‍ പെണ്‍മക്കള്‍ക്ക് എഴുതി നല്‍കുന്നതും വര്‍ധിച്ചുവരികയാണ്. ബഹുദൈവവിശ്വാസികളെ, ആണായാലും പെണ്ണായാലും, വിവാഹം കഴിക്കരുതെന്ന് വിശുദ്ധ ഖുര്‍ആന്റെ കര്‍ശനവിധി. അത് മറികടന്ന് ബഹുദൈവ വിശ്വാസിയെ/ വിശ്വാസിനിയെ വിവാഹം ചെയ്ത മകള്‍/മകന്‍ ദീനിനു പുറത്താണ്. അങ്ങനെയുള്ള മകന്/ മകള്‍ക്ക് മാതാപിതാക്കളുടെ സ്വത്ത് വഹകളില്‍ അവകാശമുണ്ടോ? ചോദ്യം കേള്‍ക്കുമ്പോള്‍ മറുപടി പറയേണ്ടവര്‍ ചുണ്ട് കൂട്ടിപ്പിടിച്ച് തലയാട്ടുന്നു.

ഇസ്‌ലാം ആശ്ലേഷിച്ച ഒരാള്‍ വിവാഹം കഴിച്ച് ഇസ്‌ലാമിക ജീവിതം നയിക്കുന്നു. പക്ഷേ, മക്കളില്ല. വേണ്ടത്ര സ്വത്ത് ഉണ്ടുതാനും. ഇതര മതവിശ്വാസികളായ അയാളുടെ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും അയാളുടെ മരണശേഷം സ്വത്ത്‌വിഹിതം നല്‍കണമോ? അല്ലെങ്കില്‍ അയാളുടെ ഭാര്യക്ക് മാത്രമാണോ അവകാശം? ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ ഉയരുകയാണ്. പണ്ഡിത സമൂഹം മറുപടി പറയാതെ പുറംതിരിഞ്ഞുനില്‍ക്കരുത്.

സലാം എടവനക്കാട്

 

 

പുതുതലമുറക്ക് പഠിക്കാന്‍

ഒ. അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ 'ജീവിതാക്ഷരങ്ങള്‍' എന്ന ആത്മകഥാ ലേഖനങ്ങളിലെ 22-ാം ഭാഗം (ലക്കം 3097) മോഡേണ്‍ ഏജ് സൊസൈറ്റി, എം.ഇ.എസ്, മുസ്‌ലിം ലീഗ്, ജമാഅത്തെ ഇസ്‌ലാമി, സി.എച്ച് മുഹമ്മദ് കോയ, കെ.സി അബ്ദുല്ല മൗലവി, ഡോ. പി.കെ അബ്ദുല്‍ ഗഫൂര്‍ തുടങ്ങിയ സംഘടനകളെയും നേതാക്കളെയും പരാമര്‍ശവിധേയമാക്കിയത് നന്നായി. പുരോഗമനാശയം ഉള്ളില്‍ കൊണ്ടു നടക്കുന്ന സി.എച്ച് മുഹമ്മദ് കോയ സാഹിബിനെയും ഡോ. ഗഫൂറിനെയും എം.ഇ.എസിനെയും കുറിച്ചുള്ള രണ്ട് സന്ദര്‍ഭങ്ങളിലെ പ്രസംഗങ്ങള്‍ ഓര്‍ക്കുന്നു.

ഡോ. ഗഫൂറിനെയും എം.ഇ.എസിനെയും ലീഗ് നേതൃത്വം പിന്തുണക്കുകയും സഹായിക്കുകയും ചെയ്തപ്പോള്‍ ഡോ. ഗഫൂര്‍ കേവലം ഒരു വ്യക്തിയെ പരിശോധിച്ച് രോഗം കണ്ടെത്തി ചികിത്സിച്ചു ഭേദപ്പെടുത്തുന്നതിനപ്പുറം ഒരു സമുദായത്തെ ബാധിച്ച ഗുരുതരമായ രോഗത്തെ കണ്ടെത്തി ചികിത്സിച്ചു ഭേദപ്പെടുത്തിയ ഭിഷഗ്വരനാണ് എന്നും, ലീഗ് നേതൃത്വം ഗഫൂറിനെയും എം.ഇ.എസ്സിനെയും തള്ളിപ്പറഞ്ഞപ്പോള്‍ സമുദായ സേവന രംഗത്ത് ബഹുമാന്യനായ എം.കെ ഹാജിയുടെ സേവനത്തിന്റെ മൂല്യം കണക്കാക്കിയാല്‍ ഹാജി സാഹിബിന്റെ താടിരോമത്തിന്റെ വിലപോലും ഡോ. ഗഫൂറിനോ എം.ഇ.എസ്സിനോ ഇല്ല എന്നും സി.എച്ച് പറയുകയുണ്ടായി. ജമാഅത്തെ ഇസ്‌ലാമി എം.ഇ.എസ്സിനോട് അയഞ്ഞ സമീപനമാണ് സ്വീകരിച്ചതെന്നും അതിനു കാരണം കെ.സി അബ്ദുല്ല മൗലവിക്ക് ഗഫൂറിനോട് മുമ്പേയുള്ള വ്യക്തിപരമായ സുഹൃദ്ബന്ധവും എം.ഇ.എസ് സമുദായത്തെ ആധുനിക വിദ്യാഭ്യാസം നല്‍കി ഉയര്‍ത്തിക്കൊണ്ടുവന്നതുമാണെന്നും സി.എച്ച് പറഞ്ഞിരുന്നു.

എം.ഇ.എസ് അതിന്റെ സ്ഥാപനങ്ങളുടെ നടത്തിപ്പിനു വേണ്ടി ഫണ്ട് ശേഖരണം നടത്താന്‍ താരനിശ നടത്തിയപ്പോള്‍ അതിനെതിരെ കെ.സിയും ജമാഅത്ത് നേതൃത്വവും രംഗത്തു വന്നു. ഗഫൂറുമായുള്ള മുന്‍പറഞ്ഞ സുഹൃദ്ബന്ധമോ എം.ഇ.എസ്സിന്റെ സേവനമോ ഒന്നും തന്നെ കെ.സിക്കും ജമാഅത്തിനും തടസ്സമായി തോന്നിയില്ലെന്ന കാര്യം അബ്ദുര്‍റഹ്മാന്‍ സാഹിബ് എടുത്തുദ്ധരിച്ചിട്ടു്. അക്കാലത്തെ സിനിമാ-സംഗീത മേഖലകളിലുള്ളതിനേക്കാള്‍ അധാര്‍മികമായ വേലിയേറ്റങ്ങള്‍ പരസ്യമായിതന്നെ നടക്കുന്ന ഇന്നത്തെ സിനിമാ-സംഗീത ഗാനമേഖലയില്‍ മുങ്ങിക്കുളിക്കുന്ന സര്‍വരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള താരനിശകള്‍ കാണുമ്പോള്‍ ഈ ചരിത്രം ഓര്‍ക്കുന്നു. അബ്ദുര്‍ഹ്മാന്‍ സാഹിബിന്റെ 'ജീവിതാക്ഷരങ്ങള്‍' പുതുതലമുറയിലുള്ള ജമാഅത്ത് പ്രവര്‍ത്തകര്‍ക്ക് പലതും അറിയാനും പഠിക്കാനുമുണ്ട്. വിസ്മരിച്ചവര്‍ക്ക് ഓര്‍മ നല്‍കുകയും ചെയ്യുന്നു. 'ജീവിതാക്ഷരങ്ങള്‍' പുസ്തകരൂപത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു.

എം.എം.എ മുത്തലിബ്, താണ, കണ്ണൂര്‍

 

 

അതിജീവിക്കും വിശ്വാസത്തിന്റെ കരുത്ത്

തിരമാലകള്‍ പോലെ അലയടിച്ചുവരുന്ന പീഡനങ്ങളെയും പരീക്ഷണങ്ങളെയും വിശ്വാസികള്‍ സത്യമാര്‍ഗത്തില്‍ അടിയുറച്ചുനിന്നുകൊണ്ട് നേരിട്ടിട്ടു്, അതിജീവിച്ചിട്ടുണ്ട്. ബിലാലി(റ)നെ പിടിച്ചുനിര്‍ത്തിയ ആ വിശ്വാസം കാലാകാലങ്ങളായി നിലനില്‍ക്കുന്നുണ്ട്.

ഇബ്‌നു സിയാദിന്റെ നിഷ്ഠുരതക്കോ ഹജ്ജാജുബ്‌നു യൂസുഫിന്റെ ക്രൂരതക്കോ ആ വിശ്വാസരൂഢതയെ അതിജയിക്കാന്‍ സാധിച്ചിട്ടില്ല. ചെങ്കിസ് ഖാന്റെയും അഹലാക്കുവിന്റെയും അപരിഷ്‌കൃതരായ മംഗോളിയന്‍ അക്രമകാരികളുടെ മുന്നിലും ആ വിശ്വാസത്തെ സംരക്ഷിച്ച് ഒരു സംഘം മുന്നേറിയിരുന്നു. ആ അക്രമകാരികളെ തന്നെ മനംമാറ്റാന്‍ പിന്നീട് വിശ്വാസികള്‍ക്ക് സാധിച്ചു.

നമ്മുടെ അയല്‍ രാജ്യമായ ബംഗ്ലാദേശില്‍ ഇസ്‌ലാമിക പ്രസ്ഥാന നായകരായ മുത്വീഉര്‍റഹ്മാന്‍ നിസാമി, അലി അഹ്‌സന്‍ മുജാഹിദ്, അബ്ദുല്‍ ഖാദിര്‍ മുല്ല തുടങ്ങിയവര്‍ രാഷ്ട്രീയ പകപോക്കലിന്റെ പേരില്‍ കൊല ചെയ്യപ്പെട്ടെങ്കിലും പ്രസ്ഥാനം അതിന്റെ മുന്നിലൊന്നും പകച്ചുനില്‍ക്കാതെ മുന്നോട്ടു ഗമിച്ചുകൊണ്ടിരിക്കുന്നു. അകാരണമായി രണ്ടു തവണ നിരോധിക്കപ്പെട്ടിട്ടും ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനവും മുന്നോട്ടുതന്നെ. വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞതു പോലെ; ''ഇവര്‍ തങ്ങളുടെ വായ കൊണ്ട് അല്ലാഹുവിന്റെ പ്രകാശത്തെ ഊതിക്കെടുത്താന്‍ നോക്കുന്നു. അല്ലാഹുവിന്റെ നിശ്ചയമോ തന്റെ പ്രകാശത്തെ സമ്പൂര്‍ണമായി പരത്തുക തന്നെ വേണമെന്നതത്രെ, നിഷേധികള്‍ക്ക് അതെത്ര അസഹ്യമായാലും ശരി'' (അസ്സ്വഫ്ഫ് 9). 'ഇസ്‌ലാമിനു വേണ്ടി നിലകൊള്ളുന്നവരെ തളര്‍ത്താനാകില്ല' എന്ന കെ.സി ജലീലിന്റെ ഹദീസ് പംക്തി ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്ക് വഴിയടയാളമാണ്.

അബ്ദുര്‍റസ്സാഖ് മുന്നിയൂര്‍

 

 

ചൂണ്ടുവിരല്‍

സി.കെ മുനവ്വിറിന്റെ 'ചൂണ്ടുവിരല്‍' (ലക്കം 3097) അനീതിക്കെതിരായ പോരാട്ടമാണ്. വെറും വാചക കസര്‍ത്തല്ല. സമൂഹം നേരിടുന്ന ഒട്ടനവധി പ്രശ്‌നങ്ങളും പ്രതിസന്ധികളും മുനവ്വിര്‍ ചൂണ്ടിപ്പറയുന്നുണ്ട്. ഫാഷിസത്തിനെതിരെ രോഷാകുലനായി വിരല്‍ ചൂണ്ടുകയാണ് കവി. ജീവന്‍ തുടിക്കുന്ന വാക്കുകളാണിത്. 

നേമം താജുദ്ദീന്‍ തിരുവനന്തപുരം

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (27-29)
എ.വൈ.ആര്‍

ഹദീസ്‌

പ്രാര്‍ഥന: വിശ്വാസിയുടെ അടയാളം, ആത്മാവിന്റെ പോഷണം
കെ.വി ഹിബ ഹമീദ് അല്‍ജാമിഅഃ ശാന്തപുരം