Prabodhanm Weekly

Pages

Search

2019 മെയ് 10

3101

1440 റമദാന്‍ 04

മുസ്‌ലിം ചെറുപ്പത്തെ റാഡിക്കലൈസ് ചെയ്യാന്‍ അനുവദിച്ചുകൂടാ

ആഴ്ചകള്‍ പിന്നിട്ടിട്ടും ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയെ വിറപ്പിച്ച ചാവേറാക്രമണ പരമ്പരയെക്കുറിച്ച ദുരൂഹതകള്‍ നീങ്ങിയിട്ടില്ല. ഈസ്റ്റര്‍ ഞായറാഴ്ച മൂന്ന് ചര്‍ച്ചുകളിലും മൂന്ന് ആഡംബര ഹോട്ടലുകളിലും നഗരത്തിന്റെ മറ്റിടങ്ങളിലും വളരെ ആസൂത്രിതമായി നടത്തപ്പെട്ട സ്‌ഫോടനങ്ങളില്‍ ഇരുന്നൂറ്റി അമ്പതിലേറെ പേര്‍ക്കാണ് ജീവഹാനി നേരിട്ടത്. ഏതൊരു സംഭവത്തെയും വിശകലനം ചെയ്യണമെങ്കില്‍ ആര് ചെയ്തു, എന്തിന് ചെയ്തു എന്നീ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം കിട്ടണം. തീവ്രചിന്താഗതി വെച്ചുപുലര്‍ത്തുന്ന നാഷ്‌നല്‍ തൗഹീദ് ജമാഅത്ത് (എന്‍.ടി.ജെ) എന്ന സംഘമാവാം ഇതിനു പിന്നിലെന്നായിരുന്നു ആദ്യ നിഗമനം. ഇത്ര ചെറിയ ഒരു സംഘത്തിന് ഇത്ര വലിയ സ്‌ഫോടന പരമ്പര ആസൂത്രണം ചെയ്യാന്‍ കഴിയുമോ എന്ന ചോദ്യം ഉയര്‍ന്നതോടെ, അവര്‍ക്ക് ഐ.എസുമായി ബന്ധമുണ്ടാവാം എന്ന ദിശയിലേക്ക് അന്വേഷണങ്ങള്‍ നീണ്ടു. ഇറാഖിലെയും സിറിയയിലെയും താവളങ്ങള്‍ ഒന്നൊന്നായി നഷ്ടപ്പെട്ട ഐ.എസ് എന്ന ഭീകര സംഘം ദക്ഷിണേന്ത്യയെ ഉന്നം വെക്കുന്നുവെന്ന വാര്‍ത്ത ഈ നിഗമനത്തിന് ഉപോദ്ബലകമായി. അഫ്ഗാനിസ്താനില്‍ ഇപ്പോഴും തങ്ങളുടെ നിയന്ത്രണത്തിലുള്ള ഒരു 'വിലായത്തി'ല്‍നിന്നാണത്രെ ഐ.എസ് ഇന്ത്യയിലും ബംഗ്ലാദേശിലും ശ്രീലങ്കയിലുമൊക്കെ സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. ഇതൊക്കെയും നിഗമനങ്ങളാണ്. എന്തിന് ചര്‍ച്ചുകളും - മൂന്നെണ്ണത്തില്‍ രണ്ടും കത്തോലിക്കാ ചര്‍ച്ചുകളാണ്- ആഡംബര ഹോട്ടലുകളും ടാര്‍ഗറ്റ് ചെയ്തു എന്നു ചോദിച്ചാലും കൃത്യമായ ഉത്തരമില്ല. 2009-നു ശേഷം സിംഹള തീവ്രവാദികളില്‍നിന്ന് പലപ്പോഴായി പലതരം അതിക്രമങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട് ശ്രീലങ്കന്‍ മുസ്‌ലിംകള്‍ക്ക്. അതില്‍ രോഷം പൂണ്ടാണ് ഇത് ചെയ്തതെങ്കില്‍ ഗവണ്‍മെന്റ് മന്ദിരങ്ങളോ ബുദ്ധദേവാലയങ്ങളോ ഒക്കെ ആകണമായിരുന്നല്ലോ ഉന്നം. സ്‌ഫോടനം നടന്നതോ, മുസ്‌ലിംകളെപ്പോലെ സിംഹള തീവ്രവാദികളില്‍നിന്ന് ഭീഷണി നേരിടുന്ന മറ്റൊരു ന്യൂനപക്ഷമായ ക്രൈസ്തവ സമൂഹത്തിന്റെ ആരാധനാലയങ്ങളിലും. ചുരുക്കം പറഞ്ഞാല്‍, ഈ സംഭവങ്ങളെയൊന്നും സയുക്തികമായി വിശദീകരിക്കാനാവാത്ത സ്ഥിതിവിശേഷമാണ് ഇപ്പോഴും.

പലതരം താല്‍പര്യ ഗ്രൂപ്പുകള്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാവമെന്ന നിഗമനം ബലപ്പെടുന്നത് ഈ പശ്ചാത്തലത്തിലാണ്. ജനങ്ങളെ വൈകാരികമായി ഇളക്കിവിടുന്ന തരത്തില്‍ സ്‌ഫോടനങ്ങള്‍ നടത്തണം എന്നേ അവര്‍ക്കുള്ളൂ. ആരാധനാലയങ്ങളെ കരുവാക്കിയത് അതിനാലാവണം. വിദേശ രാഷ്ട്രങ്ങളോ ഏജന്‍സികളോ ഏതോ നിലക്ക് പിന്നില്‍ കളിച്ചിട്ടുണ്ടാവാമെന്ന നിഗമനവും പിന്നാലെ വരുന്നു. ട്രവര്‍ ആരന്‍സന്‍ എഴുതിയ The Terror Factory  എന്ന പുസ്തകത്തില്‍, വഴിതെറ്റിയ മുസ്‌ലിം ചെറുപ്പക്കാരെ റാഡിക്കലൈസ് ചെയ്യാനും സ്‌ഫോടനം നടത്താനായി അവരെ സജ്ജമാക്കാനും 15,000 ചാരന്മാരെ അമേരിക്കയിലെ എഫ്.ബി.ഐ തന്നെ ഏര്‍പ്പാടാക്കിയ അവിശ്വസനീയമായ കഥ വിവരിക്കുന്നുണ്ട്. ഇത്തരം നിഗമനങ്ങളെയൊന്നും കേവലം ഗൂഢാലോചനാ സിദ്ധാന്തമായി തള്ളിക്കളയാന്‍ കഴിയില്ലെന്നര്‍ഥം.

അതേസമയം ദാഇശ് പോലുള്ള ഭീകര, തീവ്ര സംഘങ്ങള്‍ പ്രചരിപ്പിക്കുന്ന അത്യന്തം മാരകവും ഇസ്‌ലാമികവിരുദ്ധവുമായ ആശയങ്ങളിലേക്ക് ഇപ്പോഴും ചില ചെറുപ്പക്കാരെങ്കിലും ആകൃഷ്ടരാവുന്നു എന്നത് നമ്മെ ഏറെ ആശങ്കപ്പെടുത്തുന്നു. ചാവേറുകളായി പൊട്ടിത്തെറിച്ചവര്‍ ശ്രീലങ്കക്കാര്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചുകഴിഞ്ഞു. കേരളത്തിലേക്കും അന്വേഷണമെത്തിയിരിക്കുകയാണ്. ചോദ്യം ചെയ്യാനായി ഒന്നു രണ്ട് പേരെ കസ്റ്റഡിയിലെടുത്തിയിട്ടുണ്ട്. എല്ലാ മുസ്‌ലിം കൂട്ടായ്മകളും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട സന്ദര്‍ഭമാണിത്. മുസ്‌ലിം ചെറുപ്പത്തെ ഇവ്വിധം റാഡിക്കലൈസ് ചെയ്യാന്‍ ഒരു വിധ്വംസക ശക്തിയെയും അനുവദിച്ചുകൂടാ. ഈ വിപത്ത് തടുക്കാന്‍ എന്തു ചെയ്യാനാവുമെന്ന് അവര്‍ ഒന്നിച്ചിരുന്ന് ആലോചിക്കട്ടെ. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (27-29)
എ.വൈ.ആര്‍

ഹദീസ്‌

പ്രാര്‍ഥന: വിശ്വാസിയുടെ അടയാളം, ആത്മാവിന്റെ പോഷണം
കെ.വി ഹിബ ഹമീദ് അല്‍ജാമിഅഃ ശാന്തപുരം