Prabodhanm Weekly

Pages

Search

2019 മെയ് 03

3100

1440 ശഅ്ബാന്‍ 27

കാവ്യലോകത്തെ അനശ്വരപ്രതിഭകള്‍

മുസ്ഫിറ കൊടുവള്ളി

സാഹിത്യത്തിലെ മുന്‍നിരക്കാരാണ് കവികള്‍.  ലോകത്തിന്റെ അനശ്വര പ്രതിഭകള്‍. കവികള്‍ ലോകത്തെ നിര്‍വചിക്കുകയും അരുതായ്മകളെ നിരൂപണം ചെയ്യുകയും ദീര്‍ഘദൃഷ്ടിയോടെ ഭാവികാലത്തെ നോക്കുകയും ചെയ്യുന്നു. അരികുവല്‍ക്കരിക്കപ്പെട്ടവന്റെ ഒപ്പം നിലകൊള്ളുന്നവരായിരുന്നു എന്നും കവികള്‍. പരാജയപ്പെട്ടവന്റെ കൂടെ  നില്‍ക്കുവാന്‍ കവിക്കേ കഴിയൂ. ഇംഗ്ലിഷ് ലോകത്തെ പ്രശസ്തരായ ഇരുപത്തിയേഴു കവികളെ പരിചയപ്പെടുത്തുകയാണ് എ.കെ അബ്ദുല്‍മജീദ് രചിച്ച് ഫിംഗര്‍ ബുക്‌സ് പ്രസിദ്ധീകരിച്ച 'ഇംഗ്ലീഷ് കവികള്‍ ചോസര്‍ മുതല്‍ എലിയറ്റ് വരെ' എന്ന കൃതി.

മനുഷ്യോല്‍പ്പത്തി മുതല്‍ കവികളുണ്ട്. മനുഷ്യരില്‍ പൂര്‍ണര്‍ പ്രവാചകന്മാരാണല്ലോ. നിയതമായ രീതിയില്‍ ഒരുപക്ഷേ, അവര്‍ കവിത രചിച്ചിട്ടുണ്ടാവില്ല. എങ്കിലും, അവരുടെ സംസാരത്തില്‍ കവിതയു്. കവിതയെ താലോലിച്ച ശുദ്ധകവികള്‍ ഒരുപാടുണ്ട്. സ്‌നേഹവും മാനവികതയും നീതിയുമൊക്കെ അവരുടെ കവിതകളിലുണ്ടായിരുന്നു. എല്ലാറ്റിനുമപ്പുറം ഒരുപക്ഷേ, ആദികവി ദൈവം തന്നെയാവാം. വേദഗ്രന്ഥങ്ങളുടെ കാവ്യഭാഷ അതാണ് വെളിപ്പെടുത്തുന്നത്.

ഇംഗ്ലീഷ് ലോകത്തെ കവികളാണ് ഈ കൃതിയില്‍ അനാവരണം ചെയ്യപ്പെടുന്നത്. ജെഫ്‌റി ചോസര്‍, എഡ്മണ്ട് സ്പന്‍സര്‍, വില്യം ഷേക്്‌സ്പിയര്‍, ജോണ്‍ ഡണ്‍, ജോര്‍ജ് ഹെര്‍ബെര്‍ട്ട്, ജയിംസ് ഷേളി, ജോണ്‍ മില്‍ട്ടണ്‍, ജോണ്‍ ബുന്‍യാന്‍, ജോണ്‍ ഡ്രൈഡന്‍, അലക്‌സാണ്ടര്‍ പോപ്പ്, തോമസ് ഗ്രേ, വില്യം ബ്ലേക്ക്, റോബര്‍ട്ട് ബ്രൗണിംഗ്, വില്യം വേര്‍ഡ്‌സ്‌വര്‍ത്ത്, സര്‍ വാല്‍ട്ടര്‍ സ്‌കോട്ട്, സാമുവല്‍ ടെയ്‌ലര്‍ കോള്‍റിഡ്ജ്, റോബര്‍ട്ട് സഥെ, ചാള്‍സ് ലാംബ്, ലോഡ് ബൈറന്‍, ലീ ഹണ്ട്, പി.ബി ഷെല്ലി, ജോണ്‍ കീറ്റ്‌സ്, ആല്‍ഫ്രഡ് ടെന്നിസണ്‍, റോബര്‍ട്ട് ബേണ്‍സ്, എമിലി ബ്രോണ്ടി, തോമസ് ഹാര്‍ഡി, ടി.എസ് എലിയറ്റ് എന്നിവരാണ് പ്രസ്തുത കവികള്‍. ഇംഗ്ലീഷ് കാവ്യലോകത്തെ അനശ്വരമാക്കിയ ഈ പ്രതിഭകളെ വിസ്മരിച്ച് കവിതാലോകത്തിന് മുന്നോട്ട് പോകാനാവില്ല

മനുഷ്യവ്യഥകളെ സംഗീതസാന്ദ്രമായ വരികളില്‍ തീര്‍ക്കുന്ന ആല്‍ഫ്രഡ് ടെന്നിസണ്‍,  ചരിത്ര നോവലിസ്റ്റ്, നാടകകൃത്ത് എന്നീ നിലകളില്‍ പ്രശസ്തിയാര്‍ജിച്ച സര്‍ വാര്‍ട്ടര്‍ സ്‌കോര്‍ട്ട്, വായന കൊണ്ട് അനാഥത്വത്തെ മറികടന്ന വില്യം വേര്‍ഡ്‌സ്‌വര്‍ത്ത്, ഇഛാശക്തി കൊണ്ട് സങ്കീര്‍ണതകള്‍ നിറഞ്ഞ ജീവിതത്തെ സങ്കീര്‍ത്തനമാക്കിയ വില്യം ഷേക്‌സ്പിയര്‍, ഇംഗ്ലിഷ് കവിതയെ ഇറ്റാലിയന്‍ കോയ്മയില്‍നിന്ന് മോചിപ്പിച്ച  എഡ്മണ്ട് സ്‌പെന്‍സര്‍.... ഇംഗ്ലീഷ് കവികളുടെ ലോകം കൃതിയില്‍ ഇതള്‍വിരിയുന്നത് ഇങ്ങനെയൊക്കെയാണ്.

ഇംഗ്ലീഷ്‌ലോകത്തെ കവികളെ മാത്രമല്ല,  അവരുടെ മികച്ച ഒരു കവിതയെക്കൂടി പരിചയപ്പെടുത്തുന്നു കൃതി. ഓരോ കവിയെയും ഹ്രസ്വമായി പരിചയപ്പെട്ടശേഷം വായനക്കാരന് അവരുടെ കവിതകളും ആസ്വദിക്കാം. ഒന്നിനൊന്ന് മികച്ചതാണ് ഓരോ കവിതയും. ആഴത്തില്‍ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു അവ. സാധാരണക്കാരും അവരുടെ ഭാഷയും പ്രകൃതിയും പ്രണയവും കവിതകളുടെ പ്രമേയമായി കടന്നുവരുന്നു.  ആചാരങ്ങള്‍ക്കും നിയമങ്ങള്‍ക്കുമപ്പുറം മനുഷ്യനന്മയിലാണ് കവികളും കവിതകളും പ്രതീക്ഷകള്‍ താലോലിക്കുന്നത്. ജോണ്‍ മില്‍ട്ടന്റെ  എത്ര ക്ഷണമാണു കാലം, വില്യം ബ്ലേക്കിന്റെ വിഷവൃക്ഷം, പി.ബി ഷെല്ലിയുടെ പ്രണയത്തിന്റെ തത്ത്വശാസ്ത്രം, എമിലി ബ്രോണ്ടിയുടെ നിര്‍വികാര തുടങ്ങിയവ ഹൃദയസ്പര്‍ശിയായ കവിതകളാണ്. ലളിതമായ ഭാഷയില്‍ മധുരം കിനിയുന്ന വലിയ വലിയ ആശയങ്ങള്‍ ഉള്‍വഹിക്കുന്നു അവ.

എഡ്മണ്ട് സ്‌പെന്‍സറുടെ അഗ്നിയും മഞ്ഞുകട്ടയും എന്ന കവിത കൃതിയുടെ തിലകക്കുറിയാണ്. പ്രണയാതുരനായ കവി സ്വന്തത്തെ അഗ്നിയായും പ്രണയഭാജനത്തെ മഞ്ഞുകട്ടയായും സങ്കല്‍പ്പിക്കുന്നു. അഗ്നിയുടെ സാന്നിധ്യം മഞ്ഞുകട്ടയെ ഉരുക്കുകയാണ് വേണ്ടത്. പക്ഷേ, അങ്ങനെ സംഭവിക്കുന്നില്ല. മറിച്ച് മഞ്ഞുകട്ട കൂടുതല്‍ തണുത്തുറഞ്ഞ് കട്ടിയാവുകയാണ് ചെയ്യുന്നത്. ഇനി മഞ്ഞുകട്ട അഗ്നിയെ കെടുത്തുന്നതിനുപകരം അതിനെ ആളിക്കത്തിക്കുകയും ചെയ്യുന്നു. പ്രണയത്തെ അതിതീവ്രമായി വര്‍ണിക്കുന്ന മനോഹരമായ കവിതയാണിത്. കൃതിയിലെ എല്ലാ കവിതകളും വൈവിധ്യമാര്‍ന്ന മനുഷ്യജീവിത യാഥാര്‍ഥ്യങ്ങളെ കാല്‍പനികഭംഗിയോടെ ആവിഷ്‌കരിക്കുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (22-26)
എ.വൈ.ആര്‍

ഹദീസ്‌

റമദാന്‍ വ്രതത്തിന്റെ വിശുദ്ധി
സുബൈര്‍ കുന്ദമംഗലം