Prabodhanm Weekly

Pages

Search

2012 ഫെബ്രുവരി 18

വിമോചകനും വിപ്ലവകാരിയുമായ യേശു

മുഹമ്മദ് ശമീം

രു പ്രബോധകന്‍ അല്ലെങ്കില്‍ സുവിശേഷകന്‍ എന്ന നിലക്ക് യേശു മിശിഹായുടെ ജീവിതത്തിന്റെ കുറേക്കൂടി അവസാനഘട്ടത്തെയാണ് ബൈബിളും ഖുര്‍ആനുമൊക്കെ പരാമര്‍ശിക്കുന്നത്. അതേസമയം, വിമോചകനും വിപ്ളവകാരിയുമെന്ന നിലയില്‍ യേശുവിന്റെ ജീവിതമാരംഭിക്കുന്നത് എസ്സീന്യരോടൊപ്പമാണെന്ന് തോന്നുന്നു.
യൂദാസ് മക്കാബിയസിന്റെ നേതൃത്വത്തില്‍ ഗ്രീക്കുകാര്‍ക്കെതിരെ യഹൂദന്മാര്‍ നടത്തിയ സ്വാതന്ത്യ്രസമരത്തെത്തുടര്‍ന്ന്(മക്കാബി വിപ്ളവം) മക്കാബികള്‍(ഹാസ്മോനിയര്‍) യഹൂദ നേതൃത്വമേറ്റെടുത്തു. പിന്നീടൊരു രണ്ടു നൂറ്റാണ്ടു കാലം, യേശുവിന്റെ കാലം വരെ അവരായിരുന്നു യഹൂദ നേതാക്കന്മാര്‍. എന്നാല്‍ പില്‍ക്കാലത്ത് മക്കാബികളും അവരുടെ നേതൃത്വവും ധാര്‍മികമായും രാഷ്ട്രീയമായും വന്‍ പരാജയമായിത്തീര്‍ന്നു. യഹൂദ ജീവിതത്തിനു മേല്‍ റോമന്‍ അധിനിവേശമുണ്ടായി. ഇക്കാലത്ത് യഹൂദര്‍ക്കിടയില്‍ ചിന്താപരമായും രാഷ്ട്രീയമായും പലതരം പ്രസ്ഥാനങ്ങളുടലെടുത്തു. പരലോക ജീവിതത്തെയും മറ്റു ചില അഭൌതിക കാര്യങ്ങളെയും നിഷേധിച്ച യുക്തിവാദികളായ സദൂക്യര്‍ അതിലൊന്നാണ്. യഹൂദ ആത്മീയ പാരമ്പര്യങ്ങളിലുറച്ചുനിന്ന ഹാസിദിം പ്രസ്ഥാനം പിന്നീട് ഫിരിസേയരും എസ്സീന്യരുമായി വേര്‍പിരിഞ്ഞു. കേവല പാരമ്പര്യത്തിലും അനുഷ്ഠാനങ്ങളിലുമധിഷ്ഠിതമായ, പിരിസേയരുടെ (പരീശന്മാര്‍) ശാഖ പിന്നീട് മുഖ്യധാരാ യഹൂദമതം തന്നെയായി മാറി. അവരില്‍പ്പെട്ട പുരോഹിതന്മാരെയും ശാസ്ത്രിമാരെയും നിശിതമായി വിമര്‍ശിച്ചുകൊണ്ടാണ് യേശു തന്റെ 'പ്രേഷിത' പ്രവര്‍ത്തനമാരംഭിക്കുന്നത്. കപടനാട്യക്കാര്‍, പറയുന്നത് ചെയ്യാത്തവര്‍, മനുഷ്യരുടെ ചുമലില്‍ ദുര്‍വഹഭാരങ്ങള്‍ കെട്ടിവെക്കുന്നവര്‍, ഒരു വിരല്‍ കൊണ്ടുപോലും സഹായിക്കാന്‍ തയാറല്ലാത്തവര്‍, മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, വിധവകളുടെയും അനാഥരുടെയും ഭവനങ്ങള്‍ വിഴുങ്ങുന്നവര്‍, സ്ഥാനമോഹികള്‍, തീറ്റ പ്രിയന്മാര്‍ എന്നെല്ലാം ആക്ഷേപിക്കുന്നുണ്ട് യേശു അവരെ. (മത്തായി 23-ാം അധ്യായം കാണുക). പുറം മാത്രം വൃത്തിയാക്കപ്പെട്ട പാത്രങ്ങളോടും വെള്ള പൂശിയ ശവക്കല്ലറകളോടുമെല്ലാമാണ് അവരുടെ പുരോഹിത വൃത്തിയെ മിശിഹാ ഉപമിക്കുന്നത്. റോമന്‍ സാമന്ത ഭരണാധികാരിയായ നെരോദും അയാള്‍ക്കു ശേഷം നെരോദോസ് അന്തിപ്പാസും റോമന്‍ ഗവര്‍ണര്‍ പൊന്തിയൂസ് പീലാത്തോസുമെല്ലാം ഫിരിസേയ പുരോഹിതന്മാരെയും വേദജ്ഞരെയും പ്രീണിപ്പിച്ചുകൊണ്ടാണ് ഇസ്രായേല്യരെ ഭരിച്ചത്.
ഈ മുഖ്യധാരയില്‍നിന്നു വിട്ടുകൊണ്ട് ധര്‍മനിരതരും വിപ്ളവബോധമുള്ളവരുമായി എസ്സീന്യര്‍ നിലകൊണ്ടു. യഹൂദ മതപൌരോഹിത്യത്തെ ചെറുത്തുനിന്ന ഇവര്‍ കാരുണ്യം, സംഘജീവിതം, ധ്യാനം മുതലായവയില്‍ ഊന്നിനിന്നു. ഗ്രീക്ക്, റോമാ അധിനിവേശത്തോട് രാഷ്ട്രീയമായും സാംസ്കാരികമായും ഇടഞ്ഞുനിന്നു. നെരോദ് രാജാവിന് വിധേയത്വം പ്രകടിപ്പിക്കുന്ന പ്രതിജ്ഞകളില്‍ ഇവര്‍ പങ്കെടുത്തിരുന്നില്ല. എല്ലാം ദൈവത്തിനര്‍പ്പിച്ചു. വിധിയില്‍ ഉറച്ചു വിശ്വസിച്ചും ജീവിത വിശുദ്ധിക്ക് പ്രാധാന്യം നല്‍കിയും നിലകൊണ്ട ഇവര്‍ ഏകദൈവവിശ്വാസത്തില്‍ കര്‍ക്കശക്കാരായിരുന്നു. തത്വചിന്തയിലിവര്‍ ധര്‍മവിചാരങ്ങള്‍ക്ക് മാത്രം പ്രാധാന്യം നല്‍കി. നഗരങ്ങളില്‍ നിന്നകന്ന് കാര്‍ഷിക വൃത്തിയിലേര്‍പ്പെട്ട് സാമൂഹിക ജീവിതം നയിച്ച എസ്സീനുകള്‍ ദൈവത്തെ ആരാധിക്കുകയും മനുഷ്യരെ സ്നേഹിക്കുകയും അനീതിയെ എതിര്‍ക്കുകയും നീതിയെ സഹായിക്കുകയും ചെയ്തു പോന്നു.
ധാര്‍മിക ബോധവും വിപ്ളവ ചിന്തയുമുള്ള എസ്സീനുകളെപ്പറ്റി ചാവുകടല്‍ കുംറാന്‍ ചുരുളുകളും നഗ് ഹമ്മാദി ഏടുകളുമെല്ലാം വിവരം തരുന്നുണ്ട്. ഇവരിലൊരു വിഭാഗമാണ് ഫലസ്ത്വീനിലെ ഗലീലക്കടുത്ത നസറേത്തില്‍ അധിവസിച്ചിരുന്നത്. ഈ എസ്സീന്‍ പ്രസ്ഥാനത്തില്‍ നേതൃപരമായ പങ്കാളിത്തം വഹിച്ചുകൊണ്ടാണ് യേശു തന്റെ വിപ്ളവ ജീവിതമാരംഭിക്കുന്നതെന്ന് പ്രബലമായ ഒരു പക്ഷമുണ്ട്. സമകാലികനായ പ്രവാചകന്‍ സ്നാപകയോഹന്നാനും ഇതിലംഗമായിരുന്നുവെന്നു പറയപ്പെട്ടിട്ടുണ്ട്.

പ്രവാചകന്മാരുടെ പാരമ്പര്യത്തില്‍
യേശു അഥവാ ഈശോ എന്ന പേരിന്റെ തന്നെ അര്‍ഥം രക്ഷകന്‍, വിമോചകന്‍ എന്നെല്ലാമാകുന്നു. മിശിഹാ(മെസ്സായ, മസീഹ് എന്നെല്ലാം ഉച്ചാരണ ഭേദങ്ങള്‍, ക്രിസ്തോസ് എന്ന് ഗ്രീക്കില്‍) എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ടവന്‍ എന്നും. ഇസ്രാഈല്യരുടെ വിമോചകനായി തെരഞ്ഞെടുക്കപ്പെട്ടവനാണ് യേശു.
വിമോചകര്‍ എന്ന നിലക്കാണ് വേദഗ്രന്ഥങ്ങളെല്ലാം തന്നെ പ്രവാചകന്മാരെ പരിചയപ്പെടുത്തുന്നത്. "അവരുടെ തോളില്‍ നിന്നും ഭാരങ്ങളിറക്കിവെക്കുകയും അവരെ കെട്ടിപ്പൂട്ടിയിടുന്ന ചങ്ങലകള്‍ പൊട്ടിച്ചെറിയുകയും ചെയ്യുന്നവന്‍'' എന്നാണല്ലോ മുഹമ്മദ് നബിയെപ്പറ്റി ഖുര്‍ആന്‍ പറയുന്നത്. യേശുവിന് മുമ്പുള്ള ഇസ്രയേല്‍ പ്രവാചകന്മാരുടെ പുസ്തകങ്ങളില്‍ യാഹ്വേയെ (ഏകദൈവത്തെ) ഇസ്രയേലിന്റെ രക്ഷകനും രാജാവും സൈന്യങ്ങളുടെ കര്‍ത്താവുമെല്ലാമായി പരിചയപ്പെടുത്തുന്നു. യേശുവിന്റെ ജനനം പ്രവചിക്കുന്ന യെശയ്യാ പ്രവാചകന്റെ(കണ്ടാലും, കന്യക ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന് ഇമ്മാനുവേല്‍ എന്നു പേര്‍ വിളിക്കും- യെശയ്യാ 7:14) ചില വചനങ്ങള്‍ ഒരു വിമോചന പ്രത്യയശാസ്ത്രത്തിന്റെ ശക്തമായ അടയാളങ്ങളാകുന്നു. "അവന്‍ ഉയരത്തില്‍ പാര്‍ക്കുന്നവരെ, ഉന്നത നഗരത്തെത്തന്നെയും താഴ്ത്തി നിലം പരിശാക്കി പൊടിയില്‍ തള്ളിക്കളഞ്ഞു. അങ്ങനെ ദരിദ്രരുടെ കാല്‍ക്കീഴില്‍ പാവങ്ങളുടെ ചവിട്ടടിയില്‍ അത് മെതിക്കപ്പെടുന്നു'' (യെശയ്യാ 26:5,6). ഇതേ പ്രവാചകന്‍ തന്നെ ആര്‍ത്തന്മാരുടെ കൊള്ളയെയും ധൂര്‍ത്തിനെയും വിമര്‍ശിക്കുകയും നാശത്തെക്കുറിച്ച മുന്നറിയിപ്പു നല്‍കുകയും ചെയ്യുന്നുണ്ട്. "തങ്ങള്‍ മാത്രം ദേശമധ്യേ പാര്‍ക്കത്തക്ക വിധവും മറ്റാര്‍ക്കും സ്ഥലമില്ലാതാകുവോളവും വീടിനോട് വീട് ചേര്‍ക്കുകയും വയലിനോട് വയല്‍ കൂട്ടുകയും ചെയ്യുന്നവര്‍ക്ക് മഹാനാശം. സൈന്യങ്ങളുടെ കര്‍ത്താവ് ഇങ്ങനെ അരുളിയിട്ടുണ്ട്. നിശ്ചയം, വലുതും നല്ലതുമായ പല വീടുകളും ആള്‍പ്പാര്‍പ്പില്ലാതെ ശൂന്യമായിപ്പോകും'' (യെശയ്യാ 5:8-12). ഇത്തരം താക്കീതുകള്‍ പ്രവാചകന്മാര്‍ നല്‍കുന്നതായി ഖുര്‍ആനും പ്രസ്താവിക്കുന്നുണ്ട്.
വിമോചകരായ പ്രവാചകന്മാരുടെ ഈ പാരമ്പര്യത്തില്‍ത്തന്നെയാണ് യേശുവിനെ നാം കാണുന്നത്.

ദൈവരാജ്യത്തിന്റെ സുവിശേഷകന്‍
സ്നാപകയോഹന്നാന്‍ ബന്ധനസ്ഥനായ ശേഷം ഗലീലിയയിലേക്കു വന്ന യേശു പറഞ്ഞു: "കാലം തികഞ്ഞു. ദൈവരാജ്യം സമീപസ്ഥമായി. അനുതപിക്കൂ. സുവിശേഷത്തില്‍ വിശ്വസിക്കൂ'' (മാര്‍ക്കോസ് 1:15).
ദൈവരാജ്യമെന്നും സ്വര്‍ഗരാജ്യമെന്നും യേശു പറയുന്നുണ്ട്. ഈ ലോകത്താരംഭിച്ച് പരലോകത്ത് പൂര്‍ത്തീകരിക്കപ്പെടേണ്ടതാണ് സ്വര്‍ഗരാജ്യം. "ഒരു മനുഷ്യന്‍ നിലത്തു വിതച്ച കടുകുമണി പോലെയാണത്'' (മത്തായി 13:31, മര്‍ക്കോസ് 4:30, ലൂക്കാ 13:18). വലിയ ചെടിയായി, മരമായി വളര്‍ന്ന് തണലും കൂടുകൂട്ടാനിടവും നല്‍കുന്ന കടുകുമണി. (ഉത്തമ വചനത്തെ ഖുര്‍ആന്‍ ഉത്തമ വൃക്ഷത്തോടുപമിച്ചതും - സൂറഃ ഇബ്റാഹീം- ചേര്‍ത്തു വായിക്കണം). ക്ളേശങ്ങളില്‍നിന്നും പീഡകളില്‍നിന്നും വിമോചിപ്പിച്ച് മനുഷ്യര്‍ക്ക് ശാന്തിയും തണലും പാര്‍പ്പിടവും അന്നവും നല്‍കുന്ന ഒന്നാണ് സ്വര്‍ഗരാജ്യമെന്നര്‍ഥം. മണ്ണിലാണതിന്റെ വേര്. അഥവാ ഭൂമിയില്‍ തന്നെ സ്ഥാപിക്കപ്പെടേണ്ടുന്ന ഒന്നാണ് ദൈവരാജ്യം. ഇതാണ് വിമോചകന്‍ എന്ന നിലയില്‍ മിശിഹായുടെ പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണം. ആത്മീയവും ഭൌതികവുമായ വിമുക്തിയാണത്. പാരത്രികവും ഐഹികവുമായ ആനന്ദം. ദൈവരാജ്യത്തിന്റെ പ്രഖ്യാപനമാണ് യേശുവിന്റെ പ്രാര്‍ഥനയും അവിടുത്തെ ഗിരിപ്രഭാഷണവും.

യേശുവിന്റെ പ്രാര്‍ഥന അഥവാ ഏഴു യാചനകള്‍
യേശു തന്റെ ശിഷ്യന്മാര്‍ക്ക് പഠിപ്പിച്ചിട്ടുള്ള പ്രാര്‍ഥനാ വാചകത്തില്‍ ദൈവത്തിന്റെ രാജ്യത്തെയും അധികാരത്തെയും കുറിച്ച പ്രതീക്ഷയും അതിനോടുള്ള ആഗ്രഹവും നിറഞ്ഞു നില്‍ക്കുന്നു. ഏഴു യാചനകള്‍ എന്ന പേരില്‍ പ്രസിദ്ധമാണ് ഈ പ്രാര്‍ഥന. (മത്തായി 6:9-13).
1) "സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം പൂജിതമാകേണമേ.''
പ്രപഞ്ചത്തിന്റെ കാര്യകാരണ വ്യവസ്ഥയെ അധിഷ്ഠാനം ചെയ്യുന്ന ഏകദൈവത്തെ തിരിച്ചറിയുക എന്നേടത്താണ് ദൈവനാമം പൂജിതമാകുന്നത്. ദൈവനാമമെന്നാല്‍ ദൈവത്തിന്റെ സ്വയം പ്രകാശനമാണ്. ദൈവനാമത്തിലാവണം മനുഷ്യന്റെ സകല വ്യവഹാരങ്ങളുമെന്ന് ഖുര്‍ആനും കല്‍പിക്കുന്നു.
2) "നിന്റെ രാജ്യം വരേണമേ''
പുതിയ നിയമത്തിലെ ബസിലേയ്യാ എന്ന ഗ്രീക്കു പദത്തിന് രാജത്വം എന്നും രാജ്യം എന്നും ഭരണം എന്നും അര്‍ഥമുണ്ട്. (ഇമലേരവശാ ീള വേല ഇമവീേഹശര ഇവൌൃരവ നോക്കുക). രാജത്വം എന്നാല്‍ ദൈവത്തിന്റെ ഗുണവും അവകാശവുമാകുന്നു. ദൈവത്തിന്റെ രാജത്വം എന്നത് സര്‍വത്തിനും മേല്‍ അവനുള്ള ആധിപത്യത്തെ സൂചിപ്പിക്കുന്നു. അധികാരം ദൈവത്തിനായിത്തീരുന്ന ഒരു വ്യവസ്ഥയില്‍ മനുഷ്യരെല്ലാം രാഷ്ട്രീയവും മാനസികവുമായ സ്വാതന്ത്യ്രവും വിമുക്തിയുമനുഭവിക്കുന്നു. നിന്റെ രാജ്യം എന്നാല്‍ അനീതിയും അതിക്രമവും അധിനിവേശവും അസ്വാതന്ത്യ്രവുമില്ലാത്ത രാജ്യമെന്നര്‍ഥം.
3) "നിന്റെ ഇഷ്ടം സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും നിറവേറണമേ.''
ഭൂമിയില്‍ ദൈവത്തിന്റെ ഇഷ്ടം നടപ്പിലാക്കുക അഥവാ ദൈവികമായ ഒരു സാമൂഹിക വ്യവഹാര വ്യവസ്ഥ സ്ഥാപിക്കുക എന്നതാണ് മനുഷ്യന്റെ പരമപ്രധാനമായ ബാധ്യതയെന്നത്രേ ബൈബിളും ഖുര്‍ആനും വേദങ്ങളുമെല്ലാം പറയുന്നത്.
4) "അന്നന്നു വേണ്ട അപ്പം ഞങ്ങള്‍ക്കു തരേണമേ.''
അന്നത്തിനായുള്ള പ്രാര്‍ഥനയില്‍ രണ്ട് സന്ദേശങ്ങളടങ്ങിയിരിക്കുന്നു. ഒന്ന്, ധര്‍മനിരതമായ ജീവിതമെന്നാല്‍ ലൌകിക വിരക്തിയല്ല. ലോകത്തെ സ്നേഹിക്കുകയും അതിനെ അനുഭവിക്കുകയും ചെയ്യുന്നതിനു മാത്രമേ ലോകത്ത് ജീവിക്കാനര്‍ഹതയുള്ളൂ. അതോടൊപ്പം അന്നന്നുവേണ്ട അപ്പം എന്നതില്‍ തനിക്കര്‍ഹതപ്പെട്ടതും വിശുദ്ധിയുള്ളതും എന്ന അര്‍ഥവും കൂടിയുണ്ട്. ഇതിന്റെ രണ്ടാമത്തെ സന്ദേശം ദൈവത്തോടുള്ള സ്നേഹവും അവനെ സംബന്ധിച്ച പ്രതീക്ഷയുമാകുന്നു.
5) "ഞങ്ങളോടുള്ള കടങ്ങള്‍ ക്ഷമിച്ചതുപോലെ ഞങ്ങള്‍ക്കുള്ള കടങ്ങള്‍ ഞങ്ങളോടും ക്ഷമിക്കേണമേ.''
ദൈവത്തിന്റെ ക്ഷമ പരസ്പരമനുവര്‍ത്തിക്കുന്ന ക്ഷമയുമായി ബന്ധപ്പെട്ടിരിക്കുന്നു.
6,7) "ഞങ്ങളെ പ്രലോഭനത്തില്‍പ്പെടുത്തരുതേ. ദുഷ്ടനില്‍ നിന്നു ഞങ്ങളെ രക്ഷിക്കേണമേ.''
ദുഷ്ടന്‍ സാത്താനുമാകാം, മര്‍ദകനായ ഭരണാധികാരിയുമാകാം. ഖുര്‍ആനില്‍ ത്വാഗൂത്ത് എന്നു പറയുന്നതു പോലെ. മര്‍ദക ഭരണാധികാരികളില്‍ നിന്നും അധിനിവേശത്തിലും അക്രമത്തിലുമധിഷ്ഠിതമായ വ്യവസ്ഥിതിയില്‍ നിന്നും ഞങ്ങള്‍ക്ക് വിമോചനം തരേണമേ എന്നര്‍ഥം.

യേശുവിന്റെ ഗിരിപ്രഭാഷണം അഥവാ എട്ടു സൌഭാഗ്യങ്ങള്‍
മത്തായിയുടെ സുവിശേഷം അഞ്ചു മുതല്‍ ഏഴുവരെ അധ്യായങ്ങളിലായി കൊടുത്തിട്ടുള്ള, യേശുവിന്റെ പ്രഭാഷണം ദൈവരാജ്യത്തിന്റെ തന്നെ സുവിശേഷ ഘോഷണമാകുന്നു. ഗിരിപ്രഭാഷണം(ടലൃാീി ീി വേല ങീൌി) എന്നറിയപ്പെടുന്ന ഈ പ്രഭാഷണത്തെ ക്രിസ്തുദര്‍ശനസാരം, ദൈവരാജ്യത്തിന്റെ മാഗ്നാകാര്‍ട്ട എന്നെല്ലാം വിശേഷിപ്പിക്കാറുണ്ട്. അഷ്ടസൌഭാഗ്യങ്ങള്‍ (ആലമശേൌറല) എന്നറിയപ്പെടുന്ന പ്രഖ്യാപനങ്ങളാണ് ഗിരിപ്രഭാഷണത്തിന്റെ ആരംഭവും കാതലും. അത് ഇങ്ങനെ വായിക്കാം.
1) ആത്മനാ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍, സ്വര്‍ഗരാജ്യം അവരുടേതാകുന്നു.
2) വിലപിക്കുന്നവര്‍ ഭാഗ്യവാന്മാര്‍, അവര്‍ക്ക് സാന്ത്വനം ലഭിക്കും.
3) സൌമ്യശീലര്‍ ഭാഗ്യവാന്മാര്‍, ഭൂമിയെ അവര്‍ അവകാശമാക്കും.
4) നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍, അവര്‍ സംതൃപ്തരാകും.
5) കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍, അവര്‍ക്ക് കരുണ ലഭിക്കും.
6) ഹൃദയവിശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍, അവര്‍ ദൈവത്തെ കാണും.
7) സമാധാനസ്ഥാപകര്‍ ഭാഗ്യവാന്മാര്‍, അവര്‍ ദൈവപുത്രന്മാരെന്ന് വിളിക്കപ്പെടും.
8) നീതിക്കുവേണ്ടി പീഡയേല്‍ക്കുന്നവര്‍ ഭാഗ്യവാന്മാര്‍, സ്വര്‍ഗരാജ്യം അവരുടേതാണ്.
ഐഹിക ഭോഗങ്ങളില്‍ നിസ്സംഗത(വൈരാഗ്യമല്ല) പുലര്‍ത്തുന്നവരെയാണ് ആത്മനാ ദരിദ്രരായവര്‍ എന്നുപറയുന്നത്. അവര്‍ക്കും നീതിക്കു വേണ്ടി ത്യാഗമനുഭവിക്കുന്നവര്‍ക്കും പൂര്‍ണമായ സ്വര്‍ഗരാജ്യം വാഗ്ദത്തം ചെയ്യപ്പെട്ടിരിക്കുന്നു. കാരുണ്യവും ഹൃദയശുദ്ധിയുമാര്‍ജിക്കുകയും സമാധാനം സ്ഥാപിക്കാന്‍ യത്നിക്കുകയും ചെയ്തവര്‍ക്ക് ഉത്തമമായ ആത്മീയാനുഭൂതികള്‍. ദൈവരാജ്യം സ്ഥാപിതമായിക്കഴിഞ്ഞാലോ, ഭൂമി സൌമ്യശീലരുടേതാവുകയും നീതി നിഷേധിക്കപ്പെട്ടവരും വിലപിക്കുന്നവരും സംതൃപ്തിയും സാന്ത്വനവുമനുഭവിക്കുകയും ചെയ്യും. ഈ കല്‍പനകള്‍ പാലിക്കപ്പെട്ടാല്‍ യുട്ടോപ്യ സാക്ഷാത്കൃതമാകുമെന്ന് ലിയോ ടോള്‍സ്റോയി പറഞ്ഞിട്ടുണ്ട്. അതായത് ഇത് ശരിയായ സാമൂഹിക ധര്‍മം ഉദ്ഘോഷിക്കുന്നു. ഇത് വിമോചനത്തിന്റെ പ്രഖ്യാപനവുമാകുന്നു.

വിമോചകനായ മിശിഹയുംസഭയുടെ തത്ത്വദര്‍ശനങ്ങളും
യേശുവിനു ശേഷം സ്ഥാപനവല്‍ക്കരിക്കപ്പെട്ട ക്രിസ്തീയ സമൂഹത്തില്‍ പലതരം ചിന്തകളും തര്‍ക്കങ്ങളുമുടലെടുത്തു. ദൌര്‍ഭാഗ്യവശാല്‍ വിമോചകനായ യേശു എന്ന യാഥാര്‍ഥ്യത്തില്‍നിന്ന് വളരെ അകലെയായിരുന്നു ഈ തര്‍ക്കങ്ങളും സഭയുടെ തീര്‍പ്പുകളുമെല്ലാം. പിതാവ്, പുത്രന്‍, പരിശുദ്ധ റൂഹാ എന്നീ മൂന്ന് തത്ത്വങ്ങളുടെ ത്രിത്വവും ഏകത്വവും നിര്‍ണയിക്കുന്നതിനു വേണ്ടിയായിരുന്നു 325ല്‍ ചേര്‍ന്ന നിക്യാ സുന്നഹദോസ്. യേശു പുത്രനും പുത്രനായ ദൈവവുമാണോ അതോ ദൈവത്തിന്റെ ഇഷ്ടത്താല്‍ സൃഷ്ടിക്കപ്പെട്ടവനാണോ, പുത്രന്‍ പിതാവിന്റെ സാരാംശത്തോട് ചേര്‍ന്ന സാരാംശമുള്ളവനാണോ അതോ പിതാവിന്റെ അതേ സാരാംശമുള്ളവനാണോ തുടങ്ങിയ തര്‍ക്കങ്ങളില്‍ നിന്നായിരുന്നു നിക്യാ സുന്നഹദോസ് ഉത്ഭവിച്ചത്. പരിശുദ്ധ റൂഹായുടെ സാരാംശം പിതാവിന്റേതിനും പുത്രന്റേതിനും തുല്യമാണെന്ന തീര്‍പ്പിലെത്തുന്നതിനായിരുന്നു 381ലെ കുസ്താന്തിനോസ് പോളീസ് (കോണ്‍സ്റാന്റിനോപ്പിള്‍) സുന്നഹദോസ്. യേശുവിന്റെ മാതാവായ മറിയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പിന്നീടുണ്ടായത്. മറിയത്തെ ദൈവമാതാവ് എന്നാണോ മനുഷ്യാവതാരം ചെയ്ത ദൈവപുത്രനായ മിശിഹായുടെ മാതാവ് എന്നാണോ പറയേണ്ടത് എന്ന തര്‍ക്കം. 431ലെ എഫെസൂസ് സുന്നഹദോസ് മറിയത്തെ ദൈവമാതാവായി പ്രഖ്യാപിച്ചു. യേശുവിന്റെ വിമോചന ദര്‍ശനങ്ങളുമായോ മനുഷ്യജീവിതവുമായോ യാതൊരു ബന്ധവുമില്ലാത്ത ദൈവശാസ്ത്ര തര്‍ക്കങ്ങള്‍.
ഒരു പക്ഷേ, ഈ പ്രശ്നങ്ങളിലെല്ലാം സഭയുടെ ഔദ്യോഗിക നിലപാടുകള്‍ക്ക് എതിരു നിന്നവരാണ് മിശിഹായുടെ അധ്യാപനങ്ങളുടെ സാമൂഹിക മാനവിക വശങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തു കാണുന്നത്. ഫാദര്‍ അരിയൂസ്, മാസിഡാണിയസ്, നെസ്തോറിയസ് എന്നിവരുടെ ദര്‍ശനങ്ങള്‍ ഇതിലേക്ക് വെളിച്ചം വീശുന്നു. നിക്യായില്‍ അരിയൂസിനെയും കുസ്താനിനോസ് പോളീസില്‍ മാസിഡോണിയസിനേയും എഫെസൂസില്‍ നെസ്തോറിയസിനെയും സഭ പുറത്താക്കി.
അഗസ്തിനോസ് പുണ്യവാളന്‍(ട. അൌഴൌശിെേല) ജന്മപാപ(ഛൃശഴശിമഹ ടശി) സിദ്ധാന്തവും വിധി സിദ്ധാന്ത(ഉലലൃാേശിശാ)വും അവതരിപ്പിച്ചതോടെ യേശുവിന്റെ മാനവികാധ്യാപനങ്ങളോടുള്ള സഭയുടെ വൈമുഖ്യം പൂര്‍ത്തിയായെന്നു കരുതാം. കളങ്കിത ജന്മത്തെക്കുറിച്ച അധ്യാപനം, അനുഷ്ഠാന ബദ്ധമായ മതജീവിതം, കര്‍ക്കശമായ പൌരോഹിത്യം തുടങ്ങിയവയിലൂടെ മതം അതിന്റെ സാമൂഹിക ബാധ്യതകളില്‍നിന്നകന്നു. ആദിമ ക്രിസ്തുമതത്തിന്റെ വിമോചന സാമൂഹിക സ്വഭാവത്തെ അട്ടിമറിക്കാന്‍ ജന്മപാപസിദ്ധാന്തം ഉള്‍പ്പെടെയുള്ള സഭാസിദ്ധാന്തങ്ങള്‍ എത്രത്തോളം കാരണമായിട്ടുണ്ടെന്ന് പഠിക്കേണ്ടതാണ്.
ബുദ്ധനെയും ക്രിസ്തുവിനെയും നബിയെയും അവരുടെ കാലത്തെ ഏറ്റവും വലിയ സാമൂഹ്യ പരിഷ്കര്‍ത്താക്കളായവതരിപ്പിക്കുകയാണ് ഇപ്പോള്‍ മാര്‍ക്സിസ്റുപാര്‍ട്ടി. കമ്യൂണിസ്റു പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്ര ചട്ടക്കൂടില്‍ നിന്നുകൊണ്ട് മതത്തെസംബന്ധിച്ച് അവര്‍ക്ക് വികസിപ്പിക്കാവുന്ന ഏറ്റവും വിശാലമായ കാഴ്ചപ്പാടു തന്നെയാണത്. മനുഷ്യവിമോചന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മതവും മാര്‍ക്സിസവും തമ്മില്‍ യോജിക്കാവുന്നിടം അന്വേഷിക്കുകയെന്നത് ചെറിയ കാര്യമല്ല. (ഇത് രാഷ്ട്രീയ പ്രേരിതമാണെങ്കില്‍ സഭയുടെ നിലപാട് അതിനേക്കാള്‍ ലാഭ രാഷ്ട്രീയം കലര്‍ന്നതാണ്. ഏറ്റവുമവസാനം കാര്‍ട്ടൂണ്‍ വിവാദവുമുണ്ടായല്ലോ. ലാസ്റ് സപ്പര്‍ എന്ന ചിത്രം ഒരു സഭയും ഔദ്യോഗികമായംഗീകരിച്ചതോ സഭ പ്രസിദ്ധീകരിച്ചതോ അല്ല. അത് ഡാവിഞ്ചിയുടെ പെയിന്റിംഗാണ്. അതില്‍ത്തന്നെ യേശുവിന്റെ അടുത്തിരിക്കുന്നത് മഗ്ദലന മറിയമാണെന്നും അവര്‍ അപ്പോസ്തലന്മാരായ പന്ത്രണ്ടിലൊരാളും മിശിഹയുടെ പത്നിയുമാണെന്നും ഡാവിഞ്ചി തന്നെ സൂക്ഷ്മമായി ചിത്രത്തില്‍ രേഖപ്പെടുത്തിയിരുന്നതായി ഡാന്‍ ബ്രൌണിന്റെ നോവലില്‍(ഡാവിഞ്ചി കോഡ്) പറയുന്നു. ഈ ചിത്രത്തെ ഉപജീവിച്ച് ധാരാളം ചിത്രങ്ങളും കാര്‍ട്ടൂണുകളുമുണ്ടായിട്ടുണ്ട്. 'മുതലാളിത്തത്തിന്റെ അവസാന അത്താഴം' അതിലൊന്നുമാത്രം. സത്യത്തില്‍ യേശു ഉള്‍പ്പെടെയുള്ള വിമോചകര്‍ ലാഭരാഷ്ട്രീയത്തിന്റെ ചതുരംഗ കരുക്കളാക്കപ്പെടുകയാണ്).
അതേസമയം ബുദ്ധനും ക്രിസ്തുവും നബിയുമൊന്നും മാര്‍ക്സിസ്റു പാര്‍ട്ടിയുടെ സാമൂഹിക പരിഷ്കര്‍ത്താക്കളുടെ കോളത്തില്‍ ഒതുങ്ങുന്നവരുമല്ല. അവരുടേത് സമഗ്ര വിപ്ളവ സംരംഭമാണ്. അതിന്റെ ആധാരമാകട്ടെ, ദൈവരാജ്യം എന്ന ആശയവും. ചരിത്രത്തിലാദ്യമായി 'ദൈവരാജ്യം' എന്ന ആശയത്തെ ഏറ്റവും മൂര്‍ത്തമായി, ആധുനിക രാഷ്ട്രമീമാംസയുടെ ഭാഷയില്‍ത്തന്നെ അവതരിപ്പിച്ചത് യേശുവാണ്. പ്രവര്‍ത്തനങ്ങളുടെ ആധാര പ്രത്യയശാസ്ത്രത്തെ സഹിഷ്ണുതയില്ലാതെ സമീപിക്കുന്ന 'വൈരുധ്യാത്മക ചരിത്ര'വാദമാണ് മാര്‍ക്സിസ്റ് പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നത്. അറബ് വസന്തത്തില്‍ അവര്‍ 'മണത്തെടുത്ത' വലതുപക്ഷ അപകടവും ഈ സമീപനത്തിന്റെ ഫലമാകുന്നു.
പ്രവാചകന്മാരുടെ വിമോചന പ്രവര്‍ത്തനങ്ങളെയും അവയുടെ ആധാരദര്‍ശനത്തെയും സമഗ്രമായി സമീപിക്കുകയും കാലത്തിനൊത്ത് അവയെ വായിക്കുകയുമാണ് വേണ്ടത്.
mail.metaphor@gmail.com
shameem@mediaonetv.in

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം