Prabodhanm Weekly

Pages

Search

2019 മെയ് 03

3100

1440 ശഅ്ബാന്‍ 27

റമദാനിലെ നോമ്പ് സംശയങ്ങള്‍ക്ക് മറുപടി

മുശീര്‍

എഞ്ചിനീയറിംഗിനു പഠിക്കുന്ന വിദ്യാര്‍ഥിയാണ് ഞാന്‍. മദ്‌റസയില്‍ പഠിക്കാനൊന്നും അവസരം ലഭിച്ചിട്ടില്ല. എങ്കിലും പരമാവധി ദീനീ നിഷ്ഠകള്‍ പാലിക്കാന്‍ ശ്രമിക്കാറുണ്ട്. റമദാന്‍ ആഗതമായ ഈ സന്ദര്‍ഭത്തില്‍ നോമ്പുമായി ബന്ധപ്പെട്ട വിധികളും വിലക്കുകളും ആധികാരികമായി അറിയാന്‍ ആഗ്രഹമുണ്ട്. കേട്ടറിവല്ലാതെ മറ്റൊന്നും എനിക്ക് ഈ വിഷയത്തില്‍ ഇല്ല. ഇതുപോലെ വേറെയും സുഹൃത്തുക്കളും സഹപാഠികളും എനിക്കുണ്ട്. നിസ്സാരമായ കാര്യങ്ങള്‍ പോലും അറിയാത്ത ഞങ്ങള്‍ക്ക് നേരിട്ട് ചോദിക്കാന്‍ മടിയായതുകൊണ്ടാണ് ഇങ്ങനെ ചോദിക്കുന്നത്. തൃപ്തികരമായ വിശദീകരണം പ്രതീക്ഷിക്കുന്നു.

 

ചോദ്യങ്ങള്‍:

1. നോമ്പ്  നിയ്യത്ത് എങ്ങനെയാണ് തുടങ്ങേണ്ടത്? വല്ലതും ചൊല്ലി തന്നെ തുടങ്ങേണ്ടതുണ്ടോ? നോമ്പിന്റെ നിയ്യത്ത് നാവു കൊണ്ട് ഉരുവിടുക നിര്‍ബന്ധമാണോ? എപ്പോഴാണ് അതിന്റെ സമയം? ഓരോ ദിവസത്തെ നോമ്പിനും വെവ്വേറെ നിയ്യത്ത് വേണ്ടതുണ്ടോ?

 

'നിയ്യത്ത്' എന്ന വാക്കിന് കരുതുക എന്നാണര്‍ഥം. കരുതല്‍ ഹൃദയം കൊണ്ടാണല്ലോ.  എന്നുവെച്ചാല്‍ നിയ്യത്തിന്റെ ഇടം മനസ്സാണ്. ഹൃദയം കൊണ്ടാണ് നിയ്യത്ത് ചെയ്യേണ്ടത്. മനസ്സില്‍ കരുതാതെ അശ്രദ്ധമായി നാവുകൊണ്ടുച്ചരിച്ചാല്‍ അത് നിയ്യത്താവുകയില്ല. നാവുകൊണ്ടുച്ചരിക്കല്‍ നിയ്യത്തിന്റെ നിബന്ധനയല്ല. സുന്നത്ത്മാത്രമാണ്. അതു പോലും ശാഫിഈ, ഹനഫീ വീക്ഷണമാണ് (നിഹായ: 1-496). നബിയോ സ്വഹാബത്തോ നിയ്യത്ത് ഉരുവിടാറുണ്ടായിരുന്നില്ല (സാദുല്‍ മആദ്: 1-194). ഹൃദയത്തെ സഹായിക്കാന്‍ വേണ്ടിയാണ് നാവുകൊണ്ടുച്ചരിക്കുന്നത്. ഹൃദയസാന്നിധ്യമില്ലാതെ കേവലം നാവുകൊണ്ട് 'നിയ്യത്ത്' വെച്ചാല്‍ നോമ്പ് സ്വഹീഹാവുന്നതല്ല (തുഹ്ഫ 3/424).

'ഫജ്‌റിനു മുമ്പ് രാത്രി നിയ്യത്ത് ചെയ്യാത്തവന് നോമ്പില്ല' (അബൂദാവൂദ്: 8161) എന്ന് സ്വഹീഹായ ഹദീസില്‍ വന്നിട്ടുണ്ട്. തദടിസ്ഥാനത്തിലാണ് റമദാന്‍ നോമ്പായി പരിഗണിക്കണമെങ്കില്‍ ഓരോ രാത്രിയിലും നിയ്യത്ത് ചെയ്യുകതന്നെ വേണം എന്ന് പറയുന്നത്. 

റമദാന്‍ നോമ്പ്, നേര്‍ച്ച നോമ്പ് തുടങ്ങിയ ഫര്‍ള് നോമ്പുകള്‍ക്ക് നിയ്യത്ത് ചെയ്യുമ്പോള്‍ രാത്രിയില്‍ (മഗ്‌രിബ്-സ്വുബ്ഹിനിടയില്‍) ആവലും ഇന്ന നോമ്പ് എന്ന് നിര്‍ണയിക്കലും നിര്‍ബന്ധമാണ്. റമദാന്‍ നോമ്പ് ഞാന്‍ അനുഷ്ഠിക്കുന്നുവെന്ന് രാത്രിയില്‍ നിയ്യത്ത് ചെയ്താല്‍ ഫര്‍ളായ നിയ്യത്തായി. എല്ലാ നോമ്പുകള്‍ക്കും വേണ്ടി ഒന്നാമത്തെ രാത്രി നിയ്യത്ത് ചെയ്താല്‍ മതിയാവുകയില്ലെന്നാണ് ശാഫിഈ മദ്ഹബ്. എന്നാല്‍ റമദാന്‍ വ്രതം ഒറ്റ ഇബാദത്താണെന്നും മൊത്തം ഒരു നിയ്യത്ത് മതിയാകുമെന്നുമാണ് മാലികീ മദ്ഹബ് (ഹാശിയതു ബിന്‍ ആബിദീന്‍: 2 - 380)

പിറ്റേന്ന് നോമ്പെടുക്കണമെന്നുദ്ദേശിച്ച് കിടക്കുന്നതും ആ ഉദ്ദേശ്യത്തോടെ അത്താഴത്തിനെഴുന്നേല്‍ക്കുന്നതുമെല്ലാം നിയ്യത്തായി പരിഗണിക്കപ്പെടും.

 

2. ഉമിനീര്‍ ഇറക്കിയാല്‍ നോമ്പ് മുറിയുമോ?

ശരീഅത്തിന്റെ വിധികള്‍ മനുഷ്യര്‍ക്ക് ഞെരുക്കമുണ്ടാക്കാനുദ്ദേശിച്ചുളളവയല്ല, പ്രത്യുത അവര്‍ക്ക് എളുപ്പമാക്കലും ഞെരുക്കം ഇല്ലാതാക്കലും അതിന്റെ മൗലിക ലക്ഷ്യങ്ങളില്‍പെട്ടതാകുന്നു.

അല്ലാഹു പറയുന്നു:  ''അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണിഛിക്കുന്നത്, ഞെരുക്കമിഛിക്കുന്നില്ല'' (അല്‍ബഖറ: 185-185). മറ്റൊരിടത്ത് പറയുന്നു: ''അല്ലാഹു നിങ്ങളുടെ ഭാരങ്ങള്‍ ലഘൂകരിക്കാനിഛിക്കുന്നു. എന്തെന്നാല്‍, മനുഷ്യന്‍ ദുര്‍ബലനായാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്'' (അന്നിസാഅ്: 26-28). വേറൊരു സ്ഥലത്ത് ഇങ്ങനെ കാണാം: ''ദീനില്‍ നിങ്ങളുടെ മേല്‍ ഒരു ക്ലിഷ്ടതയുമുണ്ടാക്കിവെച്ചിട്ടില്ല'' (അല്‍ഹജ്ജ്: 77-78).

അതിനാല്‍ സാധാരണ ഗതിയില്‍ സൂക്ഷിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍കൊണ്ട് നോമ്പ് മുറിയുകയില്ല. ഇത് പണ്ഡിതന്മാരും ഇമാമുകളും വ്യക്തമാക്കിയിട്ടുണ്ട്. ഉദാഹരണത്തിന് ഇമാം ഇബ്‌നു ഖുദാമ പറയുന്നു: ''(ഉമിനീരിറക്കുന്നതു പോലെ) സൂക്ഷിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ മുഖേന നോമ്പ് മുറിയുകയില്ല. അത് സൂക്ഷിക്കുക എന്നത് പ്രയാസമാണ്. വഴിയിലെ പൊടിപടലങ്ങള്‍, പത്തിരിപ്പൊടിയില്‍നിന്നുയരുന്നതിനോടൊക്കെയാണതിന് സാമ്യം. വായില്‍ ഊറിയ ഉമിനീര്‍ ബോധപൂര്‍വം ഒന്നിച്ചിറക്കിയാല്‍ പോലും നോമ്പു മുറിയുകയില്ല'' (മുഗ്‌നി: 3-16).

ഇമാം മുതവല്ലിയും മറ്റും പറയുന്നതായി ഇമാം നവവി രേഖപ്പെടുത്തുന്നു: ''നോമ്പുകാരന്‍ വായ കൊപ്ലിച്ചാല്‍ വെളളം തുപ്പിക്കളയേണ്ടതാണ്. എന്നാല്‍ ശീലക്കഷ്ണമോ മറ്റോ ഉപയോഗിച്ച് വായ തുടച്ചു കളയണമെന്നില്ല. ഇതില്‍ അഭിപ്രായ വ്യത്യാസമില്ല'' (ശറഹുല്‍ മുഹദ്ദബ്: 6-327).

എന്നാല്‍ ഉമിനീരിനൊപ്പം മറ്റു വല്ല ഭക്ഷണപാനീയങ്ങളുടെയും അവശിഷ്ടം കലര്‍ന്നിട്ടുണ്ടെങ്കില്‍ തുപ്പിക്കളയുക തന്നെ വേണം. മധുരമുണ്ടോ, ഉപ്പുണ്ടോ എന്നൊക്കെ നോക്കിയാലെന്ന പോലെ. അത്തരം സന്ദര്‍ഭങ്ങളില്‍ ഉമിനീര്‍ ഇറക്കാവതല്ല. 

അതിനാല്‍ നോമ്പു നോറ്റവര്‍ ഇങ്ങനെ തുപ്പിക്കൊണ്ട് നടക്കേണ്ടതില്ല. പ്രവാചകനോ സ്വഹാബത്തോ സലഫുസ്സ്വാലിഹുകളോ അങ്ങനെ ചെയ്യാറുണ്ടായിരുന്നില്ല. എന്നു മാത്രമല്ല  മറ്റുളളവര്‍ക്ക് അരോചകമാവുന്ന  ഒരു മോശം പ്രവണത കൂടിയാണത്.

അതുപോലെ കഫം തുപ്പിക്കളയുക തന്നെ വേണം. തൊണ്ടയുടെ അങ്ങേയറ്റം പോലെ വായക്കുളളില്‍ അല്ലാതെയുളള  കഫം ഇറങ്ങിപ്പോയതു കൊണ്ട് കുഴപ്പമില്ല. എന്നാല്‍ കാര്‍ക്കിച്ച ശേഷമോ മൂക്ക് വലിച്ചോ ഉണ്ടാകുന്നതോ ആയ കഫം ഇറക്കാന്‍ പാടില്ല. അത് തുപ്പിക്കളയുകയാണ് വേണ്ടത്. വിസര്‍ജ്യമെന്ന നിലക്ക് നോമ്പല്ലാത്തപ്പോഴും അത് തുപ്പിക്കളയേണ്ടതാണെന്ന് ഫുഖഹാക്കള്‍ പഠിപ്പിച്ചിട്ടുണ്ട്. ഇത്തരം വിശദാംശങ്ങള്‍ കൂടുതല്‍ അറിയണമെന്നുളളവര്‍ ഇമാം നവവി രേഖപ്പെടുത്തിയത് കാണുക (ശറഹുല്‍ മുഹദ്ദബ്: 6-319).

എന്നാല്‍ ഉമിനീരുപോലെ തന്നെയാണിതിന്റെയും വിധിയെന്നും അതിറക്കിയതുകൊണ്ട് നോമ്പിനെ ബാധിക്കില്ലെന്നും അഭിപ്രായപ്പെട്ട പണ്ഡിതന്മാരുമുണ്ട്. ഹനഫീ ഫിഖ്ഹ് ഗ്രന്ഥമായ അല്‍ ബഹ്‌റുര്‍റാഇഖ് (2-294) കാണുക. ആധുനിക സലഫീ പണ്ഡിതന്മാരും ഇതേ വീക്ഷണം പ്രകടിപ്പിച്ചിട്ടുണ്ട്.

 

3. റമദാനില്‍ ആദ്യത്തെ പത്തിനും മധ്യത്തിലെ പത്തിനും ഒടുവിലത്തെ പത്തിനും പള്ളികളില്‍ വെവ്വേറെ പ്രാര്‍ഥനകള്‍ ചൊല്ലി കേള്‍ക്കാറുണ്ട്. അത് സുന്നത്തായ പുണ്യകര്‍മമാണോ? എന്താണതിന്റെ അടിസ്ഥാനം?

ഇന്ന് പല പള്ളികളിലും കേള്‍ക്കാറുള്ള, റമദാന്റെ ഓരോ പത്തിലും പ്രത്യേകം ചൊല്ലാറുളള പ്രാര്‍ഥന ചൊല്ലുന്നതിന് വിരോധമില്ല. കാരണം ഒരാള്‍ക്ക് തന്റെ ഇഹപര ക്ഷേമത്തിനായി ഏതു പ്രാര്‍ഥനയും പ്രാര്‍ഥിക്കാവുന്നതാണ്. നോമ്പുകാരന്റെ പ്രാര്‍ഥനക്ക് പ്രത്യേകം പരിഗണനയുണ്ട് എന്ന് റസൂല്‍ (സ) പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു.

എന്നാല്‍ ചോദ്യത്തില്‍ പരാമര്‍ശിച്ച വിധം ഓരോ പത്തിലും പ്രത്യേകം പ്രാര്‍ഥനകള്‍ റസൂല്‍ (സ) പഠിപ്പിച്ചിട്ടില്ല. അങ്ങനെ പ്രാര്‍ഥനയുള്ളതായി ഇമാമുകള്‍ ആരെങ്കിലും നിര്‍ദേശിച്ചതായി കാണാനും കഴിഞ്ഞിട്ടില്ല. ഇബ്നു ഖുസൈമയും ബൈഹഖിയും ഉദ്ധരിച്ച വളരെ ദുര്‍ബലമായ ഒരു ഹദീസിന്റെ അടിസ്ഥാനത്തിലായിരിക്കണം പില്‍ക്കാലത്ത് ആരെങ്കിലും ഇത് തുടങ്ങിയിട്ടുണ്ടാവുക. ശഅ്ബാനിലെ ഒടുവിലത്തെ വെള്ളിയാഴ്ച റസൂല്‍ (സ) ഞങ്ങളോട് ഖുത്വ്ബ പറഞ്ഞു എന്നു തുടങ്ങുന്ന ദീര്‍ഘമായ ഹദീസില്‍ ആദ്യ പത്ത് റഹ്മത്തും മധ്യം മഗ്ഫിറത്തും ഒടുവില്‍ നരകവിമുക്തിയാണെന്നുമൊക്കെ വിവരിക്കുന്ന (അവ്വലുഹു റഹ്മഃ, ഔസതുഹു മഗ്ഫിറ, ആഖിറുഹു ഇത്ഖുന്‍ മിനന്നാര്‍) ഈ ഹദീസ് മുന്‍ഗാമികളും പിന്‍ഗാമികളുമായ ഇമാമുമാര്‍ അതീവ ദുര്‍ബലമാണെന്ന് വിധിയെഴുതിയിട്ടുണ്ട്. അതിന്റെ നിവേദക പരമ്പരയിലുള്ള യൂസുഫുബ്‌നു സിയാദ് അല്‍ ബസ്വരി എന്നയാളെപ്പറ്റി, അയാളില്‍നിന്നുള്ള ഹദീസ് സ്വീകരിക്കാന്‍ കൊള്ളുകയില്ലെന്നും മുന്‍കറുല്‍ ഹദീസാണെന്നും വിശ്വാസയോഗ്യനല്ലെന്നുമെല്ലാം ഹദീസ് വിശാരദന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട് (ബുഖാരിയുടെ അത്താരീഖുല്‍ കബീര്‍ 8/388, അബൂ ഹാതിമുറാസിയുടെ അല്‍ ജര്‍ഹ് വത്തഅ്ദീല്‍ 9/222/928, താരീഖ് ബഗ്ദാദ് 14/295, അല്‍ബാനിയുടെ സില്‍സിലത്തുല്‍ അഹാദീസുദ്ദഈഫ 2/263). ഇതുദ്ധരിച്ച ശേഷം ഇബ്നു ഖുസൈമ തന്നെ രേഖപ്പെടുത്തിയത്, 'ഇന്‍ സ്വഹ്ഹല്‍ ഖബര്‍' (അഥവാ ഈ ഹദീസ് സ്വഹീഹാണെങ്കില്‍) എന്ന സംശയം ജനിപ്പിക്കുന്ന പ്രയോഗത്തിലൂടെയാണ്. അതിനാല്‍ നൂറുകണക്കിന് സ്വഹീഹായ ഹദീസുകളുണ്ടായിരിക്കെ, ഇത്തരം ദുര്‍ബലമായ ഹദീസുകളുടെ പിന്നാലെ പോവേണ്ട യാതൊരു അനിവാര്യതയും ഇവിടെയില്ല. ഇങ്ങനെയുള്ള ബാലിശമായ നിവേദനം ആധാരമാക്കിയുള്ള പ്രാര്‍ഥനകള്‍ കേവല പ്രാര്‍ഥനകളായി ഉരുവിടുന്നതിന് കുഴപ്പമില്ലെന്ന് നാം പറഞ്ഞുവല്ലോ. എന്നാല്‍ സുന്നത്താണെന്ന ധാരണയില്‍ അത് ചെയ്യുന്നതും, ഇവക്ക് മറ്റു പ്രാര്‍ഥനകള്‍ക്കില്ലാത്ത സവിശേഷ പുണ്യമുണ്ടെന്ന് വിശ്വസിക്കുന്നതുമൊന്നും ശരിയല്ല.

എന്നാല്‍ 'അല്ലാഹുമ്മ ഇന്നക അഫുവ്വുന്‍ തുഹിബ്ബുല്‍ അഫ്വ ഫഅ്ഫു അന്നീ' എന്ന പ്രാര്‍ഥന സ്വഹീഹായ നിരവധി ഹദീസുകളിലൂടെ സ്ഥിരപ്പെട്ടിരിക്കുന്നു. ലൈലത്തുല്‍ ഖദ്‌റ് പ്രതീക്ഷിക്കുന്ന രാവില്‍ പ്രാര്‍ഥിക്കാനായി തിരുമേനി ആഇശക്ക് പഠിപ്പിച്ചുകൊടുത്തതാണീ പ്രാര്‍ഥന (തിര്‍മിദി: 3513, നസാഈ: 10710, അഹ്മദ്: 25384). അതിനാല്‍ ഈ പ്രാര്‍ഥന ചൊല്ലുന്നതിന് സവിശേഷ പുണ്യമുണ്ട്. അത് സുന്നത്തായ കാര്യവുമാണ്.

പ്രാര്‍ഥനയുടെ മര്യാദകള്‍ പാലിച്ചുകൊണ്ട് ഒരാള്‍ക്ക് ഏതു പ്രാര്‍ഥനയും പ്രാര്‍ഥിക്കാവുന്നതാണ്. ഖുര്‍ആനിലും ഹദീസിലും വന്ന പ്രാര്‍ഥനകളാവുമ്പോള്‍ കൂടുതല്‍ ഉത്തമമായി. എന്നല്ലാതെ അവയില്‍ വന്ന പ്രാര്‍ഥനകളേ ആകാവൂ എന്നില്ല. അതുപോലെ ഒരു കാര്യം സുന്നത്താണെന്ന് പറയണമെങ്കില്‍ അതിന് ഖുര്‍ആനോ സ്വഹീഹായ ഹദീസുകളോ തെളിവായിരിക്കണം. ദുര്‍ബല ഹദീസുകള്‍ കൊണ്ട് ഒരു കാര്യം സുന്നത്താണെന്ന് വാദിക്കാന്‍ വകുപ്പില്ല. ഇക്കാര്യത്തില്‍ ആര്‍ക്കെങ്കിലും തര്‍ക്കമുള്ളതായും അറിയില്ല. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (22-26)
എ.വൈ.ആര്‍

ഹദീസ്‌

റമദാന്‍ വ്രതത്തിന്റെ വിശുദ്ധി
സുബൈര്‍ കുന്ദമംഗലം