Prabodhanm Weekly

Pages

Search

2019 മെയ് 03

3100

1440 ശഅ്ബാന്‍ 27

റമദാനിലെ ദിനരാത്രങ്ങള്‍

എം.ഐ അബ്ദുല്‍ അസീസ് ( അമീര്‍, ജമാഅത്തെ ഇസ്‌ലാമി കേരള)

വീണ്ടും വിശുദ്ധ റമദാന്‍. ലോകത്തെല്ലായിടത്തുമുള്ള സത്യവിശ്വാസികള്‍ നീണ്ട ഒരുമാസക്കാലം റമദാനിന്റെ നന്മകളും പുണ്യങ്ങളും ആവോളം നേടിയെടുക്കാനുള്ള ശ്രമത്തിലായിരിക്കും. പുണ്യദിനരാത്രങ്ങളെ സ്വീകരിക്കാന്‍ എങ്ങും അവര്‍ ഒരുങ്ങിക്കഴിഞ്ഞു.

കത്തുന്ന വെയിലില്‍ വരണ്ടുണങ്ങി വിണ്ടുകീറി ഊഷരമായി കിടക്കുന്ന ഭൂമിയെ സജീവമാക്കുന്ന കുളിര്‍മഴ പോലെയാണ് റമദാന്‍ മനുഷ്യഹൃദയങ്ങള്‍ക്ക്. കോരിച്ചൊരിയുന്ന മഴയായി മാറി കുണ്ടുകളും കുളങ്ങളും നിറഞ്ഞൊഴുകി ഹൃദയങ്ങളെ അത് വിമലീകരിക്കുമെങ്കിലോ, അത്രമേല്‍ ആനന്ദം നല്‍കുന്ന മറ്റെന്തുണ്ടാകും വിശ്വാസികള്‍ക്ക്? അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ കവിഞ്ഞൊഴുകുന്ന ആ മാസത്തിനു വേണ്ടിയുള്ള പ്രാര്‍ഥന സ്വീകരിക്കപ്പെട്ടതുകൊണ്ടാണ് നമുക്കീ റമദാനിന് ആതിഥ്യം നല്‍കാന്‍ സാധിച്ചത്, അല്‍ഹംദു ലില്ലാഹ്.

റമദാനില്‍ വ്രതമനുഷ്ഠിക്കുകയും ഫലപ്രദമായി ആ ദിനരാത്രങ്ങളെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നവര്‍ക്കായി ഒരുക്കിവെച്ചിരിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച പ്രവാചകവചനങ്ങള്‍ ആരെയും മോഹിപ്പിക്കുന്നതാണ്. അത് നഷ്ടപ്പെടുത്തിയവനേക്കാള്‍ വലിയ നിര്‍ഭാഗ്യവാന്‍ മറ്റാരുമുണ്ടാവില്ല. അതിനാല്‍ കണിശതയോടെ അതിനെ സ്വീകരിക്കാനൊരുങ്ങുക, പ്രവാചകന്‍ പഠിപ്പിച്ച കണിശതയോടെ തന്നെ.

ആത്മാവിന്റെ വസന്തമാണ് റമദാന്‍. ഭൗതികജീവിതത്തിന്റെ നെട്ടോട്ടങ്ങള്‍ക്കിടയില്‍ ആവശ്യമായ വെള്ളവും വളവും ലഭിക്കാതെ വാടിത്തളര്‍ന്ന ആത്മാവിന് പുതുജീവന്‍ നല്‍കാനുള്ള സന്ദര്‍ഭമാണ് റമദാന്‍. സ്രഷ്ടാവായ അല്ലാഹുവിനോട് കൂടുതല്‍ അടുക്കാനുള്ള, സൃഷ്ടികളുമായുള്ള ബന്ധത്തെ കൂടുതല്‍ കരുത്തുറ്റതാക്കാനുള്ള അവസരമാണ് റമദാന്‍. നമ്മുടെ പാപമോചന പ്രാര്‍ഥനകള്‍ സ്വീകരിക്കാനായി അല്ലാഹു കാത്തിരിക്കുന്നു. നമ്മുടെ നന്മകള്‍ക്ക് പതിന്മടങ്ങ് പ്രതിഫലം നല്‍കാന്‍ സദാ സന്നദ്ധനാണ് അവന്‍. റമദാനിന്റെ ആത്മാവിനെ തൊട്ടറിഞ്ഞാല്‍, നാളെ റയ്യാന്‍ എന്ന വാതിലിലൂടെ സ്വര്‍ഗത്തിലേക്കുള്ള  പ്രവാഹത്തില്‍ ചെറുകണികകളായി നാമുണ്ടാകും.

മുത്തഖികളായിത്തീരുക എന്നാണ് റമദാനിന്റെ ലക്ഷ്യമായി ഖുര്‍ആന്‍ നിര്‍ണയിച്ചിരിക്കുന്നത്. ജീവിതത്തിന്റെ സമസ്ത സന്ദര്‍ഭങ്ങളിലും അല്ലാഹുവിന് ഉന്മുഖമായിരിക്കുക എന്നാണ് അതിനര്‍ഥം. അല്ലാഹു കല്‍പിച്ചതിനോട് അത്യുത്സാഹവും നിരോധിച്ചതിനെ വര്‍ജിക്കലും. ഇതൊരു ജീവിത നിലപാടും കാഴ്ചപ്പാടുമാണ്. അതിലേക്ക് വളരുക അത്ര എളുപ്പമല്ല. ദേഹേഛകളോട് പൊരുതി, ചുറ്റുപാടുകളില്‍നിന്നുള്ള പ്രകോപനങ്ങളെയും പ്രലോഭനങ്ങളെയും പ്രതിരോധിച്ചും അല്ലാഹുവിനെ ഉപാസിച്ചും മാത്രമേ അത് സാധ്യമാവൂ. അതിനുള്ള മികച്ച അവസരമാണ് റമദാന്‍.

ആത്മപരിശോധനയുടെ കാലമാണ് റമദാന്‍- ജീവിതത്തിലെ തുടക്കക്കാര്‍ക്കും സമാപ്തിയിലേക്ക് നീങ്ങുന്നവര്‍ക്കും, പ്രസ്ഥാനങ്ങള്‍ക്കും സംഘടനകള്‍ക്കും, കുടുംബത്തിനും വ്യക്തിക്കും, സമൂഹത്തിനും രാഷ്ട്രത്തിനും, നേതാവിനും അനുയായികള്‍ക്കും എല്ലാവര്‍ക്കും. കഴിഞ്ഞ കാലങ്ങളില്‍ എങ്ങനെയായിരുന്നു എന്റെ ജീവിതം? കുന്നോളം സല്‍ക്കര്‍മങ്ങളുണ്ടെങ്കിലും അവയൊക്കെയും ചോര്‍ന്നുപോകുന്ന അരുതായ്മകളും ജീവിതത്തിലുണ്ടായിരുന്നോ? 'ഹാ കഷ്ടം!  എന്റെ ജീവിതത്തിനായി ഞാന്‍ വല്ല മുന്നൊരുക്കവും ചെയ്തിരിന്നുവെങ്കില്‍' എന്ന് നാളെ വിലപിക്കേിവരുന്ന ഒരു ട്രാക്ക് റിക്കാര്‍ഡാണോ നമുക്കുള്ളത്? സുഖസൗകര്യങ്ങളും സ്ഥാനമാനങ്ങളും അനുഭവിക്കുമ്പോള്‍ 'നിങ്ങളുടെ അമാനത്തുകളിലും ചതിവുചെയ്യരുത്' എന്ന താക്കീത് പാലിക്കുന്നതില്‍ ഇടര്‍ച്ച സംഭവിച്ചോ? സ്വന്തത്തോട് ഇതൊക്കെ സ്വയം ചോദിക്കാനും വിലയിരുത്താനും തിരുത്താനുമുള്ള അവസാന സന്ദര്‍ഭമായിട്ടാണ് അല്ലാഹു നമ്മെ ഈ റമദാനിലെത്തിച്ചത്. 'ആരുടെയും അവധി ഒരിക്കലും അല്ലാഹു നീട്ടിവെക്കുകയില്ല'ല്ലോ. 

വിശുദ്ധ ഖുര്‍ആനിന്റെ മാസമാണ് റമദാന്‍. ഖുര്‍ആന്‍ സത്യാസത്യ വിവേചകമെന്ന് നാം ഉറച്ചു വിശ്വസിക്കുന്നു. ജീവിതത്തിന്റെ മാനദണ്ഡം ഖുര്‍ആനാകണം. പാരായണം സല്‍ക്കര്‍മം തന്നെ. പക്ഷേ അതോടെ അതിനോടുള്ള ബാധ്യത അവസാനിക്കുന്നില്ല. പഠിച്ചും പ്രയോഗിച്ചും ഖുര്‍ആന്‍ നമ്മെ നിയന്ത്രിക്കണം. ഖുര്‍ആനിനോടുള്ള നമ്മുടെ സമീപനവും വിലയിരുത്തലിന് വിധേയമാകണം. നാം ഖുര്‍ആനിന് വിധേയമാകണം. 'ജനങ്ങള്‍ക്കുള്ള മാര്‍ഗദര്‍ശനം' അക്ഷരാര്‍ഥത്തില്‍ തന്നെ സാക്ഷാല്‍ക്കരിക്കാന്‍ നമുക്ക് ബാധ്യതയുണ്ട്.  എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഖുര്‍ആനിന്റെ വെളിച്ചമെത്തണം.

പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്ന പ്രത്യേക സന്ദര്‍ഭമാണ് റമദാന്‍. 'നിങ്ങള്‍ എന്നെ വിളിക്കൂ, ഞാന്‍ നിങ്ങള്‍ക്കുത്തരം തരും' എന്നത് കേവലമൊരു വാഗ്ദാനമല്ല, നിത്യസത്യമാണ്. പ്രാര്‍ഥിക്കാതിരിക്കുന്നതാവട്ടെ അല്ലാഹുവിനിഷ്ടവുമല്ല. എങ്കില്‍ പിന്നെ എന്തിന് അമാന്തിക്കണം? കൈകളവനിലേക്കുയരട്ടെ. നമുക്കു വേണ്ടി, പ്രയാസപ്പെടുന്നവര്‍ക്കുവേണ്ടി, നല്ല നാടിനുവേണ്ടി, പല നാടുകളില്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പൊരുതിക്കൊണ്ടിരിക്കുന്ന നമ്മുടെ സഹോദരീസഹോദരര്‍ക്കുവേണ്ടി.

റമദാനിലെ രാത്രികള്‍ സവിശേഷമാണ്. ദീര്‍ഘദീര്‍ഘങ്ങളായ നമസ്‌കാരം കൊണ്ടതിനെ സാര്‍ഥകമാക്കണം.  അവന്റെ മുന്നില്‍ തലകുനിക്കണം. സൂജൂദില്‍ കിടന്ന് കരയണം. നമുക്കവനോടൊറ്റക്കിരുന്ന് പറയാനുള്ളളത് പറയാം. രാത്രിയുടെ നിശ്ശബ്ദതയില്‍ നമ്മുടെ ഗദ്ഗദങ്ങളും തേങ്ങലുകളും മുസ്വല്ലകളെ നനയ്ക്കട്ടെ. സൃഷ്ടികളിലാരുമറിയാതെ ആ നിമിഷങ്ങളെ പട്ടില്‍ പൊതിഞ്ഞ് അവനെ കാണിക്കാനായി നമുക്ക് സൂക്ഷിച്ചുവെക്കാം.

ഉര്‍വരമാകേണ്ടത് നമ്മുടെ കണ്‍തടങ്ങള്‍ മാത്രമല്ല, മനസ്സുമാണ്. പ്രയാസമനുഭവിക്കുന്നവരുടെ മേല്‍ അത് കുളിര്‍തെന്നലാവട്ടെ. മത, ജാതി, ദേശ വ്യത്യാസങ്ങളില്ലാതെ എത്രയെത്ര ആവശ്യക്കാരാണ് നമ്മുടെ മുന്നിലുള്ളത്! നമ്മുടെ നാണയത്തുട്ടുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് തുടങ്ങിയ എത്രയെത്ര ദീനീസംരംഭങ്ങള്‍- ആരാധനാലയങ്ങള്‍, അഗതിമന്ദിരങ്ങള്‍, പ്രാഥമിക, ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍, മാധ്യമ സന്നാഹങ്ങള്‍, ദീനീമാര്‍ഗത്തിലെ വിയര്‍ത്തൊലിക്കുന്ന ശരീരങ്ങള്‍, കേരളത്തിലേക്ക് ഉറ്റുനോക്കുന്ന പതിതകോടി ഉത്തരേന്ത്യന്‍ സഹോദരങ്ങള്‍. കൈകള്‍ അയച്ചിടുക, പിടിച്ചുവേക്കേണ്ടതില്ല. ദാനധര്‍മങ്ങളുടെ കാര്യത്തില്‍ അടിച്ചുവീശുന്ന കാറ്റുപോലെയായിരുന്ന നമ്മുടെ പ്രവാചകനോളമെത്താന്‍ നമുക്കാവില്ലെങ്കിലും 'ഇരട്ടിക്കിരട്ടി അവന്‍ നിങ്ങള്‍ക്ക് തിരിച്ചുതരു'മല്ലോ.

ഖിയാമുല്ലൈലും സ്വദഖകളും ലൈലത്തുല്‍ഖദ്‌റും മാത്രമല്ല, ബദ്‌റും റമദാനില്‍ തന്നെയാണ്. റമദാനിന്റെ മധ്യാഹ്നത്തില്‍ നിലക്കാത്ത സമരവീര്യത്തിന്റെ നിത്യപ്രചോദകമാണ് ബദ്‌റ്. വിശ്വാസത്താല്‍ പ്രചോദിതമായാല്‍ ന്യൂനപക്ഷവും വിസ്മയങ്ങള്‍ സൃഷ്ടിക്കുമെന്നതിന്റെ ചരിത്രസാക്ഷ്യം. സമര്‍പ്പിതമായ മനസ്സും ശരീരവുമുണ്ടെങ്കില്‍ അല്ലാഹുവിന്റെ സഹായമുണ്ടാവും. 'അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അവരെ ബാധിക്കുന്ന വിശപ്പ്, ദാഹം, ക്ഷീണം, സത്യനിഷേധികളെ രോഷാകുലരാക്കുന്ന ഇടങ്ങളിലൊക്കെയുള്ള അവരുടെ സാന്നിധ്യം, എതിരാളികള്‍ക്ക് ഏല്‍പിക്കുന്ന നാശം ഇതൊക്കെയും അവരുടെ പേരില്‍ സല്‍കര്‍മങ്ങളായി രേഖപ്പെടുത്താതിരിക്കുകയില്ല എന്നതിനാലാണത്' (തൗബ 120) എന്നതിനെ നമ്മുടെ സാമൂഹിക രാഷ്ട്രീയ, ജനാധിപത്യ അനുഭവങ്ങളിലേക്ക് ചേര്‍ത്തുവെക്കാന്‍ സാധിക്കണം. 

മുകളില്‍ പറഞ്ഞ തലങ്ങളിലെല്ലാം റമദാനിനെ ഉള്‍ക്കൊള്ളാനും ഉപയോഗപ്പെടുത്താനും നമുക്കെല്ലാവര്‍ക്കും സാധിക്കണം. ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്ക് എന്നും റമദാന്‍ തര്‍ബിയത്തിന്റെ മാസം കൂടിയാണല്ലോ. ഇണകളും മക്കളും റമദാനില്‍ നമ്മുടെ കൂടെ തന്നെ സഞ്ചരിക്കുന്നു എന്നുറപ്പുവരുത്തണം. അതിനുള്ള തീരുമാനങ്ങളും തയാറെടുപ്പുകളും  നേരത്തേയുണ്ടാവണം. ഇക്കാര്യത്തില്‍ നമ്മുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഏത് അലംഭാവത്തിനും കനത്ത വില നല്‍കേണ്ടിവരും. ഏതു പരിഗണനകള്‍ക്കും വിലമതിക്കാനാവാത്ത ഫലം ലഭ്യമാവുകയും ചെയ്യും; ഇഹലോകത്തും പരലോകത്തും. അല്ലാഹു ഏറ്റവും നല്ലവിധത്തില്‍ അതിനെ ഉപയോഗപ്പെടുത്താന്‍ നമ്മെ സഹായിക്കുമാറാകട്ടെ. 

സഹപ്രവര്‍ത്തകരേ, ഇസ്‌ലാമിക പ്രസ്ഥാനം ഒരു പ്രവര്‍ത്തന കാലയളവില്‍നിന്ന് മറ്റൊന്നിലേക്ക് പ്രവേശിക്കുന്ന സന്ദര്‍ഭമാണിത്. മീഖാത്ത് മാറുക എന്നാല്‍ നമുക്ക് പുനരാലോചനകളുടെയും ആസൂത്രണത്തിന്റെയും കാലമാണ്. ദേശീയതലത്തില്‍ പുതിയ നേതൃത്വം ഉത്തരവാദിത്തമേറ്റെടുത്തു കഴിഞ്ഞു. പുതിയ കാലത്ത് ഇസ്‌ലാമിക പ്രസ്ഥാനത്തെ ചിട്ടപ്പെടുത്തുന്നതിനെ കുറിച്ച ആലോചനകള്‍ സജീവമാണ്. റമദാനില്‍ ഈ പ്രസ്ഥാനം നിങ്ങളുടെ മനസ്സിലും പ്രാര്‍ഥനയിലുമുണ്ടാവണം. കൂടുതല്‍ കരുത്തോടെ, മികവോടെ ഇസ്‌ലാമിക പ്രസ്ഥാനത്തെ നമുക്ക് മുന്നോട്ടു കൊണ്ടുപോകണം. അതിനും റമദാന്‍ നമുക്ക് സഹായകമാവട്ടെ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (22-26)
എ.വൈ.ആര്‍

ഹദീസ്‌

റമദാന്‍ വ്രതത്തിന്റെ വിശുദ്ധി
സുബൈര്‍ കുന്ദമംഗലം