Prabodhanm Weekly

Pages

Search

2019 ഏപ്രില്‍ 26

3099

1440 ശഅ്ബാന്‍ 20

കെ.പി കുഞ്ഞിമൂസ സഹൃദയനായ പത്രപ്രവര്‍ത്തകന്‍

ശൈഖ് മുഹമ്മദ് കാരകുന്ന്

2019 ഏപ്രില്‍ 14 ഞായറാഴ്ച അന്തരിച്ച കെ.പി. കുഞ്ഞിമൂസാ സാഹിബിന്റെ വിയോഗത്തോടെ നഷ്ടപ്പെട്ടത് സഹൃദയനായ ആത്മമിത്രത്തെയാണ്. കഴിഞ്ഞ അര നൂറ്റാണ്ടിലേറെ കാലത്തെ ഉറ്റ സൗഹൃദമാണ് ഞങ്ങള്‍ തമ്മിലുള്ളത്. പതിനെട്ടാമത്തെ വയസ്സില്‍ ചന്ദ്രികയില്‍ എഴുതി തുടങ്ങുമ്പോള്‍ അദ്ദേഹം  നല്‍കിയ പ്രോത്സാഹനവും പ്രചോദനവും വളരെ വലുതാണ്.

ഒരു മാസം മുമ്പ് കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 'പ്രബോധനം' വാരികയുടെ എഴുപതാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന സെമിനാര്‍ വേദിയില്‍ വെച്ച് സംസാരിച്ചു പിരിയുമ്പോള്‍ ഇത്ര പെട്ടെന്ന് വേര്‍പിരിയുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. പതിവുപോലെ അന്നും കേരളത്തിലെ മുസ്‌ലിം പത്രപ്രവര്‍ത്തന ചരിത്രത്തിലെ ചില അവിസ്മരണീയ അനുഭവങ്ങള്‍ അദ്ദേഹം സദസ്സുമായി പങ്കുവെച്ചു. നര്‍മത്തില്‍ ചാലിച്ച വാക്കുകള്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങളെ എന്നും വേറിട്ട അനുഭവമാക്കി. അന്നത്തെ അനുഭവവും മറിച്ചായിരുന്നില്ല. അതിന് ഏതാനും ദിവസം മുമ്പാണ് പ്രബോധനത്തെ സംബന്ധിച്ച അഭിപ്രായം എഴുതിത്തരാന്‍ ഫോണിലൂടെ ആവശ്യപ്പെട്ടത്. സന്തോഷത്തോടെ സമ്മതിക്കുകയും മൂന്ന് ദിവസത്തിനകം എഴുതി അയച്ചുതരികയും ചെയ്തു. അച്ചടിമഷി പുരണ്ട കുഞ്ഞിമൂസാ സാഹിബിന്റെ  അവസാനത്തെ രചന അതാവാനാണ് സാധ്യത. പ്രബോധനത്തെ സംബന്ധിച്ച കുറിപ്പിലും നടത്തിയ പ്രസംഗത്തിലും സി.എച്ച് മുഹമ്മദ് കോയ സാഹിബാണ് തന്നെ പ്രബോധനം വായിക്കാന്‍ പ്രേരിപ്പിച്ചിരുന്നതെന്ന് അദ്ദേഹം പ്രത്യേകം എടുത്തു പറയുകയുണ്ടായി.

 1967-ല്‍ ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളേജില്‍ വിദ്യാര്‍ഥിയായിരിക്കെയാണ് കെ.പി കുഞ്ഞിമൂസാ സാഹിബിനോടൊന്നിച്ച് കോഴിക്കോട് ടൗണ്‍ഹാളില്‍ വേദി പങ്കിട്ടത്. പിന്നീട് നാലു പതിറ്റാണ്ടിലേറെക്കാലം നിരവധി തവണ വ്യത്യസ്ത വേദികളില്‍ ഞങ്ങള്‍ ഒരുമിക്കുകയുണ്ടായി. മലബാര്‍ മുസ്‌ലിംകളുടെ ജീവിത രീതികളെക്കുറിച്ചും വസ്ത്ര-ഭക്ഷണ വൈവിധ്യങ്ങളെ സംബന്ധിച്ചും സൂക്ഷ്മവും വിശദവുമായ ധാരണയുണ്ടായിരുന്നു അദ്ദേഹത്തിന്. താമസം കോഴിക്കോട് പന്നിയങ്കരയിലായിരുന്നതിനാല്‍ നഗരത്തിലെ സാംസ്‌കാരിക പരിപാടികളില്‍ നിറസാന്നിധ്യമായിരുന്നു. വ്യക്തിബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിലും സൂക്ഷിക്കുന്നതിലും കാണിച്ച നിഷ്‌കര്‍ഷ ആരെയും വിസ്മയിപ്പിക്കും. ഒരായുസ്സില്‍ ആയിരത്തിലേറെ ആളുകളെ കുറിച്ച് അനുസ്മരണമെഴുതി എന്നതു തന്നെ മതി വിശാലമായ ആ സൗഹൃദ വലയത്തിന് സാക്ഷ്യമായി.

കേരള മുസ്‌ലിം ചരിത്രത്തിലെ അപൂര്‍വ വിവരങ്ങളുടെ മഹാ ശേഖരമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടമായത്. അക്ഷരാര്‍ഥത്തില്‍ മലബാര്‍ മുസ്ലിംകളുടെ ചരിത്ര സൂക്ഷിപ്പുകാരനായിരുന്നു കുഞ്ഞിമൂസാ സാഹിബ്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുജീവിതത്തില്‍ പ്രവേശിച്ചെങ്കിലും അധികാര കസേരയിലേക്ക് തിരിഞ്ഞു നോക്കുകയോ അവിടെ കയറിയിരിക്കാന്‍ താല്‍പര്യം കാണിക്കുകയോ ചെയ്തില്ല. എപ്പോഴും അപ്രിയസത്യങ്ങള്‍ വിളിച്ചുപറയുന്ന തന്റെ ഇടം അതല്ലെന്ന് തിരിച്ചറിഞ്ഞ ആ സാമൂഹിക വിമര്‍ശകന്‍ പത്രപ്രവര്‍ത്തനരംഗത്ത് കാലുറപ്പിക്കുകയായിരുന്നു.

1966-ല്‍ ചന്ദ്രിക ദിനപ്പത്രത്തില്‍ സബ് എഡിറ്ററായി ചേര്‍ന്ന കുഞ്ഞിമൂസ വാരാന്തപ്പതിപ്പ്, ചന്ദ്രിക ആഴ്ചപ്പതിപ്പ് എന്നിവയുടെ പത്രാധിപരായും പ്രവര്‍ത്തിച്ചു. 1996-ലാണ് ചന്ദ്രികയില്‍നിന്ന് വിരമിച്ചത്. അവസാനത്തെ പത്തു വര്‍ഷം ആഴ്ചപ്പതിപ്പിന്റെ ചുമതലയാണ് വഹിച്ചിരുന്നത്. അക്കാലത്ത് പ്രമുഖ സാഹിത്യകാരന്മാരായ എം.ടി വാസുദേവന്‍ നായര്‍, ടി. പത്മനാഭന്‍ പോലുള്ളവരുമായി  ഉറ്റ സൗഹൃദം സ്ഥാപിച്ചു. എം. മുകുന്ദന്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങളില്‍' ഉള്‍പ്പെടെയുള്ള പല പ്രധാന രചനകളും വെളിച്ചം കണ്ടത് ചന്ദ്രിക ആഴ്ചപ്പതിപ്പിലൂടെയാണ്.

1975-'85 കാലത്ത് ലീഗ് ടൈംസ് ന്യൂസ് എഡിറ്ററായും പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് 'ആവനാഴി' വാരിക നടത്തിയ കുഞ്ഞിമൂസ എം.ഇ.എസ് ജേണല്‍, സത്യധാര എന്നിവയുടെ പത്രാധിപ ചുമതലയും വഹിച്ചിട്ടുണ്ട്.

പത്രപ്രവര്‍ത്തന മേഖലയോട് വിടപറഞ്ഞ ശേഷം കോഴിക്കോട് 'മൈത്രി' ബുക്

സ് നടത്തിവരികയായിരുന്നു. കേരള പ്രസ് അക്കാദമി എക്‌സിക്യൂട്ടീവ് അംഗം, പ്രസ് അക്രെഡിറ്റേഷന്‍ കമ്മിറ്റി അംഗം, കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ്, ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിംഗ് ജേണലിസ്റ്റ്‌സ് അംഗം, സീനിയര്‍ ജേര്‍ണലിസ്റ്റ്‌സ് ഫോറം സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലെല്ലാം സേവനമനുഷ്ഠിച്ചു. ഈത്തപ്പഴത്തിന്റെ നാട്ടിലൂടെ, ഓര്‍മ്മയുടെ ഓളങ്ങളില്‍, വഴികാട്ടികള്‍, കല്ലായി പുഴ മുതല്‍ ബ്രഹ്മപുത്ര വരെ, മധുരിക്കും ഓര്‍മ്മകള്‍, ഒ.ലേ അഥവാ ഒരു ലേഖകന്‍ തുടങ്ങി നിരവധി കൃതികളുടെ കര്‍ത്താവാണ്.

ഖത്തര്‍ മിഡില്‍ ഈസ്റ്റ് ഫ്രണ്ട്ഷിപ്പ് അവാര്‍ഡ്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ അവാര്‍ഡ്, കുവൈത്ത്, സലാല പുരസ്

കാരങ്ങള്‍, സഞ്ജയന്‍ സ്മാരക അവാര്‍ഡ് എന്നിവക്ക് അര്‍ഹനായി.

1942 ജനുവരി ഒന്നിന് തലശ്ശേരിക്കടുത്ത് പുന്നോലില്‍ ജനിച്ച കുഞ്ഞിമൂസ മടപ്പള്ളി ഗവണ്‍മെന്റ് കോളേജിലും തലശ്ശേരി ബ്രണ്ണന്‍ കോളേജിലുമായി പഠനം പൂര്‍ത്തിയാക്കി. എം.എസ്.എഫിലൂടെയായിരുന്നു രാഷ്ട്രീയ രംഗപ്രവേശം. അതിന്റെ സംസ്ഥാന പ്രസിഡന്റായും പിന്നീട് ഉപദേശക സമിതി ചെയര്‍മാനായും പ്രവര്‍ത്തിച്ചു. മുസ്‌ലിം യൂത്ത് ലീഗ്  സംസംസ്ഥാന ട്രഷററായും സേവനമനുഷ്ഠിച്ചിരുന്നു.

പ്രപഞ്ചനാഥനായ അല്ലാഹു അദ്ദേഹത്തിന്റെ പരലോക ജീവിതം വിജയകരവും സംതൃപ്തവുമാക്കിത്തീര്‍ക്കുമാറാകട്ടെ - ആമീന്‍.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (20-21)
എ.വൈ.ആര്‍

ഹദീസ്‌

ഹൃദയത്തില്‍നിന്നാണ് ആ കണ്ണീര്‍
വി.പി അസ്ഖലാനി