Prabodhanm Weekly

Pages

Search

2019 ഏപ്രില്‍ 26

3099

1440 ശഅ്ബാന്‍ 20

സുഡാന്‍ രാഷ്ട്രീയാനിശ്ചിതത്വം ബാക്കി

എസ്. സൈഫുദ്ദീന്‍ കുഞ്ഞ്

സുഡാനില്‍ ഉമറുല്‍ ബശീറിന്റെ മുപ്പതു വര്‍ഷത്തെ ഏകാധിപത്യ ഭരണം അവസാനിച്ചു. ഭരണം ഏറ്റെടുത്ത മിലിട്ടറി കൗണ്‍സില്‍ ഉമറുല്‍ ബശീര്‍ ഭരണകൂടത്തിലെ അംഗങ്ങളെ അറസ്റ്റ് ചെയ്യുകയും പ്രതിഷേധകരെ പിരിച്ചുവിടില്ല എന്ന് ഉറപ്പു നല്‍കുകയും ചെയ്തു. ജനകീയ ഭരണം സ്ഥാപിതമാകും വരെ പ്രതിഷേധം തുടരുമെന്നാണ് പ്രക്ഷോഭരുടെ നിലപാട്. ഖാര്‍ത്തൂമിലെ പ്രതിരോധ മന്ത്രാലയത്തിന്റെ മുമ്പിലാണ് പ്രതിഷേധം നടന്നു വരുന്നത്.   സുഡാനില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍   ഉമറുല്‍ ബശീര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഭരണകൂടത്തെ പിരിച്ചുവിടുകയും ചെയ്തിരുന്നു. 2020-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി ഭരണഘടനാ ഭേദഗതിക്കുപോലും ഉമറുല്‍ ബശീര്‍ തുനിഞ്ഞു. വിലക്കയറ്റവും മറ്റും ജനജീവിതം ദുസ്സഹമാക്കിയതിനെ തുടര്‍ന്ന് 2018 ഡിസംബര്‍ 19-നാണ് ഭരണകൂടവിരുദ്ധ പ്രക്ഷോഭം ആരംഭിച്ചത്. മുഖ്യ പ്രതിഷേധകരായ സുഡാനീസ് പ്രഫഷണല്‍ അസോസിയേഷന്റെ (SPA) നേതൃത്വത്തില്‍ നടന്ന ഈ പ്രക്ഷോഭം ഉമറുല്‍ ബശീറിനെ അധികാരത്തില്‍നിന്നും താഴെയിറക്കി. 1989-ല്‍ പട്ടാള അട്ടിമറിയിലൂടെയാണ് ഉമറുല്‍ ബശീര്‍ അധികാരത്തിലേറിയത്. ഉമറുല്‍ ബശീര്‍ പ്രക്ഷോഭകരെ വിദേശ ഏജന്റുകളെന്നു വിളിക്കുകയും തെരഞ്ഞെടുപ്പിലൂടെ തന്നെ പരാജയപ്പെടുത്താന്‍ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. സാമ്പത്തിക-രാഷ്ട്രീയ അസ്ഥിരത, സുഡാന്റെ വിഭജനം, പ്രധാന എണ്ണപ്പാടങ്ങള്‍ വടക്കന്‍ സുഡാനിനു നഷ്ടപ്പെട്ടത്, വ്യാപകമായ അഴിമതി തുടങ്ങിയ പ്രശ്‌നങ്ങളാണ് സുഡാനി ജനതയെ തെരുവിലിറക്കിയത്.

ഉമറുല്‍ ബശീറിന്റെ നാഷ്‌നല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പുതിയ താല്‍ക്കാലിക ഗവണ്‍മെന്റില്‍ സ്ഥാനമില്ലെങ്കിലും അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാം എന്ന് ജനറല്‍ ശംസുദ്ദീന്‍ ശാന്തു പറഞ്ഞിട്ടു്. കൂടാതെ പോലിസ്, മിലിട്ടറി നേതൃസ്ഥാനങ്ങളില്‍ അഴിച്ചുപണിയും മിലിട്ടറി നേതൃത്വം നടത്തി. മുന്‍ ഭരണകൂടത്തിന്റെ അഴിമതിയെക്കുറിച്ച് അന്വേഷിക്കുമെന്നും മീഡിയാ നിയന്ത്രണങ്ങളും സെന്‍സര്‍ഷിപ്പും എടുത്തുകളയുമെന്നും പട്ടാളം പ്രഖ്യാപിച്ചു. യു.എന്‍,  യു.എസ് നയതന്ത്ര പ്രതിനിധികളെ മാറ്റുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഉമറുല്‍ ബശീറിനെ പുറത്താക്കിയ വിവരം അറിയിച്ച പ്രതിരോധ മന്ത്രി അവദ് ബിന്‍ ഔഫ് രണ്ടു വര്‍ഷം പട്ടാളം ഭരിക്കുമെന്നും മൂന്നു മാസത്തേക്ക് അടിയന്തരാവസ്ഥയായിരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ശക്തമായ പ്രതിഷേധം കാരണം ബിന്‍ ഔഫിനും ഉമറുല്‍ ബശീറിന്റെ സുരക്ഷാ സൈനിക മേധാവി  ലഫ്റ്റനന്റ് ജനറല്‍ സലാഹ് അബ്ദുല്ല ഗോശിനും രാജിവെക്കേണ്ടി വന്നു. പട്ടാള കൗണ്‍സിലിന്റെ പുതിയ മേധാവിയായ ലഫ്റ്റനന്റ് ജനറല്‍ അബ്ദുല്‍ ഫത്താഹ് അബ്ദുര്‍ റഹ്മാന്‍ ബുര്‍ഹാന്‍, മുഴുവന്‍ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കുമെന്നും പൗരാവകാശങ്ങള്‍ സംരക്ഷിക്കുമെന്നും പ്രഖ്യാപിച്ചത് സുഡാനി ജനതയുടെ അവകാശപ്പോരാട്ടങ്ങള്‍ വിജയം കാണും എന്നു തെളിയിക്കുന്നു. എങ്കിലും സുഡാന്‍ പ്രഫഷണല്‍ അസോസിയേഷന്‍ (SPA) മിലിട്ടറി കൗണ്‍സിലിന്റെ പ്രഖ്യാപനങ്ങളില്‍ തൃപ്തരല്ല. കൂടുതല്‍ നേതൃതല മാറ്റങ്ങള്‍ അവര്‍ ആവശ്യപ്പെടുന്നു.

2000-ലെ  ദാര്‍ഫുര്‍ സംഘര്‍ഷത്തില്‍ 3 ലക്ഷം ആളുകള്‍ കൊല്ലപ്പെടുകയും 2.7 മില്യന്‍ സുഡാനികള്‍ ആട്ടിയോടിക്കപ്പെടുകയും ചെയ്തിരുന്നു. ഇക്കാരണത്താല്‍  ഇന്റര്‍നാഷ്‌നല്‍ ക്രിമിനല്‍ കോര്‍ട്ട് ഉമറുല്‍ ബശീര്‍ ഭരണകൂടത്തിനെതിരെ വംശഹത്യക്ക് കേസെടുത്തിരുന്നു. ഉമറുല്‍ ബശീറുമായി അഭിപ്രായ ഭിന്നത ഉടലെടുത്തപ്പോള്‍ ഈയിടെ അന്തരിച്ച ഹസന്‍ തുറാബി  നാഷ്‌നല്‍ കോണ്‍ഗ്രസില്‍നിന്ന് വിഘടിച്ചു രൂപംനല്‍കിയ പോപ്പുലര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും ഈ വിപ്ലവത്തില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്. സുഡാനി വിപ്ലവത്തിന്റെ മുഴുവന്‍ ആവശ്യങ്ങളും സാക്ഷാല്‍ക്കരിക്കും വരെ പ്രതിഷേധം തുടരുമെന്ന് പോപ്പുലര്‍ കോണ്‍ഗ്രസ് പാര്‍ട്ടി വക്താവ് പ്രസ്താവനയിറക്കിയിട്ടുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (20-21)
എ.വൈ.ആര്‍

ഹദീസ്‌

ഹൃദയത്തില്‍നിന്നാണ് ആ കണ്ണീര്‍
വി.പി അസ്ഖലാനി