Prabodhanm Weekly

Pages

Search

2012 ഫെബ്രുവരി 18

കത്തുകൾ

സലഫികളുടെ 'രാഷട്രീയ ഇസ്‌ലാം'
എം.എം ഇന്‍സാഫ് പതിമംഗലം

അറബ് വസന്താനന്തരം നടന്ന തെരഞ്ഞെടുപ്പുകളില്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവെച്ച രാഷ്ട്രീയ വീക്ഷണങ്ങള്‍ക്ക് വ്യാപകമായ പിന്തുണയും അതുവഴി വിജയവും ലഭിച്ചുകൊണ്ടിരിക്കുന്നു. വ്യത്യസ്ത നാടുകളുടെ സാഹചര്യങ്ങള്‍ ദേശരാഷ്ട്രീയ രൂപവത്കരണാനന്തരം മാറിയിരിക്കുന്നു. ഈ വ്യത്യസ്തതകളെ ഉള്‍ക്കൊള്ളുന്ന ബഹുസ്വര രാഷ്ട്രീയമാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവെച്ചത്. സലഫി ധാരകളും തെരഞ്ഞെടുപ്പില്‍ പങ്കെടുത്തിരുന്നു (ഈജിപ്ത് ഉദാഹരണം). പരിമിതമായ സീറ്റുകള്‍ ലഭിക്കുകയും ചെയ്തു. ഖുര്‍ആന്റെയും സുന്നത്തിന്റെയും 'അക്ഷരാത്മക' രാഷ്ട്രീയത്തെയാണവര്‍ പ്രതിനിധാനം ചെയ്തിരുന്നത്. ഖിലാഫത്താനന്തര ലോക സാഹചര്യത്തില്‍ സലഫികളുടെ മത കാഴ്ചപ്പാടില്‍ നിന്നുള്ള മാറ്റമായി അതിനെ കാണാന്‍ കഴിയും (ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രതിസ്ഥാനത്താണ് അവര്‍ നിലകൊണ്ടതെങ്കിലും).
നമ്മുടെ നാട്ടില്‍ ഇസ്‌ലാമിക പ്രസ്ഥാനം പ്രായോഗിക രാഷ്ട്രീയത്തില്‍ ഇടപെടുമ്പോള്‍ സലഫികള്‍ തങ്ങളുടെ അന്തര്‍ ദേശീയ സഹോദരങ്ങളുടെ നിലവാരത്തിലേക്കെങ്കിലും ഭാവിയില്‍ ഉയരുമെന്ന് പ്രതീക്ഷിക്കാം.

അപകര്‍ഷതയില്‍ നിന്ന്  ആത്മാഭിമാനത്തിലേക്ക്
കെ. മുസ്ത്വഫ കമാല്‍ ജിദ്ദ

ചരിത്രപരമായ കാരണങ്ങളാല്‍ നീണ്ടകാലം മുസ്‌ലിം ലോകം കോളനിവല്‍ക്കരിക്കപ്പെട്ടതിന്റെ ഫലമായി, ഇസ്‌ലാമിലെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ മേഖലകളെ വീതം വെച്ച് ഇസ്‌ലാമിനെ കേവല ആരാധനയില്‍ ഒതുക്കി നിര്‍ത്തുന്നതില്‍ പടിഞ്ഞാറ് പൂര്‍ണമായും വിജയിച്ചിരുന്നു. പകരം പടിഞ്ഞാറന്‍ ആശയങ്ങളും സ്ഥാപനങ്ങളും മുസ്‌ലിംസമൂഹത്തിലേക്ക് നുഴഞ്ഞുകയറി. കുടുംബ സംവിധാനങ്ങള്‍ പോലും മാറ്റത്തിന് വിധേയമായതിന്റെ ഫലമായി കോളനിയാനന്തര മുസ്‌ലിം രാജ്യങ്ങളുടെ നേതൃത്വം മുസ്‌ലിം പാരമ്പര്യത്തിലോ മുസ്‌ലിം സമൂഹത്തിലോ വേരുകളില്ലാത്ത പുതിയൊരുരു നേതൃത്വത്തിന്റെ കീഴില്‍ വരികയും ചെയ്തു. അഭിവൃദ്ധിയും പുരോഗതിയും ഭൗതിക ദര്‍ശനങ്ങളിലൂടെ മാത്രമേ സാധ്യമാവൂ എന്ന് ശഠിച്ച ഈ വിഭാഗം, ഇസ്‌ലാമിനെ അന്യം നിര്‍ത്തുന്നതില്‍ ഏറെ ശ്രദ്ധിച്ചു. അങ്ങനെ പടിഞ്ഞാറിന്റേതാണ് പുരോഗതി, അതിനെ പുല്‍കുകയാണ് അഭിവൃദ്ധി എന്ന് മുസ്‌ലിംപണ്ഡിതന്മാര്‍ വരെ ചിന്തിക്കുകയും അതിന് സര്‍വവിധ പിന്തുണയും നല്‍കുകയും ചെയ്തു.
ഇത്തരമൊരുരുചരിത്രസന്ധിയില്‍ നിന്നാണ്ഇസ്‌ലാമിന്റെ മത സാമൂഹികതയുടെ പരിസരം അനാവരണം ചെയ്ത് വിപ്ലവകരമായ മുദ്രാവാക്യങ്ങള്‍ ആധുനിക നവജാഗരണ പ്രസ്ഥാനങ്ങള്‍ മുന്നോട്ടു വെച്ചത്. സ്വാഭാവികമായും രണ്ട് രീതിയിലുള്ള പ്രതികരണങ്ങളെയാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ നേരിട്ടത്. പഴഞ്ചനും പിന്തിരിപ്പനുമാണ് ഇതെന്ന് പടിഞ്ഞാറ് ആരോപിച്ചപ്പോള്‍, പുത്തന്‍ വാദഗതിയാണ് ഇതെന്ന് ചില മുസ്‌ലിം പണ്ഡിതന്മാരുംഏറ്റുപിടിച്ചു. ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഇതിനെതിരെ ശക്തമായ പ്രതിരോധങ്ങള്‍ തീര്‍ത്തപ്പോള്‍ നടേ സൂചിപ്പിച്ച മുസ്‌ലിം പണ്ഡിതന്മാര്‍ തങ്ങളുടെ വാദഗതിയില്‍ നിന്ന് പിന്മാറുന്നതാണ് പിന്നീട് കണ്ടത്. അങ്ങനെ മുസ്‌ലിം സമൂഹം ഇന്ന് ഇസ്‌ലാം സമ്പൂര്‍ണ ജീവിത പദ്ധതിയാണ് എന്ന് തത്ത്വത്തില്‍ അംഗീകരിച്ചിരിക്കുന്നു. പടിഞ്ഞാറും തങ്ങളുടെ മുന്‍ നിലപാടുകള്‍ മാറ്റാന്‍ നിര്‍ബന്ധിതമാവുന്നുന്നുഎന്ന സൂചനകള്‍ എങ്ങും ദൃശ്യമാണ്, മുല്ലപ്പൂവിപ്ലവാനന്തരകാലത്ത് പ്രത്യേകിച്ചും.

_____

മാപ്പിളപ്പാട്ടിന്റെ ആകാശവും അബൂസഹ്‌ലയുടെ നക്ഷത്ര കൊട്ടാരവും (പ്രബോധനം 28) എന്ന ലേഖനത്തില്‍ മാപ്പിള പാട്ടുകളിലെ സ്ത്രീ സാന്നിധ്യത്തെ പരിചയപ്പെടുത്തുന്ന സന്ദര്‍ഭത്തില്‍ 'വൈദ്യരുടെ തന്നെ ആമിനക്കുട്ടി' എന്ന് എഴുതിയത് ശരിയല്ല. ആമിനക്കുട്ടിയുടെ രചയിതാവ് 'മെഹര്‍' എന്ന തൂലികാ നാമത്തിലെഴുതുന്ന എസ്.കെ.എസ് ജലീല്‍ എന്നയാളാണ്. ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. മെഹറിന്റെ പാട്ടുകളുടെ സമ്പൂര്‍ണ സമാഹാരം ലഭ്യമാണ്.
അബൂ യാസീന്‍ അബ്ബാസ്
_____

കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സുകുമാര്‍ അഴിക്കോട് ഇട്ടേച്ചുപോയ പ്രസംഗ പീഠങ്ങളില്‍ കയറിനില്‍ക്കാന്‍ ഇനി എത്ര പേരുണ്ട്? ഏതെങ്കിലും പാര്‍ട്ടിക്കുറിപ്പുകളനുസരിച്ചല്ലാതെ പ്രസംഗിക്കുന്ന അഴിക്കോടിനെ പോലുള്ളവര്‍ ഇനിയില്ല എന്നതാണ് സത്യം. പാര്‍ട്ടിയുടെ കൊടി നോക്കാതെ, തനിക്ക് ശരിയെന്ന് തോന്നിയതിനെ ചങ്കൂറ്റത്തോടെ വിളിച്ചുപറയാന്‍ അഴീക്കോടിന് സാധിച്ചു. അദ്ദേഹത്തെ എഴുതിയ പ്രബോധനത്തിന് അഭിനന്ദനങ്ങള്‍.
ബുഷ്‌റാ ബഷീര്‍ / ചെറുപുത്തൂര്‍

ഇസ്‌ലാമിക ബാങ്കിംഗ് പ്രോത്സാഹിപ്പിക്കണം
എം. അശ്‌റഫ് ഫൈസി കാവനൂര്‍

ഏറെ പ്രതീക്ഷയോടെയാണ് ഇസ്‌ലാമിക ബാങ്കിംഗ് കടന്നുവന്നത്. പല രാജ്യങ്ങളും മൂലധന സമാഹരണത്തിനും മറ്റും ഈ മാര്‍ഗം ഉപയോഗിച്ചുകൊണ്ടിരിക്കുകയുമാണ്. ഇന്ത്യയും നിഷേധാത്മക സമീപനമുപേക്ഷിച്ച് ഈ സംവിധാനം പ്രയോഗവത്കരിക്കാന്‍ തയാറാവണം. ദേശവത്കരണം നടന്ന് നാലു പതിറ്റാണ്ട് കഴിഞ്ഞിട്ടും 60 ശതമാനം ജനങ്ങളുടെ പണമിടപാടുകളും ബാങ്കുകള്‍ക്ക് പുറത്താണ് നടക്കുന്നത്. ബാങ്കിംഗ് രീതിയുടെ അപര്യാപ്തതയും പലിശയോടുള്ള വിപ്രതിപത്തിയുമാണ് ഇതിന്റെ കാരണങ്ങള്‍.
ഇസ്‌ലാമിക് ബാങ്കിംഗിനെ ഒരു മുസ്‌ലിം പ്രശ്‌നമായി കാണാതെ രാജ്യത്തെ പൗരന്റെ സാമ്പത്തിക പുരോഗതിക്കുള്ള മാര്‍ഗമെന്ന നിലക്കാണ് വിലയിരുത്തേണ്ടത്. ഇസ്‌ലാമിക ബാങ്കിംഗിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കോടതി വ്യക്തമാക്കിയ നിലക്ക് കേന്ദ്ര സര്‍ക്കാറും റിസര്‍വ് ബാങ്കും ഇത് നടപ്പിലാക്കാന്‍ മുന്‍കൈയെടുക്കണം. പലിശ രഹിത ബാങ്കിന്റെ ഗുണം എല്ലാ വിഭാഗം ജനങ്ങള്‍ക്കും ലഭിക്കണം. മലേഷ്യയില്‍ 40 ശതമാനവും ബ്രിട്ടനില്‍ 26 ശതമാനവും മുസ്‌ലിമേതര ഉപഭോക്താക്കളാണ് പലിശരഹിത ബാങ്കിംഗിന്റെ സേവനം ഉപയോഗിക്കുന്നത്.

കവികളെ അടച്ചാക്ഷേപിക്കരുത്
റഹ്മാന്‍ വാഴക്കാട്

മാപ്പിളപ്പാട്ടിന്റെ ആകാശവും അബൂസഹ്‌ലയുടെ നക്ഷത്ര കൊട്ടാരവും (ജനുവരി 21) വായിച്ചു. മാപ്പിളപ്പാട്ടിന്റെ ഭൂമികയില്‍ യു.കെയുടെ സംഭാവനയും സൗകുമാര്യതയും വിവരിക്കുന്ന ലേഖനത്തില്‍ എസ്.എ ജമീലിന്റെ ഫോട്ടോ നല്‍കിയത് എന്തിനാണെന്ന് വ്യക്തമായില്ല. ആ ലേഖനത്തില്‍ ഒരിടത്തും പ്രസ്തുത കവിയെ പരാമര്‍ശിക്കുകയോ വിമര്‍ശിക്കുകയോ ചെയ്യുന്നുമില്ല.
മാപ്പിളപ്പാട്ടില്‍ അശ്ലീലതയുടെ സാന്നിധ്യം അറിയിക്കാനാണ് ജമീലിന്റെ ഫോട്ടോ നല്‍കിയത് എന്ന് വരികള്‍ക്കിടയിലൂടെ വായിക്കാനാകും. ജമീലിന്റെ ചില ഗാനങ്ങളില്‍ ഇത്തരം പരാമര്‍ശങ്ങള്‍ കാണാന്‍ കഴിയും എന്നത് ശരിയാണ്. ഇത് ജമീലിന് മാത്രം അവകാശപ്പെട്ടതല്ല. മാപ്പിളപ്പാട്ട് കേസരികള്‍ എന്നറിയപ്പെടുന്ന നിരവധി കവികള്‍ എഴുതിയ പല വരികളും ഉദാഹരണത്തിന് പോലും ഇവിടെ പറയാന്‍ പറ്റാത്തവയാണ്.
ചില സന്ദര്‍ഭങ്ങളില്‍ ഒരുപക്ഷേ കവികള്‍ അത്തരം പദങ്ങള്‍ ഉപയോഗിച്ചിരിക്കാം. എല്ലാ പാട്ടുകളിലും അത്തരം പദങ്ങള്‍ വരണമെന്നില്ല. ഇത്തരം പാട്ടുകളാണ് പാടേണ്ടത് എന്ന് അവരാരും രേഖപ്പെടുത്തിയിട്ടുമില്ല. യു.കെയുടെ 'താമരപ്പൂവതില്‍ നറുമണം വിതറുമ്പോള്‍' എന്ന് തുടങ്ങുന്ന ഗാനത്തില്‍ വണ്ടിനെ എന്തിന്റെ സ്ഥാനത്താണ് പ്രതിഷ്ഠിച്ചിട്ടുള്ളത്? വണ്ടിന്റെ പ്രേമത്തെ സംബന്ധിച്ചും അതില്‍ പരാമര്‍ശിക്കുന്നു എന്നതുകൊണ്ട് യു.കെയുടെ മറ്റുള്ള ഗാനങ്ങള്‍ മോശമാണെന്നാണോ പറയേണ്ടത്!


ആബു സാഹിബിനെ ഓര്‍ക്കാമായിരുന്നു
പ്രഫ. എ.പി സുബൈര്‍ തലശ്ശേരി

ഗസാലി വിശേഷാല്‍ പതിപ്പിലൂടെ ഗൗരവമായ വായനാ വിരുന്നൊരുക്കിയ പ്രബോധനം അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. ശരാശരി വായനക്കാരനെ പോലും ഗസാലിയുടെ ചിന്തകളിലേക്കാകര്‍ഷിക്കുന്ന വിധത്തിലായിരുന്നു ഉള്ളടക്കം. ഖുര്‍ആന്‍, ഹദീസ് വിശേഷാല്‍ പതിപ്പുകളെ പോലെ എന്നും സൂക്ഷിച്ചുവെക്കാനുതകുന്ന ഗ്രന്ഥമായി ഈ വിശേഷാല്‍ പതിപ്പ്.
ഗസാലി മലയാളത്തില്‍ പരാമര്‍ശിക്കപ്പെട്ട സ്ഥലത്ത് ഒ. ആബു സാഹിബിനെ ഓര്‍ക്കാമായിരുന്നു. മലയാളി വായനക്കാര്‍ക്ക് വളരെ നേരത്തെ ഗസാലിയെ പരിചയപ്പെടുത്തിയത് അദ്ദേഹമായിരുന്നു. ഇമാം ഗസാലിയുടെ ജീവചരിത്രവും മതപരവും ധാര്‍മികവുമായ അധ്യാപനങ്ങളും അദ്ദേഹം എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നു.
____ 

ബഹുസ്വര സമൂഹത്തില്‍ ഇസ്‌ലാമിന്റെ പ്രതിനിധാനം ആലോചനാ വിഷയായ സന്ദര്‍ഭമാണിത്. ഇന്ത്യയെ പോലെ വൈവിധ്യ സമ്പന്നമായ ബഹുസ്വര സമൂഹത്തെ അഭിസംബോധന ചെയ്യുമ്പോള്‍ അവരുടെ ശ്രദ്ധ എളുപ്പം പിടിച്ചുപറ്റുന്ന പ്രസംഗ ഭാഷയും എഴുത്ത് ഭാഷയും ശൈലികളും രീതികളുമൊക്കെ വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. അത് കേവലം മുസ്‌ലിം സമുദായത്തെ മാത്രം അഭിസംബോധന ചെയ്യുംവിധമായിരിക്കില്ല. സാമ്പ്രദായികമായ പല പ്രയോഗങ്ങളും രീതികളും കൈയൊഴിക്കേണ്ടിവരും. പ്രസംഗകരും എഴുത്തുകാരും പുതുകാലം കണ്ടറിഞ്ഞുള്ള പരിശീലനം സ്വായത്തമാക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
പി.പി മുനീര്‍ / അഴിയൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം