Prabodhanm Weekly

Pages

Search

2019 ഏപ്രില്‍ 26

3099

1440 ശഅ്ബാന്‍ 20

പ്രതിവിപ്ലവങ്ങളെ മറികടക്കാനായില്ലെങ്കില്‍

ഒരേകാധിപതിയെ പുറന്തള്ളുക ദുഷ്‌കരമാണ്. പക്ഷേ അതിനേക്കാള്‍ ദുഷ്‌കരമാണ് അയാള്‍ക്ക് താങ്ങായി നില്‍ക്കുന്ന ഭരണസംവിധാനത്തെ പുറത്തെറിയുക എന്നത്. ആ സിസ്റ്റം മാറിയില്ലെങ്കില്‍ അതിന്റെ തലപ്പുത്തുള്ളവര്‍ മാറിക്കൊണ്ടിരിക്കുന്നതുകൊണ്ട് കാര്യമായ പ്രയോജനമൊന്നുമില്ല. പശ്ചിമേഷ്യയിലെ രണ്ടാംഘട്ട ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന അള്‍ജീരിയയിലെയും സുഡാനിലെയും ജനങ്ങള്‍ക്ക് ഇത് നന്നായിട്ടറിയാം. അതുകൊണ്ടാണ് തങ്ങളെ പതിറ്റാണ്ടുകളായി അടക്കിഭരിച്ചിരുന്ന അബ്ദുല്‍ അസീസ് ബൂതഫ്‌ലീഖ (അള്‍ജീരിയ)യും ഉമറുല്‍ ബശീറും (സുഡാന്‍) പുറത്താക്കപ്പെട്ടിട്ടും പ്രക്ഷോഭകര്‍ അടങ്ങിയിരിക്കാത്തത്. പകരം വരുന്നത് പുറത്താക്കപ്പെട്ട ഏകാധിപതികളുടെ സ്വന്തക്കാരോ ആജ്ഞാനുവര്‍ത്തികളോ ആകും, ഏറ്റവും ചുരുങ്ങിയത് ആ സ്വേഛാധിപത്യ ഭരണവ്യവസ്ഥയുടെ സംരക്ഷകരെങ്കിലുമാകും. അതുകൊണ്ടാണ് വരുന്ന ജൂലൈ 4-ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്താമെന്ന് അള്‍ജീരിയന്‍ സൈനിക നേതൃത്വം വാക്കുകൊടുത്തിട്ടും ജനം അത് അംഗീകരിക്കാതിരിക്കുന്നത്. പഴയ ഭരണവ്യവസ്ഥ അപ്പടി നിലനില്‍ക്കുമ്പോള്‍ നടത്തപ്പെടുന്ന തെരഞ്ഞെടുപ്പിന്റെ ഫലം എന്തായിരിക്കുമെന്ന് അള്‍ജീരിയക്കാര്‍ക്ക് നല്ല നിശ്ചയമുണ്ട്. അതുകൊണ്ടാണ് പഴയ സിസ്റ്റത്തിന്റെ സകല അവശിഷ്ടങ്ങളെയും പുറന്തള്ളണമെന്ന് അവര്‍ മുറവിളി കൂട്ടുന്നത്. ഈയൊരു യാഥാര്‍ഥ്യബോധത്തോടെ തന്നെയാണ് സുഡാനിലെ പ്രക്ഷോഭകരും മുന്നോട്ടു നീങ്ങുന്നത്. ഇത് ജനകീയ പ്രക്ഷോഭങ്ങളുടെ ഈ രണ്ടാം തരംഗത്തിന് കാമ്പും കരുത്തും നല്‍കുന്നു. സായുധപ്പോരാട്ടത്തിലേക്ക് വഴിമാറാതിരിക്കാനും പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന കൂട്ടായ്മകള്‍ ജാഗ്രത പുലര്‍ത്തുന്നു. സായുധപ്പോരാട്ടം ഏകാധിപതികള്‍ക്കും സൈനികത്തലവന്മാര്‍ക്കും കാര്യങ്ങള്‍ എളുപ്പമാക്കുമെന്ന തിരിച്ചറിവ് അവര്‍ക്കുണ്ട്.

പശ്ചിമേഷ്യന്‍ പ്രക്ഷോഭങ്ങളുടെ ഒന്നാം തരംഗത്തിലെന്ന പോലെ പ്രതിവിപ്ലവ ശക്തികളും അണിയറയില്‍ സജീവമായിട്ടുണ്ടെന്നു വ്യക്തം. ലിബിയയില്‍ ഖലീഫ ഹഫ്തറിനെ മുന്നില്‍ നിര്‍ത്തിയുള്ള ചരടുവലികള്‍ ഇതിന്റെ ഭാഗമാണ്. ലിബിയയുമായും സുഡാനുമായും അതിര്‍ത്തി പങ്കിടുന്ന ഈജിപ്ത് ഉപജാപക സംഘത്തിന്റെ കേന്ദ്രമാവുക സ്വാഭാവികം. സുഡാനിലെയും അള്‍ജീരിയയിലെയും ലിബിയയിലെയും സംഭവവികാസങ്ങള്‍ തന്റെ അധികാരക്കസേരക്കാണ് ആദ്യം ഇളക്കം തട്ടിക്കുക എന്ന് തിരിച്ചറിയാനുള്ള സാമാന്യ ബുദ്ധിയൊക്കെ ഈജിപ്തിലെ ഏകാധിപതി അബ്ദുല്‍ ഫത്താഹ് സീസിക്കുണ്ട്. അയല്‍നാടുകളില്‍ പ്രക്ഷോഭം കൊടുമ്പിരികൊണ്ടിരിക്കെ ഭരണഘടനാ ഭേദഗതിയിലൂടെ തന്റെ ഭരണകാലം പത്തു വര്‍ഷം കൂടി നീട്ടിയെടുത്തതിനെതിരെ അമര്‍ഷം പുകയുകയാണ്. ഇതിനെതിരെ ഇലക്‌ട്രോണിക് മീഡിയയില്‍ വന്ന 'ബാത്വില്‍' കാമ്പയിനില്‍, ഭരണകൂടത്തിന്റെ പലതരം അടിച്ചമര്‍ത്തലുകളുായിട്ടും രണ്ടര ലക്ഷത്തിലധികം പേരാണ് ഒപ്പു ചാര്‍ത്തിയത്. യു.എന്‍ അംഗീകാരമുള്ള ട്രിപ്പോളിയിലെ ഭരണകൂടത്തിനെതിരെ പടനയിക്കാന്‍ ഹഫ്തറിന് സകല കോപ്പുകളുമെത്തിക്കുന്ന (ലിബിയയുമായുള്ള ഈജിപ്തിന്റെ അതിര്‍ത്തി 1200 കി.മീറ്ററാണ്) സീസി തന്നെയാവും, സുഡാനിലും അള്‍ജീരിയയിലുമുണ്ടായേക്കാവുന്ന പ്രതിവിപ്ലവങ്ങളുടെ മുഖ്യ സൂത്രധാരനും. ഈ അട്ടിമറിശ്രമങ്ങളെ അതിജീവിച്ച് വിപ്ലവങ്ങളെ എങ്ങനെ ലക്ഷ്യത്തിലെത്തിക്കും എന്നതുതന്നെയാണ് പ്രക്ഷോഭകരുടെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (20-21)
എ.വൈ.ആര്‍

ഹദീസ്‌

ഹൃദയത്തില്‍നിന്നാണ് ആ കണ്ണീര്‍
വി.പി അസ്ഖലാനി