Prabodhanm Weekly

Pages

Search

2019 ഏപ്രില്‍ 19

3098

1440 ശഅ്ബാന്‍ 13

ഹദീസ്‌നിഷേധത്തിന്റെ അകവും പൊരുളും

ടി.കെ.എം ഇഖ്ബാല്‍

കേരളത്തില്‍ 1970-കളില്‍ ചേകനൂര്‍ മൗലവി വിത്തുപാകിയ സുന്നത്ത്‌നിഷേധ പ്രവണതകള്‍ ഇപ്പോള്‍ 'ഖുര്‍ആനിസ്റ്റുകള്‍' എന്ന പുതിയ കുടക്കീഴില്‍ പുനരവതരിച്ചിരിക്കുകയാണ്. 'ഖുര്‍ആനിസ്റ്റുകള്‍' എന്ന് സ്വയം വിശേഷിപ്പിക്കുന്നവരുടെ കൂട്ടത്തില്‍ ഹദീസിനെ പൂര്‍ണമായി തിരസ്‌കരിക്കുന്നവരും ഭാഗികമായി നിരാകരിക്കുന്നവരും പരസ്യമായി നിഷേധിക്കുന്നവരും സമുദായത്തില്‍ ഒറ്റപ്പെടും എന്നു ഭയന്ന് നിഷേധം രഹസ്യമാക്കിവെക്കുന്നവരും ഖുര്‍ആന്റെ 'മാനവിക' വായനകളിലൂടെ സുന്നത്ത്‌നിഷേധം ഒളിച്ചുകടത്തുന്നവരും എന്നിങ്ങനെ പലതരക്കാരുണ്ട്. ഖുര്‍ആന്‍ അംഗീകരിക്കുന്ന ഒരാള്‍ക്ക് ഖുര്‍ആന്റെ വ്യാഖ്യാതാവും പ്രയോക്താവും എന്ന് ഖുര്‍ആന്‍ തന്നെ വിശേഷിപ്പിക്കുന്ന നബിയുടെ ചര്യയെ നിഷേധിക്കാന്‍ സാധ്യമല്ല എന്നിരിക്കെ, 'ഖുര്‍ആനിസ്റ്റുകള്‍' എന്ന പദപ്രയോഗം തന്നെ പരമാബദ്ധമാണ്. ഇസ്‌ലാമിനകത്തുനിന്നുകൊണ്ടു തന്നെ മുസ്‌ലിംകളില്‍ ഇസ്‌ലാമിനെക്കുറിച്ച് സംശയവും ആശയക്കുഴപ്പവും സൃഷ്ടിക്കാന്‍ സുന്നത്ത്‌നിഷേധികള്‍ എടുത്തണിഞ്ഞ കപടമുഖമാണ് 'ഖുര്‍ആനിസം.'

ഹദീസ്‌നിഷേധം കേരളത്തില്‍ പൊട്ടിമുളച്ച ഒരു പ്രതിഭാസമല്ല. ഹിജ്‌റ രണ്ടാം നൂറ്റാണ്ടില്‍ ഖവാരിജുകളും മുഅ്തസിലികളുമാണ് ഇസ്‌ലാമിക ചരിത്രത്തില്‍ ആദ്യമായി സുന്നത്ത്‌നിഷേധ പ്രവണതക്ക് തുടക്കം കുറിച്ചതെന്ന് സുന്നത്തിന്റെ പ്രാമാണികത എന്ന ഗ്രന്ഥത്തില്‍ മൗലാനാ മൗദൂദി പറയുന്നുണ്ട്. 'ഖുര്‍ആനിസം' എന്ന പേരില്‍ ഇപ്പോള്‍ പ്രചരിക്കുന്ന ഹദീസ്‌നിഷേധ പ്രവണതകള്‍ ആഗോളമാനമുള്ളതാണ്. അറബ്‌ലോകത്ത് അടുത്ത കാലത്തായി ശക്തിപ്രാപിച്ച പുതിയതരം ചിന്താഗതികളുടെ അനുരണനങ്ങളാണ് കേരളത്തിലും നാം കാണുന്നത്.

വെളിപാടിന്റെ (വഹ്‌യ്) ഒരേയൊരു സ്രോതസ്സായി ഖുര്‍ആനിനെ കാണുകയും ഹദീസിന്റെ പ്രസക്തിയും ആധികാരികതയും ആവശ്യകതയും നിരാകരിക്കുകയുമാണ് 'ഖുര്‍ആനിസ്റ്റുകള്‍' പൊതുവെ ചെയ്യുന്നത്. ഖുര്‍ആന്‍ സ്വയം സമ്പൂര്‍ണമാണെന്നും അതിനെ വ്യാഖ്യാനിക്കാനും വിശദീകരിക്കാനും മറ്റൊരു സ്രോതസ്സിന്റെ ആവശ്യമില്ലെന്നുമാണ് അവരുടെ നിലപാട്.

സുന്നത്ത്‌നിഷേധത്തിന്റെ ചരിത്രം വിവരിക്കുന്ന കൂട്ടത്തില്‍ ഇസ്‌ലാമിക സമൂഹത്തില്‍ ഇത്തരം പ്രവണതകള്‍ ഉയര്‍ന്നുവരുന്നതിന്റെ കാരണങ്ങള്‍ മൗദൂദി അസാമാന്യമായ ക്രാന്തദര്‍ശിത്വത്തോടെ നിരീക്ഷിക്കുന്നുണ്ട്: ''വൈദേശിക ദര്‍ശനങ്ങളെയും അനിസ്‌ലാമിക സംസ്‌കാരങ്ങളെയും അഭിമുഖീകരിക്കേണ്ടി വന്നപ്പോള്‍ ഉടലെടുത്ത സ്വാപകര്‍ഷബോധവും പുറമെനിന്നുള്ള എന്തും യുക്തിയുക്തമെന്ന് ധരിച്ച് ഇസ്‌ലാമിനെ അവക്കൊപ്പിച്ച് പാകപ്പെടുത്താനുള്ള തിടുക്കവും'' (സുന്നത്തിന്റെ പ്രാമാണികത - മുഖവുര പേജ് 13).

''സുന്നത്തിനെ പുറന്തള്ളിക്കഴിഞ്ഞാല്‍ ശേഷിക്കുന്നത് ഖുര്‍ആന്റെ വചനങ്ങള്‍ മാത്രമായിരിക്കും, അവയ്ക്കു പിന്നില്‍ ഒരു കര്‍മമാതൃക ഉണ്ടാവുകയില്ല. വിശദീകരണമോ വ്യാഖ്യാനമോ പാരമ്പര്യമോ ഉദാഹരണങ്ങളോ ഒന്നും അവശേഷിക്കുകയില്ല. അതിനാല്‍ എങ്ങനെ വേണമെങ്കിലും ഖുര്‍ആനിക വചനങ്ങളെ വ്യാഖ്യാനിച്ചെടുക്കാന്‍ കഴിയും. അതോടെ ലോകത്തിലെ ഏത് ദര്‍ശന വ്യാഖ്യാനങ്ങളോടൊത്തും ദിനേനയെന്നോണം രൂപം മാറിക്കൊണ്ടിരിക്കുന്ന കുശവന്റെ കൈയിലെ കളിമണ്ണായി ഇസ്‌ലാം മാറിക്കൊള്ളും'' (അതേ പുസ്തകം, പേജ് 14).

മുസ്‌ലിം സമൂഹത്തില്‍ സുന്നത്തിന്റെ പ്രാമാണികതയെക്കുറിച്ച് സംശയങ്ങള്‍ ജനിപ്പിക്കാന്‍ ഹദീസ്‌നിഷേധികള്‍ സ്വീകരിക്കുന്ന തന്ത്രങ്ങള്‍ എല്ലാ കാലത്തും ഒന്നു തന്നെയായിരുന്നു. സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന ചില ചര്‍ച്ചകള്‍ ശ്രദ്ധിച്ചാല്‍ മൗദൂദിയുടെ വിശകലനം എത്ര കൃത്യവും പ്രവചനാത്മകവുമാണെന്ന് ബോധ്യപ്പെടും. ഹദീസ്ഗ്രന്ഥങ്ങളില്‍നിന്നും പ്രത്യക്ഷത്തില്‍ സംശയാസ്പദമെന്നും യുക്തിവിരുദ്ധമെന്നും തോന്നുന്ന ഹദീസുകള്‍ ചിക്കിപ്പെറുക്കിയെടുത്ത് പ്രചാരം നല്‍കുക, അത്തരം ഹദീസുകളിലൂടെ മുഴുവന്‍ ഹദീസുകളെക്കുറിച്ചും മുസ്‌ലിം മനസ്സുകളില്‍ സംശയങ്ങള്‍ സൃഷ്ടിക്കുക, ഖുര്‍ആനെ ഇസ്‌ലാമിക ദര്‍ശനത്തിന്റെയും നിയമങ്ങളുടെയും ഏക സ്രോതസ്സായി അവതരിപ്പിക്കുക, ഖുര്‍ആനിലെ മുഴുവന്‍ സാങ്കേതിക പദങ്ങളുടെയും അര്‍ഥം മാറ്റിമറിക്കുക, പൂര്‍വകാല മുഫസ്സിറുകളെയും മുജ്തഹിദുകളെയും ഫുഖഹാക്കളെയും തീര്‍ത്തും അവഗണിച്ചുകൊണ്ട് ഖുര്‍ആനിക വചനങ്ങള്‍ക്ക് സ്വന്തമായ വ്യാഖ്യാനങ്ങള്‍ നല്‍കുക. ഹദീസ്‌നിഷേധികള്‍ക്കുള്ള ഏറ്റവും ആധികാരികമായ മറുപടി എന്ന് വിശേഷിപ്പിക്കപ്പെടുന്ന തന്റെ ഗ്രന്ഥത്തില്‍ മൗദൂദി എണ്ണിപ്പറഞ്ഞ ഹദീസ് നിഷേധികളുടെ മേല്‍ തന്ത്രങ്ങള്‍ ഒരു മാറ്റവുമില്ലാതെ ഇപ്പോഴും തുടരുന്നതായാണ് കാണുന്നത്.

കേരളത്തില്‍ പലര്‍ക്കും സുന്നത്ത്‌നിഷേധം യുക്തിവാദത്തിലേക്ക് ചേക്കേറാനുള്ള ഇടത്താവളം ആണെന്നതാണ് പ്രായോഗികാനുഭവം. ഇത് യാദൃഛികമല്ല. എല്ലാ കാര്യങ്ങളുടെയും അവസാനവാക്ക് മനുഷ്യന്റെ പരിമിതവും വ്യക്തിനിഷ്ഠവുമായ ബുദ്ധിയും യുക്തിയും അനുഭവങ്ങളുമാണ് എന്ന തീര്‍പ്പില്‍ യുക്തിവാദികളും ഹദീസ്‌നിഷേധികളും യോജിച്ചു നില്‍ക്കുന്നതു കാണാം. സ്വന്തം യുക്തിയുപയോഗിച്ച് ഹദീസുകളെ തള്ളിക്കളയാനും ഖുര്‍ആന്‍ വചനങ്ങളെ വ്യാഖ്യാനിക്കാനും സുന്നത്ത്‌നിഷേധികള്‍ നടത്തുന്ന അഭ്യാസങ്ങള്‍ പരിഹാസ്യമായ അബദ്ധങ്ങളിലും വൈരുധ്യങ്ങളിലുമാണ് അവരെ കൊണ്ടെത്തിക്കുന്നത്. സുന്നത്തിനെ മാറ്റിനിര്‍ത്തിക്കൊണ്ട് ഖുര്‍ആനില്‍ ഗവേഷണം നടത്തി ഒരാള്‍ കണ്ടുപിടിച്ചത് ഹജ്ജ് റമദാന്‍ മാസത്തിലാണെന്ന്!

ജനിച്ചു വളര്‍ന്നതും ജീവിക്കുന്നതുമായ സാഹചര്യം, ഇസ്‌ലാമിനെക്കുറിച്ച അടിസ്ഥാനപരമായ അറിവിന്റെ കുറവ്, ഇസ്‌ലാമേതരമായ ആശയങ്ങളോടും ദര്‍ശനങ്ങളോടുള്ള ആഭിമുഖ്യം- ഇങ്ങനെ നിരവധി കാരണങ്ങളാല്‍ സ്വന്തം മതത്തെക്കുറിച്ച് അപകര്‍ഷബോധം കൊണ്ടുനടക്കുന്ന മുസ്‌ലിം സമുദായാംഗങ്ങളാണ് പലപ്പോഴും സുന്നത്ത്‌നിഷേധത്തിലേക്കും ഒടുക്കം മതനിഷേധത്തിലേക്കും എത്തിച്ചേരുന്നത്. യുക്തിവാദികളും സെക്യുലര്‍ ലിബറലുകളും അവരുടെ ഓരം ചേര്‍ന്ന് 'ഖുര്‍ആനിസ്റ്റുകള്‍' എന്ന് അവകാശപ്പെടുന്നവരും നടത്തിക്കൊണ്ടിരിക്കുന്ന ഇസ്‌ലാംവിരുദ്ധ പ്രചാരവേലകളില്‍ വീണുപോകുന്നവരാണ് ഇവരില്‍ അധികവും.

മുസ്‌ലിം പൗരോഹിത്യത്തിന്റെ ജീര്‍ണതകളും മുസ്‌ലിംകളുടെ മേല്‍വിലാസത്തില്‍ ലോകത്തിന്റെ പലഭാഗങ്ങളില്‍ നടക്കുന്ന തീവ്രവാദ, ഭീകരവാദ പ്രവണതകളും അതേക്കുറിച്ച നിറംപിടിപ്പിച്ച മീഡിയാ പ്രചാരണങ്ങളും കണ്ട് മനംമടുത്ത ഈയാളുകള്‍ ഇസ്‌ലാമിനകത്തു നിന്നുകൊണ്ടു തന്നെ ഒരു രക്ഷാകവചം കണ്ടെത്താനുള്ള ശ്രമത്തിനിടയിലാണ് ഇതിനെല്ലാം ഉത്തരവാദി ഹദീസ് ഗ്രന്ഥങ്ങളാണ് എന്ന പ്രചാരവേലയില്‍ അകപ്പെടുന്നത്. ഇവരുടെ മനസ്സില്‍ ഉയരുന്ന നിരവധി ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കാന്‍ സാമ്പ്രദായിക മുസ്‌ലിം പണ്ഡിതന്മാര്‍ക്ക് പലപ്പോഴും കഴിയാതെ പോകുന്നു എന്നതും ഇവരെ വഴിതെറ്റിക്കുന്ന ഒരു പ്രധാന ഘടകമാണ്. യുക്തിവാദികളും സുന്നത്ത്‌നിഷേധികളും ഹദീസ് ഗ്രന്ഥങ്ങളില്‍നിന്ന് ചിക്കിപ്പെറുക്കിയെടുത്ത് എറിഞ്ഞുകൊടുക്കുന്ന ചില ഹദീസുകള്‍ അവരെ ആശയക്കുഴപ്പത്തില്‍ അകപ്പെടുത്തുകയും ഹദീസുകളെ മുഴുവന്‍ സംശയിക്കുന്ന തലത്തിലേക്ക് അത് വളരുകയും ചെയ്യുന്നു. അടുത്ത ഘട്ടം, ഹദീസുകളെ വിട്ട് സ്വന്തം ബുദ്ധിക്കും യുക്തിക്കും യോജിച്ച വിധത്തില്‍ ഖുര്‍ആനെ വ്യാഖ്യാനിക്കാനും വിശദീകരിക്കാനുമുള്ള ശ്രമങ്ങളാണ്. ഖുര്‍ആനെയും ഹദീസിനെയും ആധികാരികമായി മനസ്സിലാക്കാനുള്ള കാര്യമായ ഒരു ശ്രമവും നടത്താതെയാണ്, മറ്റ് സ്രോതസ്സുകളില്‍നിന്ന് ലഭിക്കുന്ന ഉപരിപ്ലവമായ ധാരണകള്‍ വെച്ചുകൊണ്ട് ഇവര്‍ തീര്‍പ്പുകള്‍ കല്‍പിക്കുന്നതും പലതരം വ്യാഖ്യാനജാടകളില്‍ വീണുപോകുന്നതും. മൗദൂദി പറയുന്നതുപോലെ, വിവരക്കുറവും വിവരമില്ലായ്മയുടെ ഹുങ്കുമാണ് ഇവരുടെ മുഖ്യമായ കൈമുതല്‍. ഏതു മുസ്‌ലിമിനും മുസ്‌ലിം അല്ലാത്തവര്‍ക്കും വായിക്കാനും പഠിക്കാനുമുള്ളതാണ് ഖുര്‍ആനും ഹദീസും. അതിന്റെ പഠനവും വായനയും പണ്ഡിതന്മാരില്‍ പരിമിതപ്പെടുത്തുന്നത് പൗരോഹിത്യതാല്‍പര്യങ്ങളാണ്. പക്ഷേ, ഒരു മതത്തിന്റെ ആധികാരിക സ്രോതസ്സുകളെ വ്യാഖ്യാനിക്കാനും വിശദീകരിക്കാനും കേവല വായനക്കപ്പുറം ചില അടിസ്ഥാന യോഗ്യതകള്‍ ആവശ്യമുണ്ട് എന്ന വസ്തുത പലപ്പോഴും വിസ്മരിക്കപ്പെടുന്നു. സോഷ്യല്‍ മീഡിയ അറിവിന്റെ കുത്തകവല്‍ക്കരണത്തെ തകര്‍ത്തതോടൊപ്പം അറിവിന്റെ വിശ്വാസയോഗ്യതയും ആധികാരികതയും വലിയ ഒരു പരിധിവരെ ഇല്ലാതാക്കിയിരിക്കുന്നു എന്നു പറയാം. അവിടെ വാളെടുത്തവരൊക്കെയും വെളിച്ചപ്പാടാണ്. ഈയൊരു അവസ്ഥ ഇസ്‌ലാമിനെക്കുറിച്ച ചര്‍ച്ചകളിലും സംവാദങ്ങളിലും നിഴലിച്ചുകാണാം.

പൂര്‍വികരായ മുഫസ്സിറുകളെയും ഹദീസ്പണ്ഡിതന്മാരെയും കണ്ണടച്ച് തള്ളിക്കളയുന്ന വിധം യുക്തിഭ്രമം ബാധിച്ചവര്‍, സുന്നത്ത്‌നിഷേധികളായ ഏതെങ്കിലും 'ഖുര്‍ആനിസ്റ്റ്' വ്യാഖ്യാതാക്കളെ കണ്ണടച്ച് തഖ്‌ലീദ് ചെയ്യുന്നവരായിരിക്കും എന്നതാണ് വലിയൊരു വൈരുധ്യം! ഇസ്‌ലാമും ഖുര്‍ആനും മനസ്സിലാക്കാനുള്ള അവരുടെ ഒരേയൊരു സ്രോതസ്സ് ഈ വ്യാഖ്യാതാക്കളായിരിക്കും. ഖുര്‍ആനിന്റെ പുതിയ വായനകള്‍ എന്ന രീതിയില്‍ മലയാളത്തില്‍ ഇപ്പോള്‍ അവതരിപ്പിക്കപ്പെടുന്ന പലതും ഇംഗ്ലീഷിലോ അറബിയിലോ ഉര്‍ദുവിലോ വര്‍ഷങ്ങള്‍ക്കു മുമ്പ് പലരും എഴുതിവെച്ചതിന്റെ തനിപ്പകര്‍പ്പുകള്‍ മാത്രമാണ്.

ഹദീസിനെ നിരാകരിച്ചുകൊണ്ട് ഖുര്‍ആനെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുമ്പോള്‍ അനിവാര്യമായും നിരവധി വൈരുധ്യങ്ങളിലും ആശയക്കുഴപ്പങ്ങളിലും ഈയാളുകള്‍ അകപ്പെടുന്നതു കാണാം. അവരുടെ വ്യക്തിജീവിതത്തിലും അതിന്റെ പ്രതിഫലനമുണ്ടാവും. ഒരു മുസ്‌ലിം പ്രാഥമികമായി അനുഷ്ഠിക്കേണ്ട നമസ്‌കാരം പോലും നേരെച്ചൊവ്വേ അനുഷ്ഠിക്കാന്‍ അവര്‍ക്ക് കഴിയാതെ വരും. ഖുര്‍ആനില്‍ നമസ്‌കാരത്തിന്റെ വിശദമായ രൂപം അവര്‍ക്ക് കാണാന്‍ സാധ്യമല്ലെന്നിരിക്കെ, മുസ്‌ലിംകള്‍ കാലാകാലമായി അനുഷ്ഠിച്ചുവരുന്നതും നബി(സ) കാണിച്ചുകൊടുത്തതുമായ നമസ്‌കാരത്തിന്റെ സുന്നത്ത് അവര്‍ പിന്തുടരേണ്ടി വരും. മുസ്‌ലിം സമൂഹം ഏകകണ്ഠമായി അംഗീകരിച്ച, തര്‍ക്കമില്ലാത്ത ഹദീസുകളിലൂടെയാണ് ഈ സുന്നത്ത് പരിരക്ഷിക്കപ്പെട്ടിരിക്കുന്നതും, തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നതും. നബിയുടെ സുന്നത്ത് അംഗീകരിക്കുന്നില്ലെങ്കില്‍ പിന്നെ നമസ്‌കാരത്തിന് സ്വന്തമായ രൂപവും രീതിയും കണ്ടെത്താന്‍ അവര്‍ നിര്‍ബന്ധിതരായിത്തീരും. ഒരു മുസ്‌ലിം നിത്യജീവിതത്തില്‍ അനുഷ്ഠിക്കേണ്ട ഇസ്‌ലാമിന്റെ എല്ലാ പ്രായോഗിക നിയമ നിര്‍ദേശങ്ങളുടെ കാര്യത്തിലും ഈ പ്രതിസന്ധി അവര്‍ നേരിടേണ്ടി വരും. ഇത് കേവലം ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ഒതുങ്ങിനില്‍ക്കുന്നതുമല്ല. കാരണം സുന്നത്ത് അഥവാ പ്രവാചകചര്യ  വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും ജീവിതത്തെ മുഴുവന്‍ ചൂഴ്ന്നുനില്‍ക്കുന്നതാണ്. പ്രവാചകകാലം മുതല്‍ ഇന്നോളം ഇസ്‌ലാമിക സമൂഹം അവരുടെ ജീവിതത്തെ ആവിഷ്‌കരിക്കുന്നതും രൂപീകരിക്കുന്നതും ഖുര്‍ആനിന്റെയും അതിന്റെ വിശദീകരണമായ സുന്നത്തിന്റെയും അടിസ്ഥാനത്തിലാണ്. ഈ പ്രതിസന്ധി മറികടക്കാന്‍ സുന്നത്ത്‌നിഷേധികള്‍ക്ക് ഒരു മാര്‍ഗമേയുള്ളൂ; ശരീഅത്തിനെ ഇസ്‌ലാമില്‍നിന്ന് വേര്‍പ്പെടുത്തുകയും മതത്തെ ചില മൂല്യങ്ങളുടെയും ദര്‍ശനങ്ങളുടെയും സമാഹാരമായി ചുരുക്കുകയും ചെയ്യുക. ജീവിതത്തിലെ പ്രായോഗിക പാഠങ്ങള്‍ പഠിപ്പിക്കാന്‍ വേണ്ടിയല്ല പ്രവാചകന്‍ വന്നതെന്നും അതൊക്കെ അതത് കാലത്തെ ബുദ്ധിയും യുക്തിയും ഉപയോഗിച്ച് ക്രമപ്പെടുത്തേണ്ടതാണ് എന്നുമുള്ള ന്യായത്തിന്റെ പുറത്താണ് അവരിത് ചെയ്യുക. ഇസ്‌ലാമിലെ അനുഷ്ഠാനങ്ങളെയും മൂല്യങ്ങളെയും പരസ്പരബന്ധമില്ലാത്ത കാര്യങ്ങളായി അവതരിപ്പിക്കലും ആചാരങ്ങള്‍ ഭിന്നമായിരിക്കെത്തന്നെ, എല്ലാ മതങ്ങളുടെയും മൂല്യങ്ങള്‍ ഏകമാണെന്നുള്ള സിദ്ധാന്തം ചമയ്ക്കലും ഈ രീതിശാസ്ത്രത്തിന്റെ ഭാഗമാണ്. മനുഷ്യജീവിതത്തിലെ ഏറ്റവും സൂക്ഷ്മമായ കാര്യങ്ങളില്‍ പോലും മാര്‍ഗദര്‍ശനം നല്‍കുന്നു എന്ന ഇസ്‌ലാമിന്റെ വ്യതിരിക്തതയെ ഒരു വൈകല്യമായി അവതരിപ്പിക്കലാണ് സുന്നത്ത്‌നിഷേധികളുടെ രീതി. കുളിയും പല്ലുതേപ്പും ആഹാരരീതിയും പഠിപ്പിക്കാനല്ല പ്രവാചകന്‍ വന്നതെന്നും ഇത്രയും ചെറിയ കാര്യങ്ങളിലേക്ക് പ്രവാചക ദൗത്യത്തെ ചുരുക്കിക്കെട്ടരുത് എന്നും കവിഞ്ഞ പ്രവാചകസ്‌നേഹത്തോടെ അവര്‍ പറയും. പക്ഷേ, പറഞ്ഞുവരുമ്പോള്‍ ഖുര്‍ആന്റെയും പ്രവാചകന്റെയും ദൗത്യം എല്ലാ മതങ്ങള്‍ക്കും പൊതുവായിട്ടുള്ള ചില മൂല്യങ്ങളുടെ പ്രസരണത്തില്‍ ചെന്നവസാനിക്കുകയാണ് ചെയ്യുക. കുളിയും പല്ലുതേപ്പും മാത്രമല്ല, കുടുംബവും രാഷ്ട്രീയവും ഭരണവും സാമൂഹിക ജീവിതവുമൊക്കെ ഇസ്‌ലാമിന്റെ ആശയ പരിസരത്തുനിന്ന് പയ്യെപ്പയ്യെ അപ്രത്യക്ഷമാവും. തൗഹീദിന്റെയും രിസാലത്തിന്റെയും ആഖിറത്തിന്റെയും അര്‍ഥവും ഉദ്ദേശ്യവും അട്ടിമറിക്കപ്പെടും. മോക്ഷം, സ്വര്‍ഗം, നരകം തുടങ്ങിയവയെക്കുറിച്ച ഖുര്‍ആന്റെ ആശയങ്ങള്‍ക്ക് ഖുര്‍ആന് തീര്‍ത്തും വിരുദ്ധമായ പുതിയ വ്യാഖ്യാനങ്ങള്‍ വരും. ഒടുക്കം, ഖുര്‍ആന്‍ ഒരു ക്ലാസിക് കൃതി കണക്കെ വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യാവുന്ന പുസ്തകമായി ചുരുങ്ങുകയും മൗദൂദി പറഞ്ഞപോലെ ഇസ്‌ലാം 'കുശവന്റെ കൈയിലെ കളിമണ്ണാ'യി മാറുകയും ചെയ്യും. ഇതാണ് പല നവീന ഖുര്‍ആന്‍ വ്യാഖ്യാനങ്ങളുടെയും അകംപൊരുള്‍.

സുന്നത്ത് അഥവാ ഇസ്‌ലാമിന്റെ പ്രായോഗിക മാതൃക നിഷേധിക്കപ്പെടുന്നതോടെ വ്യക്തിജീവിതത്തില്‍നിന്ന് ഇസ്‌ലാമിന്റെ ചിഹ്നങ്ങളും അടയാളങ്ങളും അപ്രത്യക്ഷമാവും എന്നതാണ് ഹദീസ്‌നിഷേധത്തിന്റെ സ്വാഭാവിക പരിണതി. സുന്നത്ത്‌നിഷേധികള്‍ക്ക് ഖുര്‍ആന്‍ ബൗദ്ധിക വ്യായാമത്തിന്റെ ഒരു ഉപകരണം മാത്രമായി ചുരുങ്ങും. സ്വന്തം യുക്തിയിലും ജ്ഞാനത്തിലും അമിതമായ വിശ്വാസം അര്‍പ്പിച്ചുകൊണ്ട് അവര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ഖുര്‍ആനില്‍തന്നെ അവര്‍ക്ക് ഉത്തരം കണ്ടെത്താന്‍ ആവാതെ വരും. ചരിത്രത്തില്‍നിന്ന് വേര്‍പ്പെടുത്തി ഖുര്‍ആനെ വായിക്കാന്‍ ശ്രമിക്കുമ്പോള്‍, അഴിക്കാനാവാത്ത കുരുക്കുകളില്‍ അവര്‍ സ്വയം അകപ്പെടും. അറിഞ്ഞോ അറിയാതെയോ ഇസ്‌ലാമിന്റെ ശത്രുക്കളുടെ ചട്ടുകങ്ങളായി മാറുന്ന പല ഹദീസ്‌നിഷേധികളും ഒടുവില്‍ പച്ചയായ മതനിഷേധത്തില്‍ അഭയം കണ്ടെത്തുന്നത് ഇത്തരം സംഘര്‍ഷങ്ങളുടെ പരിണതിഫലമായാണ്.

യുക്തിവാദികളായാലും ഹദീസ്‌നിഷേധികളായാലും അവരുടെ കൈയിലെ പ്രധാന ആയുധം സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്താന്‍ സഹായകമായതോ ആ രീതിയില്‍ അവര്‍ വ്യാഖ്യാനിക്കുന്നതോ ആയ കുറേ ഹദീസുകളാണ്. യുക്തിവാദികള്‍, ഹദീസുകള്‍ക്കു പുറമെ, ഖുര്‍ആന്‍ സൂക്തങ്ങളെയും പ്രവാചക ചരിത്രത്തിന്റെ ഓറിയന്റലിസ്റ്റ് വായനകളെയും കൂട്ടുപിടിക്കും എന്ന വ്യത്യാസമേയുള്ളൂ. മുസ്‌ലിം പണ്ഡിതന്മാര്‍ ഇത്തരം ഹദീസുകളുടെ നേരെ പുലര്‍ത്തുന്ന നിസ്സംഗതയാണ് പലപ്പോഴും സുന്നത്ത്‌നിഷേധികള്‍ക്ക് വളം വെച്ചുകൊടുക്കുന്നത്. ഈ ഹദീസുകള്‍ ഒന്നും തന്നെ ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസ ആദര്‍ശങ്ങളുമായി ബന്ധപ്പെട്ടതല്ല എന്നത് ശരിയാണ്. ഈ വിഷയത്തിലുള്ള പണ്ഡിതന്മാരുടെ മൗനം വ്യാജ ഹദീസുകള്‍ക്കുള്ള അംഗീകാരമായി വ്യാഖ്യാനിക്കപ്പെട്ടേക്കാം. അതുകൊണ്ടുതന്നെ ഹദീസ് നിദാനശാസ്ത്രത്തിന്റെ ടൂളുകള്‍ ഉപയോഗിച്ച് ഇത്തരം ഹദീസുകളെ വിശകലനവിധേയമാക്കാനും അവ തള്ളേണ്ടതാണോ കൊള്ളേണ്ടതാണോ എന്ന കാര്യത്തില്‍ അഭിപ്രായം പറയാനുമുള്ള ആര്‍ജവം പണ്ഡിതന്മാര്‍ കാണിക്കേണ്ട കാലം വൈകി. സുന്നത്ത്‌നിഷേധികള്‍ പ്രത്യക്ഷയുക്തിയും മുന്‍വിധികളും ഉപയോഗിച്ച് വിമര്‍ശനവിധേയമാക്കുന്ന ഇത്തരം ഹദീസുകളില്‍ പലതും സ്വീകാര്യയോഗ്യമാണെങ്കില്‍ തന്നെയും അവയെ ശരിയായ രീതിയില്‍ വ്യാഖ്യാനിക്കുകയും വിശദീകരിക്കുകയും വേണ്ടതുണ്ട്. ആധികാരികമായ വിശകലനങ്ങളിലൂടെ അത് ചെയ്യേണ്ട ബാധ്യതയും പണ്ഡിതന്മാര്‍ക്ക് തന്നെയാണ്. സുന്നത്ത് നിഷേധത്തില്‍ മൂടുറച്ചു പോയവര്‍ക്ക് ഈ വിശദീകരണങ്ങള്‍ ഫലം ചെയ്തുകൊള്ളണം എന്നില്ലെങ്കിലും സത്യാന്വേഷികള്‍ക്ക് അത് പ്രയോജനപ്പെടും.

സോഷ്യല്‍ മീഡിയയുടെ കാലത്ത് ഇസ്‌ലാമിനെക്കുറിച്ച് ഉന്നയിക്കപ്പെടുന്ന പുതിയ പുതിയ ചോദ്യങ്ങളുടെ നേരെ, കുറേക്കൂടി പ്രായോഗികവും ധൈഷണികവും യുക്തിഭദ്രവുമായ നിലപാടുകള്‍ മുസ്‌ലിം പണ്ഡിതന്മാരുടെയും ചിന്തകരുടെയും ഭാഗത്തുനിന്ന് ഉണ്ടായെങ്കിലേ, ഹദീസ്‌നിഷേധം ഉള്‍പ്പെടെയുള്ള പ്രവണതകളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയൂ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (17-19)
എ.വൈ.ആര്‍

ഹദീസ്‌

ദുന്‍യാവിനെ ജീവിത ദര്‍ശനമാക്കുന്നവര്‍
മുഹമ്മദ് ഇര്‍ശാദ് ടി. ഒളവണ്ണ