Prabodhanm Weekly

Pages

Search

2019 ഏപ്രില്‍ 19

3098

1440 ശഅ്ബാന്‍ 13

അള്‍ജീരിയ വിജയിക്കുന്ന പ്രക്ഷോഭം

റാതിബ് ശഅ്ബൂ

ഇതുവരെയുള്ള കാര്യം പറയുകയാണെങ്കില്‍, അള്‍ജീരിയന്‍ പ്രക്ഷോഭം ഒരു വിജയഗാഥയാണ്. അറബ് വസന്തകാലത്ത് തൊട്ടടുത്തുള്ളതോ അകലെയുള്ളതോ ആയ രാജ്യങ്ങളിലൊന്നും ഇങ്ങനെയൊരു രാഷ്ട്രീയ മാറ്റം നാം കണ്ടിട്ടില്ല. തെരുവുകളില്‍ സമാധാനപരമായി നടന്നുകൊണ്ടിരുന്ന കൂറ്റന്‍ ജനകീയ റാലികളുടെ സമ്മര്‍ദത്താലാണ് അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് ബൂതഫ്‌ലീഖക്ക് താന്‍ അഞ്ചാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് പ്രഖ്യാപിക്കേണ്ടി വന്നത്. ഇത് പ്രഖ്യാപിക്കുമ്പോഴും അദ്ദേഹം പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നില്ല. സ്ഥാനത്ത് തുടര്‍ന്നുകൊണ്ട് തെരഞ്ഞെടുപ്പ് അനന്തമായി നീട്ടിവെക്കുകയായിരുന്നു. തെരുവിലിറങ്ങിയ ജനം ഇതിലെ അപകടം പെട്ടെന്ന് തിരിച്ചറിഞ്ഞു. പ്രക്ഷോഭം കൂടുതല്‍ ശക്തമായി. ഈയൊരു പരിണാമം പ്രസിഡന്റിന്റെ കൊട്ടാരം പ്രതീക്ഷിച്ചിരുന്നില്ല. അങ്ങനെ തന്റെ നാലാം പ്രസിഡന്റ് കാലാവധി തീരുന്ന ഏപ്രില്‍ 28-ന് മുമ്പു തന്നെ രാജിവെച്ചൊഴിയേണ്ടി വന്നു അദ്ദേഹത്തിന്. ചീഫ് ഓഫ് സ്റ്റാഫ് ആയ അഹ്മദ് ഖായിദ് സ്വാലിഹ് കടുപ്പിച്ച് പറയുക കൂടി ചെയ്തപ്പോള്‍ ബൂതഫ്‌ലീഖക്ക് പിന്നെ മറ്റു വഴികളൊന്നുമുണ്ടായിരുന്നില്ല.

അറബ് വസന്ത പ്രക്ഷോഭങ്ങളും അള്‍ജീരിയന്‍ പ്രക്ഷോഭവും തമ്മില്‍ വ്യത്യാസപ്പെടുന്നത്, ഇത് ഒരൊറ്റ ആവശ്യത്തെ കേന്ദ്രീകരിച്ച് രൂപപ്പെട്ടതാണ് എന്നതാണ്. ഒരൊറ്റ മുദ്രാവാക്യമേ അവര്‍ ഉയര്‍ത്തിയുള്ളൂ; 'അഞ്ചാം തവണയും പ്രസിഡന്റാകാന്‍ സമ്മതിക്കില്ല.' ഇതിന്റെ പ്രത്യേകത എന്താണെന്നു വെച്ചാല്‍, ലക്ഷ്യം വളരെ കൃത്യമാണ്; പ്രായോഗികവുമാണ്. ഇനിയും മത്സരിക്കില്ലെന്നു പറഞ്ഞ് ബൂതഫ്‌ലീഖ രാജിവെച്ചൊഴിഞ്ഞാല്‍ പ്രശ്‌നം തീര്‍ന്നു. വലിയ ജനസ്വീകാര്യതയാണ് ഈ മുദ്രാവാക്യത്തിന് ലഭിച്ചത്. കാരണം, ആരോഗ്യപരമായി രാജ്യത്തെ നയിക്കാന്‍ തീരെ ഫിറ്റല്ല നിലവിലെ പ്രസിഡന്റ്. വര്‍ഷങ്ങളായി അദ്ദേഹം വീല്‍ ചെയറിലാണ്. ജനങ്ങളുമായി സംസാരിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലാണ്. നാലാം തവണ പ്രസിഡന്റായി മത്സരിക്കുമ്പോഴും അദ്ദേഹം വീല്‍ ചെയറില്‍ തന്നെയായിരുന്നു. അന്നും ശക്തമായ ജനരോഷം ഉയര്‍ന്നതാണ്. അഞ്ചാം തവണയും മത്സരിക്കുമ്പോള്‍ അത് കൂടുതല്‍ ശക്തമാകുമെന്ന് പ്രതീക്ഷിച്ചിരുന്നതുമാണ്. രണ്ട് സുപ്രധാന സവിശേഷതകള്‍ ഈ പ്രക്ഷോഭത്തിനുണ്ടെന്ന് കാണാന്‍ കഴിയും: ഒന്ന്, അള്‍ജീരിയയില്‍ തലങ്ങും വിലങ്ങും പ്രക്ഷോഭം പടര്‍ന്നു. രണ്ട്, ഭരണത്തെയും സൈന്യത്തെയും വേര്‍തിരിക്കുന്ന രേഖ വരച്ചുവെച്ചു. അങ്ങനെയൊരു വിഭജനം വളരെ ദുഷ്‌കരം തന്നെയായിരുന്നു.

'സാംസ്‌കാരിക ഔന്നത്യം' കൈവിടാതെയാണ് അള്‍ജീരിയന്‍ സൈന്യം പ്രക്ഷോഭകരുമായി ഇടപെട്ടത്. ഏഴാഴ്ച പിന്നിട്ട പ്രക്ഷോഭത്തിന്റെ ആവശ്യമോ, പ്രസിഡന്റിനെ പുറത്താക്കണമെന്നതും. പക്ഷേ, പ്രക്ഷോഭകര്‍ ലക്ഷ്യം നേടിയെടുത്തത് ഒരിറ്റ് രക്തം പോലും ചിന്താതെ! ആവശ്യം പരിമിതം ആയിരുന്നതിനാല്‍ അള്‍ജീരിയന്‍ സുരക്ഷാ ഏജന്‍സികള്‍ സംയമനം പാലിച്ചതാകാം. തെരുവിലെ വന്‍ പ്രക്ഷോഭങ്ങള്‍ക്ക് ഭരണകൂടത്തിലും ഭിന്നതയുണ്ടാക്കാനായി എന്നത് മറ്റൊരു കാരണം. രണ്ട് പ്രധാന അധികാര കേന്ദ്രങ്ങളെയും അത് പിടിച്ചുലച്ചു. പ്രസിഡന്റിന്റെ ഓഫീസാണ് ഒരു അധികാര കേന്ദ്രം. രഹസ്യാന്വേഷണ സംവിധാനത്തെയാകെ 2015-ല്‍ തന്റെ ഓഫീസിനു കീഴില്‍ കൊണ്ടുവന്നിരുന്നു ബൂതഫ്‌ലീഖ. രണ്ടാമത്തെ അധികാരകേന്ദ്രം സൈന്യമാണ്. പ്രസിഡന്റിന്റെ കൊട്ടാരത്തില്‍നിന്ന് സ്വതന്ത്രമായാണ് അതിന്റെ നില്‍പ്പ്. അതിനെയും തന്റെ വരുതിയില്‍ കൊണ്ടുവരാനും ചീഫ് ഓഫ് സ്റ്റാഫിനെ പുറത്താക്കാനും ബൂതഫ്‌ലീഖ ശ്രമിച്ചെങ്കിലും നടന്നില്ല. നേരത്തേ രഹസ്യാന്വേഷണ വിഭാഗം പ്രതിരോധ വകുപ്പിനു കീഴിലായിരുന്നു. അതിനെ പ്രസിഡന്റിന്റെ ഓഫീസിനു കീഴിലാക്കിയ തീരുമാനം ബൂതഫ്‌ലീഖ രാജിവെച്ചതോടെ റദ്ദാക്കുകയും ചെയ്തു. രഹസ്യാന്വേഷണ വിഭാഗം തലവനും ബൂതഫ്‌ലീഖയുടെ സ്വന്തം ആളുമായ മേജര്‍ ജനറല്‍ ഉസ്മാന്‍ ത്വര്‍ത്വാഖിനെ പുറത്താക്കുകയും ചെയ്തിരിക്കുന്നു. ഇപ്പോഴതിനെ വീണ്ടും രാജ്യരക്ഷാവകുപ്പിനു കീഴില്‍ കൊണ്ടുവന്നിരിക്കുകയാണ്.

അഞ്ചാം തവണ മത്സരിക്കുന്നതില്‍നിന്ന് പ്രക്ഷോഭകര്‍ ബൂതഫ്‌ലീഖയെ തടയുക മാത്രമല്ല, പ്രസിഡന്റ് കാലാവധി തീരാന്‍ ദിവസങ്ങള്‍ ബാക്കിയുള്ളപ്പോള്‍, ഏപ്രില്‍ 2-ന് ആ പദവിയില്‍നിന്ന് ഇറക്കി വിടുകയും ചെയ്തു. ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് തെരുവിലെ പ്രക്ഷോഭകര്‍ ഇനിയും സമ്മര്‍ദങ്ങള്‍ തുടരാനാണ് സാധ്യത. പ്രസിഡന്റ് പദവി ഒഴിഞ്ഞ ശേഷമുള്ള വെള്ളിയാഴ്ച അതാണ് നാം കണ്ടത്. 'മൂന്ന് വൈറസുകളെ' ഒഴിവാക്കണമെന്നായിരുന്നു അന്ന് ഉയര്‍ത്തിയ മുദ്രാവാക്യം. ഒന്നാമത്തെ 'വൈറസ്:' അബ്ദുല്‍ ഖാദിര്‍ ബിന്‍ സ്വാലിഹ് (പതിനാറ് വര്‍ഷമായി പാര്‍ലമെന്റ് സ്പീക്കറായി തുടരുന്ന ബൂതഫ്‌ലീഖയുടെ വലംകൈ). രണ്ട്: ത്വയ്യിബ് ബന്‍ഈസ് (ബൂതഫ്‌ലീഖാ ഗാംഗിലെ മറ്റൊരു പ്രമുഖന്‍. ഭരണഘടനാ സമിതിയുടെ അധ്യക്ഷന്‍). മൂന്ന്: നൂറുദ്ദീന്‍ ബദവി (ആഭ്യന്തരമന്ത്രിയായിരുന്നയാള്‍. പ്രക്ഷോഭം നടക്കുമ്പോള്‍ ഇയാളെ ബൂതഫ്‌ലീഖ പ്രധാനമന്ത്രിയാക്കിയിരുന്നു). അള്‍ജീരിയന്‍ തെരുവുകള്‍ ഇനിയും ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കും; പൂര്‍വ ഭരണത്തിന്റെ അവശിഷ്ടങ്ങളെ തുടച്ചുനീക്കും വരെ.

ഇതുവരെയുള്ള അള്‍ജീരിയന്‍ പ്രക്ഷോഭത്തിന്റെ വിജയം, അത് എല്ലാ അര്‍ഥത്തിലും ജനകീയവും തീര്‍ത്തും സമാധാനപരവും ആയിരുന്നു എന്നതാണ്. എല്ലാ തരക്കാരും അതില്‍ പങ്കാളികളാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും നേതൃത്വത്തിലല്ല അത് നടക്കുന്നത്. ഭരണകൂടത്തിന്റെ ഇംഗിതം നടപ്പാക്കുന്നതിനു പകരം സൈന്യം അതിന്റെ സ്വതന്ത്ര അസ്തിത്വം നിലനിര്‍ത്തി എന്നതാണ് ഏറ്റവും നിര്‍ണായകമായത്. ലേഖനത്തില്‍ ഇടക്കിടെ 'ഇതുവരെ' എന്ന് പ്രയോഗിക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചുകാണുമല്ലോ. അതായത് സൈന്യവും ജനങ്ങളും ഒന്നിച്ചു പോകുന്ന ഈ സ്ഥിതിവിശേഷം അധികകാലം തുടര്‍ന്നുകൊള്ളണമെന്നില്ല. ബൂതഫ്‌ലീഖയെ പുറത്താക്കിയ അതേ സൈന്യം തന്നെയാവും ഭരണകൂടത്തെ രക്ഷിക്കാനും മുന്നിട്ടിറങ്ങുക. ഈജിപ്തില്‍ സംഭവിച്ചത് ഇവിടെയും സംഭവിക്കാനുള്ള സാധ്യതകളുണ്ട്. പ്രക്ഷോഭത്തിന് ഇപ്പോള്‍ കൃത്യമായ നേതൃത്വമില്ല. പുതിയ സംവിധാനത്തെക്കുറിച്ച സംഭാഷണങ്ങള്‍ വരുമ്പോള്‍, പല വ്യവസ്ഥകളും സ്വീകരിക്കാന്‍ 'ഭരണചക്ര'ത്തിന് മുമ്പാകെ ആവശ്യമുയരും. അല്ലെങ്കില്‍ ബദല്‍ രാഷ്ട്രീയ സംവിധാനങ്ങള്‍ സമര്‍പ്പിക്കപ്പെടും. അത് ഫ്രാന്‍സിലെ 'മഞ്ഞക്കുപ്പായ' പ്രക്ഷോഭത്തിന് സമാനമായ ഒരു അന്തരീക്ഷം അള്‍ജീരിയയില്‍ സൃഷ്ടിച്ചുകൂടായ്കയില്ല. ആഭ്യന്തരകലാപം രൂക്ഷമായ 'കറുത്ത പതിറ്റാണ്ടി' (അല്‍ അശ്‌രിയ്യത്തുസ്സൗദാഅ്)ന്റെ ഓര്‍മകളിലേക്ക് അത് അള്‍ജീരിയയെ തിരിച്ചു നടത്തിച്ചേക്കാം. അപ്പോള്‍ 'അള്‍ജീരിയന്‍ സമൂഹ'ത്തെ രക്ഷിക്കാന്‍ പ്രക്ഷോഭം അടിച്ചമര്‍ത്തേണ്ടതുണ്ടെന്ന് സൈന്യം കണക്കുകൂട്ടിയേക്കാം.

ഇങ്ങനെയൊക്കെയാണ് വരാനിരിക്കുന്നതെങ്കില്‍ മറ്റൊരു ഇരുളടഞ്ഞ തുരങ്കത്തിലേക്കാവും അള്‍ജീരിയ പ്രവേശിക്കുക. ഇത്തരമൊരു ഇരുളടഞ്ഞ തുരങ്കത്തില്‍നിന്ന് അള്‍ജീരിയയെ രക്ഷപ്പെടുത്തി എന്ന ഖ്യാതി സ്വന്തമാക്കിയ ബൂതഫ്‌ലീഖ രണ്ട് പതിറ്റാണ്ടുകള്‍ക്കു ശേഷം മറ്റൊരു ഇരുള്‍ തുരങ്കത്തിലേക്ക് അള്‍ജീരിയയെ തള്ളിവിടാന്‍ കാരണമായി എന്നായിരിക്കും അപ്പോഴത്തെ വിലയിരുത്തല്‍. സമാധാനപരമായ പ്രക്ഷോഭം സായുധ സംഘട്ടനത്തിലേക്ക് വഴിമാറിയതിനും (സിറിയ), ജനകീയ പ്രക്ഷോഭത്തെ സൈന്യം അടിച്ചമര്‍ത്തിയതിനും (ഈജിപ്തിലെ റാബിഅ അദവിയ്യ) തൊട്ടടുത്ത നാടുകളില്‍ തന്നെ ഉദാഹരണങ്ങളുണ്ട്. അതിനാല്‍ കൃത്യമായ ഒരു കര്‍മപദ്ധതി ആവിഷ്‌കരിക്കാന്‍ അള്‍ജീരിയന്‍ പ്രക്ഷോഭകര്‍ക്ക് കഴിയേണ്ടതുണ്ട്. പ്രക്ഷോഭകരുടെ ലക്ഷ്യങ്ങള്‍ക്കു വേണ്ടി സംസാരിക്കുന്ന വിശ്വാസ്യതയുള്ള ഒരു നേതൃത്വവും അവര്‍ക്ക് ഉണ്ടാകണം. അപ്പോഴേ തെരുവിലെ ജനകീയ പ്രക്ഷോഭങ്ങളെ രാഷ്ട്രീയ ശക്തിയാക്കി മാറ്റിത്തീര്‍ക്കാനാവുകയുള്ളൂ. അള്‍ജീരിയന്‍ ഭരണചക്രവുമായുള്ള ഒരേറ്റുമുട്ടലായി അത് മാറരുത്. അത് സംഭവിച്ചാല്‍ മുമ്പ് സംഭവിച്ചതൊക്കെ ആവര്‍ത്തിക്കും. പഴയ ശക്തികള്‍ തന്നെ അധികാരത്തില്‍ പിടിമുറുക്കുകയും ചെയ്യും.

(സിറിയന്‍ പ്രതിപക്ഷ നിരയിലുള്ള രാഷ്ട്രീയ നിരീക്ഷകനാണ് ലേഖകന്‍).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (17-19)
എ.വൈ.ആര്‍

ഹദീസ്‌

ദുന്‍യാവിനെ ജീവിത ദര്‍ശനമാക്കുന്നവര്‍
മുഹമ്മദ് ഇര്‍ശാദ് ടി. ഒളവണ്ണ