Prabodhanm Weekly

Pages

Search

2019 ഏപ്രില്‍ 19

3098

1440 ശഅ്ബാന്‍ 13

പ്രതീക്ഷയോടെ, പ്രാര്‍ഥനയോടെ

എം.ഐ അബ്ദുല്‍ അസീസ് ( അമീര്‍, ജമാഅത്തെ ഇസ്‌ലാമി കേരള)

1948 ഏപ്രില്‍ 16-ന് മൗലാനാ അബുല്ലൈസ് ഇസ്വ്‌ലാഹി നദ്‌വിയുടെ നേതൃത്വത്തില്‍ പുനഃസംഘടിപ്പിക്കപ്പെട്ട ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനത്തെ ഇനി നയിക്കുക സയ്യിദ് സആദത്തുല്ല ഹുസൈനി, അല്ലാഹു അക്ബര്‍.

ചുമതലയേറ്റെടുത്ത് നടത്തിയ പ്രഭാഷണത്തില്‍ സയ്യിദ് ഹുസൈനി പറഞ്ഞ വാക്കുകള്‍ ആവേശഭരിതമാണ്: ''ഇസ്‌ലാമിക പ്രസ്ഥാനം ധാരാളം പ്രതിസന്ധികളിലൂടെ കടന്നുപോകുന്നുവെന്നതിനര്‍ഥം അതിലധികം സാധ്യതകളും തുറന്നുകിടക്കുന്നുവെന്നാണ്, അങ്ങനെയാണ് ചരിത്രപാഠം.'' ഇസ്‌ലാമിക പ്രസ്ഥാനത്തെ കരുത്തോടെ നയിക്കാന്‍ അല്ലാഹു അമീറേ ജമാഅത്തിന് ശക്തിയേകട്ടെ.

ഏറെ ആവേശകരമായിരുന്നു 2019 ഏപ്രില്‍ മൂന്ന് മുതല്‍ ഏഴ് വരെ ദല്‍ഹിയില്‍ നടന്ന കേന്ദ്ര പ്രതിനിധിസഭായോഗം. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഇന്നലെകളെ സംബന്ധിച്ച നിശിതമായ വിലയിരുത്തലുകള്‍ക്കും ഭാവിയില്‍ പറന്നുയരേണ്ട വിശാലാകാശങ്ങളെ കുറിച്ച സംവാദങ്ങള്‍ക്കും യോഗം വേദിയായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ പ്രസ്ഥാനനേതാക്കളോടും പണ്ഡിതന്മാരോടുമുള്ള സഹവാസം ആത്മീയവും പ്രാസ്ഥാനികവുമായ അനുഭൂതി സമ്മാനിക്കുന്നതായിരുന്നു. കരുത്തും യോഗ്യതയുമുള്ള പുതുതലമുറയിലെ വലിയൊരു നിര പ്രതീക്ഷ നല്‍കുന്നതാണ്. ജമാഅത്തെ ഇസ്‌ലാമിയില്‍ വര്‍ധിച്ചുവരുന്ന സ്ത്രീ പങ്കാളിത്തം വിളിച്ചോതുന്ന വിധത്തില്‍ നാല്‍പ്പതിനടുത്ത് വനിതാ അംഗങ്ങളും പ്രതിനിധിസഭയിലുണ്ടായിരുന്നു.

പന്ത്രണ്ടു വര്‍ഷം നീണ്ട ഭാരവാഹിത്വത്തിനു ശേഷമാണ് സയ്യിദ് ജലാലുദ്ദീന്‍ അന്‍സര്‍ ഉമരി പുതിയ തലമുറയിലേക്ക് പ്രസ്ഥാന നേതൃത്വം കൈമാറുന്നത്. ജമാഅത്തെ ഇസ്‌ലാമിയുടെ ചരിത്രത്തിലെ സുപ്രധാനമായ പല ചുവടുവെപ്പുകള്‍ക്കും സാക്ഷ്യം വഹിച്ച പ്രവര്‍ത്തന കാലയളവായിരുന്നു, ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പണ്ഡിതനായ ജലാലുദ്ദീന്‍ ഉമരി സാഹിബിന്റെ നേതൃത്വത്തില്‍ പ്രസ്ഥാനം പിന്നിട്ടത്. വിശേഷിച്ചും ജനാധിപത്യത്തിന്റെ മൗലിക പ്രതിസന്ധികളെ ആശയപരമായി നേരിട്ട് പ്രയാണമാരംഭിച്ച പ്രസ്ഥാനം ജനാധിപത്യവ്യവസ്ഥിതിയോട് കൂടുതല്‍ മൂര്‍ത്തമായി സംവദിക്കാനുള്ള പ്രായോഗിക നടപടികളിലേക്ക് കാലെടുത്തുവെച്ചത് ഇക്കാലയളവിലായിരുന്നു. അവധാനതയും പക്വതയും ഒത്തുചേര്‍ന്ന അന്‍സര്‍ ഉമരിയുടെ നേതൃത്വമാണ് ആ വികാസഘട്ടത്തെ അതിജീവിക്കാന്‍ കരുത്തേകിയത്. പ്രായത്തിന്റെ ബലഹീനതകളെ അവഗണിച്ച് ചുറുചുറുക്കോടെ അദ്ദേഹം ഇസ്‌ലാമിക പ്രസ്ഥാനത്തെ നയിച്ചു. കഴിഞ്ഞ മീഖാത്തില്‍ പലതവണ കേരളം സന്ദര്‍ശിച്ചപ്പോഴെല്ലാം അദ്ദേഹത്തിന്റെ നേതൃപാടവം അനുഭവിച്ചറിഞ്ഞിട്ടുണ്ട്. സംസ്ഥാന ഉത്തരവാദിത്തമുള്ളയാളെന്ന നിലക്ക് അദ്ദേഹത്തിന്റെ പിതൃതുല്യമായ വാത്സല്യത്തിന് പാത്രമാകാനും എനിക്ക് ഭാഗ്യമുണ്ടായി.

ആറു പതിറ്റാണ്ടിലധികമായി ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സിരാകേന്ദ്രങ്ങളിലുള്ള, വാര്‍ധക്യത്തെയും അനാരോഗ്യത്തെയും അവഗണിച്ച ടി.കെ അബ്ദുല്ലാ സാഹിബിന്റെ പ്രതിനിധിസഭായോഗത്തിലെ ആവേശകരമായ മുഴുസമയ സാന്നിധ്യം സന്തോഷകരമായിരുന്നു. പുതുതലമുറക്ക് ഏറെ മാതൃകയുണ്ട് അഭിവന്ദ്യനായ ടി.കെയുടെ പ്രാസ്ഥാനിക പ്രതിബദ്ധതയില്‍. അല്ലാഹു അദ്ദേഹത്തിന് ദീര്‍ഘായുസ്സും ആരോഗ്യവും നല്‍കുമാറാകട്ടെ. 

പുതിയ അഖിലേന്ത്യാ അമീര്‍ രണ്ടു തവണ സ്റ്റുഡന്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്റെ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു. സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ ചിന്തകളെ കാലാനുസൃതമായി മുന്നോട്ടു കൊണ്ടുപോകാനുള്ള ധൈഷണികശേഷി നാല്‍പത്താറുകാരനായ എസ്.എസ് ഹുസൈനിക്കുണ്ടെന്ന് അദ്ദേഹത്തെ വായിക്കുന്ന ആര്‍ക്കും ബോധ്യപ്പെടും. ആഗോളതലത്തില്‍ ഉയര്‍ന്നുവരുന്ന പുതിയ ആശയാവലികളെയും പല രീതിയില്‍ പടരുന്ന അതിന്റെ അടരുകളെയും സൂക്ഷ്മമായി പരിശോധിക്കാനും പ്രാസ്ഥാനികവും ഇസ്‌ലാമികവുമായി അവയെ വിശകലനം ചെയ്യാനുമുള്ള അദ്ദേഹത്തിന്റെ ശേഷിയും ആര്‍ജവവും അസാമാന്യമാണ്. ചിന്തയും പഠനവും സാധനയാക്കിയെടുത്ത, എന്നാല്‍ കര്‍മമണ്ഡലത്തില്‍ അവിശ്രമം നിറഞ്ഞുനില്‍ക്കുന്ന വ്യക്തിത്വമാണദ്ദേഹത്തിന്റേത്. സയ്യിദ് ഹുസൈനിയുടെ നേതൃത്വത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനം പുതിയ മേച്ചില്‍പുറങ്ങള്‍ കണ്ടെത്തുമെന്നുറപ്പ്, അല്ലാഹു അനുഗ്രഹിക്കട്ടെ.

ബഹുമാന്യനായ ടി. ആരിഫലി സാഹിബാണ് സെക്രട്ടറി ജനറല്‍. പണ്ഡിതന്‍, പ്രഭാഷകന്‍ എന്നൊക്കെ അദ്ദേഹത്തെ വിശേഷിപ്പിക്കാം. പക്ഷേ, വ്യക്തികളെ ഉള്‍ക്കൊള്ളുന്നതിലും കൈകാര്യം ചെയ്യുന്നതിലും ഇത്രമേല്‍ വൈദഗ്ധ്യവും സംഘാടകശേഷിയുമുള്ള വ്യക്തിത്വങ്ങള്‍ അപൂര്‍വമായിരിക്കും. വിദ്യാര്‍ഥി പ്രസ്ഥാനം മുതല്‍ ഇത്രയും നേതൃചുമതലകള്‍ വഹിച്ചവര്‍ അധികമുണ്ടാവില്ല. കേരളത്തില്‍ ഒരു ദശാബ്ദം അദ്ദേഹം ഇസ്‌ലാമിക പ്രസ്ഥാനത്തെ നയിച്ചു. പിന്നീട്, ഡോ. അബ്ദുല്‍ ഹഖ് അന്‍സാരി അമീറായിരിക്കെ പ്രഫ. സിദ്ദീഖ് ഹസന്‍ സാഹിബിന്റെ നേതൃത്വത്തില്‍ തുടക്കമിട്ട ബൃഹത്തായ വിഷന്‍ പദ്ധതിക്ക് മികവോടെ തുടര്‍ച്ച നല്‍കി. അല്ലാഹു തൃപ്തിപ്പെടുന്ന വിധത്തില്‍ പുതിയ ചുമതലകള്‍ നിര്‍വഹിക്കാന്‍ അല്ലാഹു അദ്ദേഹത്തെയും അനുഗ്രഹിക്കട്ടെ. 

എഞ്ചിനീയര്‍ മുഹമ്മദ് സലീം, മുഹമ്മദ് ജഅ്ഫര്‍, എസ്. അമീനുല്‍ ഹസന്‍ എന്നീ അസിസ്റ്റന്റ് അമീറുമാരും പ്രഗത്ഭര്‍ തന്നെ; എസ്.ഐ.ഒവിലൂടെ ജമാഅത്തിന്റെ നേതൃനിരയിലേക്ക് പരിപക്വതയോടെ കടന്നുവന്നവര്‍. സയ്യിദ് ജലാലുദ്ദീന്‍ ഉമരി, ടി.കെ അബ്ദുല്ല, റഫീഖ് ഖാസിമി തുടങ്ങിയ മുതിര്‍ന്ന തലമുറയും അബ്ദുല്‍ ജബ്ബാര്‍ സിദ്ദീഖി, മലിക് മുഅ്തസിം ഖാന്‍ തുടങ്ങിയ പുതുതലമുറയുമുള്‍ക്കൊള്ളുന്നതാണ് പുതിയ കേന്ദ്ര കൂടിയാലോചനാ സമിതി-മജ്‌ലിസ് ശൂറാ. പുതിയ കാലത്തെ വായിക്കാനും നേതൃത്വത്തിന്റെ വലംകൈയുകളാകാനും അവര്‍ക്ക് സാധിക്കും. പണ്ഡിതനും പ്രഭാഷകനും എഴുത്തുകാരനും സ്ഥിരോല്‍സാഹിയുമായ ഡോ. അബ്ദുസ്സലാം അഹ്മദ് സാഹിബ് കേരളത്തില്‍നിന്നുള്ള പുതിയ കേന്ദ്ര മജ്‌ലിസ് ശൂറാ അംഗമാണ്. എല്ലാവരുടെയും ഉത്തരവാദിത്തം ഭാരിച്ചതാണ്. യഥാവിധി അവ നിര്‍വഹിക്കാന്‍ പടച്ചവന്‍ അനുഗ്രഹിക്കട്ടെ. 

കേരളത്തിലെ പ്രസ്ഥാന പ്രവര്‍ത്തനങ്ങളെ ഏറെ മതിപ്പോടെയാണ് അഖിലേന്ത്യാ നേതൃത്വവും ഇതര സംസ്ഥാനങ്ങളിലെ പ്രവര്‍ത്തകരുമെല്ലാം എന്നും നോക്കിക്കണ്ടിട്ടുള്ളത്. കേരളത്തേക്കാളുപരി അഖിലേന്ത്യാതലത്തില്‍ പ്രവര്‍ത്തിക്കുക എന്നത് വലിയ ത്യാഗവും സന്നദ്ധതയും ആവശ്യപ്പെടുന്നതാണ്. അഖിലേന്ത്യാ തലത്തില്‍ ഇനിയും കേരളത്തിന്റെ സജീവ സാന്നിധ്യം അനിവാര്യമാണ്. സമര്‍പ്പണമനസ്സോടെ, ആവശ്യമായ പാഥേയമൊരുക്കി പുതിയ തലമുറ അതിന് തയാറാകേണ്ടതുണ്ട്. പ്രാര്‍ഥനക്കൊപ്പം ഉത്തരേന്ത്യന്‍ മണ്ണില്‍ ചടുലമായ പ്രവര്‍ത്തനവും കാഴ്ചവെക്കാന്‍ നമുക്കാവണം. 

ലോകവും രാജ്യവും മുസ്‌ലിം സമൂഹവുമെല്ലാം കടുത്ത വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന സാഹചര്യമാണ്. ദിശാബോധം നല്‍കാന്‍ തീര്‍ച്ചയായും നമ്മുടെ നേതാക്കള്‍ക്ക് സാധിക്കും. അവര്‍ക്ക് നമ്മുടെ പിന്തുണയുണ്ടാവണം, പ്രാര്‍ഥനയും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (17-19)
എ.വൈ.ആര്‍

ഹദീസ്‌

ദുന്‍യാവിനെ ജീവിത ദര്‍ശനമാക്കുന്നവര്‍
മുഹമ്മദ് ഇര്‍ശാദ് ടി. ഒളവണ്ണ