Prabodhanm Weekly

Pages

Search

2019 ഏപ്രില്‍ 12

3097

1440 ശഅ്ബാന്‍ 06

പൊങ്ങച്ചത്തിന്റെ കുതിരപ്പുറത്ത് ശതകോടീശ്വര വിവാഹ മാമാങ്കങ്ങള്‍

റഹ്മാന്‍ മധുരക്കുഴി

മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയും പിരാമല്‍ വ്യവസായ ഗ്രൂപ്പ് തലവന്‍ അജയ് പിരാമലിന്റെ മകന്‍ ആനന്ദും തമ്മിലുള്ള വിവാഹം ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഉദയ്പൂരില്‍ നടന്നു. ഒരാഴ്ച നീണ്ട വിവാഹാഘോഷത്തിന് വാരിയെറിഞ്ഞത് 100 ദശലക്ഷം ഡോളര്‍ (720 കോടി രൂപ). കോടികള്‍ ഇടിച്ചുതള്ളിയായിരുന്നു വിവാഹ നിശ്ചയവും. വിവാഹ ക്ഷണപത്രത്തിന് മൂന്ന് ലക്ഷം! 5100 പേര്‍ പങ്കെടുത്ത ചടങ്ങുകളില്‍ ബോളിവുഡ് താരങ്ങളുടെ നിറസാന്നിധ്യം. അതിഥികളെ സ്വര്‍ണം പൂശിയ പ്രത്യേക ബോക്‌സ് നല്‍കിയാണ് സ്വീകരിച്ചത്.

വിവാഹത്തോടനുബന്ധിച്ച് ഗംഭീര വിരുന്നൊരുക്കാന്‍ പോപ് ഗായിക ബിയോണ്‍ സെകിന് നല്‍കിയത് 28 കോടി രൂപ. അതിഥികള്‍ക്ക് പറക്കാന്‍ 200 ചാര്‍ട്ടേഡ് വിമാനങ്ങള്‍. പിന്നെ 44 സ്ഥിരം സര്‍വീസുകളും. ഉദയ്പൂരിലും ചുറ്റുമുള്ള പഞ്ചനക്ഷത്ര ഹോട്ടലുകളെല്ലാം ആഘോഷങ്ങള്‍ക്കായി നേരത്തേ ബുക്ക് ചെയ്തുവത്രെ. അതിഥികള്‍ക്കായി വിവിധയിനം ആഡംബര കാറുകള്‍ മുന്‍കൂട്ടി ഒരുക്കി നി

ര്‍ത്തിയിരുന്നു. വിവാഹാനന്തരം ദമ്പതികള്‍ക്ക് സുഖവാസത്തിന് 50000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള 14000 കോടി വില വരുന്ന ആഡംബര ബംഗ്ലാവ്. ബംഗ്ലാവ് പുതുക്കിപ്പണിയാന്‍ 5 വര്‍ഷം വേണ്ടിവന്നു.

കര്‍ണാടകയിലെ ഖനി മാഫിയ തലവനും മുന്‍ മന്ത്രിയുമായ ഗാലി ജനാര്‍ദന റെഡ്ഡി 500 കോടി പൊടിച്ചാണ് തന്റെ മകളുടെ വിവാഹം കെങ്കേമമാക്കിയത്. ബംഗളൂരു പാലസ് ഗ്രൗണ്ടില്‍ പ്രത്യേകം തയാറാക്കിയ പന്തലിലായിരുന്നു വിവാഹം. 150 കോടി രൂപയാണ് വിജയനഗര സാമ്രാജ്യത്തിന്റെ കൊട്ടാര മാതൃകയില്‍ മകള്‍ ബ്രാഹ്മിണിയുടെ വിവാഹ പന്തലിന് മാത്രം ചെലവിട്ടത്. വധു അണിഞ്ഞ സാരിക്ക് 17 കോടി രൂപ! ബംഗളൂരു നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ അതിഥികള്‍ക്കായി 1500 ലക്ഷ്വറി മുറികള്‍. അവരെ കല്യാണ പന്തലിലേക്ക് ആനയിക്കാന്‍ 2000 ആഡംബര ടാക്‌സി കാറുകള്‍. പാലസ് ഗ്രൗണ്ടില്‍ 15 ഹെലിക്കോപ്റ്ററുകള്‍.

30 ദശലക്ഷം ഡോളര്‍ ചെലവഴിച്ചാണ് ഉരുക്ക് വ്യവസായി ലക്ഷ്മി മിത്തല്‍ മകള്‍ വാനിഷയുടെ വിവാഹം പൊടിപൊടിച്ചത്. 2006-ല്‍ നടന്ന മിത്തല്‍ വിവാഹം ലണ്ടനിലായിരുന്നു. ഇന്ത്യക്കാര്‍ ലോകം പിടിച്ചടക്കിയിരിക്കുന്നുവെന്ന് ഇംഗ്ലീഷുകാരെ ബോധ്യപ്പെടുത്താനായി ബെര്‍സയില്‍സ് കൊട്ടാരത്തിന്റെ അര്‍ധഭാഗം വാടകക്കെടുത്തായിരുന്നു മിത്തലിന്റെ വിവാഹമാമാങ്കം.

ലാളിത്യത്തിന്റെ പ്രതീക

മായി ആര്‍.എസ്.എസ് നേതൃത്വം വിശേഷിപ്പിക്കാറുണ്ടായിരുന്ന നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരിയുടെ മകന്റെ വിവാഹം നടന്നത് 'തിളങ്ങുന്ന' ഇന്ത്യയില്‍. വി.വി.ഐ.പികള്‍ക്കായി ചാര്‍ട്ടര്‍ ചെയ്തത് 22 വിമാനങ്ങളും 14 ഹെലിക്കോപ്റ്ററുകളും. നാഗ്പൂരിലെ എല്ലാ പ്രധാന ഹോട്ടലുകളും ലോഡ്ജുകളും നൂറുകണക്കിന് സ്വകാര്യ കാറുകളും വിവാഹത്തിനായി ബുക്ക് ചെയ്തിരുന്നു. താന്‍ ഈ കല്യാണത്തിന് പത്തു കോടി നല്‍കി എന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ തന്റെ ഡയറിയില്‍ എഴുതിവെച്ചു എന്നാണല്ലോ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം. 

ഒരു ശരാശരി ഇന്ത്യന്‍ വിവാഹത്തിന് നാലായിരം അമേരിക്കന്‍ ഡോളര്‍ മുതല്‍ 4 ലക്ഷം ഡോളര്‍ വരെ ചെലവാകുന്നുണ്ടെന്നാണ് സര്‍വേ റിപ്പോര്‍ട്ട്. അമേരിക്കയിലെ വമ്പന്‍ വിവാഹങ്ങളുടെ നിലവാരത്തിലേക്ക് ഇന്ത്യന്‍ ഉപരിവര്‍ഗ വിവാഹങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞുവത്രെ. ലോകത്ത് ഏറ്റവും കൂടുതല്‍ ഹണിമൂണ്‍ യാത്രകള്‍ ദരിദ്ര ഇന്ത്യയില്‍നിന്നാണെന്ന് സര്‍വേ റിപ്പോര്‍ട്ടുകള്‍ വിളിച്ചു പറയുന്നു.

കേരളത്തിലെ വിവാഹങ്ങളുടെ മൊത്തം വാര്‍ഷിക ചെലവ് 6,876 കോടി രൂപ വരുമെന്നാണ് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സര്‍വേയില്‍ പറയുന്നത്. വിവാഹദിവസം ധരിക്കുന്ന വധുവിന്റെ സാരിക്ക് മാത്രം 75000 മുതല്‍ ഒരു ലക്ഷം വരെ രൂപ  ചെലവഴിക്കുന്നവരുണ്ട്. 

രാജ്യത്തെ 67 ശതമാനം പേരും പ്രാഥമിക ജീവിതാവശ്യം പോലും നിര്‍വഹിക്കാന്‍ കഴിവില്ലാത്തവരാണ്. 88 കോടി ജനങ്ങള്‍ 20 രൂപ പോലും നിത്യ വരുമാനമില്ലാത്തവര്‍. കയറിക്കിടക്കാന്‍ കൊച്ചു കൂര പോലുമില്ലാത്തവര്‍ തലസ്ഥാന നഗരിയായ ന്യൂദല്‍ഹിയില്‍ മാത്രം 14 ലക്ഷം! കര്‍ഷക ലക്ഷങ്ങള്‍ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്ന ഇത്തരമൊരു നാട്ടില്‍ പട്ടിണിപ്പാവങ്ങളെ കൊഞ്ഞനം കുത്തി ആഡംബര വിവാഹങ്ങള്‍ പൊടിപൊടിക്കുന്ന സാമൂഹികദ്രോഹികളായ അതിസമ്പന്ന പരിഷകളെ പിടിച്ചുകെട്ടാന്‍ കോര്‍പ്പറേറ്റ് പ്രീണനം ജീവിതശൈലിയാക്കിയവര്‍ക്ക് സാധ്യമാവുമെന്ന് കരുതേണ്ടതില്ല.  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (15-16)
എ.വൈ.ആര്‍