Prabodhanm Weekly

Pages

Search

2019 ഏപ്രില്‍ 12

3097

1440 ശഅ്ബാന്‍ 06

ബോസ്‌നിയന്‍ സ്ത്രീകള്‍ നടന്നുകയറിയ തീമലകള്‍

പി.ടി യൂനുസ് ചേന്ദമംഗല്ലൂര്‍

[യാത്ര-5 ]

അതിമനോഹരമാണ് ബോസ്‌നിയന്‍ ഭൂപ്രകൃതി. ഋതുഭേദങ്ങളില്‍ വസ്ത്ര വര്‍ണങ്ങള്‍ മാറ്റിച്ചമയുന്ന തൊടികളും താഴ്‌വരകളും. വിനോദ സഞ്ചാരികളുടെ പറുദീസയായ സ്വിസ് ആല്‍പൈന്‍ തടങ്ങളോട് കിടപിടിക്കുന്ന മായിക ഭൂസൗന്ദര്യം. തെക്കന്‍ ഹെര്‍സഗോവിന പ്രദേശങ്ങളേക്കാള്‍ മധ്യ-ഉത്തര ബോസ്‌നിയന്‍ ദേശത്തിന് വശ്യത കൂടും.

സരയാവോ നഗരത്തിന് വടക്ക്, മധ്യ ബോസ്‌നിയന്‍ പ്രവിശ്യയായ 'യായിഷ്' നഗരത്തിലേക്കാണ് യാത്ര. സുന്ദരമായ ഭൂചിത്ര തലങ്ങളിലൂടെ കയറിയും ഇറങ്ങിയും ഞങ്ങള്‍ വഴിമധ്യേയുള്ള 'വിറ്റിസ്' നഗരത്തിലെത്തി. മധ്യ ബോസ്‌നിയയിലെ വാണിജ്യ നഗരം. നഗരം പകുത്ത് നീങ്ങുന്ന പ്രധാന പാതയുടെ വശങ്ങളില്‍ കച്ചവടസ്ഥാപനങ്ങളും ചെറുകിട വ്യവസായ ശാലകളും അവയുടെയൊക്കെ പരസ്യപ്പലകകളും. ഞങ്ങളുടെ യാത്രാവേഗത്തില്‍ പിന്നോട്ടോടി മറയുന്ന വിരസമായ നഗര ദൃശ്യങ്ങള്‍. അവയില്‍ കണ്ണുടക്കി നിര്‍ത്താനാവാതെ മയക്കത്തിലേക്ക് വഴുതവെ പൊടുന്നനെ, വഴിയോരത്ത് നാട്ടിവെച്ചൊരു കൊടിമരത്തില്‍ ഉയര്‍ന്നു പാറുന്ന ക്രൊയേഷ്യന്‍ പതാക ജനല്‍പുറ കാഴ്ചയില്‍ തെളിഞ്ഞു മറഞ്ഞു.

''ഡാനീ, ഇവിടം ക്രൊയേഷ്യന്‍ പ്രവിശ്യയാണോ?'' എന്റെ മനസ്സുണര്‍ന്നു.

''ക്രൊയേഷ്യന്‍ പ്രവിശ്യയല്ല. പ്രദേശവാസികളില്‍ മഹാഭൂരിപക്ഷം ക്രോട്ട് വംശജരാണ്. ക്രൊയേഷ്യയിലേക്ക് മാത്രം നോക്കിയിരിക്കുന്നവര്‍.''

ബോസ്‌നിയന്‍ വംശരാഷ്ട്രത്തിന്റെ മറ്റൊരിടനാഴികയിലേക്ക് ഡാനി വാതില്‍ തുറക്കുകയായിരുന്നു. ബോസ്‌നിയയിലെ ജനംസംഖ്യാ ക്രമത്തില്‍ മൂന്നാമത്തെ പ്രധാന വംശകൂട്ടായ്മയാണ് കത്തോലിക്ക ക്രിസ്ത്യന്‍ വിശ്വാസികളായ ക്രോട്ട് വംശജര്‍. ജനസംഖ്യയുടെ പതിനഞ്ച് ശതമാനത്തോളം മാത്രം വരുന്ന ഇവര്‍ പക്ഷേ എന്നും ക്രോയേഷ്യയുടെയും കാത്തലിക് യൂറോപ്പിന്റെയും തണലിന്‍ തണുപ്പിലായിരുന്നു. ബോസ്‌നിയന്‍ യുദ്ധകാലത്ത് ക്രോട്ടുകള്‍ മുസ്‌ലിം ബോസ്‌നിയാക്കുകളുടെ പക്ഷം ചേര്‍ന്നും എതിര്‍ പക്ഷമായും ആയുധമെടുത്തിറങ്ങി. ബോസ്‌നിയക്കകത്ത് സ്വതന്ത്ര ക്രൊയേഷ്യന്‍ പ്രവിശ്യകള്‍ സൃഷ്ടിച്ചെടുക്കുകയായിരുന്നു അന്നവരുടെ ലക്ഷ്യം. സെര്‍ബ് സംഹാര താണ്ഡവത്തില്‍ കലങ്ങിമറിഞ്ഞ ബോസ്‌നിയന്‍ പടഭൂമിയില്‍ സ്വയംഭരണ ദേശങ്ങള്‍ തേടിയിറങ്ങിയ ക്രോട്ട് സൈനികരുടെ തോക്കിന്‍ മുന്നില്‍ പിടഞ്ഞു വീണതും ബോസ്‌നിയാക്കുകളായിരുന്നു. യുദ്ധാനന്തരം ബോസ്‌നിയാക്കുകളും ക്രോട്ടുകളും ഫെഡറേഷന്‍ ഓഫ് ബോസ്‌നിയയുടെ ഭരണം പങ്കുവെക്കുന്നുണ്ടെങ്കിലും ക്രോട്ടുകളുടെ വംശ സാന്ദ്രതയേറിയ ദേശങ്ങളിലൊക്കെയും ക്രൊയേഷ്യന്‍ ചായ്‌വുള്ള സമാന്തര ഭരണ സംവിധാനങ്ങളാണ് പിന്നണിയില്‍.

വിറ്റിസ് നഗരം പകുത്തുനീളുന്ന പ്രധാന പാതയില്‍നിന്നും കിഴക്കോട്ട് പിരിഞ്ഞുപോകുന്നൊരു കൈവഴിക്കരികില്‍ മിരാളം വാഹനം നിര്‍ത്തി.

'അഹ്മിചി.'

കവലയില്‍ നാട്ടിയ ദിശാഫലകത്തിലെ അക്ഷരങ്ങള്‍ ജീവനെരിക്കുന്ന അഗ്നി നാളങ്ങളായി ഉള്ളിലേക്ക് ആളിപ്പടര്‍ന്നു.

അഹ്മിചി, വിറ്റിസ് പ്രവിശ്യയിലെ പ്രകൃതി സുന്ദരമായ ഗ്രാമം. ക്രോട്ടുകളും ബോസ്‌നിയാക്കുകളും കാലങ്ങളായി ഒന്നിച്ചു വസിച്ചുപോന്ന ഈ ഗ്രാമമുള്‍പ്പെടെ ലഷ്‌വ താഴ്‌വരയിലെ ഭൂരിഭാഗം ഭൂപ്രദേശങ്ങളും ക്രൊയേഷ്യന്‍ പ്രവിശ്യകളാക്കി മാറ്റാന്‍ യുദ്ധകാലത്ത് ക്രോട്ടുകള്‍ തിരക്കുകൂട്ടി. തീവ്ര ക്രോട്ട് വംശീയ നേതാവ് ഡാരിയോ കോര്‍ഡിച്ചിനെ മുന്നില്‍നിര്‍ത്തി ക്രൊയേഷ്യന്‍ ഭരണകൂടം ബോസ്‌നിയന്‍ മണ്ണിനായി പിടിമുറുക്കി. തൊണ്ണൂറ്റിമൂന്ന് ഏപ്രില്‍ മാസം. ബോസ്‌നിയ വിഭജിച്ച് ക്രൊയേഷ്യന്‍ പ്രവിശ്യകള്‍ സ്ഥാപിച്ചുകൊണ്ടുള്ള കരാറിലൊപ്പിടാന്‍ അവര്‍ അലിയാ ഇസ്സത്ത് ബെഗോവിച്ചിന് അന്ത്യശാസനം നല്‍കി. രാജ്യം മുഴുവന്‍ വിഴുങ്ങാനെത്തിയ സെര്‍ബ് വംശീയ ഭ്രാന്തിനെ പ്രതിരോധിക്കാന്‍ കൈകോര്‍ത്തിറങ്ങിയ ക്രോട്ട് സുഹൃത്തുക്കളുടെ അപ്രതീക്ഷിത ഭാവമാറ്റത്തില്‍ അലിയായും സരയാവോയും അമ്പരന്ന് സ്തംഭിച്ച് നിന്നു. ക്രോട്ടുകള്‍, പക്ഷേ സ്വയംഭരണ പ്രവിശ്യകള്‍ സ്വയം പ്രഖ്യാപിച്ച് അവിടങ്ങളില്‍ 'ശുദ്ധി' ക്രിയക്കിറങ്ങി. അഹ്മിചിയിലെ ക്രോട്ട് കുടുംബങ്ങളെ ആരുമറിയാതെ ഗ്രാമത്തില്‍നിന്നൊഴിപ്പിച്ചു മാറ്റി ബോസ്‌നിയാക്കുകളെ മുഴുവന്‍ നിഷ്ഠുരമായി കൊന്നു കളഞ്ഞു. മുസ്‌ലിം വംശഹത്യയുടെ രീതിശാസ്ത്രം വംശഭേദമന്യേ എന്നും ഒന്നുതന്നെ.

നിരാലംബരായ സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും വീടുകളില്‍ പൂട്ടിയിട്ട് ചുട്ട് കൊന്നു. രക്ഷപ്പെട്ടോടിയവരെ മുഴുവന്‍ ഒരു മൈതാനത്തിലേക്ക് തെളിച്ചു കൊണ്ടുപോയി നിര്‍ദയം വെടിവെച്ചു കൊന്നു. പോയന്റ് ബ്ലാങ്കില്‍ വെടിവെച്ചു കൊന്നവരില്‍ പലരെയും ചുട്ടെരിച്ചു ചാരമാക്കി. ഒന്നും പുറംലോകമറിയാതെ പൂഴ്ത്തിവെക്കാന്‍ ക്രോട്ടുകളും അവരുടെ രക്ഷകരും ആവത് ശ്രമിച്ചെങ്കിലും അഭയാര്‍ഥികളെ തേടിപ്പോയ യു.എന്‍ സമാധാന സേനയിലെ ബ്രിട്ടീഷ് പട്ടാളക്കാര്‍ എരിഞ്ഞു തീര്‍ന്ന അഹ്മിചിയില്‍ എത്തിപ്പെടുകയായിരുന്നു. കത്തിയമര്‍ന്ന വീട്ടിനകത്ത് കെട്ടിപ്പുണര്‍ന്നു കിടന്ന ഒരമ്മയുടെയും മക്കളുടെയും കരിഞ്ഞുതീരാത്ത ശവശരീരങ്ങള്‍ കണ്ട് പൊട്ടിക്കരഞ്ഞുപോയ ഒരു സൈനികന്റെ ദൃശ്യം ലോകം കണ്ടതോടെ പുഞ്ചിരിയിലൊളിപ്പിച്ച ക്രൂരതയുടെ കഥ ലോകമറിഞ്ഞു. കൂട്ടക്കൊലക്ക് നേതൃത്വം നല്‍കിയ 'ഡാരിയോ' ക്രൊയേഷ്യയില്‍ അഭയം തേടിയെങ്കിലും പിന്നീട് യുദ്ധക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടു. യുദ്ധകാലത്തും സമാധാനകാലത്തും ബോസ്‌നിയന്‍ രാഷ്ട്ര ജീവിതത്തില്‍ ക്രൊയേഷ്യ പ്രതിലോമ ഇടപെടലുകള്‍ നിരന്തരം നടത്തിപ്പോന്നു. യുദ്ധകാലത്ത് ക്രൊയേഷ്യന്‍ അതിര്‍ത്തിയിലൂടെ ബോസ്‌നിയന്‍ പ്രതിരോധ സേനക്ക് ലഭിച്ച സഹായങ്ങള്‍ക്ക് ക്രൊയേഷ്യ അനൗദ്യോഗിക കപ്പം ചുമത്തി. പലതും ക്രൊയേഷ്യന്‍ അതിര്‍ത്തി കടന്നതേയില്ല. അതിര്‍ത്തി കടന്നെത്തുന്ന ആയുധങ്ങളിലേറെയും ക്രോട്ട് സേനാ ക്യാമ്പുകളിലേക്ക് വഴിതിരിച്ച് വിടുകയും ചെയ്തു.

പടിഞ്ഞാറന്‍ കുരിശ് കാര്‍മികത്വത്തില്‍ എഴുതപ്പെട്ട സമാധാനകരാര്‍ നിലവില്‍ വന്നതോടെ പതിനഞ്ച് ശതമാനം മാത്രം ജനസംഖ്യയുള്ള ക്രോട്ടുകള്‍ക്ക് ബോസ്‌നിയയുടെ പാതി ഭൂമിയുടെ ഭരണം ബോസ്‌നിയാക്കുകള്‍ക്കൊപ്പം പങ്കിടാനായി. അതിനുമപ്പുറം രാഷ്ട്രത്തിന്റെ പ്രസിഡന്‍സി കൗണ്‍സിലില്‍ മൂന്നിലൊന്ന് അധികാരവും.

വിറ്റിസും അഹ്മിചിയും വിട്ട് ഞങ്ങള്‍ വഌഷിച്ച് (ഢഹമശെര) മലയിലേക്ക് ചുരം കയറാന്‍ തുടങ്ങി. പ്രകൃതി രമണീയത തുടിച്ചുനില്‍ക്കുന്ന ബോസ്‌നിയന്‍ ഭൂപ്രദേശം. ഹരിത വില്ലീസില്‍ മലപൊതിഞ്ഞ പൈന്‍ മരക്കാടുകള്‍ക്കിടയിലൂടെ വളഞ്ഞും ചെരിഞ്ഞും മിരാളമിന്റെ വാഹനം ചുരംകയറവെ ഞങ്ങള്‍ യുദ്ധാനന്തര ബോസ്‌നിയന്‍ ജനജീവിതത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നു. സംഭാഷണ മധ്യേ ഡാനി ബോസ്‌നിയന്‍ ജനതയുടെ നഷ്ട സമ്പാദ്യങ്ങളുടെ മറ്റൊരു കഥ പറഞ്ഞു. യുദ്ധപൂര്‍വ ബോസ്‌നിയയില്‍ പ്രവര്‍ത്തന ക്ഷമതയോടും വിശ്വാസ്യതയോടും പ്രവര്‍ത്തിച്ചുവന്ന ധന വിനിമയ സ്ഥാപനങ്ങള്‍ സ്ലോവേനിയന്‍ ബാങ്കുകളായിരുന്നു. യൂഗോസ്ലാവ്യന്‍ ഘടക രാജ്യങ്ങളില്‍വെച്ച് താരതമ്യേന വിശാലമായ സ്വയം ഭരണാവകാശം ആസ്വദിച്ചിരുന്നതിനാലും പടിഞ്ഞാറന്‍ യൂറോപ്പുമായി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നതിനാലും സ്ലോവേനിയക്ക് യൂഗോസ്ലാവ്യയില്‍ എന്നും ഒരു ശ്രേഷ്ഠ പദവിയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സുസ്ഥിര നിക്ഷേപങ്ങള്‍ക്കായി ബോസ്‌നിയന്‍ ജനങ്ങള്‍ സ്ലോവേനിയന്‍ ബാങ്കുകളെയായിരുന്നു തെരഞ്ഞെടുത്തിരുന്നത്. ജീവിത ചെലവുകള്‍ വെട്ടിച്ചുരുക്കി മിച്ചം പിടിച്ച കുഞ്ഞു സമ്പാദ്യങ്ങളൊക്കെയും സ്ലോവേനിയന്‍ കൈകളില്‍ സുരക്ഷിതമായേല്‍പിച്ച് ബോസ്‌നിയന്‍ ജനതയും സ്വാസ്ഥ്യം നേടി. അക്കൂട്ടത്തില്‍ ഡാനിയും മിരാളമും അവരുടെ കുടുംബസുഹൃത്തുക്കളുമൊക്കെയുണ്ടായിരുന്നു. യൂറോപ്യന്‍ പരിരക്ഷയോടും ആശീര്‍വാദത്തോടും കൂടെ സ്ലോവേനിയ യൂഗോസ്ലാവ്യയില്‍നിന്ന് അനായാസം സ്വാതന്ത്ര്യം പ്രഖ്യാപിച്ചതോടെ അവരുടെ ബാങ്കുകള്‍ അപ്രത്യക്ഷമായി. കോടിക്കണക്കിന് യൂറോയുടെ നിക്ഷേപങ്ങളും. ആ കാലത്താണ് ബോസ്‌നിയ യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നതും. സെര്‍ബ് വംശവെറിയുടെ അഗ്നിയിലെരിഞ്ഞ ബോസ്‌നിയക്ക് മേല്‍ അന്ന് സ്ലോവേനിയന്‍ അഗ്നിഗോളവും കൂടെ വന്നുപതിക്കുകയായിരുന്നു. ഞങ്ങളുടെ ബാങ്കുകള്‍ക്ക് അന്തര്‍ദേശീയ പദവിയില്ലായിരുന്നു എന്ന വിചിത്ര വാദമുയര്‍ത്തി സ്ലോവേനിയന്‍ സര്‍ക്കാര്‍ ബോധപൂര്‍വം നിസ്സഹകരിച്ചു. നിക്ഷേപങ്ങള്‍ തിരിച്ചു കിട്ടാന്‍ ബഹളം വെച്ച ബോസ്‌നിയന്‍ ജനതയെ സാന്ത്വനപ്പെടുത്താന്‍ ബോസ്‌നിയന്‍ സര്‍ക്കാര്‍ അവരുടെ നിക്ഷേപത്തിന് തുല്യമായ 'ബോണ്ടുകള്‍' വിതരണം ചെയ്തു. പക്ഷേ ആ ബോണ്ടുകള്‍ പണമാക്കി മാറ്റാനുള്ള വഴികള്‍ കാല്‍നൂറ്റാണ്ട് പിന്നിട്ടിട്ടും ബോസ്‌നിയയില്‍ തെളിഞ്ഞു വന്നിട്ടില്ല. ആ സാധു ജനങ്ങളുടെ സമ്പാദ്യങ്ങളൊക്കെയും അലിഞ്ഞൊഴുകിച്ചെന്ന് സ്ലോവേനിയന്‍ കരങ്ങളില്‍ ഉറഞ്ഞ് കൂടി.

ഞങ്ങള്‍ മലകയറി വഌഷിച്ച് കുന്നിന്‍ തടങ്ങളിലെത്തി. മലമേലെ ഭൂമിക്ക് മനം മയക്കുന്ന മനോഹാരിത. മരതകം പൂക്കുന്ന പുല്‍മേടുകള്‍. പൈന്‍ മരക്കാടുകള്‍ക്കിടയിലൂടെ മലമുകളില്‍നിന്ന് താഴ്‌വരയിലേക്ക് വളഞ്ഞു പുളഞ്ഞൊഴുകുന്ന ഹരിത നദിപോലെ വെട്ടിയൊതുക്കിയ പുല്‍ത്തിട്ടകള്‍. വിസ്തൃതമായ മേച്ചിന്‍ പുറങ്ങളില്‍ ഭക്ഷണ സുഭിക്ഷത ആഘോഷിക്കുന്ന കാലിക്കൂട്ടങ്ങള്‍. ഹരിതപടം മൂടിയ ഭൂമിയിലേക്ക് താഴ്ന്നിറങ്ങി വന്ന് ഭൂ വക്രത്തെ തഴുകിയൊഴുകുന്ന കോടമേഘങ്ങള്‍. മങ്ങിയ വെയിലും തണുത്ത കാറ്റും. ഭൂമിയിലെ സ്വര്‍ഗത്തിലേക്ക് ആകാശത്ത് നിന്നാരോ കുടയുന്ന പനിനീര്‍ തുള്ളികള്‍ പോലെ നേര്‍ത്തു പെയ്യുന്ന മഴ. ശിശിര കാലത്ത് ഈ മലയും ചെരുവുകളും മഞ്ഞില്‍ വെളുക്കും. അന്ന് മഞ്ഞ് മൂടിയ പുല്‍തിട്ടകളിലൂടെ താഴ്‌വരയിലേക്ക് ഊര്‍ന്നിറങ്ങി രസിക്കാന്‍ സഞ്ചാരികളെത്തും.

ഞങ്ങള്‍ പാതയോരത്ത് വാഹനം നിര്‍ത്തി പുറത്തിറങ്ങി. മഴനനഞ്ഞ്, കാറ്റേറ്റ്, കുന്നിന്‍ തടത്തിന്റെ നിമ്‌നോന്നതി മേല്‍ വിരിച്ചിട്ട പുല്‍മൈതാനത്തിന്റെ മാദക സൗന്ദര്യത്തില്‍ ലയിച്ചുനിന്നു. കുന്നിന്‍ പുറത്ത് അങ്ങിങ്ങായി കൊച്ചുവീടുകള്‍. വീട്ടുമുറ്റങ്ങളില്‍ കെട്ടിയുണ്ടാക്കിയ കൊച്ചുമുറികളില്‍ പാല്‍ക്കട്ടിയും വെണ്ണയും തേനും ബോസ്‌നിയന്‍  അച്ചാറായ 'അയ്‌വറും' വില്‍ക്കുന്ന വാണിഭക്കാര്‍. ബോസ്‌നിയന്‍ ക്ഷീരോല്‍പന്നങ്ങള്‍ നിരത്തിവെച്ചൊരു മരക്കൂട്ടിനരികിലേക്ക് ഞങ്ങള്‍ നടന്നു നീങ്ങുന്നത് ഗ്രഹിച്ചാവാം അടുത്ത വീട്ടില്‍നിന്നൊരു മധ്യവയസ്‌ക ഇറങ്ങിവന്നു. പെട്ടിക്കടക്കകത്ത് അടുക്കിവെച്ച പാല്‍ക്കട്ടിയും വെണ്ണയും അയ്‌വറും തേനും പിന്നെയും ഏതൊക്കെയോ വര്‍ണക്കുഴമ്പുകള്‍ നിറച്ച കുപ്പികളും ഓരോന്നെടുത്ത് അവര്‍ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി. ഒക്കെയും അവരുടെ വീട്ടിലുണ്ടാക്കിയ ജൈവ ഉല്‍പന്നങ്ങള്‍. അവയുടെ വൈശിഷ്ട്യങ്ങള്‍ അന്വേഷിച്ചും രുചിച്ചുനോക്കിയും കച്ചവടക്കാരിയുമായി സംസാരിച്ചിരിക്കെ വീട്ടുമുറ്റത്തെ ഉദ്യാനത്തില്‍ നിന്നൊരാള്‍ ഡാനിയെ വിളിച്ച് ഉച്ചത്തിലെന്തോ ചോദിച്ചു. ഡാനിയുടെ മറുപടിയില്‍ അയാള്‍ ഉറക്കെച്ചിരിച്ചു. ഉദ്യാനത്തിലെ പുല്‍ത്തിട്ടയില്‍ നാട്ടിനിര്‍ത്തിയ വലിയൊരു വര്‍ണക്കുടക്ക് താഴെയുറപ്പിച്ച ഇരിപ്പിടത്തിലേക്ക് അയാളെന്നെ മാടിവിളിച്ചു. ഞാന്‍ അയാള്‍ക്കഭിമുഖമിരുന്നു. 'ഇബ്‌റാഹീം' അയാള്‍ സ്വയം പരിചയപ്പെടുത്തി തുരുതുരാ സംസാരിച്ചു തുടങ്ങി. ചിരിച്ചും ഇടക്ക് ഗൗരവപ്പെട്ടും താഴ്‌വരയിലേക്കും ആകാശത്തേക്കും മാറി മാറി നോക്കിയും ഒരു അര്‍ധവിരാമം പോലുമില്ലാതെ തുടര്‍ന്ന വര്‍ത്തമാനത്തില്‍ ആ മനുഷ്യന്റെ മുഖത്ത് മിന്നി മറഞ്ഞ വികാര വിക്ഷോഭങ്ങള്‍ വായിച്ചെടുക്കാനാവാതെ ഞാന്‍ വിഷാദിച്ചുനിന്നു.

ഡാനി സഹായത്തിനെത്തി.

'ബോസ്‌നിയാക് പെണ്‍കുട്ടികളെ വിവാഹം ചെയ്യാന്‍ വന്ന അന്യദേശക്കാരനാണോ താങ്കള്‍ എന്നായിരുന്നു അയാളുടെ സംശയം. അല്ലെന്നറിഞ്ഞതിലുള്ള സന്തോഷമാണ് അയാള്‍ക്ക്. നാടിന്റെ അതിഥികളായെത്തിയവര്‍ വിവാഹം കഴിച്ച് ഉപേക്ഷിച്ചുപോയ ബോസ്‌നിയാക് പെണ്‍കുട്ടികളുടെ സങ്കട കഥകളാണയാള്‍ വിസ്തരിച്ചുകൊണ്ടിരിക്കുന്നത്.'

ഇബ്‌റാഹീം എന്റെ കൈമേലെ അയാളുടെ കൈ ചേര്‍ത്തുവെച്ച് സംസാരം തുടര്‍ന്നു. ആ വയോധികന്റെ കഥന ചാരുതയില്‍ മുഴുകിപ്പോയതിനാലോ അതോ ദുരന്തനായികമാരുടെ ശോകമുഖങ്ങള്‍ കണ്‍മുന്നില്‍ തെളിഞ്ഞു വന്നതിനാലോ എന്തെന്നറിയില്ല അയാളുടെ വാക്കുകള്‍ മുഴുക്കെ പരിഭാഷ ചെയ്യാനാവാതെ പലപ്പോഴും ഡാനി നിശ്ശബ്ദനായി നിന്നു. അപ്പോഴൊക്കെ ഞാന്‍ ഇബ്‌റാഹീമിന്റെ മുഖത്ത് വിരിഞ്ഞു കൊഴിയുന്ന ഭാവഭേദങ്ങളും വിറക്കുന്ന കൈവിരലുകള്‍ വിവര്‍ത്തനം ചെയ്യുന്ന ഹൃദയ താളങ്ങളും ശ്രദ്ധിച്ചിരുന്നു. നനുത്ത മഴയിലും തണുത്ത കാറ്റിലും അയാളുടെ കൈകള്‍ക്ക് പൊള്ളുന്ന ചൂടുണ്ടായിരുന്നു.

ഈ ചേതോഹര ഭൂമിയിലെ മുസ്‌ലിം സ്ത്രീകള്‍ നടന്നു കയറിയ തീ മലകളുടെയും നീന്തിക്കടന്ന കണ്ണീര്‍ കടലുകളുടെയും സാന്ദ്രത അളന്നെടുക്കുക അസാധ്യം. ആധുനിക യൂറോപ്യന്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത ക്രൂരപീഡകള്‍.

യൂഗോസ്ലാവ്യന്‍ കാലം മുതല്‍ തന്നെ ബോസ്‌നിയന്‍ മുസ്‌ലിം സമൂഹത്തിന്റെ നെടുംതൂണായിരുന്നു അവരുടെ സ്ത്രീജനങ്ങള്‍. ബഹുവംശ സമൂഹ ഘടനയിലും യൂറോപ്യന്‍ സാമൂഹിക ചുറ്റുപാടുകളിലും ഒന്നുപോലെ ഇണങ്ങി ജീവിക്കാന്‍ അവരുടെ വിശ്വാസമോ തലമുടിക്ക് മേലെ പിരിച്ച ഒരു ചീന്ത് തുണിയോ ഒരിക്കലും അവര്‍ക്ക് തടസ്സമായിരുന്നില്ല. ടിറ്റോയുടെ കമ്യൂണിസം ഊതിക്കെടുത്താന്‍ ശ്രമിച്ച ഇസ്‌ലാമിന്റെ തിരിനാളം എരിഞ്ഞണയാതെ ബോസ്‌നിയന്‍ വീട്ടകങ്ങളില്‍ തെളിയിച്ചു നിര്‍ത്തിയതും ഈ കുടുംബിനികളായിരുന്നു. അവര്‍ ചൊല്ലിക്കൊടുത്ത ഗൃഹപാഠങ്ങള്‍ കേട്ടുവളര്‍ന്ന ബോസ്‌നിയന്‍ ബാല്യകൗമാരം തികഞ്ഞ തന്മയത്വത്തോടെ യൂറോപ്യന്‍ സമൂഹത്തോടൊട്ടിനിന്ന് ഇസ്‌ലാമിന്റെ അടിസ്ഥാന മൂല്യങ്ങളുടെ സൗന്ദര്യം വിനിമയം ചെയ്തു തുടങ്ങി. അലിയാ അവര്‍ക്ക് സാരഥിയായി മുന്നിലും. പടിഞ്ഞാറന്‍ വനിതകള്‍ക്ക് കയറി നില്‍ക്കാവുന്ന ഉയരങ്ങളിലൊക്കെയും വിശ്വാസ മൂല്യങ്ങള്‍ കൈവിടാതെ തങ്ങള്‍ക്കും കയറിയെത്താനാവുമെന്ന് അവര്‍ യൂറോപ്പിന് കാണിച്ചുകൊടുത്തു. അതുകൊണ്ട് തന്നെ സെര്‍ബ് വംശ വെറിയന്മാരുടെയും പടിഞ്ഞാറന്‍ അധീശത്വ ഭ്രാന്തിന്റെയും വജ്രായുധങ്ങളുടെ ഉന്നം ഇവരിലേക്ക് നീണ്ടു. കണ്‍മുന്നില്‍ വെച്ച് കൈക്കുഞ്ഞുങ്ങളെ തല്ലിക്കൊന്നും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ വരെ ക്രൂരമായി ബലാത്സംഗം ചെയ്തും സെര്‍ബ് ഭീകരര്‍ യുദ്ധകാലത്ത് ബോസ്‌നിയാക്കുകളുടെ വീടുകളില്‍ അഴിഞ്ഞാടി. ആംനസ്റ്റിയുടെ കണക്കനുസരിച്ച് അരലക്ഷത്തിലധികം മുസ്‌ലിം സ്ത്രീകള്‍ സെര്‍ബ് ഭീകരരുടെ നിഷ്ഠുരമായ ബലാത്സംഗത്തിനിരയായി. പലരെയും കെട്ടിടങ്ങളില്‍ പൂട്ടിയിട്ട് വര്‍ഷങ്ങളോളം ക്രൂരമായി പീഡിപ്പിച്ചു. വിഷ്ഗ്രാഡ് പട്ടണത്തിലെ 'വിലിന വഌസ്' ഹോട്ടലിന് ഇന്നും 'റേപ് ഹോട്ടല്‍' എന്നാണ് പേര്. പിന്നെയും എത്രയോ പീഡന കേന്ദ്രങ്ങള്‍. ക്രൂരപീഡനങ്ങള്‍ക്ക് വിധേയരായ പലരും കടുത്ത മാനസിക രോഗങ്ങള്‍ക്ക് കീഴ്‌പ്പെട്ടു.

യുദ്ധത്തിന്റെ കൂരിരുള്‍ മാറിത്തുടങ്ങി. ക്രൂരപീഡനങ്ങളില്‍ മനവും തനുവും തളര്‍ന്ന് കരിഞ്ഞുവീണ പെണ്‍ജീവിതങ്ങള്‍ പതിയെ ഒന്നെഴുന്നേറ്റ് നില്‍ക്കാന്‍ തൈത്താങ്ങുകള്‍ തേടിയ കാലം. ആ കാലത്താണ് മടിശ്ശീലയില്‍ കാശുമായി പെണ്ണുടല്‍ തേടി വിദേശികള്‍ വന്നിറങ്ങുന്നത്. 'ഇസ്‌ലാമിക വിധി' പ്രകാരം ഒട്ടേറെ വിവാഹങ്ങള്‍ നടന്നു. അവയില്‍ പലതിനും മധുവിധു നാളുകള്‍ക്കപ്പുറത്തേക്ക് നീള്‍ച്ചയുണ്ടായില്ല. തളര്‍ന്നുവീണുപോയൊരു ജനതയെ കൈപിടിച്ച് നടത്താന്‍ ബാധ്യതപ്പെട്ട സമൂഹത്തില്‍നിന്ന്തന്നെ അപ്രതീക്ഷിത പ്രഹരമേറ്റ് കണ്ണീര്‍ക്കയങ്ങളിലേക്ക് തിരിച്ചു വീണുപോയി ചിലര്‍. ഏറെ വൈകാതെ ബോസ്‌നിയന്‍ സര്‍ക്കാര്‍ വിദേശ വിവാഹങ്ങളെ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യാന്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവന്നു.

യുദ്ധകാലം കഴിഞ്ഞ് കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും ബോസ്‌നിയന്‍ ജനത അവരുടെ സ്ത്രീകള്‍ അനുഭവിച്ച ക്രൂരതകളുടെ ആഘാതത്തില്‍നിന്ന് മോചിതരായിട്ടില്ല. എങ്കിലും അവരുടെ പെണ്‍മനസ്സുകളിലെ കരുത്തും ധൈര്യവും കെട്ടുപോയിട്ടില്ല. യുദ്ധകാല പീഡനങ്ങള്‍ക്ക് നീതിതേടി കോടതി കയറാനും അന്താരാഷ്ട്ര കോടതിയില്‍ യുദ്ധക്കുറ്റവാളികള്‍ക്കെതിരെ സാക്ഷിപറയാനും ബോസ്‌നിയന്‍ സ്ത്രീകളെത്തി. ഗ്രാമങ്ങളില്‍ വംശ വിഷബീജങ്ങള്‍ വിതക്കാനെത്തുന്ന ദുഷ്ബുദ്ധികള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ മാതൃകൂട്ടായ്മകള്‍ രൂപപ്പെട്ടുവന്നു. അക്രമരഹിത പോരാട്ടത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ബോസ്‌നിയന്‍ പെണ്‍മാതൃകയാണ് 'ഫാതാ ഒര്‍ലോവിച്ച്' (എമമേ ഛൃഹീ്ശര). രണ്ട് നാള്‍ മുമ്പാണ് ഡാനി എന്നെ 'കോണ്‍യവിച്ച് പോലിയെ' ഗ്രാമത്തിലെ ഫാതയുടെ വീട്ടിലേക്ക് കൊണ്ടുപോയത്. ഗ്രാമക്കവലയിലെ റോഡരികില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ പിറകിലെ വീട്ടില്‍ ഞങ്ങളെത്താന്‍ വൈകിയതിനാല്‍ ഫാതയെ നേരില്‍ കാണാനായില്ല. അടഞ്ഞു കിടന്ന വീട്ടിന് മുന്നിലെ കല്‍ത്തറയിലിരുന്ന് അപ്പുറത്തെ ചര്‍ച്ചിലേക്ക് നോക്കി ഡാനി ഫാതയുടെ കഥ പറഞ്ഞു.

'ആ ചര്‍ച്ച് നില്‍ക്കുന്നിടം ഫാതയുടെ വീടായിരുന്നു.' യുദ്ധകാലത്തൊരിക്കല്‍ സെര്‍ബ് ഭീകരര്‍ തോക്കുമായി ഗ്രാമത്തിലേക്കിരച്ചുകയറി മുസ്‌ലിംകളെ തെരഞ്ഞ് പിടിച്ച് വെടിവെച്ച് കൊന്നും ആട്ടിപ്പായിച്ചും ഗ്രാമം കൈപ്പിടിയിലൊതുക്കി. പാതവക്കത്തെ വീട്ടില്‍ സൈ്വര ജീവിതം നയിച്ചിരുന്ന ഫാതയുടെ കുടുംബവും പിച്ചിച്ചീന്തപ്പെട്ടു. ഫാതയുടെ ഭര്‍ത്താവ് രക്തസാക്ഷിയായി. ഫാതയും മക്കളും അഭയാര്‍ഥികളായി ഗ്രാമം വിട്ടുപോയി. ഗ്രാമം കാല്‍ചുവട്ടിലാക്കിയ സെര്‍ബുകള്‍ ഫാതയുടെ വീട് പൊളിച്ചെറിഞ്ഞ് അവിടെ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് പണിത് വെളുത്ത ചായം പൂശി. യുദ്ധാനന്തരം വീട്ടിലേക്ക് തിരിച്ചെത്തിയ ഫാതയെ എതിരേറ്റത് പള്ളി മുറ്റത്ത് പ്രാര്‍ഥനക്കെത്തിയ വിശ്വാസികളായിരുന്നു. ചര്‍ച്ച് പൊളിച്ച് മാറ്റാനായി ഫാത നിയമപോരാട്ടത്തിനിറങ്ങി. അതോടെ, സമാധാന കരാര്‍ പ്രകാരം റിപ്പബ്ലിക് ഓഫ് സറബ്‌സ്‌കയില്‍ പെട്ടുപോയ ഈ ഗ്രാമത്തില്‍ ഫാത 'രാജ്യദ്രോഹി'യും 'മത വിദ്വേഷി'യുമായി മുദ്രകുത്തപ്പെട്ടു. അസാമാന്യ ധൈര്യത്തോടെ അവര്‍ പള്ളിക്ക് പിറകിലെ തന്റെ ഭൂമിയില്‍ പരസഹായത്തോടെ കൊച്ചുവീട് പണിതു. വധഭീഷണിയും ശാരീരിക പീഡനങ്ങളും ഒറ്റപ്പെടുത്തലും ഒന്നും ഭയക്കാതെ സുമനസ്സുകളെ കൂടെക്കൂട്ടി അവര്‍ നിയമയുദ്ധം തുടര്‍ന്നു. ആ ധീര പോരാട്ടത്തിന് മുന്നില്‍ മുട്ട് മടക്കിയ സെര്‍ബുകള്‍ നഷ്ടപരിഹാരമായി വെച്ചുനീട്ടിയ വലിയൊരു തുക തട്ടിമാറ്റി തന്റെ തൊടിയിലെ അനധികൃത നിര്‍മാണം പൊളിച്ചുനീക്കണമെന്ന വാശിയില്‍ ആ വിധവ ഉറച്ചുനിന്നു. ഒടുവില്‍ അവര്‍ക്കനുകൂലമായി ഉത്തരവിറങ്ങി. ചര്‍ച്ചിലെ പ്രാര്‍ഥനകളൊക്കെയും നിര്‍ത്തി സെര്‍ബുകള്‍ ഒഴിഞ്ഞുപോയെങ്കിലും അടച്ചിട്ട കെട്ടിടം പൊളിച്ചുകിട്ടാനുള്ള കാത്തിരിപ്പിലാണിന്ന് ഫാത ഒര്‍ലോവിച്ച്....

ഞങ്ങള്‍ ഇബ്‌റാഹീമിനോട് യാത്ര പറഞ്ഞ് 'യായിഷ്' പട്ടണത്തിലേക്ക് യാത്ര തുടര്‍ന്നു. മലകളും അരുവികളും തടാകങ്ങളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ യായിഷ്. വാസ്തുഭംഗി തുളുമ്പുന്ന ഉസ്മാനിയ കാല നിര്‍മിതികള്‍ നിറഞ്ഞുനില്‍ക്കുന്ന ഭൂപ്രദേശം. ബോസ്‌നിയാക്കുകളും ക്രോട്ടുകളും ഒന്നിച്ച് വസിക്കുന്ന ഈ ദേശം യുദ്ധകാലത്ത് സെര്‍ബ് അധിനിവേശത്തിനു കീഴിലായി. അന്ന് പട്ടണത്തില്‍നിന്ന് ആട്ടിയോടിക്കപ്പെട്ട അരലക്ഷത്തോളം വരുന്ന മുസ്‌ലിം, കാത്തലിക് അഭയാര്‍ഥികള്‍ തൊട്ടടുത്ത 'ട്രാവനിക്' പട്ടണത്തിലേക്ക് കടക്കാനായി വരിനിന്നത് പതിനഞ്ച് കിലോമീറ്ററോളം ദൂരം. യുദ്ധാനന്തരം ഫെഡറേഷന്‍ പരിധിയില്‍ വന്നുചേര്‍ന്ന ഈ ഭൂമിയിലെക്ക് മടങ്ങി വന്ന മുസ്‌ലിംകളെ തങ്ങള്‍ക്കൊപ്പം തിരിച്ചുപോന്ന ക്രോട്ടുകള്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഇവിടം ശുദ്ധ ക്രോട്ട് പ്രവിശ്യയാക്കി മാറ്റാന്‍ ശ്രമിച്ചു. പക്ഷേ, സമാധാനസേനയുടെ ഇടപെടലില്‍ ആ ചതിശ്രമം ഫലം കണ്ടില്ല.

ഞങ്ങള്‍ യായിഷിലെ പ്രസിദ്ധമായ 'പ്ലിവ' വെള്ളച്ചാട്ടത്തിനരികിലെത്തി. മലമുകളില്‍നിന്നുയിര്‍ക്കൊണ്ട് ചിരിച്ചുല്ലസിച്ച് മലഞ്ചെരുവിലൂടെ താഴ്‌വര തേടിയൊഴുകുന്ന നീര്‍ത്തുള്ളികള്‍. തന്റെ സുഗമ യാത്രക്ക് ഭംഗം വരുത്തി അപ്രതീക്ഷിതമായി ചെങ്കുത്തായി മാറിയ യാത്രാവഴിയില്‍ ആഴങ്ങളിലേക്ക് വീണുപോകുന്ന പാവം കാട്ടരുവി. ആ വീഴ്ചയുടെ സൗന്ദര്യം ആസ്വദിച്ചും ചിതറിത്തെറിക്കുന്ന കണ്ണുനീരില്‍ നനഞ്ഞ് മനം കുളിര്‍പ്പിച്ചും ജലപാതത്തിനരികെ കൂടി നില്‍ക്കുന്ന മനുഷ്യര്‍. ഞാന്‍ ആഴങ്ങളിലേക്ക് നോക്കി. അവിടെ വീഴ്ചയുടെ ആഘാതത്തില്‍ നിന്നുയിര്‍ക്കൊണ്ട്, പതിന്മടങ്ങ് ശക്തിയാര്‍ന്ന്, വഴി മുടക്കുന്ന കാട്ടുകല്ലുകളുടെ മൂര്‍ച്ചകള്‍ രാകി മിനുക്കി കളംകളം പാടി കാട്ടരുവി യാത്ര തുടരുന്ന ഹൃദ്യമനോഹര കാഴ്ച. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (15-16)
എ.വൈ.ആര്‍