Prabodhanm Weekly

Pages

Search

2019 ഏപ്രില്‍ 12

3097

1440 ശഅ്ബാന്‍ 06

ഫൈസ് അഹ്മദ് ഫൈസിന്റെ കവിതകളിലെ ഇസ്‌ലാമിക മുദ്രകള്‍

ശര്‍ജീല്‍ ഇമാം, സാഖിബ് സലീം/വിവ: സി. അഹ്മദ് ഫായിസ്

ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ പല പുരോഗമന വൃത്തങ്ങളിലും ഫൈസ് അഹ്മദ് ഫൈസ് ഒരു കമ്യൂണിസ്റ്റ് കവിയായിട്ടാണ് അറിയപ്പെടുന്നത്. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഫൈസിന്റെ കവിതകളെ ആഘോഷിക്കുകയും തങ്ങളുടെ പ്രോപഗണ്ട മുന്നോട്ടുകൊണ്ടുപോകുന്നതിന് അദ്ദേഹത്തിന്റെ വരികളെ മുദ്രാവാക്യങ്ങളായി ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഫൈസിന്റെ വിപ്ലവ കവിതകളുമായി ചേര്‍ത്തുനിര്‍ത്തിയാല്‍ താന്‍  ജനിച്ചുവളര്‍ന്ന  മതമായ ഇസ്‌ലാം അദ്ദേഹത്തെ സംബന്ധിച്ചേടത്തോളം അപ്രസക്തമോ അല്ലെങ്കില്‍ ആകസ്മികമായി വന്നുചേര്‍ന്നതോ ആയിട്ടാണ് പലരും ഗണിക്കാറുള്ളത്. അദ്ദേഹത്തിന്റെ സാമൂഹിക നീതിയുമായി ബന്ധപ്പെട്ട കവിതകള്‍ ഉയര്‍ത്തിക്കാട്ടി തങ്ങളുടെ വിപ്ലവ ചിന്തകളെ പ്രചോദിപ്പിക്കുന്ന വിഗ്രഹമായി പല പുരോഗമന ആക്ടിവിസ്റ്റുകളും ഫൈസിനെ കാണുന്നു. ബോല്‍ കെ ലാബ് ആസാദ് ഹെ തേരേ, ഹം ദേഖേങ്കെ, യെ ദാഘ് ദാഘ് ഉജാലാ തുടങ്ങിയ അദ്ദേഹത്തിന്റെ കവിതകള്‍ പലപ്പോഴും വിപ്ലവ ചിന്തകളെ ഉദ്‌ഘോഷിക്കുന്നതിനു വേണ്ടി ഉപഭൂഖണ്ഡത്തിലുടനീളം ഉപയോഗിക്കപ്പെട്ടുവരുന്നു.

അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തവും ജനകീയവുമായ കവിതയായ ഹം ദേഖേങ്കെ നമുക്ക് പരിശോധിക്കാം: 

ഹം ദേഖേങ്കേ 

ലാസിം ഹെ കെ ഹം ദേഖേങ്കെ 

വോ ദിന്‍ കെ ജിസ്‌കാ വാദാ ഹെ 

ജോ ലൗഹ് ഏ അസല്‍ മെ ലിഖാ ഹെ 

ഹം ദേഖേങ്കെ/

(നാം സാക്ഷികളാവും

നമ്മളും അതിന് സാക്ഷികളാവും എന്നത് തീര്‍ച്ചയാണ് 

അനശ്വരതയുടെ ഏടുകള്‍  എഴുതപ്പെട്ട 

ആ വാഗ്ദത്ത ദിനത്തെ നാം കണ്ടുമുട്ടുക തന്നെ ചെയ്യും).

ഖുര്‍ആന്റെ ആശയപ്രപഞ്ചത്തെക്കുറിച്ച് അറിവുള്ള ഏതൊരാള്‍ക്കും കവിതയിലെ 'ലൗഹ് ഏ അസല്‍' എന്ന പദം എന്തിനെ പ്രതിനിധീകരിക്കുന്നു എന്ന് മനസ്സിലാവും. ഈ പ്രപഞ്ചത്തിന്റെ ഭാഗധേയം, അതിന്റെ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള കാര്യങ്ങള്‍ ഇവയൊക്കെയും എഴുതപ്പെട്ട അനശ്വര ഏടുകളെ ഖുര്‍ആന്‍ 'ലൗഹുല്‍ മഹ്ഫൂള്' (സംരക്ഷിക്കപ്പെട്ട ഏടുകള്‍) എന്ന് പ്രയോഗിച്ചിട്ടുണ്ട്. ഖുര്‍ആന്‍, ഖുര്‍ആനെ തന്നെ സൂചിപ്പിക്കാന്‍ ലൗഹ് എന്ന രൂപകം പ്രയോഗിച്ചതായും കാണാം. കവിതയുടെ ആമുഖത്തില്‍ അനശ്വരമായ ഏടുകളില്‍ വാഗ്ദത്തം ചെയ്യപ്പെട്ട ആ ദിനത്തിന് നാം സാക്ഷികളാവും എന്ന് പ്രഖ്യാപിക്കുകയാണ് ഫൈസ് ചെയ്യുന്നത്. ആര് വാഗ്ദാനം ചെയ്തു, എവിടെ വാഗ്ദാനം ചെയ്തു എന്നൊക്കെ ഒരാള്‍ ചോദിച്ചേക്കാം. ദൈവം ഖുര്‍ആനില്‍ വാഗ്ദാനം ചെയ്തു എന്നാണ് ഉത്തരം. ഇക്കാര്യം തുടര്‍ന്നുള്ള വരികളില്‍ വ്യക്തമായി ഫൈസ് പറയുന്നുണ്ട്: 

ജബ് ളുല്‍മ് ഓ സിതം കെ കൂഹെ ഗിരാന്‍ 

റോയ് കി തരഹ് ഉട് ജായെഗെ 

ഹം മഹ്കൂമോന്‍ കെ പാഓം തലെ 

യെ ധര്‍ത്തി ധട് ധട് ധട്‌കെഗി 

ഔര്‍ അഹ്‌ലെ ഹുകും കെ സര്‍ ഊപ്പര്‍ 

ജബ് ബിജലീ കട് കട് കട്‌കെഗി 

(നിഷ്ഠുര ഭരണത്തിന്റെ ഭീമാകാരമായ പര്‍വതങ്ങള്‍ 

പഞ്ഞി പോലെ പറന്നു പോകുമ്പോള്‍ 

നമ്മള്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ കാലിനടിയില്‍ 

ഭൂമി കര്‍ണകഠോരമായ ശബ്ദത്തോടെ പ്രകമ്പനം കൊള്ളും 

നമ്മുടെ ഭരണാധികാരികളുടെ ശിരസ്സിന്മേല്‍ 

മിന്നല്‍പ്പിണരുകള്‍ വന്നു പതിക്കും)

ഭീമാകാരമായ പര്‍വതങ്ങള്‍ പഞ്ഞി പോലെ പറന്നുപോവുക, ഭൂമി മനുഷ്യരുടെ കാലിനടിയില്‍ പ്രകമ്പനം കൊള്ളുക, ശിരസ്സുകളില്‍ മിന്നല്‍പിണരുകള്‍ വന്നു പതിക്കുക - ഇവ മൂന്നും വിചാരണ നാളിനു മുമ്പുണ്ടാകുന്ന ഖിയാമത്ത് നാളിനെ കുറിക്കാന്‍ ഖുര്‍ആനില്‍ പ്രയോഗിച്ചിട്ടുള്ള സംജ്ഞകളാണ്. 

ഉദാഹരണത്തിന് അല്‍ ഖാരിഅ അധ്യായത്തിലെ സൂക്തങ്ങള്‍ ശ്രദ്ധിക്കുക: 'മനുഷ്യന്‍ ചിന്നിച്ചിതറിയ പാറ്റപോലെ ആയിത്തീരുന്ന ദിവസം. പര്‍വതങ്ങള്‍ കടയപ്പെട്ട രോമം പോലെ ആയിത്തീരുകയും ചെയ്യുന്ന ദിവസം.' അതുപോലെ സല്‍സല അധ്യായത്തിലെ ഒന്നു മുതല്‍ മൂന്നു വരെയുള്ള സൂക്തങ്ങള്‍: 'ഭൂമി അതിഭയങ്കരമായി വിറപ്പിക്കപ്പെട്ടാല്‍. ഭൂമി അതിന്റെ ഭാരങ്ങളെ പുറം തള്ളുകയും ചെയ്താല്‍. അതിന് എന്താണ് പറ്റിയത് എന്ന് മനുഷ്യന്‍ പറയുകയും ചെയ്താല്‍.' പദാനുപദമായും ആശയപരമായും ഈ ആയത്തുകള്‍ കവിതയിലെ വരികളില്‍ നിഴലിക്കുന്നു.

തുടര്‍ന്ന്  കവി പറയുന്നു: 

ജബ് അര്‍ദേ ഖുദാ കെ കഅ്‌ബെ സെ 

സബ് ബുത് ഉഢ്‌വായെ ജായെഗെ

ഹം അഹ്‌ലെ സ്വഫാ മര്‍ദൂദേ ഹറം 

മസ്‌നദ് പെ ബിടായെ ജായെങ്കെ

സബ് താജ് ഉഛാലേ ജായേഗേ 

സബ് തക്ത് ഗിരായെ ജായെഗെ    

(ദൈവത്തിന്റെ സന്നിധിയില്‍നിന്ന്  

തിന്മയുടെ ബിംബങ്ങള്‍ പുറത്തെടുക്കപ്പെടും  

രാജാധികാരങ്ങള്‍ കീഴ്‌മേല്‍ മറിക്കപ്പെടുകയും

സിംഹാസനങ്ങള്‍ വലിച്ചു താഴെയിടപ്പെടുകയും ചെയ്യുമ്പോള്‍  

വിശുദ്ധമായ ഇടങ്ങളില്‍നിന്ന് തടയപ്പെട്ട ഞങ്ങള്‍ വിശ്വാസികള്‍ 

ഉയര്‍ന്ന  സോഫകളില്‍ ഇരുത്തപ്പെടും)

പ്രവാചകത്വത്തിന്റെ അവസാന കാലത്ത് മുഹമ്മദ് നബി (സ) മക്കാ വിജയം നേടിയതും, തുടര്‍ന്ന്  കഅ്ബയിലെ നൂറുകണക്കിന് ബിംബങ്ങള്‍ ഒഴിപ്പിച്ചെടുത്തതുമായ സംഭവങ്ങളുടെ വാങ്മയചിത്രങ്ങളാണ് ഈ വരികളില്‍ മിന്നിമറയുന്നത്. 'മര്‍ദൂദെ  ഹറം' (വിശുദ്ധമായ ഇടങ്ങളില്‍ നിന്ന് തടയപ്പെട്ടു) എന്ന പ്രയോഗം ഇസ്‌ലാം വിഗ്രഹാരാധനയെ എതിര്‍ക്കുന്നതു മൂലം മുഹമ്മദ് നബി(സ)ക്കും അനുചരന്മാര്‍ക്കും എട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് മക്ക വിടേണ്ടി വന്ന സംഭവത്തെയാണ് സൂചിപ്പിക്കുന്നത്. അവസാനം 'വിശുദ്ധമായ ഇടങ്ങളില്‍നിന്ന് തടയപ്പെട്ടവര്‍' മക്കയിലെ വിഗ്രഹാരാധകരെ തോല്‍പ്പിക്കുകയും വിശുദ്ധ ഹറമിലേക്ക് മടങ്ങുകയും കഅ്ബയെ വിഗ്രഹങ്ങളില്‍നിന്ന് ശുദ്ധീകരിക്കുകയും ചെയ്യുന്നു.

ഇസ്‌ലാമിന്റെ അടിസ്ഥാനമായ ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ വേറൊരു ആരാധ്യനുമില്ല) എന്ന ആശയവും രാജാക്കന്മാരാലും ചക്രവര്‍ത്തിമാരാലും അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്ക് അവസാനം നീതി ലഭിക്കുന്ന വിഗ്രഹരഹിതമായ ലോകത്തെ കുറിച്ചുള്ള  ഫൈസിന്റെ ഭാവനാപ്രപഞ്ചവും തമ്മിലുള്ള ബന്ധം വ്യക്തമാണ്. വിഗ്രഹം എന്ന രൂപകം സമാനമായ രീതിയില്‍ ഉര്‍ദു വിപ്ലവ കവിതകളിലെമ്പാടും നമുക്ക് കാണാന്‍ കഴിയും. ഉദാഹരണത്തിന് ഇഖ്ബാല്‍ തന്റെ കവിതകളില്‍ കൂടെക്കൂടെ  ആധുനിക വിഗ്രഹങ്ങളായ ദേശീയത, മുതലാളിത്തം എന്നിവയെ തകര്‍ക്കാന്‍ ആഹ്വാനം ചെയ്യുന്നതായി കാണാന്‍ സാധിക്കും.

ഇനി നമുക്ക് ഫൈസിന്റെ 'ഹം ദേഖേങ്കേ'യിലെ അവസാന ശകലങ്ങള്‍ നോക്കാം:

ബസ് നാം രഹേഗാ അല്ലാഹ് കാ 

ജോ ഗാഇബ് ഭീ ഹെ ഹാസിര്‍ ഭി 

ജൊ മര്‍സര്‍ ഭി ഹെ നാസിര്‍ ഭി 

ഉഢേഗാ അനല്‍ ഹഖ് കാ നഅ്‌റാ 

ജൊ മെ ഭി ഹൂ തും ഭി ഹൊ 

ഔര്‍ രാജ് കരെഗി ഖല്‍ഖെ ഖുദാ 

ജൊ മെ ഭി ഹൂ ഔര്‍ തും ഭി ഹൊ 

(അന്ന് അല്ലാഹുവിന്റെ നാമം മാത്രം അവശേഷിക്കും, 

നേരില്‍ കാണാന്‍ കഴിയാത്തവനും എല്ലായിടത്തും പ്രത്യക്ഷവാനുമായ

എല്ലാം കാണുന്നവനും കാണപ്പെടുന്നവനുമായ 

പിന്നീട് 'ഞാനാണ് സത്യം' -അനല്‍ ഹഖ്- എന്ന പ്രഖ്യാപനമുയരും 

അതില്‍ ഞാനും നീയുമുണ്ടാകും 

ദൈവത്തിന്റെ ദാസന്മാര്‍ ഭരണവും നടത്തും)

മനുഷ്യന്റെയും മനുഷ്യസമൂഹത്തിന്റെയും നശ്വരതയിലേക്ക് ഈ ശകലങ്ങളിലൂടെ ഫൈസ് തിരിച്ചുവരുന്നു. ഒപ്പം അല്ലാഹുവല്ലാത്ത മറ്റെല്ലാം നശിച്ചുപോകുമെന്ന് ഓര്‍മപ്പെടുത്തുന്നു. പരമ്പരാഗത ഇസ്‌ലാമിക വിശ്വാസത്തെ പിന്തുടര്‍ന്നുകൊണ്ട്  വൈരുധ്യങ്ങളിലൂടെയാണ് ഫൈസ് അല്ലാഹുവിനെ നിര്‍വചിക്കുന്നത്. അതായത് 'നേരില്‍ കാണാന്‍ കഴിയാത്തവനും എന്നാല്‍  എല്ലായിടത്തും പ്രത്യക്ഷവാനുമായ', അല്ലെങ്കില്‍ 'കാണുന്നവനും കാണപ്പെടുന്നവനുമായവന്‍' തുടങ്ങിയ വാക്യങ്ങളിലൂടെയാണ് ഫൈസ് അല്ലാഹുവിനെ പരിചയപ്പെടുത്തുന്നത്. അവസാനത്തെ രണ്ടു വരികളില്‍ സൂഫികളുടെ ഏറ്റവും പ്രശസ്തമായ 'അനല്‍ ഹഖ്' (ഞാനാണ് സത്യം) എന്ന ആശയം ദൈവത്തിലേക്ക് ചേര്‍ത്ത് അവതരിപ്പിക്കുന്നു. പുരോഹിതന്മാരുടെ മധ്യവര്‍തിത്വത്തെ നിരാകരിക്കുന്ന ഖുര്‍ആനിക ആശയത്തെ പിന്തുണക്കുംവിധം ഓരോ വ്യക്തിയും സ്വയം മതവിജ്ഞാനീയങ്ങളുടെയും അതിലെ ഉള്‍പ്പൊരുളുകളുടെയും വാഹകരാണെന്നതാണ് ഫൈസിന്റെ ഇസ്‌ലാമിക ഭാവനയിലുള്ളത്.

ഭാഷകള്‍ക്കതീതമായി ഇസ്‌ലാമിലെ കവികളെ പരിശോധിച്ചാല്‍ അവര്‍ ഇസ്‌ലാമിന്റെ അടിസ്ഥാന ആശയമായ തൗഹീദിനെ കേന്ദ്രപ്രമേയമാക്കിയും മുഹമ്മദ് നബി(സ)യെ ഏറ്റവും വലിയ വിപ്ലവക്കാരിയാക്കിയും ഹസ്രത്ത് ഹുസൈനെ മഹാനായ രക്തസാക്ഷിയാക്കിയും കവിതകള്‍ എഴുതിയവരാണെന്നു കാണാം. തൗഹീദില്‍ വിശ്വാസമുള്ളതുകൊണ്ട് വിഗ്രഹങ്ങളെയും അന്ധവിശ്വാസങ്ങളെയും അവര്‍ക്ക് നിരാകരിക്കാതിരിക്കാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ വര്‍ഗ-വംശ ബോധത്തില്‍ അധിഷ്ഠിതമായ തെറ്റായ ഏതു ബിംബങ്ങളെയും കടപുഴക്കല്‍ ഒരു വിശ്വാസിയുടെ ബാധ്യതയായിത്തീരുന്നു. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ നിരാകരണത്തിലൂടെയാണ് തൗഹീദ് എന്ന ആശയം സ്വയം നിര്‍വചിക്കുന്നത്. 1917-ലെ റഷ്യന്‍ വിപ്ലവത്തിനു ശേഷം ഇത്തരം കവികള്‍ മാര്‍ക്‌സിസ്റ്റ് ആശയങ്ങളുമായി പരിചയപ്പെട്ടപ്പോള്‍ സ്വന്തം ചിന്തകളിലും കവിതകളിലും വര്‍ഗസംഘട്ടനം പോലെയുള്ള ഇടതു ആശയങ്ങള്‍ സന്നിവേശിപ്പിക്കുകയാണ് ചെയ്തത്.

തന്റെ കാലഘട്ടത്തിലെ അവസാനത്തെ ഇസ്‌ലാമിക ചിന്തകനായി ഫൈസ് കണക്കാക്കുന്ന ഇഖ്ബാലിനെ പോലുള്ളവര്‍ മാര്‍ക്‌സിസ്റ്റ് ചിന്തകരുടെ ആശയങ്ങളുമായി സംവദിക്കാനും തനിക്കു ശേഷം വരുന്നവര്‍ക്ക് അടിത്തറ നല്‍കാനുമാണ് ശ്രമിച്ചത്. എന്നാല്‍ ഫൈസ് അഹ്മദ് ഫൈസ്, ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകരില്‍ ഒരാള്‍ കൂടിയായ ഹസ്രത്ത് മൊഹാനി തുടങ്ങിയവര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ സജീവ അംഗത്വം നിലനിര്‍ത്തിയവരായിരുന്നു. റഷ്യയില്‍നിന്നും ചൈനയില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന പാകിസ്താനിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ എന്തുകൊണ്ടാണ്  താങ്കള്‍ പിന്തുണക്കുന്നത് എന്ന് ഫൈസ് അഹ്മദ് ഫൈസിനോട് ചോദിച്ചപ്പോള്‍, ഇസ്‌ലാമിക വ്യവസ്ഥ കമ്യൂണിസത്തേക്കാള്‍ മഹത്തരമാണെങ്കിലും റഷ്യയുമായോ ചൈനയുമായോ കിടപിടിക്കുന്ന രീതിയിലുള്ള ഒരു വ്യവസ്ഥ ഒരു മുസ്‌ലിം രാജ്യവും ഇപ്പോള്‍ പിന്തുടരുന്നില്ല എന്നായിരുന്നു വിശദീകരണം. എന്നിരുന്നാലും ഇസ്‌ലാമിക വ്യവസ്ഥ അതിന്റെ വിപ്ലവാത്മകമായ അന്തസ്സത്ത ഉള്‍ക്കൊണ്ട് നടപ്പിലാക്കുകയോ നിലവിലുള്ള തെറ്റായ അതിന്റെ നടപ്പിലാക്കല്‍ രീതി പരിഷ്‌കരിക്കുകയോ ചെയ്താല്‍ കമ്യൂണിസ്റ്റ് സാമൂഹിക-ഭരണ ക്രമത്തേക്കാള്‍ നല്ല ഫലം ഇസ്‌ലാമിക സാമൂഹിക ക്രമത്തിന് സാധ്യമാവുമെന്നും അദ്ദേഹം നിരീക്ഷിച്ചു.

ഫൈസ് ഒരു സ്വയം പ്രഖ്യാപിത മുസ്‌ലിം കവിയായിരുന്നു. മുസ്‌ലിം കുടുംബത്തില്‍ വളരുകയും വളരെ ചെറുപ്പത്തില്‍ തന്നെ ഇസ്‌ലാമിക ചിന്തകളില്‍ പരിശീലനം നേടുകയും ചെയ്ത ആളാണ് അദ്ദേഹം. കുട്ടിയായിരിക്കെ തന്നെ ഖുര്‍ആന്‍ മനഃപാഠമാക്കാന്‍ ശ്രമിച്ചെങ്കിലും ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് പ്രസ്തുത ശ്രമം ഉപേക്ഷിക്കേണ്ടിവന്നു. അക്കാര്യത്തില്‍ ജീവിതത്തിലുടനീളം ഖിന്നനായിരുന്നു അദ്ദേഹം. മൗലാനാ റൂമിയായിരുന്നു അദ്ദേഹത്തിന്റെ ആത്മീയ- ബൗദ്ധിക ഗുരുവും വഴികാട്ടിയും. അദ്ദേഹത്തിന്റെ കവിതകളില്‍ ഇസ്‌ലാമിക പ്രമേയങ്ങളും ലക്ഷ്യങ്ങളും രൂപകങ്ങളും ബിംബകല്‍പനകളും നിറഞ്ഞുനില്‍ക്കുന്നതു കാണാം.

പ്രസിദ്ധ കവി ഖതീല്‍ ശിഫായ് അതേക്കുറിച്ച് ഫൈസിനോട് ഒരിക്കല്‍ ഒരഭിമുഖത്തില്‍ ചോദിക്കുകയുണ്ടായി 

ഖതീല്‍: ഇസ്‌ലാമിക സാഹിത്യത്തിലെ ചലനങ്ങളെ കുറിച്ച് ഞങ്ങളോട് പറഞ്ഞാലും.

ഫൈസ്: എന്റെ അഭിപ്രായത്തില്‍ മുസ്‌ലിം രാജ്യങ്ങളിലെ മുസ്‌ലിം എഴുത്തുകാരുടെ നേതൃത്വത്തിലുള്ള സാഹിത്യപ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ ഇസ്‌ലാമിന്റെ ഭാഗമാണ്.

'റൂദാദെ ഹഫ്‌സ്' എന്ന കൃതിയില്‍ ഫൈസിന്റെ സഹ തടവുകാരനായിരുന്ന മേജര്‍ ഇസ്ഹാഖ്, തങ്ങളുടെ ഒരുമിച്ചുള്ള ജയില്‍ ജീവിതത്തെ കുറിച്ച് പറയുന്നുണ്ട്. ഹൈദരാബാദ് ജയിലിലെ തടവുകാര്‍ക്ക് ഖുര്‍ആനും ഹദീസും പഠിപ്പിക്കുകയായിരുന്നു ഫൈസ് പ്രധാനമായും ചെയ്തിരുന്നത് എന്ന് അദ്ദേഹം പറയുന്നു. നിങ്ങള്‍ ഒരു നിരീശ്വരവാദിയായിരിക്കെ എന്തിനാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത് എന്ന് ഒരിക്കല്‍ ഒരു കേണല്‍ തന്നോട് ചോദിച്ചതായി ഫൈസ് ഓര്‍ക്കുന്നുണ്ട്. താനൊരു മുസ്‌ലിം ആണെന്ന് ഫൈസ് വ്യക്തമാക്കിയപ്പോള്‍ കേണല്‍ അദ്ദേഹം ഖുര്‍ആന്‍ പഠിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിച്ചു.

സത്യം ജയിക്കും, തിന്മ തകര്‍ന്നു തരിപ്പണമാകും എന്ന ഖുര്‍ആന്‍ വചനം ഉരുവിട്ട് ഫലസ്ത്വീനികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു അദ്ദേഹം. അദ്ദേഹം പാര്‍സി ഭാഷയില്‍ രചിച്ച  ഒരേയൊരു കവിത പ്രവാചകനെ സ്തുതിച്ചു കൊണ്ടുള്ളതായിരുന്നു. പ്രവാചക പൗത്രന്‍ ഹുസൈനെ സ്മരിച്ചുകൊണ്ടും അദ്ദേഹം കവിത രചിച്ചിട്ടുണ്ട്. ഫൈസിന്റെ കവിതയുടെയും വിപ്ലവ ബോധ്യത്തിന്റെയും കേന്ദ്രം ഇസ്‌ലാമിക ചിന്തയായിരുന്നു എന്നതിന് ഇവയെല്ലാം നേര്‍സാക്ഷ്യങ്ങളായി നിലനില്‍ക്കുന്നു. 

ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ലാത്ത നിരീശ്വരവാദി കവിയായി ഫൈസിനെ കണക്കാക്കുംവിധത്തില്‍  തെറ്റിദ്ധാരണാജനകമായ പ്രതീതി കാലാന്തരത്തില്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അത്തരമൊരു പ്രതീതി സൃഷ്ടിക്കുന്നതില്‍ ചില മുസ്‌ലിം വിഭാഗങ്ങള്‍ക്കും പങ്കുണ്ട്. അവര്‍ക്ക്  മുസ്‌ലിംകളല്ലാത്ത വിപ്ലവ കവികളെ ഭയമില്ലായിരുന്നു. പക്ഷേ അവര്‍ക്ക്  ഇസ്‌ലാമിനകത്തെ വിമോചന ധാരയെ എന്നും ഭയമായിരുന്നു. അതുകൊണ്ടുകൂടിയാണ് ഫൈസ് ഒരു സത്യനിഷേധി (കാഫിര്‍), അല്ലെങ്കില്‍ നിരീശ്വരവാദി (ദഹ്‌രി) ആണെന്ന പ്രഖ്യാപനമുണ്ടായത്. ഇത്തരം പ്രചാരണങ്ങള്‍ മുസ്‌ലിംകളിലും ലിബറല്‍ -പുരോഗമന വൃത്തങ്ങളിലും ഒരുപോലെ സ്വാധീനം ചെലുത്തുകയും ഫൈസ് ഒരു നിരീശ്വരവാദിയാണ് എന്നോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ വിപ്ലവ ചിന്തകള്‍ക്ക് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല എന്നോ ഉള്ള ധാരണ മൂടുറക്കുകയും ചെയ്തു. ഫൈസ് അഹ്മദ് ഫൈസിന്റെ ചിന്താപ്രപഞ്ചത്തെ കുറിച്ച ഇത്തരം വളച്ചൊടിക്കലുകള്‍ തിരുത്തപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

 

(ലേഖകര്‍ ദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ചരിത്രപഠന വിഭാഗത്തില്‍ ഗവേഷകരാണ്).

കടപ്പാട്: Twocircles.net


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (15-16)
എ.വൈ.ആര്‍