Prabodhanm Weekly

Pages

Search

2019 ഏപ്രില്‍ 12

3097

1440 ശഅ്ബാന്‍ 06

പൗരാവകാശവും സ്വാതന്ത്ര്യവും പാശ്ചാത്യ ദര്‍ശനത്തിന്റെ പരിമിതികള്‍

റാശിദ് ഗന്നൂശി

സ്വാതന്ത്ര്യത്തെക്കുറിച്ച ഒരു ദാര്‍ശനിക വിശകലനം ഞാനിവിടെ ഉദ്ദേശിക്കുന്നില്ല. സ്വാതന്ത്ര്യം എന്ത് എന്ന ധൈഷണിക അന്വേഷണം പലപ്പോഴും അതിന്റെ നിഷേധത്തിലായിരിക്കും കലാശിക്കുക. അതൊരു മായ എന്നും മറ്റുമുള്ള നിഗമനത്തില്‍ എത്തിച്ചേര്‍ന്നെന്നുമിരിക്കും. മനുഷ്യന്‍, അവന്റെ ധിഷണ, ആത്മാവ് തുടങ്ങിയ വിഷയങ്ങളിലും ഇതുതന്നെ സ്ഥിതി. പഠനം ആഴങ്ങളിലേക്ക് ചെല്ലുമ്പോള്‍ എല്ലാം കുഴമറിഞ്ഞ് വൈരുധ്യങ്ങളില്‍ ചെന്നുചാടുന്നു. മനുഷ്യന്‍ തന്റെ കഴിവുകേട് തിരിച്ചറിയുന്നു. ഒരു കാര്യത്തിന്റെ സത്തയെന്ത് എന്നറിയാന്‍ നമ്മുടെ അറിവുപകരണങ്ങള്‍ മതിയാകാതെ വരുന്നു.1 ഇനി ധൈഷണിക അന്വേഷണം ഒഴിവാക്കി, വൈകാരികമായും സ്വതന്ത്ര പ്രവൃത്തി എന്ന നിലക്കും വിഷയത്തെ സമീപിച്ച് ക്രിയാത്മകമായ ഉത്തരങ്ങളില്‍ എത്തിച്ചേര്‍ന്നു എന്ന് അവകാശപ്പെടുമ്പോഴും നിഷേധ/ശൂന്യതാ സിദ്ധാന്തങ്ങള്‍ (Nihilism) ആയിരിക്കും അവിടെയും ആധിപത്യം ചെലുത്തുക. സര്‍വതന്ത്ര സ്വതന്ത്രനായ മനുഷ്യനെയാണ് അവ വിഭാവനം ചെയ്യുന്നത്. അവനെ മറ്റുള്ളവരുമായി ബന്ധിപ്പിച്ചു നിര്‍ത്തുന്ന സകല ബന്ധങ്ങളെയും മൂല്യങ്ങളെയും പൊട്ടിച്ചെറിഞ്ഞാലേ സ്വാതന്ത്ര്യം ലഭിക്കൂ എന്ന് ആ ദര്‍ശനങ്ങള്‍ ഉദ്‌ഘോഷിച്ചു. പിന്നെ അവന്‍ ജീവിക്കുന്നതിനു തന്നെ അര്‍ഥമില്ലാതായിത്തീരും. തോന്നുംപോലൊരു ജീവിതമോ ആത്മഹത്യയോ ആയിരിക്കും പിന്നെ മുമ്പിലുള്ള മാര്‍ഗം.2

ഇനി സ്വാതന്ത്ര്യത്തെക്കുറിച്ച ചര്‍ച്ച അതിന്റെ തത്ത്വശാസ്ത്രതലം വിട്ട് കൂടുതല്‍ ദൃശ്യതയുള്ള മേഖലകളായ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക സ്ഥാപനങ്ങളിലേക്ക് പ്രവേശിച്ചാല്‍, വ്യക്തിതലം വിട്ട് അതിന് സാമൂഹികമാനം കൈവരുന്നു. അപ്പോഴത് ദാര്‍ശനികരുടെ കേവലം വ്യവഹാര മണ്ഡലമല്ല. ദുര്‍ബലരാക്കപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുന്ന ജനവിഭാഗങ്ങളുടെ അതിജീവനപ്പോരാട്ടത്തിന്റെ പേരായി സ്വാതന്ത്ര്യം എന്ന സംജ്ഞ മാറുന്നു. തുടര്‍ന്ന് നിയമജ്ഞരും രാഷ്ട്രീയ ചിന്തകരുമൊക്കെ അവരുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങളിലും അവര്‍ രൂപകല്‍പ്പന ചെയ്യുന്ന ഭരണഘടനകളിലും സ്വാതന്ത്ര്യത്തിന്റെ മേഖലകള്‍ ഏതൊക്കെയെന്ന് നിജപ്പെടുത്തുന്നു. ഒരാളുടെ ഭൗതികവും ആശയപരവുമായ വ്യക്തിത്വവികാസത്തിന് ഏതൊക്കെ അവകാശങ്ങളും സേവനങ്ങളും അവന് ലഭ്യമാക്കേണ്ടതായിട്ടുണ്ട് എന്ന് ചിന്തിക്കുന്നു. രാഷ്ട്ര വിഭാവനയിലും ഈ ചിന്തകള്‍ക്ക് വലിയ പ്രാമുഖ്യമുണ്ട്. യാതൊരുവിധ അധീശത്വവും നിര്‍ബന്ധിതാവസ്ഥകളും സമ്മര്‍ദങ്ങളും ഇല്ലാതെ വ്യക്തിക്ക് തന്റെ കഴിവുകള്‍ വികസിപ്പിച്ചെടുക്കാനാവണം. ചിന്ത, അഭിപ്രായപ്രകടനം, സംഘം ചേരല്‍, തൊഴില്‍, സഞ്ചാരം, ആരാധന, ഉടമസ്ഥത തുടങ്ങിയ ഒട്ടനേകം മേഖലകളില്‍ അവന് മൗലികാവകാശങ്ങള്‍ ലഭ്യമാവണം. പതിനെട്ടാം നൂറ്റാണ്ട് മുതല്‍ ലോക മനുഷ്യാവകാശങ്ങള്‍ എന്ന പേരില്‍ ഇത്തരം ധാരാളം രേഖകളും പ്രഖ്യാപനങ്ങളും, 'പൊതു സ്വാതന്ത്ര്യത്തിന്റെ സുവിശേഷ'മായി ഇറങ്ങിക്കൊണ്ടിരിക്കുകയാണ്. ഇവയെ അടിസ്ഥാനപ്പെടുത്തിയാണ് ലോകരാഷ്ട്രങ്ങള്‍ സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയുമൊക്കെ നിര്‍വചിക്കുന്നത്.

ഈ പ്രഖ്യാപനങ്ങള്‍ ആശയതലത്തില്‍ മനുഷ്യന് അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നല്‍കുന്നുണ്ടെങ്കിലും, അവ ലഭ്യമാക്കാനുള്ള മാര്‍ഗമെന്ത് എന്ന് വിശദീകരിക്കുന്നില്ല; അല്ലെങ്കില്‍ നിര്‍ബന്ധിതാവസ്ഥകളെ/അധീശത്വങ്ങളെ എങ്ങനെ ഒഴിവാക്കുമെന്ന് വ്യക്തമാക്കുന്നില്ല. ചിന്തിക്കാനും അഭിപ്രായപ്രകടനം നടത്താനും കൈവശം വെക്കാനും സഞ്ചരിക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യം അനുവദിക്കുന്നു എന്നത് ശരി തന്നെ. പക്ഷേ, സംസ്‌കാരവും സമ്പത്തും അധികാരവുമൊക്കെ കൈപ്പിടിയിലൊതുക്കിയിരിക്കുന്നത്, തത്ത്വത്തില്‍ പൊതു സമൂഹത്തിന് തുല്യരായ ഒരു ചെറിയ സംഘം ആളുകളാണെങ്കില്‍ ഈ സ്വാതന്ത്ര്യങ്ങളൊക്കെ എങ്ങനെയാണ് സാക്ഷാല്‍ക്കരിക്കപ്പെടുക?

പ്രശ്‌നസങ്കീര്‍ണമായ ചരിത്ര പശ്ചാത്തലങ്ങളുണ്ട് ഈ സ്വാതന്ത്ര്യപ്രഖ്യാപനങ്ങള്‍ക്കൊക്കെയും. അതുകൊണ്ടാവണം ഈ പ്രഖ്യാപനങ്ങള്‍ക്ക് 'ബൂര്‍ഷ്വാ' എന്ന വിശേഷണം നല്‍കപ്പെടുന്നത്. ചരിത്രപരമായി ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളാണ് ഇത്തരം പ്രഖ്യാപനങ്ങള്‍ക്ക് നിമിത്തമായത്. അതിലൊരു ഭാഗത്ത് നിലയുറപ്പിച്ചിരുന്നത് കച്ചവടക്കാരും വ്യവസായികളുമടങ്ങുന്ന പുതിയ വര്‍ഗമാണ്. മറുവശത്ത് രാജാക്കന്മാരും ഫ്യൂഡല്‍ പ്രഭുക്കന്മാരും ചര്‍ച്ചുമെല്ലാം ഉള്‍പ്പെടുന്ന പരമ്പരാഗത അധികാരിവര്‍ഗവും. അപ്പോള്‍, ആദ്യം പറഞ്ഞ പുതിയ വര്‍ഗത്തിന് അനുഗുണമായാണ് സ്വാതന്ത്ര്യങ്ങളും അവകാശങ്ങളുമൊക്കെ വ്യാഖ്യാനിക്കപ്പെടുക. അതായത് രാജാവിനോ മതത്തിന്റെയാളുകള്‍ക്കോ ദൈവത്തിനോ ഒന്നും തന്നെ ആ വ്യാഖ്യാനത്തില്‍ യാതൊരു റോളും ഉണ്ടായിരിക്കില്ല. ചര്‍ച്ചിന്റെ അധികാരക്കുത്തക അവസാനിപ്പിച്ച്, മതവുമായി ഒരു ബന്ധവുമില്ലാത്ത ദേശീയ സ്വരൂപങ്ങള്‍ക്കു വേണ്ടിയാണ് പുതിയ വര്‍ഗം നിലകൊണ്ടിരുന്നതും. വ്യാപാരം, വ്യവസായം തുടങ്ങിയവക്കു മേല്‍, പാരമ്പര്യ അധികാര ശക്തികള്‍ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ നീക്കം ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. പ്രശസ്ത തത്ത്വചിന്തകന്‍ ബര്‍ട്രന്റ് റസല്‍ സ്വാതന്ത്ര്യത്തെ നിര്‍വചിച്ചതുപോലും 'ആഗ്രഹങ്ങള്‍ സഫലീകരിക്കുന്നതിനു മുമ്പിലെ തടസ്സങ്ങള്‍ ഇല്ലായ്മ ചെയ്യുക' എന്നാണ്.3 അപ്പോള്‍ രാഷ്ട്രം തന്നെയും, ഈ വീക്ഷണത്തില്‍, ഇത്തരം അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കാന്‍ ഒരു കൂട്ടം വ്യക്തികള്‍ സ്ഥാപിച്ച കമ്പനിയാണ്. അതുകൊണ്ടാണ് ഇങ്ങനെ പറയേണ്ടി വരുന്നത്; ''സ്വാതന്ത്ര്യം എന്ന ആശയം ഉയര്‍ത്തപ്പെട്ടത് വ്യക്തിപരമായ തലത്തിലാണ്. സത്തയില്‍ അത് തീര്‍ത്തും നിഷേധാത്മകവുമാണ്. അതിലുള്ളതെല്ലാം പരമ്പരാഗത ലിബറല്‍ ആശയങ്ങളാണ്. അതായത്, സ്വാതന്ത്ര്യം എന്നത് സാമൂഹികതാല്‍പര്യങ്ങളെ ചെറുക്കാന്‍ വ്യക്തി നടത്തുന്ന പോരാട്ടം, അല്ലെങ്കില്‍ അധികാര ശക്തികളുടെ പിടിത്തത്തില്‍നിന്ന് അകലെയായിരിക്കാന്‍ അവന്‍ നടത്തുന്ന ശ്രമം എന്നതായി ചുരുങ്ങുന്നു.''4

സ്വതന്ത്ര പ്രവൃത്തി എന്നാല്‍ നിര്‍ബന്ധത്തിനു വഴങ്ങാത്ത പ്രവൃത്തി എന്ന് നിര്‍വചിക്കുമ്പോള്‍ തന്നെ വ്യക്തിസ്വാതന്ത്ര്യങ്ങളുടെ യാന്ത്രികവും നിഷേധാത്മകവുമായ പ്രകൃതം വെളിപ്പെടുന്നുണ്ട്. സ്വാതന്ത്ര്യത്തിനു മേല്‍ വരുന്ന വിലങ്ങുകള്‍ ബാഹ്യം മാത്രമായിരിക്കില്ല എന്നും വിശദീകരിക്കുന്നു. ഓരോ വ്യക്തിയുമായി ബന്ധപ്പെട്ട വിലങ്ങുകളും -അതാണ് പരമപ്രധാനം- ഉണ്ടാവും. ഉദാഹരണത്തിന് വികാരങ്ങള്‍ക്ക് അടിപ്പെടുക, വേണ്ടത്ര അറിവോ ധാരണയോ ഇല്ലാതിരിക്കുക പോലുള്ളവ. നിര്‍ബന്ധിതാവസ്ഥ പല രൂപങ്ങളില്‍ പ്രത്യക്ഷപ്പെട്ടേക്കാം. അത് വളരെ ഗോപ്യവും സൂക്ഷ്മവും സമര്‍ഥവും ആയിരിക്കും. ഇതിന് ഉദാഹരണമാണ് പാശ്ചാത്യ-പൗരസ്ത്യ സമൂഹങ്ങളിലെ വാര്‍ത്താമാധ്യമങ്ങളിലും സംസ്‌കാരത്തിലും വിദ്യാഭ്യാസത്തിലുമൊക്കെ മുതലാളിത്ത രാഷ്ട്രങ്ങള്‍/സ്ഥാപനങ്ങള്‍ക്കുള്ള മേധാവിത്തം. ജനങ്ങളുടെ മാനസിക നിലകളെയും അഭിരുചികളെയും രൂപപ്പെടുത്തുന്നതില്‍ അവ വലിയ പങ്കു വഹിക്കുന്നു. അമേരിക്കന്‍ സ്ഥാപനങ്ങള്‍ ഭീകരതയെയും മൗലികവാദത്തെയും കൈകാര്യം ചെയ്യുന്ന രീതി മാത്രം ശ്രദ്ധിച്ചാല്‍ മതി. നാഗരികതയുടെ ഏറ്റവും വലിയ ഭീഷണി അതാണെന്ന് അവ ചിത്രീകരിക്കുമ്പോള്‍ പാശ്ചാത്യര്‍ മാത്രമല്ല പൗരസ്ത്യ, മുസ്‌ലിം ലോകം വരെ അതില്‍ പെട്ടുപോകുന്നു. 'ലോക മനുഷ്യാവകാശങ്ങള്‍ക്ക് കാവല്‍ നില്‍ക്കുന്നവരുടെ' ബലാല്‍ക്കാര/അധീശത്വ പ്രയോഗം എങ്ങനെ വ്യക്തിസ്വാതന്ത്ര്യത്തെ സ്വാധീനിക്കുന്നു എന്നതിന്റെ നമ്മുടെ കാലത്തെ ഏറ്റവും പ്രകടമായ ഉദാഹരണം. ഇന്ന് വ്യവഹരിക്കപ്പെടുന്ന പൊതു സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും സുസ്ഥിരമായ മൂല്യങ്ങളിലോ തത്ത്വങ്ങളിലോ അല്ല എന്നതുകൊണ്ടാണിത് സംഭവിക്കുന്നത്. സാമൂഹിക സുരക്ഷാ സംവിധാനങ്ങളും സഹായത്തിനെത്തുകയില്ല. പക്ഷേ, ലോകത്തിന്റെ പല ഭാഗങ്ങളില്‍ സോഷ്യലിസ്റ്റ് വിപ്ലവങ്ങള്‍ അരങ്ങേറുകയും തൊഴിലാളി സംഘടനകള്‍ ശക്തിപ്പെടുകയും ചെയ്തതിന്റെ ഫലമായുണ്ടായ സമ്മര്‍ദങ്ങളാല്‍ തങ്ങളുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങള്‍ക്ക് സാമൂഹിക സുരക്ഷിതത്വത്തിന്റെ ആവരണമണിയിക്കാന്‍ മുതലാളിത്ത ശക്തികള്‍ നിര്‍ബന്ധിതമാവുകയുണ്ടായി. ശാക്തിക സന്തുലനമാണ് അവസാന വിശകലനത്തില്‍ അവകാശങ്ങള്‍ എന്തൊക്കെയെന്ന് നിശ്ചയിക്കുക എന്നര്‍ഥം. ആ എതിര്‍ചേരി ദുര്‍ബലമായാല്‍ തങ്ങള്‍ നല്‍കിയ ആനുകൂല്യങ്ങളൊക്കെ അധീശ ശക്തികള്‍ വന്‍കിടക്കാരുടെ താല്‍പര്യങ്ങള്‍ക്കു വേണ്ടി പിന്‍വലിക്കുമെന്നും ഉറപ്പ്. മാര്‍ക്‌സിസത്തിന്റെ പിന്‍വാങ്ങലിനും തൊഴിലാളി സംഘടനകളുടെ തളര്‍ച്ചക്കും ശേഷം നാമിപ്പോള്‍ അത് കണ്ടുകൊണ്ടിരിക്കുകയാണല്ലോ.

ഇതു സംബന്ധമായുള്ള മാര്‍ക്‌സിസ്റ്റ് വിമര്‍ശനത്തിന്റെ കാതല്‍ സ്വത്ത് ഏതാനും മുതലാളിമാരുടെ/മൂലധനക്കാരുടെ കൈയില്‍ കേന്ദ്രീകരിക്കപ്പെടുന്നു എന്നതാണ്. ഭരണകൂടത്തെയും ഈ സമ്പന്നവിഭാഗം തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഉപകരണമാക്കുന്നു. ഈ സ്വകാര്യ ഉടമാവകാശം എടുത്തുകളഞ്ഞില്ലെങ്കില്‍ രാഷ്ട്രീയ സ്വാതന്ത്ര്യങ്ങളൊന്നും തന്നെ സാധ്യമല്ലെന്ന് അവര്‍ കരുതി. എല്ലാം പൊതു ഉടമസ്ഥതയിലേക്ക് മാറണം. അതോടെ എല്ലാ അടിമത്തങ്ങളും ഇല്ലാതാകും. ഭരണകൂടം വരെ കൊഴിഞ്ഞുപൊയ്ക്കളയും. പക്ഷേ, സോവിയറ്റ് യൂനിയനില്‍ എന്താണ് സംഭവിച്ചതെന്ന് നാം കണ്ടതാണ്. ഭരണകൂടം തളരുകയോ മാഞ്ഞുപോവുകയോ ഒന്നുമുണ്ടായില്ല. അത് മുമ്പത്തേക്കാള്‍ ബീഭത്സമായി, ഭീമാകാരമായി നാലു ഭാഗത്തു നിന്നും പാവം വ്യക്തിയുടെ ചുറ്റും നിലയുറപ്പിച്ചു. പണവും അധികാരവും വാര്‍ത്താ മാധ്യമങ്ങളും സംസ്‌കാരവുമെല്ലാം ആ ഭരണകൂടത്തിന്റെ കൈകളില്‍. ചോദിക്കാനാരുമില്ല. സ്വാതന്ത്ര്യത്തെക്കുറിച്ച് തങ്ങളുടെ അഭിപ്രായം അടിച്ചേല്‍പ്പിക്കാന്‍ ഇതു കാരണം വളരെ എളുപ്പമായി. ഇസ്തിബ്ദാദ് (സ്വേഛാധിപത്യം) എന്നോ ഇഹ്തിനാക് എന്നോ നിങ്ങള്‍ക്കതിനെ വിളിക്കാം.5 ചുരുക്കിപ്പറഞ്ഞാല്‍, പാശ്ചാത്യ ദേശത്ത് മുതലാളിത്തത്തിലായാലും കമ്യൂണിസത്തിലായാലും സാമൂഹിക, രാഷ്ട്രീയ സ്വാതന്ത്ര്യമെന്നത് വ്യക്തിയെയോ സമൂഹത്തെയോ ഒരു സ്വതന്ത്ര മൂല്യമായി കണ്ടുകൊണ്ടുള്ള ഒന്നല്ല. അതു സംബന്ധമായ ചര്‍ച്ചകളെല്ലാം യൂറോപ്യന്‍ നവോത്ഥാനത്തിന്റെ റൊമാന്റിക് ഭാവനകളും കനവുകളും മാത്രമാണ്. പാശ്ചാത്യ ചിന്ത അതിന്റെ സത്തയില്‍ പദാര്‍ഥത്തെയും അതിന്റെ ചലനത്തെയും മാത്രമേ അംഗീകരിക്കുന്നുള്ളൂ. മനുഷ്യനെന്ന് പറയപ്പെടുന്ന ഈ ഉണ്മക്ക് പദാര്‍ഥ ചലനത്തിന്റെയും പരിണാമത്തിന്റെയും വികസിത രൂപം എന്ന നില മാത്രമേയുള്ളൂ. മനുഷ്യന്‍ ഒരു പ്രതിഭാസമാണ്, സ്വതന്ത്രാസ്തിത്വമല്ല.6 അപ്പോള്‍, സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും നിര്‍ണയിക്കുന്ന അടിസ്ഥാന ഘടകം ദൈവമോ മനുഷ്യപ്രകൃതമോ, എംഗല്‍സ് പറയുന്നതുപോലെ പണ്ടേക്കും പണ്ടേയുള്ള അവകാശമോ ഒന്നുമല്ല. അധികാരം, ശക്തി, ആധിപത്യം ഇവ മാത്രമാണ് പാശ്ചാത്യ ദേശത്ത് നിങ്ങളുടെ സ്വാതന്ത്ര്യത്തെയും അവകാശത്തെയും നിര്‍ണയിക്കുന്നത്. ഇവയാണ് പാശ്ചാത്യ ദര്‍ശനങ്ങളില്‍ ആരാധിക്കപ്പെടുന്നത്. അവരുടെ മൂല്യസങ്കല്‍പം വരുന്നതും ഇവിടെനിന്നു തന്നെ. അതിനാല്‍ ഭൂമിയിലെ മര്‍ദിതരും പീഡിതരും, പാശ്ചാത്യ ദേശത്തുള്ള അവരുടെ ആരാച്ചാര്‍മാരോട്, നിങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മനുഷ്യാവകാശ പ്രഖ്യാപനങ്ങളുടെ പേരില്‍ ചില അവകാശങ്ങളെങ്കിലും അനുവദിച്ചുതരൂ എന്ന് വിലപിക്കുന്നത് വെറുതെ. എല്ലാം ആത്മവഞ്ചനയാണ്. ശാക്തിക സന്തുലനം എന്നു പറഞ്ഞാല്‍ അവര്‍ക്ക് മനസ്സിലാകും. അതിപ്പോള്‍ അവര്‍ക്ക് അനുകൂലമാണ്. പക്ഷേ, ആ നില മാറിയേക്കാം.7 അധീശശക്തികളുടെ ഇരകള്‍ക്ക് പാശ്ചാത്യനാടുകളിലെ മനുഷ്യാവകാശ പ്രസ്ഥാനങ്ങളും മറ്റും നല്‍കുന്ന സേവനങ്ങള്‍ നാം ഒട്ടും വിലകുറച്ചു കാണുന്നില്ല. അവയും ഇരകളാക്കപ്പെടുന്ന മുസ്‌ലിം സമൂഹങ്ങളും ഒരേ വേദിയില്‍ അധീശശക്തികള്‍ക്കെതിരെ അണിനിരക്കണമെന്നാണ് നമ്മുടെ ആഗ്രഹം. പക്ഷേ, അത്തരം സംഘടനകള്‍ക്ക് വലിയ സ്വാധീനമൊന്നും ഉണ്ടാക്കാന്‍ കഴിയുന്നില്ല. ശാക്തിക സന്തുലനം അവര്‍ക്ക് അനുകൂലമല്ലെന്നര്‍ഥം.

ശരിയാണ്, മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി, അവ ലംഘിക്കപ്പെടുന്നതിനെതിരെ നിരവധി സമ്മേളനങ്ങളും മറ്റു ആക്ടിവിസങ്ങളും അരങ്ങേറാറുണ്ട് പാശ്ചാത്യലോകത്ത്. അതിലൊക്കെ വലിയ തോതിലുള്ള കബളിപ്പിക്കലുണ്ട്. അവര്‍ 'മനുഷ്യന്‍' എന്നു പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് എന്താണ്? ഫ്രഞ്ചുകാരനായ, ഇംഗ്ലീഷുകാരനായ, അല്ലെങ്കില്‍ ഏതെങ്കിലും യൂറോപ്യനായ പൗരന്‍ എന്നല്ലേ? ഇനി ഇങ്ങനെയേതെങ്കിലും പൗരത്വമുള്ള ആള്‍ക്കു തന്നെ മനുഷ്യന്‍ എന്ന നിലക്കുള്ള ആദരവും പരിഗണനയും കിട്ടുന്നുണ്ടോ? അതുമില്ല. അവന്റെ ചരിത്രവും സംസ്‌കാരവും 'യൂറോപ്യന്‍ വംശ'വുമൊക്കെ നോക്കിയുള്ള ഒരു പരിഗണനയാണത്. ''പാശ്ചാത്യ ദേശത്ത് നരവംശ വിജ്ഞാനീയം എന്നു പറയുന്നത് ഒരു സാമൂഹിക സംഘാതമാണ്. അതൊരു ഉയര്‍ന്ന, സവിശേഷമായ, ധാര്‍മിക-നൈതിക മൂല്യസങ്കല്‍പമല്ല. മനുഷ്യന് സവിശേഷമായ പ്രകൃതമില്ല, ഉള്ളത് ചരിത്രം മാത്രം. മനുഷ്യനില്‍ സ്ഥിരമായുള്ള ചോദനകള്‍ വിശപ്പും ലൈംഗികതയും മാത്രം. മനുഷ്യപ്രകൃതത്തില്‍ അങ്ങനെ പൊതുവായ, എല്ലാവരും പങ്കുവെക്കുന്ന ഗുണവിശേഷണങ്ങളൊന്നുമില്ല. കാരണം അങ്ങനെയൊരു പ്രകൃതം മനുഷ്യന് ഇല്ല എന്നതുതന്നെ.''8

അപ്പോള്‍ ഏതു മനുഷ്യനെക്കുറിച്ചാണ് പാശ്ചാത്യര്‍ സംസാരിക്കുന്നത്? ''ഫ്രോയിഡിന്റെ ഉപബോധമുള്ള മനുഷ്യന്‍, ഫൂക്കോയുടെ ഭ്രാന്തനായ മനുഷ്യന്‍, പ്രകൃതിവാദികളുടെ പ്രകൃതി മനുഷ്യന്‍, സാമൂഹിക ശാസ്ത്രജ്ഞരുടെ സാമൂഹികനായ മനുഷ്യന്‍.... ഈ സാമൂഹിക ബന്ധങ്ങളൊക്കെ നിശ്ചയിക്കുന്നത് ഉല്‍പാദനോപാധികളാണ്. നരവംശവിജ്ഞാനം മനുഷ്യന്‍ ആരെന്ന് പഠിപ്പിക്കുന്നില്ല. ഒരു നിര്‍ണിത ഘട്ടത്തിലെ മനുഷ്യന്റെ ജീവിതാവസ്ഥകളെയാണ് അത് പഠിക്കുന്നത്. മനുഷ്യന്‍ പൂര്‍ണതയുള്ള ഒരു ഏകകം എന്ന സങ്കല്‍പം ആ പഠനശാഖയില്‍നിന്ന് ചോര്‍ന്നുപോയിരിക്കുന്നു. നരവംശശാസ്ത്രമാണോ നരനില്ലാത്ത ശാസ്ത്രമാണോ നാം ചര്‍ച്ച ചെയ്യുന്നത്?'' ദൈവമില്ലാത്ത ലോകം, അല്ലെങ്കില്‍ ദൈവത്തോട് യുദ്ധം ചെയ്ത പ്രോമിത്തിയുസിന്റെ ലോകം. പാശ്ചാത്യ ഭൗതിക നാഗരികത പടുത്തുയര്‍ത്തിയിരിക്കുന്നത് അതിന്മേലാണ്. റജാ ഗരോഡി കൃത്യമായി അത് നിരീക്ഷിച്ചു; ''മനുഷ്യന്‍ ഇല്ലാത്ത ലോകം.''9 അപ്പോള്‍ പാശ്ചാത്യ ലോകം എത്രതന്നെ മനുഷ്യാവകാശം പ്രസംഗിച്ചാലും അതൊക്കെയും ചെന്നുതൊടുക നേരത്തേ പറഞ്ഞ വംശീയവും ദേശീയവും ചരിത്രപരവുമൊക്കെയായ ഒരു മിശ്രിതത്തിലായിരിക്കും. അതോടൊപ്പം വംശീയവും ദേശീയവുമായ താല്‍പര്യങ്ങളുമുണ്ടാവും. അതിനാല്‍തന്നെ അവിടെനിന്നുയരുന്ന മുറവിളികള്‍ എത്രതന്നെ മനുഷ്യത്വപരവും മാനവികവുമാണെന്ന് വിപുലപ്പെടുത്തിയാല്‍ പോലും നേരത്തേ പറഞ്ഞ കേന്ദ്ര ആശയത്തെ മറികടക്കാന്‍ അതിന് ആവുകയില്ല. ആ ആശയപ്രകാരം പദാര്‍ഥമല്ലാതെ മറ്റൊരു ദൈവമില്ല. ദൈവവും മതവുമൊക്കെ സമ്പത്ത് കൈയടക്കാനും അധികാരമുറപ്പിക്കാനുമുള്ള ഉപാധികള്‍ മാത്രം. ഇങ്ങനെയൊരു ചൂഷണാത്മക സിദ്ധാന്തത്തിനകത്തു വെച്ചാണ് മനുഷ്യനെയും അവന്റെ മൂല്യങ്ങളെയും വ്യാഖ്യാനിക്കേണ്ടിവരിക. ക്രൈസ്തവ-ജൂതസംസ്‌കാരത്തിനും ഈ ഭൗതിക പാശ്ചാത്യ സംസ്‌കാരത്തിന്റെ മുഖം തന്നെയാണ് കാണാന്‍ കഴിയുക.

സ്വര്‍ണപ്പശുക്കുട്ടിയില്‍ ദൈവത്തെ ആവാഹിച്ച സാമിരിയുടെ സംസ്‌കാരമാണത്. പിന്നീട് ക്രിസ്തുമതം സ്വീകരിച്ച വിഗ്രഹാരാധകനായിരുന്ന കോണ്‍സ്റ്റന്റയ്‌നിന്റെ സംസ്‌കാരം. കോണ്‍സ്റ്റന്റയ്ന്‍ മതത്തിന് കീഴ്‌പ്പെടുകയായിരുന്നില്ല, സെന്റ് പോള്‍ രൂപപ്പെടുത്തിയ ഗ്രീക്ക് വിഗ്രഹാരാധക സംസ്‌കാരത്തെ തന്റെ താല്‍പര്യങ്ങള്‍ക്കു വേണ്ടി പ്രയോജനപ്പെടുത്തുകയായിരുന്നു.10

പാശ്ചാത്യ സ്വാതന്ത്ര്യസങ്കല്‍പങ്ങളില്‍ മനുഷ്യനെ മനുഷ്യനായി കണ്ടുകൊണ്ടുള്ള ഒരു നൈതികബോധം എന്തുകൊണ്ട് ഉണ്ടായില്ല എന്ന കാര്യമാണ് നാം ചര്‍ച്ച ചെയ്തത്. അതേസമയം മനുഷ്യ നാഗരികതയില്‍ മനുഷ്യാവകാശ ചിന്തകള്‍ക്ക് കാതലായ പരിണാമങ്ങളും സംഭവിക്കുന്നുണ്ട്. അത് മതകീയവും മാനവികവുമായ പൈതൃകങ്ങളുടെ ഫലമായിട്ടാണ്. പാശ്ചാത്യ രാഷ്ട്രീയ-സാമ്പത്തിക സംവിധാനത്തില്‍ അതിന്റെ സ്വാധീനം നാം കാണാനിരിക്കുന്നതേയുള്ളൂ.

 

കുറിപ്പുകള്‍

1. ജര്‍മന്‍ തത്ത്വചിന്തകന്‍ കാന്റും അദ്ദേഹത്തിന് എത്രയോ മുമ്പേ ഇബ്‌നുഖല്‍ദൂനും വസ്തുക്കളുടെ യാഥാര്‍ഥ്യം കണ്ടെത്താന്‍ മനുഷ്യബുദ്ധി അപര്യാപ്തമാണെന്ന് പറഞ്ഞിട്ടുണ്ട്. പഠനം പ്രാതിഭാസിക ലോകത്ത് പരിമിതപ്പെടുത്തേണ്ടി വരുമെന്നും അവര്‍ പറഞ്ഞിട്ടുണ്ട്. Emmanuel Kant, Critique de la raison pure, Preface,  ഇബ്‌നുഖല്‍ദൂന്‍: മുഖദ്ദിമ

2. നിഹിലിസത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് സാര്‍ത്ര്, കാമു തുടങ്ങിയവര്‍ മുന്നോട്ടു വെച്ച അസ്തിത്വ ശൂന്യതാവാദം (Existential Nihilism).  ഇത്തരം ദര്‍ശനങ്ങള്‍ കൈയേല്‍ക്കുക മൂലം യൂറോപ്പിലെ മനുഷ്യന്‍ അകപ്പെട്ട ഒറ്റപ്പെടലിനെക്കുറിച്ച് പ്രമുഖ ആധുനിക ദാര്‍ശനികന്‍ റജാ ഗരോഡി എഴുതിയിട്ടുണ്ട് (അദ്ദേഹത്തിന്റെ 'വുഊദുല്‍ ഇസ്‌ലാം' കാണുക).

3. അബ്ദുല്‍ വഹാബ് അല്‍ ഖയാലി - മൗസൂഅത്തുസ്സിയാസ (ബൈറൂത്ത്, അല്‍മുഅസ്സസത്തുല്‍ അറബിയ്യ ലിദ്ദിറാസാത്തി വന്നശ്ര്‍, 1979), 2/244.

4. ജോണ്‍ വില്യം ലാപിയര്‍- അസ്സ്വുല്‍ത്വതുസ്സിയാസിയ്യ (ഇല്‍യാസ് ഹനാ ഇല്‍യാസിന്റെ അറബി വിവര്‍ത്തനം, 1983) പേ: 104

5. പിശാച് ആദമിനെ ഇങ്ങനെ ഭീഷണിപ്പെടുത്തിയതായി ഖുര്‍ആന്‍ പറയുന്നു: ''അവന്റെ സന്താനങ്ങളില്‍ കുറച്ചു പേരെയൊഴികെ എല്ലാവരെയും ഞാന്‍ പിഴുതെറിയുക തന്നെ ചെയ്യും.'' 'ല അഹ്തനികന്ന...' എന്നാണ് പ്രയോഗം. 'വഴിതെറ്റിച്ച് അധീശത്വം തേടുക' എന്ന് ഇതിനെ ചിലര്‍ വ്യാഖ്യാനിച്ചിരിക്കുന്നു (മുഹമ്മദ് ഹസന്‍ ഹിംസ്വിയുടെ തഫ്‌സീറു മുഫ്‌റദാതില്‍ ഖുര്‍ആന്‍, പേ: 289)

6. മുഹ്‌സിന്‍ അല്‍ മീലിയുടെ 'അല്‍ അല്‍മാനിയ്യതു ഔ ഫല്‍സഫതു മൗതില്‍ ഇന്‍സാന്‍' (1986) എന്ന ശ്രദ്ധേയമായ പഠനം കാണുക.

7. ഇവിടെ പാശ്ചാത്യര്‍ എന്നതുകൊണ്ട് ഉദ്ദേശിച്ചത് ധനപൂജയിലും അധികാരശക്തിയിലും പ്രയോജനവാദത്തിലും അധിഷ്ഠിതമായ ആ ഭൗതിക തത്ത്വദര്‍ശനത്തിന്റെ വക്താക്കളെയാണ്. അവര്‍ ദുര്‍ബല സമൂഹങ്ങളെ കൊള്ളയടിക്കുകയും അവരുടെ സംസ്‌കാരത്തെ തകര്‍ക്കുകയും ചെയ്യുന്നു. പാശ്ചാത്യ ദേശങ്ങളിലെ സാധാരണ മനുഷ്യരെയല്ല നാം അതുകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്. ഈ ഭൗതിക പ്രത്യയശാസ്ത്രത്തിന്റെയും അതിന്റെ അധീശത്വ സംവിധാനങ്ങളുടെയും ഒന്നാമത്തെ ഇര അവിടത്തെ സാധാരണക്കാരാണല്ലോ.

8. അല്‍ അല്‍മാനിയ്യതു ഔ ഫല്‍സഫതു മൗതില്‍ ഇന്‍സാന്‍, പേ: 134

9. അതേ പുസ്തകം 134-138

10. മതവും രാഷ്ട്രീയവും രണ്ടാണെന്നത് ഈ വിഗ്രഹാരാധക സംസ്‌കാരത്തില്‍നിന്ന് വന്നിട്ടുള്ളതാണ്. റോമന്‍ ചര്‍ച്ച് അംഗീകരിച്ച ഈ ആശയം പൊതുകാര്യങ്ങളില്‍ സീസറിന് സമ്പൂര്‍ണ അധികാരം ഉറപ്പു വരുത്തുകയാണുണ്ടായത്. ദൈവാധികാരത്തില്‍നിന്ന് ഭരണത്തെ പൂര്‍ണമായി മുക്തമാക്കുകയും ചെയ്തു. പകരം മതത്തിന്റെ ആളുകള്‍ക്ക് ഭരണകൂടം ആനുകൂല്യങ്ങള്‍ നല്‍കി. ഗരോഡിയുടെ മറ്റൊരു സൂക്ഷ്മ നിരീക്ഷണം (വുഊദുല്‍ ഇസ്‌ലാം, പേ: 81).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (15-16)
എ.വൈ.ആര്‍