Prabodhanm Weekly

Pages

Search

2019 ഏപ്രില്‍ 12

3097

1440 ശഅ്ബാന്‍ 06

കാലാവസ്ഥാ മാറ്റവും ആഗോള താപനവും

ആനിസ മുഹ്‌യിദ്ദീന്‍

ഒരു സ്ഥലത്ത് കാണപ്പെടുന്ന ദിനാന്തരീക്ഷസ്ഥിതി (Weather) യുടെ മാറ്റത്തെയാണ് കാലാവസ്ഥാ (Climate) മാറ്റം എന്ന് പറയുന്നത്. ദിനാന്തരീക്ഷസ്ഥിതി മാറാന്‍ ദിവസങ്ങളോ മണിക്കൂറുകളോ മതി, കാലാവസ്ഥാ മാറ്റത്തിന്  നൂറോ പതിനായിരമോ അതിലധികമോ വര്‍ഷങ്ങള്‍ വേിവന്നേക്കാം.

കഴിഞ്ഞ നൂറ്റാണ്ടുകളില്‍ സാധാരണ അന്തരീക്ഷ ഊഷ്മാവ്  കൂടുന്നത് സണ്‍ സ്‌പോട്ട് ആക്ടിവിറ്റീസ് (സൗരകളങ്ക പ്രവര്‍ത്തനം), അഗ്നിപര്‍വതങ്ങളുടെ സ്‌ഫോടനം, ഭൂഖണ്ഡങ്ങളുടെ സ്ഥാനചലനം, ഭൂമിയുടെ ചരിവ് അഥവാ ഓര്‍ബിറ്റല്‍ ആക്ടിവിറ്റീസ് (ഭൂമിയുടെ സൂര്യനുമായുള്ള പ്രദക്ഷിണ പാത), സമുദ്രത്തിലെ ജലപ്രവാഹങ്ങള്‍ തുടങ്ങിയ കാരണങ്ങള്‍ കൊണ്ടാണ്.

 

സണ്‍ സ്‌പോട്ട് ആക്ടിവിറ്റീസ് (സൗരകളങ്ക പ്രവര്‍ത്തനം)

സൗരപ്രതിഭാസങ്ങളുടെ ആവൃത്തി സൗരചക്രം എന്നാണ് അറിയപ്പെടുന്നത്. സൂര്യന്റെ മധ്യരേഖാ പ്രദേശത്തുനിന്ന്  ധ്രുവങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന സൗരകളങ്കങ്ങളുടെ (Sunspot) എണ്ണവും തീവ്രതയും അടിസ്ഥാനമാക്കിയാണ് സൗരചക്രം നിര്‍ണയിക്കുന്നത്. സൂര്യമുഖത്ത് കാണുന്ന കറുത്ത പൊട്ടുകളാണ് സൗരകളങ്കങ്ങള്‍. ചുറ്റുമുള്ള മേഖലയെ അപേക്ഷിച്ച് താപനില കുറഞ്ഞ ഭാഗമാണ് ഇങ്ങനെ കറുത്തു കാണപ്പെടുന്നത്. അതിനര്‍ഥം അതൊരു തണുത്ത മേഖലയാണെന്നല്ല. സൗരോപരിതലത്തിലെ ശരാശരി താപനില 5000 കെല്‍വിനും 6000 കെല്‍വിനും ഇടയിലാണെങ്കില്‍ സൗരകളങ്കങ്ങളില്‍ ഇത് 4000 കെല്‍വിനായിരിക്കും. അതിശക്തമായ കാന്തിക ബലരേഖകള്‍ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മേഖലയാണിത്.  സൗരകളങ്കങ്ങളുടെ എണ്ണം വര്‍ധിക്കുന്നത് ഒരു മുന്നറിയിപ്പാണ്. സൂര്യകേന്ദ്രത്തില്‍ നടക്കുന്ന ന്യൂക്ലിയര്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുന്നതിന്റെ സൂചനയാണത്. സൗരപ്രതിഭാസങ്ങള്‍ ശക്തമാകുന്ന കാലത്ത്-സോളാര്‍ മാക്സിമത്തില്‍- സൗരകളങ്കങ്ങളുടെ എണ്ണം വര്‍ധിക്കുകയും അവ മധ്യരേഖാ പ്രദേശത്തുനിന്ന് ധ്രുവങ്ങളിലേക്ക് സഞ്ചരിക്കുകയും ചെയ്യും. Sunspot ആക്ടിവിറ്റീസ് കാലാവസ്ഥാ മാറ്റത്തിന്റെ ഒരു പ്രധാന കാരണമാണെന്ന് ശാസ്ത്രലോകം കരുതുന്നു. അതേസമയം ഇതൊരു സാധാരണ മാറ്റം ആണെന്ന് അഭിപ്രായപ്പെടുന്ന ഗോളശാസ്ത്രജ്ഞരും ഉണ്ട്.

അഗ്നിപര്‍വതങ്ങളുടെ സ്‌ഫോടനം

ഒരു അഗ്നിപര്‍വതം പൊട്ടിത്തെറിക്കുമ്പോള്‍ വന്‍തോതില്‍ സള്‍ഫര്‍ ഡയോക്‌സൈഡ് വാതകം, ബാഷ്പം, പൊടിപടലങ്ങള്‍, ചാരം തുടങ്ങിയവ അന്തരീക്ഷത്തില്‍ വ്യാപിക്കുന്നു. അഗ്നിപര്‍വതം വമിച്ച വന്‍തോതിലുള്ള വാതകങ്ങളും ചാരവും കാലാവസ്ഥയില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ ദൂരവ്യാപക പ്രത്യാഘാതമുളവാക്കും. അവ ഭൂമിയില്‍ പതിക്കുന്ന സൂര്യരശ്മിയെ ഭാഗികമായി തടയുന്നു. അങ്ങനെ ഭൂമിയിലെ വേനലിനെയും ശൈത്യത്തെയും നിയന്ത്രിക്കാന്‍ കരുത്തു നേടുന്നു.

 

ഭൂഖണ്ഡങ്ങളുടെ സ്ഥാനചലനം

ഇന്ന് നാം കാണുന്ന ഭൂഖണ്ഡങ്ങള്‍ നിലവില്‍ വന്നത് ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂഭാഗങ്ങള്‍ മന്ദഗതിയില്‍ അടര്‍ന്നു മാറിയതു മൂലമാണ്. ഭൂഖണ്ഡങ്ങളുടെ തള്ളല്‍/വലിവി(Continental Drift) ല്‍ ഉണ്ടാകുന്ന ചലനങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്നു. ഭൂഭാഗങ്ങളില്‍ ആകൃതി വ്യത്യാസം സംഭവിക്കുമ്പോള്‍, സമുദ്രങ്ങളിലെ പ്രവാഹവും കാറ്റിന്റെ ഗതിയും അതിനനുസരിച്ച് മാറുന്നു. ഇത് കാലാവസ്ഥയെയും മാറ്റുന്നു. ഭൂഖണ്ഡങ്ങളുടെ സ്ഥാനമാറ്റം വളരെ മന്ദഗതിയിലാണെങ്കിലും അത് തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്നു്.

 

ഭൂമിയുടെ ചരിവ് (ഓര്‍ബിറ്റല്‍ ആക്ടിവിറ്റീസ്)

കാലാവസ്ഥയുടെ അടിസ്ഥാനം ഭൂമിയുടെ സൂര്യനുമായുള്ള പ്രദക്ഷിണ പാത(Orbits)യുമായി നേരിട്ട് ബന്ധപ്പെട്ടു കിടക്കുന്നു.

ഭൂമിയുടെ ഭ്രമണപഥത്തില്‍, ലംബാവസ്ഥയില്‍നിന്ന് 23.5 ഡിഗ്രി ചരിഞ്ഞ അവസ്ഥയിലാണ് ഭൂമി സ്ഥിതി ചെയ്യുന്നത്. ഭൂമിയില്‍ അനുഭവപ്പെടുന്ന ഋതുഭേദങ്ങളുടെ തീക്ഷ്ണതക്കു കാരണം ഇങ്ങനെയുള്ള ചരിവാണ്. ചരിവ് കൂടിയാല്‍ വേനലില്‍ ചൂട് വീണ്ടും കൂടുകയും ശൈത്യം കൂടുതല്‍ കഠിനമാവുകയും ചെയ്യും. ചരിവ് കുറഞ്ഞാല്‍  വിപരീത ഫലമായിരിക്കും.

 

സമുദ്രത്തിലെ ജലപ്രവാഹങ്ങള്‍

സമുദ്രജലത്തിന്റെ ലവണത്വം, ഊഷ്മാവ്, സാന്ദ്രത എന്നിവയില്‍ വരുന്ന വ്യത്യാസം അസന്തുലിതത്വം സൃഷ്ടിക്കുമ്പോള്‍, സമുദ്രജലം ഒരു ഭാഗത്തുനിന്ന് മറ്റൊരു ഭാഗത്തേക്ക്  ഒഴുകിക്കൊണ്ടിരിക്കും. ഇതാണ് സമുദ്രജല പ്രവാഹങ്ങള്‍. മധ്യരേഖാപ്രദേശത്തുനിന്നും ഉയര്‍ന്ന താപനിലയിലുളള ജലം ധ്രുവീയ മേഖലകളിലേക്കും ആ സ്ഥാനത്തേക്ക്, ധ്രുവീയ മേഖലകളില്‍നിന്ന് താഴ്ന്ന താപനിലയിലുളള മധ്യരേഖാപ്രദേശത്തേക്കും വെള്ളം ഒഴുകുന്നു. സാന്ദ്രതയും ലവണത്വവും അനുസരിച്ച് സമുദ്രത്തിന്റെ അടിത്തട്ടില്‍നിന്ന് മുകളിലേക്കും തിരിച്ച് താഴോട്ടും ജലപ്രവാഹം നടക്കുന്നു. 

ഭൂമിയിലെ കാലാവസ്ഥയെ നിയന്ത്രിക്കുന്ന ഒരു പ്രധാന ഘടകം സമുദ്രത്തിലെ ജലപ്രവാഹങ്ങളാണ്. ഭൂമിയുടെ ഉപരിതലത്തില്‍ 71 ശതമാനം സമുദ്രത്താല്‍ പൊതിയപ്പെട്ടിരിക്കുന്നു. സമുദ്രങ്ങള്‍ സൂര്യതാപത്തെ സാധാരണ ഭൂതലത്തേക്കാള്‍ രണ്ടു മടങ്ങ് കൂടുതല്‍ ആഗിരണം ചെയ്യുന്നു്. ഉഷ്ണ-ഉപോഷ്ണ മേഖലകളില്‍നിന്ന് ധ്രുവീയ മേഖലകളിലേക്ക് ഒഴുകുന്നവ ഉഷ്ണജല പ്രവാഹങ്ങളും ഉപധ്രുവീയ-ധ്രുവീയ മേഖലകളില്‍നിന്ന് ഉഷ്ണമേഖലയിലേക്ക് ഒഴുകുന്നവ ശീതജല പ്രവാഹങ്ങളുമാണ്. അതായത് മധ്യരേഖാപ്രദേശത്ത്‌നിന്ന് ധ്രുവങ്ങളിലേക്ക് ഒഴുകുന്നവ ഉഷ്ണജല പ്രവാഹങ്ങളും ധ്രുവങ്ങളില്‍നിന്ന് മധ്യരേഖാ പ്രദേശത്തേക്ക് ഒഴുകുന്നവ ശീതജല പ്രവാഹങ്ങളുമാണ്. പ്രവാഹദിശയും വേഗതയും നിര്‍ണയിക്കുന്നതില്‍ കാറ്റുകളും ഭൂഭ്രമണവും പ്രധാന പങ്കു വഹിക്കുന്നു. വന്‍തോതില്‍ താപ-ലവണചംക്രമണത്തിനും ജൈവപ്ലവകങ്ങളുടെ കൈമാറ്റത്തിനും മത്സ്യബന്ധന നിയന്ത്രണത്തിനുമൊക്കെ ജലപ്രവാഹങ്ങള്‍ കാരണമായിത്തീരുന്നു.

ഇതെല്ലാം ആഗോളതാപനത്തിനുള്ള പ്രകൃതിസംബന്ധമായ കാരണങ്ങളാണ്. ഈ കാരണങ്ങളാലുാവുന്ന അന്തരീക്ഷ ഊഷ്മാവിന്റെ വര്‍ധനവിന് ഒരു പരിധി ഉണ്ടാവും. എന്നാല്‍, കഴിഞ്ഞ 150-200 വര്‍ഷങ്ങളായി അസാധാരണ വേഗതയിലാണ് കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്നത്. ചില ജന്തുവര്‍ഗങ്ങള്‍ക്കും സസ്യവര്‍ഗങ്ങള്‍ക്കും ഇതുമായി ഒത്തുപോകാന്‍ സാധിക്കാതെ വന്നിട്ടുണ്ട്. അവയുടെ വംശം തന്നെ കുറ്റിയറ്റുപോകുന്നു. പ്രകടമായ, ദ്രുതഗതിയിലുള്ള ഈ കാലാവസ്ഥാ വ്യതിയാനത്തിന് കാരണം മനുഷ്യന്‍ പ്രകൃതിയില്‍ നടത്തുന്ന ഇടപെടലുകളും കൈകടത്തലുകളുമല്ലാതെ മറ്റൊന്നുമല്ല. കഴിഞ്ഞ നൂറ്റാണ്ടില്‍ തുടങ്ങിയ  ആഗോളതാപനത്തിന്റെ വര്‍ധനവിന്  പ്രധാന കാരണങ്ങള്‍ എയറോസോള്‍, വനനശീകരണം, ഹരിതഗ്രഹ പ്രഭാവം, ഇതുമൂലമുണ്ടാകുന്ന ഹരിതഗ്രഹ വാതകങ്ങള്‍ മുതലായവയാണ്.

 

ഹരിതഗ്രഹ പ്രഭാവം

ഭൂമിയില്‍ പതിക്കുന്ന സൂര്യകിരണങ്ങള്‍ പ്രതിഫലിച്ച് അന്തരീക്ഷത്തില്‍ ദീര്‍ഘതരംഗങ്ങളായിത്തീരുമ്പോള്‍ ഈ തരംഗങ്ങളിലെ ചൂട് ആഗിരണം ചെയ്ത് അന്തരീക്ഷത്തിലെ ചില വാതകങ്ങള്‍ ഭൂമിയിലെ ചൂട് വര്‍ധിപ്പിക്കുന്നു. ഇതിനെയാണ് ഹരിതഗ്രഹപ്രഭാവം എന്ന് വിളിക്കുന്നത്. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്(CO2), നൈട്രസ് ഓക്‌സൈഡ്, നീരാവി, ഓസോണ്‍ തുടങ്ങിയ വാതകങ്ങള്‍ ഹരിതഗ്രഹ വാതകങ്ങള്‍ എന്നറിയപ്പെടുന്നു. അതില്‍ ഏറ്റവും പ്രധാനം കാര്‍ബണ്‍ഡൈ ഓക്‌സൈഡ് ആണ്.

ഹരിതഗ്രഹ വാതകങ്ങളില്‍ പ്രധാനിയായ CO2-ന്റെ അളവ് അന്തരീക്ഷത്തില്‍ വളരെ കുറവാണ്. ഭൗമാന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡൈഓക്‌സൈഡ് അളവ് ഒരു ശതമാനമെങ്കിലും ഉണ്ടെങ്കില്‍ 100 ഡിഗ്രി സെല്‍ഷ്യസിനു മുകളിലാവും അന്തരീക്ഷ താപനില. കാര്‍ബണ്‍ ഡൈഓക്‌സൈഡ് ക്രമാതീതമായി വര്‍ധിക്കുന്നത് മനുഷ്യന്റെ പ്രകൃതിയിലെ നിരുത്തരവാദപരമായ ഇടപെടല്‍ മൂലമാണ്.

 

എയറോസോള്‍

ഖരത്തിന്റെയോ  ദ്രാവകത്തിന്റെയോ സൂക്ഷ്മകണികകള്‍ ഒരു വാതകത്തില്‍ തങ്ങിനില്‍ക്കുന്നതിനെയാണ് എയറോസോള്‍ എന്ന് പറയുന്നത്. ഇതിന്റെ വലിപ്പം ഒരു മൈക്രോയേക്കാള്‍ കുറവായിരിക്കും. എയറോസോള്‍ ഹരിതഗ്രഹ വാതകങ്ങളില്‍നിന്ന് വ്യത്യസ്തമാണ്. ഇതിന് അന്തരീക്ഷത്തിലെ റേഡിയേഷനെ, അഥവാ ഊര്‍ജത്തെയും ബാലന്‍സിനെയും മാറ്റാനുള്ള കഴിവുണ്ട്. സൂര്യനില്‍നിന്നു വരുന്ന ചൂടിനെയും അതിലേറെ ഭൂമിയില്‍നിന്ന് പ്രതിഫലനം(Reflection)  ചെയ്യുന്ന റേഡിയേഷനെയും ഇവ തടയുന്നു.

പ്രകൃതിപരമായി രൂപപ്പെടുന്ന എയറോസോളും മനുഷ്യന്റെ ഇടപെടല്‍ മൂലമുള്ള എയറോസോളും നമുക്ക് കാണാം. പെട്രോള്‍, കല്‍ക്കരി തുടങ്ങിയ ജൈവ ഇന്ധനങ്ങളുടെ  അമിത ഉപയോഗം, കാട്ടു തീ മുതലായവ എയറോസോള്‍ രൂപപ്പെടാന്‍ കാരണമാവും. ഇത് ഭൂമിയിലെ ചൂട് വര്‍ധിക്കാന്‍ ഇടയായിത്തീരുകയും ചെയ്യും.

 

വനനശീകരണം

ഭൂമിയിലെ കാര്‍ബണ്‍ ഡൈഓക്‌സൈഡിനെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ മരങ്ങള്‍ക്ക് കഴിയും. വനനശീകരണം മൂലം കാര്‍ബണ്‍ ഡൈഓക്‌സൈഡിന്റെ 15 ശതമാനം വര്‍ധനവാണ് കണക്കാക്കപ്പെടുന്നത്. വാഹനം മൂലമുള്ള കാര്‍ബണ്‍ ഡൈഓക്‌സൈഡ് വര്‍ധനവ് 14 ശതമാനം വരുന്നു. ഈ രീതിയിലാണ് വന നശീകരണം മുന്നോട്ടുപോകുന്നതെങ്കില്‍ വരുന്ന വര്‍ഷങ്ങളില്‍ 200 ബില്യന്‍ ടണ്‍ ആയി കാര്‍ബണ്‍ ഡൈഓക്‌സൈഡ് അളവ് വര്‍ധിക്കുമെന്ന് എന്‍വിറൊണ്‍മെന്റല്‍ ഡിഫെന്‍സ് ഫണ്ട് (EDF) മുന്നറിയിപ്പ് നല്‍കുന്നു.

ഈ നൂറ്റാണ്ടില്‍ ആഗോളതാപനം 2.5 മുതല്‍ 10 ഡിഗ്രി ഫാരന്‍ ഹീറ്റ് വരെ ഉയര്‍ന്നേക്കാമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍.

ആഗോളതാപനം വ്യത്യസ്ത രീതിയില്‍ ഭൂമിയെ ബാധിച്ചുകൊണ്ടിരിക്കുന്നു. താപവികാസം മൂലം കടല്‍ജലം വര്‍ധിക്കുന്നു. അന്റാര്‍ട്ടിക്കയിലും ആര്‍ട്ടിക്കിലും ഒരിക്കലും ഉരുകുകയില്ലെന്ന് ശാസ്ത്രലോകം കരുതിയ ഐസ് പാളികകള്‍ ഉരുകി കടല്‍വെള്ളത്തിന്റെ അളവ് ഗണ്യമായി വര്‍ധിച്ചുകൊിരിക്കുകയാണ്.  ഇതുമൂലം കൊച്ചി, മുംബൈ തുടങ്ങി ഏതാെല്ലാ തീരപ്രദേശ നഗരങ്ങളും കടലിനടിയിലായിപ്പോകുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഉഷ്ണതരംഗങ്ങള്‍ വളരെ ശക്തിപ്രാപിക്കുകയും ശീതതരംഗങ്ങള്‍ക്ക് ശക്തി കുറയുകയും ചെയ്തുകൊണ്ടിരിക്കുന്നു എന്നത് ഇതിനോട് ചേര്‍ത്തു വായിക്കണം. 

വരള്‍ച്ചയും വെള്ളപ്പൊക്കവും ആഗോളതാപനത്തിന്റെ ഫലങ്ങളാണ്. പവിഴപ്പുറ്റുകള്‍, ചെറിയ താപനിലവ്യത്യാസം പോലും പ്രതികൂലമായി ബാധിക്കുന്ന സമുദ്രജീവികള്‍, സസ്യങ്ങള്‍ തുടങ്ങിയവയുടെ വംശനശീകരണം ആഗോള താപനത്തിന്റെ പ്രത്യാഘാതങ്ങളാണ്. ഇന്ത്യന്‍ മഹാസമുദ്രത്തിലും മറ്റും വര്‍ധിച്ചുകൊണ്ടിരിക്കുന്ന ചുഴലിക്കാറ്റുകളുടെ എണ്ണം ആഗോളതാപനത്തിന്റെ  മറ്റൊരു വശമാണ്. 

(സമുദ്രശാസ്ത്ര ഗവേഷക വിദ്യാര്‍ഥിനിയാണ് ലേഖിക)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (15-16)
എ.വൈ.ആര്‍