Prabodhanm Weekly

Pages

Search

2019 ഏപ്രില്‍ 05

3096

1440 റജബ് 28

ആശയസമരം: പിന്നിട്ട വഴികള്‍

ഒ. അബ്ദുര്‍റഹ്മാന്‍

[ജീവിതാക്ഷരങ്ങള്‍-21]

പതിനൊന്നാം വയസ്സില്‍ അല്‍മദ്‌റസത്തുല്‍ ഇസ്‌ലാമിയയില്‍ ചേര്‍ന്നതു മുതല്‍ ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനമായ ജമാഅത്തെ ഇസ്‌ലാമിയുമായി സ്ഥാപിച്ച ബന്ധം ഇതെഴുതുന്ന എഴുപത്തഞ്ചാം വയസ്സിലും തുടരുന്നു. മറ്റൊരു മത, രാഷ്ട്രീയ, സാംസ്‌കാരിക സംഘടനയുമായും ഞാന്‍ സജീവബന്ധം പുലര്‍ത്തിയിട്ടില്ല. ആറ് പതിറ്റാണ്ടു നീണ്ട കാലയളവില്‍ കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ്, മുസ്‌ലിം ലീഗ് മുതല്‍ പാര്‍ട്ടികളുമായും അവയുടെ സമുന്നത നേതാക്കളുമായും ബന്ധം സ്ഥാപിക്കാനും സംവദിക്കാനും ഇണങ്ങാനും പിണങ്ങാനും എനിക്ക് വേണ്ടുവോളം അവസരം ലഭിച്ചിട്ടുണ്ടെങ്കിലും ഒന്നിലും ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് തോന്നിയിട്ടില്ല. ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ ഔപചാരികാംഗത്വം സ്വീകരിക്കണമെന്ന് തോന്നാത്തപോലെത്തന്നെ ബാല്യത്തിലേ ആരംഭിച്ച ഊഷ്മളബന്ധം ഒരു ഘട്ടത്തിലും വേര്‍പ്പെടുത്തണമെന്നും തോന്നിയിട്ടില്ല. ജമാഅത്തെ ഇസ്‌ലാമിയുടെ വക്താവായും നേതാവായുമൊക്കെ മാധ്യമങ്ങളും വിമര്‍ശകരും സ്വന്തക്കാരുമെല്ലാം ചിത്രീകരിക്കാറുണ്ടെങ്കിലും സംഘടനയില്‍ ഞാന്‍ പ്രാഥമികാംഗം പോലുമല്ലെന്ന സത്യം മറച്ചുവെക്കേണ്ടതല്ല. അതെന്തുകൊണ്ട് എന്ന് എത്രയോ പേര്‍ പലപ്പോഴായി ചോദിച്ചിട്ടുണ്ട്; അപ്പോള്‍ തോന്നിയ മറുപടി നല്‍കാറുമുണ്ട്. എന്റെ വാക്കുകളും പ്രവൃത്തികളും നിരന്തരം വീക്ഷിക്കപ്പെടാനും അതിലെ പാളിച്ചകള്‍ നോട്ട് ചെയ്ത് സംഘടനയെ വിചാരണ ചെയ്യാനും അവസരം സൃഷ്ടിക്കേണ്ടതില്ല എന്ന മാനസികാവസ്ഥയാണ് പ്രധാന കാരണം. മറ്റൊന്ന്, വിയോജിപ്പുള്ള ചില കാര്യങ്ങള്‍ സംഘടനയുടെ അച്ചടക്കം പാലിച്ചുകൊണ്ടുതന്നെ തുറന്നുപറയാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയും. 

ഇസ്‌ലാമിക കാഴ്ചപ്പാടില്‍ ഉറച്ചുകൊണ്ടുതന്നെ മത, രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക വ്യവഹാരങ്ങളില്‍ ഇടപെടാനും അഭിപ്രായം പറയാനും സാധ്യമാണെന്ന് മൂലപ്രമാണങ്ങളായ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും പരിമിതമായ പഠനം ബോധ്യപ്പെടുത്തിയിട്ടുണ്ട്. മതം വ്യക്തിജീവിതത്തിലോ സ്വകാര്യജീവിതത്തിലോ തളച്ചിടേണ്ട വിശ്വാസാചാരങ്ങളുടെ പേരാണെന്ന് ഞാന്‍ അംഗീകരിക്കുന്നില്ല. മുഹമ്മദ് നബി അത്തരമൊരു സങ്കുചിത മതത്തെ പരിചയപ്പെടുത്തിയിട്ടുമില്ല. ജീവിതത്തെ പൂര്‍ണവും സമഗ്രവും ആയി ഉള്‍ക്കൊള്ളുന്ന ദര്‍ശനമാണ് ഇസ്‌ലാം. അത്തരമൊരു കാഴ്ചപ്പാട് മതരാഷ്ട്രവാദമോ പൊളിറ്റിക്കല്‍ ഇസ്‌ലാമോ അല്ല. സൂഫി ഇസ്‌ലാം, പൊളിറ്റിക്കല്‍ ഇസ്‌ലാം പോലുള്ള വേര്‍തിരിവുകള്‍ ആധുനിക മതേതര ചിന്തകന്മാരുടേതാണ്. ഇസ്‌ലാമിനെ മുന്‍വിധികളില്‍നിന്ന് മുക്തമായി തനതായ സ്രോതസ്സുകളിലൂടെ പഠിക്കാത്തതിന്റെ സ്വാഭാവിക ഫലമാണ് ഇവ്വിധമൊരു വിലയിരുത്തല്‍. ഇതര മതങ്ങളെക്കുറിച്ച അപഗ്രഥനത്തിന് സ്വീകരിക്കുന്ന അതേ മാനദണ്ഡങ്ങള്‍ ഇസ്‌ലാമിനും ബാധകമാക്കിയതാണ് ഒട്ടുമിക്ക വിമര്‍ശകര്‍ക്കും പിണഞ്ഞ അബദ്ധം. അര്‍പ്പണം, സമാധാനം എന്നെല്ലാം അര്‍ഥമുള്ള 'ഇസ്‌ലാം' എന്ന നാമം തന്നെ മുന്‍പ്രവാചകന്മാരെ മുഴുവന്‍ സത്യപ്പെടുത്തിക്കൊണ്ട് ആഗതനായ മുഹമ്മദ് നബി താന്‍ അവതരിപ്പിച്ച ജീവിതദര്‍ശനത്തിന് പേരു നല്‍കിയതില്‍ തന്നെയുണ്ട് അന്യാദൃശമായ സവിശേഷത. പാശ്ചാത്യ ഗ്രന്ഥകാരന്മാരും ദാര്‍ശനികന്മാരും തെറ്റായി മുഹമ്മദനിസം എന്ന് പ്രയോഗിച്ചിട്ടുണ്ടെങ്കിലും സാമാന്യമായി ലോകം അതംഗീകരിച്ചിട്ടില്ല. ഏകദൈവവിശ്വാസത്തിലും തദധിഷ്ഠിതമായ വിശ്വമാനവികതയിലും മരണാനന്തര ജീവിതത്തിലും ഊന്നി മനുഷ്യരുടെ സ്വേഛാഭരണത്തെയും പൗരോഹിത്യത്തെയും വര്‍ഗപരമായ അസമത്വത്തെയും പാടേ നിരാകരിക്കുന്ന അനുപമ ജീവിതക്രമമാണ് ഇസ്‌ലാം എന്ന് മനസ്സിലാക്കിയതു മുതല്‍ മുസ്‌ലിമായി ജനിക്കാനും ജീവിക്കാനും ദയാപരന്‍ അനുഗ്രഹിച്ചതില്‍ പൂര്‍ണ സംതൃപ്തനാണ് ഞാന്‍. മുസ്‌ലിംകളെന്ന് അവകാശപ്പെടുന്നവരും അഭിമാനിക്കുന്നവരും അജ്ഞതയും പുരോഹിതന്മാരുടെ ദുര്‍ബോധനവും അന്ധമായ അനുകരണവും നിമിത്തം ഇസ്‌ലാമിക പ്രസ്ഥാനത്തെ തെറ്റിദ്ധരിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നതില്‍ വല്ലാതെ മനോവേദന അനുഭവിച്ചപ്പോഴും അത്തരം പ്രചാരണങ്ങളെ വസ്തുനിഷ്ഠമായി ചെറുത്തുതോല്‍പിക്കാമെന്ന ആത്മവിശ്വാസം വിദ്യാര്‍ഥി ജീവിതത്തിലേ ഉണ്ടായിരുന്നു. പില്‍ക്കാലത്ത് അതിന് ലഭിച്ച അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്തു.

തൊള്ളായിരത്തി അറുപതുകളുടെ തുടക്കത്തില്‍ തലശ്ശേരിയില്‍ നടക്കാനിരുന്ന ജമാഅത്തെ ഇസ്‌ലാമി ഉത്തരമേഖലാ സമ്മേളന പ്രചാരണ യോഗങ്ങളിലായിരുന്നു എന്റെ അരങ്ങേറ്റം. മുക്കം കുമാരനെല്ലൂരില്‍ സംഘടിപ്പിക്കപ്പെട്ട യോഗത്തില്‍ ഭൂപതി അബൂബക്കര്‍ ഹാജിയും കെ.ടി മുഹമ്മദ് മൗലവിയും പിന്നെ ഞാനുമായിരുന്നു പ്രസംഗകര്‍. സന്ധ്യക്ക് യോഗമാരംഭിക്കുമ്പോള്‍ വിരലിലെണ്ണാവുന്ന പ്രവര്‍ത്തകരും ഏതാനും അമുസ്‌ലിംകളുമല്ലാതെ സദസ്സില്‍ ആരും ഇല്ല. സുന്നി മഹല്ല് കമ്മിറ്റി സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്തിയതാണ് ജനത്തെ തടഞ്ഞത്. ശുഷ്‌കമെങ്കിലും സശ്രദ്ധം വീക്ഷിച്ച സദസ്സിന്റെ മുമ്പാകെ മൂന്നു പേരും ആവേശപൂര്‍വം തന്നെ പ്രസംഗിച്ചു. പരിപാടി അവസാനിക്കുമ്പോള്‍ രാത്രി ഒമ്പത് മണി കഴിഞ്ഞിരുന്നു. പുഴകടന്ന് മുക്കം അങ്ങാടിയിലെത്തിയപ്പോള്‍ സാമാന്യം നല്ല വിശപ്പ്. ദീര്‍ഘകാലം ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയാ കാന്റീന്‍ മാനേജറായിരുന്ന പി.എം മുഹമ്മദ് കാക്കയുമുണ്ട് കൂടെ. അബൂബക്കര്‍ ഹാജി സ്‌കൂട്ടറില്‍ കുന്ദമംഗലത്തേക്ക് തിരിച്ചുപോയി. അഞ്ച് കിലോമീറ്റര്‍ നടന്നുവേണം ഞങ്ങള്‍ക്ക് ചേന്ദമംഗല്ലൂരിലെത്താന്‍. അതിനു മുമ്പ് വല്ലതും കഴിക്കണമെന്ന് തീരുമാനിച്ച് അങ്ങാടി മുഴുവന്‍ പരതിയിട്ടും ഹോട്ടലുകളെല്ലാം അടച്ചുപോയിരിക്കുന്നു. സാധു ഹോട്ടല്‍ മാത്രം തുറന്നു കിടക്കുന്നു. ഞങ്ങള്‍ കയറി നോക്കിയപ്പോള്‍ പി.എമ്മിന്റെ പരിചയക്കാരന്‍ കൂടിയായ ഹോട്ടലുടമ പറഞ്ഞു: 'എല്ലാം തീര്‍ന്നുപോയിരിക്കുന്നു. അല്‍പം ചോറുണ്ട്. പക്ഷേ കറികളൊന്നുമില്ല.' 'മൂന്നു പപ്പടം കാച്ചാമെങ്കില്‍ ചോറ് ഞങ്ങള്‍ അകത്താക്കിക്കൊള്ളാം'- ഞങ്ങളുടെ മറുപടി. കാച്ചിയ പപ്പടവും ചോറും കറി അവശിഷ്ടവും കൂട്ടി ഞങ്ങള്‍ വിശപ്പടക്കി. ബില്ലടക്കാന്‍ നോക്കുമ്പോള്‍ എല്ലാവരുടെയും കീശ കാലി! ഓരോരുത്തരും മറ്റുള്ളവരുടെ കൈയില്‍ കാശുണ്ടാവുമെന്ന് തെറ്റിദ്ധരിച്ചതാണ് അബദ്ധമായത്. പിറ്റേന്ന് കാശ് എത്തിക്കാമെന്ന് പി.എം ഏറ്റു. ഞങ്ങള്‍ ജാള്യതയോടെ സ്ഥലംവിട്ടു.

കൂടുതല്‍ മോശമായിരുന്നു രണ്ടാമത്തെ അനുഭവം. ഇത്തവണ കാരശ്ശേരിയിലായിരുന്നു അരങ്ങേറ്റം. പ്രസംഗകര്‍ മേപ്പടിയാന്മാര്‍ തന്നെ. കുന്ദമംഗലത്തുനിന്ന് ഉച്ചഭാഷിണിക്കാരന്‍ ഗോവിന്ദനെയും അബൂബക്കര്‍ ഹാജി കൂടെ കൂട്ടിയിരുന്നു. ചേന്ദമംഗല്ലൂരില്‍നിന്നുള്ള ഏതാനും പ്രവര്‍ത്തകരോടൊപ്പം കെ.ടി മൗലവിയും ഞാനും സ്ഥലത്തെത്തി. പക്ഷേ മഹല്ല് പള്ളിയില്‍നിന്നുള്ള ഉത്തരവ് പ്രകാരം കടകള്‍ മുഴുവന്‍ അടച്ച് ഉടമകള്‍ സ്ഥലംവിട്ടിരുന്നു. ഒരീച്ച പോലും അങ്ങാടിയിലില്ല. ഒരു വീട്ടുവളപ്പിലെ മതിലിന്മേല്‍ ഉച്ചഭാഷിണിയുടെ ഹോണ്‍ സ്ഥാപിക്കാന്‍ ശ്രമിച്ചപ്പോള്‍ ഉടമ വിലക്കി. 'ഇനി എന്തു ചെയ്യും? ആരോട് പ്രസംഗിക്കാന്‍. നമുക്ക് പിരിച്ചുവിടാം' എന്ന അഭിപ്രായമുയര്‍ന്നപ്പോള്‍ സജീവ കമ്യൂണിസ്റ്റുകാരനായിരുന്ന മൈക്ക് ഓപ്പറേറ്റര്‍ ഗോവിന്ദന്റെ ശക്തമായ ഇടപെടല്‍: 'പറ്റില്ല സാര്‍. ഹോണ്‍ ഞാന്‍ സ്വന്തം ചുമലിലേറ്റിക്കൊള്ളാം. യോഗം എന്തു വില കൊടുത്തും നടത്തിയേ തീരൂ. ഇപ്പോള്‍ തോറ്റു പിന്മാറി കൊടുത്താല്‍ ഇനിയൊരിക്കലും സാധിച്ചെന്നു വരില്ല.' സഖാവിന്റെ 'ഈമാനി'ന്റെ മുന്നില്‍ ഞങ്ങള്‍ മുട്ടുമടക്കി. ഹോണ്‍ ഒരു തറയില്‍ സ്ഥാപിച്ചു. മൂന്നു പേരും ഗംഭീരമായി പ്രസംഗിച്ചു. വീട്ടിലിരുന്നും ഒളിഞ്ഞും കുറേ പേര്‍ പ്രസംഗങ്ങള്‍ ശ്രവിക്കുകയും ചെയ്തു.

ചേന്ദമംഗല്ലൂരിന്റെ തൊട്ടടുത്ത ഗ്രാമമായ പാഴൂരില്‍ ഇത്രപോലും നടന്നില്ല. പ്രചാരണ യോഗം നിശ്ചയിച്ച് നോട്ടീസടിച്ചെങ്കിലും പാഴൂരിലെ എ.യു.പി സ്‌കൂള്‍ മാനേജറും ജെ.ഡി.ടി ഇസ്‌ലാം ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററുമായിരുന്ന അബ്ദുസ്സലാം മാസ്റ്റര്‍ രാവിലെ ഇസ്‌ലാമിയാ കോളേജ് പ്രിന്‍സിപ്പല്‍ വി. അബ്ദുല്ല ഉമരിയെ വന്നു കണ്ട് പരിപാടി മാറ്റിവെക്കണമെന്ന് അപേക്ഷിക്കുകയായിരുന്നു. 'ഞങ്ങളുടെ നാട് ഇപ്പോള്‍ ഒരു ജമാഅത്ത് യോഗത്തിന് പാകപ്പെട്ടിട്ടില്ല. കുട്ടികള്‍ കൂക്കി വിളിക്കും, കലക്കും. നിങ്ങള്‍ ഒരല്‍പകാലം കൂടി ക്ഷമിക്കണം. പിന്നെ നമുക്ക് സൗഹൃദാന്തരീക്ഷത്തില്‍ യോഗം ഭംഗിയായി നടത്താം.' അബ്ദുസ്സലാം മാസ്റ്ററുടെ മധുരവാക്കുകളില്‍ അബ്ദുല്ല ഉമരി വീണു. ഇത് വെറും ചതിയും കെണിയുമാണെന്നും നാട്ടുകാര്‍ ഒരുവേള യോഗം കലക്കിയാല്‍ തന്നെ നമുക്ക് പിരിഞ്ഞുപോരാമെന്നും അല്ലാത്തപക്ഷം സമീപ ഭാവിയിലൊന്നും നമുക്കവിടെ പ്രവര്‍ത്തനസ്വാതന്ത്ര്യം ലഭിക്കാന്‍ പോവുന്നില്ലെന്നും, തലേന്ന് മുന്നൂര് മുതല്‍ കൂളിമാട് വരെ മെഗഫോണ്‍ പ്രചാരണം നടത്തി ശബ്ദമൊക്കെ അടഞ്ഞുപോയിരുന്നെങ്കിലും, ഞാന്‍ പറഞ്ഞുനോക്കി. പക്ഷേ മൗലവി സമ്മതിച്ചില്ല. യാഥാസ്ഥിതികതയുടെ നെടുംകോട്ടയായിരുന്ന പാഴൂരില്‍ വര്‍ഷങ്ങളോളം പ്രാസ്ഥാനിക പ്രവര്‍ത്തനം മുടങ്ങിയതായിരുന്നു അനന്തരഫലം. പിന്നീട് രണ്ടും കല്‍പിച്ച് ഒരു പൊതുയോഗം നടത്താന്‍ തന്നെ ചേന്ദമംഗല്ലൂരിലെ ജമാഅത്ത് ഘടകം തീരുമാനിച്ചു. ഇത്തവണ ഒ. അബ്ദുല്ല സാഹിബും കെ.ടി.സി ബീരാന്‍ സാഹിബുമായിരുന്നു പ്രസംഗകര്‍. പൊതുയോഗം ആരംഭിച്ചതും തപ്പു കൊട്ടും കൂക്കിവിളിയും തുടങ്ങി. രണ്ടു പേരും പിന്മാറുന്ന കൂട്ടത്തിലായിരുന്നില്ല. ചേന്ദമംഗല്ലൂര്‍കാരായ നല്ലൊരു വിഭാഗം ശ്രോതാക്കളായി മുന്നിലുണ്ടായിരുന്നു താനും. സാമാന്യം പ്രകോപനപരമായിത്തന്നെ ഇരുവരും പ്രസംഗിച്ചു. പക്ഷേ അതോടെ ഊരുവിലക്കിന് വിരാമമായി. അല്‍പകാലത്തിനു ശേഷം ഞാന്‍ മുഖ്യപ്രഭാഷകനായി നടന്ന പൊതുയോഗത്തില്‍ നാട്ടുകാരില്‍ നല്ലൊരു വിഭാഗം സംബന്ധിച്ചു. ജമാഅത്തെ ഇസ്‌ലാമിക്ക് മൗലികമായ പിഴവുകളൊന്നും സംഭവിച്ചിട്ടില്ലെന്നും എല്ലാ മദ്ഹബുകളെയും പണ്ഡിതന്മാരെയും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന, സുന്നികളോടും മുജാഹിദുകളോടും സാഹോദര്യ ബന്ധം പുലര്‍ത്തുന്ന, അഭിപ്രായഭിന്നതയുള്ള വിഷയങ്ങളില്‍ മിതത്വത്തിന്റെ മാര്‍ഗം സ്വീകരിക്കുന്ന പ്രസ്ഥാനമാണ് അതെന്നും സ്ഥാപിക്കാനായിരുന്നു രണ്ടര മണിക്കൂര്‍ നീണ്ട സംസാരത്തില്‍ എന്റെ ശ്രമം. ഞാന്‍ ചെയ്ത അപൂര്‍വം മതപ്രസംഗങ്ങളിലൊന്നായിരുന്നു അത്. പില്‍ക്കാലത്ത് പ്രദേശത്ത് ജമാഅത്തിന്റെ പ്രവര്‍ത്തനവൃത്തം നിലവില്‍വന്നു. പള്ളിയും മദ്‌റസയും സ്ഥാപിതമായി. മഹല്ലില്‍ മത സംഘടനകള്‍ക്കിടയിലെ സ്പര്‍ധക്കും ശമനമുണ്ടായി. ഏറ്റവുമൊടുവില്‍ പ്രതിഭാധനനായ റഹ്മാന്‍ മുന്നൂര് എന്ന പി.ടി അബ്ദുര്‍റഹ്മാന്റെ മയ്യിത്ത് മഹല്ല് പള്ളിയില്‍ അന്ത്യകര്‍മങ്ങള്‍ക്കായി കൊണ്ടുവന്നപ്പോള്‍ ഖത്വീബ് ചെയ്ത ഹൃദയസ്പൃക്കായ പ്രസംഗം സഹിഷ്ണുതയുടെയും വിശാലമനസ്സിന്റെയും മൊത്തം മാറ്റങ്ങളുടെയും നിദര്‍ശനമായിരുന്നു.

ചേന്ദമംഗല്ലൂര്‍ അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയയില്‍ അമ്പതുകളുടെ മധ്യത്തില്‍ ഞങ്ങളുടെ അധ്യാപകനായിരുന്നു അബൂ ഇസ്ഹാഖ് ഇസ്മാഈല്‍ മൗലവി. ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധം പുലര്‍ത്തിയതിനാല്‍ നാട്ടില്‍  ബഹിഷ്‌കരണത്തിനിരയായ മൗലവി ചേന്ദമംഗല്ലൂരില്‍ അഭയം തേടി എന്നു പറയുന്നതാവും ശരി. പില്‍ക്കാലത്ത് അദ്ദേഹം മുജാഹിദായി, കോഴിക്കോട്ട് ലിവാഉല്‍ ഇസ്‌ലാം പള്ളിയില്‍ ഇമാമും ഖത്വീബുമായി. മനോഹരമായിരുന്നു മൗലവിയുടെ കൈയക്ഷരം. ഒരിക്കല്‍ തന്റെ പുസ്തകം അച്ചടിപ്പിക്കാന്‍ അദ്ദേഹം പ്രബോധനത്തില്‍ വന്നപ്പോള്‍ ഞാന്‍ തമാശയായി പറഞ്ഞു: 'മൗലവിയുടെ പുസ്തകം അച്ചടിക്കുന്നതിനേക്കാള്‍ നല്ലത് കൈയെഴുത്തുപ്രതി കോപ്പിയെടുത്ത് വില്‍ക്കുന്നതാണ്.' കോഴിക്കോട്ട് നിന്ന് വെള്ളിമാടുകുന്നിലേക്ക് ബസ് കയറി വന്ന ഒരുനാള്‍ മൗലവിയുടെ കമന്റ് ഞാനിപ്പോഴും ഓര്‍ക്കുന്നു: 'പടച്ചവന്‍ ശിക്ഷിക്കാന്‍ നരകത്തിലിടും എന്നു ഭീഷണിപ്പെടുത്തേണ്ടിയിരുന്നില്ല. ബസ്സില്‍ കയറ്റിവിടും എന്ന് പറഞ്ഞാല്‍ ധാരാളമായിരുന്നു'. പക്ഷേ പില്‍ക്കാലത്ത് അദ്ദേഹം 'പുത്തന്‍ പ്രസ്ഥാനങ്ങളെ' അപ്പാടെ കൈയൊഴിഞ്ഞ് സാക്ഷാല്‍ 'അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅ'യില്‍ ചേര്‍ന്നതായി പ്രഖ്യാപിച്ചു. കോഴിക്കോട് മുഖദാര്‍ പള്ളിയില്‍ ഇമാമും ഖത്വീബുമായി. സലഫികളെയും ജമാഅത്തിനെയും നിശിതമായി വിമര്‍ശിച്ചുകൊണ്ട് ലേഖനങ്ങളെഴുതി, പ്രസംഗപരമ്പരകളും നടത്തി. അക്കൂട്ടത്തില്‍ ചേന്ദമംഗല്ലൂരിലും വന്നു. ജമാഅത്തെ ഇസ്‌ലാമി ഇസ്‌ലാമില്‍നിന്ന് പൂര്‍ണമായി വ്യതിചലിച്ച പ്രസ്ഥാനമാണെന്ന് സ്ഥാപിച്ചുകൊണ്ട് സുദീര്‍ഘമായി പ്രസംഗിച്ചു. എനിക്കതിന് മറുപടി പറയേണ്ടിവന്നു. മൂന്നു മണിക്കൂര്‍ നീണ്ട മറുപടിയില്‍ കാര്യമായൊരു ഭാഗം മൗലവിയുടെ തന്നെ മുന്‍രചനകളെ ഉദ്ധരിച്ചുകൊണ്ടായിരുന്നു. 'ആ അഭിപ്രായങ്ങളില്‍നിന്നൊക്കെ എന്റെ ഗുരു മാറിയിരിക്കാം. എന്നാല്‍ അതിനാധാരമാക്കിയ ഖുര്‍ആന്‍ സൂക്തങ്ങളും ഹദീസുകളും നിഷേധിക്കുന്നതോ മാറുന്നതോ എങ്ങനെ?' ഇതായിരുന്നു എന്റെ ചോദ്യം. കൊടുവള്ളിയിലെ പറമ്പത്ത്കാവിലും ആവര്‍ത്തിച്ചു ഇസ്മാഈല്‍ മൗലവിയുടെ പ്രസംഗവും എന്റെ മറുപടിയും.

ബഹുമാന്യരായ മുജാഹിദ് പണ്ഡിതന്മാരോടും ചിലപ്പോഴൊക്കെ ആശയസമരത്തിലേര്‍പ്പെടേണ്ടിവന്നിട്ടുണ്ട്. പരേതനായ പൂവഞ്ചേരി മുഹമ്മദ് സാഹിബിന്റെ നിര്‍ബന്ധ പ്രകാരം ഒരിക്കല്‍ മുജാഹിദ്-മുസ്‌ലിം ലീഗ് നേതാവായ എന്‍.വി അബ്ദുസ്സലാം മൗലവിയുടെ തട്ടകമായ അരീക്കോട്ട് നാല് മണിക്കൂര്‍ പ്രതിരോധ പ്രഭാഷണം നടത്തേണ്ടിവന്നത് ഓര്‍മയില്‍ വരുന്നു. പ്രസംഗിച്ചുകൊണ്ടിരിക്കെ അബ്ദുസ്സലാം മൗലവി മുന്നിലൂടെ കടന്നുപോവുന്നതും കണ്ടു. എന്നാല്‍ എടുത്തുപറയേണ്ട സംഭവം എഴുപതുകളുടെ തുടക്കത്തില്‍ കൊച്ചിയില്‍ നടന്ന മുജാഹിദ്-ജമാഅത്തെ ഇസ്‌ലാമി സംവാദമാണ്. കെ.എന്‍.എം കൊച്ചി മേഖലാ പ്രസിഡന്റ് പരേതനായ അഡ്വ. കെ.എം സെയ്ത് മുഹമ്മദ് സാഹിബ് മോഡറേറ്ററായി ദിവസം നീണ്ട സംവാദത്തില്‍ മുജാഹിദ് പക്ഷത്തു നിന്ന് മുതിര്‍ന്ന പണ്ഡിതന്മാരായിരുന്ന മൊയ്തീന്‍ കുട്ടി മൗലവി, കെ. ഉമര്‍ മൗലവി, എ. അലവി മൗലവി എന്നിവരും ജമാഅത്തിനു വേണ്ടി കെ. അബ്ദുല്ലാ ഹസന്‍, വി.കെ അലി എന്നിവരോടൊപ്പം ഞാനുമായിരുന്നു വിഷയാവതാരകര്‍. പതിറ്റാണ്ടുകളോളം മുജാഹിദ്-ജമാഅത്ത് വിവാദ വിഷയമായി തുടര്‍ന്ന ഇബാദത്തിന്റെ അര്‍ഥവും പൊരുളും കേന്ദ്രീകരിച്ചായിരുന്നു സംവാദം. ഓഡിറ്റോറിയത്തില്‍ നിറഞ്ഞ സദസ്സിനു മുമ്പാകെ മൊയ്തീന്‍ കുട്ടി മൗലവിയുടെ വിഷയാവതരണത്തോടെ സംവാദമാരംഭിച്ചു. മറുവിഷയാവതരണം കെ. അബ്ദുല്ല ഹസന്റേതും. ഉച്ചക്കു ശേഷം കെ. ഉമര്‍ മൗലവി(സല്‍സബീല്‍)യുടെ അവതരണം, വി.കെ അലിയുടെ മറുപടി. രാത്രി പ്രമുഖ സലഫി പണ്ഡിതന്‍ എ. അലവി മൗലവിയുടെ അവതരണം. എന്റെ മറുപടി. അലവി മൗലവിക്ക് പറ്റിയ ഒരക്കിടിയാണ് എന്റെ രക്ഷക്കെത്തിയത്. അദ്ദേഹത്തിനനുവദിച്ച ഒരു മണിക്കൂറില്‍ മുക്കാല്‍ ഭാഗവും അദ്ദേഹം, തഫ്‌സീറുല്‍ മനാറില്‍നിന്നുള്ള ഒരു ഭാഗം ഉദ്ധരിക്കാനും പരിഭാഷപ്പെടുത്താനുമായി സമയം കളഞ്ഞു. സദസ്സ് അങ്ങേയറ്റം ബോറടിച്ചു. ഉദ്ധരണിയുടെ വെളിച്ചത്തില്‍ തന്റെ വാദം സ്ഥാപിക്കാന്‍ മൗലവിക്ക് സമയം മതിയായതുമില്ല. ഞാനാകട്ടെ അഞ്ച് മിനിറ്റ് കൊണ്ട് ആ ഉദ്ധരണിയെ കൈകാര്യം ചെയ്തു. അവശേഷിച്ച സമയമത്രയും ഇബാദത്തിന്റെ അര്‍ഥത്തിലോ വിവക്ഷയിലോ മൗദൂദിക്കും ജമാഅത്തെ ഇസ്‌ലാമിക്കും പിഴച്ചിട്ടില്ലെന്ന് സമര്‍ഥിക്കാന്‍ വിനിയോഗിക്കുകയും ചെയ്തു. മോഡറേറ്ററുടെ ഊഴം വന്നപ്പോള്‍ അദ്ദേഹം, സംവാദം മുഴുവന്‍ ശ്രദ്ധിച്ചു കേട്ടപ്പോഴും ജമാഅത്തെ ഇസ്‌ലാമിക്ക് മൗലികമായ പിഴവ് തദ്വിഷയകമായി സംഭവിച്ചിട്ടില്ലെന്നാണ് തനിക്ക് ബോധ്യപ്പെട്ടതെന്ന് തുറന്നടിച്ചതോടെ മ്ലാനത മുജാഹിദ് പണ്ഡിതന്മാരുടെ മുഖത്തും പുഞ്ചിരി ഞങ്ങളുടെ മുഖത്തുമായി ആ അപൂര്‍വ സംവാദത്തിന് തിരശ്ശീല വീണു. പക്ഷേ വീണ്ടും സംവത്സരങ്ങളോളം ഇബാദത്തിനെ ചൊല്ലിയുള്ള വിവാദം തുടര്‍ന്നു. വിഷയത്തില്‍ കെ.സി അബ്ദുല്ല മൗലവിയുടേതും കെ.പി മുഹമ്മദ് മൗലവിയുടേതും ടി. മുഹമ്മദ് സാഹിബിന്റേതുമടക്കമുള്ള നിരവധി ഗ്രന്ഥങ്ങള്‍ പുറത്തുവന്നു.

ഒരു പതിറ്റാ് കാലത്തിലധികമായി മുജാഹിദ് പണ്ഡിതന്മാര്‍ പൊതുവെ ഇബാദത്ത് വിവാദം അവഗണിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തതായാണ് അനുഭവം. 

(തുടരും)

Comments

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (14)
എ.വൈ.ആര്‍