Prabodhanm Weekly

Pages

Search

2019 ഏപ്രില്‍ 05

3096

1440 റജബ് 28

ഇസ്‌ലാമോഫോബിയ അവരുടേതും നമ്മുടേതും

അപൂര്‍വാനന്ദ്

ന്യൂസിലാന്റിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്ന കൂട്ടക്കുരുതി ആഴത്തിലുള്ള ആത്മപരിശോധനക്ക് യൂറോപ്യന്‍ രാഷ്ട്രങ്ങളെ നിര്‍ബന്ധിച്ചിരിക്കുകയാണ്. എങ്ങനെ, എന്തുകൊണ്ട് ഈ ഭീകരത തങ്ങളുടെ നാട്ടില്‍ സംഭവിച്ചു എന്ന് അമ്പരക്കുകയാണ് ന്യൂസിലാന്റുകാര്‍. പ്രതിയുടെ ജന്മദേശമായ ആസ്‌ത്രേലിയയില്‍, മുസ്‌ലിംകള്‍ക്കെതിരെയും കുടിയേറ്റക്കാര്‍ക്കെതിരെ പൊതുവിലും വെറുപ്പും വിദ്വേഷവും വളര്‍ന്നുവരുന്നത് പൊതുസമൂഹം ശ്രദ്ധിക്കണമെന്ന ഉണര്‍ത്തലുകള്‍ ഉണ്ടാവുന്നു. പൊതുജീവിതത്തിലും സ്ഥാപനങ്ങളിലും മീഡിയയിലും പടരുന്ന ഇസ്‌ലാമോഫോബിയയുടെ അന്തിമ ബിന്ദു മാത്രമാണ് കൂട്ടക്കൊല.

ഈ വിധം ഇസ്‌ലാമോഫോബിയയെ തിരിച്ചറിഞ്ഞതിന്റെ ഫലമായാണ്, ലോകത്തിന്റെ പല ഭാഗങ്ങളിലും വിവിധ മതവിഭാഗക്കാര്‍ പൂക്കളുമായി മസ്ജിദുകളിലെത്തിയത്. ഹൃദ്യമായിരുന്നു ആ കാഴ്ച. സിംഗപ്പൂരില്‍ അവിടെയുള്ള ന്യൂസിലാന്റുകാര്‍ മുസ്‌ലിംകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനായി മസ്ജിദിലേക്ക് ചെന്നു. 74 പേജ് വരുന്ന മാനിഫെസ്റ്റോയില്‍ തങ്ങളുടെ പേരില്‍ സംസാരിച്ച കൊലയാളിയെ തങ്ങള്‍ തള്ളിക്കളയുന്നു എന്ന് അറിയിക്കാന്‍ മാത്രമായിരുന്നില്ല ഈ സന്ദര്‍ശനം; പൂര്‍ണ സഹാനുഭൂതി പ്രകടിപ്പിക്കാന്‍ കൂടിയായിരുന്നു.

ന്യൂസിലാന്റ് പ്രധാനമന്ത്രിയുടെ മുഖത്തു നിന്ന് അവര്‍ അനുഭവിക്കുന്ന വേദന നമുക്ക് വായിച്ചെടുക്കാം. അതിലൊരു തരത്തിലുള്ള വ്യാജവുമില്ല. എന്തെങ്കിലും ഉടന്‍ ചെയ്‌തേ മതിയാവൂ എന്ന ധൃതി ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രിയുടെ വാക്കുകളിലും നാം കണ്ടു. ഇരകളെ കുറ്റപ്പെടുത്തിയ ആസ്‌ത്രേലിയന്‍ സെനറ്റര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യത്തെയും അദ്ദേഹം പിന്തുണച്ചു.

ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്‌ലിംകളുള്ള രണ്ടാമത്തെ രാഷ്ട്രമായ ഇന്ത്യയില്‍ അത്തരം നീക്കങ്ങളൊന്നും കാണുന്നില്ല. ഇന്ത്യന്‍ മുസ്‌ലിംകള്‍ കൂട്ടക്കുരുതിക്കിരയായിട്ടുണ്ട്. പക്ഷേ ഇങ്ങനെയൊരു സഹാനുഭൂതി അവര്‍ക്ക് ലഭിക്കുന്നില്ല. ഭരണകൂടങ്ങളോ ഭരണവര്‍ഗങ്ങളോ ഇരകളുടെ ദുഃഖാചരണത്തില്‍ പങ്കുചേരുമെന്ന് പ്രതീക്ഷിക്കുന്നത് വെറുതെ. ഇന്ത്യന്‍ മുസ്‌ലിംകള്‍ കൊണ്ടുവരുന്ന വിദേശ കറന്‍സി നമുക്ക് വേണം; അവരുടെ നഷ്ടത്തില്‍ പങ്കുകൊള്ളാനൊന്നും നമ്മെ കിട്ടില്ല.

ഇന്ത്യയില്‍ പള്ളികള്‍ ആക്രമിക്കപ്പെട്ട സംഭവങ്ങള്‍ ഓര്‍ത്തുപോയി. മാലേഗാവ്, മക്ക മസ്ജിദ്, അജ്മീര്‍... എങ്ങനെയാണ് രാഷ്ട്രം പ്രതികരിച്ചത്? ഭരണകൂടങ്ങളുടെ പ്രതികരണം എന്തായിരുന്നു? മറ്റൊരു കാരണത്താല്‍ ഈ തെരഞ്ഞെടുപ്പ് കാലത്തും പള്ളികള്‍ വാര്‍ത്തകളിലുണ്ട്. ബി.ജെ.പിയുടെ ദല്‍ഹി ഘടകം തെരഞ്ഞെടുപ്പു കമീഷനോട് ആവശ്യപ്പെട്ടിരിക്കുകയാണ്; 'പള്ളികളെ നിരീക്ഷിക്കാന്‍, പ്രത്യേകിച്ച് മുസ്‌ലിം സ്വാധീന ഇടങ്ങളില്‍, പ്രത്യേക നിരീക്ഷകരെ ചുമതലപ്പെടുത്തണം. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുംവിധത്തില്‍ മതം പറഞ്ഞ് മത-രാഷ്ട്രീയ നേതാക്കള്‍ ജനങ്ങള്‍ക്കിടയില്‍ വെറുപ്പ് പടര്‍ത്താതിരിക്കാന്‍ ഇത് ആവശ്യമാണ്.' ഇതിനെതിരെ എവിടെയും ഒരു പ്രതിഷേധവും കണ്ടില്ല. ബി.ജെ.പി, സംശയിക്കേണ്ട ഇടങ്ങളാക്കി പള്ളികളെ മാറ്റുന്നു എന്ന് ആം ആദ്മി പാര്‍ട്ടിയല്ലാതെ മറ്റാരും ചൂണ്ടിക്കാട്ടിയില്ല.

പാശ്ചാത്യ ലോകത്ത് ഇസ്‌ലാമോഫോബിയയുടെ വിവിധ രൂപങ്ങള്‍ കണ്ടെത്തുന്നതിന് ഒരു വിഭാഗമാളുകള്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. അവയെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ഇന്ത്യയില്‍ ഇതൊക്കെ സാദാ സംഭവമാക്കി മാറ്റിയിരിക്കുന്നു. ഇതിനെതിരെ ഒരു മുസ്‌ലിം പരാതിപ്പെട്ടാല്‍, അനാവശ്യം പുലമ്പുന്നു എന്നായിരിക്കും പ്രതികരണം. സ്‌കൂളുകളില്‍ മുസ്‌ലിം കുട്ടികള്‍ ഭീഷണിപ്പെടുത്തപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യുന്നതിന്റെ ചരിത്രം തലമുറകളിലേക്ക് നീളുന്നതാണ്. എഴുപതുകള്‍ പിന്നിട്ട ഒരാള്‍ എന്നോട് പറഞ്ഞത്, 68 വര്‍ഷം മുമ്പ് മുസ്‌ലിമായതിന്റെ പേരില്‍ സഹപാഠികള്‍ തന്നെ നിരന്തരം ശല്യം ചെയ്തതിനെക്കുറിച്ചാണ്. അമ്പതുകള്‍ പിന്നിട്ട മറ്റൊരാള്‍ പറഞ്ഞത്, മധ്യകാല ചരിത്രം പഠിപ്പിക്കുന്ന ക്ലാസില്‍ ഇരിക്കുന്നത് അദ്ദേഹത്തിന് വളരെ വേദനാജനകമായിരുന്നു എന്നാണ്. മുസ്‌ലിംകള്‍ ഇന്ത്യയെ കൊള്ളയടിച്ചെന്ന കഥകള്‍ നിഷ്പക്ഷ ചരിത്രമായി അവതരിപ്പിക്കപ്പെടുമ്പോള്‍ സഹപാഠികളുടെ അധിക്ഷേപിക്കുന്ന നോട്ടങ്ങള്‍ അദ്ദേഹത്തിന് നേരിടേണ്ടിവന്നു. ആറ് വയസ്സ് മാത്രമുള്ള, ഒരു 'പുരോഗമന' സ്ഥാപനത്തില്‍ പഠിക്കുന്ന മുസ്‌ലിം പെണ്‍കുട്ടി, തന്റെ പേരിനോടൊപ്പം മുസ്‌ലിം പിതാവിന്റെ പേര് ചേര്‍ക്കാത്തതില്‍ തന്റെ ഹിന്ദുവായ മാതാവിനോട് നന്ദി പറയുന്നുണ്ട്. എന്റെ മകള്‍ പഠിക്കുന്ന സ്ഥാപനത്തിലെ ഒരു അധ്യാപകന്‍ മുസ്‌ലിംകളെ വളരെ പച്ചയായി അപരവത്കരിച്ച് സംസാരിച്ചതിനെപറ്റി അവള്‍ പ്രിന്‍സിപ്പലിനോട് പരാതി പറഞ്ഞപ്പോള്‍, ആ പ്രിന്‍സിപ്പല്‍ അത് വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. മുസ്‌ലിംകളെ ഹിന്ദുക്കളുടെ പൂര്‍ണ അപരന്മാരായി ചിത്രീകരിക്കുന്ന സരസ്വതി ശിശു മന്ദിര്‍ സ്‌കൂളുകളെക്കുറിച്ചല്ല നാം സംസാരിക്കുന്നത് എന്നോര്‍ക്കുക.

നയങ്ങള്‍ രൂപീകരിക്കുന്നവരും അവ നടപ്പാക്കുന്നവരും പച്ചയായി അവരുടെ ഇസ്‌ലാംപേടി പ്രകടമാക്കാറുണ്ട്; ദേശസുരക്ഷയുടെ മറ പിടിച്ചുകൊണ്ടാണെന്നു മാത്രം. പോലീസ് ഉദ്യോഗസ്ഥരുടെയും പൊതു ജീവനക്കാരുടെയും ഒരു പരിശീലന കോഴ്‌സില്‍ പങ്കെടുത്ത് തിരിച്ചുവന്ന ഒരു സുഹൃത്ത് ആ കോഴ്‌സില്‍ മുസ്‌ലിംകളെ പരസ്യമായി അധിക്ഷേപിച്ചിരുന്നതായി ഞെട്ടലോടെ ഓര്‍ത്തു. 'അവരെ നിലക്ക് നിര്‍ത്തേണ്ടതി'ന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞുവത്രെ! പല ഭരണകൂടങ്ങളും മദ്‌റസകളോട് അവയുടെ ദേശീയത തെളിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. സംസ്‌കാരത്തിന്റെയും സമ്പദ്ഘടനയുടെയും പേരു പറഞ്ഞ്, വലിയൊരു വിഭാഗത്തിന്റെ ഭക്ഷണശീലങ്ങളെ ക്രിമിനല്‍വത്കരിച്ചപ്പോള്‍ നമുക്കതൊരു ഞെട്ടലും ഉണ്ടാക്കിയില്ല. അയോധ്യാ തര്‍ക്കത്തില്‍ ശ്രീ ശ്രീ രവിശങ്കറെ സുപ്രീം കോടതി മധ്യസ്ഥരില്‍ ഒരാളായി നിശ്ചയിച്ചതിലൂടെ മുസ്‌ലിമോഫോബിയക്ക് നിയമാനുസൃതത്വമാണ് കൈവന്നിരിക്കുന്നത്. നിങ്ങള്‍ക്ക് മുസ്‌ലിംകള്‍ക്കെതിരെ സംസാരിക്കാം, എന്നാലും നിങ്ങള്‍ ആദരണീയരായി തുടരും.

ഇസ്‌ലാമോഫോബിയയുടെ പാരമ്യം എന്താണെന്നു വെച്ചാല്‍, മുസ്‌ലിംകളോട് ഇങ്ങനെ പറയുകയാണ്: 'നിങ്ങള്‍ വളരെ മോഡേണാണ്; കണ്ടിട്ട് മുസ്‌ലിംകളാണെന്ന് തോന്നുന്നേയില്ല.' പരിഷ്‌കൃത സമൂഹത്തില്‍ തുല്യ അംഗത്വം ലഭിക്കണമെങ്കില്‍ അവര്‍ തങ്ങളുടെ 'മുസ്‌ലിംനസ്സ്' എല്ലാ തലങ്ങളിലും അഴിച്ചുവെക്കണമെന്ന് അവരോട് ആവശ്യപ്പെടുകയാണ്.

തെരഞ്ഞെടുപ്പ് വരികയാണ്. ഹിന്ദു വോട്ടുകള്‍ ഏകീകരിക്കുന്നതിനായി മുസ്‌ലിംകളെ യാതൊരു മറയുമില്ലാതെ പിശാചുവത്കരിക്കുന്നതിന് നാം സാക്ഷികളാകാന്‍ പോകുന്നു. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും അടുത്ത കാലത്ത് നടന്ന ഒരു അസംബ്ലി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പറഞ്ഞുകൊണ്ടിരുന്നത്, ഒരു മുസ്‌ലിമിനെ ഒരു സംസ്ഥാനത്ത് മുഖ്യമന്ത്രിയാക്കാന്‍ നടത്തുന്ന ഗൂഢാലോചനയെപ്പറ്റിയാണ്. ചില മണ്ഡലങ്ങള്‍ മുസ്‌ലിം ഭൂരിപക്ഷമായി മാറുന്നതിനെക്കുറിച്ചും അതിനെത്തുടര്‍ന്ന് ബദ്‌റുദ്ദീന്‍ അജ്മല്‍ മുഖ്യമന്ത്രിയായിത്തീരുന്ന 'ദുരന്ത'ത്തെ കുറിച്ചും അസമിലെ ഒരു മന്ത്രി വെട്ടിത്തുറന്നു പറഞ്ഞു. മുസ്‌ലിംകളെ പിശാചുവത്കരിക്കുന്നവരെ നേതാക്കളായി തെരഞ്ഞെടുക്കുകയും അവരെ ഉള്‍ക്കൊള്ളാനുള്ള സഹിഷ്ണുത ആര്‍ജിച്ചിട്ടുണ്ടെന്ന് തെളിയിക്കാന്‍ മുസ്‌ലിംകളോട് ആവശ്യപ്പെടുകയുമാണ് നാം ചെയ്യുന്നത്. അത്തരം നേതാക്കളെ നാം റോള്‍ മോഡലുകളായി കാണുകയും ചെയ്യുന്നു.

പ്രേംചന്ദ്, രാംധരി സിംഗ് ദിന്‍കര്‍ പോലുള്ള എഴുത്തുകാര്‍, മുസ്‌ലിംകളെ ഹിന്ദുക്കള്‍ തുല്യരായി സ്വീകരിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നവരാണ്. അവരൊക്കെ എന്നോ മണ്‍മറഞ്ഞു. ഇസ്‌ലാമോഫോബിയ രക്തം കണക്കെ നമ്മുടെ സിരകളില്‍ ഓടിക്കൊണ്ടിരിക്കുന്നു. മുസ്‌ലിംകളെ വെറുക്കുന്നവരുമൊത്താണ് നമ്മുടെ പൊറുതി; എന്നാലും നാം പരിഷ്‌കൃതര്‍ തന്നെ എന്ന് അവകാശപ്പെടുകയും ചെയ്യുന്നു. ഈ ഇരട്ടത്താപ്പ് നാം അവസാനിപ്പിച്ചില്ലെങ്കില്‍, ഈ രോഗത്തില്‍നിന്ന് മുക്തി നേടാന്‍ നമുക്ക് കഴിയില്ല. 

(ദല്‍ഹി സര്‍വകലാശാലയില്‍ ഹിന്ദി അധ്യാപകനാണ് ലേഖകന്‍. 2019 മാര്‍ച്ച് 21-ന് 'ഇന്ത്യന്‍ എക്‌സ്പ്രസി'ല്‍ പ്രസിദ്ധീകരിച്ചത്).

Comments

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (14)
എ.വൈ.ആര്‍