Prabodhanm Weekly

Pages

Search

2019 ഏപ്രില്‍ 05

3096

1440 റജബ് 28

ഇമാം ഇബ്‌നുതൈമിയ്യ സമാനതകളില്ലാത്ത പരിഷ്‌കര്‍ത്താവ്

ഡോ. മുഹമ്മദ് അബ്ദുല്‍ഹഖ് അന്‍സാരി

ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് മുന്‍ അഖിലേന്ത്യാ അധ്യക്ഷനായ ഡോ. മുഹമ്മദ് അബ്ദുല്‍ ഹഖ് അന്‍സാരി രിയാദിലെ ഇമാം മുഹമ്മദുബ്‌നു സുഊദ് യൂനിവേഴ്‌സിറ്റിയില്‍ അധ്യാപകനായിരിക്കെ വിവിധ വിഷയങ്ങളില്‍ ശൈഖുല്‍ ഇസ്‌ലാം ഇമാം ഇബ്‌നുതൈമിയ്യ നടത്തിയ പഠനങ്ങള്‍ സമാഹരിക്കുകയും അവ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്തിരുന്നു. ആ സമാഹാരത്തിന് ഡോ. അന്‍സാരി എഴുതിയ പ്രൗഢമായ ആമുഖ പഠനമാണ് ഈ ലക്കം മുതല്‍.

നബി (സ) പറഞ്ഞു: ''ഓരോ നൂറ്റാണ്ടിന്റെ തലപ്പത്തും ജനങ്ങളുടെ ദീനിനെ നവീകരിക്കുന്നവരെ (യുജദ്ദിദു) അല്ലാഹു നിയോഗിക്കുക തന്നെ ചെയ്യും.''1 അനര്‍ഗളമായ, തടസ്സങ്ങളില്ലാത്ത ഒഴുക്കല്ല ഇസ്‌ലാമിക ചരിത്രം. അന്ധകാര ശക്തികള്‍ (ജാഹിലിയ്യ) ഇസ്‌ലാമിനോട് ഏറ്റുമുട്ടിക്കൊണ്ടേയിരിക്കും. ഇതിന്റെ ഫലമായി, ഒരു നൂറ്റാണ്ടൊക്കെ കഴിയുമ്പോഴേക്ക് വലിയ മാറ്റങ്ങള്‍ വന്നുകഴിഞ്ഞിട്ടുണ്ടാവും. ആ മാറ്റങ്ങള്‍ ഇസ്‌ലാമിനെ ഗുരുതരമായ വിധത്തില്‍ വികൃതമാക്കുകയും മുസ്‌ലിം സമൂഹത്തിന്റെ വിശ്വാസത്തെയും ജീവിതത്തെയും അപകടപ്പെടുത്തുകയും ചെയ്യും. ഈയൊരു വഴിമാറ്റം സംഭവിക്കുമ്പോള്‍, ഈ ജാഹിലിയ്യത്തുകളെ/ അന്ധകാരങ്ങളെ ചെറുക്കാന്‍, പിഴച്ചുപോയതിനെ ശരിയാക്കാന്‍, ഇസ്‌ലാമിനെ അതിന്റെ യഥാര്‍ഥ സ്വരൂപത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍, വിശ്വാസിസമൂഹത്തിന് നവജീവന്‍ നല്‍കാന്‍ അല്ലാഹു ഒരാളെ അല്ലെങ്കില്‍ ഏതാനുമാളുകളെ കൊണ്ടുവരും.

ഹദീസില്‍ സൂചിപ്പിച്ച മാറ്റങ്ങളും വികൃതപ്പെടുത്തലുകളും നിസ്സാരമോ ഉപരിപ്ലവമോ ആയിരിക്കില്ല. ഏതെങ്കിലും ചില പ്രത്യേക ഭൂപ്രദേശങ്ങളില്‍ ഒന്നോ രണ്ടോ പതിറ്റാണ്ടുകള്‍ കൊണ്ട് ഉണ്ടാകുന്ന, അവിടത്തുകാരെ മാത്രം ബാധിക്കുന്ന, ചില്ലറ പരിഷ്‌കരണനടപടികള്‍ കൊണ്ട് തിരുത്താവുന്ന ചെറിയ മാറ്റങ്ങളുമല്ല അവ. ആഴത്തിലുള്ളതും ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതും ഭീമാകാരവും സര്‍വ മേഖലകളിലും ദൃശ്യവുമായ മാറ്റങ്ങളായിരിക്കും സംഭവിച്ചിട്ടുണ്ടാവുക. അവ തിരുത്തണമെങ്കില്‍ മഹാ യത്‌നങ്ങള്‍ തന്നെ വേണ്ടിവരും. ഇസ്‌ലാമിന്റെ അടിത്തറയെ തന്നെ പിടിച്ചുലക്കുന്ന മാറ്റങ്ങളാണ് സംഭവിച്ചിരിക്കുക.  എല്ലാം യുക്തിക്കും സഹജാവബോധത്തിനും വിട്ടുകൊടുത്ത് ദിവ്യവെളിപാടിന്റെ പ്രസക്തിയെ തന്നെ ചോദ്യം ചെയ്യുന്നവ. ഇതിന് നേര്‍വിരുദ്ധമായ ഒരു ധാരയും ഇപ്പുറത്ത് സജീവമായിട്ടുണ്ടാവും. അവര്‍ യുക്തിയെ, സഹജാവബോധത്തെ തന്നെ നിഷേധിക്കും. ഇസ്‌ലാം നിശ്ചയിച്ച യുക്തിയും വിശ്വാസവും തമ്മിലുള്ള സന്തുലനത്തെ ഇക്കൂട്ടര്‍ തകിടം മറിച്ചിട്ടുണ്ടാകും. ഇസ്‌ലാമിന്റെ മൗലിക വിശ്വാസപ്രമാണങ്ങളെ തകരാറിലാക്കുംവിധം ഈ നീക്കങ്ങള്‍ ശക്തിയാര്‍ജിക്കും. ദൈവസങ്കല്‍പം, പ്രപഞ്ചവും ദൈവവും തമ്മിലെ ബന്ധത്തെക്കുറിച്ച സങ്കല്‍പം ഇതൊക്കെയും വികൃതമാക്കപ്പെടും. ഏകദൈവവിശ്വാസം (തൗഹീദ്) മാറ്റിമറിക്കപ്പെടും. അതിന് പുതിയ അര്‍ഥങ്ങള്‍ വന്നുചേരും. തൗഹീദിനു മേല്‍, പലതരം വിട്ടുവീഴ്ചകള്‍ക്കു വിധേയമായി, പല നിലയില്‍, നേരിട്ടും അല്ലാതെയും, ബഹുദൈവത്വ സങ്കല്‍പത്തിന്റെ ചെളി പുരളും. പ്രവാചകത്വം, പ്രവാചകത്വദൗത്യം, പരലോക ജീവിതം, ഇഹലോക ജീവിതവുമായുള്ള അതിന്റെ ബന്ധം ഇതൊക്കെയും ഈ പുതുപ്രവണതകള്‍ കാരണമായി വികൃതമായിട്ടുണ്ടാവും.

ഇസ്‌ലാമിന്റെ മൂല്യസങ്കല്‍പത്തെ തകിടം മറിക്കുന്ന മാറ്റങ്ങള്‍. അവരെ സംബന്ധിച്ചേടത്തോളം ഖുര്‍ആനും സുന്നത്തുമല്ല മറ്റു പലതുമാണ് നന്മയുടെ ഉറവിടങ്ങള്‍. മുന്‍ഗണനാക്രമങ്ങള്‍ മാറ്റിത്തിരുത്തി വലുതിനെ ചെറുതാക്കുകയും ചെറുതിനെ വലുതാക്കുകയും ചെയ്യും. ഇസ്‌ലാമിന്റെ സുസ്ഥിരമൂല്യങ്ങളെ വേണ്ടെന്നു വെച്ച് അന്യമായ മറ്റെന്തൊക്കെയോ പകരം കൊണ്ടുവരും. ഇസ്‌ലാമിക മൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ ഖുര്‍ആനും സുന്നത്തും പഠിപ്പിച്ച രീതികളൊന്നും ഇവര്‍ക്ക് സ്വീകാര്യമല്ല. പ്രവാചക സുലൂകി(രീതി)നു പകരം അവര്‍ക്ക് അവരുടേതായ സുലൂക് ഉണ്ട്; അപരസ്രോതസ്സുകളില്‍നിന്ന് ഉരുത്തിരിച്ചെടുത്തത്, വ്യത്യസ്ത ലക്ഷ്യങ്ങള്‍ക്കായി തയാറാക്കപ്പെട്ടത്. ഈ മാറ്റങ്ങള്‍ ഇസ്‌ലാമികസമൂഹത്തെ ദുര്‍ബലമാക്കും, അവരുടെ പരസ്പരബന്ധങ്ങളെ ശിഥിലമാക്കും, ഖുര്‍ആന്‍ മുന്നോട്ടുവെച്ച ദൗത്യത്തെ വിസ്മരിപ്പിച്ചുകളയും, അല്ലാഹു അംഗീകരിച്ചിട്ടില്ലാത്ത ദൗത്യങ്ങള്‍ പകരം കൊണ്ടുവരും, അര്‍ഹതയില്ലാത്തവരിലേക്ക് അധികാരം കൈമാറും, ഇസ്‌ലാമിക സമൂഹത്തെ ഉദ്ഗ്രഥിക്കുന്ന മൂല്യങ്ങള്‍ ഒന്നൊന്നായി അഴിച്ചുമാറ്റും, ഇസ്‌ലാമിക വിശ്വാസത്തിനും മൂല്യസങ്കല്‍പത്തിനും ഒരിക്കലും യോജിക്കാത്തവ പകരം കൊണ്ടുവരും.

അപ്പോള്‍ നാം പറഞ്ഞ മുജദ്ദിദിന്, പരിഷ്‌കര്‍ത്താവിന് വളരെ ഉയര്‍ന്ന യോഗ്യതകള്‍ ഉണ്ടായേ മതിയാവൂ. എങ്കിലേ ഇസ്‌ലാമിന് പുതുജീവന്‍ നല്‍കാന്‍ ആ പരിഷ്‌കര്‍ത്താവിന് സാധ്യമാവുകയുള്ളൂ. മുസ്‌ലിം ഉമ്മയുടെ /സമൂഹത്തിന്റെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ അദ്ദേഹം സൂക്ഷ്മമായി നിരീക്ഷിക്കും. ശക്തി എത്രത്തോളം ചോര്‍ന്നുപോയിട്ടുണ്ടെന്ന് കൃത്യമായി അടയാളപ്പെടുത്തും. ഇങ്ങനെയൊക്കെ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ജനങ്ങളെ അറിയിക്കും. ആ മാറ്റങ്ങള്‍ എങ്ങനെയൊക്കെയാണ് പ്രത്യക്ഷമായിരിക്കുന്നതെന്ന് അവരെ ബോധവത്കരിക്കും. ഒടുവില്‍, ഇങ്ങനെ വഴിതെറ്റിപ്പോകാനുള്ള കാരണങ്ങളെന്തൊക്കെയെന്ന് വിശദീകരിച്ചുകൊടുക്കും. മുജദ്ദിദ് ആ കാരണങ്ങളെയും അവ നിമിത്തം വന്നുചേര്‍ന്നിട്ടുള്ള ആശയങ്ങളെയും നിശിതമായി നിരൂപണം ചെയ്യും. അവ കടന്നുവന്ന വഴികളെയും പ്രക്രിയകളെയും ജനസമക്ഷം തുറന്നുകാട്ടും. അതൊക്കെ സ്വീകരിക്കാന്‍ ജനം പറയുന്ന ന്യായങ്ങളെയും ഒഴികഴിവുകളെയും പൊളിച്ചടുക്കും. ഏകദൈവത്വസങ്കല്‍പം എന്ന ആശയത്തില്‍ കടത്തിക്കൂട്ടുന്ന സകല രാജിയാവലുകളെയും തുറന്നെതിര്‍ത്ത് ശുദ്ധ തൗഹീദിനെ കാലഘട്ടത്തിന്റെ ഭാഷയില്‍ അവതരിപ്പിക്കും.

യഥാര്‍ഥ ദൗത്യമെന്തെന്ന് ഊന്നിപ്പറയുകയും പ്രവാചക പാതയെയും അതിന്റെ ആധികാരിക സ്ഥാനത്തെയും തിരികെ കൊണ്ടുവരികയും ചെയ്യുന്ന പരിഷ്‌കര്‍ത്താവ്, ഇസ്‌ലാമിക മൂല്യവ്യവസ്ഥയെ അതിന്റെ മുന്‍ഗണനാക്രമം ദീക്ഷിച്ചുകൊണ്ട് പുനരവതരിപ്പിക്കും. മനുഷ്യപ്രകൃതത്തോട് ചേര്‍ന്നുനില്‍ക്കുന്ന ജീവിതവ്യവസ്ഥ ഇസ്‌ലാം മാത്രമാണെന്ന് ഉദ്‌ഘോഷിക്കും. അദ്ദേഹം മുന്നോട്ടുവെക്കുന്ന ത്വരീഖത്ത് (പാത), പ്രവാചകനും അവിടുത്തെ സച്ചരിതരായ അനുയായികളും അല്ലാഹുവിന്റെ പ്രീതി നേടാനായി സ്വീകരിച്ച ത്വരീഖത്ത് ആയിരിക്കും. ശരിതെറ്റുകള്‍ വേര്‍തിരിക്കാനായി ആളുകള്‍ സ്വന്തമായി നിര്‍മിച്ചുവെച്ച ത്വരീഖത്തുകളെ അവര്‍ വിമര്‍ശനവിധേയമാക്കും. ഇസ്‌ലാമിക സമൂഹത്തിന്റെ ഘടന, അതിന്റെ സംഘാടന തത്ത്വങ്ങള്‍, സ്ത്രീപുരുഷന്മാര്‍ക്ക് ആ ഘടനക്കകത്തുള്ള സ്ഥാനം, ഓരോ വ്യക്തിയുടെയും അവകാശബാധ്യതകള്‍, അധികാരം ആരില്‍ അര്‍പ്പിതമാകണം, അധികാരപ്രയോഗം എങ്ങനെ, അതുകൊണ്ട് നേടേണ്ട ലക്ഷ്യങ്ങള്‍ ഇതൊക്കെയും ആ പരിഷ്‌കര്‍ത്താവ് നിര്‍വചിച്ചു വിശദീകരിക്കും. താന്‍ ജീവിക്കുന്ന കാലഘട്ടത്തിലെ പ്രശ്‌നങ്ങളെ അദ്ദേഹം അഭിസംബോധന ചെയ്യും. ഖുര്‍ആനും സുന്നത്തും തനിക്ക് നല്‍കുന്ന ഉള്‍ക്കാഴ്ചയുടെ വെളിച്ചത്തില്‍ അദ്ദേഹം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാര്‍ഗങ്ങള്‍ മുന്നോട്ടുവെക്കും; സമൂഹത്തിന്റെ പാരമ്പര്യ നന്മകളെ വിസ്മരിക്കാതെ, കാലഘട്ടത്തിന്റെ ആവശ്യങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കാതെയും.

ആശയതലത്തില്‍ ഒരു മുജദ്ദിദിന് നിര്‍വഹിക്കാനുള്ള ദൗത്യമാണിത്. പ്രായോഗിക തലത്തില്‍, ജാഹിലീ ആചാരങ്ങളെ തൂത്തുമാറ്റാനും വിസ്മൃതമായ ഇസ്‌ലാമിക പാരമ്പര്യങ്ങളെ പുനരുജ്ജീവിപ്പിക്കാനുമായിരിക്കും അദ്ദേഹത്തിന്റെ ശ്രമം. ശിര്‍ക്കിനോടും നവനിര്‍മിതികളോടും (ബിദ്അത്ത്) നിയമാനുസൃതമല്ലാത്ത ആചാരങ്ങളോടും അദ്ദേഹം പോരാടും. യഥാര്‍ഥ വിശ്വാസത്തെയും ഭയഭക്തിയെയും എടുത്തുകാട്ടും. അവിശ്വാസത്തിന്റെയും അനീതിയുടെയും ശക്തികളെ ചെറുത്ത് സത്യത്തിന്റെയും നീതിയുടെയും ശക്തികളെ പിന്തുണക്കും. വ്യക്തി-വര്‍ഗ താല്‍പര്യങ്ങള്‍ക്കല്ല, മൊത്തം സമൂഹത്തിന്റെയും ക്ഷേമത്തിനാണ് അധികാരം വിനിയോഗിക്കപ്പെടേണ്ടതെന്ന് സമര്‍ഥിക്കും. മുസ്‌ലിം സമൂഹത്തിന്റെ ദൗത്യനിര്‍വഹണത്തിന് തടസ്സമായി നില്‍ക്കുന്ന ബാഹ്യ ശക്തികള്‍ക്കെതിരെയും അദ്ദേഹം നിലയുറപ്പിക്കും. ദൈവത്തിന്റെ വ്യവസ്ഥ മുഴുമേഖലകളിലും സ്ഥാപിക്കാനുള്ള യത്‌നത്തിലായിരിക്കും മുജദ്ദിദ് എന്ന് ചുരുക്കം. മുജദ്ദിദ് പ്രവാചകന്റെ അനന്തരാവകാശി (വാരിസ്) ആണ്.2 പ്രവാചകനല്ലെങ്കിലും പ്രവാചകന്‍ നിര്‍വഹിച്ച ജോലിയാണ് അദ്ദേഹം നിര്‍വഹിക്കാന്‍ ശ്രമിക്കുന്നത്.

ദൈവം നിയോഗിച്ചയക്കുന്ന മുജദ്ദിദ് ഏറ്റെടുക്കുന്ന പരിഷ്‌കരണദൗത്യങ്ങളാണ് ഇപ്പറഞ്ഞതെല്ലാം. ഇതില്‍ താന്‍ എത്രമാത്രം വിജയം വരിച്ചു എന്നത് അദ്ദേഹത്തിന് നല്‍കപ്പെട്ട കഴിവിനെയും ശക്തിയെയും അദ്ദേഹം ജീവിച്ച ചുറ്റുപാടിനെയും ആശ്രയിച്ചുനില്‍ക്കുന്നു. ചില മേഖലകളില്‍ അദ്ദേഹം വിജയിക്കാം, ചില മേഖലകളില്‍ പരാജയപ്പെടാം. അദ്ദേഹത്തിന് അബദ്ധങ്ങള്‍ സംഭവിക്കാം. പ്രവാചകനല്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ പിഴവുകള്‍ ദൈവം അപ്പപ്പോള്‍ തിരുത്തേണ്ട കാര്യവുമില്ല. അതിനാല്‍ ഒരു മുജദ്ദിദിന്റെ യത്‌നങ്ങളെ വിലയിരുത്തുമ്പോള്‍, അദ്ദേഹം മുന്നോട്ടുവെച്ച എല്ലാ ആശയങ്ങളെയും ന്യായീകരിക്കേണ്ട കാര്യമില്ല; അദ്ദേഹം ചെയ്ത ഓരോ പ്രവൃത്തിയെയും ശ്ലാഘിക്കേണ്ടതുമില്ല. നാം തുടക്കത്തില്‍ ഉദ്ധരിച്ച നബിവചനത്തിന്റെ അര്‍ഥം ഒരു ഘട്ടത്തില്‍ ഒരു മുജദ്ദിദേ ഉണ്ടാവൂ എന്നല്ല. സമൂഹത്തിന്റെ ദീനിനെ പരിഷ്‌കരിക്കുന്ന ഒന്നിലധികം മുജദ്ദിദുകള്‍ ഉണ്ടാകാം. ഒരേസമയം ഒന്നിലധികം പ്രവാചകന്മാരെ തന്നെ അല്ലാഹു നിയോഗിച്ചിട്ടുണ്ടല്ലോ. അത്തരം പരിഷ്‌കര്‍ത്താക്കളില്‍ ഒരാളാണ് ശൈഖുല്‍ ഇസ്‌ലാം തഖിയ്യുദ്ദീന്‍ ഇബ്‌നുതൈമിയ്യ. പരിഷ്‌കര്‍ത്താക്കളില്‍ വളരെ ആദരവ് അര്‍ഹിക്കുന്ന വ്യക്തി തന്നെയാണ് അദ്ദേഹം. പ്രമുഖ ഹമ്പലി ഫഖീഹ്, മികച്ച സലഫി പണ്ഡിതന്‍, മഹാനായ സുന്നി പരിഷ്‌കര്‍ത്താവ് എന്നൊക്കെ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് അദ്ദേഹം നല്‍കിയ അമൂല്യ സംഭാവനകളോട് നീതി ചെയ്യുന്നില്ല. ഇസ്‌ലാമിലെ സമാനതകളില്ലാത്ത മുജദ്ദിദ് തന്നെയാണ് അദ്ദേഹം. ഇനിയുള്ള പേജുകളില്‍ അദ്ദേഹം ഏറ്റെടുക്കുകയും വിജയിപ്പിക്കുകയും ചെയ്ത പരിഷ്‌കരണ യത്‌നങ്ങളുടെ ചില വശങ്ങള്‍ ഉയര്‍ത്തിക്കാട്ടാനാണ് ഞാന്‍ ശ്രമിക്കുന്നത്. ഈ ഗ്രന്ഥത്തിന്റെ പരിധിയില്‍ വരാത്ത ഭാഗങ്ങള്‍ പരാമര്‍ശിക്കുകയുമില്ല. ഫിഖ്ഹ്, ശീഈസം, ക്രിസ്ത്യാനിറ്റി പോലുള്ള വിഷയങ്ങള്‍.

വടക്കന്‍ ഇറാഖിലെ ഹര്‍റാനിലാണ് ഇബ്‌നുതൈമിയ്യ (661/1263-728/1328) ജനിച്ചത്. ഇന്നത്തെ മൗസ്വിലിന് സമീപമാണ് ഈ പ്രദേശം. അറിയപ്പെടുന്ന പണ്ഡിത കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. ഇബ്‌നുതൈമിയ്യയുടെ പിതാമഹനും മുന്‍തഖല്‍ അഖ്ബാര്‍ എന്ന പ്രശസ്ത ഹദീസ് സമാഹാരത്തിന്റെ കര്‍ത്താവുമായ മജ്ദുദ്ദീന്‍ ഇബ്‌നുതൈമിയ്യ (മരണം 653/1255) തന്റെ കാലത്തെ ഏറ്റവും മികച്ച ഹമ്പലി പണ്ഡിതനായിരുന്നു. ഇബ്‌നുതൈമിയ്യയുടെ പിതാവ് അബ്ദുല്‍ ഹലീം ഇബ്‌നുതൈമിയ്യ (മരണം 682/1284)യും പ്രശസ്തനായ ഹദീസ് പണ്ഡിതനായിരുന്നു. തഖിയ്യുദ്ദീന്‍ ഇബ്‌നുതൈമിയ്യ എന്ന നമ്മുടെ കഥാപുരുഷന് ഏഴു വയസ്സുള്ളപ്പോള്‍ കുടുംബത്തിന് ദമസ്‌കസിലേക്ക് പോകേണ്ടിവന്നു. കാരണം ഇതിന് അഞ്ചു വര്‍ഷം മുമ്പ് ബഗ്ദാദ് തകര്‍ത്തു തരിപ്പണമാക്കിയ മംഗോളുകള്‍ വടക്കോട്ട് നീങ്ങുമെന്ന് ഭീഷണിപ്പെടുത്തി തുടങ്ങിയിരുന്നു. ദമസ്‌കസിലെ 'സകരിയ്യ' മതപഠന കേന്ദ്രത്തില്‍ പിതാവിന് ഹദീസ് അധ്യാപകനായി ജോലി കിട്ടി. ഹദീസിലും ഹനഫി ഫിഖ്ഹിലും ക്ലാസ്സെടുത്തുകൊണ്ട് മരണം വരെ അദ്ദേഹം ആ സ്ഥാപനത്തില്‍ കഴിച്ചുകൂട്ടി.

ഇബ്‌നുതൈമിയ്യ തന്റെ പിതാവില്‍നിന്നും അക്കാലത്തെ പ്രശസ്ത പണ്ഡിതന്മാരില്‍നിന്നുമാണ് വിദ്യ നേടിയത്. പിതാവ് മരണപ്പെടുമ്പോള്‍, ഇരുപത്തിയൊന്ന് വയസ്സ് പ്രായമുള്ള ഇബ്‌നുതൈമിയ്യ 'സകരിയ്യ' സ്ഥാപനത്തിലേക്ക് ഹദീസ് അധ്യാപകനായി ക്ഷണിക്കപ്പെട്ടു. ഉമയ്യ പള്ളിയില്‍ ഖുര്‍ആന്‍ പ്രഭാഷണങ്ങള്‍ നടത്താനും അദ്ദേഹത്തോട് പറഞ്ഞിരുന്നു. അധ്യാപനവും പ്രഭാഷണവും കഴിച്ചുള്ള സമയം തന്റെ കാലത്തെ വിവിധ വിജ്ഞാനശാഖകളില്‍ അവഗാഹം നേടാനായി അദ്ദേഹം വിനിയോഗിച്ചു. ഇബ്‌നുതൈമിയ്യയോട് അത്ര മമതയൊന്നുമില്ലാതിരുന്ന അദ്ദേഹത്തിന്റെ സമകാലികനായ പണ്ഡിതന്‍ സമലകാനി പറയുന്നതു കാണുക (ഇബ്‌നുതൈമിയ്യയുടെ എഴുത്തുകള്‍ മാത്രം വെച്ചുള്ള വിലയിരുത്തലാണിത്): ''ഇബ്‌നുതൈമിയ്യ ഏതു വിഷയം കൈകാര്യം ചെയ്താലും അതില്‍ തന്റെ കാലത്തെ ഏതു പണ്ഡിതനെയും അദ്ദേഹം മറികടന്നിരിക്കും.''3 ഉദാഹരണത്തിന് അറബി വ്യാകരണത്തില്‍ അദ്ദേഹം നേടിയ അവഗാഹത്തെപ്പറ്റി പറയാം. അക്കാലത്തെ ഏറ്റവും പ്രമുഖ അറബി വ്യാകരണ പണ്ഡിതന്‍ അബൂഹയ്യാന്‍ ഈ വ്യാകരണ കഴിവുകളില്‍ അതിശയപ്പെട്ട് ഇബ്‌നുതൈമിയ്യയെ നേരില്‍ ചെന്നു കാണുകയും അദ്ദേഹത്തെക്കുറിച്ച് ഒരു പ്രശംസാഗീതമെഴുതുകയും ചെയ്തുവത്രെ. 'ഇബ്‌നുതൈമിയ്യക്ക് അറിയാത്ത ഹദീസ്, ഹദീസല്ല' എന്നൊരു ചൊല്ലു തന്നെ പ്രചാരത്തിലുണ്ടായിരുന്നു. ഫിഖ്ഹിലാണെങ്കില്‍ അദ്ദേഹം 'മുജ്തഹിദ് മുത്വ്‌ലഖി'ന്റെ പദവിയിലേക്ക് ഉയര്‍ന്നിരുന്നു. അതായത് ഒരു ധൈഷണിക പാരമ്പര്യ(മദ്ഹബ്)വുമായും ചേര്‍ന്നുനില്‍ക്കാതെത്തന്നെ, ഖുര്‍ആനില്‍നിന്നും ഹദീസില്‍നിന്നും നേരിട്ട് വിധികള്‍ നിര്‍ധാരണം ചെയ്‌തെടുക്കാനുള്ള ധിഷണയും പാണ്ഡിത്യവുമുള്ള ആള്‍ എന്നര്‍ഥം.

ഇബ്‌നുതൈമിയ്യ രംഗപ്രവേശം ചെയ്യുമ്പോഴേക്കും തത്ത്വശാസ്ത്രം, ഇല്‍മുല്‍ കലാം, തസ്വവ്വുഫ് തുടങ്ങിയ ജ്ഞാനശാഖകളിലെ സുപ്രധാന വികാസങ്ങളെല്ലാം നടന്നുകഴിഞ്ഞിരുന്നു. ആദ്യം തത്ത്വശാസ്ത്രത്തിന്റെ കാര്യം പറയാം. നിരവധി ചിന്തകരുടെ ശ്രമഫലമായി ഒരു തത്ത്വചിന്താധാര അപ്പോഴേക്കും രൂപപ്പെട്ടുകഴിഞ്ഞിരുന്നു. അത് സത്തയില്‍ നവ പ്ലാറ്റോണിയന്‍ (Neo-Platonic) ആയിരുന്നു. ചില മിനുക്കുപണികളൊക്കെ നടത്തി നവ പ്ലാറ്റോണിസത്തെ ഇസ്‌ലാമിക തത്ത്വശാസ്ത്രം എന്ന് പേരിട്ട് വിൡുകയായിരുന്നു അവര്‍. ഏറ്റവും ചുരുങ്ങിയത് നവ പ്ലാറ്റോണിയന്‍ ധാര ഇസ്‌ലാമിക വിശ്വാസവുമായി ഏറ്റുമുട്ടുന്നില്ലെന്ന് സമര്‍ഥിക്കാനെങ്കിലും അവര്‍ ശ്രമിച്ചു. സ്വയം നിലനില്‍ക്കുന്ന അനിവാര്യ അസ്തിത്വമായാണ് അവര്‍ ദൈവത്തെ സങ്കല്‍പിച്ചത്. ദൈവം സ്വന്തത്തെയും പ്രപഞ്ച യാഥാര്‍ഥ്യങ്ങളെയും പ്രതിഫലിപ്പിക്കുന്നു. അതൊക്കെയും അവന്റെ സത്തയുടെ ഭാഗങ്ങളാണ്. അതേസമയം, ലോകത്തെ ഓരോരോ സവിശേഷ കാര്യങ്ങള്‍ ദൈവേഛയിലോ അവന്റ ജ്ഞാനത്തിലോ വരുന്നില്ല. ദൈവത്തിന്റെ ഏകത അവര്‍ സങ്കല്‍പിച്ചിരുന്നത്, അവന്റെ ഇഛയെയും പ്രവൃത്തിയെയും പുറന്തള്ളിക്കൊണ്ടായിരുന്നു. ദൈവത്തിന്റെ അധികാരത്തെ അവര്‍ നിഷേധാത്മക വിശേഷണങ്ങളില്‍ ഒതുക്കി; അല്ലെങ്കില്‍ കേവലം ബന്ധങ്ങളില്‍. അവര്‍ വിശ്വസിക്കുന്നത,് അനിവാര്യമായും അവനില്‍നിന്നുള്ള ഉണ്മകളുടെ പരമ്പരകളിലൂടെ ലോകം ഉത്ഭൂതമാകുന്നുവെന്നാണ്. പ്രപഞ്ചം എന്നു പറയുന്നത്, ശാശ്വതമായ കാര്യകാരണബന്ധങ്ങളില്‍ സ്വയം പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനമാണ്. സജീവ ധിഷണ (Active Intellect)  ആയിരിക്കും അതിനെ നിയന്ത്രിക്കുക. മനുഷ്യന്‍ പദാര്‍ഥത്തിന്റെയും ആത്മാവിന്റെയും മിശ്രിതമാണ്. അവന് പൂര്‍ണത കൈവരുന്നത് തന്റെ ശരീരത്തെ യുക്തിക്കും ചിന്തക്കും കര്‍മത്തിനും വിധേയപ്പെടുത്തുമ്പോഴാണ്. മനുഷ്യന്റെ ആത്യന്തികമായ പൂര്‍ണത കേവലമായ യുക്തിചിന്തയിലും മനനത്തിലും മാത്രമാണ് കുടികൊള്ളുന്നത്. ഇങ്ങനെ മനുഷ്യന് ദൈവത്തെ അനുകരിക്കാം. അതാണ് ആനന്ദത്തിന്റെ പാരമ്യം. മരണശേഷം ഭൗതിക ശരീരം എന്നന്നേക്കുമായി നശിക്കും. മിക്ക തത്ത്വചിന്തകരും കരുതുന്നത്, ശരീരത്തിന് പുനരുജ്ജീവനം ഇല്ല എന്നാണ്. സ്വര്‍ഗം ആത്മാവിന്റെ ഗേഹമാണ്. യുക്തിയെ പൂര്‍ണതപ്പെടുത്തിയവരും അതിന്റെ സാധ്യതകളെ സാക്ഷാത്കരിച്ചവരുമായിരിക്കും അതിലെ നിവാസികള്‍....

തത്ത്വത്തില്‍, ദൈവത്തെയും മറ്റു യാഥാര്‍ഥ്യങ്ങളെയും അറിയാന്‍ മനുഷ്യയുക്തി മതിയായതാണ്. നന്മയും തിന്മയും അറിയാനുള്ള ശേഷിയും അതിനുണ്ട്. വെളിപാട് (Revelation)  ആവശ്യമുള്ളത് സാധാരണ ജനത്തിനാണ്. അവരുടെ യുക്തി വൈകാരികതകളാല്‍ മുങ്ങിപ്പോവുമല്ലോ. അവര്‍ക്കു വേണ്ടിയാണ് പ്രവാചകന്മാരെ നിയോഗിക്കുന്നത്. അവരുടെ ഭാഷയിലാണ് പ്രവാചകന്മാര്‍ സംസാരിക്കുക. ഉപമകളുടെയും ദൃഷ്ടാന്തകഥകളുടെയും ഭാഷയില്‍. ആലങ്കാരികഭാഷ മാറ്റി വേണ്ടവണ്ണം വ്യാഖ്യാനിച്ചാല്‍ പ്രവാചകന്മാരുടെ ആശയങ്ങളും തത്ത്വജ്ഞാനികള്‍ യുക്തിയിലൂടെ കണ്ടെത്തിയ ആശയങ്ങളും തമ്മില്‍ ഒരിക്കലും വ്യത്യാസമുണ്ടാവുകയില്ല. കാരണം സത്യം ഒന്നാണ്, അത് പഠിപ്പിച്ചത് പ്ലാറ്റോയോ അരിസ്റ്റോട്ടിലോ മൂസയോ മുഹമ്മദോ ആരാണെങ്കിലും. സത്യമറിയാന്‍ അസാധാരണമായ കഴിവ് നല്‍കപ്പെട്ടതുകൊണ്ട് പ്രവാചകന്മാര്‍ക്ക് സ്വാഭാവികമായും അതിശക്തമായ ഭാവനകളുണ്ടാവും. അതുവഴി അവര്‍ക്ക് സയുക്തികമായ ആശയങ്ങളെ ഭൗതികരൂപങ്ങളില്‍ ആവിഷ്‌കരിക്കാനാവും. അത്ഭുതങ്ങള്‍ സൃഷ്ടിക്കാനുള്ള കഴിവും അവര്‍ക്കുണ്ടാകും. അതോടൊപ്പം, ഈ കഴിവുകളൊക്കെ ഒരുപരിധിവരെ പ്രവാചകന്മാരല്ലാത്തവര്‍ക്കും ലഭ്യമായിരിക്കും...

ഇതൊക്കെയാണ് നിയോ പ്ലാറ്റോണിസത്തിന്റെ ആശയങ്ങള്‍. ഇബ്‌നുതൈമിയ്യക്കു മുമ്പ് ഇമാം ഗസാലി (മരണം 505/1111) ഇവയില്‍ പലതും തന്റെ 'തഹാഫതുല്‍ ഫലാസിഫ'യില്‍ കൈകാര്യം ചെയ്യുകയും നിശിത വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ ചില തത്ത്വങ്ങള്‍ വെറും പൊളിയാണെന്നാണ് അദ്ദേഹം സമര്‍ഥിച്ചത്. 'ശരിയായവ' തന്നെ ശരിയാണെന്ന് ഖണ്ഡിതമായി തെളിയിക്കാന്‍ തത്ത്വചിന്തകര്‍ക്ക് കഴിയുന്നുമില്ല. അതിഭൗതിക കാര്യങ്ങളില്‍ സത്യത്തിലെത്തിച്ചേരാന്‍ കേവലം യുക്തി മതിയാകില്ലെന്നും അദ്ദേഹം സമര്‍ഥിച്ചു. പ്രപഞ്ചത്തിലെ സവിശേഷ കാര്യങ്ങള്‍ ദൈവികജ്ഞാന പരിധിയില്‍ വരുന്നില്ല, ലോകം ശാശ്വതമാണ്, ഉയിര്‍ത്തെഴുന്നേല്‍ക്കുക മനുഷ്യന്റെ ആത്മാവ് മാത്രമായിരിക്കും എന്നീ മൂന്ന് ആശയങ്ങള്‍ക്കു വേണ്ടി വാദിക്കുന്ന മുസ്‌ലിം തത്ത്വജ്ഞാനികള്‍ അവിശ്വാസ(കുഫ്ര്‍)ത്തില്‍പെട്ടിരിക്കുന്നു എന്നും ഇമാം ഗസാലി പറഞ്ഞു.

(തുടരും)

 

കുറിപ്പുകള്‍:

1. അബൂദാവൂദ്: സുനന്‍, മലാഹിം: 1

2. ബുഖാരി: സ്വഹീഹ്, ഇല്‍മ്: 10; അബൂദാവൂദ്: സുനന്‍, ഇല്‍മ്: 1; ഇബ്‌നുമാജ: സുനന്‍, മുഖദ്ദിമ: 17; അഹ്മദ്, മുസ്‌നദ്, V: 196

3. സ്വലാഹുദ്ദീന്‍ അല്‍മുനജ്ജിദ്: ശൈഖുല്‍ഇസ്‌ലാം ഇബ്‌നുതൈമിയ്യ, സീറതുഹു വഅഖ്ബാറുഹു ഇന്‍ദല്‍ മുഅര്‍രിഖീന്‍ (1979), പേജ് 19

Comments

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (14)
എ.വൈ.ആര്‍