Prabodhanm Weekly

Pages

Search

2019 ഏപ്രില്‍ 05

3096

1440 റജബ് 28

പൗരോഹിത്യം പിടിമുറുക്കുമ്പോള്‍

സി.കെ ഹംസ ചൊക്ലി

'നിപ വൈറസ്' ബാധിച്ച് ആളുകള്‍ മരിക്കാനിടയായ പേരാമ്പ്ര 'സൂപ്പിക്കട'യില്‍ പണ്ടെങ്ങാണ്ടൊരു സൂഫിവര്യന്‍ മറമാടപ്പെട്ടിരുന്നു, അദ്ദേഹത്തെ വിസ്മരിച്ചതാണ് അവിടെ ഈ മാരക രോഗം വരാന്‍ കാരണം, അതിനാല്‍ ഉടന്‍ അദ്ദേഹത്തിന്റെ 'ഖബ്ര്‍' കെട്ടിപ്പൊക്കി മഖ്ബറ പണിത് നേര്‍ച്ച വഴിപാടുകള്‍ ആരംഭിക്കണം എന്നു പ്രചരിപ്പിച്ചിരുന്നു ചിലര്‍. അതിന്റെ പണി ആരംഭിച്ചുകഴിഞ്ഞു എന്നാണ് ഈയിടെ ഒരു പ്രസിദ്ധീകരണത്തില്‍ വായിക്കാന്‍ കഴിഞ്ഞത്.

ഇതിപ്പോള്‍ ഓര്‍ത്തത്, പ്രബോധനത്തില്‍(ലക്കം 38) അബ്ദുല്‍അസീസ് പൊന്മുണ്ടം എഴുതിയ ലേഖനം വായിച്ചപ്പോഴാണ്. കാര്യം ഒ. അബ്ദുര്‍റഹ്മാന്‍ 'ജീവിതാക്ഷരങ്ങളി'ല്‍ പറയുന്നതു തന്നെ; 'ഇവര്‍ക്കൊന്നും അല്ലാഹുവിനെ പേടിയില്ലേ...? അല്ലാഹുവിനെ പേടിയില്ലെന്നു മാത്രമല്ല, പരലോക വിശ്വാസവും ഇല്ലെന്നു തോന്നുന്നു.'

1921-ലാണ് കൊടുങ്ങല്ലൂരില്‍ 'കേരള ഐക്യസംഘം' രൂപം കൊള്ളുന്നത്. അതിന് നേതൃത്വം നല്‍കിയവര്‍ പ്രഗത്ഭരായ പണ്ഡിതന്മാരുമായിരുന്നു. കെ.എം സീതി സാഹിബ്, കെ.എം മൗലവി, ഇ.കെ മൗലവി, മണപ്പാട് കുഞ്ഞഹമ്മദാജി തുടങ്ങിയവര്‍ സമുദായത്തിലെ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും നിഷ്‌കാസനം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് മുസ്‌ലിം ഐക്യസംഘത്തിന് രൂപം നല്‍കിയത്. പുതിയ കാലത്തെ കേരള മുസ്‌ലിം നവോത്ഥാന ശ്രമങ്ങളുടെ തുടക്കമായിരുന്നു അതെന്നു പറയാം. പിന്നീട് കേരള ജംഇയ്യത്തുല്‍ ഉലമയും മുജാഹിദ് പ്രസ്ഥാനവും ജമാഅത്തെ ഇസ്‌ലാമിയുമൊക്കെ രൂപം കൊണ്ടു.

ഇത്തരം നവോത്ഥാന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം തുടങ്ങിയിട്ട് ഏകദേശം ഒരു നൂറ്റാണ്ട് തികയാന്‍ പോകുന്ന ഈ സന്ദര്‍ഭത്തില്‍ നമ്മുടെ ഉദ്ബുദ്ധ കേരളത്തില്‍ പുരോഹിതന്മാര്‍ പിടിമുറുക്കുന്നു എന്ന തിക്തസത്യം നാം വിസ്മരിക്കാന്‍ പാടില്ല. മുജാഹിദ് പ്രസ്ഥാനത്തില്‍നിന്ന് വേറിട്ടു പോയി മുമ്പ് പറഞ്ഞതൊക്കെ തിരുത്തി പറഞ്ഞുകൊണ്ടിരിക്കുന്നു ചിലര്‍. ഇവരുടെ കഥ പരിതാപകരം എന്നല്ലാതെ എന്തു പറയാന്‍! ഇതും പൗരോഹിത്യ താണ്ഡവത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.

ഇസ്‌ലാമിക പ്രസ്ഥാനത്തിന് അന്ധവിശ്വാസങ്ങള്‍ക്കെതിരെ കാര്യമായി ഇടപെടാന്‍ കഴിയും, കഴിയണം. മുസ്‌ലിം സമുദായത്തെ മൊത്തം തെളിച്ചുകൊണ്ടുപോകുന്നത് ഇസ്‌ലാമിന് പുറത്തേക്കാണെങ്കില്‍ ഇടപെടാന്‍ അറച്ചുനില്‍ക്കരുത്. ഇതിനെതിരെ മൗനം പാലിച്ചാല്‍ പിന്നെ ദുഃഖിക്കേണ്ടിവരും.

 

 

 

മാധ്യമങ്ങളെ അവിശ്വസിക്കേണ്ട കാലം

പ്രീണിപ്പിച്ചും പ്രലോഭിപ്പിച്ചും വഴങ്ങാത്തവരെ പേടിപ്പിച്ചും പീഡിപ്പിച്ചും മാധ്യമങ്ങളില്‍ ഭൂരിഭാഗത്തെയും വരുതിയില്‍ നിര്‍ത്തിയ ഹിന്ദുത്വ ഫാഷിസത്തിന്റെ കാലത്ത് വളച്ചൊടിക്കപ്പെടുന്ന വാര്‍ത്തകളാണ് ഏറെയും.

ഊഹാപോഹങ്ങള്‍ സത്യങ്ങളായി പ്രചരിപ്പിക്കുകയും, അത് സമൂഹത്തില്‍ വലിയ രീതിയില്‍ വിള്ളലുണ്ടാക്കുകയും ചെയ്ത ശേഷം സത്യം പുറത്തു വന്നാല്‍ തന്നെ ഒരു തിരുത്തു പോലും നല്‍കാതെ പുതിയ നുണകള്‍ക്കായി യാതൊരു ലജ്ജയുമില്ലാതെ പരക്കം പായുന്നവരായി മാറിയിട്ടുണ്ട് ചിലര്‍.

ലൗ ജിഹാദ് വിവാദം കത്തി നിന്ന കാലത്ത് നാലായിരം നാരികളെ മതം മാറ്റി പാകിസ്താനിലേക്ക് കടത്തിക്കൊണ്ടു പോയി എന്നുവരെ മുഖ്യ ധാരാ മുത്തശ്ശി പത്രങ്ങള്‍ ലീഡ് ന്യൂസായി ആഘോഷിച്ചിട്ട് അധിക കാലമായിട്ടില്ല. ലക്ഷക്കണക്കിന് വായനക്കാരെ ഇത്രയും വലിയ നുണ കൊണ്ട് വിരുന്നൂട്ടി വീണ്ടും മലയാളിയുടെ മുമ്പില്‍ നേരിന്റെ കാവലാളുകളായി ചമയാന്‍ കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടി പോലും മതിയാവില്ല.

ജനങ്ങള്‍ പിന്നിലുണ്ട് എന്ന ഉത്തമ ബോധ്യത്തോടെ അവര്‍ക്കു വേണ്ടി ഭരണകൂടങ്ങളോട് നിരന്തരം കലഹിക്കുകയും, പൊതു സമൂഹത്തിന് വേി നിരന്തരം പോരാടുകയും ചെയ്യേണ്ട മാധ്യമസമൂഹം നിലപാടുകളുടെ ശവക്കല്ലറകള്‍ക്കു മീതെ നിന്ന് നെറികേടുകള്‍ക്ക് ഓശാന പാടി ചരിത്രത്തിന്റെ ചവറ്റുകൊട്ടകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന കാഴ്ച പരിതാപകരം തന്നെ. ആദര്‍ശം അനുഷ്ഠാനം പോലെ കൊണ്ടുനടന്ന പല മാധ്യമങ്ങളുടെയും മൃതരൂപങ്ങളാണ് പേജുകളും സ്‌ക്രീനുകളുമായി ഇന്ന് നമ്മുടെ മുമ്പില്‍ എത്തുന്നത്. ഇനിയും ഉണരാന്‍ കഴിഞ്ഞില്ലെങ്കില്‍ എഴുന്നേല്‍ക്കാന്‍ പ്രഭാതങ്ങളുണ്ടാവില്ലെന്നു മനസ്സിലാക്കിയാല്‍ നന്ന്.

ഇസ്മാഈല്‍ പതിയാരക്കര

 

 

 

 

'വിശ്വാസത്തിലേക്ക് വീണ്ടും'- അനിവാര്യമായ മുദ്രാവാക്യം

എ. റശീദുദ്ദീന്‍ എഴുതിയ 'രാഷ്ട്രീയ ഫത്‌വകള്‍ക്ക് പുതിയ ഗ്രാന്റ് മുഫ്തി' എന്ന ലേഖനം (ലക്കം 3092) വളരെ പ്രസക്തമാണ്. ബറേല്‍വികളുടെ നിഗൂഢനീക്കങ്ങള്‍ തുറന്ന് കാണിക്കുന്നതാണ് അത്. ഇസ്‌ലാംവിരുദ്ധമെന്ന് തോന്നുന്ന നിഗൂഢ നീക്കങ്ങളിലെ സജീവസാന്നിധ്യമായ കാന്തപുരവും ഖബ്ര്‍ പൂജകരായ ബറേല്‍വികളും ആശയപരമായി മുന്‍കാലങ്ങളിലേ ഒന്നുതന്നെയാണ്. കേരളത്തില്‍ ബറേല്‍വി അന്ധവിശ്വാസങ്ങള്‍ വ്യാപകമായിരുന്നില്ല. ആ കുറവ് നികത്താന്‍ വേണ്ടി പ്രയത്‌നിച്ചുവരികയാണ് കുറച്ചുകാലമായി ഒരു വിഭാഗം. അതിന്റെ ഭാഗമായി തന്നെയാണ് കാലാകാലങ്ങളായി കേരളത്തിലെ ദര്‍ഗ-ജാറങ്ങളില്‍ നടക്കുന്ന അന്ധവിശ്വാസാനാചാര കലാപരിപാടികളില്‍ ബറേല്‍വി സ്റ്റൈലില്‍ പുതിയ ആചാരാനുഷ്ഠാനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

തൗഹീദിന്റെ ഗേഹമായ മസ്ജിദുല്‍ ഹറാമിനെ ചെറുതാക്കിയും മദീനാ മുനവ്വറയെ വലുതാക്കിയുമുള്ള പ്രചാരണം ലോകത്തിന്റെ ചില ഭാഗങ്ങളില്‍ നടന്നുവരുന്നുണ്ട്. നമ്മുടെ നാട്ടിലെ ചിലരുടെ ഖബ്‌റുകളും അതോടനുബന്ധിച്ചുള്ള പള്ളികളും വലുതാക്കി കാണിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കേരളത്തിലെ ഇരു സമസ്തക്കാരും ഉപയോഗിക്കുന്ന, മദീനാ പള്ളിയുടെ ഖുബ്ബകളും മിനാരങ്ങളും പതിച്ച പതാകതന്നെ ബറേല്‍വികളില്‍നിന്ന് കടം കൊണ്ടതാണ്.

ദല്‍ഹിയിലെ ഹസ്രത്ത് നിസാമുദ്ദീന്‍ ഔലിയയുടെയും അജ്മീരിലെ ഖാജാ മുഈനുദ്ദീന്‍ ഛിശ്തിയുടെയും ജീവിത ലാൡ്യവും ഭക്തിയും, രാജാവിനെയും ഭരണകൂടത്തെയും അവര്‍ വകവെക്കാതിരുന്നതും ചൂണ്ടിക്കാട്ടി തട്ടിപ്പും വഞ്ചനയും നടത്തി അന്യായമായി ധനം സമ്പാദിച്ചു തടിച്ചു കൊഴുത്തു വളരുന്ന പുരോഹിതന്മാരെ തുറന്ന് കാണിച്ചത് വളരെ നന്നായി.

കാന്തപുരത്തെ 'ഗ്രാന്റ് മുഫ്തി'യായി തെരഞ്ഞെടുത്തതില്‍ ആശ്ചര്യപ്പെടാനില്ല. കാരണം ഖുര്‍ആനിന്റെയും പ്രവാചക ചര്യയുടെയും അടിസ്ഥാനത്തിലുള്ള യഥാര്‍ഥ ഇസ്‌ലാമിനെ വളരെ തന്ത്രപരമായി അട്ടിമറിക്കാനുള്ള നീക്കങ്ങളുടെ പശ്ചാത്തലത്തില്‍ വേണം ഇതിനെയൊക്കെ വായിക്കാന്‍. അദ്ദേഹത്തെ 'ഗ്രാന്റ് മുഫ്തി'യാക്കിയ ശേഷം സംഘടിപ്പിക്കപ്പെടുന്ന സ്വീകരണത്തില്‍ സാഹിത്യകാരന്മാരെയും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പ്രമുഖരെയും പങ്കെടുപ്പിക്കുന്നുണ്ട്.  കാന്തപുരത്തിന്റെ സാമൂഹിക ഇടപെടല്‍ എടുത്ത് കാട്ടി കേരളത്തിലെ നവോത്ഥാന നേതാക്കളുടെ പട്ടികയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്താന്‍ വെമ്പല്‍ കൊള്ളുകയാണ് ചിലര്‍. ചൂഷകരും തട്ടിപ്പുകാരുമായ ആള്‍ദൈവം ചമയുന്ന പുരോഹിതന്മാര്‍ക്ക് സാമൂഹിക അംഗീകാരം നേടി കൊടുക്കുന്നതില്‍ ഇടതും വലതും അല്ലാത്തതുമായ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊക്കെ വലിയ പങ്കുണ്ട്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അരാജകത്വത്തിനും ജാതീയതക്കും വര്‍ഗീയതക്കും എതിരെ പൊരുതി നവോത്ഥാന കേരളം സൃഷ്ടിക്കും എന്ന് പറയുന്നവരുടെ കാപട്യം ചിന്തിക്കുന്നവര്‍ക്കൊക്കെ തിരിച്ചറിയാനാകും.

ഖാലിദ് മൂസാ നദ്‌വി (ലക്കം 3090) എഴുതിയതുപോലെ തൗഹീദിലും ആഖിറത്തിലും രിസാലത്തിലും വന്‍ അട്ടിമറി നടത്തുന്ന ഗൂഢപദ്ധതി തന്നെയാണ് ഇക്കൂട്ടരുടേത്. 

വിശ്വാസത്തിലേക്ക് വീണ്ടും (ഇലല്‍ ഈമാനി മിന്‍ജദീദ്) എന്ന മുദ്രാവാക്യം മുഴക്കി രംഗത്തുവരാന്‍ വൈകരുത്.

എം.എം.എ മുത്തലിബ്, താണ, കണ്ണൂര്‍

 

 

 

ജലക്ഷാമം കരുതിയിരിക്കുക

നൂറ്റാണ്ടിലെ ഏറ്റവും രൂക്ഷമായ ജലക്ഷാമം നേരിടാന്‍ പോവുകയാണ് നാം. ഓരോ വ്യക്തിയും മനസ്സ് വെച്ചാല്‍ മാത്രമേ ഇതിന് പരിഹാരമുള്ളൂ. മുസ്‌ലിം സമൂഹത്തിനും വലിയ പങ്കാളിത്തമുണ്ട് ഇതില്‍. അംഗശുദ്ധി വരുത്തുന്നതിന് വേണ്ടി ചിലര്‍ ഉപയോഗിക്കുന്ന വെള്ളം ഒരാള്‍ക്ക് കുളിക്കാന്‍ മതിയാകും. അശ്രദ്ധമായി ടേപ്പ് തുറന്ന് വെച്ച് വിലയേറിയ വെള്ളം പാഴാക്കിക്കളയുകയാണ് ചിലര്‍. കടലില്‍ വെച്ചാണ് വുദൂ ചെയ്യുന്നതെങ്കിലും വെള്ളം സൂക്ഷ്മമായി ഉപയോഗിക്കണമെന്ന് പഠിപ്പിച്ച പ്രവാചകന്റെ അനുയായികളായ നാം ഇത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടതുണ്ട്. ജുമുഅ ഖുത്വ്ബയില്‍ ഇത് ഗൗരവപൂര്‍വം ഉണര്‍ത്തേണ്ടതുണ്ട്.

കെ.പി റഫീഖ്, ചാലാട്, കണ്ണൂര്‍

 

 

 

ഫുളൈലുബ്‌നു ഇയാളിന്റെ പ്രായം!

ഫുളൈലുബ്‌നു ഇയാളിന്റെ (ലക്കം 3094) ജനനം ഹിജ്‌റ 105-ലും മരണം ഹിജ്‌റ 187-ലുമാണെന്ന് ലേഖനത്തില്‍ പറയുന്നു. മരിക്കുമ്പോള്‍ അദ്ദേഹത്തിന് 82 വയസ്സുണ്ട്. പക്ഷേ ലേഖനത്തില്‍ പറയുന്നത് 72-ാം വയസ്സില്‍ മരിച്ചുവെന്നാണ്!

കെ.എ സഗീര്‍, ഇന്ത്യന്‍ സ്‌കൂള്‍ മസ്‌കത്ത്

Comments

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (14)
എ.വൈ.ആര്‍