Prabodhanm Weekly

Pages

Search

2019 മാര്‍ച്ച് 29

3095

1440 റജബ് 21

സാമ്പത്തിക അച്ചടക്കം

ഡോ. സയ്യിദ് മുഹമ്മദ് നൂഹ്

ഹറാമായ ആഹാരവും ജിവസന്ധാരണവും ഹൃദയത്തിന്റെ രോഗത്തിനും മരണത്തിനും ഇടയാക്കും. നരകത്തിലാണ് അതിന്റെ അവസാനം. തെറ്റുകള്‍ തുടരുന്നതും പാപങ്ങള്‍ പതിവാക്കുന്നതും ഹൃദയത്തിന് താഴു വീഴാന്‍ കാരണമാകും. ഹൃദയം രോഗാതുരമാവുകയോ നിര്‍ജീവമാവുകയോ ചെയ്താല്‍ തന്നില്‍ അര്‍പ്പിതമായ ചുമതലകള്‍ നിറവേറ്റാന്‍ കഴിയാതെ വരും. ഹൃദയത്തിന്റെ ആജ്ഞകള്‍ക്ക് കാതോര്‍ത്തിരിക്കുന്ന അവയവങ്ങളും ഇന്ദ്രിയങ്ങളും നിശ്ചേതനമാവും. ഹറാം ഭുജിക്കുന്നവന്‍ മുടി മുതല്‍ നഖം വരെ പാപക്കടലില്‍ മുങ്ങിത്താഴുകയും നിലകിട്ടാതെ നശിക്കുകയും ചെയ്യും. അങ്ങനെ ഒടുവില്‍ നരകത്തിലാവും അവന്റെ അന്ത്യം. നബി(സ) താക്കീത് ചെയ്തു: ''കഅ്ബുബ്‌നു അജ്‌റ! പാപത്തില്‍ വളര്‍ന്ന ഒരു ശരീരവും സ്വര്‍ഗത്തില്‍ പ്രവേശിക്കില്ല. നരകമാണ് അതിന് ഏറ്റവും അനുയോജ്യ ഇടം'' (അഹ്മദ്).

നമ്മുടെ പൂര്‍വികര്‍ ഈ വസ്തുതയെക്കുറിച്ച് ബോധവാന്മാരായിരുന്നു. ഹറാം ആഹരിക്കുന്നതില്‍നിന്ന് അവര്‍ വിട്ടുനിന്നു. ആഇശ (റ) ഓര്‍ക്കുന്ന ഒരു സംഭവം. അബൂബക്ര്‍ സിദ്ദീഖി(റ)ന് വാടക പിരിക്കുന്ന ഒരു പരിചാരകന്‍ ഉണ്ടായിരുന്നു. അതില്‍നിന്ന് അബൂബക്ര്‍ (റ) ചെലവാക്കും. ഒരു ദിവസം അയാള്‍ കൊണ്ടുവന്ന വിഭവം അബൂബക്ര്‍ (റ) ആഹരിച്ചു. പരിചാരകന്‍ അബൂബക്‌റിനോട്: ''ഇതെന്താണെന്നറിയുമോ?'' അബൂബക്ര്‍ (റ): ''എന്താണത്?'' അയാള്‍: ''ജാഹിലിയ്യാ കാലത്ത് ഞാന്‍ ഒരാള്‍ക്ക് ചില ജ്യോത്സ്യവൃത്തികള്‍ ചെയ്തുകൊടുക്കുമായിരുന്നു. എനിക്ക് അതൊന്നും അറിഞ്ഞുകൂടാ എന്നത് വേറെ കാര്യം. ഞാന്‍ അയാളെ പറ്റിക്കുകയായിരുന്നു. അയാള്‍ എന്നെ കണ്ടപ്പോള്‍ തന്നതാണ് ഈ ഭക്ഷ്യവിഭവം. അതാണ് ഇപ്പോള്‍ നിങ്ങള്‍ ആഹരിച്ചത്.'' ഇതു കേട്ടതും അബൂബക്ര്‍ (റ) വായില്‍ കൈയിട്ട് തിന്നത് മുഴുവന്‍ വയറ്റില്‍ ഒരംശവും ബാക്കിയാവാത്ത വിധം ഛര്‍ദിച്ചുകളഞ്ഞു (ബുഖാരി).

ഹറാംഭോജനം ഹൃദയത്തെ ഇരുളിലാഴ്ത്തും. മനഃസമാധാനം നഷ്ടപ്പെടുത്തും. മാനസികാസ്വാസ്ഥ്യത്തിന് വഴിവെക്കും. പലിശമുതല്‍ തിന്നുന്നവരെക്കുറിച്ച് അല്ലാഹു പറഞ്ഞു: ''പലിശ തിന്നുന്നവന്‍ പിശാചുബാധ നിമിത്തം മറിഞ്ഞുവീഴുന്നവന്‍ എഴുന്നേല്‍ക്കുന്നതുപോലെയല്ലാതെ എഴുന്നേല്‍ക്കുകയില്ല. കച്ചവടവും പലിശ പോലെത്തന്നെയെന്ന് അവര്‍ പറഞ്ഞതിന്റെ ഫലമത്രെ അത്. എന്നാല്‍ കച്ചവടം അല്ലാഹു അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയുമാണ് ചെയ്തിട്ടുള്ളത്'' (അല്‍ബഖറ 276).

പലിശമുതല്‍ തിന്നുന്നവന്റെ പ്രാര്‍ഥന അല്ലാഹു സ്വീകരിക്കുകയില്ല. നബി (സ) പറഞ്ഞു: ''അല്ലാഹു നല്ലവന്‍ ആകുന്നു. നല്ലതല്ലാതെ അല്ലാഹു സ്വീകരിക്കുകയില്ല.'' ദൂതന്മാരോട് കല്‍പിച്ചത് തന്നെയാണ് വിശ്വാസികളോടും അല്ലാഹു കല്‍പിച്ചിട്ടുള്ളത്. ''ദൂതന്മാരേ, വിശിഷ്ട വസ്തുക്കളില്‍നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും സല്‍ക്കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്യുവിന്‍. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് സൂക്ഷ്മമായി അറിയുന്നവനാകുന്നു'' (അല്‍മുഅ്മിനൂന്‍ 57). പിന്നെ നബി (സ) ഒരാളെ അനുസ്മരിച്ചു. ''ജടപിടിച്ച മുടിയും പൊടിപുരണ്ട ശരീരവുമായി ദീര്‍ഘയാത്രയിലാണ് അയാള്‍. ആകാശത്തിലേക്ക് കൈ ഉയര്‍ത്തി അയാള്‍ പ്രാര്‍ഥിക്കുന്നുണ്ട്; രക്ഷിതാവേ, രക്ഷിതാവേ! അവന്റെ ആഹാരം ഹറാമില്‍നിന്ന്, അവന്റെ പാനീയം ഹറാം കൊണ്ട് നേടിയത്. അവന്റെ വസ്ത്രം ഹറാമില്‍നിന്നുണ്ടായത്. ഹറാം കൊണ്ട് ആവരണം ചെയ്യപ്പെട്ടിരിക്കുന്നു അയാള്‍. പിന്നെ എങ്ങനെ അയാളുടെ പ്രാര്‍ഥനക്ക് ഉത്തരം കിട്ടാനാണ്!'' (മുസ്‌ലിം).

എല്ലാ നന്മയും ഐശ്വര്യവും നശിപ്പിച്ചുകളയുന്ന വന്‍ വിപത്താണ് ഹറാംഭോജനം. ''അല്ലാഹു പലിശയെ ക്ഷയിപ്പിക്കുകയും ദാനധര്‍മങ്ങളെ പോഷിപ്പിക്കുകയും ചെയ്യും. യാതൊരു നന്ദികെട്ട ദുര്‍വൃത്തനെയും അല്ലാഹു ഇഷ്ടപ്പെടുന്നതല്ല'' (അല്‍ബഖറ 276). ''നിങ്ങള്‍ക്ക് ഏതൊരാപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടു തന്നെയാണ്. മിക്കതും അവന്‍ മാപ്പാക്കുന്നുണ്ട്'' (ശൂറ 30).

ഹറാംസമ്പാദ്യം വ്യക്തിക്കും സമൂഹത്തിനും ഏല്‍പിക്കുന്ന പരിക്ക് ഗുരുതരമാണ്. ആകാശ കാരുണ്യത്തിന്റെ വാതിലുകള്‍ അടയാന്‍ അത് നിമിത്തമാവും. ''രാജ്യവാസികള്‍ വിശ്വസിക്കുകയും സൂക്ഷ്മത കാണിക്കുകയും ചെയ്തിരുന്നുവെങ്കില്‍ ആകാശത്തുനിന്നും ഭൂമിയില്‍നിന്നും നാം അവര്‍ക്ക് അനുഗ്രഹങ്ങള്‍ തുറന്നുകൊടുക്കുമായിരുന്നു. പക്ഷേ അവര്‍ നിഷേധിച്ചുതള്ളുകയാണ് ചെയ്തത്. അപ്പോള്‍ അവര്‍ ചെയ്തുവെച്ചിരുന്നതിന്റെ ഫലമായി നാം അവരെ പിടികൂടി'' (അല്‍അഅ്‌റാഫ് 96).

സാമ്പത്തിക ഇടപാടുകളില്‍ ഇസ്‌ലാം നിര്‍ണയിച്ച ചിട്ടകളും വ്യവസ്ഥകളും നന്നായി അറിയുകയും ഉള്‍ക്കൊള്ളുകയുമാണ് ഹറാമിന്റെ മാലിന്യം കലരാതെയുള്ള സമ്പാദ്യത്തിന്റെ ഏകമാര്‍ഗം. നബി (സ) വ്യക്തമാക്കി: ''അല്ലാഹു തന്റെ ഗ്രന്ഥത്തില്‍ ഹലാല്‍ ആക്കിയതെല്ലാം ഹലാല്‍, ഹറാമാക്കിയത് ഹറാം. മൗനം ദീക്ഷിച്ചത് അവന്റെ സൗമനസ്യം. അല്ലാഹു വെച്ചുനീട്ടിയ സൗമനസ്യം നിങ്ങള്‍ സ്വീകരിച്ചുകൊള്ളുക. കാരണം അല്ലാഹു ഒന്നും മറക്കുന്നവനല്ല'' (ഹാകിം).

അപരന്റെ ധനം കട്ടും കവര്‍ന്നും പൂഴ്ത്തിവെച്ചും വഞ്ചിച്ചും ചതിച്ചും കൈക്കലാക്കുന്നത് ഹറാമാണ്. ''അന്യായമായി നിങ്ങള്‍ അന്യോന്യം സ്വത്തുക്കള്‍ തിന്നരുത്. അറിഞ്ഞുകൊണ്ടുതന്നെ ആളുകളുടെ സ്വത്തുക്കളില്‍നിന്ന് വല്ലതും അധാര്‍മികമായി നേടിയെടുത്ത് തിന്നാന്‍ വേണ്ടി നിങ്ങള്‍ അതുമായി ന്യായാധിപന്മാരെ സമീപിക്കുകയും ചെയ്യരുത്'' (അല്‍ബഖറ 188).

''സത്യവിശ്വാസികളേ, നിങ്ങള്‍ പരസ്പരം പൊരുത്തപ്പെട്ട് നടത്തുന്ന കച്ചവട ഇടപാട് മുഖേനയല്ലാതെ നിങ്ങളുടെ സ്വത്തുക്കള്‍ അന്യായമായി നിങ്ങള്‍ അന്യോന്യം എടുത്ത് തിന്നരുത്'' (അന്നിസാഅ് 29).

അല്ലാഹുവിന്റെ നിരീക്ഷണത്തെക്കുറിച്ച ബോധ്യം ജീവിതത്തെ നിയന്ത്രിക്കുന്ന ശക്തിയായിത്തീര്‍ന്നാല്‍ നിഷിദ്ധമാര്‍ഗേണ സമ്പാദിക്കാന്‍ മനുഷ്യന്‍ തയാറാവില്ല. ''നിങ്ങള്‍ എവിടെയായിരുന്നാലും അവന്‍ നിങ്ങളോടൊപ്പമുണ്ട്'' (അല്‍ ഹദീദ് 4). ''ഭൂമിയിലോ ആകാശത്തിലോ ഉള്ള യാതൊരു കാര്യവും അല്ലാഹുവില്‍നിന്ന് മറഞ്ഞിരിക്കുന്നില്ല'' (ആലുഇംറാന്‍ 5). ''ഹൃദയങ്ങള്‍ മറച്ചുവെക്കുന്നതും കണ്ണിന്റെ ഒളിഞ്ഞുനോട്ടവും അവന്‍ അറിയുന്നുണ്ട്'' (ഗാഫിര്‍ 19).

ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാന്‍ ഭരണകര്‍ത്താക്കള്‍ ഔത്സുക്യം കാണിച്ചാല്‍ ജനങ്ങള്‍ സാമ്പത്തിക അച്ചടക്കം ശീലിക്കുകയും നിഷിദ്ധ മാര്‍ഗങ്ങള്‍ വര്‍ജിക്കുകയും ചെയ്യും.

സംഗ്രഹം: പി.കെ ജമാല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (13-13)
എ.വൈ.ആര്‍

ഹദീസ്‌

സത്യപാതയിലെത്തിയവരുടെ ഒന്നാമത്തെ ബാധ്യത
ഇ.എം അര്‍ഫദ് അലി, അല്‍ജാമിഅ