Prabodhanm Weekly

Pages

Search

2019 മാര്‍ച്ച് 29

3095

1440 റജബ് 21

വെളിച്ചമുണ്ടായിരുന്നെങ്കില്‍

കെ.പി ഇസ്മാഈല്‍

പാതിരാ കഴിഞ്ഞ് കര്‍ഷകന്‍ ചന്തയില്‍നിന്നു വന്നു. അയാള്‍ തൊഴുത്തില്‍ കാളയെ കെട്ടിയിരിക്കുന്നിടത്ത് ചെന്നു. തൊഴുത്തില്‍ വിളക്കില്ല. ഇരുട്ടില്‍ തൊഴുത്തിന്റെ മൂലയില്‍ കിടക്കുന്ന ജീവിയുടെ ദേഹത്ത് അയാള്‍ വാത്സല്യപൂര്‍വം തടവി. എന്നാല്‍ കാളയെ കൊന്നതിനുശേഷം അതിന്റെ സ്ഥാനത്ത് കിടക്കുകയായിരുന്ന സിംഹത്തെയായിരുന്നു അയാള്‍ തലോടിയത്. സിംഹം ചിന്തിച്ചു: 'കുറച്ചു വെളിച്ചമുണ്ടായിരുന്നെങ്കില്‍, ഈ ഇരുട്ടത്ത് ഇയാള്‍ തലോടിക്കൊണ്ടിരിക്കുന്നത് ആരെയാണെന്ന് മനസ്സിലായെങ്കില്‍, ഇയാളുടെ ഹൃദയം പേടിച്ച് രക്തം ചീറ്റുമായിരുന്നു' (റൂമി).

കാളയെന്നു കരുതി സിംഹത്തെ തഴുകുന്ന കര്‍ഷകനെപ്പോലെയാണ് അധര്‍മത്തില്‍ മുഴുകുന്നവര്‍. ഇരുട്ടില്‍ ലയിച്ച്, അധര്‍മങ്ങളില്‍ അഭിരമിച്ച് ഒഴുകുകയാണ് ഒരു വിഭാഗമാളുകള്‍; നാളെ എന്തെന്നറിയാതെ.

ജീവിതത്തിന്റെ കണക്ക് അധിക പേര്‍ക്കും അറിഞ്ഞുകൂടാ. ജനനത്തിനും മരണത്തിനുമിടയിലെ അല്‍പകാലത്തെ ഇടവേളയാണ് ജീവിതമെന്ന് പലരും ഓര്‍ക്കാറില്ല. മരണാനന്തര ജീവിതമാണ് യഥാര്‍ഥ ജീവിതമെന്ന ഖുര്‍ആന്റെ സന്ദേശം അവര്‍ വായിച്ചിട്ടില്ല. വായിച്ചവര്‍ ഓര്‍ക്കാറില്ല. അവര്‍ക്ക് ജീവിതമെന്നത് ചുറ്റും കാണുന്ന ആര്‍ഭാടങ്ങളാണ്. അതിന്റെ ഭാഗമാവുകയാണ് ജീവിതവിജയം. ചുറ്റും നടക്കുന്ന മരണങ്ങള്‍ മറ്റുള്ളവരുടെ ജീവിതത്തില്‍ നടക്കുന്ന അപകടങ്ങള്‍ മാത്രം. തങ്ങളെ അതൊന്നും ബാധിക്കാന്‍ പോകുന്നില്ല.

ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ മാറിയിരിക്കുന്നു. 'മഹദ് ജീവിതങ്ങള്‍' എന്നത് ചരിത്രത്തിന്റെ ഇരുളുകളില്‍ മറഞ്ഞുപോയ അരസികന്‍ കഥകളാണ്. വലിയ വീടാണ് ആനന്ദം. വീട്ടിലെ അലങ്കാരങ്ങളാണ് പരമാനന്ദം. അവയിലെ സുഖജീവിതമാണ് പരമലക്ഷ്യം. നബി ഏതോ കാലത്ത് ജീവിച്ച പുരാതന മനുഷ്യനാണ്. ആധുനിക ജീവിതത്തിനും ആര്‍ഭാടത്തിനും നബിക്ക് ഒന്നും നല്‍കാനില്ല. സ്വര്‍ഗവും നരകവുമെല്ലാം കേട്ടുമറക്കാവുന്ന വിഡ്ഢിക്കഥകള്‍ മാത്രം. മതനിരാസം പുരോഗമനമാണെന്ന് ധരിച്ച പുത്തന്‍ മനസ്സുകള്‍ ജീവിതത്തെ വായിക്കുന്നത് ഇങ്ങനെയാണ്.

കല്യാണം എന്നാല്‍ അലങ്കാരപ്പന്തല്‍ എന്നായിരിക്കുന്നു. ലക്ഷങ്ങളാണ് അവക്കുവേണ്ടി ചെലവഴിക്കുന്നത്. അനുകരണത്തിലൂടെ മനുഷ്യന്‍ പുതിയ ഉയരങ്ങള്‍ കയറുകയാണ്. എന്തിനാണ് കയറുന്നതെന്ന് അവര്‍ക്ക് അറിഞ്ഞുകൂടാ. അന്ധമായ അനുകരണമാണ് മനുഷ്യനെ സാമ്പത്തികമായി നശിപ്പിക്കുന്നത്; സാംസ്‌കാരികമായും. പണം ധാരാളമുള്ളതുകൊണ്ടാണ് ധൂര്‍ത്തടിക്കുന്നത് എന്നാണ് ന്യായീകരണം. ധാരാളമുണ്ടെന്നത് ധൂര്‍ത്തിനുള്ള ന്യായീകരണമല്ല. യമുനാ നദിക്കരയില്‍ ഒരു സമ്മേളനം നടക്കുന്നു. ഉച്ചഭക്ഷണത്തിനുശേഷം നദിക്കരയിലെത്തിയ പ്രവര്‍ത്തകര്‍ ഇഷ്ടംപോലെ വെള്ളമുപയോഗിക്കാന്‍ തുടങ്ങി. ഗാന്ധിജി മാത്രം ഒരു പാത്രത്തില്‍ അളന്ന് വെള്ളമെടുക്കുന്നു. അനുയായികള്‍ ചോദിച്ചു: 'നിറഞ്ഞൊഴുകുന്ന നദിയില്‍നിന്ന് അങ്ങേക്ക് എത്രവെള്ളം വേണമെങ്കിലും എടുക്കാമല്ലോ?' ഗാന്ധിജി പറഞ്ഞു: 'യമുനയില്‍ എത്ര വെള്ളമുണ്ടെങ്കിലും ഒരു മനുഷ്യന് ഉപയോഗിക്കാവുന്ന വെള്ളത്തിന് ഒരു പരിധിയുണ്ട്. അതില്‍ കൂടുതല്‍ എടുത്താല്‍ മറ്റൊരു ജീവിക്കോ സസ്യത്തിനോ ലഭിക്കേണ്ട വെള്ളം കുറയും. ഒരുപക്ഷേ കായലിലെ മത്സ്യങ്ങള്‍ക്കുള്ളതാകാം. അവരുടെ വെള്ളം അപഹരിക്കുന്നത് ഹിംസയാണ്.' നദിക്കരയില്‍നിന്ന് വുദൂവെടുക്കുമ്പോഴും മിതമായി വെള്ളമെടുക്കണമെന്നാണ് പ്രവാചകന്റെ ശാസന.

വേണ്ടത്ര വെളിച്ചം വിതറുന്നുണ്ട് ഖുര്‍ആന്‍. എങ്ങനെ ജീവിക്കണമെന്നും എങ്ങനെ പണം ചെലവഴിക്കണമെന്നും ഖുര്‍ആന്‍ കാണിച്ചുതന്നിട്ടുണ്ട്. നബിയുടെ ജീവിതം ഖുര്‍ആനായിരുന്നു. ആര്‍ക്കും അനുകരിക്കാവുന്നത്. അത്യുത്തമമായ ആ മാതൃക വലിച്ചെറിഞ്ഞാണ് വിശ്വാസികള്‍ പുതിയ ശീലങ്ങള്‍ പകര്‍ത്തുന്നത്. ധൂര്‍ത്തന്മാര്‍ പിശാചിന്റെ കൂട്ടാളികളാണ് എന്ന കര്‍ശനമായ താക്കീതാണ് ഖുര്‍ആന്‍ നല്‍കിയിട്ടുള്ളത്. എന്നാല്‍ ഖുര്‍ആന്റെ നിര്‍ദേശങ്ങള്‍ മുസ്‌ലിം വീടുകളില്‍ കണ്ടെത്താന്‍ സാധിക്കുകയില്ല. വീടുകള്‍ ശുചിയാക്കുക, ഭംഗിയാക്കുക എന്നതില്‍നിന്ന് മാറി അനാവശ്യമായി ആഡംബരപൂര്‍ണമാക്കുക എന്നായിരിക്കുന്നു ഖേദകരമായ അവസ്ഥ.

ഈ വമ്പന്‍ കൊട്ടാരങ്ങള്‍ സുരക്ഷിതമാണോ? അല്ല. സര്‍വത്ര ഭദ്രമായ തങ്ങളുടെ വീടുപൂട്ടി വീട്ടുകാര്‍ യാത്ര പോയി. രാവിലെ അയല്‍വാസികള്‍ പുറത്തിറങ്ങിയപ്പോള്‍ വീടിനു മുന്നില്‍ ജീപ്പും പോലീസും. സ്വര്‍ണവും പണവും കളവു പോയിരിക്കുന്നു. മുന്‍ഭാഗത്തെ വാതിലിന്റെ പൂട്ടുതകര്‍ത്താണ് കള്ളന്‍ കയറിയത്. കള്ളന്മാര്‍ക്ക് സുഖമായി ജീവിക്കാനാണോ പണക്കാര്‍ പൊന്നും പണവും സൂക്ഷിച്ചുവെക്കുന്നത്?

വീടുകള്‍ മാത്രമല്ല, പള്ളികളും ആര്‍ഭാടപൂര്‍ണമാണ്. ആരാധന എന്ന ദൈവികകര്‍മങ്ങളില്‍ ആര്‍ഭാടത്തിന് സ്ഥാനമില്ല. വൃത്തിയും ആര്‍ഭാടവും ഒന്നല്ല. പള്ളികള്‍ ആര്‍ഭാടപൂര്‍വമാകുമ്പോള്‍ തന്നെ ചുറ്റും ദരിദ്രസമൂഹം വലയുന്നു. ആവശ്യമായ ഭക്ഷണവും രോഗശുശ്രൂഷയും കിട്ടാത്ത അനേകം കുടുംബങ്ങള്‍ ഓരോ മഹല്ലിലുമുണ്ട്. ദരിദ്രരെ അലോസരപ്പെടുത്തുന്നതാണ് പള്ളികളില്‍ നടക്കുന്ന ആര്‍ഭാടങ്ങളും പരിഷ്‌കാരങ്ങളും. മനുഷ്യനെ മറന്നുകൊണ്ടുള്ള ആര്‍ഭാടങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് സമ്പന്നരാണ്. അവര്‍ സമൂഹത്തെ കാണുന്നില്ല. പഴകിയ വസ്ത്രം ധരിച്ച് ഒട്ടിയ വയറുമായി കഴിയുന്ന അവശവിഭാഗങ്ങളുടെ കണ്ണീരില്‍  മുങ്ങിപ്പോകുന്നതാണ് സമ്പന്നര്‍ പടച്ചുണ്ടാക്കുന്ന ആര്‍ഭാടങ്ങള്‍.

ലോകത്തിലെ 26 അതിസമ്പന്നര്‍ക്ക് ലോക ജനസംഖ്യയില്‍ പകുതി പേര്‍ക്കുള്ളതിനേക്കാള്‍ സമ്പത്തുണ്ട്. ദരിദ്രരാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥകള്‍ തകര്‍ന്നിരിക്കുന്നു. ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ മഹാവറുതിയിലേക്ക് വീണിരിക്കുന്നു. ഇന്ത്യയില്‍ അതിസമ്പന്നരുടെ ആസ്തി പ്രതിദിനം 2,200 കോടി രൂപയാണ്. മനുഷ്യകോടികളുടെ നിലനില്‍പിന്നാധാരമായ സമ്പത്ത് ഏതാനും പേര്‍ കൈയടക്കിവെച്ചിരിക്കുന്നു.

'ധാരാളമായി സമ്പാദിക്കാനും മറ്റുള്ളവരെ കവച്ചുവെച്ച് ഭൗതികനേട്ടങ്ങളാര്‍ജിക്കാനുമുള്ള ആര്‍ത്തി നിങ്ങളെ ബോധശൂന്യരാക്കിയിരിക്കുന്നു. നിങ്ങള്‍ ശവക്കുഴികളിലെത്തിച്ചേരുവോളം അതേ ആര്‍ത്തിയിലായിരിക്കും' ഖുര്‍ആന്‍ പറയുന്നു (102: 1,2). മൗലാനാ മൗദൂദി എഴുതുന്നു: 'ഭൗതിക വിഭവങ്ങള്‍ നേടാന്‍ ശ്രമിക്കുന്ന തിരക്കില്‍ സുപ്രധാനമായ മറ്റു കാര്യങ്ങള്‍ അവഗണിച്ചിരിക്കുന്നു. ധാര്‍മിക പരിധികള്‍ മറന്നുപോയി. മാനുഷികനിലവാരം എത്രമാത്രം താണുപോയി എന്നതിനെക്കുറിച്ച് ബോധമില്ല' (തഫ്ഹീമുല്‍ ഖുര്‍ആന്‍). സമ്പത്തിന്റെ പിന്നാലെ പാഞ്ഞ് ബോധംകെട്ട് മനുഷ്യന്‍ നശിച്ചുപോകുന്ന അവസ്ഥ പ്രവാചകന്‍ പ്രവചിച്ചിട്ടുണ്ട്. 'ദീനാറും ദിര്‍ഹമുമാണ് നിങ്ങളുടെ മുന്‍ഗാമികളെ നശിപ്പിച്ചത്. നിങ്ങളെ നശിപ്പിക്കുന്നതും അവയായിരിക്കും.'

'സത്യവിശ്വാസവും സല്‍പ്രവൃത്തിയും കൂട്ടുകാരാണ്. ഒന്നില്ലാതെ മറ്റേത് നന്നാവുകയില്ല.' പ്രവാചകന്‍ മറ്റൊരിക്കല്‍ പറഞ്ഞു: സല്‍പ്രവൃത്തിയില്ലാത്ത സത്യവിശ്വാസം നിഷ്ഫലമാണ്. ഖുര്‍ആന്‍ സ്വയം വിശേഷിപ്പിക്കുന്നത് വെളിച്ചം എന്നാണ്. മനുഷ്യനെ യഥാര്‍ഥ മനുഷ്യനാക്കുന്ന വെളിച്ചം. സമൂഹത്തെ കാണുന്ന, സഹോദരനെ കാണുന്ന, സഹജീവിയുടെ ദുഃഖം തൊട്ടറിയുന്ന, അവരുടെ കണ്ണീരു തുടക്കുന്ന, അവരുടെ വിശക്കുന്ന വയറുകള്‍ക്ക് ആനന്ദം പകരുന്ന ഹൃദയവിശാലതയുടെ വെളിച്ചം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (13-13)
എ.വൈ.ആര്‍

ഹദീസ്‌

സത്യപാതയിലെത്തിയവരുടെ ഒന്നാമത്തെ ബാധ്യത
ഇ.എം അര്‍ഫദ് അലി, അല്‍ജാമിഅ