Prabodhanm Weekly

Pages

Search

2019 മാര്‍ച്ച് 22

3094

1440 റജബ് 14

അനുകരണഭ്രമം ചോര്‍ത്തിക്കളയുന്നത്

മുഹമ്മദലി കൂട്ടായി

നമ്മുടെ, പ്രത്യേകിച്ചും ചെറുപ്പക്കാരുടെ അനുകരണഭ്രമം ഗൗരവതരമാണ്. ശരിതെറ്റുകള്‍ നോക്കാതെ, പ്രയോജനം നോക്കാതെ കണ്ടതിനെയെല്ലാം അനുകരിക്കുന്നത് ഇപ്പോള്‍ ഒരു ഫാഷനായിരിക്കുന്നു. അനാചാരങ്ങളെക്കുറിച്ച് പ്രസംഗിച്ചു നടക്കുന്നവരും അനുകരണത്തിന്റെ ഈ അന്തസ്സാരശൂന്യതയെക്കുറിച്ച് കാര്യമായി പരാമര്‍ശിക്കുന്നില്ല. പലപ്പോഴും രക്ഷിതാക്കള്‍ മൗനാനുവാദം നല്‍കുന്നു. പ്രിയമക്കളെ അവരുടെ ഇഷ്ടത്തിന് വിടുന്നു.

ചെറുപ്പക്കാരുടെ വസ്ത്രധാരണത്തിലും ഹെയര്‍ സ്റ്റൈലിലും പെരുമാറ്റത്തിലും ഒരു വൈദേശിക ഭാവമാണ് കണ്ടുവരുന്നത്. നമുക്ക് സ്വീകാര്യമല്ലാത്ത പാശ്ചാത്യ ആഘോഷങ്ങളും കളികളും ഉപചാരങ്ങളും ഇവിടത്തുകാര്‍ക്ക് പ്രിയമായിരിക്കുന്നു. പഠനവും പണിയുമില്ലാത്ത കുറേ ചെറുപ്പക്കാര്‍ ഫാന്‍സ് ക്ലബുകളുണ്ടാക്കി സിനിമാതാരങ്ങളുടെ സ്വന്തക്കാരായി നടക്കുന്നു. പാശ്ചാത്യ നാടുകളിലേതുപോലെ ചില കായിക മത്സരങ്ങളില്‍ നമ്മുടെ കുട്ടികള്‍ അമിതാവേശം കാണിക്കുന്നു. അതിനുവേണ്ടി പണം ശേഖരിച്ച് ധൂര്‍ത്തടിക്കുന്നു. ഇവരില്‍ പലരും കളി അറിയുന്നവരോ നല്ല ആസ്വാദകര്‍പോലുമോ അല്ല! ഇവര്‍ക്ക് വേറെ പ്രവര്‍ത്തന മണ്ഡലങ്ങളില്ലാത്തപോലെ.

യുവശക്തിയെ സമുദായത്തിന് വേണ്ടത്ര പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ല. പുതുവത്സരാഘോഷം പോലുള്ളവ ലഹരിദിനങ്ങളായി മാറുന്നു. വാലന്റൈന്‍ ഡേ വ്യാപകമായി ആചരിക്കപ്പെടുന്നു. ഇതിലെല്ലാം തലയിട്ട് വ്യക്തിത്വം നഷ്ടപ്പെടുത്തുകയാണ് പലരും. പല രക്ഷിതാക്കളും ഇതെല്ലാം കണ്ടാലും പ്രശ്‌നമാക്കാറില്ല. ലജ്ജാശീലം പെണ്‍കുട്ടികളില്‍ നിന്ന് അപ്രത്യക്ഷമാവുന്നു. കൈയില്‍ കറുത്ത മന്ത്രച്ചരട് കെട്ടുന്നത് പഴയ കാലങ്ങളില്‍ യാഥാസ്ഥിതിക മുസ്‌ലിംകളില്‍ കണ്ടിരുന്നു. കഴുത്തിലോ കൈത്തണ്ടയിലോ 'ഐക്കല്ലും' കറുത്ത ചരടില്‍ കെട്ടിയിരുന്നു. അത്തരം അനാചാരങ്ങള്‍ ഇപ്പോള്‍ യാഥാസ്ഥിതികരിലും ഇല്ല. എന്നാല്‍, സമുദായം വിദ്യാഭ്യാസപരമായി മുന്നേറുമ്പോള്‍ നമ്മുടെ പ്രതീക്ഷകളായ ചെറുപ്പക്കാരില്‍ ഒരുവിഭാഗം ചുറ്റുപാടും പുതുതായി കാണുന്ന ഇത്തരം സമ്പ്രദായങ്ങളെ പുല്‍കുകയാണ്. കൈയില്‍ ചരടു മാത്രമല്ല ചെയിന്‍, രുദ്രാക്ഷമാല എന്നിവ കട്ടിയില്‍ ചുറ്റുന്നു! ഇതിനു പുറമെ, ചില മുസ്‌ലിം പെണ്‍കുട്ടികള്‍ ഒരു 'രസത്തിന്' കുരിശുമാലയും അണിയുന്നുണ്ട്! ഇങ്ങനെ അല്‍പം വലിയ കുരിശുമാല അണിഞ്ഞവരെ പലഭാഗത്തുവെച്ചും കാണാനിടയായി. ഫുള്‍ക്കൈയും മക്കനയുമിട്ടവരായിരുന്നു അവര്‍! ഷര്‍ട്ടിനു പകരം അനാവശ്യങ്ങള്‍ എഴുതിയ ബനിയനുകളാണ് കുട്ടികള്‍ക്കിഷ്ടം. 'തെമ്മാടി, തൊമ്മി, ബാഡ് ബോയ്, ഐ ലവ് യു' എന്നിങ്ങനെ പ്രിന്റ് ചെയതവ. ഇവരെയൊന്നും ഖുത്വ്ബകള്‍കൊണ്ടും മറ്റു മതപ്രസംഗങ്ങള്‍ കൊണ്ടും ബോധവാന്മാരാക്കാന്‍ കഴിയില്ല. അവിടെയൊന്നും അവരെ കാണാനിടയില്ല.

ഇത്തരം കുട്ടികളുടെ രക്ഷിതാക്കളും അത്ര ഭേദമല്ല. ജന്മദിനം, വയസ്സറിയിപ്പ് എന്നിവ ആഘോഷമാക്കുന്നത് രക്ഷിതാക്കളാണല്ലോ. ഇവിടെ 'ദുആ' ചെയ്യാന്‍ മതപണ്ഡിതന്മാരും ക്ഷണിക്കപ്പെടുന്നു. മദ്യവും മയക്കുമരുന്നും യുവാക്കളില്‍ വ്യാപകമാണെന്ന് എല്ലാവര്‍ക്കും അറിയാം. ഈ സമുദായം എന്നുണരും? ആരുണര്‍ത്തും?

ക്രിസ്മസ് കാലങ്ങളില്‍ നക്ഷത്രവിളക്കുകള്‍, പുല്‍ക്കൂടുകള്‍ എന്നിവ പല വീടുകളിലേക്കും എത്തുന്നു. ഇത് തൂങ്ങുന്നത് തെറ്റാണെന്നല്ല പറയുന്നത്. പെരുന്നാള്‍ സമുചിതമായി ആഘോഷിക്കാത്തവരാണ് പലപ്പോഴും ഇങ്ങനെ ചെയ്യുന്നത്. പണ്ടൊക്കെ പെരുന്നാള്‍രാവുകള്‍ ഉറക്കമില്ലാത്ത സുന്ദര രാത്രികളായിരുന്നു രാത്രി കടകള്‍ അടക്കാറില്ല. വീടുകളില്‍ കുട്ടികള്‍ വര്‍ണക്കടലാസുകൊണ്ട് പല ആകൃതിയിലുള്ള 'പാനീസു'കള്‍ ഉണ്ടാക്കി, അതില്‍ വിളക്കു വെച്ച് ഉയരത്തില്‍ കെട്ടിത്തൂക്കാറുണ്ടായിരുന്നു. ചില്ലറ പൂത്തിരികളും പലതരം പലഹാരങ്ങളും കൊണ്ട് അതീവ രസകരം. ഇക്കാലത്ത് സാധാരണ പോലെ ഒരു രാത്രിയായി പെരുന്നാള്‍രാവ് മാറി. അത്യാചാരങ്ങളെ കണ്ണടച്ച് വേട്ടയാടാന്‍ തുടങ്ങിയതോടെയാവാം ഇതെല്ലാം പോയത്. ഇതുകൊണ്ടായിരിക്കാം മറ്റുള്ളവരെ അനുകരിക്കാന്‍ നമ്മുടെ കുട്ടികള്‍ ശ്രമിക്കുന്നത്.

ഇന്ത്യന്‍ മുസ്‌ലിംകള്‍ സാമ്പത്തികമായും വിദ്യാഭ്യാസപരമായും ആദിവാസികളെക്കാള്‍ പിന്നാക്കമാണല്ലോ. ഈ കേരളത്തിലും അവഗണിക്കപ്പെട്ട പാവങ്ങളുടെ എണ്ണം കുറവല്ല. ഇവരുടെ മക്കള്‍ അസംതൃപ്തരാണ്. ഇക്കാലത്തെ ചെലവേറിയ വിദ്യാഭ്യാസത്തിലൂടെ ഇവര്‍ക്ക് ഉയരാന്‍ കഴിയുന്നില്ല. ധനികരായ സമപ്രാ

യക്കാര്‍ പഠിച്ചുയര്‍ന്ന് ഭേദപ്പെട്ട ജീവിതം സ്വപ്‌നം കാണുന്നു. പിന്നാക്ക-എസ്.സി-എസ്.ടി വിഭാഗങ്ങള്‍ സര്‍ക്കാര്‍ സഹായത്തോടെ ഉയര്‍ന്ന വിദ്യാഭ്യാസം നേടി സംവരണത്തിലൂടെ ഉന്നതസ്ഥാനങ്ങളില്‍ എത്തിച്ചേരുന്നു. മുസ്‌ലിംകളിലെ പാവപ്പെട്ടവരെ സഹായിക്കാന്‍ കാര്യമായ പദ്ധതികളില്ല. അതിനാല്‍ നൈരാശ്യം ബാധിച്ച പാവപ്പെട്ടവരോട് വേദമോതിയിട്ടു കാര്യമില്ല. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ഈ ഹതഭാഗ്യര്‍ പലതും പരീക്ഷിച്ചുനോക്കുന്നു. 

അറിവില്ലായ്മയും അനുകരണഭ്രമവും കൊണ്ട് നമ്മുടെ കുട്ടികള്‍ ദുഷിക്കാതിരിക്കാന്‍ അവരെയും രക്ഷകര്‍ത്താക്കളെയും ലക്ഷ്യംവെച്ചുള്ള പുതിയ രീതിയിലുള്ള ഉദ്‌ബോധനങ്ങളും ബോധവത്കരണ ശ്രമങ്ങളും ശാക്തീകരണ പ്രവര്‍ത്തനങ്ങളും മത-സാമുദായിക സംഘടനകളുടെ ഭാഗത്തുനിന്നുണ്ടാവണം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (12-13)
എ.വൈ.ആര്‍

ഹദീസ്‌

നമ്മുടെ സമ്പാദ്യം ഹലാലാണോ?
കെ.സി ജലീല്‍ പുളിക്കല്‍