Prabodhanm Weekly

Pages

Search

2019 മാര്‍ച്ച് 22

3094

1440 റജബ് 14

ചെവി അരിച്ചെടുത്തതാണ് നാവ് പറയേണ്ടത്

അബ്ദുല്‍ വാസിഅ് ധര്‍മഗിരി

പ്രശസ്ത അറബി കവി ഇബ്‌നു റൂമി ചരിത്രത്തില്‍ അറിയപ്പെടുന്നത് 'സ്വന്തം നാവ് കാരണം കൊല്ലപ്പെട്ടവന്‍' എന്നാണ്. ഖലീഫ മുഅ്തളിദിന്റെ ഒരു മന്ത്രിയെ ആക്ഷേപിച്ച് അദ്ദേഹം കവിത ചൊല്ലിയത്രെ. വിവരമറിഞ്ഞ മന്ത്രി അദ്ദേഹത്തെ വീട്ടിലേക്ക് വിരുന്നിന് വിളിച്ച്, മധുരപലഹാരത്തില്‍ വിഷം കലര്‍ത്തി നല്‍കി. പലഹാരം കഴിച്ച് മരണവെപ്രാളത്തില്‍ പിടഞ്ഞുകൊണ്ടിരിക്കെ മന്ത്രി ചോദിച്ചു: 'താങ്കള്‍ എങ്ങോട്ടാണ് പോവുന്നത്?' അദ്ദേഹം പറഞ്ഞു; 'താങ്കള്‍ എന്നെ പറഞ്ഞയക്കുന്ന സ്ഥലത്തേക്ക്.' അപ്പോള്‍ മന്ത്രി: 'എങ്കില്‍ താങ്കള്‍ എന്റെ പിതാവിനോട് സലാം പറഞ്ഞേക്കുക'. ഇബ്‌നു റൂമി നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു: 'അതിന് ഞാന്‍ നരകത്തിലേക്കല്ലല്ലോ പോവുന്നത്?' സ്വന്തം നാവ് നാശത്തിലേക്ക് തള്ളിവിട്ട ഇബ്‌നു റൂമി, കുഴിമാടത്തിലേക്ക് അടുത്തുകൊണ്ടിരുന്നപ്പോഴും പരിഹാസം ഉപേക്ഷിച്ചില്ല. അദ്ദേഹം തന്റെ നാവിന്റെ നീളം അല്‍പം കുറച്ചിരുന്നുവെങ്കില്‍ ചിലപ്പോള്‍ രക്ഷപ്പെട്ടേനെ എന്ന് പറയുന്ന ചരിത്രകാരന്മാരു്.

അത്ഭുതകരമായി സംവിധാനിക്കപ്പെട്ട ശരീരത്തിലെ ഒരു ചെറിയ അവയവമാണ് നാവ്. കേവലം ഒമ്പത് സെന്റീമീറ്ററില്‍ താഴെ വരുന്ന, താങ്ങിനിര്‍ത്താന്‍ എല്ല് പോലുമില്ലാത്ത, എന്നാല്‍ ശരീരത്തിലെ മറ്റെല്ലാ അവയവയങ്ങളെയും കവച്ചുവെക്കുന്ന അവയവം. 

'മനുഷ്യന്റെ നാവ് അവന്റെ പാതിയും, മറുപാതി ഹൃദയവുമാണ്' എന്നാണ് പ്രമുഖ അറബി കവി സുഹൈറുബ്‌നു അബീസുല്‍മാ പാടിയത്. നാവ് കേവലം മനുഷ്യന്റെ പാതിയല്ല, മുഴുവന്‍ തന്നെയാണ് എന്നതാണ് സത്യം. അതിനാലാണ് ഇമാം മാവര്‍ദി 'മനുഷ്യന്റെ മേല്‍വിലാസമാണ് നാവ്' എന്നു പറഞ്ഞത്. 

ഗ്രീക്ക് തത്ത്വചിന്തകനായ സോക്രട്ടീസ് തന്റെ മുന്നില്‍ വന്നയാളോട് 'താങ്കള്‍ സംസാരിക്കുക, ഞാന്‍ താങ്കളെയൊന്ന് കാണട്ടെ' എന്നാണ് പറഞ്ഞത്. കാരണം നാവില്‍നിന്ന് പുറത്തുവരുന്ന വാക്കുകളാണ് ഓരോ വ്യക്തിയെയും അടയാളപ്പെടുത്തുകയും അവന്റെ വര്‍ത്തമാനവും ഭാവിയും നിര്‍ണയിക്കുകയും ചെയ്യുന്നത്. നബിയുടെ വാക്കുകള്‍ ഇപ്രകാരമാണ്: ''സ്വന്തം നാവിന്റെ സമ്പാദ്യം കൊണ്ടല്ലാതെ ജനങ്ങള്‍ നരകത്തില്‍ മുഖം കുത്തി വീഴുകയില്ല.'' 

പഞ്ചേന്ദ്രിയങ്ങളുണ്ട് മനുഷ്യന്. പക്ഷേ എന്തുകൊണ്ട് അവന്‍ തന്റെ നാവിനാല്‍ മാത്രം അറിയപ്പെടുന്നു? വിവരങ്ങളും അറിവുകളും മറ്റു ഇന്ദ്രിയങ്ങളും ശേഖരിക്കുന്നുണ്ടല്ലോ. അഞ്ച് ഇന്ദ്രിയങ്ങള്‍ കൊണ്ട് ശേഖരിക്കപ്പെട്ട അറിവുകള്‍ പകര്‍ന്നുനല്‍കാന്‍ ഒരൊറ്റ അവയവം (നാവ്) മാത്രമേയുള്ളൂവെന്നതാണ് ഇവിടെ പ്രധാനം. അറിയുന്നതിന് അഞ്ച് ഇന്ദ്രിയങ്ങളും, അറിയിക്കുന്നതിന് ഒന്നും! മഹത്തായ സന്ദേശം നല്‍കുന്ന ദൈവിക വ്യവസ്ഥയാണത്. കേള്‍ക്കുകയും കാണുകയും അനുഭവിക്കുകയും ചെയ്യുന്നതെല്ലാം മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്‍കേണ്ടതില്ല, മറിച്ച് അറിയുന്നതിന്റെ അഞ്ചിലൊന്ന് മാത്രമേ അറിയിക്കേണ്ടതായുള്ളൂ എന്നാണ് ഈ വ്യവസ്ഥ പറയാതെ പറയുന്നത്. 

യാദൃഛികമായി നമുക്ക് പലതും കേള്‍ക്കുകയും കാണുകയും അനുഭവിക്കുകയും ചെയ്യേണ്ടി വരും. പക്ഷേ അവയൊന്നും മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കാനുള്ളതല്ല. 'നിനക്ക് അറിവില്ലാത്ത കാര്യങ്ങള്‍ നീ കൈകാര്യം ചെയ്യേണ്ടതില്ല. തീര്‍ച്ചയായും ചെവിയും കണ്ണും ഹൃദയവും അവയെക്കുറിച്ചെല്ലാം ഉത്തരം ബോധിപ്പിക്കേണ്ടിവരും' എന്നാണ് ഖുര്‍ആന്‍ (അല്‍ ഇസ്രാഅ് 36) പഠിപ്പിക്കുന്നത്. അതിനാലാണ് തിരുദൂതര്‍ (സ) 'കേള്‍ക്കുന്നതെല്ലാം വിളിച്ചുപറയുന്നത് പാപമാണ്' എന്ന് പഠിപ്പിച്ചത്. 

ഓരോ അവയവത്തിനും അതിന്റേതായ ദൗത്യമുണ്ട്. കേള്‍വിക്കായി സൃഷ്ടിക്കപ്പെട്ട ചെവി ഉദാഹരണം. അത്ഭുതകരമായ ഘടനയിലാണ് അല്ലാഹു അത് രൂപപ്പെടുത്തിയിട്ടുള്ളത്. അരിപ്പയുടെ രൂപമാണ് അതിനുള്ളത്. വലിപ്പമുള്ള വായ്ഭാഗം ഉള്ളിലേക്ക് പോവുന്നതിനനുസരിച്ച് അതിന്റെ ദ്വാരം ചുരുങ്ങിവരുന്നു. കാരണം അരിപ്പയുടെ ദൗത്യമാണ് ചെവി നിര്‍വഹിക്കേണ്ടത്. ചുറ്റുമുള്ളതെല്ലാം ശ്രവിക്കേണ്ട ബാധ്യത അതിനില്ല. വിശ്വാസിയെ പ്രകീര്‍ത്തിച്ച് ഖുര്‍ആന്‍ പറയുന്നത് 'അനാവശ്യം കേള്‍ക്കേണ്ടിവന്നാല്‍ അവന്‍ പിന്തിരിഞ്ഞുകളയും' എന്നാണ്. എന്തുകൊണ്ട് വിശ്വാസി അനാവശ്യങ്ങളില്‍നിന്ന് മുഖം തിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ചെവിയും നാവും തമ്മില്‍ ഒരു പാരസ്പര്യം നിലനില്‍ക്കുന്നുവെന്നാണ് ശാസ്ത്രം പഠിപ്പിക്കുന്നത്. കേള്‍ക്കാന്‍ കഴിയാത്തവന് സംസാരിക്കാന്‍ കഴിയുകയില്ല. ധാരാളം കേള്‍ക്കുന്നവന്‍ ധാരാളമായി സംസാരിക്കുന്നു. അതിനാലാണ് കപടവിശ്വാസികളുടെ കുപ്രചാരണങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നവരെ ആക്ഷേപിച്ച് 'അവര്‍ക്ക് ചെവികൊടുക്കുന്നവര്‍ നിങ്ങളിലുണ്ട്' എന്ന് ഖുര്‍ആന്‍ പറഞ്ഞത്. കേള്‍ക്കേണ്ടത് കേള്‍ക്കാത്തത് കുറ്റകൃത്യമാണെന്നതു പോലെ തന്നെ, കേള്‍ക്കേണ്ടാത്തത് കേള്‍ക്കുന്നതും കുറ്റകൃത്യം തന്നെയാണ്. 

ചെവിയുടെയും നാവിന്റെയും സ്ഥാനം പരിശോധിച്ചുനോക്കുക. അല്ലാഹു അവക്കിടയില്‍ ഒരു അകലം വെച്ചിരിക്കുന്നു. ഈ അകലം നഷ്ടപ്പെടുന്നത് മനുഷ്യന്റെ / സമൂഹത്തിന്റെ നാശത്തിന് കാരണമാവും. തിരുദൂതരുടെ കാലത്ത് ഒരു സംഭവമുണ്ടായി. ഇസ്‌ലാമിന്റെ ശത്രുക്കള്‍ പ്രവാചകപത്‌നിക്കെതിരെ വ്യഭിചാരാരോപണം ഉന്നയിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. അതിന്റെ കാരണമായി ഖുര്‍ആന്‍ വിവരിക്കുന്നത് ഇങ്ങനെയാണ്: ''നിങ്ങള്‍ ഈ അപവാദം നിങ്ങളുടെ നാവുകൊണ്ട് ഏറ്റുപറഞ്ഞു. നിങ്ങള്‍ക്കറിയാത്ത കാര്യങ്ങള്‍ നിങ്ങളുടെ വായകൊണ്ടു പറഞ്ഞുപരത്തി. അപ്പോള്‍ നിങ്ങളത് നന്നേ നിസ്സാരമാണെന്നു കരുതി. എന്നാല്‍ അല്ലാഹുവിങ്കലത് അത്യന്തം ഗുരുതരമായ കാര്യമാണ്'' (അന്നൂര്‍ 15).

വാര്‍ത്തകള്‍ സ്വീകരിക്കേണ്ടത് ചെവി കൊണ്ടാണ്. എന്നാല്‍ ചിലയാളുകള്‍ ചെവിക്കും നാവിനുമിടയിലെ അകലം നഷ്ടപ്പെടുത്തി, നാവു കൊണ്ട് അവ സ്വീകരിക്കുകയും, വായ കൊണ്ട് പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇതിനെയാണ് ഖുര്‍ആന്‍ ഇവിടെ കൈകാര്യം ചെയ്തത്. ചെവി പെറുക്കിയെടുത്ത വിവരങ്ങള്‍ അരിച്ചെടുത്തതിനു ശേഷമാണ് നാവിലെത്തേണ്ടത്; കാരണം എല്ലില്ലാത്ത, എങ്ങോട്ടും വളയുന്ന അവയവമാണ് നാവ്. അതില്‍നിന്ന് സത്യം, കളവ്, പരദൂഷണം, ഏഷണി, ആരോപണം തുടങ്ങിയ പലതും പുറത്തുവരും.

നാവും ചെവിയുമുള്ളവനാണ് വിശ്വാസി. എന്നാല്‍ അല്ലാഹു ചേര്‍ത്തുവെച്ച വിശേഷണങ്ങളോടെയാണ് അവന്‍ അവയെ കൈകാര്യം ചെയ്യുക. കപടവിശ്വാസികള്‍ പ്രവാചകനെ ചുറ്റുമുള്ളതെല്ലാം കേള്‍ക്കുന്നയാള്‍ എന്ന അര്‍ഥത്തില്‍ 'ചെവിയന്‍' എന്ന് വിളിച്ചപ്പോള്‍ ഖുര്‍ആന്‍ നല്‍കിയ മറുപടി 'ഉദ്‌നു ഖൈര്‍' എന്നായിരുന്നു; അഥവാ നല്ലത് കേള്‍ക്കുന്ന ചെവിയാണ് അദ്ദേഹം എന്നര്‍ഥം. വിശ്വാസി മറ്റുള്ളവരെക്കുറിച്ച് നല്ലത് കേള്‍ക്കുന്ന ചെവിയാണ്. കാരണം അത്തരം ചെവിയാണ് വിശുദ്ധ ഖുര്‍ആന്‍ പ്രശംസിച്ച 'ലിസാനു സ്വിദ്ഖി'നെ/ സത്യസന്ധമായ നാവിനെ വാര്‍ത്തെടുക്കുന്നത്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (12-13)
എ.വൈ.ആര്‍

ഹദീസ്‌

നമ്മുടെ സമ്പാദ്യം ഹലാലാണോ?
കെ.സി ജലീല്‍ പുളിക്കല്‍