Prabodhanm Weekly

Pages

Search

2019 മാര്‍ച്ച് 22

3094

1440 റജബ് 14

കൃത്യമായ രാഷ്ട്രീയ അവബോധം പകര്‍ന്നു നല്‍കണം

അശ്‌റഫ് കടയ്ക്കല്‍ (അസി. പ്രഫസര്‍ കേരള യൂനിവേഴ്‌സിറ്റി)

രാജ്യത്തെ സാമൂഹിക-രാഷ്ട്രീയ സാഹചര്യം ഏറെ ആശങ്കകള്‍ നിറഞ്ഞതാണ്. ജനാധിപത്യത്തിന്റെ നെടുംതൂണുകളെ അപ്രസക്തമാക്കി എല്ലാ മേഖലയിലും ഏകാധിപത്യം പിടിമുറുക്കിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഭരണഘടനാ ഭേദഗതി ബില്ലുകള്‍ പോലും വേണ്ടത്ര ചര്‍ച്ചകളില്ലാതെ പാസ്സാക്കിയെടുക്കുന്ന പ്രവണത ലെജിസ്ലേറ്റീവ് സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നു. എക്‌സിക്യൂട്ടീവ് മേഖല ബാഹ്യശക്തികളാല്‍ നിയന്ത്രിക്കപ്പെടുന്നു. ചരിത്രത്തിലാദ്യമായി സുപ്രീം കോടതി ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം വിളിച്ച് ജനാധിപത്യവും നീതിയും കശാപ്പ് ചെയ്യപ്പെടുന്നതില്‍ ആശങ്ക രേഖപ്പെടുത്തുന്നു. ഭരണകൂടത്തെ നിരൂപണം ചെയ്യേണ്ട മാധ്യമങ്ങള്‍ അധികാരത്തിന്റെ റാന്‍മൂളികളാകുന്നു. വിമര്‍ശിക്കുന്ന മാധ്യമങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും വേട്ടയാടുന്നു. ജനാധിപത്യ ഇന്ത്യ വളരെ പെട്ടെന്ന് ഏകാധിപത്യത്തിലേക്ക് വഴിമാറുന്ന കാഴ്ചകള്‍ ഏറെ അലോസരപ്പെടുത്തുന്നതാണ്.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ വലിയ ഗൗരവത്തില്‍ കാണേണ്ടതുണ്ട്. വ്യക്തികളും ചെറു സംഘങ്ങളും മുതല്‍ വലിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വരെ ബി.ജെ.പിയെ തോല്‍പിക്കേണ്ട ബാധ്യതയുണ്ട്. ശക്തമായ ഫാഷിസ്റ്റ് വിരുദ്ധത ജനങ്ങളില്‍ രൂപപ്പെടുത്താന്‍ സാധിക്കണം. കഴിയുമെങ്കില്‍ കേരളത്തില്‍നിന്നുള്ള ആളുകള്‍ മറ്റു സംസ്ഥാനങ്ങളില്‍ പോയി സാധാരണക്കാരോട് അവരുടെ ജീവല്‍ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുകയും നിലവിലെ ഭരണകൂടമാണ് പ്രതിസന്ധികളുടെ കാരണമെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും വേണം. സോഷ്യല്‍ മീഡിയ ക്രിയാത്മകമായി ഉപയോഗപ്പെടുത്തണം. സോഷ്യല്‍ മീഡിയയില്‍ ഓരോ വ്യക്തിയും പ്രധാനമാണ്. അതിനാല്‍തന്നെ പരമാവധി ബി.ജെ.പിക്കെതിരായ ജനവികാരം സൃഷ്ടിക്കുന്നതില്‍ ഓരോരുത്തരും അവര്‍ക്കാവുന്നത് ചെയ്യേണ്ടതുണ്ട്.

മുസ്‌ലിമായി ജീവിക്കുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞ കാര്യമായിരിക്കുന്നു. അപരവത്കരണത്തിന്റെ പരിചിതമായ രീതികളെയൊക്കെ മറികടക്കുന്ന രൂപത്തിലാണ് കാര്യങ്ങള്‍ മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. ഭരണകൂടം പ്രതിസന്ധിയിലകപ്പെടുമ്പോള്‍ മുസ്‌ലിംവിദ്വേഷം സൃഷ്ടിച്ച് അതിനെ മറികടക്കുക എന്നത് വ്യാപക പ്രവണതയായി മാറിയിരിക്കുന്നു. ഭരണകൂടത്തിന്റെ അജണ്ടകള്‍ പൊതുജനത്തെ സ്വാധീനിക്കുന്നുണ്ട്. അതിനാല്‍തന്നെ ഈ തെരഞ്ഞെടുപ്പ് മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം ഏറെ നിര്‍ണായകമാണ്. വോട്ടുകള്‍ ഭിന്നിച്ചു പോകാതെ ഏകീകരിക്കപ്പെടാനുള്ള ശ്രമങ്ങളുണ്ടാവണം. സേവന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം കൃത്യമായ രാഷ്ട്രീയ ബോധം മുസ്‌ലിംകള്‍ക്ക് പകര്‍ന്നു നല്‍കാന്‍ സംഘടനകള്‍ക്ക് സാധിക്കണം. അല്ലാത്തപക്ഷം നിലനില്‍പ് തന്നെ അപകടത്തിലായ ഒരു സമുദായത്തിന് പ്രത്യേകിച്ചൊന്നും ഈ രാജ്യത്തിന് സംഭാവന ചെയ്യാന്‍ സാധിക്കുകയില്ല. ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ വ്യത്യസ്തതകളെ ഏകോപിപ്പിക്കുന്ന പൊതുവായ കൂട്ടായ്മകള്‍ ശക്തിപ്പെടുക എന്നതുതന്നെയാണ് വര്‍ത്തമാന ഇന്ത്യയിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ മര്‍മമായി മാറേണ്ടത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (12-13)
എ.വൈ.ആര്‍

ഹദീസ്‌

നമ്മുടെ സമ്പാദ്യം ഹലാലാണോ?
കെ.സി ജലീല്‍ പുളിക്കല്‍